കാർത്തിക ~ ഭാഗം 11, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അങ്ങട് അടങ്ങി നിക്കെന്റെ അമ്മിണി പയ്യേ… മുറയ്ക്ക് അങ്ങ് തിന്നാൻ തരണ്ണ്ണ്ടല്ലോ…പിന്നെ പാൽ പിഴിഞ്ഞെടുക്കുമ്പോൾ മാത്രം എന്തിനാ ഇത്ര ദണ്ണം… “”
ഉണ്ടാക്കണ്ണുകളാൽ കാർത്തു പശുവിനെ കുശുമ്പോടെ നോക്കി….അതൊന്ന് മുറളികൊണ്ട് അവളോട് ദേഷ്യം പ്രകടിപ്പിച്ചു.

“”നോട്ടം കണ്ടില്ലേ… നിന്റെ കിടാവിനു കൊടുക്കാൻ വേണ്ടീട്ടല്ലേ എന്നെ തൊടുവാൻ സമ്മതിക്കാതെ നിക്കണേ…. നിന്റെ പാൽ ആർക്കേലും കൊടുത്താലേ ഇവിടുത്തെ അടുപ്പ് പുകയു.. ന്നാൽ തന്നെ തികയീല… കണ്ട വീട്ടിലേ പാത്രം കൂടി കഴുകണം… “”

“””കിട്ടിയത് എടുത്ത് ഇങ്ങു വാ.. അതിനോട് ദാരിദ്ര്യം പറഞ്ഞിട്ട് കാര്യോന്നുല്ല എന്റെ കാർത്തു…. “”

അടുക്കളയിൽ നിന്നും അമ്മായിയുടെ ശബ്ദം ഉറക്കെ കേട്ടതും കറന്നു വച്ച പാൽപാത്രമവൾ മൂടി.

“”അഹ് . വരുവാ അമ്മായി … എനിക്കിനി വയ്യാ…”” പുക മറഞ്ഞു കരി പിടിച്ച ജനൽ വഴിയിൽ നോക്കിക്കൊണ്ടവൾ വിളിച്ചു പറഞ്ഞു..

“””സന്തോഷയോ… നിനക്ക്..കറവ നിർത്തി പോകാനുള്ള ഓർഡർ വന്നു…. ഇന്ന് നിനക്ക് ഞാൻ പച്ച വെള്ളം തരില്ല… “”

ആ മിണ്ടാപ്രാണിയോട് പുലമ്പി കൊണ്ടവൾ കറന്ന പാലും എടുത്ത് അടുക്കള വാതിൽ വഴി അകത്തേക്ക് കടന്നു അവിടുത്തെ വിസ്താരം കുറഞ്ഞ തട്ടിമേൽ വച്ചു.

“”ഇന്നലത്തേതിനേക്കാളും കുറവാ ശോഭമ്മായി… ആ പയ്യ് ഒരു വിധത്തിലും അടുക്കുന്നില്ല… ഇന്നിനി ചായ പീടികേലൊന്നും കൊടുക്കാൻ കാണില്ല.. ‘

പൊടിഞ്ഞു വന്ന വിയർപ്പുകണങ്ങൾ ദാവണി തുമ്പാൽ ഒന്ന് ഒപ്പി മാറ്റികൊണ്ടുള്ള സംസാരമായിരുന്നു..

“””അഹ്… സാരില്ല… കുളിച്ചു വാ… ഞാൻ കഴിക്കാനെടുക്കാം “””

“‘മാളൂട്ടി എഴുന്നേറ്റില്ലേ… ഈ പെണ്ണിന് പഠിക്കാൻ ഒന്നും പോവേണ്ടെ.. ഒരു ബോധോം ഇല്ലാതെ കിടന്നുറങ്ങുന്നുണ്ടാകും…നമ്മളോ ഇങ്ങനെ ആയി.. അവൾക്കെങ്കിലും ഒന്ന് പഠിച്ചു രക്ഷപ്പെട്ടൂടെ… “”

“”ആഹ്… നീ ചെന്നു വിളിക്ക്.. നിന്റെ വായീന്ന് രാവിലെ കേട്ടാലേ അതിനു ഉറക്കം വിടു…””

മുറിയിലേക്ക് നടന്നു കൊണ്ടിരുന്ന കാർത്തു എന്തോ ഓർത്തെന്ന പോലെ തിരിഞ്ഞു നോക്കി.

