??മൗനമായ്??
Story written by Indu Rejith
ടാ… കാട്ടുകോഴി… എന്റെ കൂടെ നാടിലോട്ടു കെട്ടിയെടുത്തപ്പഴേ ഞാൻ നിന്നോട് പറഞ്ഞതാ നിന്റെ തിണ്ണ സ്വഭാവം മനയിലുള്ളവരെ കാണിച്ചെന്റെ വില കളയരുതെന്ന്.
കോപപ്പെടാതെ മച്ചാ…
റഫീക്കേ നീ എന്റെ വായിൽ നിന്നും നല്ലത് വല്ലതും കേട്ടോണ്ട് പോകും.
ഞാൻ എന്ത് ചെയ്തൂന്നാ നീ ഈ പറയുന്നേ. ഉമ്മറത്ത് നിന്ന് കയറി പോയ പെണ്ണ് ആരാന്ന് മുറ്റത് നിന്ന കിളവനോട് ചോദിച്ചു… വായിൽ കിടന്ന മുറുക്കാൻ നീട്ടി തുപ്പിയിട്ട് ആ മാങ്ങാമോറൻ അകത്തേക്ക് കയറിപ്പോയി ആ തുപ്പ് എനിക്കുള്ളതായിരുന്നു… സാരമില്ല കിളവന് ഞാൻ പണി കൊടുക്കുന്നുണ്ട്…
ടാ ദ്രോഹി എന്റെ വല്യമ്മാമ്മനാ അത്. അമ്മാമ്മന്റെ മൂത്തമോള് മീരയുടെ വാക്കുറപ്പീരാ അടുത്ത ഞായറാഴ്ച്ച അതൂടെ കഴിഞ്ഞിട്ടേ നമ്മൾ തിരിച്ച് കോയമ്പത്തൂരേക്ക് പോകൂ…
എന്റെ ഗോപികുട്ടാ…എനിക്ക് ഒരു തിരക്കുമില്ല. ഈ മൊഞ്ചത്തിമാരുടെ ഇടയിൽ കിടന്ന് വിരവുന്നത് എനിക്ക് ഇഷ്ട്ടമല്ലെന്നാണോ നീ കരുതിയത്… സങ്കൽപ്പങ്ങൾക്ക് ഒത്തൊരു ഹൂറിയെ കിട്ടിയാൽ ഓളേം കൊണ്ട് കോയിക്കോട്ട് ഇല്ലത്തേക്ക് പറക്കും ഈ റഫീക്ക്നമ്പൂതിരി…
വല്യമ്മാമ്മ കേൾക്കണ്ട നിന്റെ ഈ വർത്താനം…
കേട്ടാൽ എന്താ അയാൾടെ മോളെ കെട്ടിച്ച് തരുമോ… നീ എന്താ ആ കുട്ടിയുടെ പേര് പറഞ്ഞേ…? ഓ മീരാ, വേണ്ടിവന്നാൽ അവളെ ഞാൻ മീരറഫീക്ക് ആക്കും.
ദൈവത്തെ ഓർത്ത് നീ വാ തുരക്കരുത്…
ഞാൻ ശ്രമിക്കാം ഗോപികുട്ടാ…
റഫീക്കേ ഞാൻ മീരയെ ഒന്ന് കണ്ടിട്ട് വരാം. അത്രേടേം വരെ ഞാൻ ചെന്നില്ലാന്ന് ആ കുട്ടി പരാതി പറഞ്ഞൂന്ന് വല്യമ്മാമ്മ കാലത്ത് പറഞ്ഞതാ…
ആണോ… എങ്കിൽ നമുക്ക് ഒരുമിച്ച് പോയിട്ട് വരാം… പിന്നെ ഞാൻ ചെന്നില്ലാന്ന് പരാതി പറഞ്ഞാലോ…
ഒഴിയാബാധ ആയല്ലോ ദേവിയേ…
ദേവി ആരാ..? മീരയുടെ ഇളയതാ…
അല്ല അമ്മായിയാ…
തമാശിക്കാതെ ഗോപികുട്ടാ…
മനയ്ക്കലെ പടികടന്ന് അകത്തേക്ക് കയറിയതും റഫീക്ക് പണി തുടങ്ങി. മീരയെ കണ്ടില്ലല്ലോ… മുത്തശ്ശിയേ…
ഉടുമുണ്ട് ചേർത്ത് പിടിച്ചു അവന്റെ വലതു തൊടയിലെ ഒരു നുള്ള് തൊലി ഞാനിങ്ങ് പറിച്ചെടുത്തു. സഹിക്കുന്നേനു ഒരു പരിധിയില്ലേ…വല്യമ്മാമ്മ കണ്ടൂന്ന് എനിക്ക് ബോധ്യവുമായി.
