പ്രിയമാനസം
Story written by Deepthy Praveen
” എന്തൊക്കെ പറഞ്ഞാലും ഇവളുമായി ഒരുമിച്ചു പോകാന്‍ എനിക്കു കഴിയില്ല.. നിങ്ങള്‍ എന്നെ തൂക്കി കൊന്നോളൂ… എങ്കിലും ഇവളോടൊപ്പം ഞാന്‍ ജീവിക്കില്ല.. ” ആ വലിയ മുറിയില്‍ നിന്നു വരുണ്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഒന്നും മിണ്ടാതെ നില്‍ക്കാനെ കഴിഞ്ഞുള്ളു…
” മിസ്റ്റര്‍ വരുണ്‍.. ഇവിടെ നിങ്ങളെ തൂക്കി കൊല്ലാനുള്ള സ്ഥലമൊന്നും അല്ല…. നിങ്ങളുടെ ഡിവോഴ്സ് കേസിന്റെ ഭാഗമായി കൗണ്‍സിലിംഗ് ചെയ്യുന്ന സ്ഥലമാണ്…ഇത്ര വികാരാധീനനാകേണ്ട കാര്യമൊന്നും ഇല്ല.. നിങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നു പറയുക… ഭാര്യയെ ഉപേക്ഷിക്കുന്ന കാരണം വ്യക്തമാക്കുക… അവര്‍ക്ക് മാറാന്‍ സാധിച്ചാല്‍ ഒരു ബന്ധം നിലനില്‍ക്കുമെല്ലോ.. ഞങ്ങള്‍ അത്രയെ ഉദ്ദേശിക്കുന്നുള്ളു… ” കൗണ്‍സിലിംഗിന് ഇരുന്ന അനുപമ മാം ഈര്‍ഷ്യയോടെ പറഞ്ഞു.. അല്ലെങ്കിലും വരുണ്‍ അത്രയും ഇമോഷണലാകേണ്ട കാര്യമെന്തെന്ന് അറിയാതെ പകച്ചിരിക്കുകയായിരുന്നു മാനസയും….
” മാഡം പ്ലീസ്.. എനിക്കു ഇവരുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ പോലും താല്‍പര്യമില്ല … ദയവായി ഒരു ഒത്തുതീര്‍പ്പും എന്നില്‍ നിന്നും പ്രതീക്ഷിക്കരുത്…
മനസ്സ് കൊണ്ടു അത്രത്തോളം വെറുത്ത ഒരു വ്യക്തിയോടൊപ്പം ഞാന്‍ എങ്ങനെ ജീവിക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്.. ” വരുണിന്റെ രോഷം അടങ്ങുന്നില്ലെന്ന് ആ മുഖത്തേക്ക് ഒളികണ്ണിട്ട് നോക്കിയ മാനസയ്ക്ക് മനസ്സിലായി…
” ഇത്രയും വെറുക്കാന്‍ അവര് എന്ത് തെറ്റ് ചെയ്തു എന്നു പറയു… അതല്ലെ അറിയേണ്ടത്.. ”
.
