മക്കളോട് സ്നേഹമുള്ള അമ്മമാർ അവരുടെ കണ്ണെഴുതും പൊട്ടും തൊടും അത് കണ്ടു ട്രോള്ളൻമാർ അസൂയപ്പെട്ടിട്ടു ഒരു കാര്യോം ഇല്ല….

ഒരു കണ്ണെഴുത്തപാരത

എഴുത്ത്: അച്ചു വിപിൻ

കേരളത്തിലെ പിള്ളേരുടെ കണ്ണെഴുത്തിനെ കളിയാക്കുന്ന തരത്തിൽ ഉള്ള പോസ്റ്റുകൾ പലയിടത്തും കാണാൻ ഇടയായി അത് കൊണ്ട് പറയട്ടെ കുഞ്ഞുങ്ങളെ കണ്ണെഴുതിക്കാൻ സമയം കണ്ടെത്തുന്ന അമ്മമാർ ഇപ്പഴും ഉണ്ടെന്ന് മനസ്സിലായി. ഇതൊക്കെ അത്ര വല്യ മോശം കാര്യം ആണോ?കയ്യും കാലും തല്ലി ഒടിച്ചു കുഞ്ഞിനെ വേദനിപ്പിക്കുന്ന അത്രേം ക്രൂരമായ കാര്യമാണോ കണ്ണെഴുതുന്ന പാവം അമ്മമാർ ചെയ്യുന്നത്?അല്ല ഇമ്മാതിരി ട്രോൾ ഒക്കെ കണ്ടു ചോദിച്ചു പോകുന്നതാ…

കുഞ്ഞിനെ ഞങ്ങൾ കണ്ണെഴുതിക്കില്ല അതൊക്കെ ഗ്രാമവാസികൾ ചെയ്യുന്ന കലാപരിപാടികൾ അല്ലെ? മാത്രമൊ കണ്ണെഴുതാത്തതാ അവരുടെ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതു എന്ന് പറഞ്ഞു 12 മണിക്കൂറും മൊബൈൽ കൊടുത്തു മക്കടെ കണ്ണുകൾ സംരക്ഷിച്ചു ശല്യം ഒഴിവാക്കാൻ വേണ്ടി മൂലക്കിരുത്തുന്ന മറ്റു അമ്മമാരേക്കാൾ എന്ത് കൊണ്ടും മ്ലേച്ഛം ആയ പ്രവൃത്തി ആണല്ലോ കണ്ണെഴുതുന്ന അമ്മമ്മാർ ചെയ്യുന്നത് എനിക്ക് വയ്യ…

വല്യ ബ്യൂട്ടിപാർലരും ക്ലബും ആയി നടക്കുന്ന ചുരുക്കം ചില മോഡേൺ അമ്മമാർക്ക് പിള്ളേരെ നോക്കാൻ തന്നെ ടൈം ഇല്ല അപ്പൊ അവരൊക്കെ എങ്ങനെ കണ്ണെഴുതാനാ അല്ലെ?അവരുടെ കാര്യം വിട് നമുക്ക് കാര്യത്തിലേക്കു കടക്കാം ഈ കളിയാക്കുന്ന ട്രോൾ പോസ്റ്റുകളിലെ ഫോട്ടോയിൽ കാണുന്ന അത്രേം വികൃതമായി ഒന്നും ആരും മക്കളുടെ കണ്ണെഴുതിക്കാറില്ലട്ടോ…

മക്കളോട് സ്നേഹമുള്ള അമ്മമാർ അവരുടെ കണ്ണെഴുതും പൊട്ടും തൊടും അത് കണ്ടു ട്രോള്ളൻമാർ അസൂയപ്പെട്ടിട്ടു ഒരു കാര്യോം ഇല്ല….

