സീമന്തരേഖ ~ ഭാഗം 07, എഴുത്ത്: രസ്ന (ഇന്ദ്ര)

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പുതച്ച് മൂടി കിടക്കുന്ന സീതയ്ക്കരികിലായി ഇരുന്ന് കൊണ്ട് പുസ്തകം വായിക്കുകയായിരുന്നു അനന്തൻ. ഇടയ്ക്കിടയ്ക്ക് നോട്ടം സീതയിൽ തങ്ങി നിൽക്കും. പനിയുള്ളതിനാൽ മരുന്ന് കൊടുത്ത് ഒരു വിധം ആശ്വസിപ്പിച്ച് ഉറക്കിയതാണ്..

“””മോനെ….!!”””

ശബ്ദമുണ്ടാക്കാതെ മുറിയിലേക്ക് കടന്ന് വന്ന് കൊണ്ട് ജാനകി ചേച്ചി സീതയെ ഒന്ന് നോക്കി.

“”” മുത്തശ്ശി ഉറങ്ങിയോ? മരുന്ന് കുടിച്ചോ?”””

“”” അതൊക്കെ കുടിച്ചു. സീത മോൾക്ക് എങ്ങനുണ്ടിപ്പോൾ?”””

“”” ചെറിയ പനിയുണ്ട്. ഞാനിപ്പോൾ മരുന്ന് കൊടുത്തതാ..”””

“””മ്മംമ്..പാവം കുട്ടി..നിനക്ക് വേണ്ടി കുറേ അച്ഛമ്മയോട് വാദിച്ചതാ…”””

“”” എന്തിന്? ആരാ ഇവളോട് എന്റെ കാര്യമൊക്കെ പറഞ്ഞത്?”””

ദേഷ്യത്താൽ വിറയ്ക്കുകയായിരുന്നു അനന്തൻ.

“”” ഈ വീട്ടിലല്ലേ താമസിക്കുന്നത്? അവൾക്ക് അറിയാതിരിക്കുമോ? പിന്നെ ഭദ്രനും പറഞ്ഞ് കാണും. അന്ന് ഇവിടെ വന്ന് അച്ഛമ്മയുമായി വഴക്കിട്ടാ പോയത്. നിനക്കിപ്പോഴും അവനോട് ദേഷ്യമാണോ?”””

തോളിലായി കൈ വച്ച് കൊണ്ട് ചോദിക്കുന്ന ജാനിയമ്മയുടെ മടിയിലായവൻ നിലത്ത് കിടന്നു.

“”” ദേഷ്യം തോന്നിയിരുന്നു. എന്നെ ഉപേക്ഷിച്ച് പോയതിനല്ല. ഒരു വാക്കു പോലും പറയാതെ കടന്ന് കളഞ്ഞതിന്. ഒന്നുമില്ലെങ്കിലും ആരുമില്ലാതായപ്പോൾ കൂടപിറപ്പിനെ പോലെ താങ്ങായി നിന്നതല്ലേ.. തിരിച്ച് വരുന്നതും കാത്തിരുന്നു. ഒരു വിളിയെങ്കിലും പ്രതീക്ഷിച്ചു. പക്ഷേ വന്നില്ല. എനിക്ക് ഒരിക്കലും വിഷമം തോന്നിയിട്ടില്ല ജാനിയമ്മേ ഇങ്ങനെ ജീവിക്കുന്നതിൽ. എന്റെ മുത്തശ്ശിയുടെ കൂടെ ഇങ്ങനെയെങ്കിലും കഴിയാലോ.. സ്നേഹം പ്രകടിപ്പിച്ചില്ലെങ്കിലും ആ മനസിന്റെ ഒരു കോണിൽ ഞാനുണ്ട്. ആരും തുണയില്ലാത്ത രണ്ട് ജന്മങ്ങളായി പോയി.. ഒരു സത്രം ആണല്ലേ ശരിക്കും ഈ വീട്. അപരിചിതരായ കുറേ മനുഷ്യർ..”””

“”” എന്താ കുഞ്ഞേ ഇങ്ങനെ പറയുന്നത്? ഞാനൊക്കെ നിനക്ക് അന്യരാണോ? മോൻ നോക്കിക്കോ.. ഒരിക്കൽ ആ തള്ളി പറഞ്ഞ കൈകൾ തന്നെ നിന്നെ ചേർത്ത് പിടിക്കും. അത് കാണാനാ ഞാൻ കാത്തിരിക്കുന്നത്. പക്ഷേ ഈ കുട്ടിയുടെ കാര്യമാ കഷ്ടം..”””

മയങ്ങുന്ന സീതയിലേക്ക് നോട്ടം പായിച്ച് കൊണ്ട് ജാനകി ചേച്ചി ഒരു ദീർഘശ്വാസം വലിച്ചു.

“”” വലിയ തറവാട്ടിലെ ഇളയ കുട്ടിയാണ്. മൂന്ന് ചേട്ടന്മാരാ ഇവൾക്ക് മുകളിൽ. പറഞ്ഞിട്ടെന്താ ഒറ്റവർക്ക് പോലും വേണ്ടാതായി..എന്നും ഉപദ്രവമായിരുന്നു പോലും. സഹിക്കെട്ട് നിവൃത്തിയില്ലാതെ ഇങ്ങോട്ട് പറഞ്ഞയച്ചതാ അതിന്റെ അമ്മ. നമ്മുടെ മാധവനില്ലേ മൂപ്പരുടെ പെങ്ങളുടെ മകളാ”””

മെല്ലെ ഞരങ്ങി കൊണ്ടിരിക്കുന്ന സീതയുടെ അരികിലായി ഇരുന്ന് കൊണ്ട് ജാനകിയമ്മ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു.