മാനസയ്ക്കും അതായിരുന്നു അറിയേണ്ടത്… കണ്ടുമുട്ടിയ അന്നു മുതല്‍ സ്നേഹിച്ചിട്ടെയുള്ളു… ആ സ്നേഹത്തിന് വേണ്ടി കാത്തിരുന്നിട്ടെയുള്ളു…വിഷമിപ്പിക്കാതെ ഇരിക്കാന്‍ എന്നും ഉള്ളില്‍ കരഞ്ഞു കൊണ്ട് പുറമേ ചിരിച്ചിട്ടെയുള്ളു ഒടുവില്‍ ഒരുപാട് വേദനിപ്പിച്ചപ്പോഴും സഹിച്ചിട്ടെയുള്ളു..ഒടുവില്‍ ചവിട്ടിയെറിയൂമ്പോഴും ഒരക്ഷരം മറുത്തു പറയാനാകാതെ ഇങ്ങനെ തല താഴ്ത്തി നില്‍ക്കാനേ കഴിയുന്നുള്ളു…
” എനിക്കു അവള്‍ നല്ലയൊരു ഭാര്യയല്ല.. ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയതില്‍ പിന്നെ സ്വസ്ഥത എന്താണെന്ന് അറിഞ്ഞിട്ടില്ല… ഒരു പ്രത്യേക സാഹചര്യത്തില്‍ എനിക്കു അവളെ കല്യാണം കഴിക്കേണ്ടി വന്നതാണ്… പല തവണ ഞാന്‍ ഇതൊക്കെ പറഞ്ഞതാണ്.. അപ്പോഴൊക്കെ എല്ലാം ശരിയാകും എന്നു പറഞ്ഞു എല്ലാവരും സമാധാനിപ്പിച്ചു….ഞാനും അങ്ങനെ കരുതി പുതിയ ജീവിതത്തിന് ശ്രമിച്ചു.. പക്ഷേ ഇവള്‍ ഒന്നിനും സമ്മതിക്കില്ല.. സമാധാനം തരില്ല.. കൂടാതെ സംശയരോഗവും .. എനിക്കു പറ്റില്ല..
ഇങ്ങനെ വരുന്നവരെ നിങ്ങള്‍ എന്തിനാണ് ഒന്നാക്കാന്‍ ശ്രമിക്കുന്നത്…. ഒന്നിച്ചു ജീവിക്കാന്‍ കഴിയാത്തവരാണ് ഒടുവില്‍ കൊലപാതകത്തിലും ആത്മഹത്യയിലും ഒടുങ്ങുന്നത്… ”’
മാനസയുടെ മുഖത്ത് നടുക്കം വ്യക്തമായി ….. അതില്‍ കൂടുതല്‍ ഒന്നും കേള്‍ക്കാന്‍ വയ്യാത്തത് പോലെ ഷോളിന്റെ അറ്റം മുഖത്ത് അമര്‍ത്തി പൊട്ടിക്കരഞ്ഞു …വരുണിന്റെ മുഖം കനത്ത് തന്നെ ഇരുന്നു..
കൂടുതല്‍ ഒന്നും സംസാരിക്കാന്‍ ഇല്ലാത്തത് കൊണ്ട് കൗണ്‍സിലിംഗിന് വന്നവര്‍ എഴുന്നേറ്റു പോയി..
അവിടെ നിന്നും ഇറങ്ങുമ്പോള്‍ ധൃതിയില്‍ തന്നെ ,മറി കടന്നു പോകുന്ന വരുണിലേക്ക് അവളുടെ കണ്ണുകള്‍ തേടി ചെന്നു… അവളെയൊന്നു നോക്കുക പോലും ചെയ്യാതെ വരുണ്‍ ചെന്നു കാറില്‍ കയറി ധൃതിയില്‍ അതോടിച്ചു പുറത്തേക്ക് പോയി.. വരാന്തയില്‍ കാത്തുനിന്ന അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് പോകുമ്പോള്‍ അവരോട് എന്തു പറയും എന്ന ആശങ്ക നോവിനോടൊപ്പം മനസിനെ പൊതിഞ്ഞു…
അവളുടെ മങ്ങിയമുഖം കണ്ടപ്പോള്‍ തന്നെ എല്ലാം മനസ്സിലായത് പോലെ അവര്‍ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് പടിയിറങ്ങി… വീട്ടിലെത്തും വരെ പരസ്പരം ഒന്നും സംസാരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല..
വരുണിന് ഉണ്ടായ മാറ്റം വിശ്വസിക്കാന്‍ കഴിയാതെ ഇരിക്കുകയായിരുന്നു മാനസ…. എല്ലാം കലങ്ങി തെളിഞ്ഞൂ എന്നു കരുതി ആശ്വസിച്ചതാണ്… തങ്ങള്‍ക്ക് ഇടയിലേക്ക് പുതിയ ഒരു ആള് കൂടി വരുന്നത് പറയാന്‍ കാത്തിരുന്നതാണ്… അതോര്‍ത്തപ്പോള്‍ അറിയാതെ വയറില്‍ കൈ വെച്ചു..
