Story written by Saji Thaiparambu
ഷീലേ… അങ്ങേ വീട്ടില് പുതിയ താമസക്കാര് വന്നിട്ടുണ്ടോ? കുട്ടികളുടെ കരച്ചിലും ബഹളവുമൊക്കെ കേൾക്കുന്നുണ്ടല്ലോ?
ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയ ദിനേശൻ, ഭാര്യയോട് ചോദിച്ചു.
ഒഹ്, ഉണ്ട് ദിനേശേട്ടാ… ഒരു പത്രാസ്കാരിയും രണ്ട് കുട്ടികളും, അവളുടെ ഭർത്താവുമുണ്ട്
ഷീല അനിഷ്ടത്തോടെ പറഞ്ഞു.
അതെന്താടീ.. നീയൊരു പുശ്ചത്തോടെ പറഞ്ഞത് ,അവര് നിന്നോട് വല്ലതും പറഞ്ഞോ?
ഹേയ്, എന്നോടെങ്ങാനും എന്തേലും പറഞ്ഞാൽ ,ഞാൻ നല്ല മറുപടി കൊടുക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ ,അതല്ല ദിനേശേട്ടാ.. ആ ഇളയ കൊച്ച് വന്ന നേരം തൊട്ട് തുടങ്ങിയ കരച്ചിലാ, അതെന്താണെന്നറിയാനും , അവരെ ഒന്ന് പരിചയപ്പെടാനുമായി ,ഞാൻ ഉച്ചയ്ക്കൊന്ന് അവിടെ വരെ പോയതാ, അപ്പോഴവൾ കൊച്ചിനെ മടിയിൽ മലർത്തി കിടത്തിയിട്ട് , ഏതോ ടിൻ ഫുഡ് കോരി കൊടുക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുവായിരുന്നു , കൊച്ചാണെങ്കിൽ, ഒരു വിധത്തിലും അത് കുടിക്കുന്നുമില്ല ,കാരണം തിരക്കിയപ്പോഴല്ലേ കൊച്ചിന് മു ലപ്പാല് വേണം പോലും,
പക്ഷേ, ആ തള്ള അതിന് പാല് കൊടുക്കത്തുമില്ല, ഞാനപ്പോൾ അവളെയൊന്ന് ഉപദേശിച്ചു ,രണ്ട് വയസ്സ് വരെ കുഞ്ഞുങ്ങള് അമ്മയുടെ മു ലപ്പാലിന് അവകാശികളാണ്, അത് കൊണ്ട് അതിനെ കരയിപ്പിക്കാതെ കുറച്ച് പാല് കൊടുക്ക്, എന്നിട്ട് ഇടയ്ക്ക് വല്ലപ്പോഴും ടിൻ ഫുഡ് കൊടുക്കാമെന്ന്, ഉടനെ അവള് എൻ്റെയടുത്ത് പറയുവാ, ചേച്ചിക്ക് അറിയാത്തത് കൊണ്ടാണ്, ടിൻ ഫുഡ്ഡിൽ ഇഷ്ടം പോലെ പ്രോട്ടീൻസുണ്ട് ,പിന്നെ കാത്സ്യവും മിനറൽസുമൊക്കെ വേണ്ടുവോളമുണ്ടന്ന്, കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും അതാണാവശ്യം, അല്ലാതെ മു ലപ്പാലല്ലന്ന് ,അത് മാത്രമല്ല, മുലകൊടുത്താൽ അവളുടെ ശരീരത്തിൻ്റെ ആകാര വടിവ് നഷ്ടപ്പെടുമെന്നത് കൊണ്ട്, അവളുടെ പ്രൊഫഷനെയുമത് ബാധിക്കുമെന്ന്, കാരണം അവളൊരു മോഡലും കൂടിയാണല്ലോ? എനിക്കത് കേട്ടിട്ട് ചൊറിഞ്ഞ് വന്നതാ ,പിന്നേ… മക്കൾക്ക് മുലപ്പാല് കൊടുക്കാതെ, മോഡലിങ്ങ് നടത്തി അവള് കാശൊണ്ടാക്കിയിട്ടെന്തിനാ , മക്കൾ കഴിഞ്ഞിട്ടല്ലേ നമുക്ക് മറ്റെന്തുമുള്ളു ദിനേശേട്ടാ.. ?
ഷീല പറഞ്ഞ് നിർത്തുമ്പോൾ, രോഷം കൊണ്ടവൾ കിതയ്ക്കുന്നത് ദിനേശൻ ശ്രദ്ധിച്ചു.