“””അഹ് പിന്നെ കുടുംബശ്രീലേ ലോണിന്റെ പൈസ ആ കിടക്കേടെ അടീൽ വച്ചിട്ടുണ്ട്… ഇനി മുടക്കം വരുത്തണ്ട…അടവ് തെറ്റിയ രണ്ട് മാസത്തേതും ഉണ്ട് ട്ടൊ “”

“””എന്റെ കാർത്തു… മാളുടെ അച്ഛൻ ഉണ്ടായിരുന്നേൽ നീ ഇങ്ങനെ കഷ്ടപ്പെടെണ്ടായിരുന്നു…. ഇതിപ്പോ ഒരുപാട് ബാധ്യതകൾ തന്ന് അങ്ങേര് പോയി……””

“”അമ്മായി… വേണ്ട…. എന്റെ അമ്മക്ക് വേണ്ടിയൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് അമ്മാവൻ… ലോണും കാര്യങ്ങളൊക്കെ അങ്ങനെ വന്നതല്ലേ..ഇനി അതൊക്കെ തിരിച്ചടിച്ചു, മാളൂനെ പഠിപ്പിച്ചു നല്ല നിലേൽ ഒക്കെ എത്തിക്കണം.. ദേ ഞാൻ പോയി കുളിച്ചിട്ട് വരട്ടെ. ഇപ്പൊ തന്നെ സമയം ഒരുപാടായി. “”

അകത്തേക്ക് കയറി കാർത്തു വാതിൽമേൽ വിരിച്ചിട്ട തോർത്തെടുത്തു വലിച്ചു കുളിക്കാൻ ഇറങ്ങുമ്പോൾ, മാളു പോത്ത് പോലെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ദേഷ്യം വന്നെങ്കിലും… പതിവ് വഴക്ക് വേണ്ടെന്ന് വച്ചു കുളിക്കാനായി ചെന്നു….കുളിച്ചു വരുമ്പോഴേക്കും ശോഭമ്മായി നല്ല മൊരിഞ്ഞ ദോശ എടുത്ത് പ്ലേറ്റിലേക്ക് ഇട്ടു കൊടുത്തു്. കറിയൊന്നും ഇല്ലാഞ്ഞു ഇത്തിരി പഞ്ചസാര തൂവി തട്ടിമേൽ ചാർന്നു നിന്നു മെല്ലെ കഴിക്കുമ്പോഴേക്കും മാളു എഴുന്നേറ്റ് വന്നിരുന്നു . അവളെ കണ്ടതും കാർത്തു ഗൗരവം കാട്ടി..

“””ഓഹ്.. കറുത്തമ്മ കുളിയൊക്കെ കഴിഞ്ഞു വന്നോ … എനിക്കൂടി താടി.. ദോശയെം പഞ്ചാരേം…. “”

അവളുടെ പാത്രത്തിലേക്കു കണ്ണ് നട്ടുകൊണ്ട് മാളു ചോദിച്ചു.

“”ആദ്യം പോയി പല്ല് തേക്ക് കഴുതേ….ഉറക്കച്ചടവാൽ ദോശ കഴിക്കാൻ വന്നേക്കുന്നു… “”

“”നീ പോടീ… കറുത്തമ്മ ചേച്ചി… ഇന്നലെ രാത്രി നീ പോത്ത് പോലെ കിടന്നുറങ്ങുമ്പോൾ ഞാൻ പഠിക്കുവായിരുന്നു… നിന്നെ പോലല്ലട്ടോ ഈ മാളവിക… “”

മുഖത്തു കനം നിറച്ചവൾ ബ്രഷും എടുത്ത് മുറ്റത്തേക്കിറങ്ങി….

“””ഡി… ആ കോഴിക്കൂട് ഒന്ന് തുറന്നു വിട്ടേക്കണെ … “”പുറത്തേക്ക് നോക്കി കാർത്തു വിളിച്ചു പറയുമ്പോൾ മാളു ഏന്തി വലിഞ്ഞു നോക്കുന്നുണ്ടായിരുന്നു .

