രാവിലെ തന്നെ ബ്യൂട്ടിപാർലറിൽ പോയി നല്ല സാരിയൊക്കെ ഉടുത്തു മേക്കപ്പ് ചെയ്തു സുന്ദരിയായി വന്നു

ഒരു ഫോട്ടോ ഷൂട്ട്‌ അപാരത…??

എഴുത്ത്: ദേവതീർത്ഥ സിദ്ധാർഥ്

മുത്താരം കുന്നു കോളനിയിലാണ് മ്മടെ ശങ്കരന്റെ വീട്…പുള്ളിയൊരു കെട്ടുപണിക്കാരൻ ആണ്..

പട്ടണത്തിൽ ആണ് മിക്കവാറും ദിവസങ്ങളിൽ ശങ്കരന് പണി…പട്ടണത്തിലേക്ക് പോകണം എങ്കിൽ ഒരു പുഴ കടക്കണം…

പാലം പണിയാൻ ശങ്കരന്റെ മേൽനോട്ടത്തിൽ നാട്ടുകാർ കുത്തിയിരുന്നും കിടന്നും ഒക്കെ സമരം നടത്തിയെങ്കിലും ഭരണകക്ഷികൾ മാറി മാറി വന്നു എന്നല്ലാതെ പാലം വന്നില്ല…

നാട്ടുകാർക്ക് അക്കരെയെത്താൻ ഉള്ള ഏകമാർഗം മ്മടെ ഖാദർക്കന്റെ കടത്തു വഞ്ചിയാണ്….വണ്ടിയുള്ളവർ കരയ്ക്ക് വണ്ടി വെച്ചിട്ടാണ് തോണിയിൽ പോയി വരുന്നത്…

എന്നും കടത്തുവഞ്ചിയിലാണ് ശങ്കരൻ പണിക്കു പോണത്.. പതിവ് പോലെ ശങ്കരൻ പണിക്കു പോയി വഞ്ചിയിൽ അക്കരെ എത്തിയപ്പോൾ സുമ ശങ്കാരനെ കാത്തുനിൽപ്പുണ്ട്…സുമ അവളാണ് ശങ്കരന്റെ പ്രണയിനി…

സുമയുടെ വീട്ടിൽ കേട്ടുപണിക്ക് പോയപ്പോൾ മുതൽ ഉള്ള പ്രണയമാണ്…

നാട്ടിൽ എല്ലാർക്കും അറിയാം സുമയുടെയും ശങ്കാരന്റെയും കാര്യം…

ശങ്കരൻ വഞ്ചിയിൽ നിന്നും ഇറങ്ങി സുമയുടെ അടുത്തെത്തി മുഖത്തേക്ക് ഒന്ന് നോക്കി..സുമ കട്ടക്കലിപ്പിലാണ്.. ശങ്കരൻ പതിയെ മുന്നോട്ട് നടന്നു..സുമ ചാടിക്കേറി മുന്നിൽ നിന്നു

ദേ മനുഷ്യ ഞാൻ ഒരു കാര്യം പറയാം ഉടനെ നമ്മുടെ കല്യാണം നടത്തിയില്ലേൽ ഞാൻ ഈ പുഴയിൽ ചാടി ചാവും…

ശങ്കരൻ ഞെട്ടിപ്പോയി ന്റെ സുമേ നീയിങ്ങനെ പറയാതെടി, ഞാൻ ഒരു തീരുമാനം ഉണ്ടാക്കാടി…

എപ്പഴാ മനുഷ്യ മൂക്കിൽ പല്ല് മുളച്ചിട്ടാണോ…അല്ലെടി ഞാൻ നാളെ തന്നെ ഞാൻ വീട്ടുകാരെയും കൂട്ടി പെണ്ണ് ചോദിക്കാൻ വരാടി സത്യം…

സുമയുടെ മുഖം തെളിഞ്ഞു..ആ വന്നാൽ നിങ്ങൾക്ക് കൊള്ളാം..സുമ വന്ന വഴിയേ തിരിഞ്ഞു നടന്നു..ശങ്കരൻ പണിക്കും പോയി..

