ലൗ ലെറ്റർ
Story written by Shabna Shamsu
മനസാകുന്ന മണിയറയിലേക്ക് സ്നേഹമാകുന്ന പാലുമായി കടന്ന് വന്ന എൻ്റെ സ്വപ്നത്തിലെ മണവാട്ടിക്ക് ഒരായിരം പുതുവത്സരാശംസകൾ…ഉസ്മാൻ സുഹറാബിക്കയച്ച ഗ്രീറ്റിംഗ്സ് കാർഡിലെ വരികളാണ്.,,,,ഞാനും സുഹറാബിയും പത്താം ക്ലാസില്‍ ഒരു മിച്ചായിരുന്നു….
രണ്ടാഴ്ച മുമ്പ് വരെ 10. B യിലെ ഷുക്കൂർ ആയ്നു സുഹറാബിൻ്റെ ലൈൻ…..രണ്ട് വലിയ പേപ്പർ നിറച്ചും എഴുതിയ ലൗ ലെറ്റർ ആണ് സുഹറാബി ഷുക്കൂർ ന് കൊടുക്കാറ്…
കോയിക്കാട്ടം ചവിട്ടിയ പോലത്തെ ഓൾടെ ഹാൻഡ്രൈറ്റിംഗ് മനസിലാവാഞ്ഞിട്ടാ ന്ന് തോന്നുന്നു ഷുക്കൂർ ഓളെ മെല്ലെ ഒയിവാക്കിയത്…ആ ഒഴിവിലേക്കാണ് ഉസ്മാൻ്റെ എൻട്രി….
യൂത്ത് ഫെസ്റ്റിവലിലെ ഒപ്പനേല് പുതുമാട്ടി ആയ അന്ന് തൊടങ്ങിയതാ ഉസ്മാന് സുഹറാബിയോട് മൊഹബത്…ഓൾക്കും നല്ല ഇഷ്ടം…
ഓള് ഉസ്മാന് കൊടുക്കാൻ ഒരു ഗ്രീറ്റിംഗ് കാർഡ് വാങ്ങിയിട്ടുണ്ട്….തുറക്കുമ്പോ ചോപ്പ് കളറില്‍ മിനുക്കമുള്ള വലിയ ഒരു ലൗവും രണ്ട് ഭാഗത്തും ഓരോ പ്രാവും ഉള്ളത്….പക്ഷേ ഓൾക്ക് അതിൽ എഴുതാൻ ധൈര്യല്ല….എന്നെക്കൊണ്ട് അതിൽ എഴുതിക്കണം….
സത്യായിട്ടും എൻ്റെ കയ്യക്ഷരം നല്ല ഉണ്ടക്കുരുമുളക് ഉണക്കാനിട്ട പോലെയാണ് ട്ടോ….പിന്നെ എനിക്ക് ഭാവനേം ണ്ടെന്നാണ് ഓളെ വിചാരം…
ഇതോണ്ടൊന്നും എനിക്ക് വല്യ ഉപകാരല്ലാത്തോണ്ട് ഞാൻ എഴുതി തരാന്ന് സമ്മതിച്ചു….
ഒപ്പനേല് പുയ്യോട്ടി പോയിറ്റ് കളിക്കാൻ പോലും ആരും കൂട്ടാത്ത കാലമായിരുന്നു അത്….എൻ്റെ കയ്യക്ഷരം കൊണ്ട് ഓൾക്കെങ്കിലും ഒരു ഉപകാരാവട്ടെ…..അങ്ങനെ ഞാൻ ആ കാർഡിൽ എഴുതി തുടങ്ങി.
“പ്രിയപ്പെട്ട ഉസ്മാന് …..
കാലമെത്ര കഴിഞ്ഞാലും പൂക്കളെ ത്ര കൊഴിഞ്ഞാലും എൻ്റെ ഉള്ളിൽ നീ മാത്രം….എന്ന് നിൻ്റെ സ്വന്തം സുഹറാബി…”
രണ്ട് ലൗ വരച്ചു…. ഒന്നിൻ്റെ ഉള്ളില്‍ “S “ന്നും ഒന്നില്‍ ” U “എന്നും എഴുതി….