കുഞ്ഞിനെ കണ്ണെഴുതി പൊട്ടു തൊടീക്കാൻ ചില അമ്മമാർക്കു ഇഷ്ടം ഇല്ല അതവരുടെ കാര്യം എന്ന് കരുതി അവർ കുട്ടികളെ സ്നേഹിക്കുന്നില്ല എന്നർത്ഥം ഇല്ലട്ടോ പക്ഷെ എഴുതുന്ന അമ്മമാരെ എന്തിനാ ട്രോളേട്ടാ വെറുതെ ഞോണ്ടാൻ പോണത് അവര് വല്യ രവിവർമ ഒന്നും അല്ലന്നു അറിഞ്ഞൂടെ? പാവങ്ങൾ ആഗ്രഹം കൊണ്ടല്ലേ ഒന്ന് വരച്ചോട്ടെന്നെ അവരുടെ കയ്യിൽ ഇരിക്കണതിന്റെ മുഖത്തല്ലേ വരയ്ക്കാൻ പറ്റു അയലത്തെ കൊച്ചിനെ എടുത്ത് പറ്റില്ലല്ലോ?പിന്നെ ഈ കളിയാക്കുന്നവരുടെ പോക്കറ്റിലെ കാശ് കൊടുത്തല്ലല്ലോ അമ്മമാർ കുഞ്ഞിനുള്ള കണ്മഷി മേടിക്കുന്നത്. കണ്ണെഴുതാൻ ഇഷ്ടം ഇല്ലാത്തവർ എഴുതണ്ട എന്ന് കരുതി എഴുതുന്നവരെ കളിയാക്കുന്നത് എന്തിനാ?

ഇതൊക്കെ കുത്തിയിരുന്ന് ഉണ്ടാക്കുന്ന ട്രോളന്മാരോട് ഒരു വാക്കു നിങ്ങളുടെ കുഞ്ഞിലത്തെ ഫോട്ടോ ഒന്ന് പോയി ഒന്ന് നോക്കിയാൽ കൊള്ളാട്ടോ….അങ്കണവാടിയിൽ പോലും കണ്ണെഴുതി വാലിട്ടു പോകാൻ വേണ്ടി കാറി കൂവി കരഞ്ഞ ടീംസ് ആണ് അമ്മമാരേ ട്രോളാൻ വരുന്നത്…

അത് മാത്രമോ കണ്ണെഴുത്തിനെ കളിയാക്കി മറ്റു രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ഉപമിക്കൽ വരെ എത്തി കാര്യങ്ങൾ അത്രേം ഒക്കെ വേണോ ചങ്ങായികളെ…?

കൊച്ചിനെ കണ്ണെഴുതുന്നതാണല്ലോ ഇപ്പോ ഇന്ത്യ മഹാരാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി…

രാവിലെ ഉമ്മ കൊടുത്തെഴുന്നേൽപ്പിച്ചു വയറു നിറച്ചു കുറുക്കു കൊടുത്തു കൊഞ്ചിച്ചു പാട്ടുപാടി തലയിൽ എണ്ണ തേച്ചു ഇഞ്ച വെച്ച് പാളയിൽ കിടത്തി തേച്ചുരച്ചു കുളിപ്പിച്ച് വൃത്തിയായി കൊണ്ട് നടക്കുന്ന കേരളത്തിലെ അമ്മമാരുടെ മക്കളെ അപ്പിയിട്ടാൽ പോലും ഇച്ചിരി വെള്ളം കൈ കൊണ്ട് തൊടാതെ ടിഷ്യു ഉപയോഗിച്ച് തുടച്ചു കളയുന്ന സായിപ്പിന്റെ മക്കളുമായി വെറുതെ പോലും താരതമ്യം ചെയ്യല്ലേ…

കണ്ണെഴുതിയാലും ഇല്ലെങ്കിലും ഇവിടുള്ള അമ്മമാർ കുട്ടികളെ നോക്കുന്ന പോലെ വേറെ ഒരു രാജ്യത്തെ അമ്മമാരും നോക്കില്ല…നിങ്ങക്ക് കേരളത്തിലെ അമ്മമാരേ അറിയില്ല അവരൊക്കെ വേറെ ലെവലാ….കേരളത്തിലെ അമ്മമാരേക്കാൾ മികച്ച പോരാളി ഇല്ല മക്കളെ….ഇനി വേണേൽ ഇച്ചിരി മ്യൂസിക് ആവാം കൂടെ ഒരു സോഡായും…

