സ്വന്തം
Story written by Soumya Dileep
” മാഡം എന്താ വേണ്ടത് കഴിക്കാൻ?”
waiterറുടെ ശബ്ദം കേട്ടാണ് ശ്രീനവിക്ക് സ്ഥലകാല ബോധം വന്നത്.
” ഇപ്പോൾ വേണ്ട, ഒരാൾ വരാനുണ്ട്. വന്നിട്ട് order ചെയ്യാം.”
നിറഞ്ഞു വന്ന മിഴികൾ തുടച്ച് സഞ്ജയ് വരുന്നതും നോക്കി അവളിരുന്നു. കുറച്ചു നേരത്തേ കാത്തിരിപ്പിനു ശേഷം കണ്ടു, ഇളം റോസ് നിറത്തിലുള്ള കുഞ്ഞുടുപ്പും ഇട്ട് അച്ഛൻ്റെ ഒക്കത്തിരുന്ന് കൈകൊട്ടി വരുന്ന കുഞ്ഞിപ്പെണ്ണിനെ. അവളെ കണ്ടതും ഞാനറിയാതൊരു പുഞ്ചിരി എൻ്റെ ചുണ്ടിൽ വിടർന്നു.
സഞ്ജയ് വന്ന് എനിക്കഭിമുഖമായി ഇരുന്നു. അപ്പോഴും എൻ്റെ നോട്ടം അയാളുടെ മകളിലേക്കായിരുന്നു.
” Hai ശ്രീനവി, ഞാൻ സഞ്ജയ്. ഇതെൻ്റെ മകൾ നിധി. മാളൂന്ന് വിളിക്കും.” അയാൾ ഒന്ന് സ്വയം പരിചയപ്പെടുത്തി.
” Hai ഞാൻ ശ്രീനവി. ” ഞാൻ തിരിച്ചുo പരിചയപ്പെടുത്തി.
അപ്പോഴേക്കും waiter എത്തിയിരുന്നു.
“സർ എന്താ വേണ്ടത്?” സഞ്ജയ് ചോദ്യഭാവത്തിൽ എന്നെ നോക്കി.
“എനിക്കൊരു ചായ മാത്രം മതി.”
എനിക്കും സഞ്ജയ്ക്കും ചായയും വാവക്ക് ഒരു വടയും order ചെയ്തു. എന്തു സംസാരിച്ച് തുടങ്ങണം എന്നറിയാതെ ഞാൻ മോളുടെ കളിയും നോക്കി ഇരുന്നു. സഞ്ജയ് തന്നെ സംസാരിച്ചു തുടങ്ങി.
” ശ്രീനവി, കാര്യങ്ങളൊക്കെ അച്ഛൻ പറഞ്ഞു കാണുമല്ലോ. തന്നോട് സംസാരിക്കാനാണ് ഇവിടെ വരാൻ പറഞ്ഞത്. എനിക് അമ്മയും മോളും മാത്രേയുള്ളു. വൈഫ് ൻ്റെ കാര്യം അറിഞ്ഞു കാണുല്ലോ “
“അറിയാം”
“ഉം, അതിനി പറഞ്ഞിട്ട് കാര്യമില്ലലോ. അമ്മക്ക് പ്രായമായി. അതാണ് മറ്റൊരു വിവാഹത്തെ ക്കുറിച്ച് ചിന്തിച്ചതു തന്നെ. തൻ്റെ husband ൻ്റെ ഓർമകൾ വിട്ടു പോയിട്ടില്ലെന്ന് അച്ഛൻ പറഞ്ഞു. അത് എളുപ്പം പോകില്ലലോ. ഞാൻ നിർബന്ധിക്കുന്നില്ല. താൽപര്യമുണ്ടെങ്കിൽ മാത്രം എൻ്റെ മോൾക്ക് അമ്മയായി വരു, ഇതാണെൻ്റെ നമ്പർ.” ഇത്രയും പറഞ്ഞ് സഞ്ജയ് നമ്പർ എഴുതിയ ഒരു കടലാസ് എനിക്കു നേരെ നീട്ടി .
