മീര
Story written by KALYANI NARAYAN
എനിക്ക് പേടിയാണ് മിലൻ…. മഹേഷ് എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്റെ ശരീരത്തിൽ എന്റെ വിരൽത്തുമ്പിൽ പോലും അദ്ദേഹം സ്പർശിച്ചിട്ടില്ല…..അദ്ദേഹത്തിന്റെ പ്രണയം കാളിന്ദിയോടാണ്….. എന്റെ പ്രണയം നിന്നോടും…….
വിവാഹിതയായ സ്ത്രീക്ക് പ്രണയമോ….?? സമൂഹം എന്നെ മാത്രം ഉറ്റുനോക്കും….മഹേഷ് എന്നെ മറന്ന് മറ്റൊരുത്തിയുടെ അരികിൽ പോയാലും സമൂഹം എന്നെമാത്രം ഉറ്റുനോക്കും….. എന്റെ കഴിവ്‌കേടാണത്രെ അദ്ദേഹം വേറൊരു പെണ്ണിന്റെ വിയർപ്പിൽ അലിയാൻ കാരണം…..
അതെങ്ങനെ ശെരിയാവും മിലൻ…. പ്രണയം വേറെയും കാ മം വേറെയുമല്ലേ…??പ്രണയത്തിലൂടെയല്ലാതെ കാ മം ഉടലെടുക്കുന്നുവെങ്കിൽ അതല്ലേ തെറ്റ്…. പ്രണയം ഇല്ലാതെ വെറും കാ മം കയറിമാത്രം മഹേഷ് എന്നിലെ പെണ്ണിലെ രുചിച്ചിരുന്നെങ്കിൽ അതല്ലേ തെറ്റ്….??
ഒരുപക്ഷെ മഹേഷ് എന്നെ സ്നേഹിച്ചിരുന്നെങ്കിൽ നിന്റെ നെഞ്ചിൽ പറ്റിചേർന്ന് കുതിച്ചുയരുന്ന തിരമാലകളും നോക്കിയിരിക്കാൻ ഞാൻ ഇങ്ങനെ ഉണ്ടാകില്ലായിരുന്നു മിലൻ…… ഞാൻ മഹേഷിൽ അലിഞ്ഞു തീർന്നേനെ….. ഏതൊരു സാധാരണപെണ്ണിനെയും പോലെ അദ്ദേഹത്തെ മാത്രം പ്രണയിച്ചേനെ…..
“”മഹേഷ് ഇനി എന്നെങ്കിലും നിന്നെ പ്രണയിച്ചാലോ മീരാ….?? അന്ന് നിന്റെ മനസാക്ഷി നിന്നെ തള്ളിപ്പറയില്ലേ….?? എന്നോടൊപ്പം ചേർന്നുള്ള ഓരോ നിമിഷത്തെയും നീ വെറുക്കില്ലേ…..???”” മിലൻ അവളുടെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി…..
സിനിമയല്ല മിലൻ ജീവിതം…. എന്റെ കണ്ണുനീരിലോ ഞാൻ വച്ചുണ്ടാക്കി പകരുന്ന ഭക്ഷണത്തിലോ മനസ്സലിഞ്ഞ് മഹേഷ് എന്നെ ഒരിക്കലും പ്രണയിക്കില്ല…..കാളിന്ദിയിൽ മാത്രം പൂർണനാവുന്നവനാണ് മഹേഷ്…..അതുകൊണ്ട് തന്നെയാണ് നാളെ ഞാനും മഹേഷും പിരിയുന്നത്…..കാളിന്ദി ജീവിച്ചിരിക്കെ മീരയെ പ്രണയിക്കാൻ മഹേഷിനാവില്ല…..മഹേഷിനെ പ്രണയിക്കാൻ ഇനി എനിക്കും…..എന്റെ പ്രണയം നീയാണ് മിലൻ….