“””വേണേൽ വന്നു തുറക്ക്…ഹ്മ്മ് “

“”അതൊന്ന് തുറന്നു വിടെന്റെ കൊച്ചേ… “” അമ്മായി ചെറിയൊരു ദേഷ്യത്താൽ പറഞ്ഞു…

“”എനിക്കറിയാം… അമ്മയ്ക്ക് എന്നെക്കാളിഷ്ടം ദേ… ഈ കറുത്തമ്മോടല്ലേ… “”

“”അതിന് നിനക്കെന്താ… എന്റെ അമ്മായി അല്ലേ…പിന്നെ നിന്റെ കറുത്തമ്മേന്നുള്ള വിളി ഇത്തിരി കൂടുന്നുണ്ട്.. കുഞ്ഞായിരുന്നപ്പോൾ അങ്ങനെ വിളിച്ചെന്നു വച്ചു ഇപ്പോ അങ്ങനെ വിളിക്കണ്ട . “

“”എടി… കാർത്തികേന്നു വിളിക്കുന്നേലും എനിക്കിഷ്ട്ടം നിന്നെ കറുത്തമ്മാന്ന് വിളിക്കുന്നതാ.. ആഹാ വേറാരേലും വിളിക്കുവോ നിന്നിങ്ങനെ… ഒരു മുതലാളിയെ കൂടി കിട്ടിയാൽ കാര്യം സെറ്റ് “”

വായ പൊത്തി മാളു അടക്കി ചിരിക്കുമ്പോൾ കാർത്തു അവളെ അടിമുടിയൊന്നു നോക്കി.

“”ഉവ്വ്…. നിനക്ക് ചെമ്മീൻ സിനിമ കണ്ട് ഭ്രാന്തായതാന്നെ നാട്ടുകാർ പറയു.””

“‘ആയിക്കോട്ടെ സഹിച്ചു. “”

ഒരു ദോശ കഷ്ണവും വായിലിട്ടു കൊണ്ട് കാർത്തു അവളോട് പല്ല് കാട്ടി ഇളിച്ചു.

??????

“”അമ്മായി… ഞാനിറങ്ങുവാണെ… ആ പാലൊക്കെ എവിടാണെന്നു വച്ചാ കൊടുത്തേക്ക്…. “”

മുറ്റത്തെ പടികളിൽ നിന്നും ചെരുപ്പിട്ട് കൊണ്ട് വിളിച്ചു പറയുമ്പോൾ മാളു അവളെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു…കാർത്തു അവളെ പുരികമുയർത്തിക്കൊണ്ടൊന്ന് നോക്കി

“”കറുത്തമ്മേ…എങ്ങോട്ടാ ഈ ദൃതി പിടിച്ച്…. മ്മ്… ചെല്ല് ചെല്ല്… നന്ദേട്ടൻ തന്റെ പ്രിയ കാമുകിയെയും കാത്ത് കെട്ടി ഇരുപ്പുണ്ടാകും….””

“”ഡി പെണ്ണേ.. ഒന്ന് പതിയെ പറ. അമ്മായി കേൾക്കും….എത്ര വട്ടം പറഞ്ഞെന്നറിയോ എന്റെ പിന്നാലെ വരേണ്ടെന്ന്..നന്ദേട്ടന് അതൊന്നും മനസിലാകുന്നില്ല.. “”

“”എങ്കിൽ പിന്നെ ഒരു കാര്യം ചെയ്… ചേച്ചി ഇന്ന് ഈ പറമ്പത്തൂടെ പോ… എന്നിട്ട് പതിവ് ബസ് സ്റ്റോപ്പീന്ന് മാറി കേറിക്കോ.അതാകുമ്പോൾ നന്ദേട്ടനെ കാണാതെ പോകാലോ …. “”

കള്ള ചിരി നിറച്ചു കൊണ്ടവളങ്ങനെ പറഞ്ഞപ്പോൾ ഇല്ലെന്ന രീതിയിൽ കാർത്തു തലയാട്ടി…..