അങ്ങനെ പിറ്റേന്ന് രാവിലെ മ്മടെ ശങ്കരൻ അച്ഛനെയും അമ്മയെയും അനിയനെയും വകയിൽ ഒരു അമ്മാവനെയും കൂട്ടി സുമയുടെ വീട്ടിൽ എത്തി…സുമയുടെ അച്ഛൻ അവരെ സ്വീകരിച്ചു അകതിരുത്തി…

ടി ശാന്തേ നീ മോളെ ഇങ്ങ് വിളിച്ചേ… സുമയുടെ അച്ഛൻ അമ്മയോട് പറഞ്ഞു..സുമ എല്ലാർക്കും ചായയുമായി വന്നു.. എല്ലാർക്കും ചായയൊക്കെ കൊടുത്തു സുമ മാറി നിന്നു

ഓ ഇതെന്നാ നാണമാടി പെങ്കൊച്ചേ നിങ്ങള് തമ്മിൽ ആദ്യം കാണുവൊന്നും അല്ലല്ലോ നീയിങ്ങനെ നഖം കൊണ്ട് എഴുതി കളിക്കാൻ.. കൂടെ വന്ന അമ്മാവൻ ഒരു കൌണ്ടർ അടിച്ചു…

സുമയും ശങ്കരനും ചമ്മി നാറി..

ചിങ്ങത്തിൽ കല്യാണം നടത്താം എന്ന് തീരുമാനിച്ചു അവർ പിരിഞ്ഞു….

വീട്ടിലെത്തിയപ്പോൾ മുതൽ ശങ്കാരന് ഒരു ആഗ്രഹം…കല്യാണത്തിന് മുൻപ് ഒരു save the date ഫോട്ടോയെടുപ്പ് നടത്തണം…ഇപ്പൊ അതാണല്ലോ ഫാഷൻ…

പിറ്റേന്ന് സുമയെ കണ്ടപ്പോൾ അവളോടും പറഞ്ഞു ശങ്കരൻ…സുമയും നടത്താം എന്ന് പറഞ്ഞു..2 വീട്ടുകാർക്കും സമ്മതം…

പിന്നെ ശങ്കരൻ ഒന്നും നോക്കിയില്ല…എങ്ങനെ ഫോട്ടോ എടുക്കാം എന്നുള്ളതായി ചിന്ത…ആദ്യമായാണ് ശങ്കരന്റെ നാട്ടിൽ ഇങ്ങനെ ഒരു സംഭവം നടക്കാൻ പോകുന്നെ…

അങ്ങനെ രാത്രിയിൽ ഉറക്കമില്ലാതെ ഇരുന്നും നടന്നും കിടന്നുമൊക്കെ ആലോചിച് ശങ്കരൻ ഒടുവിൽ അത് കണ്ടെത്തി…ഞാനും സുമയും പറന്നു പോകുന്നത് പോലെ ഫോട്ടോ എടുക്കാം

അങ്ങനെ ഫോട്ടോ എടുക്കുന്നതും,ഫോട്ടോസ് വൈറൽ ആകുന്നതും സ്വപ്നം കണ്ട് ശങ്കരൻ ഉറങ്ങി…

അങ്ങനെ നേരം വെളുത്തപ്പോൾ ശങ്കരൻ ഒരു അടിപൊളി പ്ലാനുമായി പട്ടണത്തിൽ ഉള്ള ക്യാമെറമാനെ കാണാൻ പോയി

അവിടെ ചെന്ന് അങ്ങേരോട് ഫോട്ടോ എടുക്കുന്ന കാര്യം ഒക്കെ സംസാരിച്ചു ശെരിയാക്കി ഫോട്ടോ എടുക്കാൻ വരേണ്ട ദിവസവും സമയവും പറഞ്ഞു കൊടുത്തു ശങ്കരൻ തിരിച്ചു പോയി.

പോകുന്ന വഴിയിൽ സുമയെ കൂട്ടി ഫോട്ടോ എടുക്കുമ്പോൾ ഇടാൻ ഉള്ള ഡ്രസ്സ്‌ ഒക്കെ എടുത്തു… സുമയ്ക്ക് ഒരു ബിരിയാണി ഒക്കെ വാങ്ങിക്കൊടുത്തു… സുമയെ വീട്ടിൽ ആക്കി ശങ്കരൻ തിരിച്ചു പോയി..