” മോളേ.. വരുണിന്റെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ ഇൗ കുഞ്ഞിനെ നമുക്ക് വേണോ… ” അമ്മയുടെ ചുട്ടുപൊള്ളുന്ന സ്വരം ചെവിയരുകില്‍ ഒരിക്കല്‍ കൂടി കേട്ടതു പോലെ ഞെട്ടി തകര്‍ന്നു…
ഇതുവരെ വരുണ്‍ തിരികെ വരുമെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു … അത് ഇന്നത്തോടെ തകര്‍ന്നു… എന്നു കരുതി തന്റെ കുഞ്ഞിനെ കൊല്ലാന്‍ കഴിയുമോ… ഓര്‍മ്മകള്‍ ചിത കൂട്ടി തുടങ്ങിയിരുന്നു …
തങ്ങളുടെ കുഞ്ഞിനെ പറ്റി അറിഞ്ഞാല്‍ വരുണിന് മനംമാറ്റം ഉണ്ടായാലോ…
വാടി തുടങ്ങിയ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളച്ചു തുടങ്ങിയിരുന്നു … ആ പ്രതീക്ഷയോടെ ആയിരുന്നു ഫോണ്‍ എടുത്തു നമ്പര്‍ ഡയല്‍ ചെയ്തത്…. അവിടെ നിന്നും പോന്നിട്ട് രണ്ടാഴ്ചയോളം ആയിരുന്നിട്ടും ഒരു തവണ പോലും വിളിച്ചു നോക്കിയില്ല…. ഇങ്ങോട്ടും വിളിച്ചില്ല… അച്ഛന്‍ ഇടയ്ക്ക് ഒന്നു രണ്ടു തവണ വിളിച്ചപ്പോഴും എനിക്കു നിങ്ങളുടെ മോളെ വേണ്ടെന്നു അറത്തു മുറിച്ചു പറഞ്ഞു കട്ട് ചെയ്തു….
മറുവശത്ത് ഫോണ്‍ ബെല്ലടിച്ചപ്പോള്‍ ആകാംക്ഷയോടെ കാത്തിരുന്നു … എന്നാല്‍ ബെല്ലടിച്ചു നില്‍ക്കുവോളം അത് ആരും എടുത്തില്ല..തുടര്‍ന്നു ഡയല്‍ ചെയ്തപ്പോള്‍ കോള്‍ പോകാതെ ആയപ്പോള്‍ നമ്പര്‍ ബ്ലോക്ക് ആയെന്നു മനസ്സിലായതും കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു …
വരുണേട്ടന് എങ്ങനെ ഇത്ര ക്രൂരമായി പെരുമാറാന്‍ കഴിയുന്നു എന്നോര്‍ത്തപ്പോള്‍ നെഞ്ചു തകരുന്നത് പോലെ തോന്നി…
