ചെറിയ പെൺകുട്ടിയാണ് ഏറിവന്നാൽ പതിനെട്ട് , പത്തൊൻപത് വയസ്സ് കാണും…തന്റെ മക്കളുടെ പ്രായം തന്നെ…അയാൾ ആ പെൺകുട്ടിയെ നോക്കി നെടുവീർപ്പിട്ടു…

മരിച്ചവൾ

Story written by NAYANA SURESH

ഇലട്രിക് ശ്മശാനത്തിലെ തീ അവളെ ഏറ്റു വാങ്ങിയിട്ടും അവളുടെ ശരീരം മുഴുവൻ അപ്പോഴും കത്തി തീർന്നിരുന്നില്ല … രാവിലെ കഴിഞ്ഞ ശവദാഹമാണ് … ചാരമെല്ലാം വാരിയിടാനായി വൈകുന്നേരത്തോടെയാണ് രാമേട്ടൻ അത് തുറന്നത് …

കണ്ടപാടെ അയാളൊന്നു ഞെട്ടി .. ഇങ്ങനെ ആദ്യമായിട്ടാണ് . ഒരു മൃതശരീരം അതിനുള്ളിൽ വെച്ചാൽ മിനിട്ടുകൾക്കുള്ളിൽ അത് വെന്ത് വെണ്ണീറായി പോകുന്നതാണ് …ശ്ശോ .. വല്ലാത്തൊരു അസ്വസ്തത തോന്നി അയാൾക്ക് ..
അയാൾ ആ സ്ട്രച്ചർ പുറത്തേക്ക് തിരികെ വലിച്ചു .. വയറിനു താഴെ മുഴുവൻ കത്തിയിരിക്കുന്നു … എന്നാൽ മുഖത്തിനോ ബാക്കി ഭാഗത്തിനോയാതൊന്നും സംഭവിക്കാതെ അതുപോലെത്തന്നെ നിൽക്കുന്നു ..

കൊല്ലം പതിനാലായി രാമേട്ടൻ ഈ പണി തുടങ്ങീട്ട് പക്ഷേ ..

ചെറിയ പെൺകുട്ടിയാണ് ഏറിവന്നാൽ പതിനെട്ട് , പത്തൊൻപത് വയസ്സ് കാണും…..തന്റെ മക്കളുടെ പ്രായം തന്നെ … അയാൾ ആ പെൺകുട്ടിയെ നോക്കി നെടുവീർപ്പിട്ടു….

………….

വൈകുന്നേരത്തിനോടടുത്ത് അവിടെ ജോലിക്കുണ്ടായിരുന്ന ബാക്കി രണ്ടു പേരും പോയി .. വീടടുത്തായതിനാൽ രാമേട്ടനാണ് അവസാനം പോകുന്നത് ..

ഹലോ .. ദിനേശാ

എന്താ രാമേട്ടാ

ടാ ചെറിയ ഒരു പ്രശ്നം പറ്റീണ്ട്

എന്തെ

നമ്മൾ രാവിലെ ദഹിപ്പിച്ചില്ലെ ഒരു മോളെ … ആ ബോഡി മുഴുവൻ കത്തിട്ടില്ല ..

ഏ … അതെന്താ … അങ്ങനെ സംഭവിക്കാറില്ലല്ലോ ? .. ചേട്ടൻ ഒന്നുകൂടി കത്തിച്ച് നോക്ക് .. എന്തായാലും വൈകിക്കാൻ നിൽക്കണ്ട ഇന്നലെ മരിച്ചതല്ലെ .നാളെ വരെ കാക്കാൻ പറ്റില്ല … അത് കത്തുന്നില്ലെങ്കിൽ അതിൽ നിന്നും എടുത്ത് അടുത്ത ഇലട്രിക്കിലേക്ക് വെക്കാം ..

അതെ .. ഇനി അതെ നടക്കു ..

ഞാൻ വരാം ചേട്ടാ … കുറച്ച് നേരം കാക്ക് ‘

ഏയ് … വേണ്ട ടാ ….. നീ വീടെത്തീല്ലെ , ഞാൻ ഒറ്റക്ക് ചെയ്തോളാം … എനിക്കെന്തോ അതിന്റെ മുഖം കാണുമ്പോ ഒരു സങ്കടം … ചെറിയ കുട്ടിയല്ലെ …

എന്താ ചെയ്യാ ചേട്ടാ .. അത് ആത്മഹത്യ ചെയ്തതല്ലെ … കാരണമെന്താന്ന് ആർക്കാ അറിയാ …? ഒക്കെ യോഗം

അപ്പ ശരിടാ ..

ആ ,,,ശരി

………………………

രാമേട്ടൻ സ്ട്രച്ചറിനടുത്തേക്ക് നടന്നു … അവൾ കണ്ണുകളടച്ച് കിടക്കുകയാണ് …

‘ എന്തിനാ മോളെ ഇത് ചെയ്തെ ‘

അയാൾ , അവളുടെ ശരീരത്തിൽ നിന്നും അഴിഞ്ഞു തുടങ്ങിയ വെള്ളത്തുണി വീണ്ടും മുറുക്കി കെട്ടാൻ തുടങ്ങി .നെഞ്ചിനടുത്ത് മുറക്കുന്നതിനിടയിലാണ് കൈയ്യിൽ എന്തോ തട്ടിയത് .. അയാൾ പതിയെ ആ വെള്ളത്തുണികൾ മാറ്റി …

അതൊരു ഡയറിയാണ് … അത് നെഞ്ചോട് ചേർത്ത് വെച്ചത് ആരാണ് …

അയാളതു തുറന്നു … അതിന്റെ ആദ്യ പേജിൽ ഇങ്ങനെയാണ് ….