ഇനി കല്യാണത്തിന് 3 ദിവസം കൂടി ഉള്ളൂ…ഇന്നാണ് save the date ഫോട്ടോ ഷൂട്ട്‌..

ശങ്കരൻ രാവിലെ എഴുന്നേറ്റു.. ഫോട്ടോ എടുക്കാൻ തീരുമാനിച്ച സ്ഥലം പുഴയുടെ കരയിൽ ആണ്.. അവിടെ ഒരു ചാഞ്ഞ തെങ്ങ് ഉണ്ട് അതിന്റെ മുകളിൽ വലിയ വടം കൊണ്ട് ഊഞ്ഞാൽ കെട്ടി ആടി വരുന്ന രീതിയിൽ എടുക്കാനാണ് ശങ്കരൻ പ്ലാൻ ചെയ്തിരിക്കുന്നത് എല്ലാരും വരുന്നതിനുമുമ്പ് ശങ്കരൻ തെങ്ങിൽ വലിഞ്ഞു കയറി വലിയ വടം കൊണ്ട് ഊഞ്ഞാൽ കെട്ടി.. പിന്നെ ശങ്കരൻ വേഗം വീട്ടിലേക്ക് പോന്നു…

രാവിലെ തന്നെ ബ്യൂട്ടിപാർലറിൽ പോയി നല്ല സാരിയൊക്കെ ഉടുത്തു മേക്കപ്പ് ചെയ്തു സുന്ദരിയായി വന്നു..മ്മടെ ശങ്കരനും നല്ല അടിപൊളി ഷർട്ടും പാന്റും ഒക്കെയിട്ട് സുന്ദരനായി വന്നു…കുറച്ചു കഴിഞ്ഞപ്പോൾ നമ്മുടെ ക്യാമറാമാനും സംഘവും വന്നു..

പിന്നെ ഫുള്ള് തിരക്കായിരുന്നു..

ശങ്കരനും സുമയും ഊഞ്ഞാലിൽ കയറിയിരുന്നു ആടി ഫോട്ടോയെടുത്തു.. പിന്നെ ശങ്കരൻ ഇരുന്നും കിടന്നും സുമ ഓടിവന്നു നടന്നും ഒക്കെ കുറെ ഫോട്ടോകൾ എടുത്തു.. ഉച്ചയായിട്ടും ഫോട്ടോയെടുപ്പ് കഴിഞ്ഞില്ല എല്ലാവരും മടുത്തു… ശങ്കരന്റെ നാട്ടിൽ ആദ്യമായിട്ട് നടക്കുന്ന പരിപാടിയായിരുന്നു ഇത്.. അതുകൊണ്ട് കാഴ്ചക്കാർ ഒരുപാട് പേരുണ്ടായിരുന്നു…

കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം ബാക്കി എടുക്കാമെന്ന് ക്യാമറാമാൻ പറഞ്ഞു… എല്ലാവരും പുഴക്കരയിൽ കാറ്റും കൊണ്ട് വിശ്രമിക്കാൻ ഇരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ അവർ വീണ്ടും എഴുന്നേറ്റ് അടുത്ത സെക്ഷൻ ഫോട്ടോ എടുക്കാൻ ആരംഭിച്ചു… എന്തായാലും ഞാൻ കഷ്ടപ്പെട്ട് ഊഞ്ഞാല് കെട്ടിയതല്ലേ അപ്പോ അതിൽ ആടി വന്ന് സുമയ്ക്ക് ആമ്പൽ കൊടുക്കുന്നതുപോലെ ഉള്ള ഒരു ഫോട്ടോ എടുക്കാം ശങ്കരൻ ക്യാമറാമാ നോട് പറഞ്ഞു…ഇതൊന്നു തീർത്തിട്ട് എങ്ങനെയെങ്കിലും പോയാ മതി എന്ന് കരുതി ഇരിക്കുകയായിരുന്നു കാമറാമാൻ അവസാനത്തെ ഫോട്ടോയല്ലേ എന്ന് കരുതി ക്യാമറാമാൻ ഓക്കേ പറഞ്ഞു

