സീമന്തരേഖ ~ ഭാഗം 03, എഴുത്ത്: രസ്ന (ഇന്ദ്ര)

ഭാഗം 02 വായിക്കാൻ ക്ലിക്ക് ചെയ്യൂ…

സമയം ഇഴഞ്ഞ് നീങ്ങികൊണ്ടിരുന്നു. ഓരോ മണിക്കൂർ കൂടുന്തോറും സീത മുകളിലേക്ക് നോക്കി കണ്ണുനീർ വാർത്ത് കൊണ്ടിരുന്നു.. മുകളിലേക്ക് കയറാൻ വെമ്പുന്ന കാൽപാദം ജാനകി ചേച്ചിയുടെ മുഖം കാണുമ്പോഴേ നിശ്ചലമാവുന്നു.

“”” അല്ല ഇന്നെന്താ നേരത്തെ എഴുന്നേറ്റോ?”””

അടുക്കള ഭാഗത്തേക്ക് വന്ന് കൊണ്ടുള്ള ശാരദാമ്മയുടെ ചോദ്യത്തിന് ഒന്നു പുഞ്ചിരിച്ചതായി ഭാവിച്ച് കൊണ്ട് ചായപാത്രത്തിലേക്ക് ചായപ്പൊടി വാരിയിട്ടു.

“”” അയ്യോ.. എനിക്ക് മധുരം വേണ്ട കുട്ട്യേ.. ഷുഗർ ഉള്ളതാ..”””

പഞ്ചസാര പാത്രം എടുക്കുന്നത് തടഞ്ഞ് കൊണ്ട് ശാരദാമ്മ പറഞ്ഞു.

“”” എനിക്കറിയില്ലായിരുന്നു.”””

മുകളിലേക്ക് തന്നെ നോട്ടം പായിച്ച് കൊണ്ട് പറയുന്ന അവളെ ശാരദാമ്മ ഒന്ന് വീക്ഷിച്ച് കൊണ്ട് മൂളി.

“”” മക്കൾ എഴുന്നേറ്റ് കാണും. അവരെ പല്ല് തേപ്പിച്ച് കൊടുത്തേക്ക് “””

അവളെ ഒന്ന് കൂടി ഇരുത്തി നോക്കി കൊണ്ട് ശാരദാമ്മ പത്രം കൈയ്യിലെടുത്തു.

“”” ജാനകി….!! പശുവിനെ കറക്കിയോ?”””

“””ഉവ്വ് അച്ഛമ്മേ…!!”””

അകത്തേക്ക് നോക്കി ശാരദാമ്മ വിളിച്ച് കൂവിയതും പാൽ പാത്രം അടുക്കളയിൽ വച്ച് കൊണ്ട് ജാനകി ചേച്ചി വീണ്ടും ആലയിലേക്ക് പോവുന്നത് കണ്ടു.

ഇത് തന്നെ പറ്റിയ സന്ദർഭം എന്ന് മനസിലായതും ധൃതിയിൽ കഞ്ഞി ഉണ്ടാക്കി.

നിർത്താതെയുള്ള മാലുവിന്റെ കരച്ചിൽ മുകളിൽ നിന്ന് കേട്ടതും ഒരു നിമിഷം എന്ത് ചെയ്യും എന്നറിയാതെയവൾ വിറച്ചു.

ജാനകി ചേച്ചി അടുക്കളയിൽ എത്തുന്നതിന് മുമ്പ് കഞ്ഞി ആ മനുഷ്യന്റെ മുറിയിൽ എത്തിക്കണമായിരുന്നു.

“”” കുട്ടി…!!മോള് കരയുന്നത് കേട്ടില്ലെ?”””

ശാരദാമ്മയുടെ ശബ്ദം പുറത്ത് നിന്ന് വന്നതും വേഗം കഞ്ഞി അടുപ്പിൽ നിന്ന് മാറ്റി കൊണ്ട് മുഖവും കൈയ്യും സാരിതലപ്പിൽ തുടച്ചു.

“”” ഞാൻ നോക്കാം ശാരദാമ്മേ…!!”””

മുകളിലേക്ക് ഓടി പിടിച്ച് കയറുന്നതിനിടയിൽ സാരിയിൽ മറച്ച് കൊണ്ട് ഒരു പാത്രം കഞ്ഞിയും അവൾ എടുത്തിരുന്നു.