നിനക്കൊരിക്കലും നോവ് തോന്നിയിട്ടില്ലേ മീരാ…?? അടുത്ത് കിടക്കുന്നവനിൽ നിന്നും മറ്റൊരു പെണ്ണിന്റെ വിയർപ്പിന്റെ ഗന്ധം നാസികയിലേക്ക് തുളച്ചു കയറിയപ്പോഴെങ്കിലും….?? വിവാഹം കഴിഞ്ഞ ആദ്യനാളുകളിലെങ്കിലും…..???
മരവിപ്പായിരുന്നു മിലൻ….. ഒരു തരിമ്പുപോലും പ്രണയമില്ലാതെ എങ്ങനെ ഒരു ജന്മം മുഴുവൻ ജീവിച്ചു തീർക്കും…. ഒരുപാട് ആലോചിച്ചിരുന്നു അന്നൊക്കെ…… ഒരു സാധാരണപെണ്ണിനെപ്പോലെ പരിഭവം വിടർന്നിരുന്നു……അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ സ്വയം കോമാളിയായിട്ടുണ്ട്…..തോറ്റുപോയവളാണ് മീര…..അല്ല പ്രണയത്തിന് മറ്റെന്തിനേക്കാളും ശക്തിയുണ്ടെന്ന് തെളിയിച്ചവനാണ് മഹേഷ്……
ഒരുപാട് ആലോചിച്ചു…. അദ്ദേഹം ഒരു തെറ്റാണെന്ന് നൂറാവർത്തി മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചു….. അവിടെയും തോറ്റുപോയി….. പരസ്പര സ്നേഹമില്ലാതെ ശരീരത്തെ മാത്രം ഇരുട്ടിൽ പങ്കു വച്ചിരുന്നെങ്കിൽ അതല്ലേ മിലൻ ഏറ്റവും വലിയതെറ്റ്….?? പ്രണയത്തിൽ നിന്നും ഉടലെടുക്കുന്ന കാ മത്തിനല്ലേ ഏറ്റവും മാധുര്യം….?? വെറും കാ മത്തിന്റെ രുചി എന്താണ്….?? വെറും കാ മത്തിൽ ഞാൻ ആരാണ് വേ ശ്യയോ….?? മഹേഷ് പലർക്കും ഒരു തെറ്റായിരിക്കാം പക്ഷേ അദ്ദേഹം എനിക്കൊരു വലിയ ശരിയാണ്…..
ഇനിയും എനിക്ക് നേരെ സമൂഹത്തിൽ നിന്നും ആയിരം വിരലുകൾ ചൂണ്ടപ്പെടും….ഞാൻ പലർക്കും വേ ശ്യ തന്നെ ആയിരിക്കും…. ആരോഗ്യമുള്ള ഭർത്താവുണ്ടായിരിക്കെ മറ്റൊരുവനെ പ്രണയിച്ചവൾ…..എനിക്ക് നേരെ വിരലുകൾ ചൂണ്ടപ്പെടുമ്പോൾ മഹേഷ് പലർക്കും എനിക്കെന്നപോലെ വലിയൊരു ശരിയും ആവും… തെറ്റുകാരി ഞാൻ മാത്രമാകും….. കാരണം ഞാൻ പെണ്ണാണ് മിലൻ…..എന്റെ കാലുകൾക്കിടയിൽ സ്ത്രീത്വമാണ്…. താലികെട്ടിയവന് മാത്രം പകരേണ്ടുന്ന ഒന്ന്…… അവിടെ പ്രണയത്തിനെന്ത് വില….??
“”നിനക്ക് ഇപ്പൊ ഇതൊന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ മീരാ….??”” അവൻ അവളുടെ പാറിപ്പറക്കുന്ന മുടിയിഴകളെ കോതിയൊതുക്കി നെറ്റിയിലൂടെ വിരലുകൾ ഓടിച്ചു…..
