ആ അമ്മയുടെയും മകന്റെയും സ്നേഹത്തിനും പരിചരണത്തിനും മുൻപിൽ അവൾ വിഷമങ്ങൾ എല്ലാം മറക്കാൻ തുടങ്ങിയിരുന്നു…

Story written by Gayathri Govind

“ഇറങ്ങെടി പുറത്ത്.. ഈ ദാരിദ്രവാസിയെയും കൂട്ടി ഇവിടെ വരാനുള്ള ധൈര്യം നിനക്ക് എവിടുന്ന് ഉണ്ടായി.. ഓഹ് ഇവനായിരിക്കും പറഞ്ഞത്.. ഇവിടെ വന്നു ഒന്നു കരഞ്ഞു കാണിച്ചാൽ ഞാൻ നിങ്ങളെ ഇവിടെ കയറ്റിയങ്ങു പൊറുപ്പിക്കുമെന്ന്…എനിക്ക് ഇനിയും ഒരു മകൾ മാത്രമേയുള്ളൂ.. ഈ നിൽക്കുന്ന മീര.. ” വിശ്വനാഥ മേനോൻ ഭാര്യയെയും ഇളയ മകളെയും കൂട്ടി അകത്തേക്ക് കയറി കതക് കൊട്ടിയടച്ചു…

ഉമ്മറത്തു കരഞ്ഞുകൊണ്ടു നിന്ന വേണിയുടെ കയ്യിൽ വന്നു ആകാശ് മുറുകെ പിടിച്ചു…

“വാ ഇറങ്ങാം.. ” അവൾ ആകാശിനെ ദയനീയമായി ഒന്നു നോക്കി.. അവൻ കണ്ണുകൾ കൊണ്ടു അവളെ സമാധാനിപ്പിച്ചു.. അവന്റെ ബൈക്കിനു പിന്നിൽ ഇരിക്കുമ്പോഴും അവൾ നിശബ്ദയായിരുന്നു.. അവനും അവളോട് ഒന്നും ചോദിച്ചില്ല. രണ്ടാളും കൂടി ഷീറ്റിട്ട അവന്റെ ചെറിയ വീട്ടിലേക്ക് വന്നിറങ്ങി.. പുറത്തു തന്നെയുണ്ടായിരുന്നു അവന്റെ അമ്മ ഇന്ദിര.. വേണി അവരോട് ഒന്നും പറയാതെ കണ്ണും തുടച്ചു അകത്തേക്ക് പോയി.. അവളുടെ മുഖത്ത് നിന്നു തന്നെ അവർക്ക് വായിക്കാൻ കഴിയുമായിരുന്നു അവളുടെ അച്ഛന്റെയും അമ്മയുടെയും പ്രതികരണം..

“അമ്മേ.. ഞാൻ പോവാണേ.. അവളോട് ഒന്നും ചോദിച്ചു വിഷമിപ്പിക്കേണ്ട.. ഈ ആഴ്ച്ച വണ്ടി ഓടിയതേയില്ല..” ആകാശ് തന്റെ കാക്കി ഷർട്ട്‌ ഇട്ടു മുറ്റത്തു കിടക്കുന്ന ഓട്ടോയെ ലക്ഷ്യം വച്ചു നടന്നു..

“ഓട്ടം കിട്ടിയില്ലെന്നു കരുതി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വരാതെയിരിക്കരുത്..”

“ആഹ്.. അമ്മേ…” അവന്റെ ഓട്ടോ കടന്നു പോകുന്നതും നോക്കി ആ അമ്മ അവിടെ നിന്നു…

??????

വേണിയും ആകാശും സ്കൂൾകാലഘട്ടം മുതൽ ഒരുമിച്ചു പഠിച്ചതാണ്.. രണ്ടുപേരും നല്ല സുഹൃത്തുക്കൾ ആയിരുന്നു.. കോളേജിൽ എത്തിയപ്പോഴേക്കും സൗഹൃദം വളർന്നു പ്രണയത്തിൽ എത്തി.. പ്രണയിക്കുമ്പോൾ സാമ്പത്തികവും ജാതിയവുമായ അന്തരം ഒന്നും ആർക്കും ഉണ്ടാവാറില്ലല്ലോ.. പഠനം കഴിഞ്ഞു ജോലി അന്വേഷിക്കുമ്പോഴാണ് ആകാശിന് തന്റെ അച്ഛനെ നഷ്ടമാവുന്നത്.. അറ്റാക്ക് ആയിരുന്നു.. അമ്മയും താനും പട്ടിണി ആവരുത് എന്നോർത്തു അവൻ അച്ഛന്റെ ഓട്ടോ ഓടിക്കാൻ തുടങ്ങി.. പിന്നീട് അതു ഒരു തൊഴിലായി തന്നെയെടുത്തു..വേണിയുടെ നിർബന്ധപ്രകാരം psc പഠനവും തുടർന്നു..