ഓടികിതച്ച് കൊണ്ട് തുറന്ന അവന്റെ മുറിയിലായി കയറി കൊണ്ട് പാത്രം മേശയിലായി വച്ചു.

ഉറങ്ങികിടക്കുന്ന അനന്തൻ ശബ്ദം കേട്ട് ഒന്ന് മൂരിനിവർന്നു.

“”” ഞാൻ വാക്ക് പാലിച്ചു ട്ടോ..വേഗം കുടിച്ചിട്ട് പാത്രം തരണേ.. മോൾ കരയ്യുവാ.. നോക്കീട്ട് വരാം”””

ഒറ്റശ്വാസത്തിൽ പറഞ്ഞൊപ്പിച്ച് കൊണ്ട് മക്കളുടെ മുറിയിലേക്ക് വേഗത്തിലോടുന്ന അവളെ ഒരു പുഞ്ചിരിയോടെ അവൻ നോക്കി നിന്നു.

“”” അയ്യോടാ… എന്തിനാ ചേച്ചിന്റെ മാലു മോള് കരയണേ…”””

“”” ഇത് അതവാ ചേച്ചിയമ്മേ..! അവൾക്ക് പല്ല് തേക്കാൻ മടിയാ..”””

മാലുവിനെ നോക്കി കൊണ്ട് കുറുമ്പ് നിറഞ്ഞ കണ്ണുകളോടെ കണ്ണൻ പറഞ്ഞതും അവനെ നോക്കി കോക്രി കാണിച്ച് കൊണ്ട് മാലു സീതയുടെ കഴുത്തിലായി കൈയ്യിട്ടു. എന്നാൽ സീതയുടെ ശ്രദ്ധ മുഴുവൻ കണ്ണനിൽ തറഞ്ഞ് നിന്നു.

“”” മോനിപ്പോ എന്നെ എന്താ വിളിച്ചത്? ഒന്നും കൂടി വിളിക്കോ?”””

സന്തോഷത്താൽ നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ അമർത്തി തുടച്ച് കൊണ്ടവൾ കൊതിയോടെ അവന്റെ വിളിക്കായി കാത്ത് നിന്നു.

“”” ചേച്ചിയമ്മ.. ഇഷ്ത്തായില്ലേ? ജാനിയമ്മ പതഞ്ഞു അങ്ങനെ വിതിക്കാൻ”””

ചുണ്ട് പിളർത്തി കൊണ്ട് പറയുന്ന അവനെ വാരിപുണർന്ന് കൊണ്ടവൾ ചുംബനങ്ങളാൽ മൂടി..

“””ന്തിനാ കരണേ..? കണ്ണേട്ട ചേച്ചിയമ്മയെ കരിച്ച്”””

വാവിട്ട് കരഞ്ഞ് കൊണ്ട് മാലു കണ്ണനെ അടിക്കാൻ തുടങ്ങിയതും കണ്ണനും തിരിച്ചടിച്ച് കൊണ്ട് സീതയുടെ കവിളിലായി കൈ വച്ച് കൊണ്ട് കണ്ണ് തുടച്ച് കൊടുത്തു.

“”” ഇനി ചേച്ചിയമ്മ വിന്തിക്കൂല്ല.. കരയ ന്താട്ടോ..”””

തല കുനിച്ച് കൊണ്ട് പറയുന്ന കണ്ണനെ മടിയിലായി ഇരുത്തി കൊണ്ടവൾ അവനെ ചേർത്ത് പിടിച്ചു.

“”” ചേച്ചിയമ്മയാട്ടോ.. ചേച്ചിയമ്മ എന്ന് വിളിച്ചാൽ മതിയേ…!!”””

അറിയാതെ കൈകൾ വയറിനെ സ്പർശിച്ചു. കണ്ണുനീർ ചാലിട്ടൊഴുകി പോയി.

അമ്മയാവാൻ കഴിയാത്തവൾ ഒരു ചേച്ചിയമ്മ എങ്കിലും ആയല്ലോ…!

അവന്റെ കവിളിൽ ഒന്ന് തലോടി കൊണ്ട് ബാത്റൂമിലേക്ക് കയറി. രണ്ടിനെയും കുളിപ്പിച്ച് ഉടുപ്പ് മാറ്റി പുറത്തേക്ക് കൊണ്ട് വന്നു.