റഫീക്കിന്റെ ബാപ്പ എന്തു ചെയ്യുന്നു..? വല്യമ്മാമ്മയുടെ ആദ്യ ചോദ്യം റഫീക്കിനോട് തന്നെ ആയിരുന്നു.
ബാപ്പ വലിയവൈദ്യനാ പേരറിയാത്ത നാട്ടീന്നുവരെ ആളുവരും മൂപ്പരെ തേടി…പുള്ളിക്ക് അറിയാത്ത മരുന്നൊന്നും ഈ ദുനിയാവിൽ കാണില്ല.
മോന്റെ സൂകേടിനെപ്പറ്റി ബാപ്പക്ക് അറിയില്ലേ…?
ഗോപികുട്ടാ ഇയാൾ എന്റെ തനിക്കൊണം കാണും.
നീ ഒന്ന് മിണ്ടാതിരിക്ക് എന്റെ റഫീക്കേ… നീ പോയി വീടൊക്കെ ഒന്ന് ചുറ്റി കാണുമ്പോഴേക്ക് ഞാൻ വല്യമ്മാമ്മയുടെ മൂഡോക്കേ ഒന്ന് മാറ്റിയെടുക്കാം. നീ ചെല്ല് റഫീക്കേ…
മൂഡ് മാറ്റാൻ പറ്റിയ ചളുക്ക്…തല്ക്കാലം ഞാൻ തോൽവി സമ്മതിക്കുന്നു.
റഫീക്ക് അകത്തേക്ക് പോയതോടെയാണ് എന്റെ ശ്വാസം നേരെ വീണത്.
ആഹാ… കിളിച്ചുണ്ടൻ മാമ്പഴത്തിലെ മോഹൻലാൽ കണ്ടത് പോലൊരു തത്തുമ്മ അല്ലെ അത്…പെണ്ണിന്റെ നിഴൽ മുന്നിൽ വീണതോടെ റഫീക്ക് കരിമ്പിൻ തോട്ടം ലേലത്തിന് പിടിച്ച മട്ടായിരുന്നു…
കുട്ടിയാണോ മീരാ…?
മറുപടിയൊന്നും വന്നില്ലാ…ഭിത്തിയിൽ പിടിച്ച് പിടിച്ച് ആ രൂപം മുന്നിൽ നിന്ന് അകന്നകന്ന് പോയി.
തന്നോടാ… ഒന്ന് മിണ്ടടോ ഞാൻ ഗോപികുട്ടന്റെ ഫ്രണ്ടാ റഫീക്ക്…
അവൾ സംസാരിക്കില്ലടാ… പിന്നിൽ നിന്നും ഗോപികുട്ടന്റെ ശബ്ദം.
ഞാൻ കരുതി എന്നെ പരിചയം ഇല്ലാത്തത് കൊണ്ടാവും എന്ന്.
കേൾവിയുണ്ട് കേട്ടോ നീ പറയുന്നതൊക്കെ അവൾ കേൾക്കുന്നുണ്ട്…
ആണോ….എങ്കിൽ കേട്ടോ സുന്ദരിയാണുട്ടോ… ഒരു പ്രത്യേക ചന്തം.