” ഞാൻ നാളെ പറഞ്ഞാൽ പോരെ “
” മതി. എന്തായാലും വിളിച്ചറിയിക്കു.”
ശരി. കൈ കൊടുത്ത് ഞങ്ങൾ പിരിഞ്ഞു. മോളെന്നെ നോക്കി റ്റാറ്റ പറഞ്ഞു. അവിടന്നിറങ്ങി നേരെ പോയത് ഹരിയേട്ടൻ്റെ വീട്ടിലേക്കാണ്. ഒരു തീരുമാനമെടുക്കാൻ കഴിയാതാവുമ്പൊ ഞാനോടി ചെല്ലുന്നത് അങ്ങോട്ടാണ്.
ഓട്ടോയിൽ നിന്നും ഇറങ്ങി വരുന്ന എന്നെ കണ്ടതും ഹരിയേട്ടൻ്റെ അമ്മ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു.
“നീയാകെ കോലം കെട്ടല്ലോ മോളെ, ജോലിക്ക് പോണില്ലേ.”
“ഉം പോന്നുണ്ട് അമ്മേ “
അകത്തു കയറിയതും അമ്മ എന്തൊക്കെയോ കൊണ്ടു വന്ന് വെച്ചു. ഒന്നും കഴിക്കാൻ തോന്നീല എന്നാലും അമ്മയ്ക്കു വേണ്ടി എന്തൊക്കെയോ കഴിച്ചു. അപ്പോഴേക്കും അച്ഛനും എത്തി. അനിയനും ഭാര്യയും പുറത്തെങ്ങോ പോയിരിക്കുകയായിരുന്നു. അച്ഛനോടും അമ്മയോടും സഞ്ജ യെ കണ്ടതും സംസാരിച്ചതുo എല്ലാം പറഞ്ഞു. അവർക്ക് പൂർണ സമ്മതം. പിന്നെ ഞാൻ ചെന്നത് ഞങ്ങളുടെ മുറിയിലേക്കായിരുന്നു. ഞാനും ഹരിയേട്ടനും ഞങ്ങളുടെ സ്നേഹവും പ്രണയവും സ്വപ്നങ്ങളുമെല്ലാം പങ്കുവച്ച ഇടത്തേക്ക്. അവിടിപ്പോഴും എൻ്റെ ഹരിയേട്ടൻ്റെ മണമുണ്ട്. ആ കിടക്കയിൽ കിടക്കുമ്പോൾ ഹരിയേട്ടൻ തൊട്ടടുത്ത് വന്ന് കിടക്കാറുണ്ട്. വാതിൽ തുറന്ന് ആ കിടക്കിയിൽ വീണു പൊട്ടിക്കരഞ്ഞു. കുറച്ചു നേരം കരഞ്ഞപ്പോൾ ഒരു സമാധാനം കിട്ടി. സങ്കടമെല്ലാം ഇറക്കി വച്ച പോലെ. മേശമേൽ വച്ചിരുന്ന ഹരിയേട്ടൻ്റെ ഫോട്ടോ കൈയിലെടുത്ത് ചുണ്ടു ചേർത്തു.
“എനിക്കറിയില്ല ഹരിയേട്ടാ, ഒന്നും. ഞാനെന്തു ചെയ്യണം? എന്നെ ഒന്ന് കൊണ്ടു പോവോ? സ്വയം മരിക്കാൻ പേടിയായിട്ടാ. മരിക്കാൻ നോക്കീട്ട് നടന്നില്ലെങ്കിൽ…എനിക്കു വയ്യ……. എന്നെ കൊണ്ടു പോവോ……. ഞാൻ വരാം ഹരിയേട്ടൻ്റെ അടുത്തേക്ക്.”