“”എനിക്കറിയാം മോളെ കാർത്തു… നിനക്ക് നന്ദേട്ടനെ ഇഷ്ടാണെന്ന്.. പിന്നെ എന്തിനാ ഇത്ര ഗൗരവം… അതിനെ ഇങ്ങനെ പുറകെ നടത്താതെ ഇഷ്ടാണെന്നങ്ങു പറഞ്ഞൂടെ…. “”

“പോടീ… “”

ചിരിച്ചു കൊണ്ട് കാർത്തു അവളുടെ മുഖത്തു നോക്കാനാവാതെ പതുങ്ങുന്നുണ്ടായിരുന്നു…

“”എങ്കിൽ പിന്നെ വൈകിക്കേണ്ട ചേച്ചി പോയാട്ടെ… “”

കുഞ്ഞു വീടിന്റെ ഉമ്മറ തൂണിൽ ചാരി നിന്നു കൊണ്ട് കാർത്തു നടന്നു മായും വരെ മാളു അവളെതന്നെ നോക്കി നിന്നു.വയലോരത്തൂടെ നടന്ന് മണ്ണ് പാകിയ റോഡ് വരെ എത്തിയപ്പോൾ കാർത്തു ചുറ്റുമൊന്നു നോക്കി… നന്ദന്റെ പൊടിപോലുമുണ്ടായിരുന്നില്ല…

“”അല്ലേൽ അയാളെ കാണാഞ്ഞിട്ട് ഞാൻ എന്തിനാ വിഷമിക്കുന്നെ…. എന്താ കാർത്തു ഇത്…ഇങ്ങനെ വിഷമിക്കാൻ മാത്രം അയാളാരാ… ആരുമല്ലല്ലോ.. അപ്പൊ പിന്നെ ഒന്നും ചിന്തിക്കേണ്ട.. കാലും നീട്ടി വലിച്ചങ്ങു നടന്നോ “”

സ്വയം ആത്മഗതം പറഞ്ഞു കൊണ്ടവൾ നടന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും പിറകിൽ നിന്നും ഓട്ടോയുടെ ശബ്‌ദം കേട്ടതും അടി വയറിൽ ഒരാളലായിരുന്നു.

ശ്ശോ… നന്ദേട്ടൻ ആണോ അത്… ഒന്ന് നോക്കിയാലോ… വേണ്ട.. നാണം കെടും…പിന്നെ ഇത്രേം കാലം ഗൗരവം കാട്ടി നടന്നതൊക്കെ വെറുതെയാകും..എന്റെ പണ്ടാര മനസേ ഒന്നടങ്ങിയിരി…. “”

ഒന്ന് തിരിഞ്ഞു നോക്കാൻ തോന്നിയെങ്കിലും വേണ്ടായെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു.നന്ദന്റെ വണ്ടി അരുകിൽ എത്തിയതും ഹൃദയം ദ്രുതഗതിയിലാവുന്നുണ്ടായിരുന്നു….

“”മാഷേ… കയറുന്നേൽ ഞാൻ ബസ് സ്റ്റോപ്പ്‌ വരെ വിടാം… “”

“”വേണ്ട.. ഞാൻ നടന്നു പൊക്കോളാം..””

“”ശെരി.. എന്നാൽ അങ്ങനെ ആകട്ടെ “”

അതും പറഞ്ഞവൻ നിർത്തിയ ഓട്ടോ വീണ്ടും ഓടിക്കാൻ തുടങ്ങി….കാർത്തു ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി ആയിരുന്നു അത്…

“”ശ്ശേ.. ഈ മനുഷ്യന് ഒന്ന് നിർബന്ധിച്ചൂടെ. ഞാൻ കയറില്ലെ.. വരുന്നില്ലെന്ന് കേൾക്കേണ്ട താമസം ശെരിയെന്നും പറഞ്ഞു പോയേക്കുന്നു… ഹ്മ്മ് ??

“‘അതേയ്… ഞാൻ ഒന്നൂടി ചോദിക്കുവാ… വരുന്നുണ്ടേൽ വാ….. “”

ദൂരെ വണ്ടി നിർത്തിക്കൊണ്ട് അവൻ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ പതിയെയൊന്നു പരുങ്ങിക്കൊണ്ട് പെണ്ണ് അവനടുത്തേക്ക് ചെന്നു….