സുഹറാബിക്ക് ഭയങ്കര സന്തോഷം….അങ്ങനെ പിന്നെ ഓരോ ദിവസവും സുഹറാബിക്ക് വേണ്ടി ഉസ്മാന് കത്തെഴുതൽ എൻ്റെ ജോലിയായി. ഇതിൽ എനിക്കുള്ള ലാഭം ഒന്ന് ഉസ്മാൻ്റെ പഞ്ചാരേല് മുക്കിയ കത്ത്കള് വായിക്കാം….ന്നാലല്ലേ മറുപടി എഴുതാൻ പറ്റുള്ളൂ….പിന്നെ ഓൻ സുഹറാബിക്ക്കൊ ടുക്കുന്ന ഫൈവ് സ്റ്റാറും കിറ്റ് കാറ്റും പകുതി എനിക്കും കിട്ടും. അന്നൊക്കെ ഫൈസ്റ്റാറൊക്കെ തിന്നല് വല്യ പൈസക്കാരെ മക്കളാണ്. ഞമ്മളൊക്കെ ബേക്കറിലെ ചില്ല് കൂട്ട് ന്ന് മാത്രേ ഇതൊക്കെ കണ്ടിട്ടുള്ളൂ,..
ഉസ്മാൻ്റെ ബാപ്പക്ക് തേങ്ങാ കച്ചോടം ആണ്. പോരാത്തതിന് രണ്ട് ലോറിയും കാറും ഒക്കെ ണ്ട്… അപ്പോ പിന്നെ ഇമ്മായിരി ചോക്ലേറ്റൊക്കെ ഇഷ്ടം പോലെ കിട്ടും. അതോണ്ട് ഈ ലൗ ലെറ്റർ കച്ചോടം എനിക്ക് നല്ല ലാഭള്ള പണിയായിരുന്നു.
അങ്ങനെ കത്തെഴുതലും ഫൈവ് സ്റ്റാർ തിന്നലും ഓരോ ദിവസവും കൂടിക്കൂടി വന്നു. ഒരു ദിവസം ഉസ്മാൻ്റെ കത്ത് വായിച്ച സുഹറാബി വെള്ളത്ത്ന്ന് കരയിൽ കയറി കിടന്ന മുതലൻ്റെ പോലെ യാതൊരു വികാരവുമില്ലാതെ ഇരിക്കുന്നു .
“ന്താടീ… ഇന്ന് മുട്ടായൊന്നും ല്ലേ…അനക്കെന്താ ഒരു വെഷമം”
“മുട്ടായ്യൊക്കെ ണ്ട്. പക്ഷേ ഇന്നത്തെ കത്ത് യ്യി വായിക്കണ്ട “
ന്നാപ്പിന്നെ എന്തായാലും വായിക്കണല്ലോന്നും പറഞ്ഞ് ഓളെടത്ത്ന്ന് തട്ടിപ്പറിച്ചെടുത്ത് വായന തുടങ്ങി….
പതിവ് പോലെ ആദ്യത്തെ കുട്ടി ആണും രണ്ടാമത്തെത് പെണ്ണും ,രണ്ട് നില വീടും മാരുതി കാറും, ദുബായില്‍ പോവുമ്പോ ഓളേം കൊണ്ടൊവുംന്നുള്ള ഓഫറും ഒക്കെ കയിഞ്ഞാണ് ഓൻ ചില കാര്യങ്ങള്‍ എഴുതിയത്…
എൻ്റെ സുഹറ മോളെ…… എന്ത് ഭംഗ്യാ എൻ്റെ സൂറക്കുട്ടീൻ്റെ കയ്യക്ഷരം കാണാൻ….ഇതെഴുതിയ കൈകൾക്ക് ഒരായിരം ചുടു ചുംബനങ്ങൾ…..
അയ്യേ…. ഇത് വായിച്ചതും ഞാനെൻ്റെ കയ്യ് പാവാടയില്‍ അമർത്തി തുടച്ചു…. ഓൻ്റെ ഒരു ചുംബനം…. ലെറ്റർ ഓളതാണേലും കയ്യ് എൻ്റെതാണല്ലോ…..
ഭാവനേം കയ്യക്ഷരോം നല്ലതാന്ന് വെച്ച് ഒരാള്‍ പോലും ഇഷ്ടാ ന്ന് പറയാണ്ട് ഒരാളേം പ്രേമിക്കാണ്ട് ഇമ്മായിരി ഒരു ചുംബനം… അതും ചുടു ചുംബനം..സമ്മയ്ക്കൂല….
അന്ന് നിർത്തിയതാ ലൗ ലെറ്റർ എഴുതുന്ന പരിപാടി….ഇന്നും ഫൈവ് സ്റ്റാറും കിറ്റ് കാറ്റും കാണുമ്പോ ഉസ് മാനേം ഓൻ്റെ ചുടുചുംബനങ്ങളേയുമാണ് ഓർമ വരാറ്……
Shabna shamsu❤️