“”” അല്ലെങ്കിലും ഒന്നും ഇല്ലാതാവുമ്പോഴാണല്ലോ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്ലെന്ന് തോന്നുക. നിങ്ങൾ രണ്ടാളും ശരിക്കും ഒരുപോലെയാ..”””

അവളുടെ നെറ്റിതടത്തിലായി പതിയെ ചുംബിച്ച് കൊണ്ട് ജാനകിയമ്മ താഴേക്കിറങ്ങി.

അനന്തൻ ഗാഢമായ ചിന്തയിലാണ്ടൂ..

“”” അനന്തേട്ടാ…..”””

മുറിയാകമാനം കണ്ണോടിച്ച് കൊണ്ട് കസേരയിൽ ഉറക്കം തൂങ്ങുന്ന അനന്തനെ അവൾ തട്ടി വിളിച്ചു.

“”” താൻ എഴുന്നേറ്റോ…? ഇപ്പോൾ പനി എങ്ങനുണ്ട്?”””

നെറ്റിതടം തൊട്ട് നോക്കി കൊണ്ടവൻ ചൂട് ഉറപ്പ് വരുത്തി.

“”” കുറവുണ്ട്. കുറച്ച് കഞ്ഞി കുടിച്ചാൽ മതിയാവും.. ഞാൻ ജാനകിയമ്മയോട് പറയാം…”””

“”” അനന്തേട്ടന് ബുദ്ധിമുട്ടായല്ലേ…?”””

“”” പിന്നെയില്ലാതെ.. ഉച്ചക്ക് എന്റെ കരണം പുകച്ചു.. ഇനി രാത്രി എന്നെ തല്ലയ്ക്കടിച്ച് കൊല്ലാൻ വന്നതാണോ എന്ന് ഭയന്ന് പോയി..”””

ഒരു കളിയാക്കലോടെ പറയുന്ന അവനെ കണ്ടവൾ കുറ്റബോധത്താൽ തല കുമ്പിട്ടു.

“”” ഏടോ..ഞാനൊരു തമാശ പറഞ്ഞതാ.. താനത് കാര്യാക്കല്ലേ..”””

“”” ഞാൻ മനപ്പൂർവ്വം ചെയ്തതല്ല. പെട്ടെന്ന് കൈയ്യിൽ പിടിച്ചപ്പോൾ പ്രതികരിച്ച് പോയതാ. അച്ഛൻ പഠിപ്പിച്ച ശീലമാ… ആര് ദേഹത്ത് അനുവാദമില്ലാതെ തൊട്ടാലും പ്രതികരിക്കാൻ..”””

“”” അതിനെന്താ.. അത് നല്ല കാര്യമല്ലേ.. പക്ഷേ തല്ലിന്റെ ശക്തി കുറച്ച് കുറയ്ക്കാം.. നല്ല വേദന കവിളിന്”””

“”” ഞാൻ…!! മാപ്പ്… പെട്ടെന്ന് അപ്പോൾ വെപ്രായം കൂടിയപ്പോൾ ചെയ്തതാ..”””

“”” തനിക്കിപ്പോൾ കുഴപ്പമില്ലല്ലോ..? കുടിക്കാൻ വെള്ളം വേണോ? ഇതാ മരുന്ന്..അവിടെ പുരട്ടിക്കോ..”””

ഇടുപ്പിലേക്ക് ചൂണ്ടി കാട്ടി കൊണ്ട് അനന്തൻ പുസ്തകത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

“”” അനന്തേട്ടൻ വായിക്കുമോ?”””

മരുന്ന് പുരട്ടുന്നതിനിടയിലായവൾ ചോദിച്ചു.

“”” കുറച്ചൊക്കെ.. ചേട്ടനായിരുന്നു വായനയുടെ ആള്.. ഞാനധികവും ജനറൽ നോളേജാ പഠിച്ചത്.”””

“”” അനന്തേട്ടൻ ജോലിക്ക് ശ്രമിച്ചിട്ടില്ലെ? അതോ ശാരദാമ്മ അതും വിലക്കിയോ?”””

“”” ഞാൻ കുറേ എക്സാം എഴുതിയിരുന്നു. ബാങ്കിൽ വർക്ക് ചെയ്യാനായിരുന്നു ഇഷ്ടം. അച്ഛന് ബിസിനസ് ആയിരുന്നെങ്കിലും എനിക്കും ചേട്ടനും അതിനോട് താൽപര്യം ഉണ്ടായിരുന്നില്ല. നാട്ടിൽ തന്നെ വല്ല തൊഴിലും ചെയ്ത് ജീവിക്കാനാ ആഗ്രഹിച്ചത്.ചേട്ടനും ചേടത്തിയും പോയതോടെ ആ ആഗ്രഹവും വേണ്ടെന്ന് വച്ചു.”””

ദൂരേക്ക് ദൃഷ്ടി പായിച്ച് കൊണ്ടായിരുന്നു അനന്തൻ സംസാരിച്ചിരുന്നത്. ആദ്യമായാണവൻ മനസ് തുറക്കുന്നത് എന്ന് മനസിലായത് കൊണ്ട് തന്നെ ഒരു കേൾവിക്കാരിയായി മാറാനായിരുന്നവൾ ആഗ്രഹിച്ചത്.

“”” അനന്തേട്ടാ… സങ്കടമാവില്ലെങ്കിൽ ഒന്ന് ചോദിച്ചോട്ടെ…?”””

സംശയപൂർവ്വം നെറ്റി ചുളിച്ച് കൊണ്ട് അനന്തൻ അവളുടെ ചോദ്യത്തിനായി കാതോർത്തു.

