Story written by Saji Thaiparambu
ദിലീപ് തൻ്റെ വീടിന് മുമ്പിലെത്തിയപ്പോൾ ,ഗ്ളാസ്സ് ഡോറിലൂടെ അകത്തേയ്ക്ക് ഉറ്റ് നോക്കി നില്ക്കുന്ന ഡെലിവറി ബോയിയെയാണ് ആദ്യം കണ്ടത്
തൻ്റെ ഷൂസിൻ്റെ ശബ്ദം കേട്ടിട്ട് പോലും ,ആ പയ്യൻ ഒന്ന് തിരിഞ്ഞ് നോക്കാതെ ഒരേ നില്പ് നില്ക്കുന്നത് കണ്ട്, ദിലീപും അകത്തേയ്ക്ക് നോക്കി.
അകത്ത് നീലിമ കുഞ്ഞിന് മു ലകൊടുത്ത് കൊണ്ടിരിക്കുന്നു.
അത് ശരി, അപ്പോൾ അവൻ അത് കണ്ടാസ്വദിച്ച് നില്ക്കുവായിരുന്നല്ലേ?
എന്താടാ ഇവിടെ നില്ക്കുന്നത് ?
ശബ്ദം കേട്ട്, പെട്ടെന്നവൻ തിരിഞ്ഞ് നിന്നു.
അത് സേട്ടാ.. പാഴ്സല് കൊണ്ട് ബന്നതാ
അവൻ പാതിമലയാളത്തിൽ മറുപടി പറഞ്ഞു.
മ്ഹും… ഇങ്ങോട്ട് തന്നേക്ക്
ദിലീപ് ,അനിഷ്ടത്തോടെ അവൻ്റെ കയ്യിൽ നിന്നും പാഴ്സൽ വാങ്ങിയിട്ട്, ബില്ല് പ്രകാരമുള്ള എമൗണ്ട് കൊടുത്തു.
ഉം ,ഇവിടെ നിന്ന് കറങ്ങാതെ വേഗം പോകാൻ നോക്ക്
സെരി സേട്ടാ ….
അവൻ തല കുമ്പിട്ട് നടന്ന് പോയി.
നിനക്ക് അകത്തെങ്ങാനും പോയിരുന്ന് കൊച്ചിന് പാല് കൊടുത്തുടെ? ഈ മുൻവശത്ത് തന്നെയിരുന്ന് കൊടുക്കണമെന്നുണ്ടോ ?
അയാൾ ഈർഷ്യയോടെ ഭാര്യയോട് ചോദിച്ചു.
ഞാൻ ടിവി ന്യൂസ് കണ്ട് കൊണ്ട് ഇരുന്ന് പോയതാ..
ഉം. നീ ടിവിയിൽ നോക്കിയിരിക്കുമ്പോൾ, കണ്ടവൻമാരൊക്കെ നിന്നെയും നോക്കി വെളിയിൽ നില്ക്കും, ഞാൻ പറഞ്ഞില്ലെന്ന് വേണ്ടാ, ഇന്നാ നീ ഓർഡർ ചെയ്ത പാഴ്സല്
ങ്ഹാ, ഡെലിവറി ബോയ് വന്നായിരുന്നോ ?എങ്കിലവൻ ബെല്ലടിച്ചിട്ടുണ്ടാവും, ടിവിയുടെ വോളിയം കൂടിയിരുന്നത് കൊണ്ട്, ഞാൻ കേട്ട് കാണില്ല
നീലിമ കുറ്റബോധത്തോടെ പറഞ്ഞു.
പിറ്റേന്നും ജോലി കഴിഞ്ഞ് ഫ്ളാറ്റിന് മുന്നിലെത്തിയ ദിലീപ്, അന്നും അകത്തേയ്ക്ക് നോക്കി നില്ക്കുന്ന ആ പയ്യനെ കണ്ടു.