അങ്ങനെയെല്ലാം റെഡിയായി ക്യാമറാമാൻ ആക്ഷൻ പറഞ്ഞപ്പോൾ ശങ്കരൻ വലിഞ്ഞു ഊഞ്ഞാലിൽ കയറി സുമ കരയിൽ ആമ്പൽ വാങ്ങാനുള്ള തയ്യാറെടുപ്പോടെ റെഡി ആയിട്ട് നിന്നു

ആക്ഷൻ

ശങ്കരൻ ഊഞ്ഞാലിലാടി വന്നു സുമ ആമ്പൽ വാങ്ങാനായി കൈ ഉയർത്തി സുമയുടെ കൈയ്യിലേക്ക് ആമ്പൽ കിട്ടി ക്യാമറാമാൻ ഭംഗിയായി ആ ദൃശ്യം പകർത്തി..

അയ്യോ എന്റെ അമ്മോ എന്റെ നടുവേ… എല്ലാവരും ഓടി വായോ..ആ നിലവിളി ശബ്ദം കേട്ട് സുമ അടക്കം എല്ലാവരും ചുറ്റും നോക്കി..നിലവിളിച്ചത് വേറെ ആരുമല്ല നമ്മുടെ ശങ്കരൻ ചേട്ടനാ… പുള്ളിക്കാരൻ ഊഞ്ഞാലിലാടി വന്ന് സുമ പൂ മേടിച്ചത് മാത്രം എല്ലാവരും കണ്ടുള്ളൂ…രാവിലെ മുതൽ ഊഞ്ഞാലിൽ ആടി ആടി കെട്ടിയിരുന്ന വടം പൊട്ടി ശങ്കരൻ തെറിച്ചു അപ്പുറത്തെ പറമ്പിൽ പോയി വീണു….

എല്ലാവരും കൂടി ഓടിപ്പോയി ശങ്കരനെ എഴുന്നേൽപ്പിച്ചു നിർത്തി… സുമ ചെന്ന് താങ്ങിപ്പിടിച്ചു…

എന്റെ ശങ്കരാ നീ തെറിച്ചു വീണെങ്കിലും കിട്ടിയ ഫോട്ടോ സൂപ്പർ ആടാ ക്യാമറാമാൻ പറഞ്ഞു…

സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്താൻ തോന്നിയ നിമിഷത്തെ മനസ്സിൽ സ്മരിച്ചു കൊണ്ട് ശങ്കരൻ സുമയുടെ തോളിൽ കയ്യിട്ടു നടുവിനു താങ്ങിപ്പിടിച്ച് ഞൊണ്ടി ഞൊണ്ടി നടന്നു..

വീട്ടിലേക്ക് ചെന്നപ്പോൾ അവർ ചോദിച്ചു എന്താ പറ്റിയെന്ന്..ഓ ഒന്നുമില്ല ഒന്ന് വൈറൽ ആകാൻ നോക്കിയപ്പോൾ പറ്റിയതാ സുമ പറഞ്ഞു..

തൈലം ഒക്കെയിട്ട് നടുവും പുറവും തിരുമി റെഡിയാക്കി എടുത്തു നമ്മുടെ ശങ്കരൻ

ഇന്നാണ് നമ്മുടെ ശങ്കരന്റെയും സുമയുടെ യും വിവാഹം… ശങ്കരൻ റെ വീട്ടിൽ വച്ചാണ് വിവാഹം.. പത്തരയ്ക്ക് ആണ് മുഹൂർത്തം സുമ സുന്ദരിയായി ഒരുങ്ങി വന്ന മണ്ഡപത്തിൽ ഇരുന്നു ശങ്കരനും വന്നു… എല്ലാവരുടെയും അനുഗ്രഹത്തോടെ ശങ്കരൻ സുമയുടെ കഴുത്തിൽ താലി ചാർത്തി..