“”” അത്… അനന്തേട്ടന് ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ലേ? ഇങ്ങനെ പുറത്തിറങ്ങാതെ… ഒരു തടവ്പുള്ളിയെ കണക്കെ ജീവിക്കുമ്പോൾ?”””

അതിനായവൻ ഒന്ന് പുഞ്ചിരിച്ചു.

“”” തനിക്ക് മടുപ്പ് തോന്നിയിട്ടില്ലേ ഇങ്ങനെ വീട്ടുകാരുടെ ഉപദ്രവത്തിന് മുമ്പിൽ കണ്ണടച്ചപ്പോൾ..? തന്റെ ആഗ്രഹങ്ങൾ നിഷേധിക്കപ്പെട്ടപ്പോൾ…”””

മറു ചോദ്യം ചോദിച്ച് കൊണ്ടവൻ പുസ്തകം അടച്ച് വച്ചു.

“”” അനന്തേട്ടന് എങ്ങനെയറിയാം? ആരാ പറഞ്ഞത്?”””

അത്ഭുതം കൂറുന്ന കണ്ണുകളോടെയവൾ അവനെ ഇമ ചിമ്മാതെ നോക്കി.

“”” തനിക്ക് എന്നെ പറ്റി വിവരം കിട്ടിയത് പോലെ എനിക്കും കിട്ടി എന്ന് പറയാം. അതിന്റെ സമ്മാനമാണോ ആ പാട്?”””

“”” ഹേ… ഇത് അതൊന്നുമല്ല. ഒരുത്തൻ ഒന്ന് ശക്തി പ്രകടിപ്പിച്ചതാ..മർമ്മം നോക്കി ഒന്ന് കൊടുത്തു.. ഞാൻ കളരിപ്പയറ്റ് പഠിച്ചതാ..അച്ഛൻ കളരിയാശാനായിരുന്നു. അത് കൊണ്ട് ഇമ്മാതിരി ഞരമ്പന്മാരെ നേരിടാനുള്ള വിദ്യ മനപ്പാഠമായി..”””

ഒരു കുസ്യതി ചിരിയോടെയവൾ സാരി നേരെയാക്കി കിടക്കയിൽ ഇരുന്നു.

“”” ഇന്ന് രാവിലെ നടന്നതാണോ? എന്നിട്ട് താനെന്താ പറയാഞ്ഞത്? ആരാ ആള്?”””

മുഷ്ടി ചുരുട്ടി കൊണ്ട് കോപിഷ്ടനായി നിൽക്കുവായിരുന്നു അനന്തൻ.

“”” പാൽ കൊടുത്ത് വരുന്ന സമയത്ത് ചെറുതായി വഴി തെറ്റി. മര്യാദക്ക് ഭദ്രട്ടന്റെ കൂടെ വന്നാൽ മതിയായിരുന്നു എന്ന് അപ്പോഴാ ഓർത്തത്. കടയിലേക്കുള്ള വഴി ഭദ്രട്ടനാ കാട്ടി തന്നത്. തിരിച്ച് നടക്കാൻ ശ്രമിക്കുമ്പോഴാ എവിടെ നിന്നോ ഒരു കാമഭ്രാന്തൻ കേറി പിടിച്ചത്. ആദ്യം ഒന്ന് ഭയന്ന് നിലവിളിച്ചെങ്കിലും പിന്നെ ധൈര്യം സംഭരിച്ച് ചെറുത്തു നിന്നു. അതിനിടയിൽ പറ്റിയതാവും.. കാല് കൊണ്ട് അവന്റെ മർമസ്ഥാനം നോക്കി തൊഴിച്ച് കൊണ്ട് എങ്ങനെയോ ആളെ കൂട്ടി. ഭദ്രട്ടനാ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്.. അതിനിടയിൽ അനന്തേട്ടന് വാങ്ങിയ മുറുക്കും കാണാതായി.വീട്ടിൽ കേറിയപ്പോഴാണെങ്കിൽ ഇവിടെ കുത്തിരുന്ന് കരയുന്ന അനന്തേട്ടനെയും പരിക്ക് പറ്റിയ ശാരദാമ്മയെയും കണ്ടപ്പോൾ വെറുതെ നിങ്ങളെ ആധി കേറ്റണ്ട എന്ന് കരുതി. അതാ പറയാതിരുന്നത്. പെട്ടെന്ന് അനന്തേട്ടൻ ചോദിച്ചപ്പോൾ എന്ത് പറയണമെന്നറിയില്ലായിരുന്നു. എന്തോ പറയാൻ ഒരു മടി തോന്നി. അനന്തേട്ടൻ എങ്ങനെ പ്രതികരിക്കും എന്നറിയിലല്ലോ..അതാ അങ്ങനെയൊക്കെ സംസാരിച്ചത്. പക്ഷേ ആ ഭ്രാന്തൻ സ്വപ്നത്തിലും വരുമെന്ന് ഭഗവതിയാണേ ഞാൻ കരുതിയില്ല. ബോധം വന്നപ്പോൾ സ്വപ്നമാണോ ശരിക്കുമുള്ളതാണോ എന്നൊന്നും തിരിഞ്ഞില്ല. ഓടി വന്നത് അനന്തേട്ടന്റെ അടുത്തും. ഞാൻ കാരണം ഉറക്കവും നഷ്ടമായി കാണും ല്ലേ…സോറി..”””

“””നിന്നെ ഞാനെന്താ പറയുക? നല്ല ബുദ്ധിയില്ലായ്മ ഉണ്ട്. പരിചയമില്ലാത്ത സ്ഥലമാണെങ്കിൽ തനിച്ച് പോവാണോ? ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. അതെങ്ങനെയാ കളരിയറിയാം എന്ന അഹങ്കാരമല്ലേ അച്ഛന്റെ പുന്നാര മോൾക്ക്..”””