“”മ്മ്മ്… ബാ… പോകാം… “”

അവനോട് മെല്ലെ പറഞ്ഞപ്പോൾ കയറിക്കോ എന്ന ഭാവത്തിൽ തല തിരിച്ചു….ഓട്ടോയിൽ കയറിയത് മുതൽ നന്ദൻ കല പില വർത്താനമായിരുന്നു..ഇടയ്ക്കിടെ കാർത്തുനേ ചില്ലു കണ്ണാടിയിലൂടെ നോക്കുമ്പോൾ നാണം കൊണ്ടവൾ മുഖം കുനിച്ചു… ബസ് സ്റ്റോപ്പ്‌ എത്തിയിട്ടും നന്ദൻ ഓട്ടോ നിർത്താതെ പോയികൊണ്ടിരുന്നു…

“”അയ്യോ.. വണ്ടി നിർത്തു… ഞാൻ ഇനി ബസ്സിന്‌ പൊയ്ക്കോളാം…. “” പക്ഷെ അവനതൊന്നും കേട്ട ഭാവമേ ഉണ്ടായിരുന്നില്ല…

“”ഇയാളോടല്ലേ വണ്ടി നിർത്താൻ പറഞ്ഞത്….?? ബസ് സ്റ്റോപ്പ്‌ വരെ പോരുന്നോന്ന് ചോദിച്ചിട്ട്… ഇപ്പൊ വണ്ടി ഒതുക്കാതിരിക്കുവാണോ “”

“”അത് ഞാൻ ആദ്യം കയറാൻ വിളിച്ചപ്പോൾ അല്ലേ പറഞ്ഞത് ബസ് സ്റ്റോപ്പ്‌ വരെ ആക്കാംന്ന്… രണ്ടാമത് വിളിച്ചപ്പോൾ ഇയാളല്ലേ ഓടി വന്നത്… ഇനി ഞാൻ നിർത്തില്ല…. നമുക്ക് മിണ്ടീമ് പറഞ്ഞും പോകാന്നെ… “”

അവൻ മറുപടി കേട്ടപ്പോൾ കാർത്തു ചൂളിപ്പോയി…

“”അതിന് എനിക്കൊന്നും മിണ്ടാനില്ല. “”

“” പക്ഷെ എനിക്കൊരുപാട് മിണ്ടാനുണ്ട്.. ഞാൻ എത്ര കാലായി പുറകെ നടക്കാൻ തുടങ്ങീട്ട്..കൂടെ കൂട്ടാൻ അത്രയ്ക്ക് ആഗ്രഹം ഉള്ളോണ്ടല്ലേ ഇങ്ങനെ ചോദിക്കുന്നെ…””

കാർത്തു ആദ്യമൊന്നും മിണ്ടിയില്ല…ഇടയ്ക്കിടെ അവൻ കണ്ണാടിയിലൂടെ അവളെ നോക്കുന്നുണ്ടായിരുന്നു..

“”അല്ല…ഒന്നും പറഞ്ഞില്ല…. എനിക്കൊരുപാട് ഇഷ്ടാണ്…തന്നെ ജീവിത സഖിയായി വേണംന്നുണ്ട്… അല്ല ഇത് ഞാൻ എപ്പോഴും പറയുന്ന കാര്യങ്ങളല്ലേ..തനിക്ക് കേട്ട് മടുത്തു കാണും….””കാർത്തികതലയുയർത്തിക്കൊണ്ടവനെയൊന്നു നോക്കി..

