എഴുത്ത്: മനു പി.എം
നീയിന്നു ആഹാരം കഴികുന്നില്ലെ ..കണ്ണാ വാ വന്നു കഴിക്ക്..
എനിക്ക് വേണ്ട..വിശക്കുന്നില്ല. ഞാൻവിശന്നു ചത്തു പൊയ്ക്കോട്ടെ.. ഞാൻ ചത്താൽ നിങ്ങൾക്കാർക്കും ഒന്നുമില്ലല്ലോ..
ഇല്ലാഞ്ഞിട്ടല്ലെ.. കണ്ണാ..
മക്കൾ ചോദിക്കുമ്പോ കാശ് ഇല്ല..പിന്നെ എന്തിനാ നിങ്ങൾ ജീവിക്കുന്നെ…ഇന്നേവരെ എന്റെ ഏതെങ്കിലും ഒരാഗ്രഹം നിങ്ങൾ സാധിച്ചു തന്നിട്ടുണ്ടോ… എന്ത് പറഞ്ഞാലും കാശ് ഇല്ല പറഞ്ഞു.. മാറ്റി വെക്കും
ഇപ്പോൾ ടൂർ പോകാൻ കാശ് ചോദിച്ചപ്പോൾ ഇല്ല പോലും…
എന്റെ കൂട്ടുകാർ എല്ലാവരും പോകുന്നുണ്ട് .. ഞാൻ മാത്രമേയുള്ളൂ പോകത്തുള്ളു… കൂട്ടുകാർ എല്ലാരും എന്നെ കളിയാക്കുവാ.. ടീച്ചറും ചോദിച്ചു.. നീ എന്താ വരാത്തത് എന്ന്..
നിറഞ്ഞു വന്ന കണ്ണുകളൊപ്പി ചുവന്നു തുടത്ത മുഖവുമായി അമ്മ അടുത്ത് വന്നപ്പോൾ .ആ കണ്ണുകൾ ഇന്നെവരെ ഉളള ജീവിതത്തിൻെറ എല്ലാ ദുരിതങ്ങളും നിറഞ്ഞിരുന്നതായി എനിക്ക് തോന്നി..
അമ്മയ്ക്കു ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ കണ്ണാ.. എനിക്കും ആഗ്രഹമുണ്ട് മറ്റ് കുട്ടികളെ പോലെ എന്റെ മക്കളും നല്ല ആഹാരവും വസ്ത്രവും ധരിച്ചു നടക്കണമെന്ന്.. കീറിപ്പറിഞ്ഞ നിക്കറും ഉടുപ്പും ഇട്ടു നീ പോകുന്ന കാണുമ്പോൾ അമ്മയുടെ നെഞ്ച് പൊട്ടും.. പക്ഷേ അത് ഓർത്തു വിഷമിക്കാനെ അമ്മയ്ക്ക് വിധിയുള്ളൂ കണ്ണാ..
അത് പറഞ്ഞു അമ്മ പൊട്ടി. കരഞ്ഞാപ്പോൾ..
ആ മുഖത്ത് നോക്കി ഇനിയൊന്നും പറയാനുള്ള കരുത്തെനിക്കില്ലിയിരുന്നു …
കുറച്ചു നേരത്തിനു ശേഷം കണ്ണുകൾ തുടച്ചു അമ്മ എൻറെ കൈയ്യിൽ പിടിച്ചു ….
മറ്റെന്നാൾ അല്ലെ ടൂർ പോകുന്നെ നീ.. വിഷമിക്കേണ്ട അമ്മ നോക്കട്ടെ.. എന്തെങ്കിലും വഴിയുണ്ടോ എന്ന്,, നാളെ.. അമ്മ ആരോടെങ്കിലും വാങ്ങിച്ചു തരാം.. ഇപ്പോൾ എൻറെ കുട്ടി വന്നു കഴിക്ക് ഇല്ലെങ്കിൽ അമ്മക്ക് സമാധാനം കിട്ടില്ല.. …
പിറ്റേദിവസം പറഞ്ഞതു പോലെ ടൂർപോകാനുള്ള പൈസ എന്റെ കൈയ്യിൽ വെച്ചു തന്നു..അപ്പോൾ ആ കണ്ണിൽ സംതൃപ്തിയുടെ ഒരു തിളക്കമുണ്ടായിരുന്നു.. എനിക്ക് ലോകം പിടിച്ചടക്കിയ സന്തോഷവും..
