അമ്മു❤
Story written by Indu Rejith
ചില ദിവസങ്ങൾ നമുക്ക് മറക്കാൻ പറ്റില്ലല്ലോ… ഓർമ മരിക്കുവോളം അവയൊക്കെ അങ്ങനെ തന്നെ കിടക്കുമായിരിക്കുമല്ലേ….
ഭിത്തിയിലെ ചില്ലുഫോട്ടോയിൽ നോക്കുമ്പോഴെല്ലാം അവൾക്ക് പതിനെട്ടാണ് പ്രായം… നാലു ആങ്ങളമാരുടെ ഒരേയൊരു പെങ്ങൾ…..പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ളവൾ…. ഇളയ സഹോദരങ്ങൾക്ക് അവൾ അമ്മ ആയിരുന്നെങ്കിൽ എനിക്ക് അവൾ എന്റെ മകൾ ആയിരുന്നു… പ്രണയാഭ്യർത്ഥനയുമായി വന്നവരെയൊക്കെ….എന്നേ മുന്നിൽ നിർത്തി വിരട്ടിയ എന്റെ അനുസരണകുട്ടി…അവളെ കുറിച്ച് പറയുമ്പോഴൊക്കെ ഞാനിങ്ങനെയാണ്….ഒറ്റയടിക്ക് പറഞ്ഞു മുഴുപ്പിക്കുക പ്രയാസമാണ്…
വീട്ടിലെ കഷ്ടപ്പാട് കൊണ്ട് പ്രീഡിഗ്രി കഴിഞ്ഞപ്പോഴേ ഞാൻ ചെറിയ ചെറിയ കൂലി പണിക് പോകാറുണ്ടായിരുന്നു…കഷ്ടപ്പാടിന്റെ നോവൊക്കെ പലഹാരപൊതിയുമായി വരുന്ന എന്നേ കാത്തു നിക്കുന്ന കുട്ടിപട്ടാളത്തിന് മുന്നിൽ തോറ്റുപോകാറാണ് പതിവ്….
അങ്ങനെയിരിക്കെ പരിചയത്തിലുള്ള ഒരു ചേട്ടൻ ഡൽഹിക്ക് വന്നാൽ ജോലി എന്തെങ്കിലും തരപ്പെടുത്തി തരാമെന്നു പറഞ്ഞിരുന്നു…. ഉള്ളതൊക്കെ വിറ്റുപെറക്കി ഞാൻ ട്രെയിൻ കേറി…. പതിനേഴുകഴിഞ്ഞിരുന്നു എന്റെ അമ്മുവിന് അന്ന്….അമ്മുവിനെ നോക്കിക്കോണേ അമ്മേ പോകാൻ നേരവും ഞാൻ പറഞ്ഞിട്ടാണ് ഇറങ്ങിയത്….
കത്തുകളിൽ അധികവും ഞാൻ അന്യോഷിക്കാറുള്ളത് എന്റെ കുഞ്ഞ് പെങ്ങളെ ആയിരുന്നു അതിലും ഇളയവർ ഉണ്ടെങ്കിലും പെങ്ങളോളം ഞാൻ അവന്മാരെ സ്നേഹിച്ചിരുന്നില്ല…അത് എന്താണ് എന്ന് ചോദിക്കരുത് അതിനിന്നും ഉത്തരമില്ല….
ഓർമയുടെ ചാല് കവിളിലേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു….
പറഞ്ഞു മുഴുപ്പിക്കാൻ നീ സമ്മതിക്കില്ലേ അമ്മു….വല്യേട്ടൻ നല്ല അടിതരൂട്ടോ….
അവളുടെ ഓർമകൾക്ക് പോലും കുസൃതി ആണന്നെ അവളെ പോലെ….അഹങ്കാരി പെണ്ണ്…..
നാട്ടിലേക്ക് കത്തെഴുതാൻ സമയം തികയാതെ വന്നപ്പോൾ കമ്പനി പണി പോലും എനിക്ക് ഒരു ബാധ്യതയായി തോന്നിയിരുന്നു… നാട്ടിൽ അമ്മയും അച്ഛനും പുള്ളാരും പട്ടിണിയില്ലാതെ കഴിയുന്നതോർത്തപ്പോൾ കളയാനും കഴിഞ്ഞിരുന്നില്ല…അമ്മുനെ കാണാതെ നിക്കാൻ ആവില്ലെന്ന അവസ്ഥ ആയതോടെ അവൾക്കൂടെ എന്തെങ്കിലും ജോലി തരപ്പെടുത്തി നാട്ടിൽ നിന്ന് വരുത്തിക്കാൻ ഞാൻ തീരുമാനിച്ചു….