അപ്പോഴാണ് വേണിയുടെ വീട്ടിൽ അവൾക്ക് കല്യാണ ആലോചനകൾ വരാൻ തുടങ്ങിയത്.. ഒരു കല്യാണം ഏതാണ്ട് ഉറപ്പിക്കുമെന്നായപ്പോൾ വേണി ആകാശിനെ വിളിച്ചു വിവരങ്ങൾ ധരിപ്പിച്ചു.. അവൻ അടുത്ത ദിവസം തന്നെ തന്റെ അമ്മയെ കൂട്ടി വേണിയുടെ വീട്ടിൽ വന്നു.. തന്റെ ഇപ്പോഴത്തെ സാഹചര്യവും നല്ലൊരു ജോലി കിട്ടുമെന്ന പ്രതീക്ഷയും എല്ലാം പങ്കുവെച്ച് അവൻ വേണിയെ അവളുടെ അച്ഛനോട് പെണ്ണു ചോദിച്ചു..

എല്ലാം കെട്ടിരുന്നതിന് ശേഷം.. വേണിയുടെ അച്ഛൻ തനിക്ക് നേരെയിരുന്ന ചായ ആകാശിന്റെ ഷർട്ടിലേക്ക് ഒഴിച്ചു.. ആകാശിനെയും അമ്മയെയും അസഭ്യം പറയുകയും ജാതിയമായി അധിഷേപിക്കുകയും ചെയ്തു.. ആ അമ്മ നിറകണ്ണുകലുമായി മകനെയും കൊണ്ടു അവിടുന്ന് ഇറങ്ങി..

അച്ഛനെ ഭയന്ന വേണി അയാളോട് ഒന്നും ചോദിക്കാൻ പോയില്ല പക്ഷേ അടുത്ത ദിവസം തന്നെ അവൾ വീട് വിട്ടിറങ്ങി.. ആകാശിനരികിലേക്ക്.. വിശ്വനാഥമേനോൻ അവളെ അന്വേഷിച്ചു ചെന്നില്ല.. ആകാശ് വേണിയുടെ കഴുത്തിൽ താലി ചാർത്തി.. എന്നും കരഞ്ഞു കൊണ്ടിരിക്കുന്ന അവളെ കണ്ടു ഇന്ദിരാമ്മയാണ് അവരോട് ചെയ്തത് എല്ലാം മറന്ന് ആകാശിനോട് അവളെയും കൂട്ടി അച്ഛനും അമ്മയ്ക്കും അരികിൽ പോകാൻ പറഞ്ഞത്.. പോകുന്ന വഴിയിൽ അവന്റെ കയ്യിൽ ഉണ്ടായിരുന്ന രൂപക്ക് പലഹാരങ്ങളും വാങ്ങി.. എല്ലാം വലിച്ചെറിഞ്ഞു അയാൾ അവരെ ഇറക്കി വിട്ടു…

??????

കാലങ്ങൾ കടന്നുപോയി….

ആ അമ്മയുടെയും മകന്റെയും സ്നേഹത്തിനും പരിചരണത്തിനും മുൻപിൽ അവൾ വിഷമങ്ങൾ എല്ലാം മറക്കാൻ തുടങ്ങിയിരുന്നു. അച്ഛനെയും അമ്മയെയും ഓർക്കുമെങ്കിലും അവരുടെ അടുത്ത് പോകാൻ വാശി പിടിക്കില്ലായിരുന്നു.. ഇതിനു ഇടയിൽ വേണിയുടെ കൂട്ടുകാരി പറഞ്ഞു അവൾ മീരയുടെ വിവാഹം കഴിഞ്ഞത് അറിഞ്ഞു.. തനിക്കു വിവാഹം ആലോചിച്ച പയ്യനാണ് അവളെ വിവാഹം കഴിച്ചതെന്നും അറിഞ്ഞു.. തന്റെ അനിയത്തി പോലും തന്നോട് ഒരു വാക്ക് പറയാതിരുന്നത് അവൾക്ക് സങ്കടം ആയി..