“”രണ്ടുപേർ തമ്മിൽ പ്രണയിക്കുന്നു…. അഗാധമായി സ്നേഹിക്കുന്നു….. പ്രണയം പങ്കിടാൻ കൊതിക്കുന്നു……അവരുടെ മാത്രം സ്വകാര്യ നിമിഷത്തിൽ പ്രണയത്തിന്റെ ഏറ്റവും തീവ്രതയിൽ ഉടലെടുക്കുന്ന കാമത്തിൽ ശരീരത്തെ പങ്കിടുന്നു അതുപോലെ അത്രമേൽ പ്രണയത്തോടെ എനിക്ക് നിന്നിൽ അലിഞ്ഞ് തീരേണം മിലൻ…”” അവൾ അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു…..
ഓരോ സ്ത്രീയും ഓരോ പുരുഷനും പ്രണയമാണ് മിലൻ….. നീ എന്റെയും ഞാൻ നിന്റെയും പ്രണയമാണ്…. അങ്ങനെയെങ്കിൽ എന്റെ പ്രണയം എങ്ങനെ ഒരു തെറ്റാകും…..?? ചുറ്റുമുള്ളവരിൽ പലർക്കും നമ്മുടെ പ്രണയം ഒരു തെറ്റാകാം നാളെ നീയെന്റെ കഴുത്തിൽ ഒരു താലി ചിരട് കെട്ടുന്നത് വരെമാത്രം ആയുസുള്ളൊരു തെറ്റ്…… അതുവരെ ഞാനും നീയും വലിയൊരു തെറ്റാണ് കാരണം വിവാഹിതയായ ഒരുവൾക്ക് മറ്റൊരു പുരുഷനോട് പ്രണയം തോന്നാൻ പാടില്ല…. വിവാഹിതയായ സ്ത്രീയെ നീ പ്രണയിക്കാനും പാടില്ല മിലൻ…… പക്ഷേ അതെന്റെ കഴുത്തിൽ വീണ് കഴിഞ്ഞാൽ നീയെന്നെ പിച്ചി ചീന്തിയാലും പതിയെ രുചിച്ചറിഞ്ഞാലും മെഴുക് പ്രതിമപോലെ സ്പർശിക്കാതെ വച്ചാലും ഞാനും നീയും ശരിയാണ് വലിയൊരു ശരി……
“”എങ്കിലും എനിക്ക് നേരെ വീണ്ടും ആയിരം വിരലുകൾ ചൂണ്ടപ്പെടും കാളിന്ദിയുടെ വിയർപ്പിനേക്കാൾ നാറ്റമായിരിക്കും എന്റെ പ്രണയത്തിന്…..കാരണം ഞാൻ വിവാഹിതയാണ് മിലൻ കാളിന്ദി അവിവാഹിതയും…..വിവാഹിതയായ ഒരുവൾക്ക് പ്രണയം അങ്ങനെയെങ്കിൽ ഉറപ്പായും ഞാൻ നിന്നെ വശീകരിച്ചതാവും….. അല്ലാതെ എനിക്ക് നിന്നോടും നിനക്ക് എന്നോടും തീവ്രമായ പ്രണയമോ…..??”” അവൾ ഉറക്കെ ചിരിച്ചു…..
“”കാളിന്ദിയിലും തെറ്റും ശെരിയും ഉണ്ടാകാം വിവാഹിതനായ ഒരുവനെ പ്രണയിക്കുന്നവൾ അവനൊപ്പം ലജ്ജ തോന്നാതെ രാത്രികൾ കഴിയുന്നവൾ….എങ്കിലും നാളെ ഞാൻ നിനക്കൊപ്പം വരുന്നതും കാളിന്ദി മഹേഷിനോപ്പം വരുന്നതും തമ്മിൽ കാഴ്ച്ചയിൽ ഒരുപാട് വ്യത്യാസമുണ്ട് മിലൻ……കാരണം ഞാൻ വിവാഹിതയാണ് കാളിന്ദി അവിവാഹിതയും…..