സ്കൂള്‍ മാഷായ അച്ഛന് ട്രാന്‍സ്ഫര്‍ ആയപ്പോള്‍ ആണ് ആദ്യം ഈ നാട്ടിലേക്ക് വരുന്നത്….. അന്ന് വരുണേട്ടന്‍ എട്ടിലാണ് പഠിക്കുന്നത്… അച്ഛന്റെ വിദ്യാര്‍ത്ഥി ആയിരുന്നു …. അച്ഛന്റെ സ്കൂളിലേക്ക് തന്നേ ചേര്‍ക്കുന്നത് പിന്നെയും രണ്ടൂവര്‍ഷം കഴിഞ്ഞായിരുന്നു.. എട്ടാം ക്ലാസില്‍ എത്തുമ്പോള്‍ വരുണേട്ടന്‍ പത്തിലായിരുന്നു…. അന്നു മുതലെ മനസ്സില്‍ സൂക്ഷിച്ചിരുന്നതാണ്…
വരുണേട്ടന്റെ അച്ഛന് കൂലിപണി ആയിരുന്നു … വരുണേട്ടനെ നന്നായി പഠിക്കണം എന്നതായിരുന്നു അവരുടെ ലക്ഷ്യം… നന്നായി പഠിക്കുന്ന വരുണേട്ടന്‍ അവര്‍ക്ക് പ്രതീക്ഷയും ആയിരുന്നു …. വരുണേട്ടന്‍റെ അച്ഛനും അമ്മയും അനിയനും എന്നും വീട്ടില്‍ വരിക ഞങ്ങളുമായൊക്കെ നല്ല കൂട്ടായെങ്കിലും വരുണേട്ടന്‍ മാത്രം അകന്നു നിന്നു.. വരുണേട്ടന് അച്ഛനോട് മാത്രമായിരുന്നു അടുപ്പം…. പത്താം ക്ലാസ് ഉയര്‍ന്ന മാര്‍ക്കോടെ പാസായി പോയ വരുണേട്ടനെ പിന്നീട് കാണുന്നത് തന്നെ വല്ലപ്പോഴും ആയിരുന്നു … തുടര്‍പഠനങ്ങളും ജോലിയും എല്ലാമായി വലിയ അകല്‍ച്ച വന്നപ്പോഴും ഇടയ്ക്കിടെ കാണാന്‍ കിട്ടുന്ന ചാന്‍സ് എല്ലാം ഉപയോഗിച്ചിരുന്നു എന്നതാണ് സത്യം…വരുണേട്ടന്‍റെ അനിയന്‍ കിച്ചു വഴി വിവരങ്ങള്‍ അറിഞ്ഞു കൊണ്ടിരുന്നു …
വരുണേട്ടന് ജോലി കിട്ടിയതോടെ അവരുടെ സാമ്പത്തിക സ്ഥിതി ഉയര്‍ന്നു…വാശിയോടെ വരുണേട്ടന്‍ എല്ലാം വെട്ടി പിടിക്കുകയായിരുന്നെന്നു പറയാം… അച്ഛന് വേണ്ടി സ്വന്തമായി ഒരു ഷോപ്പും ഇട്ടു കൊടുത്തു…എല്ലാം ദൂരെ നിന്നു നോക്കി കാണുമ്പോഴും താന്‍ ഉള്ളു കൊണ്ട് സന്തോഷിക്കുകയായിരുന്നു….
” എല്ലാവരും കൂടി തലേന്നെ വരണം കേട്ടോ…മാനസ മോളോട് ഞാന്‍ വന്നൂന്ന് പറഞ്ഞേക്കണേ… ”’
കോളേജില്‍ നിന്നും വന്നു വീട്ടിലേക്ക് കയറുമ്പോഴാണ് രാധികയമ്മയുടെ ശബ്ദം കേട്ടത്… വരുണിന്റെ അമ്മയാണ്… വരുണേട്ടന് ജോലി കിട്ടിയതില്‍ പിന്നെ രാധികയമ്മയെ കാണാനില്ല..