കുറച്ചു നാളുകൾക്കുള്ളിൽ വേണിക്ക് ഗവണ്മെന്റ് സർവിസിൽ ജോലി കിട്ടി.. അവരുടെ കഷ്ടപ്പാടുകൾക്ക് ഒരു അറുതി വരുത്തി ആ ജോലി.. പിന്നീട് അവരുടെ സന്തോഷങ്ങളുടെ നാളുകൾ ആയിരുന്നു.. ആകാശിനും ജോലി കിട്ടി.. പിന്നാലെ അവരെ തേടി പുതിയൊരു അതിഥി ആ കുടുംബത്തിലേക്ക് വന്നു.. വേണിയുടെ വയറ്റിൽ ഒരു കുഞ്ഞുവാവ ഉടലെടുത്തു..

ആരൊക്കെയോ പറഞ്ഞു വിശ്വനാഥ മേനോനും ഭാര്യയും വിവരങ്ങൾ അറിഞ്ഞുവെങ്കിലും അയാളുടെ ഉള്ളിലെ ദേഷ്യത്തിന് ഒരു കുറവും ഉണ്ടായില്ല. ഒൻപത് മാസങ്ങൾക്കു ശേഷം ഒരു കുഞ്ഞുമോൻ വേണിയുടെയും ആകാശിന്റെയും ഇടയിലേക്ക് കടന്നു വന്നു.. തന്റെ അച്ഛന് ആൺകുട്ടികളെ വലിയ ഇഷ്ടമാണെന്ന് അറിഞ്ഞു അവൾ ആരും അറിയാതെ അയാളെ വിളിച്ചു…

“ഹലോ…”

“ഹലോ.. അച്ഛാ..”

“മീരമോളെ ഇത് പുതിയ നമ്പർ ആണോ??”

“അച്ഛാ.. ഞാൻ വേണിയാ.. “

“നീ എന്തിനാ എന്നെ വിളിച്ചത്..”

“അച്ഛാ ദേഷ്യപെടരുതേ.. ഞാൻ ഒരു കാര്യം പറയാൻ ആണ് വിളിച്ചത്.. ഞങ്ങൾക്ക് കുഞ്ഞുണ്ടായി അച്ഛാ.. മോനാണ്.. അച്ഛൻ ആൺകുട്ടികളെ വലിയ ഇഷ്ടം അല്ലേ..”

“ആൺകുട്ടികളെ ഇഷ്ടം ആണ്.. പക്ഷേ ഇത് ആ ***** അവന്റെ അല്ലേ..”

വേണി ഒന്നും പറയാതെ ഫോൺ വച്ചു.. കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുന്നുണ്ടായിരുന്നു..

രണ്ടു കൊല്ലങ്ങൾക്കിടയിൽ തന്നെ ആകാശ് തന്റെ വീട് കുറച്ചു കൂടി വലുതാക്കി സൗകര്യങ്ങൾ വരുത്തി പുതുക്കി പണിതു.. ജീവിതം സന്തോഷത്തോടെ കടന്നുപൊയ്ക്കൊണ്ടിരിക്കുമ്പോൾ ആണ്.. ഇടുത്തിപോലെ ആ ഫോൺ കാൾ വന്നത്.. മീര ആത്മഹത്യ ചെയ്തുവെന്ന്.. വേണിക്ക് വിശ്വാസിക്കാൻ ആയില്ല. ടെൻഷൻ താങ്ങാൻ കഴിയാതെ അവൾ ബോധം കെട്ടു വീണു.. ആകാശ് അവളെയും കൂട്ടി മീരയെ കാണാൻ പോയി.. അച്ഛനും അമ്മയും ഓരോ മൂലയിൽ എല്ലാം നഷ്ടപ്പെട്ടവരെ പോലെ ഇരിക്കുന്നുണ്ടായിരുന്നു.. അവൾ അവർക്ക് അരികിലേക്ക് പോയില്ല.. മീരയുടെ ഭർത്താവിന്റെ വീട്ടുകാർ ആരും ഉണ്ടായിരുന്നില്ല ചടങ്ങുകൾക്ക് ഒന്നും.. ആരൊക്കെയോ പറയുന്നത് കെട്ടു മീരക്ക് ഭർതൃ വീട്ടിൽ കൊടിയ പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നു എന്ന്.. സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട്.. എത്ര കൊടുത്താലും പിന്നെയും വേണമെന്ന് പറഞ്ഞുകൊണ്ട്.. അവൾക്ക് ഉണ്ടായിരുന്ന ജോലിക്ക് വിടാനും അയാൾ തയ്യാറായിരുന്നില്ല എന്ന്.. കടുത്ത മാനസിക സമർദ്ധതിന് ഒടുവിൽ ആണ് അവൾ ആ കടുംകൈ ചെയ്തത് എന്ന്…

അങ്ങനെ തന്റെ അനുജത്തിയുടെ ചിതക്ക് നിർവികാരനായി തീ കൊളുത്തുന്ന അച്ഛനെയും കണ്ടു വേണി അവിടുന്ന് പടിയിറങ്ങി… നാളുകൾക്ക് അപ്പുറം വിശ്വനാഥമേനോൻ ആകാശിനെ വിളിച്ചു…

“ഹലോ..”