നീ ഇങ്ങുവന്നേ. എന്നെ നാറ്റിച്ചേ അടങ്ങു അല്ലെ…
ഒരു വിധം റഫീക്കിനേം കൊണ്ട് പുറത്തിറങ്ങി…
നീ അവളുടെ കാലിലേക്ക് ശ്രദ്ധിച്ചിരുന്നോ… ഒരു കാലിനു നല്ല സ്വാധീനം ഇല്ല. ആരുടെയൊക്കെയോ കാലുപിടിച്ച് ഒപ്പിച്ചെടുത്ത കല്യാണമാ ഇത്. അയാൾക്ക് നല്ല പ്രായം ഉണ്ടെന്ന് പറയുന്നു. രണ്ടാം കേട്ടുമാണത്രേ….
എങ്കിൽ എനിക്ക് കെട്ടിച്ചു താടാ അവളെ. മിണ്ടപ്രാണി ആയതുകൊണ്ട് തല്ലുണ്ടാക്കാൻ വരില്ലല്ലോ… കാല് വയ്യാത്തതുകൊണ്ട് ട്രിപ്പ് പോയി കാശും തീരില്ല…
നിനക്ക് എല്ലാം തമാശയാ…
ഞാൻ തമാശ പറഞ്ഞതാന്ന് നിനക്ക് തോന്നുന്നുണ്ടോ ഗോപികുട്ടാ, എനിക്ക് തന്നേക്ക് അവളെ. എന്റെ ബാപ്പ വിചാരിച്ചാൽ മൂന്നാം നാൾ എന്നെ ഒക്കത്ത് വച്ച് ആ കാലുംകൊണ്ട് അവൾ ഓടും… നീ മനസുവെച്ചാൽ ഇത് നടക്കും ഗോപികുട്ടാ. കാല് നേരെ ആക്കുന്ന കാര്യം തല്ക്കാലം നീ ഇവിടെ അവതരിപ്പിക്കണ്ട, അസുഖം മാറിയാൽ എന്റെ പെണ്ണിനെ ആ കിളവൻ വേറെ ആർക്കേലും കെട്ടിച്ചു കൊടുക്കും.
റഫീക്ക് അവന്റെ ഉമ്മയോട് ഫോണിൽ സംസാരിക്കുന്നത് ഞാനധികം കണ്ടിട്ടില്ല. എന്നാൽ അന്ന് രാത്രി അവൻ പതിവില്ലാതെ ഉമ്മയെ വിളിച്ചു, മരുമകളെ കണ്ടുപിടിച്ചു കൊണ്ടുവന്നോട്ടെ എന്ന് കൂടെ കൂടെ ചോദിച്ചു…മറുതലക്കൽ സമ്മതമെന്ന് അവന്റെ ചിരിയിൽ നിന്നും എനിക്ക് വായിക്കാമായിരുന്നു…
ബാപ്പയോട് ഇനി ഉമ്മ പറഞ്ഞോളും, ബാക്കി പടച്ചോന്റെ കയ്യിൽ…
അപ്പൊ നിനക്ക് ശരിക്കും ഇഷ്ട്ടപെട്ടോ അവളെ…
ടാ ഞാൻ കോഴിയായിട്ടല്ലാ… ഞാൻ ഒരാളെ തപ്പി നടക്കുവായിരുന്നു, തേടി നടന്ന ആള് ദാ ആ മനയിൽ ഉണ്ടെന്ന് ഇന്നെനിക്ക് ഉറപ്പായി അതിനുള്ള കാരണം പിന്നീട് നിനക്ക് മനസ്സിലാവും.