“”” ചേച്ചിയമ്മ ഇപ്പോ വരാമ്മേ.. മക്കൾ താഴേക്ക് പൊക്കോട്ടോ…!!””

അനന്തന്റെ മുറിയിലേക്ക് കണ്ണുംനട്ട് കൊണ്ട് സീത മക്കളോടായി പറഞ്ഞു.

“”” ബേത.. ചേച്ചിയമ്മയും ബാ…!!”””

സീതയുടെ കയ്യിൽ മുറുകെ പിടിച്ച് കൊണ്ട് മാലു വാശിപിടിച്ചു.

“”” ചേച്ചിയമ്മ ഇപ്പോൾ വരാം ചക്കരേ..”””

അനന്തന്റെ മുറിയിലേക്ക് നടന്ന് കൊണ്ട് മക്കളോട് അവൾ പോയ്ക്കോളാൻ ആംഗ്യം കാട്ടി.. എന്നാൽ കണ്ണൻ ഓടി വന്ന് അവളെ പിടിച്ച് വലിച്ചു.

“”” പോന്ത… അബടെ കാട്ടുമാക്കാനുണ്ട്…പിച്ചും..”””

അവളെ വലിച്ച് കൊണ്ടവൻ ശാഠ്യം പിടിച്ചു.

“”” ആരാ പറഞ്ഞേ കാട്ടുമാക്കാൻ ഉണ്ടെന്ന്? അത് ചേട്ടനല്ലെ?””

അവന്റെ മുന്നിലായി മുട്ടുകുത്തിയിരുന്ന് കൊണ്ടവൾ ചോദിച്ചു.

“”” അച്ഛമ്മ പതഞ്ഞല്ലോ..! നാൻ കന്തതാ.. കാട്ടുമാക്കാൻ അച്ഛമ്മയെ അടിക്കണേ…”””

പേടിയോടെ അയാളുടെ മുറിയിലേക്ക് ഒന്ന് നോക്കി കൊണ്ടവൻ പതിയെ പറഞ്ഞു.

“”” അങ്ങനെ ഒന്നുമില്ല കണ്ണാ.. മോന് കാണണോ..”””

‘”” ബേണ്ട…!!!”””

കണ്ണ് നിറച്ച് കൊണ്ട് പിറകിലേക്ക് ഓടി കൊണ്ടവൻ മാലുവിന്റെ കൈ പിടിച്ചു.

“”” ഞാൻ അച്ഛമ്മയോട് പതഞ്ഞു കൊതുക്കും.. ചേച്ചിയമ്മ കാട്ടുമാക്കാന്റ തുത്ത് പോയീന്നു”””

മുഖം വീർപ്പിച്ച് കൊണ്ട് കണ്ണൻ നടന്നതും സീതയുടെ ഉള്ളൊന്നാളി..

“”” ദേവിയേ..കണ്ണൻ ആരോടെങ്കിലും പറഞ്ഞാൽ പ്രശ്നമാവും”””

അവൾ അവന് പിറകേ ആയി വച്ചു പിടിച്ചതും മുന്നിലായി തന്നെയും കാത്തെന്നപോലെ നിൽക്കുന്ന ജാനകി ചേച്ചിയെ കണ്ടതും ഒരു നിമിഷം പകച്ചു പോയി.

“”” എനിക്കൊന്ന് സംസാരിക്കണം. ഒന്ന് പറമ്പിലേക്ക് വാ.. അച്ഛമ്മ ചോദിച്ചാൽ മരച്ചീനിയുടെ കമ്പ് നടാൻ പോവാണെന്ന് പറഞ്ഞാൽ മതി”””

തിരക്കിട്ട് പറമ്പിലേക്ക് ഇറങ്ങിയ ജാനകി ചേച്ചിയുടെ പിറകിലായി വച്ച് പിടിക്കുമ്പോഴും നോട്ടം മുകളിലേ മുറിയിലേക്ക് തന്നെയായിരുന്നു. ജനൽ വാതിലിൽ പ്രതീക്ഷിച്ച മുഖം കണ്ടതും കണ്ണുകൾ വിടർന്നു. തന്നെ കണ്ട് മനസിലായി എന്ന പോലെ കൈ കൊണ്ട് ഒന്ന് വീശി കാണിച്ച് കൊണ്ട് അയാൾ ജനാല അടച്ചതും മുഖം നിരാശയാൽ താണുപോയിരുന്നു.

