ദൈവത്തിന്റെ കയ്യൊപ്പ്
എഴുത്ത്: അനീഷ് പെരിങ്ങാല
“സണ്ണിച്ചായ…… സണ്ണിച്ചായ… ഇതെന്തൊരു ഉറക്കമാ. സമയം എത്രയാ യെന്ന് അറിയാമോ?. ഒരു കാര്യത്തെ കുറിച്ചും ഓർമ്മയില്ലാതെ കിടന്നുറങ്ങുന്നത് കണ്ടില്ലേ. അതെങ്ങനെയാ ഉത്തരവാദിത്വം എന്നു പറയുന്നത് പണ്ടും ഇല്ല ഇപ്പോഴും ഇല്ല. എല്ലാത്തിനും പുറകെ നടന്നു തുള്ളാൻ ഞാൻ ഒരുത്തി ഇവിടെയുണ്ടല്ലോ”.
കുളികഴിഞ്ഞ് ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന ആൻസി കണ്ടത് മൂടിപ്പുതച്ച് കിടന്നുറങ്ങുന്നു സണ്ണിയാണ്.
” നിങ്ങൾ എഴുന്നേൽക്കുന്നു ണ്ടോ മനുഷ്യ….. ആൻസിയുടെ ശബ്ദം ഒന്നുകൂടി കനത്തു കൊണ്ടാവാം സണ്ണി മുഖത്തെ പുതപ്പുമാറ്റി. ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ കണ്ണുകൾ ഞെരടി കൊണ്ട് അയാൾ ഭാര്യയെ നോക്കി.
” എന്നതാ ടീ… രാവിലെ കിടന്നു തൊള്ള തുറക്കുന്നത്. ഒന്ന് സമാധാനത്തോടെ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കുകേല. എവിടെ പോകാനാ… രാവിലെ കുളിച്ചൊരുങ്ങി നിൽക്കുന്നേ?. ഉറക്കം പോയ തിന്റെ പരിഭവം സണ്ണിച്ചന്റെ വാക്കുകളിൽ പ്രകടമായി.
” ഇന്നല്ലേ സ്നേഹ ഭവനത്തിൽ നമ്മൾ ചെല്ലാം എന്ന് പറഞ്ഞത്. സേവ്യർ അച്ഛൻ രാവിലെ തന്നെ രണ്ടു പ്രാവശ്യം വിളിച്ചു. നമ്മൾ ചെന്നിട്ട് വേണം നിയമപരമായ കാര്യങ്ങൾ ഒക്കെ ശരിയാക്കിയിട്ട് ഇന്നുതന്നെ അച്ഛന് തിരുവനന്തപുരത്തേക്കു തിരിച്ചു പോകാൻ. രാത്രി രണ്ടെണ്ണം വീശിയാൽ നിങ്ങൾക്ക് എല്ലാ വിഷമങ്ങളും മറന്നു സുഖമായി കിടന്നു ഉറങ്ങാമല്ലോ. എന്റെ വിഷമങ്ങളെ കുറിച്ചും, പ്രയാസങ്ങളെക്കുറിച്ചും നിങ്ങൾക്ക് അറിയേണ്ട കാര്യമില്ലല്ലോ”.
അവസാന വാചകം പറയുമ്പോൾ ആൻസിയുടെ വാക്കുകൾ ഇടറി. ആൻസി പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു കൊണ്ട് അയാൾ പുതപ്പിൽ നിന്നും മുക്തനായി സിറ്റൗട്ടിലേക്ക് നടന്നു. മേശപ്പുറത്തു കിടന്ന പത്രമെടുത്ത് വെറുതെ നിവർത്തി നോക്കിയെങ്കിലും ഒന്നും വായിക്കാൻ അയാൾക്ക് തോന്നിയില്ല. ജീവിതത്തിൽ ഇന്നേവരെ ആൻസി യോട് തനിക്ക് നീതിപുലർത്താൻ കഴിഞ്ഞിട്ടില്ലെന്ന് അയാൾക്ക് തോന്നി. കഴിഞ്ഞ അഞ്ചുവർഷവും അവൾ തന്നോടൊപ്പം ഉണ്ടായിരുന്നു. ഭാര്യ എന്ന രീതിയിൽ ഒരിക്കലും അവളെ തനിക്ക് സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല. അവളുടെ സ്വപ്നങ്ങൾക്കും, പ്രതീക്ഷകൾക്കും താൻ ഒരു വിലയും നൽകിയില്ല.