അന്ന് രാത്രിയിൽ റഫീക്ക് തന്ന കത്തുമ്മായി ഞാൻ മീരയുടെ അടുത്ത് ചെന്നു…ആദ്യം വാങ്ങിക്കാൻ മടിച്ചെങ്കിലും എന്റെ നിർബന്ധത്തിനൊടുവിൽ അവൾ അത് തുറന്നു വായിച്ചു…
അവനെ നിനക്ക് ഇഷ്ടമാണെങ്കിൽ കല്യാണം നടത്താൻ ഞാൻ തയ്യാറാണെന്ന് ഞാൻ അവളെ അറിയിച്ചു. അതിന് ഒരു ബുദ്ധിയും ഉപദേശിച്ചു. പെണ്ണ് കുളമാക്കുമോന്ന് എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു…
എന്റേം റഫീക്കിന്റേം പണി ഏറ്റുന്നാ തോന്നുന്നേ. മനയിൽ രാവിലെ ഒച്ചപ്പാടും ബഹളവും തുടങ്ങിയിരുന്നു. മീര രക്തം ശർദ്ദിച്ചു പോലും…
ആ കല്യാണം ശരിയാകില്ലെന്ന് തോനുന്നു, ഗോപികുട്ടാ… നീ പോയി കണിയനെ കൊണ്ടുവാ…കാര്യങ്ങൾ പ്ലാനിങ്ങിന്റെ പരിധിയിൽ ആയതുകൊണ്ട് റഫീക്കിന് ധൈര്യമായി…ആ കല്യാണം നടന്നാൽ മുത്തശ്ശി തട്ടിപോകുമെന്നും മനമുടിയുമെന്നും വെച്ചു കീറി. കണിയാൻ വാസു അഭിനയിച്ചു തകർത്തു കളഞ്ഞു… മാത്രമല്ല ഇസ്ലാമായ ഒരാൾ ഈ കുട്ടിക്ക് പുടവ കൊടുക്കാൻ മനസ്സു കാണിച്ചാൽ അത് മുജ്ജന്മസുകൃതം എന്ന് കരുതിക്കോളാനും വാസു കണിയാൻ പറഞ്ഞതോടെ വല്യമ്മാമ്മയുടെ നോട്ടം എന്റെ മുഖത്തേക്ക് തന്നെ ആയി…ഒന്നും അറിയാത്ത പോലെ ഞാൻ നിന്നു.
അവന് അവളെ കെട്ടിച്ചു കൊടുക്കണമായിരിക്കും…ഗോപികുട്ടാ… നിന്നെക്കാൾ ഓണം കൂടുതൽ ഉണ്ടാവനാ ഞാൻ വേല കയ്യിൽ ഇരിക്കട്ടെ… പറഞ്ഞ കല്യാണം തന്നെ നടക്കും അതെ നടക്കൂ…
എല്ലാം കൈവിട്ടു പോയല്ലോ ദൈവമേ ആ രണ്ടാം കെട്ടുകാരന്റെ കൂടെ പോകാനാ അവൾക്കു യോഗം എന്ന് തോനുന്നു…
ഇല്ലടാ അവളുടെ മനസ്സിൽ ഇപ്പോ ഞാനുണ്ട്, അപ്പൊ അവളില്ലാതെ ഞാൻ ഇവിടുന്നില്ല… ബാപ്പ എന്നെ വിളിച്ചിരുന്നു ബാപ്പയും ഉമ്മയും കൂടി ഇവിടെ വന്ന് സംസാരിക്കും എനിക്ക് വേണ്ടി…
പിറ്റേന്ന് വൈകിട്ട് ഒരു കാർ മനയുടെ മുന്നിൽ വന്ന് നിന്നു, റഫീക്കിന്റെ ഉമ്മയും ബാപ്പയും അതിൽ നിന്നിറങ്ങി. വല്യമ്മാമ്മ അടക്കം എല്ലാവരും ഉമ്മറത്തുണ്ടായിരുന്നു.
റഫീക്കിന്റെ വീട്ടീന്നാ…
കയറിയിരിക്കാൻ വല്യമ്മാമ്മ പറഞ്ഞപ്പോ തന്നെ പാതി ജീവൻ വീണിരുന്നു ഞങ്ങൾക്ക്…റഫീക്കിന്റെ ഉമ്മയെ കണ്ടതും മീര എന്തൊക്കെയോ ആംഗ്യങ്ങൾ കാണിക്കുന്നു അവർ തിരിച്ചും…
ഉമ്മ പറഞ്ഞോളൂ അവൾക് കേൾക്കാം…
എന്റെ ഉമ്മക്ക് സംസാരിക്കാൻ പറ്റില്ല, ഉമ്മയും പറയുന്നതൊക്കെ കേൾക്കും…റഫീക്കിന്റെ മറുപടി എന്നെ ഞെട്ടിച്ചു.