“”മഹേഷിനെയും തള്ളിപ്പറയുന്നവർ ഉണ്ടാകും മീരാ നിന്നെപോലെതന്നെ മഹേഷും വിവാഹിതൻ അല്ലേ…. ഒരു ബന്ധം പിരിയാൻ ഒരിക്കലും ഒരാൾ മാത്രം കാരണമാകില്ല…..”” മിലൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി….. അവൾ വീണ്ടും ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു……
ഉവ്വ് പറയുമായിരിക്കാം….. പക്ഷേ എത്രപേർ…?? വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു സ്ത്രീയെ പ്രാപിക്കുന്നതും വിവാഹിതയായ ഒരു സ്ത്രീ മറ്റൊരുവനെ പ്രാപിക്കുന്നതും സമൂഹം കാണുന്നത് ഒരേ കണ്ണിലൂടെയാണെന്നാണോ മിലൻ പറഞ്ഞുവരുന്നത്….?? വെറുതെ ഒരു ഭംഗിക്ക് അങ്ങനെ രണ്ട് വാചകം അടിക്കാം…..പക്ഷേ ഒരു നൂറാവർത്തി സമൂഹത്തിലെ ഓരോ മനുഷ്യന്റെയും കാഴ്ചപാടുകളിലൂടെ ഇരുത്തി ഒന്ന് ആലോചിച്ചാൽ മതി ധാരണകൾ അല്പമെങ്കിലും മാറും…..
മഹേഷിനെ ഞാൻ ഒരിക്കലും കുറ്റം പറയില്ല മിലൻ….. അതുപോലെതന്നെ ഞാൻ എന്നെയും എനിക്ക് നിന്നോടുള്ള പ്രണയത്തെയും തെറ്റായി കാണുന്നില്ല…
പ്രണയം മാനുഷികമല്ലേ…സ്നേഹം നിഷേധിക്കപ്പെടുമ്പോൾ, അവഗണന ഹൃദയത്തെ മുറിവേല്പിക്കുമ്പോൾ മറ്റൊരു പ്രണയം തേടിപോകുന്നത് മാനുഷികമല്ലേ മിലൻ….?? പ്രണയം എനിക്ക് നിഷേധിക്കപ്പെട്ടതാണ് ഞാൻ എന്റെ പ്രണയത്തെ തേടുന്നത് അതിനെ എന്റേതുമാത്രം ആക്കാൻ ആഗ്രഹിക്കുന്നത് മാനുഷികമല്ലേ മിലൻ….?? പ്രണയമില്ലാതെ ഒരു സ്ത്രീക്കും പുരുഷനും എത്രനാൾ ജീവിക്കാൻ പറ്റും….?? പ്രണയം എന്ന വികാരം മാനുഷികമല്ലേ….??
“”എനിക്ക് നിന്നോട് പ്രണയമാണ് മിലൻ…. ഒരു സാധാരണപെണ്ണ് തന്നെയാണ് ഞാൻ…. എനിക്കും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും അർഹതയില്ലേ….?? ഞാനെങ്ങനെ ഒരു തെറ്റാകും….??? പ്രണയം എങ്ങനെ ഒരു തെറ്റാകും അത് മാനുഷികമാണ് അല്ലേ മിലൻ….??”” ദൂരെ ചുവന്ന് പൊട്ടുപോലെ കടലിനടിയിലേക്ക് ആഴ്ന്നിറങ്ങുന്ന സൂര്യനെയവൾ ഇമചിമ്മാതെ നോക്കി……
“”അതേ പ്രണയം മാനുഷികമാണ് മീരാ….”” അവന്റെ ചുണ്ടുകൾ അവളുടെ കാതരുകിൽ സ്വകാര്യമായി തീവ്ര പ്രണയത്തോടെ മന്ത്രിച്ചു…..
അവസാനിച്ചു….
©️ കല്യാണി നാരായൺ