തനിക്ക് സംഭവിക്കുന്ന മാറ്റങ്ങളെ നിർവചിക്കാൻ സാധിക്കാതെ ഉഴലുകയായിരുന്നു സീത.

“”” അവിടെ നട്ടേക്ക്.. പെട്ടെന്ന് വളരും. നല്ല വളക്കൂറുള്ള മണ്ണാ..”””

ചിന്തക്ക് ഭംഗം വരുത്തി കൊണ്ട് ജാനകി ചേച്ചിയുടെ നിർദ്ദേശങ്ങൾ അനുസരണയോടെ പാലിച്ചു.

“”” ഞാൻ പറഞ്ഞിട്ടും നീ കേൾക്കില്ല എന്ന് വച്ചാൽ ഞാനെന്താ കുട്ടി പറയുക..കണ്ണൻ പറഞ്ഞു നീ അനന്തന്റെ മുറിയിൽ പോയത്”””

ജോലിയിൽ മുഴുകി കൊണ്ട് തന്നെ ജാനകി ചേച്ചി പറയുന്നത് കേട്ട് തെറ്റ് ചെയ്തവളെ പോലെ തല കുമ്പിട്ട് നിന്നു.

“”” നീ പേടിക്കേണ്ട..അവന് മിഠായി കൊടുത്ത് ഞാൻ അത് ഒതുക്കി. അവൻ പറയില്ല..ഭാഗ്യത്തിനാ അവൻ എന്നോട് പറഞ്ഞത്. അച്ഛമ്മയോടായിരുന്നെങ്കിൽ നീയിപ്പോൾ ഈ പടിക്ക് പുറത്തായെനേ..”””

ഒരു ഞെട്ടലോടെ എല്ലാം കേട്ടിരിക്കുകയായിരുന്നു സീത.

“”” അതെന്താ ജാനകി ചേച്ചി? അനന്തേട്ടന്റെ മുറിയിൽ കയറിയാൽ ആകാശം ഇടിഞ്ഞ് വീഴുമോ? നിങ്ങളൊക്കെ ആ പാവത്തിനെ എന്തിനാ ഈ മുറിയിൽ തളച്ചിട്ടിരിക്കുന്നത്? നേരാവണ്ണം ഭക്ഷണം പോലും ആ പാവത്തിന് കൊടുക്കുന്നില്ലെന്ന് വച്ചാൽ.. സ്വന്തം തന്നെയല്ലേ? പിന്നെ എന്തിനാ ഇത്രയും ക്രൂരത കാണിക്കുന്നത്?”””

മനസിൽ അത്രയും കാലം ഒതുക്കി നിർത്തിയ സംശയങ്ങളെല്ലാം തൊടുത്ത് വിടുമ്പോൾ ഒരിക്കൽ പോലും ഭയത്തിന് കീഴ്പ്പെട്ടിരുന്നില്ല. തെറ്റല്ല ചെയ്യുന്നതും പറയുന്നതും എന്ന് അവൾക്ക് ഉറപ്പ് ഉണ്ടായിരുന്നു.

“”” നിന്നോട് വാദിച്ച് ജയിക്കാൻ എനിക്ക് കഴിയില്ല കുട്ടി. വേണ്ടാത്ത കാര്യത്തിൽ തലയിടരുത് എന്ന് മാത്രം വീണ്ടും ഓർമിപ്പിക്കുവാ.. അനന്തനെ ആരും തളച്ചിട്ടതല്ല. അവനായി തന്നെ അവന് നൽകുന്ന ശിക്ഷയാണത്. അവന്റെ തീരുമാനത്തെ അംഗീകരിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. നിനക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ദയവ് ചെയ്ത് എന്റെ കുട്ടിയെ കൂടുതൽ അപകടത്തിൽ ചെന്ന് തള്ളരുത്. അപേക്ഷയാണ്. അതിനാണ് ഞാൻ തന്നോട് ഇത്രയും കയർത്തു സംസാരിക്കുന്നതും വിലക്കുന്നതും.”””