അടുത്ത കത്തിലൂടെ അറിയിച്ചപ്പോൾ അവൾക്ക് അത് വലിയ സന്തോഷം ആണെന്നറിഞ്ഞു…. വൈകാതെ നാട്ടിൽ പോയി അമ്മുവിനെ കൂട്ടി കൊണ്ട് പോന്നു…എന്റെ അമ്മയെ പോലെ എന്റെ കുഞ്ഞ് പെങ്ങൾ എനിക്ക് ആഹാരം ഉണ്ടാക്കി എന്നെയും കാത്തു വൈകുന്നേരം വരെ റൂമിൽ ഒറ്റയ്ക്ക് ഇരിക്കുമായിരുന്നു…അവൾക്കുള്ള ജോലി പരിചയക്കാരു വഴി ഞാൻ അന്യോഷിച്ചിരുന്നു…
എനിക്ക് ഡൽഹിയിൽ ഉണ്ടായിരുന്ന ഒരേയൊരു സുഹൃത്ത് ഒരു കണ്ണൂർകാരൻ വിനോദ് ആയിരുന്നു… അവൻ ഇടയ്ക്കൊക്കെ എന്നോടൊപ്പം റൂമിൽ വരാറുണ്ടായിരുന്നു… പെങ്ങൾ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ, കാണാൻ വരുന്നു എന്ന് അവൻ പറഞ്ഞു… ചാടികേറിയുള്ള അവന്റെ മറുപടി എനിക്ക് ഇഷ്ടപ്പെട്ടില്ല…എങ്കിലും ഞാനത് പുറമെ കാണിച്ചില്ല… ഭാഷപോലും നന്നായിട്ട് വശമില്ലാത്ത നാട്ടിൽ ആകെയുള്ളൊരു സഹായി ആണ് അവൻ..
ജോലി തരപ്പെടുത്തിയ ചേട്ടൻ സ്ഥലം മാറി പോയതോടെ ഇവന്റെ കനിവിൽ കൂടിയാണ് ജീവിതം, അതുകൊണ്ട് റൂമിലേക്ക് വരണ്ട എന്ന് പറയാൻ എനിക്ക് സാധിച്ചതുമില്ല…
ആഹാ ഇവളെ കെട്ടിക്കാറായല്ലോ…അമ്മുവിനെ കണ്ടപ്പോഴേ വിനോദ് അടുത്ത കമന്റ് പാസ്സാക്കി…
ചായ കുടിക്കുന്നതിനിടയിൽ പലപ്പോഴും അവന്റെ സംസാരം അമ്മുവിനെ കുറിച്ചായി…. അവളോടും അവൻ എന്തൊക്കെയോ ചോദിക്കുണ്ടായിരുന്നു…ജോലി അവൻ ശരിയാക്കി തരാമെന്നു പറഞ്ഞപ്പോൾ അമ്മുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നിരുന്നു…
നാട്ടിൻ പുറത്തുകാരനായ എനിക്ക് എന്തൊക്കെയോ ഉൾ ഭയം തോന്നിയിരുന്നു…എങ്ങനെയൊക്കെയോ അവനെ അവിടെ നിന്ന് പറഞ്ഞു വിട്ടു…താനല്ലാതെ ആരു വന്നാലും റൂം തുറക്കരുതെന്ന് പറഞ്ഞേൽപ്പിച്ചാണ് ഞാൻ പിന്നീട് ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്….
രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് ഞാൻ പിന്നീട് വിനോദിനെ കണ്ടത് അതും ഒരു പെണ്ണിനൊപ്പം… തിരക്കിയപ്പോൾ ഇഷ്ടത്ത്തിലാണ് കല്യാണം കഴിക്കാൻ ഇരിക്കുകയാണെന്ന് അവൻ പറഞ്ഞു..വല്ലാത്ത ആശ്വാസം എനിക്ക് തോന്നി പക്ഷേ ഉടനെതന്നെ അവന്റെ ചോദ്യം വന്നു..