അന്നത്തെ നമ്മുടെ ക്യാമറാമാൻ ഇതൊക്കെ നല്ല ഭംഗിയായി ക്യാമറയിൽ ഒപ്പിയെടുത്തു… ഇനി വരനെയും വധുവിനെയും കുറച്ച് ഫോട്ടോയെടുക്കാം ക്യാമറാമാൻ പറഞ്ഞു കൊണ്ട് അവരെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി..

ഇതു കൂടി കുറച്ചു വൈറലാക്കി കളയാം ശങ്കരൻ ക്യാമറാമാൻ നോട് പറഞ്ഞു…ശങ്കരൻ പറഞ്ഞാൽ പിന്നെ ക്യാമറാമാന് വേറെ എന്തു നോക്കാനാ അയാളും റെഡി എന്ന് പറഞ്ഞു…

ഇത്തവണ ശങ്കരൻ കണ്ടുപിടിച്ച ഐഡിയ നല്ല കിടുവാ… നമ്മുടെ ഖദർക്കാന്റെ തോണിയിൽ കയറിയിരുന്നു തുഴഞ്ഞു വന്ന് ആമ്പൽ പറിച്ചു സുമയ്ക്ക് കൊടുക്കുന്നതാണ് ഫോട്ടോ എടുക്കേണ്ടത്…ഇത് കേട്ടതും സുമയും ഞെട്ടി.. ശങ്കരേട്ടാ ഒന്നു നിന്നെ ഞാൻ ഒരു കാര്യം പറയട്ടെ സുമ പറഞ്ഞു…

കാര്യം ഒക്കെ പിന്നെ പറയാതെ നീ ഇങ്ങ് വന്നേ ആദ്യം ശങ്കരൻ പറഞ്ഞു…

പറ്റില്ല ശങ്കരേട്ടാ എനിക്ക് ഇപ്പൊ പറയണം…

പെണ്ണേ കളിക്കല്ലേ ഇത് കഴിഞ്ഞിട്ട് വേണം എനിക്ക് എന്തെങ്കിലും കഴിക്കാൻ വിശന്നിട്ടു വയ്യ ശങ്കരനും പറഞ്ഞു…

പിന്നെ സുമ പറയാൻ വന്നതൊന്നും ശങ്കരൻ കേട്ടില്ല സുമയുടെ കൈയും പിടിച്ചു വലിച്ചു കൊണ്ട് ശങ്കരൻ പുഴക്കടവിലേക്ക് നടന്നു…സുമയെ കരയിൽ നിർത്തി ശങ്കരൻ ആദ്യം തോണിയിൽ കയറിയിരുന്നു പിന്നെ സുമയെ കൈ പിടിച്ചു കയറ്റി ഇരുത്തി..

ശങ്കരൻ തുഴ എടുത്തു തുഴയാൻ തുടങ്ങി.. സുമ ആണെങ്കിൽ ഇഞ്ചി കടിച്ച കുരങ്ങനെ കൂട്ടു അള്ളിപ്പിടിച്ചു ഇരിക്കുവാണ്…തുഴഞ്ഞ് തുഴഞ്ഞ് ആമ്പൽപൂവിന്റെ അടുത്തെത്തി ശങ്കരൻ പൂപറിക്കാൻ ആയി ഒന്നു മുന്നോട്ടാഞ്ഞു. തോണി ഒന്നുലഞ്ഞു. ദേ കിടക്കുന്നു ശങ്കരനും സുമയും വെള്ളത്തിൽ…

ശങ്കരൻ ചാടി പിടിച്ചു തോണിയുടെ മണ്ടയ്ക്ക് കയറിയിരുന്നു… ചുറ്റിനും നോക്കിയിട്ടും സുമയെ കാണുന്നില്ല… കുറച്ചു കഴിഞ്ഞപ്പോൾ ആണ്ടെ സുമ കിടന്ന് മുങ്ങിത്താഴ്ന്ന കൈകാലിട്ടടിക്കുന്നു …