“”ഇഷ്ടല്ലാഞ്ഞിട്ടല്ല….പക്ഷെ എനിക്ക്…. എനിക്കറിയില്ല…. ഓടി നടക്കുന്ന തിരക്കിലാണ് ഞാൻ… കൂടെ വന്നാൽ ഇയാൾക്കും ഒരു ബാധ്യതയായി പോകും…എന്റെ മാളൂനെ പഠിപ്പിച്ചൊരു നിലേൽ ആക്കണം.. അമ്മായിക്കും വല്ലതും എത്തിച്ചു കൊടുക്കണം. തട്ടീം മുട്ടീം പോകുന്ന ജീവിത മാഷേ…. അതാണ് എന്നെ ഇയാളിൽ നിന്നും പിന്നോട്ട് വലിക്കുന്നത് …. എന്റെ പിന്നാലെ വരണ്ട…വേറെ നല്ല പെൺ കുട്ട്യോളെ നോക്ക്… “”

ഇഷ്ടമുള്ള ഒന്നിനെ മാറ്റി വെയ്ക്കും പോലുള്ള മറുപടിയായിരുന്നു അത്. പിന്നീട് രണ്ടു പേരും ഒന്നും സംസാരിച്ചില്ല… ഒരു വലിയ വീടിന്റെ ഗേറ്റ്ന് മുന്നിൽ ഓട്ടോ ചെന്നതും കാർത്തു അവനെ നോക്കികൊണ്ടിറങ്ങി… പിന്നെ മുഖം കൊടുക്കാതെ മുന്നോട്ടേക്ക് നടന്നു…

“‘ഹലോ… ഓട്ടോ കൂലി തന്നില്ല… “”

ഒരു കള്ളകുറുമ്പോടെ നന്ദൻ ചോദിച്ചപ്പോൾ കാർത്തു തിരിച്ചവന് നേരെ വന്ന് നിന്നു…

“”ആഹാ… നിർബന്ധിച്ചു കയറ്റിച്ചതല്ലേ.. ഞാൻ തരില്ല… “

അവൾ കൈ മലർത്തി…

‘”അതൊന്നും പറഞ്ഞാൽ പറ്റില്ല. ഒരു പാവം തൊഴിലാളി ആണേ… ജീവിച്ചു പോണം “”

അവൻ കർക്കശം കാട്ടി തുടങ്ങിയപ്പോൾ കാർത്തു ബാഗിൽ നിന്നും പൈസ എടുത്തു നീട്ടി…. അവനത് ഒളിക്കണ്ണാലെ നോക്കുന്നുണ്ടായിരുന്നു.

“”മ്മ്മ്….. വേണ്ട വേണ്ട…. പൈസയൊന്നും വേണ്ട.. ഒന്നിഷ്ട്ടാന്ന് പറയെടോ…. അതാണ് എനിക്ക് വേണ്ടുന്ന കൂലി. “

ഉത്തരമെന്നോണം അവൾ നനുത്ത ചിരി സമ്മാനിച്ചു… എന്നിട്ടവന്റെ കീശയിലേക്ക് കയ്യിലുള്ള കാശ് തിരുകി കയറ്റി നെഞ്ചിനിട്ടു മെല്ലെയൊന്നു തട്ടി…

“മ്മ്മ്… മ്മ്…. ഉറപ്പുള്ള ഹൃദയമാണല്ലേ …കാർത്തു ഈൗ മനസീന്ന് പുറത്ത് ചാടാനുള്ള ഒരു പഴ്തുപോലുമില്ലല്ലോ…… എന്തായാലും ഞാൻ ഈ ഹൃദയത്തിൽ തന്നെയിരിക്കട്ടേ.. “”

കണ്ണുകളിലേക്ക് നോക്കിയവൾ അങ്ങനെ പറഞ്ഞപ്പോൾ നന്ദൻ ശില പോലെ ആയിപ്പോയി…കാർത്തു നടന്നു പോകും വരെ അതേ നോട്ടമായിരുന്നു…

“അതേയ്…. നന്ദന്റെ പെണ്ണായാൽ ഇങ്ങനെ കഷ്ടപ്പെടാതെ വീട്ടിലിരുത്താട്ടൊ…. വൈകുന്നേരം ഇവിടെ കാണും, ഓട്ടോ കൂലി വാങ്ങിക്കാതെ തിരിച്ചുകൊണ്ട് വിടാം….അപ്പൊ ഗമ കാട്ടിയേക്കല്ലേ…

സന്തോഷത്താലവൻ വിളിച്ചു പറഞ്ഞപ്പോൾ പെണ്ണ് അടക്കി നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

തുടരും…

ആ പുതിയ ആളാണ് എന്റെ നന്ദേട്ടൻ…. ?‍♀️?