” ആഹാ.. മാനസ മോള് എത്തിയോ…. ദേ കാര്യമൊക്കെ അമ്മയോട് പറഞ്ഞിട്ടുണ്ട്… അമ്മ പറയും.. എല്ലാവരും കൂടി അങ്ങ് എത്തിയേക്കണേ… ” എന്നെ ചേര്‍ത്തു നിര്‍ത്തി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ മുഖത്ത് ചിരി നിറഞ്ഞിരുന്നു
”എന്താമ്മെ രാധികയമ്മ വന്നത്…” അവരെ യാത്രയാക്കി വന്ന അമ്മയോട് അത് ചോദിക്കുമ്പോള്‍ ഡൈനിംഗ് ടേബിളിന്റെ കസേരയിലേക്ക് അമര്‍ന്നിരുന്നു… അവിടുത്തെ വിശേഷങ്ങള്‍ അറിയാനുള്ള ആകാംക്ഷ അടക്കി ഇരിക്കുമ്പോഴും എന്തിനായിരിക്കും വന്നത് എന്ന ആശങ്ക ഉണ്ടായിരുന്നു … പ്ലസ് ടൂ കഴിഞ്ഞു തുടര്‍ പഠനത്തിന് പോയ ശേഷം കിച്ചുവിനെ അധികം കിട്ടാറില്ല അതുകൊണ്ട് തന്നെ അവിടുത്തെയോ വരുണേട്ടന്‍റെയോ വിശേഷങ്ങള്‍ അറിയുകയും ഇല്ല…
ഫ്ലാസ്കില്‍ നിന്നും ചായ ഒഴിച്ചെടുത്തു ഊതിയൂതി കുടിക്കാന്‍ തുടങ്ങി…
” വരുണിന്റെ കല്യാണം ഉറപ്പിച്ചു… രാധിക അതിന് വിളിക്കാന്‍ വന്നതാണ് …” ഉപ്പേരി ഒരു പാത്രത്തിലാക്കി നീക്കിവെച്ചു കൊണ്ട് അമ്മ പറഞ്ഞത് കേട്ട് ചായ നെറുകയില്‍ കയറി…
”’ ഈ പെണ്ണ് എന്തോ ഓര്‍ത്തു കൊണ്ടാണ് ചായ കൂടിച്ചത്… ” ഉച്ചിയില്‍ ചെറുതായി അടിച്ചു കൊണ്ട് ,അമ്മ ചോദിക്കുമ്പോഴും കേട്ടത് വിശ്വസിക്കാനാവാതെ അവള്‍ ഇരുന്നു…
ഇങ്ങനെയൊരു വാര്‍ത്ത ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. ചുമയൊന്ന് അടങ്ങിയപ്പോള്‍ ശ്വാസം നീട്ടിയെടുത്തു കണ്ണുകളില്‍ ഉറഞ്ഞു കൂടിയ കണ്ണുനീര്‍ ഷാളുകളില്‍ ഒപ്പിയെടുത്തു.. നിലയ്ക്കാത്ത പ്രവാഹം പോലെ കണ്ണുനീര്‍ വന്നു കൊണ്ടേയിരുന്നു…
”’ എന്തു പറ്റി മോളേ… ശരിയായില്ലേ… ..” പരിഭ്രമത്തോടെ അമ്മ ചോദിക്കുമ്പോഴും മറുപടി പറയാനാകാതെ തേങ്ങി കൊണ്ടിരുന്നു .. ഒരു കണക്കിന് ചായ നെറുകയില്‍ കയറിയത് നന്നായെന്ന് അവള്‍ക്ക് തോന്നി…. അല്ലെങ്കില്‍ എന്തുപറഞ്ഞു അമ്മയുടെ മുന്നില്‍ പിടിച്ചു നില്‍ക്കുമായിരുന്നു…
എത്ര സമയം അങ്ങനെ ഇരുന്നെന്ന് അറിയില്ല..