നിർത്താതെ വീണ്ടും ഓരോ വഴക്കു പറയുന്ന അനന്തനെ മുഖം കോട്ടി കേട്ട് നിന്നു സീത.

“”” ഞങ്ങളുടെ നാട്ടിൽ രാത്രിയായാലും തനിച്ച് ഇറങ്ങാറുള്ളതാ ഞാൻ.. എനിക്കറിയോ ഇവിടെ ഇങ്ങനെ സംഭവിക്കുമെന്ന്…!!”””

“”” നല്ല വീക്ക് വെച്ച് തരും ഞാൻ ഇനി തർക്കുത്തരം പറഞ്ഞാൽ…”””

കൈയോങ്ങി കൊണ്ട് അനന്തൻ സീതയുടെ മുന്നിലായി വന്ന് നിന്നതും അവൾ പേടിയോടെ കണ്ണുകൾ മുറുകിയടച്ചു.

“”” അച്ഛൻ നന്നായി കൊഞ്ചിച്ച് വഷളാക്കിയിട്ടുണ്ട്…”””

സ്വയം പിറുപിറുത്ത് കൊണ്ട് അനന്തൻ വാതിലിനരികിലായി ചാരിനിന്നു.

“”” ഒരു വിധം ആ പറഞ്ഞത് ശരിയാ.. അച്ഛനായിരുന്നു എന്റെ ശക്തി.. ചെറുപ്പം മുതലേ ആ കൈയിൽ തൂങ്ങിയാ വളർന്നത് കൂടെ മൂന്ന് ചേട്ടന്മാരുടെ സംരക്ഷണയും. ചേട്ടന്മാർ കളരി അഭ്യസിക്കുമ്പോൾ വല്ലാത്ത മോഹമായിരുന്നു തനിക്കും പഠിക്കണമെന്ന്. അച്ഛന് ഭയമായിരുന്നു തന്നെ പഠിപ്പിക്കാൻ. അത് കൊണ്ട് ഓരോ കാരണം പറഞ്ഞ് മുടക്കും. അവസാനം ചേട്ടന്മാരുടെ കാല് പിടിച്ച് കുറച്ച് അഭ്യാസമുറകൾ പ്രാപ്തമാക്കി. ഞാൻ ഏട്ടാം ക്ലാസിലായപ്പോഴാ അച്ഛൻ മരിച്ചത്. പിന്നെ വീടിന്റെ ചുമതല മുഴുവനും വല്യേട്ടന് ആയിരുന്നു. ചേട്ടൻ പഠിച്ച് ഒരു പേര് കേട്ട വക്കീലായതോടെ കുടുംബത്തിന്റെ സൽപ്പേരും വളർന്നു. എനിക്ക് കല്യാണം ഉറപ്പിച്ച് വച്ചപ്പോഴാ വല്ലാത്ത ബ്ലീഡിംഗ്… ടെസ്റ്റ് ചെയ്ത് ഡോക്ടർ ഒരു പേരുമിട്ടു.കാൻസർ. അതോടെ കല്യാണ ചിലവ് ചികിത്സാ ചിലവായി മാറി. ഗർഭാശയം നീക്കം ചെയ്യേണ്ടി വന്നതോടെ ഒരു പരീക്ഷണത്തിന് താൽപര്യമില്ലെന്ന് പറഞ്ഞ് ഓരോ കല്യാണാലോചനയും മുടങ്ങി തുടങ്ങി. താൽപര്യമില്ലാതെ അനിയത്തിയെ നിർത്തി ചേട്ടന്മാരെ കെട്ടിച്ചു. ഒടുക്കം ഒരു ബാധ്യതയായി എന്ന് കൂടി എല്ലാരും പറയാതെ പറഞ്ഞപ്പോൾ ഒരു ജോലിക്കായി ഇങ്ങ് പോന്നു. ഇതാണ് ഈ ദുശ്ശകുനം പിടിച്ച പെണ്ണിന്റെ കഥ.. അനന്തേട്ടന്റെ കഥയുമായി ചെറിയ വ്യത്യാസമേ ഉള്ളൂ.. നമ്മൾ രണ്ടാളും ഒരേ തോണിയിലെ യാത്രക്കാരാ…”””

അവ്യക്തമായി ചിരിച്ച് കൊണ്ട് കണ്ണ് തുടച്ച് നീക്കിയവൾ..

“”” ഒരിക്കൽ ഈ മാവും പൂക്കും തളിർക്കും കായ്ക്കും.. കാത്തിരുന്നാൽ മതി ശുഭാപ്തി വിശ്വാസത്തോടെ…”””

നിലത്തേക്ക് മിഴികൾ പായിച്ച് കൊണ്ട് അനന്തൻ പതിയെ മൊഴിഞ്ഞു.

“”” പറഞ്ഞപ്പോലെ നാളെ അമ്പലത്തിൽ പോവേണ്ടതാ. ഇവിടുത്തെ ഉത്സവമല്ലേ.. അനന്തേട്ടൻ വരില്ലെ?”””

വിഷയം മാറ്റാനെന്നപോലെ എഴുന്നേറ്റ് നിന്ന് കൊണ്ട് സീത അനന്തനെ നോക്കി.

“”” ഞാനോ…? ഏയ്യ്.. ഞാൻ അങ്ങനെ ഉത്സവത്തിനൊന്നും പോകാറില്ല.”””

“”” അതെന്താ… ദൈവവിശ്വാസമില്ലേ?”””