“”” കാരണം എന്താണെന്ന് പറഞ്ഞ് തന്നൂടെ..? ഒരാൾ ഇങ്ങനെ നരകിക്കുമ്പോൾ അയാളെ ഉപേക്ഷിക്കുകയാണോ വേണ്ടത്?സ്വന്തം മകനായിരുന്നെങ്കിൽ ചേച്ചി ഇങ്ങനെ ചെയ്യുമോ അനന്തേട്ടനോട്?”””

“”” മകനാണ്.. ഞാൻ പ്രസവിക്കാത്ത എന്റെ മകനാണ് അനന്തൻ. ഈ കയ്യിലിട്ടാണവനെ ഞാൻ വളർത്തിയത്. അവന്റെ ഓരോ സ്വഭാവവും എന്നെക്കാളും മറ്റാർക്കും അറിയാൻ സാധിച്ചിട്ടില്ല. ആ അവകാശം തന്നെയാ ഞാനവനിൽ കാണിക്കുന്നതും. അതേ അധികാരം തന്നെയാ ഞാൻ ഇന്നലെ തന്നോടും കാട്ടിയത്. സ്വന്തമെന്ന് കരുതുന്നവരെ രക്ഷിക്കേണ്ടതും ഒരു കടമയാണ് കുട്ടി..”””

“”” എന്നിട്ട് എന്ത് കൊണ്ട് ഈ രക്ഷക അനന്തേട്ടന്റെ അവസ്ഥക്ക് മുമ്പിൽ നിശബ്ദയാവുന്നു എന്നാണ് എനിക്കറിയേണ്ടത്?”””

ഉറച്ച ശബ്ദത്തോടെ തന്നെ കാര്യങ്ങൾ ഉന്നയിക്കുമ്പോൾ ആദ്യമായാണ് താൻ ശബ്ദമുയർത്തുന്നത് എന്നവൾ ഓർത്തു.

അതേ..! ഇത് വരെ സ്വന്തം വീട്ടുകാരുടെ അവഹേളനത്തിനും ക്രൂരതയ്ക്കും മുമ്പിൽ പ്രതികരിച്ചിട്ടില്ല. എല്ലാം വിധിയെന്ന് കരുതി സ്വയം പഴിച്ചു. അതേ ഞാൻ തന്നെ ഇന്ന് മറ്റൊരാളുടെ അവകാശത്തിന് വേണ്ടി വാദിക്കുന്നു.

സ്വന്തം മനസാക്ഷിയോട് പുച്ഛം തോന്നി പോയി. വ്യക്തിത്വമില്ലാത്തവളാണ് നീ..നിനക്കെന്ത് അവകാശമാണയാളിൽ സ്ഥാപിക്കാനുള്ളത്?

സ്വന്തം മനസ് തന്നെ താഴ്ത്തി കെട്ടി തുടങ്ങിയിരിക്കുന്നു..

അറിയില്ല. പക്ഷേ അയാളിൽ താൻ കാണുന്നത് തന്റെ മറ്റൊരു മുഖമല്ലേ. അതേ നിസ്സഹയാവസ്ഥ..തനിക്ക് നേടാൻ പറ്റാത്തത് അയാളിലൂടെയെങ്കിലും ഞാൻ നേടിയെടുക്കട്ടെ..

അയാളിലൂടെയെങ്കിലും തനിക്ക് പ്രതികരിക്കണം..

ചിന്തകൾ കാട് കേറി പോയതും ഉത്തരത്തിനായി എന്ന പോലെ അവരിൽ സീത നോട്ടമെഴുതു.