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കണ്ണാക്കെ തുടച്ചു നോക്കിയപ്പോൾ അമ്മയാണ്. അമ്മയെ നോക്കി ചിരിക്കാൻ ഒരു ശ്രമം നടത്തി. പക്ഷേ പൊട്ടിക്കരഞ്ഞു പോയി ഞാൻ.
“മോളേ, ഇനിയും നിൻ്റെ ജീവിതം ഇങ്ങനെ നശിപ്പിക്കണോ? ഹരി പോയിട്ട് 2 വർഷം ആയില്ലേ എത്ര നാളാ ഒറ്റക്കിങ്ങനെ? നിനക്കും വേണ്ടേ ഒരു ജീവിതം. മോൾ ഈ വിവാഹത്തിന് സമ്മതി ക്കണം.ഈ അമ്മയ്ക്കു വേണ്ടി. സമ്മതിക്കില്ലേ “
“ഉം “ഞാനൊന്നു മൂളി.
എന്നാ കിടന്നോ. വാതിലടച്ച് അമ്മ പോയി. തലയിണ കെട്ടിപ്പിടിച്ച് കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി.
❤❤❤❤❤❤❤❤❤❤❤
ഞാൻ ശ്രീനവി. അച്ഛൻ വക്കീൽ ഗുമസ്തൻ ശ്രീധരൻ. അമ്മ രുഗ്മിണി, വീട്ടമ്മ.ഏട്ടൻ ശ്രീരാഗ് ഫോട്ടോഗ്രാഫറാണ്. ഇടത്തരം കുടുംബം. കൗമാരത്തിൻ്റെ വർണങ്ങളിൽ മതിമറന്നു നടക്കുന്നതിനിടയിലാണ് എൻ്റെ ജീവിതത്തിൽ ജാതകം വില്ലനായത്.
19 വയസിൽ മംഗല്യം കഴിഞ്ഞില്ലെങ്കിൽ പിന്നെ 35 ലേ നടക്കു എന്ന് പണിക്കർ കവിടി നിരത്തി പറഞ്ഞപ്പോൾ, അച്ഛനും അമ്മയും എന്നെ പെട്ടന്നു കെട്ടിക്കാൻ തീരുമാനിച്ചു. 19-ാം വയസിൽ എന്നെ ആദ്യമായി പെണ്ണുകാണാൻ വന്ന ആളാണ് IT കമ്പനിയിലെ ഉദ്യോഗസ്ഥനായ ഹരിശങ്കർ. വിവാഹത്തിന് ഒട്ടും താൽപര്യമില്ലായിരുന്നെങ്കിലും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ ഒരുങ്ങി നിന്നു. അദ്ദേഹം എന്നെ കണ്ടു പോയി.
പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു. ഞങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ബന്ധം. ജാതകപ്പൊരുത്തവും കേമം. അങ്ങനെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഞങ്ങളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. അച്ഛൻ്റെ അതുവരെയുള്ള സമ്പാദ്യമെല്ലാം എടുത്ത് ആർഭാടമായി തന്നെ വിവാഹം നടത്തി.
ആദ്യരാത്രിയിൽ ഒരു ഗ്ലാസ് പാലുമായി അദ്ദേഹത്തിൻ്റെ മുറിയിൽ ചെല്ലുമ്പോൾ ഞാൻ അടിമുടി വിറക്കുകയായിരുന്നു. പക്ഷേ എന്നെ ചേർത്തിരുത്തി എൻ്റെ മനസറിയാനായിരുന്നു ആൾക്ക് താൽപര്യം. പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും ഞാനറിയുകയായിരുന്നു ആ കരുതൽ. മനസിലെ പ്രണയം ശരീരത്തിലേക്കും പടർന്ന ഏതോ ഒരു നിമിഷത്തിൽ ഞങ്ങൾ ഒന്നായി. പoനം തുടരേണ്ടതിനാൽ തൽകാലം കുട്ടികൾ വേണ്ടെന്നു വച്ചു. ഞാൻ ക്ലാസിലും ഹരിയേട്ടൻ ജോലിക്കും പോയി തുടങ്ങി. തെളിഞ്ഞ നദി പോലെ ഞങ്ങളുടെ ജീവിതം ഒഴുകിക്കൊണ്ടിരുന്നു, പ്രണയം നിറച്ച് .