അതൊരിക്കലും മനപൂർവ്വം ആയിരുന്നില്ല. കാരണം ഒരാളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു കൊണ്ട് ഭാര്യയായി മറ്റൊരു പെൺകുട്ടിയെ തനിക്ക് സ്നേഹിക്കാൻ കഴിയുമായിരുന്നില്ല.
ജീവിതത്തിൽ മദ്യം ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് തനിക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. തന്റെ സ്വപ്നങ്ങൾ എല്ലാം പാടെ തകർത്തെറിഞ്ഞത് ഡെയ്സി ആയിരുന്നു. ഒരിക്കൽ തന്റെ മാത്രമാകും എന്നും, തന്റെ കുഞ്ഞുങ്ങളുടെ അമ്മയാകും എന്ന് വിശ്വസിച്ച പെൺകുട്ടി….പള്ളിയും പ്രാർത്ഥനയും മാത്രമായിരുന്നു അവളുടെ ലോകം. എല്ലാ ഞായറാഴ്ചയും ആദ്യ കുർബാനയ്ക്ക് എത്തുന്ന സത്യവിശ്വാസി.
പള്ളിയിലെ കോയറിൽ അവളുടെ മധുര സ്വരം എല്ലാ വിശ്വാസികൾക്കും ഇഷ്ടമായിരുന്നു. തലയിൽ വെള്ള ഷാൾ ഇട്ടുകൊണ്ട്, ഇടയ്ക്ക് കണ്ണുകൾ മെല്ലെ അടച്ചും, തുറന്നും ലയിച്ചു പാടുന്ന അവൾ എപ്പോഴാണ് തന്റെ ഹൃദയത്തിന്റെ വാതായനങ്ങൾ തുറന്നുകൊണ്ട് കയറിവന്നത്.
വല്ലപ്പോഴും അമ്മച്ചിയുടെ നിർബന്ധം സഹിക്കാൻ കഴിയാതെ വരുമ്പോൾ പള്ളിയിൽ പോയിരുന്ന താൻ അവളെ കണ്ടതിനുശേഷം സ്ഥിരം വിശ്വാസിയായി മാറി. ഒരു പള്ളി പെരുന്നാളിന്റെ ഇടയ്ക്കാണ് താൻ അവളോട് ആദ്യമായി തന്റെ പ്രണയം തുറന്നു പറഞ്ഞത്. വർണ്ണ വിളക്കുകളുടെ യും ബാൻഡ് വാദ്യങ്ങളുടെ ഇടയിലും അവളുടെ കവിളുകൾ നാണത്താൽ ചുമക്കുകയും, ചുണ്ടിൽ പുഞ്ചിരി വിരിയുന്നതും താൻ കണ്ടു.
തങ്ങളുടെ പ്രണയം പള്ളിയിലെ കപ്യാര് വഴി വീട്ടിൽ എത്തിച്ചേർന്നു. കപ്യാര് ജോർജ്ജ് കുഞ്ഞാപ്പി നാട്ടിൽ അറിയപ്പെടുന്ന ന്യൂസ് പേപ്പർ ആണ്. ഇടവകയിലെ കുടുംബങ്ങളിലെ നല്ല കാര്യങ്ങളും, അവിഹിതങ്ങൾ മെല്ലാം കപ്പിയാർ ക്ക് അറിയാം. അതിനു വേണ്ട പ്രചാരം കൊടുക്കുന്നതും അയാൾ തന്നെയാണ്. അതിലൊരു ആത്മസംതൃപ്തി അയാൾ അനുഭവിച്ചിരുന്നു.