“”” ഞാൻ നിസഹായയാണ്.. അവന് ഞാനൊരു അമ്മയുടെ സ്ഥാനത്താണെങ്കിൽ ആ കുടുംബത്തിൽ എനിക്കൊരു അവകാശവുമില്ല കുട്ടി. അവരുടെ വാക്കുകൾ അനുസരിക്കാൻ മാത്രം വിധിക്കപ്പെട്ട ഒരു വേലക്കാരിയാണ് ഞാൻ. എന്റെ അഭിപ്രായത്തിനവിടെ സ്ഥാനമില്ല. എല്ലാം കണ്ണടച്ച് കാണേണ്ടി വരുമ്പോഴും മനസ് നീറി പുകയും. അവന് കുറച്ച് ആശ്വാസം നൽകാൻ എനിക്ക് ആകെ ചെയ്യാൻ പറ്റുന്നതാണ് ഞാനിപ്പോ ചെയ്യാറ്. ഉറക്കഗുളിക ഭക്ഷണത്തിൽ നൽകി കൊടുക്കും. അങ്ങനെയെങ്കിലും എന്റെ കുട്ടി വിഷമം മറന്ന് ഉറങ്ങട്ടെ”””

“”” ആരെയാ ജാനകി ചേച്ചി ഇങ്ങനെ പേടിക്കുന്നത്? ശാരദാമ്മ എന്താക്കാനാ? എന്തൊരു സ്നേഹമാ ശാരദാമ്മക്ക്.. ആ ശാരദാമ്മയാണോ അനന്തേട്ടനോട് ഇങ്ങനെ പെരുമാറുന്നത്?”””

സീതക്ക് വിശ്വസിക്കാൻ പ്രയാസം പോലെ തോന്നി. എന്നാൽ അതിന് മറുപടി ഒന്നും പറയാതെ നടന്നകലുകയായിരുന്നു ജാനകി ചേച്ചി.

“”” ചേച്ചി…..!!!?”””

പിറകിൽ നിന്ന് ഒരു മറുപടിക്കെന്നപോലെ അവൾ ജാനകി ചേച്ചിയെ വിളിച്ചു.

“”” കുട്ടി… സമയം വൈകും. ഇനി വൈകിയാൽ അച്ഛമ്മ തിരക്കും. വേഗം നടന്നോളൂ.. മക്കൾ അന്വേഷിക്കുന്നുണ്ടാവും”””

“”” ഞാൻ ചോദിച്ച കാര്യം…”””

“”” കുട്ടി… നമ്മൾ കണ്ണ് കൊണ്ട് കാണുന്നതെല്ലാം സത്യമാവണം എന്നില്ല. ചിലപ്പോൾ നേത്രങ്ങളും കള്ളം കാണിക്കും. കൂടുതൽ അബദ്ധങ്ങൾ വരുത്തി വയ്ക്കരുത് കുട്ടി. എപ്പോഴും രക്ഷിക്കാൻ ആളുണ്ടായെന്ന് വരില്ല. ഇനി അനന്തനെ കാണാൻ ശ്രമിക്കരുത്.. കുട്ടിയുടെ കൂടി സുരക്ഷക്ക് വേണ്ടിയാ പറയുന്നത്”””

ഒരു ശാസനപോലെ പറഞ്ഞ് കൊണ്ട് തനിക്ക് മുമ്പിലായി നടന്നകലുന്ന ജാനകി ചേച്ചിയെ ഒന്നും മനസിലാവാതെ നോക്കി കാണുകയായിരുന്നു സീത.

ആരാണ് നല്ലത്, ആരാണ് തെറ്റ്? ഒന്നും മനസിലാവുന്നിലല്ലോ ഭഗവതി..?

സ്വയമൊന്ന് ആത്മഗതിച്ച് കൊണ്ട് വീടിനകത്തേക്ക് കയറിയതും തന്നെയും കാത്ത് നിൽക്കുന്ന കുട്ടി സംഘത്തെ കണ്ട് ഒന്ന് പുഞ്ചിരിച്ചു.

“”” ചേച്ചിയമ്മ… ബാ… ഇന്ന് ഓടി പിടിച്ച് കളിക്കാം”””

അവളെയും വലിച്ച് കൊണ്ട് മൂവരും മുറ്റത്തേക്കിറങ്ങി. അടുത്ത വീട്ടിലെ കുട്ടികളെയും കൂടെ കൂട്ടിയതോടെ കളിയുടെ ആവേശവും കൂടി..

ഒരു വിധം ക്ഷീണിച്ച് അവശതയോടെ തിണ്ണയിൽ ഇരിക്കുമ്പോഴാണ് മുകളിൽ നിന്ന് അനന്തേട്ടന്റെ അലർച്ച കേട്ടത്.