കുഞ്ഞുങ്ങളുടെ കണ്ണ് എഴുതുമ്പോൾ ശുദ്ധമായ കൺമഷി ഉപയോഗിക്കണം’ ഇന്ന് മാർക്കറ്റിൽ ഉള്ളതെല്ലാം കെമിക്കൽ ആണ് ഇത് ഉപയോഗിച്ചാൽ ദോഷം തന്നെ അൽപം മെനക്കെടുകയാണങ്കിൽ വീട്ടിൽ തന്നെ മഷി ഉണ്ടാക്കാം കയ്യോന്നിനീര് തുളസി നീര് ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം അതിന്റെ നീര് എടുത്ത് വെളുത്ത കോട്ടൺ തുണിയിൽ മുക്കി ഉണക്കുക..അങ്ങനെ എടുത്ത നീര് കളയാതെ വീണ്ടും വീണ്ടും മുക്കി വെച്ച് ഉണക്കുക എന്നിട്ട് നിലവിളക്കിൽ എള്ളെണ്ണ അല്ലെങ്കി ആവണെക്കെണ്ണ ഒഴിച്ച് ഈ കോട്ടൺ തുണി തിരിയാക്കി തെറുത്തു കത്തിക്കുക ഈ തീ നാളത്തിന്റെ മുകളിൽ പുതിയ ചെറിയ മൺചട്ടി(ചിരാതു) അല്ലങ്കിൽ ചട്ടുകം കമിഴ്ത്തി ഉൾ ഭാഗം വിളക്കിനു മുകളിൽ വരുന്ന രീതിയിൽ കമിഴ്ത്തി പിടിക്കുക ഇങ്ങനെ കത്തിക്കുമ്പോൾ വിളക്കിന്റെ താഴത്തെ തട്ടു മാറ്റി മുകൾതട്ട് മാത്രം എടുക്കുക ഇതാണങ്കിൽ ചട്ടിയിൽ ഉള്ള കരി,പുക എല്ലാം കൂടി കിട്ടും ഈ ചട്ടിയിൽ അടിയുന്ന കരി എടുത്ത് ആവശ്യത്തിന് എണ്ണയിൽ ചാലിച്ച് ഉപയോഗിക്കാം ഒരു പ്രാവശ്യം നമ്മൾ മെനക്കെടുകയാണങ്കിൽ ആവശ്യത്തിന് തിരി ഉണ്ടാക്കി മാസങ്ങൾ ഉപയോഗിക്കാൻ പറ്റും…

നിനക്കൊന്നും ഇതല്ലാതെ വേറെ പണിയില്ലേ പെണ്ണുംപിള്ളേ എന്ന് ചോദിക്കുന്നവരോട് പറയുന്നു ഹി ഹി എനിക്ക് ഇതൊക്കെ തന്നെ പണി…ആദ്യത്തേത് മോൻ ആയ കൊണ്ട് എന്റെ മുഴുവൻ കഴിവും പുറത്തെടുക്കാൻ പറ്റിയില്ല അടുത്തതിൽ ആണെന്റെ പ്രതീക്ഷ ദൈവമേ മിന്നിച്ചേക്കണേ…

NB: പൌഡർ,കണ്മഷി(പ്രകൃതിദത്തമായ കണ്മഷി നമുക്ക് വീട്ടിൽ ഉണ്ടാക്കാട്ടോ പിന്നെ പൗഡർ അത് വലിച്ചു വാരി പൂശാതെ പുരികത്തു മാത്രം തുണി കൊണ്ട് ഒപ്പി കണ്മഷി പടരാതെ ഇരിക്കാൻ വേണ്ടി മാത്രം അല്പം ഇടുക) എന്നിവയിലെ കെമിക്കലിനെ പറ്റി ക്ലാസ്സ്‌ എടുക്കാൻ ഇങ്ങോട്ട് വരാൻ പോകുന്നവർക്കും ഇവൾ എന്ത് നല്ലത് പോസ്റ്റിയാലും ഞാൻ വന്നു കുറ്റമേ പറയു എന്ന് കരുതി വരുന്നവർക്കും ഒരറിയിപ്പു നിങ്ങളോട് എനിക്ക് ഒന്നും പറയാൻ ഇല്ല..അമ്മമാർക്ക് മക്കൾ എന്നത് ഒരു വികാരമാണ് ആ വികാരത്തെ കളിയാക്കരുത്..

എന്ന് അച്ചു വിപിൻ..