നല്ല മാർക്കോടു കൂടി തന്നെ ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തു. പഠനമെല്ലാം അവസാനിപ്പിച്ച് ഹരിയേട്ടൻ്റെ വീട്ടിൽ ഒതുങ്ങിക്കൂടാമെന്നു വിചാരിച്ച എന്നെ അദ്ദേഹം നിർബന്ധിച്ച് P. G ക്ക് ചേർത്തു. അങ്ങനെ ഞാൻ വീണ്ടും ക്ലാസിൽ പോയി തുടങ്ങി. 2 വർഷം കഴിഞ്ഞപ്പോൾ അതും കംപ്ലീറ്റ് ആയി. 3 മാസം കഴിഞ്ഞപ്പോൾ ഞാൻ ഗർഭിണിയായി. നാണത്താൽ ചുവന്ന മുഖത്തോടെ ഹരിയേട്ടൻ്റെ കാതിൽ ആ വാർത്തയറിയിച്ച നിമിഷം ഹരിയേട്ടൻ്റെ കണ്ണു നിറഞ്ഞു. എൻ്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു. ദിവസങ്ങൾ കടന്നു പോകവേ, എൻ്റെ വയറിൽ മുഖം ചേർത്തു വച്ച് ഹരിയേട്ടൻ വാവയോട് സംസാരിക്കും. ഒട്ടും ക്ഷമയില്ലാത്ത പോലെ കുഞ്ഞിനോട് വേഗം വരാൻ പറയും.
ഒട്ടും നിനച്ചിരിക്കാത്ത സമയത്തായിരുന്നു എൻ്റെ ജീവിതം മാറിമറിഞ്ഞത്. ഓഫീസിൽ നിന്നിറങ്ങി വീട്ടിലേക്കു വന്നു കൊണ്ടിരുന്ന ഹരിയേട്ടനെ എതിരെ വന്ന ലോറി ഇടിച്ചു തെറിപ്പിച്ചു. സംഭവസ്ഥലത്തു വച്ചുതന്നെ ഹരിയേട്ടൻ മരിച്ചിരുന്നു. ഹരിയേട്ടനെ വീട്ടിൽ കൊണ്ടുവന്നു കിടത്തിയപ്പോൾ കുഴഞ്ഞു വീണ ഞാൻ ഒരാഴ്ച കഴിഞ്ഞാണ് കണ്ണു തുറന്നത്. ആ വാർത്തയുടെ ആഘാതം താങ്ങാനാവാതെ ഞങ്ങളുടെ കുഞ്ഞും എന്നെ വിട്ട് അച്ഛൻ്റെ കൂടെ പോയിരുന്നു. അവസാനമായി ഒരു യാത്ര പോലും പറയാതെ എൻ്റെ ഹരിയേട്ടൻ എന്നെ വിട്ടു പോയി. കാത്തു കാത്തിരുന്ന കുഞ്ഞും അച്ഛനടുത്തേക്ക് പോയി.
ഇനിയെന്തിന് ജീവിക്കണം എന്ന ചിന്തയിൽ ജീവിതം അവസാനിപ്പിക്കാൻ ഒരു ശ്രമം നടത്തി. പക്ഷേ അവിടേയും വിധിയെന്നെ തോൽപിച്ചു കളഞ്ഞു. എല്ലാം കഴിഞ്ഞ് 2 വർഷമായി. താൻ വീട്ടിൽ നിൽക്കുന്ന കാരണം ഏട്ടൻ്റെ വിവാഹാലോചനകളെല്ലാം മുടങ്ങുന്നു. അവർക്കും താനോരു ഭാരമായി തുടങ്ങി. ഒടുവിൽ സഹികെട്ട് സമ്മതം മൂളിയതാണ് രണ്ടാമതൊരു വിവാഹത്തിന്. ഇത്ര പെട്ടന്ന് ഒരാലോചന വരുമെന്ന് വിചാരിച്ചില്ല.