കൂടുതൽ ഒന്നും ശ്രദ്ധിക്കാതെ മുകളിലേക്ക് ഓടി കയറാൻ തുനിഞ്ഞതും കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ടാരോ ഏതോ മുറിയിലിട്ട് പൂട്ടി.

“”” വാതിൽ തുറക്ക്..എന്താ ഇത്.. വാതിൽ തുറക്ക്”””

ആർത്ത് വിളിച്ച് കൊണ്ട് കരഞ്ഞതും ആരുടെയോ നേർത്ത ശബ്ദം കാതിൽ പതിഞ്ഞു.

“”” പറഞ്ഞാൽ നീ കേൾക്കില്ല. അതാ ഇങ്ങനെ ചെയ്തത്.. കുറച്ച് നേരം നീ പുറത്ത് ഇറങ്ങരുത്.”””

“”” ജാനകി ചേച്ചി.. വാതിൽ തുറക്ക്..എന്താ ഈ ചെയ്യുന്നത്? അനന്തേട്ടൻ…”””

“”” എനിക്കറിയാം.. എനിക്ക് കണ്ണടയ്ക്കാനെ പറ്റൂ.. മോളിപ്പോ അങ്ങോട്ട് പോവരുത്”””

“”” എന്താ ആ പാവത്തിനെ നിങ്ങളെല്ലാരും കൂടി ചെയ്യുന്നത്? ഈ വാതിൽ തുറക്ക്”””

വാതിലിൽ തല്ലി കൊണ്ടവൾ കരഞ്ഞ് കൊണ്ടിരുന്നു.

ശ്വാസം എടുക്കാൻ പോലും അവൾക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടു. പ്രിയപ്പെട്ടതെന്തോ തന്നിൽ നിന്ന് അകലുന്നത് പോലെയവൾക്ക് തോന്നി.

അനന്തന്റെ കരച്ചിൽ ആ വീടാകെ മുഴങ്ങിയതും മരവിച്ച അവസ്ഥയിൽ വാതിലിനരികിലായവൾ ഊർന്നു വീണു. മനസ് ശൂന്യമായിരിക്കുന്നു. ചെവിയിൽ തന്റെ കരച്ചിൽ മുഴങ്ങുന്നത് പോലെ.

ചേട്ടന്റെ ഫയൽ കാണാതെ പോയന്ന് തന്നെയും ഇത് പോലെ ഒരു മുറിയിലിട്ടല്ലേ അവർ ഉപദ്രവിച്ചത്. ഇതേ പോലെ അലറി കരഞ്ഞതല്ലേ താനും..

വീണ്ടും കരച്ചിലിന്റെ ധ്വനി കാതിൽ തുളച്ച് കയറിയതും രണ്ട് ചെവിയും പൊത്തി പിടിച്ച് കൊണ്ടവൾ മുടി ഭ്രാന്തിയെ പോലെ കോർത്ത് വലിച്ചു കൊണ്ടിരുന്നു.

ഇടയ്ക്ക് അനന്തന്റെ കരച്ചിൽ സഹിക്കാൻ കഴിയാതെ വാതിലിൽ തേങ്ങി കൊണ്ട് അടിച്ചു.

കുറച്ച് നേരത്തേക്ക് നിശബ്ദത തളം കെട്ടിയതും ഒരാശ്വാസത്തോടെയവൾ ദീർഘശ്വാസമെടുത്തു. ചെറിയൊരു ഞരക്കത്തോടെ വാതിൽ തുറന്നതും ആരെയും വക വെക്കാതെ മുകളിലേക്ക് പായുകയായിരുന്നു.

പടിയിൽ കാല് തെന്നി വീണിട്ടും വേദന സഹിച്ച് കൊണ്ടവൾ അനന്തന്റെ പൂട്ടികിടക്കുന്ന മുറിയിൽ ശക്തിയായി തട്ടി വിളിച്ച് കൊണ്ടിരുന്നു.

“”” വാതിൽ തുറക്ക്.. ഇതാരാ പുറത്ത് നിന്ന് പൂട്ടിയത്?”””

കരഞ്ഞ് കൊണ്ടവൾ ചുറ്റും നോക്കി. പിറകിലായി വായ മൂടി കൊണ്ട് കരയുന്ന ജാനകി ചേച്ചിയെ വെറുപ്പോടെയവൾ നോക്കി.