” ആരാ അമ്മെ പെണ്ണ്.. വരുണേട്ടന്‍ കെട്ടുന്ന.. ? ”
സങ്കടം ഒന്നടങ്ങിയപ്പോള്‍ ചോദിക്കാതെ ഇരിക്കാന്‍ കഴിഞ്ഞില്ല…
” അത് അങ്ങേ കരയിലെ രാഘവന്‍ കോണ്‍ട്രാക്ടറുടെ മകളാണ്…. സാന്ദ്ര ..രണ്ടുപേരും തമ്മില്‍ ഇഷ്ടത്തില്‍ ആയിരുന്നെന്നാണ് പറഞ്ഞത്… ” കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ വേഗം മുറിയിലേക്ക് പോന്നു…
അതുവരെ കണ്ട സ്വപ്നങ്ങളൊക്കൃ കണ്‍മുന്നില്‍ തകരുന്നത് കണ്ട് എന്തു ചെയ്യുമെന്ന് അറിയാതെ പകച്ചു ഇരുന്നു.. സാന്ദ്രയെ കണ്ടിട്ടുണ്ട്.. ഒരേ തരത്തിലാണ് പഠിച്ചിരുന്നതെങ്കിലും വേറേ സ്കൂളുകള്‍ ആയിരുന്നു .. നന്നായി പഠിക്കുന്ന സുന്ദരിയായ പെണ്‍കുട്ടി .. അവളുടെ അച്ഛന് വലിയ കോണ്‍ട്രാക്ടറും ആണ്…..അന്ന് തലവേദന ആണെന്നു കള്ളം പറഞ്ഞു രാത്രി ഭക്ഷണം കഴിക്കാതെയാണ് കിടന്നത്….താന്‍ ഭക്ഷണം കഴിക്കാത്തതിനെ പറ്റി അച്ഛനും അമ്മയും ചര്‍ച്ച ചെയ്യുന്നത് കേട്ടിട്ടും ഇറങ്ങി ചെല്ലാന്‍ കൂട്ടാക്കിയില്ല..
സങ്കടം മുഴുവന്‍ കരഞ്ഞു തീര്‍ത്തു കൊണ്ടേയിരുന്നു….. ആരോടും പറയാതെ ചേര്‍ത്തു വെച്ചിരുന്ന ആ ഇഷ്ടം എത്രത്തോളം പ്രിയപ്പെട്ടത് ആയിരുന്നു എന്ന് തിരിച്ചറിയുകയായിരുന്നു..
തുടര്‍ന്നുള്ള ദിവസങ്ങള്‍ ആ സങ്കടക്കടല്‍ നീന്തി കര കയറുക എന്ന ലക്ഷ്യത്തില്‍ ആയിരുന്നു …തിരിച്ചറിയാതെ ,പറയാതെ പോയ ഒരിഷ്ടത്തിന് വലിയ വിലയൊന്നും ഇല്ലെന്നു സ്വയം പറഞ്ഞു പഠിച്ചു… ഇൗ കൊച്ചിന് ഇതെന്തു പറ്റിയെന്ന അമ്മയുടെ ആത്മഗതത്തെ ആദ്യം നേര്‍ത്ത പുഞ്ചിരി കൊണ്ടും പിന്നീട് ചേര്‍ത്തു പിടിച്ചും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു… ഒരിക്കല്‍ പോലും വരുണേട്ടന്‍ തന്റേ നേരേ നോക്കിയിട്ടില്ലെന്നു മനസ്സിനെ ഒന്നു കൂടി ഉറപ്പിച്ചു…
ആ ദിവസം എത്തിയപ്പോഴേക്കും എല്ലാം അതിജീവിക്കാന്‍ മനസ്സിനെ പാകപെടുത്തിയെടുത്തു… കല്യാണ തലേന്ന് അച്ഛനും അമ്മയും പോകാന്‍ ഇറങ്ങിയപ്പോള്‍ കൂടെ ചെല്ലാന്‍ കുറേയേറേ നിര്‍ബന്ധിച്ചെങ്കിലും കൂടെ പോകാന്‍ കൂട്ടാക്കിയില്ല.. എത്രയൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും വരുണേട്ടനെ നേരിട്ട് കാണുമ്പോള്‍ മനസ് കൈവിട്ടു പോയാലോന്ന ഭയം …
”നീ കൂടെ വരാത്തതിന് രാധിക കുറേ പരിഭവം പറഞ്ഞു.. കിച്ചുവും ശിവേട്ടനും തിരക്കുകയും ചെയ്തു.. നാളെ നിര്‍ബന്ധമായും കൂട്ടി കൊണ്ട് ചെല്ലാനും പറഞ്ഞിട്ടുണ്ട്.. ”
വന്നു കയറിയ പാടെ അമ്മ പറഞ്ഞതിനെ മൈന്‍ഡ് ചെയ്യാതെ അകത്തേക്ക് നടന്നു….