അങ്ങനെ ആദ്യമായി കടം വാങ്ങിയ കാശുമായ് ടൂർ പോയി കൂട്ടുകാർക്ക് ഒപ്പം സന്തോഷത്തോടെ നിൽക്കുമ്പോൾ ഏറ്റവും അടുത്ത കൂട്ടുകാരനായ.. വിഷ്ണു എന്റെ അടുത്തേക്ക് വന്നത് ചോദിച്ചു…
നിനക്ക് ടൂർ വരാനുള്ള കാശ് കിട്ടിയോ..
ഉം.അമ്മ തന്നു..
നിന്റെ അമ്മ കുറെ പേരോട് ചോദിക്കുന്നു കണ്ടു പലരും കൊടുത്തില്ല…
നീ എങ്ങനെ അറിഞ്ഞു…
എൻറെ വീട്ടിൽ വന്നിരുന്നു.. ഇല്ലാത്തത് കൊണ്ട് തരാൻ പറ്റിയില്ല
പിന്നെ വഴിയിൽ.. നിൻെറ അമ്മ.. നിന്ന് കരയുന്ന കണ്ടു.. കാര്യം അന്വേഷിച്ച അടുത്ത വീട്ടിലെ ചേച്ചിയോട് പറയുന്ന കേട്ടതാണിത്..
നിന്റെ അമ്മ കരയുന്നത് കണ്ടപ്പോൾ എനിക്കും സങ്കടം വന്നു… ആ ചേച്ചിയാണ് പറഞ്ഞേ.. അപ്പുറത്തെ അബുക്കാടെ വീട്ടിൽ ചെന്ന് ചോദിക്ക് ചിലപ്പോൾ കിട്ടുമെന്ന്..
കണ്ണുകൾ തുടച്ചു കൊണ്ട് നിന്റെ അമ്മ അങ്ങോട്ടേക്ക് പോവുന്നത് നോക്കിക്കൊണ്ട് ഞാൻ നിന്നിരുന്നു.. കുറച്ചു കഴിഞ്ഞു വന്ന് ആ ചേച്ചിയോട് പറയുന്നത് കേട്ടു..അബുക്കാടെ വീട്ടിലെ കുറച്ചു മണ്ണ് ചുമ്മന്ന് കൊടുത്താൽ കാശ് കൊടുക്കാം എന്ന്.. അങ്ങനെ കിട്ടിയ കാശ് കൊണ്ടാവും നിന്റെ അമ്മ നിന്നെ ടൂർ വിട്ടത്..
അതുവരെ ഉണ്ടായിരുന്ന എന്റെ ആവേശം പെട്ടെന്ന് കെട്ടടങ്ങി.. കൺമുന്നിൽ..ഇപ്പോൾ.. ഞാൻ അനുഭവിക്കുന്ന ഈ സന്തോഷത്തിന് വേണ്ടി കഷ്ടപ്പെടുന്ന എന്റെ അമ്മയുടെ മുഖം മാത്രമായിരുന്നു.. വിയർപ്പു പറ്റിയ മുഖത്തെ നിസ്സഹായതയും.. മക്കളെ ഓർത്തുള്ള ആകുലത നിറഞ്ഞ മനസ്സും ഓർത്താപ്പോൾ..എനിക്ക് ഒരു സന്തോഷം വേണ്ടെന്ന് ഇനി തോന്നി പിന്നീട് ആ യാത്രയിൽ മുഴുനീളെ ഒരു സൈഡിൽ ഒതുങ്ങി ഇരുന്നു…
അപ്പോഴും മനസ്സിൽ ഉയർന്ന ചോദ്യം,
അമ്മ എന്തു ചെയ്യുകയാകും.. ?