സംഭവം വീട്ടിൽ അറിഞ്ഞപ്പോൾ തന്നെ പ്രശ്നമായി. അപ്പനും അമ്മയും ഒരുപോലെ വാളെടുത്തു തന്റെ നേരെ ചാടി. യാതൊരു കാരണവശാലും ഇത് നടക്കില്ല. കാരണം അപ്പൻ നാട്ടിൽ അറിയപ്പെടുന്നത് ഒരു പ്ലാന്റ്ർ ആണ്. ഏക്കറുകണക്കിന് റബർ തോട്ടം, പോരാത്തതിന് ഇടുക്കിയിൽഏലവും കാപ്പിയും ഇതിന്റെ എല്ലാം ഏക അവകാശി താനാണ്. തന്നെയുമല്ല മതം മാറി ക്രിസ്ത്യാനിയായ അന്നമ്മയുടെ മകളെ തന്റെ അപ്പനും അമ്മയും മരുമകളായി അംഗീകരിക്കുകയില്ല. തങ്ങളുടെ പ്രണയം വിവരം നാട്ടിലാകെ പാട്ടായി. ഇടവകയിലെ ചില സത്യക്രിസ്ത്യാനികൾ, മതം മാറി വന്ന അവളെ കോടിക്കണക്കിന് രൂപയുടെ സ്വത്തിന് അവകാശി ആകണോ മത്തായിച്ചാ… എന്ന് മുനവെച്ചു ചോദിച്ചപ്പോൾ അതിന്റെ പ്രതിഫലനം എല്ലാദിവസവും രാത്രികളിൽ ഞങ്ങളുടെ വീടിനെ ശബ്ദ മുഖരിതമാക്കി.
ഒരു രീതിയിലും ഞാൻ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ അപ്പൻ ഒരു സജഷൻ മുന്നോട്ടുവെച്ചു. നിനക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാം. പക്ഷേ അത് അപ്പൻ സമ്പാദിച്ച പണം കൊണ്ട് ആവരുത്. അപ്പന്റെ സംസാരത്തിന് മറുപടിയായിട്ടാണ് താൻ ഗൾഫിനു പോകാൻ തീരുമാനിച്ചത്. പോകുന്നതിനെ തലേന്ന് താൻ ഡെയ്സിയെപോയി കണ്ടു കാര്യങ്ങൾ പറഞ്ഞു. അവർക്ക് വളരെ സന്തോഷമായി. ഒപ്പംതന്നെ പിരിഞ്ഞിരിക്കുന്ന തി ലുള്ള വിഷമവും. അവൾ വേദനയോടെ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഗൾഫിലെ ജോലി പ്രയാസമേറിയ തായിരുന്നുവെ ങ്കിലും, തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി എല്ലാം സഹിക്കാൻ തയ്യാറായിരുന്നു. രാവിലെയും വൈകിട്ടും ഡെയ്സിയെ വിളിക്കും. അവളുടെ ചിരിയും വർത്തമാനങ്ങളും തന്റെ എല്ലാ വിഷമങ്ങളും ഇല്ലാതാക്കി. ഒരു വേള പെട്ടെന്ന് അവളുടെ ഫോൺ വിളികൾ നിലച്ചു. തിരിച്ചു വിളിച്ചാൽ ഔട്ട് ഓഫ് കവറേജ് ആണ്. പിന്നീട് ഒരു കൂട്ടുകാരൻ വഴിയാണ് അറിഞ്ഞത്. ഡെയ്സിയുടെ അമ്മ മരിച്ചു ഒരാഴ്ച കഴിഞ്ഞപ്പോൾ, നാട്ടിൽ വന്നു താമസിച്ചിരുന്ന ഒരു റബർ വെട്ടുകാരൻ നോടൊപ്പം അവൾ ഒളിച്ചോടി പോയെന്ന്. ആ വാർത്ത എല്ലാ രീതിയിലും തന്നെ തകർത്തു കളഞ്ഞു. അത് തന്നെ ഒരു സ്ഥിരം മദ്യപാനി ആക്കി മാറ്റി.