അമ്മു എവിടെ റൂമിൽഒറ്റയ്ക്ക് ആയിരിക്കും അല്ലേ പാവം…
അവളെ നാട്ടിൻ പുറത്ത്കാരിയാ തോന്നിവാസം കൊണ്ട് വരുന്നവനെ അരിഞ്ഞു വീഴ്ത്തുന്ന നട്ടെല്ലുള്ള പെണ്ണാ അവൾ ഒറ്റയ്ക്ക് ഇരിക്കുന്നതിൽ ആങ്ങളയായ എനിക്ക് ഒട്ടും പേടിയില്ല… അവനൊരു താക്കീത് ആയിക്കോട്ടെ എന്ന് കരുതി ഞാനങ്ങു വെച്ചു കീറി…
അങ്ങനത്തെ മിടുക്കി പെൺപുള്ളാരെയാ എനിക്ക് ഇഷ്ടം… ഇവളൊരു തൊട്ടാവാടി ആണെന്നെ കൂടെ നിന്ന പെണ്ണിനെ ചേർത്തു പിടിച്ചവൻ പറഞ്ഞു…
ഈ കുട്ടി മലയാളി ആണല്ലേ..
അതെ….
പിന്നെ ഇന്ന് വൈകിട്ട് ഞാൻറൂമിലോട്ട് വരും ശമ്പളം വരുന്ന ദിവസം അല്ലേ നമുക്കിന്ന് അമ്മുനെ പുറതൊക്കെ ഒന്ന്ചുറ്റിക്കണം….
അവന്റെ അഭിപ്രായം എനിക്ക് പതിവ് പോലെ ഇഷ്ടപ്പെട്ടില്ല എങ്കിലും… പുറം നാടൊക്കെ കാണാൻ അവൾക്ക് ആഗ്രഹം ഉണ്ടാകുമെന്ന് ഞാൻ ഇത് വരെ ആലോചിച്ചില്ലലോ… കൂട്ടിലിട്ട തത്തയെ പോലെ ഒറ്റയ്ക്ക്…. പാവം അമ്മു എന്തായാലും വൈകിട്ട് പുറത്തൊക്കെ ഒന്ന് കാണിക്കാൻ തന്നെ തീരുമാനിച്ചു….
നേരം വൈകിയതോടെ വിനോദ് വന്ന് കതവിൽ മുട്ടി…പാവാടയും ബ്ലൗസും ഇട്ടിരുന്ന അമ്മുവിനെ അവൻ ഇടയ്ക്കൊക്കെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു… പുറത്തിറങ്ങു ന്നതിന് മുൻപ് എന്നേ ചേർത്തു നിർത്തി അവൾക്കൊരു ഷാൾ ഇട്ടു കൊടുക്കാൻ പറഞ്ഞു അവൻ…
ആങ്ങളയായ എന്നേക്കാൾ ശ്രെദ്ധ ആണല്ലോ ഇവൻ കാണിക്കുന്നത് പ്രായം തികഞ്ഞപെണ്ണിന്റെ ശരീരത്തിൽ നോക്കുന്നത് ശെരിയല്ലെന്ന് പറയണം എന്ന് തോന്നിയതാണ്…
പുറത്ത് പോകാൻ സന്തോഷത്തോടെ നിക്കുന്ന അമ്മുവിനെ വിഷമിപ്പിക്കണ്ട എന്നോർത്തു ഞാൻ ഒന്നും മിണ്ടിയില്ല…തിരക്കുള്ള തെരുവിൽ അവൻ പലപ്പോഴും അവളുടെ കൈയിൽ പിടിച്ച് മുന്നോട്ട് നടന്നു…ഒന്നും രണ്ടും പറഞ്ഞ് ഞാൻ അവളെ എന്നോട് ചേർത്ത് നിർത്താൻ നോക്കി…അമ്മു വാ…