ചോറു കറിയും വെച്ചു കാണുമോ. ?
അമ്മ വല്ലതും കഴിച്ചു കാണുമോ.. ?
ഞാനില്ലാത്തത് കൊണ്ട് ഇത്തിരി കഞ്ഞി മാത്രം വച്ച് കുടിച്ചു കാണും…!!
ഉറങ്ങി കാണില്ല നോക്കിഇരിക്കുന്നുണ്ടാകും..!!
ഒരു പക്ഷെ എൻെറ പ്രായത്തിലും വീടുവിട്ടോ ആ അടുക്കള വിട്ടൊരു ലോകം അമ്മ കണ്ടു കാണില്ല..? അമ്മ അനുഭവിക്കാത്ത കാഴ്ചകൾ മനോഹരമായ അനുഭൂതികൾ എനിക്ക് എന്തിന് വേണ്ടായിരുന്നു..ഒന്നും വേണ്ടായിരുന്നു അമ്മയില്ലാത്ത ഒരു യാത്രയോ ആഘോഷമോ ഒന്നും വേണ്ടിയിരുന്നില്ല…ഓർത്താപ്പോൾ കണ്ണു നിറഞ്ഞു വന്നു
കുഞ്ഞു നാളിൽ സ്ക്കൂൾ വിട്ടു വരുമ്പോൾ മനസ്സാദ്യം സഞ്ചാരിക്കുന്നത് അമ്മയിലേക്കാണ് .. പടികടക്കും മുന്നെ അമ്മയെന്ന് നീട്ടി വിളിച്ചു ഉറക്കെ ഓടിയെത്തും ഒന്നു രണ്ടു തവണ വിളിക്കുമ്പോഴായിരിക്കും വിളിക്കേൾക്കുക…
” ഞാനിവിടെ ഉണ്ട് ചെക്കാ ” എന്ന് തിരിച്ചു മറുപടി കേൾക്കാ..
വീടിനു പുറത്തോ . പറമ്പിലോ..എന്തെങ്കിലും ജോലിയിൽ ആയിരിക്കും അല്ലെങ്കിൽ ഞാൻ സ്കൂൾ വിട്ട് വരുമ്പോഴ്യ്ക്കും തരാനുള്ള നാലുമണി ചായകൊപ്പം എന്തെങ്കിലും പലഹാരമൊരുക്കുന്ന തിരക്കിലാകും എന്നാലും അമ്മയുടെ ശബ്ദം കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷവും സമാധനവും മറ്റൊന്നിനും തരാൻ കഴിയില്ലല്ലോ…
കൊല്ല പരീക്ഷ കഴിഞ്ഞു അമ്മ വീട്ടിലേക്കു വിരുന്നു പോകാനുള്ള മനസ്സിൻെറ തിടുക്കവും…ഒന്നുവേഗം ആ ദിവസം വന്നു കിട്ടാൻ കാത്തിരുന്നത് പോലെ ഒരു സുഖം മറ്റൊന്നിനും വേണ്ടി കാത്തിരുന്നലും കിട്ടുലാ..ജീവിതത്തിൽ ഐറെ കൊതിച്ച യാത്രകളിലൊന്നു അതു കുഞ്ഞു നാളിലെ അമ്മ വീട്ടിലേക്ക് വിരുന്നു പോകുന്നതാണ്… അതിനോളം പോന്നൊരു യാത്ര സുഖമുണ്ടോ..? അന്ന് പക്ഷേ അമ്മയെ പിരിഞ്ഞിരിക്കുന്ന സങ്കടം ഒന്നും തോന്നിയിരുന്നില്ലല്ലോ
പക്ഷെ ഇപ്പോൾ ഈ നിമിഷം…ഈ യാത്രയിൽ വല്ലാത്ത വേദന അനുഭവിച്ചു അമ്മയുടെയൊരു തലോടൽ ഏൽക്കാൻ കൊതിച്ചു .. ഒന്നു വേഗം വീടെത്തിയിരുന്നുവെങ്കിലെന്നു ആഗ്രഹിച്ചു.. പോയി…. അത്രയേറെ വികസവും വേദനാജനകവും ആയി മാറിയിരുന്നു ആ യാത്ര..