ശങ്കരൻ വീണ്ടും വെള്ളത്തിലേക്ക് ചാടി സുമയുടെ തലമുടി പിടിച്ചു വലിച്ചു കൊണ്ടു വന്നു… ഇതൊക്കെ കണ്ട് കരയ്ക്ക് നിന്ന് നാട്ടുകാരും ചിലർ വെള്ളത്തിൽ ചാടി രണ്ടെണ്ണത്തിനെ യും വലിച്ചു കരയ്ക്കിട്ടു…

സുമ വാടിത്തളർന്ന ബോധംകെട്ടു കിടക്കുവാണ് കുറെ വിളിച്ചിട്ടും എഴുന്നേറ്റില്ല…എല്ലാരും കൂടി സുമയെ എടുത്ത് വഞ്ചിയിൽ കിടത്തി ശങ്കരനെയും കേറ്റി പട്ടണത്തിലുള്ള ആശുപത്രിയിലേക്ക് പോയി അവിടെ ചെന്ന് ഡോക്ടറെ കാണിച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ ശങ്കരനോട് പറഞ്ഞു സുമ വെള്ളത്തിൽ വീണപ്പോൾ പേടിച്ചുപോയ കൊണ്ടും രാവിലെ മുതൽ ഭക്ഷണം കഴിക്കാതെ ഇരുന്നത് കൊണ്ടും ആണ് ബോധം കെട്ടത് ഇന്നൊരു ദിവസം ഇവിടെ കിടത്തി ഗ്ലൂക്കോസ് ഇട്ടു കഴിഞ്ഞാൽ ക്ഷീണം മാറും നാളെ രാവിലെ വീട്ടിൽ പോകാം

കുറച്ചു കഴിഞ്ഞപ്പോൾ ബോധം വന്നു സുമേ റൂമിലേക്ക് മാറ്റി… കൂടെ വന്ന നാട്ടുകാരെല്ലാം തിരിച്ചു പോയി റൂമിൽ ശങ്കരനും സുമയും മാത്രമായി…

എന്നാലും എന്റെ സുമേ നിനക്ക് ഒന്നു പറഞ്ഞു കൂടായിരുന്നോ നീന്തൽ അറിയില്ല എന്ന്..

മിണ്ടരുത് മനുഷ്യ നിങ്ങള് ഞാൻ എത്ര പ്രാവശ്യം പറയാൻ വന്നതാ നിങ്ങളല്ലേ എന്നെക്കൊണ്ട് പറയാൻ സമ്മതിക്കാതെ ഇരുന്നത്…

ഇത് പറയാനാ ഞാൻ നിങ്ങളുടെ പുറകെ വന്നത് പക്ഷേ നിങ്ങൾ എന്നെ പറയാൻ സമ്മതിച്ചില്ലല്ലോ…

ആ ഇനി എന്ന് പറഞ്ഞിട്ട് എന്താ കാര്യം വൈറൽ ആവാൻ നോക്കി ആശുപത്രിയിൽ ആയില്ലേ…

ശങ്കരനും സുമയും ആദ്യരാത്രി ആശുപത്രിയിൽ കൊതുകിന്റെ കടിയും കൊണ്ട് ഒരുകട്ടിലിൽ 2 അറ്റതായി കിടന്നു….

ശുഭം

NB : കഥകളൊക്കെ വായിച്ച് എനിക്കും ഒരു കഥയെഴുതണം എന്ന് ഭയങ്കര ആഗ്രഹം തോന്നി എഴുതിയതാണ്…

എനിക്ക് എഴുത്തിന്റെ abcd അറിയില്ലായിരുന്നു…കഥ എഴുതി പോസ്റ്റ്‌ ചെയ്യേണ്ടത് എങ്ങനെ ആണെന്ന് പറഞ്ഞു തന്ന Manu Prasad ചേട്ടന് ഒരുപാട് നന്ദി…

ഇതിൽ തെറ്റുകളും കുറ്റങ്ങളും ഒക്കെ ഉണ്ടാകും…എന്തെങ്കിലും ഒന്ന് എനിക്കായ് കമന്റ്‌ ബോക്സിൽ കുറിക്കണം…

തല്ലരുത് ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി ഞാൻ നന്നായ്ക്കോളാം…??