ഹിന്ദിയിൽ പേരെഴുതിയ ഒരു സ്വർണകട ചൂണ്ടികാട്ടിട്ട് അവൻ പറഞ്ഞു… ഇവൻ ഇത് എന്ത് ഭാവിച്ച അവനോടൊപ്പം ഞാനും അവളും കടയിൽ കയറി..തിളങ്ങുന്ന ജിമ്മിക്ക സെറ്റിൽ നിന്ന് ഇഷ്ടമുള്ള ഒന്ന് തിരഞ്ഞെടുക്കാൻ അമ്മു വിനോട് പറഞ്ഞു… അവൾ എന്റെ മുഖത്ത് നോക്കി അന്ധളിച്ചു നിന്നു…
എടുക്ക് അമ്മു ഇന്ന് നിന്റെ ചേട്ടന് ശമ്പളം കിട്ടിയ ദിവസമാ അതിൽ നിന്ന് നിനക്കൊരു കമ്മൽ വാങ്ങിക്കാനുള്ള കാശ് എന്തായാലും മിച്ചം കാണും… അവൻ പുശുക്കനാ അവനായിട്ട് വാങ്ങിക്കില്ല ഞാൻ വാങ്ങിത്തരീക്കാം നീ ഒന്ന് എടുത്തേ വേഗം…ടാ നാട്ടിലെ കടം തീർക്കാൻ തികയില്ലിത്…അമ്മുവിനെ സ്വർണജിമുക്ക ഇട്ടുകാണാൻ മോഹമില്ലാഞ്ഞിട്ടല്ല അതിനുള്ള ചില്ലറ ഇല്ലാഞ്ഞിട്ടാ…
ശെരി… പക്ഷേ ഞാൻ വാങ്ങിച്ചു കൊടുക്കുന്നത് അങ്ങളയായ നിനക്ക് കുറച്ചിലല്ലേ ആദ്യം കണ്ടപ്പോഴേ ഒഴിഞ്ഞു കിടന്ന ഇവളുടെ കാത് ഞാൻ ശ്രെദ്ധിച്ചിരുന്നു…പിന്നേ ഒരു കാര്യം പാതി ഞാൻ തന്നാൽ ബാക്കിയിട്ട് ഒന്ന് വാങ്ങിച്ചു കൊടുക്കാൻ സാറിനു സമ്മതമാണോ…അവന്റെ ചോദ്യത്തിന് മുന്നിൽഞാൻ തോൽവി സമ്മതിച്ചു. ജീവിതത്തിൽ ആദ്യമായി അവൾ കമ്മലിട്ടു….
തിരികെ ഞങ്ങൾ ഒരു റിക്ഷയിലാണ് റൂമിലേക്ക് വന്നത്..അവളുടെ കാതിലെ കമ്മലിന്റെ ഭംഗി അവളെക്കാളേറെ അവൻ ആസ്വദിക്കുന്നതായി എനിക്ക് തോന്നി. കാണുമ്പോഴൊക്കെ അവളുടെ ജിമ്മിക്കയിൽ ഒരു തട്ട് അതൊരു പതിവ് സംഭവമായി മാറി…അമ്മുവിന് അടുത്തൊരു ബുക്ക്സ്റ്റാളിൽ ചെറിയ ഒരു ജോലി അവൻ തരപ്പെടുത്തി കൊടുത്തു… പലപ്പോഴും അവൾക്ക് എന്നേക്കാൾ സ്വാതന്ത്ര്യം അവനോടാണെന്ന് എനിക്ക് തോന്നിയിരുന്നു… പക്ഷേ അവൾ ഒരിക്കലും എന്നേ ചതിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…
ഒരു വൈകുന്നേരത്ത് അവൻ എന്നെയും അമ്മുവിനെയും കൂട്ടി അന്ന് കണ്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോയി… സ്വന്തക്കാരായി ഞങ്ങളെ പരിചയപ്പെടുത്തി അമ്മു തന്റെ പെങ്ങളാണെന്ന് അവന്റെ വായിൽ നിന്ന് കേട്ടതോടെ എനിക്ക് സമാധാനമായി….