“”” അതൊന്നുമല്ല.. ചെറിയൊരു താൽപര്യ കുറവ്…”””

“”” അങ്ങനെ മടി പിടിച്ചാലെങ്ങനെയാ..? നാട്ടിലെ ഒരാഘോഷമല്ലേ ഇത്..എന്ത് രസായിരിക്കും.. നാട്ടുകാരും ബഹളവും ആനയും,കോമരവും ,ചെണ്ടമേളം.. എനിക്കിതെല്ലാം വളരെ ഇഷ്ടമാ.ആളുകൾ പല്ലതും കുത്തി ചോദിക്കുന്നതിനാൽ നാട്ടിലെ പരിപാടികൾക്കൊന്നും വീട്ടുകാർ പോകാൻ സമ്മതിക്കല്ലിലായിരുന്നു. ആ വിടവ് നാളെ നികത്തണം എനിക്ക് “””

“”” താൻ പോയ്ക്കോ.. മക്കളെയും കൂട്ടിക്കോ.. അവരും ഇതൊന്നും അങ്ങനെ കണ്ട് കാണില്ല. ഞാനധികവും കാണില്ല.”””

അവന്റെ മറുപടി കേട്ട് ചെറിയ നിരാശ തോന്നി സീതക്ക്.

“”” എന്നാൽ ശരി.. അനന്തേട്ടൻ ഉറങ്ങിക്കോ.. ഞാൻ ശല്യം ചെയ്യുന്നില്ല”””

അവനെ നോക്കി ചെറുതായി ചിരി വരുത്തി കൊണ്ടവൾ മുറിയിലേക്ക് വലിഞ്ഞു.

വാതിലിൽ പുലർച്ചെ തന്നെ നിർത്താതെയുള്ള തട്ട് കേട്ടാണ് അനന്തൻ ഉറക്കപിച്ചോടെ എഴുന്നേറ്റത്. മുന്നിലായി ഒരു സെറ്റ് സാരിയും ആഭരണങ്ങളും അണിഞ്ഞ് പുഞ്ചിരി തൂകി നിൽക്കുന്ന സീതയെ കണ്ടതും അമ്പരന്ന് കൊണ്ടവൻ രണ്ട് കണ്ണും അമർത്തി തിരുമ്മി.

“”” ഇതുവരെ എഴുന്നേറ്റില്ലേ? വേഗം പോയി കുളിച്ചേ.. നമ്മൾ അമ്പലത്തിൽ പോവാണ്… ഇതാണ് ഷർട്ട്.. ഞാൻ എടുത്തതാണ്.. ഇഷ്ട്ടാവോ എന്നറിയില്ല”””

മുന്നിലേക്ക് ഒരു നീല കളർ ഷർട്ട് നീട്ടി കൊണ്ടവൾ അവനെ ബാത്റൂമിലേക്ക് തള്ളി വിട്ടു.

“””മാലു മോളെ… കണ്ണാ.. എഴുന്നേറ്റേ..ഇന്ന് തമ്പായി(ഭഗവതി) നെ കാണാൻ പോണ്ടേ…”””

മക്കളെ പിടിച്ചെഴുന്നേൽപ്പിച്ച് കൊണ്ട് സീത അവരുടെ വസ്ത്രം അലമാരയിലായി തിരഞ്ഞു.

“”” തമ്പായി…. കാണാ പോബാ..!! കണ്ണേട്ട ബാ…”””

വേഗം കുളിക്കാനായി രണ്ട് പേരും മത്സരത്തോടെ ഓടി.. അങ്ങോട്ടും ഇങ്ങോട്ടും വെള്ളം തട്ടി തെറിപ്പിച്ച് കളിക്കുന്ന മക്കളെ കണ്ടതും സീത വേഗം ഗൗരവത്തിന്റെ മുഖമൂടിയണിഞ്ഞു. അവളുടെ കനപ്പിച്ച നോട്ടം കണ്ടതും മക്കളും പിന്നെ അനുസരണയോടെ നിന്നു.

മാലുവിന് പാവാടയും കുപ്പായവും കണ്ണന് ഒരു കുഞ്ഞി മുണ്ടും ഷർട്ടും ഉടുപ്പിച്ച് കൊടുത്ത് വേഗം താഴേക്കിറങ്ങി.

പുലർച്ച തന്നെ ചെറിയ രീതിയിൽ മക്കൾക്ക് വേണ്ടി സീത ഭക്ഷണം ഉണ്ടാക്കിയിരുന്നു.

ഇടയ്ക്കിടയ്ക്ക് നോട്ടം മുകളിലേക്ക് പാഞ്ഞു കൊണ്ടിരുന്നു. ക്ലോക്കിലെ സമയത്തിലേക്ക് കൂടി നോക്കിയതും പരിഭ്രമത്തോടെ നഖം കടിച്ചു കൊണ്ടിരുന്നവൾ..

“”” ഇനി വരാൻ ഇഷ്ടമുണ്ടാവില്ലേ? ഇന്നലെ തന്നെ താൽപര്യ കുറവ് കാണിച്ചതാ…”””

ആരുടെയോ കാൽപ്പാദത്തിന്റെ ശബ്ദം കേട്ടതും വേഗം മുഖം തിരിച്ച് നോക്കി. കണ്ണുകൾ തിളങ്ങി പോയിരുന്നു.

നീല ഷർട്ടും മടക്കി കുത്തിയ മുണ്ടുമായി മുടി ചീകിയൊതുക്കുന്ന അനന്തേട്ടൻ. കുറച്ച് നേരം വായും പൊളിച്ച് നിന്നു പോയി എന്ന് പറയാം..