ഒടുവിൽ ഇരുട്ട് ആയപ്പോൾ ടൂർ കഴിഞ്ഞ് മടങ്ങിവന്നു .. അമ്മയുടെ അടുത്തേക്ക് ഓടിയെത്താൻ മനസ്സ് തിടുക്കപ്പെട്ടു… കയറി ചെല്ലുമ്പോൾ കണ്ടു തനിക്കായി കാത്തിരിക്കുന്ന അമ്മയെ..
എന്നെ കണ്ടു മുറ്റത്തേക്ക് ഇറങ്ങി വന്ന അമ്മയെ നിലവിളിയോടെ ഓടിച്ചെന്ന്.. കെട്ടിപ്പിടിച്ചു സങ്കടം കൊണ്ട് ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായിരുന്നു…
എന്താടാ കണ്ണാ ഇത്… യാത്ര കഴിഞ്ഞു വന്നതല്ലേ വേഗം കുളിച്ചു വാ അമ്മ മോനു മീൻകറിയും ചോറും ഉണ്ടാക്കി വെച്ചിട്ടുണ്ട്.. നെഞ്ചിൽ വിങ്ങിയ സങ്കടം കണ്ണീരായി കണ്ണിലൂടെ ഒഴുകിയിറങ്ങി.. പുറം കൈകൊണ്ട് കണ്ണുതുടച്ചു കൊണ്ട് കിണറ്റിൻങ്കര ലക്ഷ്യമാക്കി നടന്നു..
കുളിച്ചു വന്നപ്പോഴേക്കും ചോറും മീൻകറിയും അമ്മ വിളമ്പി വെച്ചിരുന്നു. അമ്മയ്ക്കൊപ്പം ഇരുന്ന് ആ സ്വാദ് ആസ്വദിച്ച് കഴിച്ചപ്പോൾ ഓർത്തു.. അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഈ ആഹാരത്തിന്റെ രുചി മറ്റെവിടെയും കിട്ടുകയില്ല എന്ന് തിരിച്ചറിയുകയായിരുന്നു..
ആ രാത്രിയിൽ അമ്മയുടെ അടുത്ത് ഇരിക്കുമ്പോൾ..ആ തലോടൽ എൽക്കുമ്പോൾ ആ യാത്രയിൽ കണ്ട മനോഹരമായ കാഴ്ചകളെ ല്ലാം ഞാൻ മറന്നിരുന്നു..
എങ്ങനെ ഉണ്ടായിരുന്നു കണ്ണാ യാത്ര .എന്തൊക്കെ കാഴ്ച്ചകൾ കണ്ടു..
ഞാനൊന്നും കണ്ടില്ലമ്മ..എൻെറ അമ്മയുടെ മുഖമല്ലാതെ.. മറ്റൊന്നും ഞാൻ കണ്ടില്ല എവിടെയും..
അതെന്താ മോനെ…
ഞാൻ അറിഞ്ഞു.. എനിക്ക് ടൂർ പോകാനുള്ള കാശ് എങ്ങനെയാ ഉണ്ടായതെന്ന്..
എൻറെ മറുപടി കേട്ടു നിശബ്ദമായ അമ്മയുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ
ആ കണ്ണിലെ കറുത്ത ആകാശത്ത് നിന്നും തിളക്കമുള്ള ഒരു കുഞ്ഞു നക്ഷത്രം എന്നിലേക്കടർന്നു വീണു…
NB. ആദ്യത്തെയും അവസാനത്തെയും മോഹങ്ങൾ ഒരുപാട് കാണും നമ്മുക്ക്..പക്ഷേ അമ്മയില്ലാത്ത ജീവിതം അത് ദുസ്സഹം തന്നെയാണ്.. അമ്മയോളം നമ്മെ അറിയുന്ന ആരുമുണ്ടാവില്ല ഈ ഭൂമിയിൽ…