ഉം നീ പറഞ്ഞതാണ് ശരി ,ഇതിപ്പോൾ ആ കൊച്ച് മു ലപ്പാല് കിട്ടാതെ കരച്ചില് നിർത്തുമെന്ന് എനിക്ക് തോന്നുന്നില്ല , ചില കുട്ടികൾ, അഗ്രഹിച്ച കാര്യങ്ങൾ സാധിക്കുന്നത് വരെ ഭയങ്കര നിർബന്ധമായിരിക്കും, ഒരു കാര്യം ചെയ്യാം, ഞാനവളുടെ ഭർത്താവിനെ വിളിച്ച് മാറ്റി നിർത്തി ഒന്ന് സംസാരിച്ച് നോക്കാം ,അല്ലെങ്കിൽ ആ കുട്ടി ഇങ്ങനെ നിർത്താതെ കരച്ചില് തുടർന്നാൽ, അത് കേട്ട് തൊട്ടടുത്ത് താമസിക്കുന്ന നമുക്കും ഉറങ്ങാൻ കഴിയില്ല
ഉം അത് ശരിയാ, എന്നാൽ ദിനേശേട്ടൻ അങ്ങോട്ട് ചെന്ന് അയാളെ പുറത്തേക്ക് വിളിച്ചൊന്ന് സംസാരിക്ക്
ദിനേശൻ ,അപ്പുറത്തെ വീട്ടിലേക്ക് പോകുന്നത് കണ്ട്, ഷീല നെടുവീർപ്പോടെ നിന്നു.
കുറച്ച് കഴിഞ്ഞപ്പോൾ, തല കുനിച്ച് വീട്ടിലേക്ക് കയറി വന്ന, ദിനേശൻ്റെ മുഖം മ്ളാനമായിരുന്നു.
എന്ത് പറ്റി ദിനേശേട്ടാ .. അയാള് വല്ല വേണ്ടാധീനവും പറഞ്ഞോ?
ഇല്ല ഷീലേ ..വേണ്ടാധീനങ്ങൾ പറഞ്ഞത് മുഴുവൻ നമ്മളാണ് , ഒരാളെ കുറിച്ച് അറിയാതെ നമ്മൾ അവരെ വെറുതെ കുറ്റപ്പെടുത്തി, ശരിക്കും ആ സ്ത്രീ ഒരു പാവമായിരുന്നു ,അവര് ആ കുട്ടിക്ക് മുലപ്പാല് കൊടുക്കാതിരുന്നത് മറ്റൊന്നുമല്ല, രണ്ടാമത്തെ പ്രസവം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴാണ്, വിധി ബ്രെസ്റ്റ് ക്യാൻസറിൻ്റെ രൂപത്തിൽ ആ യുവതിയെ പിടികൂടിയത് ,രോഗം തിരിച്ചറിഞ്ഞത് ഫൈനൽ സ്റ്റേജിലായത് കൊണ്ട്, ബ്രെസ്റ്റ് റിമൂവ് ചെയ്യാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു ,ഇപ്പോൾ തൻ്റെ പൊന്നോമനയായ കുഞ്ഞ് മുലപ്പാലിനായി കരയുമ്പോൾ, നിസ്സഹായതയോടെ ശൂന്യമായ മാറിടം നോക്കി തേങ്ങിക്കരയാനെ പാവം ആ സ്ത്രീക്ക് കഴിയുന്നുള്ളു, നമുക്കിനി ഒന്നേ ചെയ്യാനുള്ളു ഷീലേ..നമുക്കുമുണ്ടല്ലോ മുലകുടിക്കുന്ന ഒരു കൈക്കുഞ്ഞ്, ഇനി മുതൽ, അപ്പുറത്തെ വീട്ടിലെ കരയുന്ന കുഞ്ഞിനും കൂടി ,നീ പാല് കൊടുക്കണം, നിലനില്പിന് വേണ്ടിയാണ്, ആ സ്ത്രീ അങ്ങനെ പറഞ്ഞതെങ്കിലും, മുലപ്പാലിനോളം പ്രോട്ടീനും, കാത്സ്യവും നല്കാൻ മറ്റൊരു ടിൻ ഫുഡിനും കഴിയില്ല,
ശരിയാ ദിനേശേട്ടാ.. ഞാനും ഒരമ്മയാണ്, ആ പൈതലിൻ്റെ കരച്ചില് കേട്ട് ഇനിയും സഹിച്ച് നില്ക്കാൻ എനിക്ക് കഴിയില്ല, ഞാനങ്ങോട്ട് ചെന്ന്, ആ കുഞ്ഞിന് കുറച്ച് മുലപ്പാല് കൊടുത്തിട്ട് വരാം
ഷീല അപ്പുറത്തേയ്ക്ക് പോകുന്നത് കണ്ട്, ദിനേശൻ ചരിതാർത്ഥ്യത്തോടെ നിന്നു.