“”” ഇത്രയും ഭംഗി ഉണ്ടായിട്ടാണോ കാട്ട് വാസി കോലം കെട്ടിയത്?”””

അവനെ തന്നെ കണ്ണെടുക്കാതെ നോക്കി കൊണ്ട് കുറച്ച് ഒച്ചത്തിൽ ആത്മഗതിച്ച് പോയി സീത.

ബോധം വന്നതും വേഗം ചമ്മൽ കാരണം പുറത്തേക്ക് നടന്നു.

“”” കാട്ടുമാക്കാനും തമ്പായിനെ കാനാൻ ബാ…”””

രണ്ട് കൈയ്യാലും അവളെ വാരിയെടുത്ത് കൊണ്ട് അനന്തൻ മുന്നിൽ അവരെ നോക്കി നിൽക്കുന്ന സീതയെയും കണ്ണനെയും നോക്കി..

“”” മുത്തശ്ശി….!!!”””

“”” കാലിന് വയ്യാത്തത് കൊണ്ട് അമ്പലത്തിൽ പോവാൻ പറ്റില്ല. ജാനകി ചേച്ചി പിന്നെ ശാരദാമ്മയെ നോക്കാൻ ഇവിടെ നിൽക്കുവാ.. ഉത്സവായിട്ട് വീട്ടിൽ നിന്ന് ആരെങ്കിലും പോയിട്ടില്ലെങ്കിൽ മോശല്ലെ.. അതാ മക്കളെയും കൂട്ടി പോകാം എന്ന് കരുതിയത്. പിന്നെ ഇന്നലത്തെ സാഹസം കാരണം തനിച്ചിറങ്ങാനൊരു പേടി. അതാ അനന്തേട്ടനോട് കൂടി വരാൻ പറഞ്ഞത്. പേടിക്കേണ്ട ശാരദാമ്മ ഒന്നും പറയില്ല. ക്ഷീണം കാരണം ഉറങ്ങുവാ.. എഴുന്നേൽക്കുമ്പോഴേക്കും തിരിച്ചെത്തിയാൽ മതി”””

അകത്തേക്ക് എത്തി നോക്കി കൊണ്ടവൾ അനന്തന്റെ കൈയ്യിൽ കോർത്ത് പിടിച്ചു. അന്തം വിട്ട് നിൽക്കുന്ന അവനെ നോക്കി ചിരിച്ച് കൊണ്ട് പുറത്തേക്കിറങ്ങി.

പുലർകാല മഞ്ഞ് ചുറ്റുമുള്ള ചെടികളിൽ തട്ടിനിൽപ്പുണ്ടായിരുന്നു. ചെറുതായി ഇന്നലെ പെയ്ത ചാറ്റൽ മഴ കൂടിയായതും വഴിയാകെ ചളിനിറഞ്ഞ് നിൽക്കുവാണ്.

ക്ഷേത്ര ദർശനത്തിനായി പതിവിലും കൂടുതലാളുകൾ എത്തിയിട്ടുള്ളതിനാൽ വഴിയിൽ നിറച്ചും വണ്ടികളാണ്. സെറ്റ് സാരിയായതിനാൽ ഒരു വിധം ചളി തെറിക്കാതെ സൂക്ഷിച്ചായിരുന്നു സീതയുടെ നടത്തം. ഇടയ്ക്കിടയ്ക്ക് ഊരി പോവുന്ന കണ്ണന്റെ മുണ്ട് മുറുക്കി ഉടുപ്പിക്കുന്ന തിരക്കിലായിരുന്നു അനന്തൻ. മുന്നിലെ ചന്തയിലെ ഓരോ കാഴ്ചയും കൗതുകത്തോടെ നോക്കി കാണുവായിരുന്നു മാലു. മുന്നിലായി വിശറി വിൽക്കുന്ന കച്ചവടക്കാരനിലായിരുന്നു മുഴുവൻ ശ്രദ്ധയും.

ആൽത്തറയിലായി കൂട്ടം കൂടിയിരിക്കുന്ന ആളുകളുടെ ഇടയിലായി അനന്തൻ സ്ഥാനം പിടിച്ചു.

“”” നിങ്ങൾ പോയി പ്രാർത്ഥിച്ച് വാ..ഞാനിവിടെ കാണും”””

അടുത്തുള്ള അപ്പൂപ്പനോട് എന്തോ സംസാരിച്ച് ചിരിക്കുന്ന അനന്തനെ ഒരിക്കൽ കൂടി ഒന്ന് തിരിഞ്ഞ് നോക്കി കൊണ്ട് സീത അമ്പലത്തിനകത്തേക്ക് പ്രവേശിച്ചു.

“”” തമ്പായി..തമ്പായി…”””

“””മോളെ പുണ്യാഹം വാങ്ങിയേ…”””

മാലുവിന്റെ കൈക്കുമ്പിളിലേക്ക് പുണ്യാഹം ഒഴിച്ച് കൊടുത്ത് കൊണ്ട് ഇലച്ചീന്തിൽ നിന്ന് ചന്ദനമെടുത്തവൾ കുറി തൊട്ട് കൊടുത്തു.

“”” കണ്ണൻ എവിടെ?”””

ചുറ്റുപാടും ഭയത്തോടെ നോക്കി കൊണ്ടവൾ ചോദിച്ചു.

“”” ദേ ഇവിടെ….”””

വീനിതേച്ചിയുടെ കൈയ്യിൽ തൂങ്ങി മിഠായിയും നുണഞ്ഞ് വരുന്ന കണ്ണനെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്.

“”” ചേച്ചിയോ? അമ്മയും ഭദ്രട്ടനും വന്നില്ലേ?”””