“ഹലോ.. ഞാൻ വേണിയുടെ അച്ഛൻ ആണ്..”

“ആഹ് പറയു സർ..” ആകാശ് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു..

“വേണിയുടെ അമ്മക്ക് നല്ല സുഖമില്ല.. വേണിയെയും കുഞ്ഞിനേയും കൂട്ടി മോൻ ഒന്നു ഇവിടെ വരെ വരുമോ?? അവളെ വിളിച്ചു പറയാൻ എനിക്ക് കഴിയുന്നില്ല. അതാണ് മോന്റെ നമ്പർ സംഘടിപ്പിച്ചു വിളിക്കുന്നത്..”

“പിന്നെന്താ അച്ഛാ ഞങ്ങൾ വരാം…”

അന്നു വൈകിട്ട് തന്നെ വേണിയെയും മകനേയും കൂട്ടി ആകാശ് അവളുടെ വീട്ടിലേക്ക് പോയി.. അവർ എത്തിയയുടൻ മോനെ ആകാശിന്റെ കയ്യിൽ നിന്നും വേണിയുടെ അച്ഛൻ എടുത്തു.. അയാൾ തീരെ മെലിഞ്ഞു ക്ഷീണിതൻ ആയിരുന്നു.. പഴയ പ്രൗഢിയൊന്നും ആ മുഖത്ത് ഉണ്ടായിരുന്നില്ല..

അയാൾ ആകാശിനോട് നല്ല രീതിയിൽ സംസാരിച്ചു.. ഒരുപാട് നേരം.. കിടപ്പിലായ അമ്മയെ കണ്ടശേഷം വേണിയെയും മകനെയും അവിടെ നിർത്തി അമ്മ തനിച്ചായതിനാൽ ആകാശ് അവിടുന്ന് മടങ്ങി..

വിശ്വാനാഥനു വേണിയെ അഭിമുഖികരിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു അതുമനസ്സിലാക്കിയ അവൾ തന്നെ തന്റെ അച്ഛനോട് അങ്ങോട്ട് ചെന്നു സംസാരിച്ചു..

കുറച്ചു നാളുകൾക്ക് ശേഷം വേണിയുടെ അമ്മയും എല്ലവരെയും വിട്ടു പോയി.. ആകാശാണ് അവരുടെ നാലു വയസ്സുകാരനെയും എടുത്തു അമ്മയുടെ ചിതക്ക് തീ കൊളുത്തിയത്..

താൻ ജാതിയുടെ പേരിൽ അധിക്ഷേപിച്ച മരുമകനും ചെറുമകനും മാത്രമേ തന്റെ ഭാര്യക്ക് അവസാന കർമ്മങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നുള്ളൂ എന്നോർത്ത് അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. തനിക്കും നാളെ അവരെയുള്ളൂ എന്നോർത്തും..

ചടങ്ങൾക്കു ശേഷം ആകാശും വേണിയും നിർബന്ധിച്ചു വിശ്വനാഥനെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയി.. ആദ്യമൊക്കെ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും ചെറുമകന്റെ കളിചിരികളും മകളുടെയും മരുമകന്റെയും സ്നേഹവും എല്ലാം അയാളെ സന്തോഷങ്ങളിലേക്ക് കൊണ്ടുപോയി…

എങ്കിലും അയാൾ എപ്പോഴും ഓർക്കും അയാൾ കാരണം തന്റെ ഇഷ്ടം ഉപേക്ഷിച്ചു വേറൊരാളെ കല്യാണം ചെയ്ത അയാളുടെ ഇളയ മകളെ പറ്റി.. അവളുടെ അകാലത്തിലുള്ള മരണത്തിനു താൻ ആണല്ലോ കാരണമെന്ന്.. എത്ര പണവും വിദ്യാഭ്യാസവും ഉണ്ടായിരുന്നുവെങ്കിലും താൻ വച്ചുപുലർത്തിയ വൃത്തികെട്ട ജാതീയമായ ചിന്താഗതിയെപ്പറ്റി.. മാറി അയാൾ ഒരുപാട്.. പക്ഷേ രണ്ടു ജീവനുകൾ നഷ്ടപ്പെടുത്തേണ്ടി വന്നു അയാൾക്ക് എല്ലാം മനസിലാകാൻ..

അവസാനിച്ചു…