ഒടുവിൽ അമ്മയുടെയും അച്ഛനെയും മറ്റ് ബന്ധുക്കളുടെയും നിർബന്ധത്തിനു വഴങ്ങിയാണ് ആൻസിയെ താൻ വിവാഹം കഴിച്ചത്. ആദ്യമൊക്കെ ആൻസിയെ ഭാര്യ എന്ന നിലയിൽ തനിക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. പിന്നീട് എപ്പോഴോ അവളുടെ സ്നേഹത്തിനു മുൻപിൽ താൻ കീഴടങ്ങുകയായിരുന്നു. ഒടുവിൽ എല്ലാം മറന്ന് സ്നേഹിച്ചു തുടങ്ങിയപ്പോഴാണ് വൈദ്യശാസ്ത്രം വിധിയെഴുതിയത്. ആൻസിക്ക് ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല. രണ്ട് തലമുറകൾ അനുഭവിച്ചാലും തീരാത്ത സ്വത്തുക്കൾക്ക് അവകാശി ഇല്ലാതെ വരുന്ന അവസ്ഥ ഒഴിവാക്കാൻ താൻ ഒഴിഞ്ഞു തരാം എന്ന് അവൾ പലവട്ടം തന്റെ നെഞ്ചിൽ തല ചേർത്തുവെച്ച് കരഞ്ഞു പറഞ്ഞിട്ടുണ്ട്.
ഒരു ധ്യാനകേന്ദ്രത്തിൽ വച്ചാണ് ഫാദർ സേവ്യർ അറയ്ക്കലിനെ പരിചയപ്പെടുന്നത്. തങ്ങളുടെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ അച്ഛനാണ് പറഞ്ഞത്. തന്റെ നിയന്ത്രണത്തിലുള്ള ഓർഫനേജിൽ നിന്നും ഒരു കുഞ്ഞിനെ ദത്തെടുക്കാൻ.
ഓ….. അത് ശരി. ഉറക്കം കഴിഞ്ഞു വന്നു സിറ്റൗട്ടിൽ ഇരുന്നു സ്വപ്നം കാണു വാ… ദാ…തോർത്ത്. പെട്ടെന്ന് കുളിച്ച് റെഡിയായി വാ. ഞാൻ കാപ്പി എടുത്തു വച്ചിട്ടുണ്ട് ഇപ്പോൾ തന്നെ ഒത്തിരി ലേറ്റ് ആയി.
സ്നേഹഭവ ന ത്തിന്റെ മുൻപിൽ ഞങ്ങളുടെ കാർ നിന്നപ്പോൾ, ഞങ്ങളെയും കാത്ത് ഫാദർ സേവ്യർ അറക്കൽ മുറ്റത്തെ പൂന്തോട്ടത്തിൽ നിൽക്കുകയായിരുന്നു. കാര്യങ്ങൾ പരസ്പരം നേരത്തെ അറിയാവുന്നതുകൊണ്ട് നിയമപരമായ നടപടികൾ വളരെ എളുപ്പത്തിൽ ആയി. എയ്ഞ്ചൽ എന്ന സുന്ദരിക്കുട്ടിയെ അവർക്ക് കൈമാറുമ്പോൾ ഒരു പുണ്യ പ്രവർത്തി ചെയ്തത് തൃപ്തി അച്ഛന്റെ മുഖത്തുണ്ടായിരുന്നു. കുട്ടിയേയും കൊണ്ട് സണ്ണിയും ആൻസിയും സ്നേഹ ഭവനത്തിന്റെ ഗേറ്റിനു മുൻപിലുള്ള കുരിശടിക്ക് മുൻപിലൂടെ കടന്നുപോയപ്പോൾ ആ വൈദികൻ അറിഞ്ഞിരുന്നില്ല,
വർഷങ്ങൾക്ക് മുമ്പ് പണക്കാരനായ ഒരു പ്ലാന്റ് റുടെ കുടുംബത്തിന്റെ അഭിമാനം രക്ഷിക്കുന്നതിനു വേണ്ടി, അയാളുടെ ഭീഷണിക്ക് വഴങ്ങി നിറവയറുമായി നാടുവിടേണ്ടിവന്ന ഒരു പെൺകുട്ടി, പ്രസവത്തിനുശേഷം തന്റെ കുഞ്ഞിനെ ഗത്യന്തരമില്ലാതെ സ്നേഹ ഭവനത്തിലെ കുരിശടി യിലെ തിരൂ പത്തിന് മുൻപിൽ കിടത്തിയിട്ട് പോയി മരണത്തിന് കീഴടങ്ങിയ കഥ…….