പെൺകുട്ടിയുമായി അവൻ ഇഷ്ടത്തിലാണ് വിവാഹം നടത്തിതരണമെന്ന് ആ കുട്ടിയുടെ അച്ഛനമ്മമാരോട് പറഞ്ഞു… കാര്യങ്ങൾ ഒരു വിധം ഉറച്ച മട്ടായതോടെ ഞങ്ങൾ അവിടുന്നിറങ്ങി…
അമ്മു നാത്തൂനേ ഇഷ്ടായോ…വിനോദിന്റെ ചോദ്യത്തിന് ഒരു ചിരിയിൽ മറുപടി ഒതുക്കി അവൾ റൂമിലേക്ക് കയറിപ്പോയി…
നാട്ടിൽ വെച്ച് കല്യാണം നടത്താനാണ് മോഹം… അച്ഛനും അമ്മയും ഇല്ലാത്തവൻ ആയത് കൊണ്ടാണ് നിങ്ങളെ സ്വന്തക്കാരായി പരിചയപ്പെടുത്തിയത്. എല്ലാം ശരിയായാൽ ഗുരുവായൂർ വെച്ച് കെട്ട് നടത്തണം… എന്റെ അമ്മു വേണം എന്റെ പെണ്ണിന്റെ നാത്തൂന്നായി വരേണ്ടത്…
വിനോദിന്റെ വാക്ക് കേട്ടപ്പോൾ എന്നിൽ കുറ്റബോധം അലയടിക്കുന്നുണ്ടായിരുന്നു…ഞാൻ നിന്നേ പലപ്പോഴും തെറ്റിദ്ധരിച്ചു വിനോദേ….നിന്റെ പല വാക്കുകളും ഞാൻ….മറ്റൊരർത്ഥത്തിൽ കണ്ടു… നിനക്ക് അവളോട് എന്തോ ഉണ്ടെന്ന് പോലും ഞാൻ….
ടാ നീ എന്താ ഈ പറയുന്നേ.. അച്ഛനും അമ്മയും ഇല്ലാതെ വളർന്നവന്റെ നാക്കിന്റെ തെമ്മാടിത്തം ആണത്… അല്ലാതെ അമ്മുവിനെ ഞാൻ…വിനോദിന്റെ വാക്കുകൾ ഇടറു ന്നുണ്ടായിരുന്നു…
നീ വാ ഇതൊന്ന് അമ്മുവിനോട് പറയാം ചിരിച്ച് ചാകും അവൾ….അകത്തു കയറി പലതവണ വാതിലിൽ മുട്ടിയെങ്കിലും അവൾ കതക് തുറന്നില്ല ഒടുവിൽ ചവിട്ടി പൊളിച്ചു… ഫാനിൽ തൂങ്ങി നിക്കുന്ന എന്റെ അമ്മുവിനെ എനിക്കിന്നും മറക്കാനാവില്ല…പൊന്നു മോളേ എന്ന് നിലവിളിച്ചുകൊണ്ട് വിനോദ് തന്നെയാണ് അവളെ അഴിച്ചിട്ടത്…നേർത്ത ശ്വാസം അവളിൽ ഉണ്ടായിരുന്നു… ആശുപത്രിയിൽ പോകും വഴി അവൾ അവന്റെ കൈ നെഞ്ചിൽ ചേർത്ത് പിടിക്കുക്കുന്നുണ്ടായിരുന്നു….
എണ്ണമില്ലാത്ത പ്രാർത്ഥകൾക്ക് ഒടുവിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ് അവളുടെ ഉടൽ ഞങ്ങളുടെ മുന്നിൽ എത്തി….
ജിമ്മിക്ക തട്ടി ഭംഗി നോക്കടാ വിനോദേ….നിലവിളിച്ചു കൊണ്ടാണ് ഞാൻ അവനോട് അത് പറഞ്ഞത്… അവളുടെ ഒരു കാത് ഒഴിഞ്ഞു കിടക്കുകയായിരുന്നു അപ്പോൾ…എന്തിനാ മോളേ നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ന് പലവെട്ടം ഞാനും അവനും ചോദിച്ചു…വാ തോരാതെ സംസാരിക്കുന്നവൾ അന്നൊന്നും മിണ്ടിയില്ല.