” വരുണും നിന്നെ ചോദിച്ചു.. നീ വരാതെ ഇരുന്നത് എന്താണെന്നും നാളെ വരില്ലെന്നും തിരക്കി…. നാളേ ചെല്ലുമെന്ന് ഞാന്‍ ഉറപ്പ് കൊടുത്തിട്ടുണ്ട് .അതുകൊണ്ട് നാളേ സമയം ആകുമ്പോള്‍ ഉഴപ്പാന്‍ നോക്കല്ലേ കൊച്ചു.. ”
.അമ്മ അതുപറയുമ്പോള്‍ എന്തോ അത്ഭുതം കേട്ടതു പോലെ അമ്മയെ നോക്കി..
തന്നെ വരുണേട്ടന്‍ തിരക്കിയെന്നോ.. കൊള്ളാലോ…..
അടുത്ത ദിവസം ഒഴിവുകഴിവുകള്‍ ഒന്നും പറയാനാകില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് നേരത്തെ തന്നെ ഒരുങ്ങിയിറങ്ങി..
ഒരുപാട് ആളുകളെയും വണ്ടികളെയും കൊണ്ട് ആ ആഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരുന്നു….. മുഹൂര്‍ത്തം ആയപ്പോഴാണ് ആളുകളുടെ ഇടയില്‍ പിറുപിറുക്കല്‍ ഉയര്‍ന്നത്.. കാര്യമറിയാതെ ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി…
” ഈ പയ്യനുമായി ആയിരുന്നില്ലെ സ്നേഹം .. പിന്നെ എവിടെ പോയി.. ” ഞങ്ങളുടെ അടുത്തിരുന്ന സ്ത്രീ മറ്റൊരൊളിനോട് ശബ്ദം താഴ്ത്തി പറയുന്നത് കേട്ടപ്പോഴും കാര്യം മനസ്സിലാക്കാതെ ഞങ്ങള്‍ ഇരുന്നു..
” അതേയ് ഈ ചെക്കനല്ല.. വേറൊരു ചെറുക്കനുമായിട്ടാണത്രേ സ്നേഹം… ആഡിറ്റോറിയത്തില്‍ നിന്നാ പോയത്…… ഇനി എന്ത് ചെയ്യും.. ” .
കാര്യങ്ങള്‍ ഏറെക്കുറേ മനസ്സിലായപ്പോള്‍ ഞാനും അമ്മയും പരസ്പരം നോക്കി…
അപ്പോഴാണ് മണ്ഡപത്തില്‍ ഇരുന്ന വരുണേട്ടന്‍ ദേഷ്യത്തില്‍ പുറത്തേക്ക് പാഞ്ഞത്…. ആ പുറകെ കരഞ്ഞു കൊണ്ട് രാധികയമ്മയും വീട്ടുകാരും പോയി..
വീട്ടിലെത്തിയപ്പോഴും നടന്നതൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞില്ല… വരുണേട്ടന്‍റെ കല്യാണം മുടങ്ങിയതിന് സന്തോഷമാണോ സങ്കടം ആണോ എന്നു പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല….. ഇനിയും പഴയതുപോലെ സ്വപ്നം കാണാനും ഭയപെട്ടു…
ദിവസങ്ങള്‍ ഓടിയകന്നു…
ഒരു ദിവസം കോളേജ് വിട്ടു വരുമ്പോള്‍ മുറ്റത്ത് ഒരു കാറ് കിടക്കുന്നത് കണ്ട് മടിച്ചു മടിച്ചാണ് അകത്ത് കടന്നത്….