“””അമ്മയ്ക്ക് ഇവിടം വരെ നടക്കാൻ പറ്റില്ല. അത് കൊണ്ട് നിർബന്ധിച്ചില്ല.പിന്നെ നീ ചോദിച്ച മറ്റേയാളിപ്പോ ആൽ തറയിൽ അനന്തേട്ടന്റെ അടുത്ത് ഇരിപ്പുണ്ട്””

“”” ഭഗവതി… അനന്തേട്ടന്റടുത്തോ..! അമ്പലപ്പറമ്പാണെന്ന് രണ്ടിനും ബോധം കാണില്ല. വല്ല അടിപിടിയും നടക്കും”””

ഓടി പിടിച്ച് മക്കളെയും വലിച്ച് അമ്പലത്തിൽ നിന്നിറങ്ങി കൊണ്ട് സീത ആൽതറയിലേക്ക് നോക്കി.

“”” ദേവി.. രണ്ടാളെയും കാണുന്നിലല്ലോ..”””

വെപ്രാളത്തോടെ ചുറ്റും പരതുന്ന സീതയുടെ ചെവിയിലായി ആരോ പിടിച്ച് തിരിച്ചതും അവൾ വേദന കൊണ്ട് ചൂളിപോയി..

“”” ആരെ വായിനോക്കി നിൽക്കുവാടീ?”””

പിറകിലായി കൈ രണ്ടും മാറിൽ പിണച്ച് കെട്ടികൊണ്ട് നിൽക്കുന്ന ഭദ്രനെയും അവന്റെ തോളിലായി കയ്യിട്ട് കൊണ്ട് നിൽക്കുന്ന അനന്തനെയും കണ്ടതും അവളൊന്ന് നെടുവീർപ്പിട്ടു.

“”” ടെൻഷനടിച്ച് എന്റെ കാറ്റിപ്പോ പോയെനേ…. ഞാൻ കരുതി രണ്ടും കൂടി ഇവിടെ കിടന്ന് തല്ലാണെന്ന്”””

ഒരു കൈ കൊണ്ട് നെഞ്ചിൽ പിടിച്ച് കൊണ്ടവൾ പറയുന്നത് കേട്ട് രണ്ടാളും ഒന്ന് പൊട്ടിചിരിച്ചു.

“”” ഞങ്ങളെ പ്രശ്നം ഒക്കെ ഞങ്ങൾ പറഞ്ഞ് തീർത്തു. അതോർത്ത് നീ വിഷമിക്കണ്ട. ഡാ അനന്താ.. ഒന്ന് തൊഴുതിട്ട് വരാം…”””

മിഠായി നുണച്ചിറക്കുന്ന കണ്ണനെ എടുക്കുന്ന അനന്തനെ നോക്കി ഭദ്രൻ പറഞ്ഞു.

“”” അനന്തേട്ടാ ഓർമയുണ്ടോ…?”””

പിറകിലായി നിൽക്കുന്ന വീനിതയുടെ ചോദ്യം കേട്ടതും അനന്തൻ പുഞ്ചിരി തൂകി.

“”” അമ്മ….”””

“”” അനന്തേട്ടനെ ചോദിക്കാറുണ്ട്. ഇടക്ക് അങ്ങോട്ട് വന്നൂടെ…?”””

“”” കണ്ണാ നിൽക്ക്…..”””

അനന്തന്റെ കൈയിൽ നിന്ന് ഊർന്നിറങ്ങി കൊണ്ട് ഓടുന്ന കണ്ണന് പിറകെ സീത വച്ച് പിടിച്ചു.

“”” അനന്തേട്ടാ മാലു നെ നോക്കിക്കോണേ… ഈ ചെക്കനെ കൊണ്ട് ഞാൻ തോറ്റു”””

ഓടുന്നതിനിടയിൽ വിളിച്ച് കൂവുന്ന സീതയെ കണ്ട് എല്ലാരുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു.

“”” സമയം കുറേയായല്ലോ… സീത എവിടെ?”””

ആൽത്തറയിലിരുന്ന് പഴയ കാര്യങ്ങൾ സംസാരിക്കുമ്പോഴാണ് വീനിത ചോദ്യം ഉന്നയിച്ചത്.

“”” ഒന്ന് നോക്കിയിട്ട് വരാം.. കണ്ണനെ പിടിക്കാൻ പാടാ.. പറഞ്ഞാൽ കേൾക്കില്ലവൻ. ഒന്ന് മോളെ നോക്കണേ…”””

“”” നിൽക്ക്… ഞാനും വരാം…”””

വീനിതയെ മോളെ നോക്കാൻ ഏൽപ്പിച്ച് കൊണ്ട് ഭദ്രനും അനന്തനും സീതയെയും കണ്ണനെയും തിരഞ്ഞിറങ്ങി.

ചിറയിൽ അപ്രതീക്ഷിതമായ ആൾക്കൂട്ടവും മുറവിളിയും കേട്ടാണ് അനന്തൻ ശ്രദ്ധ അങ്ങോട്ട് തിരിച്ചത്.

വെള്ളത്തിൽ മുങ്ങിയും നിവർന്നും കരയുന്ന സീതയുടെ മുഖം അവ്യക്തമായി കണ്ടതും അനന്തൻ ശരവേഗത്തിൽ അവിടെ എത്തിയിരുന്നു.

“”” എന്താ കാര്യം?”””

“”” ഏതോ കുട്ടി വെള്ളത്തിൽ പോയെന്ന്…”””

കൂട്ടം കൂടി നിന്നവരിൽ നിന്ന് ഏതോ സ്ത്രീ പറയുന്നത് കേട്ടതും അനന്തനിലൂടെ ഒരാന്തൽ കടന്ന് പോയി.