ഒരു ആംബുലൻസിൽ ബോഡി നാട്ടിലേക്ക് കൊണ്ട് പോകാൻ ഞങ്ങൾ തീരുമാനിച്ചു… റൂം പൂട്ടുന്നതിനിടയിൽ അവളുടെ ഒരു കൂട്ടം ജിമ്മിക്ക ടേബിളിൽ ഇരിക്കുന്നത് കണ്ടു അടിയിൽ ഒരു കടലാസ്സും…അത് തുറന്നു വായിച്ചത് വിനോദായിരുന്നു…
എനിക്ക് ആ കുട്ട്യേ ഇഷ്ടായി എന്നേ പോലെയല്ല സുന്ദരിയാണുട്ടോ..വിനോദ് ഏട്ടന് ചേരും.. പിന്നെ ഈ കമ്മൽ കാതിൽ വീണപ്പോൾ തൊട്ട് ആഗ്രഹിച്ചതാണ് ആ കൈ കൊണ്ടൊരു മിന്ന്… അതിനെനിക്ക് അർഹതയില്ല… ആദ്യം എന്നോട് ഇഷ്ടം പറയുമെന്ന് കരുതി ഞാൻ ഒളിപ്പിച്ച എന്റെ ഇഷ്ടം ഈ കുരുക്കിൽ അവസാനിക്കണം… പിന്നെ ഒരു മോഹം എന്റെ കാതിലിട്ട ഈ പൊന്നുരുക്കി വേണം ആ കുട്ടിക്ക് മിന്ന് പണിയാൻ അതിലെന്റെ സ്നേഹവും പ്രാർത്ഥനയും ഉണ്ടാവും. ഒരു ജിമ്മിക്ക എനിക്ക് വേണം അത് ഞാൻ കൊണ്ട് പോകുന്നു ഈ ഭൂമിയിൽ നിന്ന് അത് മാത്രമേ ഞാൻ കൊണ്ട് പോകുന്നുള്ളൂ…
കത്ത് വായിച്ചു തീർന്നതും ഞാൻ അവന്റെ കഴുത്തിനു പിടിച്ചു…പക്ഷേ അവനിൽ നിന്ന് ഒരു പ്രതികരണവും വന്നില്ല… നിറഞ്ഞ കണ്ണുകൾ ഒന്ന് തുളുമ്പി അത്രമാത്രം…
ആയിരം തവണ ഞാൻ അവനെ വിളിച്ചെങ്കിലും എന്റെ ശബ്ദം അവൻ കേട്ടിരുന്നില്ല… സ്വബോധത്തിൽ നിന്ന് അവന്റെ മനസ്സ് പറന്നകന്നിരുന്നു…
ഒരു വശത്ത് തണുത്ത് വിറങ്ങലിച്ച അമ്മുവിന്റെ ശരീരം മറുവശറത്ത് താളം തെറ്റിയ മനസ്സുമായി വിനോദ്…
എങ്ങനെയൊക്കെയോ ഞാൻ നാട്ടിലെത്തി അമ്മുവിന്റെ സംസ്കാരം നടത്തി… കൊല്ലാൻ കൊണ്ട് പോയതാരുന്നോടാ… അമ്മയുടെ അലർച്ച ഇന്നും കാതിൽ മുഴങ്ങുന്നു… ഓർമയിൽ നിന്ന് ഞെട്ടി ഉണർന്നത് അലാറം കേട്ടായിരുന്നു…
അടുക്കളയിൽ നിന്ന് ഒരു പാത്രം കഞ്ഞിയെടുത്ത് ഞാനാ ഇരുട്ടു മുറിക്കുള്ളിൽ കയറി.. എന്റെ വിനോദ് ഇന്നും ഇവിടെ ഉണ്ട് എന്റെ അമ്മുവിന്റെ മുറിയിൽ അവളുടെ ഭർത്താവായി… ചങ്ങല കിലുക്കം ശ്രെദ്ധിച്ച് അകത്തേക്ക് നടന്നു…മുറിയിൽ വെട്ടമിടുന്നത് ആളിന് ഇഷ്ടമല്ല… ഫാൻ കാണുന്നത് പേടിയാണ് അമ്മു തൂങ്ങി കിടക്കുന്നു എന്ന് പറഞ്ഞു നിലവിളിക്കും… എന്റെ ശബ്ദം ഇന്നും അവൻ ഓർമ വെച്ചിട്ടുണ്ടാവണം… ഞാൻ അല്ലാതെ ആര് മുറിയിൽ കയറിയാലും അവൻ ഉപദ്രവിക്കാറാണ് പതിവ്…
അവളുടെ ഓർമയ്ക്ക് അവനെയെങ്കിലും ദൈവം എനിക്ക് തന്നല്ലോ… മരണം വരെ അവനെ സംരക്ഷിച്ചു കൊണ്ടല്ലാതെ ഞാൻ നിന്നേ എങ്ങനെയാണു മോളേ സന്തോഷിപ്പിക്കേണ്ടത്….
ശുഭം