” ആഹാ മാനസ മോള് വന്നെല്ലോ.. ” വരുണേട്ടന്‍റെ അച്ഛനും അമ്മയും ആയിരുന്നു …അവര്‍ക്ക് ഒരൂ പുഞ്ചിരി നല്‍കി കൊണ്ട് അമ്മയുടെ പിന്നില്‍ നിലയുറപ്പിച്ചു…
” ഞങ്ങള്‍ മാനസ മോളേ ഒന്നു കാണാനാണ് കാത്തിരുന്നത്….. ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടായിരുന്നു ..അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞപ്പോള്‍ അവര്‍ മോളോട് സംസാരിക്കാന്‍ ആണ് പറഞ്ഞത്……”
അവരുടെ സംസാരത്തിന്റെ ഗതിയറിയാതെ താനും ആകാംക്ഷയോടെ നിന്നു…
രാധികയമ്മ എഴുന്നെറ്റ് അടുത്തു വന്നു അവളുടെ കൈകളില്‍ ചേര്‍ത്തു പിടിച്ചു..
” കാര്യങ്ങളൊക്കെ മോളും അറിഞ്ഞതല്ലേ…. അന്നത്തോടെ എന്റെ മോന്‍ ആകെ തകര്‍ന്നു പോയി.. ആ പെണ്‍കുട്ടി പോയതിനേക്കാള്‍ എല്ലാവരുടെയും മുന്നില്‍ നാണം കെട്ടല്ലോന്ന ചിന്തയിലാണ് അവന്‍… പിറ്റേ ദിവസം തന്നെ ജോലി സ്ഥലത്തേക്ക് പോയെങ്കിലും അവിടെയും എല്ലാവരും അറിഞ്ഞത് കൊണ്ട് ട്രാന്‍സ്ഫറിന് അപേക്ഷ കൊടുത്തു അതുവരെ ലീവെടുത്തു…
ഇനി കല്യാണം ആയിട്ടേ നാട്ടിലേക്ക് വരൂ എന്ന് വാശി പിടിക്കുന്നു.. അമ്മയ്ക്കും അച്ഛനും ഇഷ്ടമുള്ള പെണ്ണിനെ കണ്ടുപിടിച്ചു കല്യാണം ഉറപ്പിച്ച ശേഷം വരാം എന്നാണ് പറയുന്നത്..
മാനസ മോളെ പോലെ ഇഷ്ടം ഉള്ള വേറേ ആരാ ഞങ്ങള്‍ക്ക് ഉള്ളത്… അതുകൊണ്ട് ആണ് ഞങ്ങള്‍ ഇങ്ങോട്ടേക്ക് വന്നത്…
അമ്മയോടും അച്ഛനോടും തിരക്കിയപ്പോള്‍ മോളോട് ചോദിക്കാനാണ് പറഞ്ഞത്…
മോളുടെ അഭിപ്രായം എന്താണ്… ”
പ്രതീക്ഷയോടെ എല്ലാവരുടെയും കണ്ണുകള്‍ എനിക്കു നേരെ നീളുന്നത് കണ്ടു..
ഒരുപാട് ആഗ്രഹിച്ചതാണ് ഇപ്പോള്‍ കൈവെള്ളയില്‍ വരുന്നത്.. സമ്മതം പറയണോ… ചിന്തകള്‍ ചിന്നിച്ചിതറി..
വരുണേട്ടന് ഈ കല്യാണത്തിന് പ്രത്യേകിച്ചു താല്‍പര്യമൊന്നും ഇല്ല.. ആളുടെ നാണക്കേട് മാറാന്‍ കല്യാണം കഴിക്കുന്നു… പക്ഷെ താനോ കണ്ട നാളു മുതല്‍ മനസ്സില്‍ സൂക്ഷിക്കുന്നതാണ്.. എന്തു തീരുമാനം എടുക്കണമെന്ന് അറിയാതെ മനസ് കുഴങ്ങി..
ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….