” ഈയൊരു ദിനവും അശാന്തമാണ് ഭ്രാന്തിന്റെ ചെറിയ ഗുളികകൾ എന്നിൽ അത്ര മാത്രം ഭീതിനിറക്കുന്നു ..ചെവിയിൽ മരുന്നു കവറിന്റെ ശബ്ദമാണെപ്പോഴും എന്റെ കണ്ണുകൾ ഉറക്കത്തെ ഏറ്റുവാങ്ങട്ടെ ..:

പിന്നെയും രാമേട്ടൻ പേജുകൾ മറച്ചു ..

ഭ്രാന്തിയായത് എന്റെ തെറ്റാണോ ? ഭ്രാന്തന്മാരും മനുഷ്യനല്ലെ…പിന്നെന്തിന് എന്നെ മാറ്റി നിർത്തുന്നു …’

ചങ്ങലപ്പോലെത്തന്നെയാണ് ഈ മുറിയും അടഞ്ഞ വാതിലുകളുള്ള ഈ മുറിയിലിരുന്ന് ഞാൻ കാടും കടലും മഞ്ഞും മലയും വെയിലും മഴയും കാണുന്നു എന്നിട്ട് ഉറക്കെ ചിരിക്കുന്നു …

രാമേട്ടൻ ഒരു കസാരയെടുത്ത് അവൾക്കരികിലേക്ക് ചേർന്നിരുന്നു ….ഈ കുട്ടി ഭ്രാന്തിയായിരുന്നോ ?

പുസ്തകത്തിലെ ഓരോ വരിയും രാമേട്ടന്റ കണ്ണ് നിറച്ചു ..

എന്നെ ഒന്ന് സ്നേഹിക്കാമോ ? ഒറ്റപ്പെടലിന്റെ ഈ ഇരുട്ട് എന്നെ പേടിപ്പിക്കുന്നു..അമ്മയും അച്ഛനും എന്നെ ചേർത്തു പിടിച്ച കാലം മറന്നു. ഗുളികയുടെ മണമാണെനിക്ക് ….ഞാനെന്തിനാ …വെറുതെ കരയുന്നത്…വെറുതെ ചിരിക്കുന്നത് ….

രാമേട്ടൻ അവളുടെ തലമുടിയിൽ വെറുതെ ഒന്ന് തലോടി .. അന്നേരമയാൾക്ക് അയാളുടെ മുത്തമകളെയാണ് ഓർമ്മ വന്നത് …

ഓരോ വരിയും മരണത്തെ മാടി വിളിക്കുന്നതായിരുന്നു ..

ആയിരം ആലിംഗനം കൊതിച്ച് … ആയിരം ഉമ്മകൾ കൊതിച്ച് ഒന്നുമില്ലാതെ ഞാൻ മടങ്ങുകയാണ് … മരണത്തിലും ഈ ഡയറി എന്നോട് ചേർത്ത് വെക്കണം ചിലപ്പോൾ അവിടെയും എനിക്കാരും മിണ്ടാനില്ലെങ്കിലോ ?

എങ്കിലും സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിച്ച് ,,, എന്റെ നെറ്റിയിലൊരുമ്മയെങ്കിലും തരാതെ അച്ഛാ .. ഞാൻ എങ്ങനെ കത്തി തീരും …

………………………………………………

രാമേട്ടന്റെ ശ്വാസം തൊണ്ടയിൽ കുടുങ്ങി ..കണ്ണുകൾ മഴ പോലെ പെയ്തു. തന്റെ മക്കളെ ഒരിക്കലും ഇങ്ങനെ സങ്കൽപ്പിക്കാൻ വയ്യ ..

അയാൾ അവളുടെ മുഖത്തേക്ക് നോക്കി … മരിച്ചിട്ടും ആ കണ്ണുകൾ കരയുന്നുണ്ടെന്ന് അയാൾക്ക് തോന്നി …അവളെ അയാൾ ചേർത്തു പിടിച്ചു … തീ വിഴുങ്ങാത്ത നെറ്റിയിൽ ആയിരം ഉമ്മകൾ കൊടുത്തു …

മോളെ …… യെന്ന് നീട്ടി വിളിച്ചു … ഡയറി അവളുടെ നെഞ്ചോട് ചേർത്ത് .. വീണ്ടും അയാൾ ,അവളെ അഗ്നികൾക്കുള്ളിലേക്ക് പറഞ്ഞു വിട്ടു …

അവൾ ഇപ്പോൾ ചിരിക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി… ആ വാതിലുകൾ അടഞ്ഞു …അവളെ തീ വാരി പുണരുന്ന ശബ്ദം അയാൾക്ക് കേൾക്കാമായിരുന്നു ..

ഒരു നിമിഷം അയാൾക്ക് മക്കളെ ഓർമ്മ വന്നു … ആ ഇരുട്ടിൽ മക്കളെ കാണാൻ അയാൾ വീട്ടിലേക്കോടി …

…..വൈദേഹി…..

(ഇതൊരു ഭാവന മാത്രം )