ബാപ്പയുടെ ആശയായിരുന്നു ഉമ്മാക്ക് കൂട്ടിനു ഒരു പെണ്ണ് വേണമെന്ന് ഉമ്മയെ പോലെ ആണെങ്കിൽ അവർ സന്തോഷായിട്ട് വർത്താനം പറയുന്നത് ഞങ്ങൾക്ക് കാണാൻ കഴിയും… അതുകൊണ്ടാണ് മീരയെ സ്വന്തമാക്കാൻ ഞാൻ ശ്രമിച്ചത്…എന്റെ ഉമ്മാക്ക് ഒരു കൂട്ടിനു വേണ്ടി… പിന്നെ കാലിന്റെ കാര്യം അത് ബാപ്പ ചികിൽസിച്ചു ഭേദമാക്കികൊള്ളും…
മതം മറന്ന് അവളെ ഇങ്ങ് തന്നാൽ രാജകുമാരിയായി നോക്കിക്കൊള്ളാം… മീരയുടെ അച്ഛൻ ഒന്നും പറഞ്ഞില്ല…
റഫീക്കിന്റെ അച്ഛൻ എത്രയും ദൂരം വന്നത് നിങ്ങടെ മോന്റെ ഇഷ്ടം കണ്ടിട്ടല്ലേ…നമുക്ക് ആലോചിക്കാം… എന്റെ മകളുടെ കുറവുകൾ നികത്താൻ നിങ്ങൾ തന്നെ തയ്യാറാവുമ്പോൾ വേണ്ടാ എന്ന് പറയാൻ ഞാൻ അത്ര പിടിവാശിക്കാരാനൊന്നുമല്ല. വല്യ താമസം ഇല്ലാതെ അതങ്ങ് നടത്തിയേക്കാം എന്താ പോരേ…
ആയിരം നിലാവ് ഒരുമിച്ചുദിച്ച പോലെയുണ്ടായിരുന്നു അപ്പോൾ മീരയുടെ മുഖത്ത്…ഉമ്മയോട് അവൾ എന്തൊക്കെയോ ചോദിക്കുന്നത് റഫീക്ക് നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു…
പറഞ്ഞത് പോലെ തന്നെ നീ വല്യമ്മാമ്മക്ക് പണികൊടുത്തല്ലേടാ റഫീക്കേ…
എന്റെ ഉമ്മാക്ക് മിണ്ടി പറയാൻ ഒരു പൈങ്കിളിയെ തന്നില്ലേ മൂപ്പർ അതോണ്ട് വെറുതെ വിടുവാ അളിയാ…?
എന്റെ ഫോണിൽ കിടക്കുന്ന പെൺപിള്ളേരുടെ ഫോട്ടോ അധികവും ഉമ്മ അയക്കുന്നതാ…അതും മണി മണി പോലെ സംസാരിക്കുന്ന പെൺ പിള്ളേരുടെ…അതോന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. എനിക്ക് എന്റെ ഉമ്മയെ പോലൊരു പെണ്ണ് മതിയെന്നാ പടച്ചവൻ എന്നോട് പറഞ്ഞത്. അതിന് വേണ്ടി ഞാൻ കാത്തിരുന്നു… ആശാൻ ആളിനെ മുന്നിൽ കൊണ്ട് നിർത്തി അത്രമാത്രം…
അന്നുവരെയില്ലാത്ത തിളക്കം ഞാൻ അവന്റെ കണ്ണുകളിൽ കണ്ടു…എന്റെ മീരയുടെ ജീവിതം ഇവനോടൊപ്പം ചേർത്ത ദൈവങ്ങൾക്കെല്ലാം നന്ദി പറയാനല്ലാതെ മറ്റൊന്നും എനിക്ക് സാധിച്ചിരുന്നില്ല…
ശുഭം ❤️