സഞ്ജയുടെ ഭാര്യ പ്രസവത്തിൽ മരിച്ചു പോയതാണ്. അമ്മയാണ് ഇതുവരെ മോളെ നോക്കി കൊണ്ടിരുന്നത്. ഇപ്പോൾ അമ്മയ്ക്കും വയ്യാതായി. ഒരു ഭാര്യയേക്കാൾ സഞ്ജയ്ക്ക് ആവശ്യം മോൾക്കൊരു അമ്മയെയാണ്. നിധി മോളുടെ മുഖം മനസിലേക്കോടി വന്നപ്പോൾ അറിയാതെ ഞാനെൻ്റെ വയറിൽ കൈവച്ചുപോയി. വിടരും മുമ്പേ നഷ്ടപ്പെട്ടു പോയ എൻ്റെ കുഞ്ഞിനെ എനിക്കോർമ വന്നു. പിന്നീടൊന്നും ആലോചിച്ചില്ല. അപ്പോൾ തന്നെ അച്ഛനെ വിളിച്ച് പറഞ്ഞു, സമ്മതമാണെന്ന്.
പിന്നെല്ലാം പെട്ടന്നായിരുന്നു. രണ്ടാഴ്ചക്കുള്ളിൽ വിവാഹം നടന്നു. നിധി മോൾക്കായിരുന്നു ഏറ്റവും സന്തോഷം.
ഓടിച്ചാടി നടന്ന ആ ഒന്നര വയസുകാരിയുടെ അമ്മയാവാൻ എനിക്ക് എളുപ്പം കഴിഞ്ഞു. പക്ഷേ സഞ്ജയെ ഭർത്താവായി കാണാൻ എനിക്ക് എളുപ്പമല്ലായിരുന്നു. പക്ഷേ സഞ്ജയ് ഒരിക്കലും എന്നെ നിർബന്ധിച്ചില്ല. എൻ്റെ ഇഷ്ടങ്ങളെല്ലാം നിറവേറ്റി കൂടെ നിന്നു. നിധിമോളുടെ അച്ഛനും അമ്മയുമായി ഞങ്ങൾ ജീവിച്ചു.
കാലം കടന്നു പോയി.മോൾക്കിപ്പോൾ 4 വയസായി. അവൾ സ്കൂളിൽ പോകാൻ തുടങ്ങി.ഒരു ദിവസം പതിവു നേരം കഴിഞ്ഞും മോളുടെ സ്കൂൾ ബസ് കാണാനില്ല.ഞാൻ സഞ്ജയെ വിളിച്ചു വിവരം പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം സഞ്ജയ് വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. ഞാൻ എത്ര ചോദിച്ചിട്ടും എവിടേക്കാണ് പോകുന്നതെന്ന് സഞ്ജയ് പറഞ്ഞില്ല.