“”” സമാധാനമായില്ലേ? ഇതാണോ നിങ്ങൾ ആഗ്രഹിച്ചത്? ഇതിനല്ലേ എന്നെ പൂട്ടിയിട്ടത്? ഇതാണോ നിങ്ങളുടെ സംരക്ഷണം”””

പുച്ഛത്തോടെയവൾ ചുറ്റിലും നോട്ടം പായിച്ചു. അകത്ത് നിന്ന് വേദനയാൽ ഞരങ്ങുന്ന അനന്തന്റെ ശബ്ദം കേട്ടതും വേവലാതിയോടെയവൾ ഒന്നും കൂടി ജാനകി ചേച്ചിയെ നോക്കി.

“”” വാതിലിന്റെ താക്കോൽ എങ്കിലും തന്നൂടെ”””

“”” അച്ഛമ്മ കൊണ്ട് പോയി കാണും കുഞ്ഞേ.. പോയി ചോദിക്കല്ലേ.. കാല് പിടിക്കാം”””

ദയനീയമായി പറയുന്ന ജാനകി ചേച്ചിയെ ദേഷ്യത്തോടെ നോക്കി കൊണ്ടവൾ വാതിൽ തുറക്കാനായി സ്വന്തം മുറിയിലേക്കായി പാഞ്ഞു.

അവിടെ മൂലയിലായി പേടിച്ചിരിക്കുന്ന മാലുവിനെ കണ്ടതും സീത അമ്പരന്ന് പോയി..

“””മാലു മോളെന്താ ഇവിടെ? എന്താ പറ്റിയേ? എന്തിനാ കരയണേ?”””

അവളുടെ തോളിലായി പേടിയോടെ മുഖം പൂഴ്ത്തി നിൽക്കുന്ന മാലുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു സീത.

“”” അച്ഛമ്മ.. കാട്ടുമാക്കാനെ തല്ലി.. ബെത്ത് കൊണ്ട്. കാട്ടുമാക്കാൻ കഞ്ഞു.. മാലുമോൾ പേതിച്ചു പോയി”””

“”” കരയണ്ടാട്ടോ… ഒന്നുമില്ല ട്ടോ.. മോള് ജാനകിയമ്മയുടെ അടുത്ത് പോയിക്കോ..”””

മാലുവിനെ ജാനകിയമ്മയുടെ അടുത്തേൽപ്പിച്ച് കൊണ്ടവൾ മുറി മൊത്തം നോക്കി..

എന്നാലും ഒരു കുഞ്ഞിന്റെ മുന്നിൽ വച്ച് ഇങ്ങനൊക്കെ പെരുമാറാൻ അവർക്കെങ്ങനെ തോന്നി..

ഇത്രയും ദിവസത്തെ അവരുടെ പുഞ്ചിരിയിലെ കാപട്യം ആദ്യമായി അവൾക്ക് മുമ്പിൽ മറ നീക്കി പുറത്ത് വന്നത് പോലെ.

എന്തോ ഓർമ വന്നത് പോലെയവൾ വേഗം അടുക്കള വശത്ത് കൂടി വീടിന് പിറകിലായി ചെന്നു നിന്നു. അനന്തന്റെ അടഞ്ഞു കിടക്കുന്ന ജനലിലേക്കവൾ പ്രതീക്ഷയോടെ നോക്കി.

പെയിന്റ് പണിക്കായി കൊണ്ട് വച്ച ഏണി വലിച്ച് കൊണ്ടവൾ അവന്റെ ജനലിന്റെ സമീപം എത്തുന്ന രീതിയിൽ വച്ചു കൊണ്ട് അതിൽ കേറി കൊണ്ട് മുകളിലേക്ക് നീങ്ങി..

മുകളിലേക്ക് പോകുന്തോറും അവളിൽ ചെറിയ ഭയവും ഉടലെടുത്തിരുന്നു. ചെറുതായി അനങ്ങുന്ന ഏണിയിലേക്ക് വെപ്രാളത്തോടെ നോക്കി.

ഭയവും അക്ഷമയും കാരണം ഏണി ഇളകി താഴേക്ക് തെന്നാൻ പോയതും ആരുടെയോ കൈകൾ ഏണിയിൽ പിടിത്തമിട്ടിരുന്നു.

തുടരും…