“”” കണ്ണൻ….”””

ഒന്നും നോക്കാതെ ചെരുപ്പ് അഴിച്ച് വച്ച് കൊണ്ടവൻ വെള്ളത്തിലേക്ക് ചാടി.

ദൂരെ നിന്ന് ആരോ വെള്ളത്തിൽ നിന്ന് പൊക്കിയെടുത്ത കണ്ണന്റെ അടുത്തേക്ക് പാഞ്ഞടുത്ത് കൊണ്ട് അനന്തൻ അവനെ പൊതിഞ്ഞു പിടിച്ചു.

“”” അനന്തേട്ടാ…കണ്ണൻ….”””

പൊട്ടികരയുന്ന സീതയെ ശ്രദ്ധിക്കാതെയവൻ കണ്ണനെയും കൊണ്ട് ആരോ വിളിച്ച് വരുത്തിയ ഓട്ടോയിലേക്ക് ഓടി കയറി..

കൂടെ കയറാൻ നിന്ന സീതയെ ഭദ്രൻ തടഞ്ഞു.

“”” ഈ കോലത്തിൽ വരണ്ട.. നീ വീനിതയുടെ കൂടെ വീട്ടിലേക്ക് പോയ്ക്കോ.. മോൾ ഉള്ളതല്ലെ”””

വേഗം ഓട്ടോയിലേക്ക് കയറി കൊണ്ട് ഭദ്രൻ വണ്ടി എടുക്കാൻ നിർദ്ദേശം കൊടുത്തു.

അപ്പോഴേക്കും വിനീതയും മാലുവും ഓടി പിടിച്ച് വന്നിരുന്നു…

?????

“”” പറഞ്ഞാൽ കേൾക്കില്ല. പലവട്ടം പറഞ്ഞതാ ഓടരുതെന്ന്..”””

അനന്തൻ ദേഷ്യത്തോടെ കണ്ണനെ ചീത്ത പറയുകയായിരുന്നു. പറഞ്ഞ് പറഞ്ഞ് അവസാനം അവൻ വാവിട്ട് കരഞ്ഞതും ഭദ്രൻ ഇടപെട്ടു.

“””സാരമില്ലടാ.. ഒന്നും പറ്റിയിലല്ലോ.. കൊച്ച് കുട്ടിയല്ലേ.. ഈ പ്രായത്തിൽ ഏത് കുട്ടിയാ പറഞ്ഞാൽ കേൾക്കുക? മുതിർന്നവർ സൂക്ഷിക്കുക.. എന്നാലും നീ ഞങ്ങളെ തീ തീറ്റിച്ചു”””

ഹോസ്പിറ്റൽ കിടക്കയിൽ തളർന്ന് കിടക്കുന്ന കണ്ണന്റെ കവിളിൽ ഒന്ന് തട്ടി കൊണ്ട് ഭദ്രൻ അവനെയും എടുത്ത് പുറത്തേക്ക് നടന്നു. ആശുപത്രിയിലെ ബില്ലടച്ച് കൊണ്ട് അനന്തനും ഓട്ടോയിൽ കയറി..

വഴിയോരത്ത് ഓട്ടോ നിർത്തിച്ച് കൊണ്ട് ഭദ്രൻ ഇറങ്ങി.

“”” ഞാൻ വീട്ടിലേക്കില്ല. ആ തള്ളയെ കണ്ടാൽ എന്റെ നാവ് ചൊറിയും. വെറുതെ എന്തിനാ പുതിയ പൊലാപ്പ്..പിന്നെ കാണാടാം”””

ഒന്ന് ചിരിച്ച് കൊണ്ട് അനന്തനവനെ യാത്രയാക്കി.

ഓട്ടോയിൽ നിന്നിറങ്ങി തളർന്ന് ഉറങ്ങുന്ന കണ്ണനെയും എടുത്ത് അകത്തേക്ക് കയറി.

ആരുടെയും സാന്നിധ്യം കാണാത്തതിനാൽ ഒരു സംശയത്തോടെയവൻ ചുറ്റുപാടും നോക്കി.

“”” ജാനകി ചേച്ചി, സീതേ….”””

അവന്റെ വിളികേട്ടതും മാലു കരഞ്ഞ് കൊണ്ട് ഓടി വന്നു.

“”” കാട്ടുമാക്കാനെ……””””

അവനെ കെട്ടിപിടിച്ച് കൊണ്ട് തേങ്ങുന്ന മാലുവിന്റെ അടുത്തായി മുട്ടുകുത്തി നിന്നു.

“”” അയ്യോ… എന്തിനാ മാലുസ് കരയണേ? കണ്ണന് ഒന്നുമില്ലടാ…”””

അവളുടെ കണ്ണുകൾ തുടച്ച് കൊടുത്ത് കൊണ്ട് അനന്തൻ സീതയെ തിരഞ്ഞു.

“”” കാട്ടുമാക്കാനെ… അച്ഛമ്മ ചേച്ചിയമ്മയെ തല്ലി… ചേച്ചിയമ്മ പോയി…”””

കരഞ്ഞ് കൊണ്ട് മാലു പറഞ്ഞത് കേട്ട് തറഞ്ഞ് നിന്ന് പോയി അനന്തൻ. പിന്നെ എന്തോ ബോധത്തോടെയവൻ വീട് മുഴങ്ങുന്ന രീതിയിൽ അലറി വിളിച്ചു.

“”” സീതേ………!!!!! “”””

തുടരും…

എല്ലാരും വായിച്ച് അഭിപ്രായം അറിയിക്കണേ…