വണ്ടി ചെന്നു നിന്നത് ആശുപത്രിയുടെ മുമ്പിലായിരുന്നു. സഞ്ജയുടെ പിറകെ വർധിച്ച നെഞ്ചിടിപ്പോടെ ഞാനും നടന്നു. ആ നടത്തം അവസാനിച്ചത് ഐ.സി.യു.വിന് മുൻപിലായിരുന്നു. ചില്ലു ജനാലയിലൂടെ ഞാൻ കണ്ടു ബോധമില്ലാതെ കിടക്കുന്ന നിധി മോളെ. ഒരു നിമിഷം കൊണ്ട് ഭൂമി കീഴ്മേൽ മറിയുന്നതായി എനിക്കു തോന്നി. ബലത്തിനായി അടുത്തു നിന്ന സഞ്ജയുടെ കൈയിൽ ഞാൻ പിടിച്ചു. സഞ്ജയ് എന്നെ താങ്ങി അടുത്തു കിടന്ന ബെഞ്ചിലിരുത്തി. എൻ്റെ സങ്കടം കണ്ണുനീരായി പുറത്തുവന്നു. സഹിക്കാനാവാതെ ഞാനാ നെഞ്ചിൽ തലതല്ലിക്കരഞ്ഞു. സഞ്ജയ് എൻ്റെ മുടിയിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
പക്ഷേ ആരു പറയുന്നതും കേൾക്കാൻ കഴിയാത്തവണ്ണം എൻ്റെ കാതുകൾ കൊട്ടിയടക്കപ്പെട്ടിരുന്നു. സ്കൂൾ ബസിൽ കയറാൻ ഓടിച്ചെന്ന മോൾ കാലു തെറ്റി കുളത്തിൽ വീണതാണെന്നും, പേടിച്ച് ബോധം പോയതാണെന്നും എപ്പോഴോ സഞ്ജയ് പറഞ്ഞു കേട്ടു. കുറെ സമയത്തിനു ശേഷം ഐ സി യു വിൽ നിന്നൊരു മാലാഖ വന്ന് നിധിയ്ക്ക് ബോധം തെളിഞ്ഞെന്നു പറഞ്ഞു. ഞാനും സഞ്ജയും അകത്തു കയറി. എന്നെ കണ്ടതും മോളെൻ്റെ കൈയിൽ പിടിച്ചൊരുപാട് കരഞ്ഞു. മോളെ കുഴപ്പമില്ലാതെ കണ്ടപ്പോൾ എൻ്റെ മനസും ശാന്തമായി. ഞങ്ങളെ രണ്ടു പേരേയും കെട്ടിപ്പിടിച്ച് സഞ്ജയും ഒരുപാട് കരഞ്ഞു.
2 ദിവസത്തിനു ശേഷം മോൾ ഡിസ്ചാർജ് ആയി. വീട്ടിലെത്തിയ ശേഷം അവളെൻ്റെ അടുത്തു നിന്ന് മാറുന്നുണ്ടായിരുന്നില്ല. രാത്രിയിൽ കുഞ്ഞിന് ഭക്ഷണം കൊടുത്തു കൊണ്ടിരുന്ന സമയത്ത് സഞ്ജയ് ഞങ്ങളുടെ അടുത്തു വന്നിരുന്നു. മോൾക്ക് അമ്പിളിമാമനെ കാട്ടി ചോറു കൊടുക്കുമ്പോൾ സഞ്ജയും മാനത്തു നോക്കിയിരിക്കുന്നുണ്ടായിരുന്നു. ചോറു കൊടുത്ത് പോകാൻ നിന്ന എൻ്റെ കൈയിൽ പിടുത്തമിട്ട് സഞ്ജയ് പറഞ്ഞു.
” ഇനിയെങ്കിലും എൻ്റെ നിത്യയായിക്കൂടെ? ആ മനസ്സിൽ എനിക്കും അൽപം സ്ഥലം തരാമോ?”
ഒന്നും പറയാതെ ഞാൻ അകത്തേക്കു കയറിപ്പോയി. കുറച്ചു കഴിഞ്ഞ് ഉമ്മറത്തിണ്ണയിലിരുന്ന സഞ്ജയുടെ അടുത്ത് ഞാനും ചെന്നിരുന്നു. ഒന്നും മിണ്ടാതെ ഞാനാ തോളിൽ തല ചായ്ച്ചു. ആ മുഖത്തെ ആശ്ചര്യം പതിയെ പുഞ്ചിരിക്കു വഴിമാറി. അകത്തു കളിച്ചിരുന്ന മോൾ ഓടി വന്ന് ഞങ്ങളുടെ ഇടയിലിരുന്നു. മാനത്തപ്പോൾ രണ്ട് നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി കണ്ണു ചിമ്മുന്നുണ്ടായിരുന്നു.