ഇവൻ്റെ അസുഖം ഇന്നത്തോടെ തീർക്കണം
അയാൾ പോർച്ചിൽ കിടന്ന ഒരു കുറുവടിയെടുത്ത് കൊണ്ട്, ശബ്ദമുണ്ടാക്കാതെ നടന്ന് വന്നിട്ട്, അവൻ്റെ പുറത്ത് ആഞ്ഞൊരടി കൊടുത്തു.
അപ്രതീക്ഷിതമായ പ്രഹരമേറ്റവൻ പുളഞ്ഞ് പോയി.
എന്തിനാ.. സേട്ടാ.. എന്നെ തല്ലിയത്?
നീയിത്ര കൊതിയോടെ നോക്കി നില്ക്കാൻ, അകത്ത് എന്തുവാടാ ഇരിക്കുന്നത് ?
അയ്യോ സേട്ടാ.. ഞാൻ ടീവീലെ ന്യൂസ് കണ്ടോണ്ട് നിന്നതാ ,ഡൽഹീല് കർഷക സമരമല്ലേ സേട്ടാ… എൻ്റെ മാതാജിയും പിതാജിയും അവിടുണ്ടെന്ന് പറഞ്ഞു ,ടിവിയിലവരുണ്ടോന്ന് നോക്കീതാണ് സേട്ടാ … ഞാനവരെ കണ്ടിട്ട് ഒരു ബർഷമായി, കോവിഡ് ആയതോണ്ട് എൻ്റെ നാട്ടിലേക്ക് ട്രെയിനില്ലായിരുന്നു, എനിക്കവരെ കാണാൻ കൊതിയാണ് സേട്ടാ,, ഞാൻ ഇന്നലെയും ടീവീല് നോക്കി സേട്ടാ …
ദിലീപ് അകത്തേയ്ക്ക് നോക്കി.
ശരിയാണ്, ടിവിയിൽ ന്യൂസ് ചാനൽ വച്ചിട്ടുണ്ട് ,അതിൽ ഉത്തരേന്ത്യക്കാരായ അനേകായിരം കർഷകരുടെ സമരമുഖമാണ് റിപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്നത് ,നീലിമയെ അവിടെയൊന്നും കണ്ടില്ല
നീയപ്പോൾ ഇന്ന് പാഴ്സൽ കൊണ്ട് വന്നില്ലേ?
കൊണ്ട് ബന്നു, അത് സേച്ചിയുടെ കൈയ്യിൽ കൊടുത്തിട്ട് നിന്നതാണ് സേട്ടാ …
അവൻ വേദനയോടെ പുറം തടവിക്കൊണ്ട് പറഞ്ഞു.
ശ്ശെ വേണ്ടായിരുന്നു, തൻ്റെ എടുത്ത് ചാട്ടം കാരണം പാവം ആ പയ്യൻ…
ഡോ സോറി ,ഞാൻ കാര്യമറിയാതെ തന്നെ ഉപദ്രവിച്ചു, എന്നോട് ക്ഷമിക്ക്, താൻ വല്ലതും കഴിച്ചോ?
ഇല്ല സേട്ടാ … ഇനിയും ഓർഡർ കൊടുത്ത് തീർക്കാനുണ്ട്, നാൻ പോട്ടേ സേട്ടാ..
ദാ താനിത് കയ്യിൽ വച്ചോ
ദിലീപ് പേഴ്സിൽ നിന്ന് അഞ്ഞൂറിൻ്റെ നോട്ടെടുത്ത് അവന് നേരെ നീട്ടി.
ബേണ്ട സേട്ടാ .. എൻ്റെ മാതാജി പറഞ്ഞിട്ടുണ്ട്, പണി സെയ്യാതെ കൂലി വാങ്കരുതെന്ന്,സെരി സേട്ടാ..
അവൻ ഇരുളിലേക്ക് നടന്ന് മറഞ്ഞപ്പോൾ ,ദിലീപ് കുറ്റബോധത്താൽ നീറി .