ബിരിയാണി
Story written by Indu Rejith
ശ്യാമേ എനിക്ക് തന്നോട് യാതൊരു ഇഷ്ടക്കുറവുമില്ല…
പക്ഷേ മറ്റൊരുത്തന്റെ കുട്ടി എന്നെ അച്ഛാന്ന് വിളിക്കുമ്പോൾ എന്തോ….
തരുന്ന പൊന്നിന്റെയോ മണ്ണിന്റെയോ കണക്കു പറഞ്ഞ് ഞാൻ തന്നെ നോവിക്കില്ല…എനിക്ക് താൻ മാത്രം മതി…
പക്ഷേ ഈ കാര്യത്തിൽ താൻ എന്നോട് ഒരു മനസ്സലിവ് കാണിക്കണം….
എന്റെ ഫ്രണ്ട്സിന്റെ മുന്നിൽ വെച്ചുള്ള ഇവന്റെ അച്ഛാ വിളിയും മടിയിൽ കയറിയുള്ള കളികളും ഒന്നും എനിക്ക് അങ്ങോട്ട് ചിലപ്പോൾ അംഗീകരിക്കാൻ പറ്റിയെന്നു വരില്ല…
പ്രേമിച്ചു നടന്ന കാലത്തോ എനിക്ക് തന്നെ സ്വന്തമാക്കാൻ പറ്റിയില്ല….ഒടുവിൽ രണ്ടാംകെട്ട് കാരിയായ തന്നെ സ്വീകരിക്കാൻ ഇങ്ങനെ ഒരുങ്ങി നിൽക്കുന്നതും പഴയ ഇഷ്ടം കൊണ്ട് തന്നെയാണ്..
ഇവനുള്ളപ്പോ ഒന്ന് അടുത്ത് ഇടപഴകാൻ പോലും എനിക്ക് പറ്റുന്നില്ല….നമ്മൾ പരസ്പരം ഒന്ന് അടുക്കുന്നത് വരെ ഇവനെ ഒന്ന് ഒഴിവാക്കിയേ പറ്റു…വിവാഹം ലളിതമായിട്ട് രജിസ്റ്റർ ഓഫീസിൽ വെച്ച് നടത്താം
താനെന്താ ഒന്നും….മിണ്ടാത്തെ…
കുഞ്ഞിനെ ഒഴിവാക്കിയുള്ള ഒരു ജീവിതം ആയിരുന്നു കിരൺ സ്വപ്നം കണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു…
ആലോചനയുമായി താൻ വന്നപ്പോഴേ ഞാൻ പറഞ്ഞിരുന്നതല്ലേ ഇവനെ പറ്റി…ഞാൻ ചൂണ്ടി കാട്ടുന്ന ആളിനെ അച്ഛാ എന്ന് വിളിക്കുന്നതല്ലാതെ ആ വാക്കിന്റെ അർത്ഥവ്യാപ്തി അറിയാനുള്ള പ്രായം അവന് ആയോ കിരൺ??
വാഹനാപകടത്തിൽ ചതഞ്ഞരഞ്ഞ മാംസ കഷ്ണങ്ങളെ പെട്ടിയിലാക്കി കൊണ്ട് വെച്ചപ്പോൾ… അച്ഛൻ പുതച്ചു പെട്ടിയിൽ കയറി കിടക്കുവാ അമ്മേ വാ കാണാം എന്ന് പറഞ്ഞ മാനസിക വളർച്ചയെ അവനുള്ളു…
വിവാഹത്തിന് മുൻപ് ഇങ്ങനെ ഒരു കൂടി കാഴ്ച്ച ഉണ്ടായത് നന്നായി….ഒരിക്കൽ മനസ്സിൽ കൊണ്ട് നടന്നവനൊപ്പം ജീവിക്കാൻ… എന്റെ ജീവനിൽ കിളിർത്തതിനെ ഉപേക്ഷിക്കാൻ എനിക്ക് ആവില്ല കിരൺ…
ഇഷ്ടപ്പെട്ടുകൊണ്ടുള്ള കല്യാണം ആയിരുന്നില്ല ഞാനും ഇവന്റെ അച്ഛനും തമ്മിൽ പക്ഷേ ഒരിക്കൽ പോലും എന്റെ ഇഷ്ടത്തെ ത്രാസിലിട്ട് അയാൾ തൂക്കി നോക്കിയിട്ടില്ല….
കൂടെ കൊണ്ട് നടന്ന് എപ്പോഴോ എന്റെ സ്നേഹം മുഴുവൻ തഞ്ചത്തിൽ തട്ടിയെടുത്ത് പെട്ടനൊരു ദിവസം ഞങ്ങളെ വിട്ടു പോയി….ഇനിയൊരു വിവാഹം താല്പര്യം ഉണ്ടായിട്ടല്ല…
എന്നെ സ്നേഹിക്കുന്ന ആളാകുമ്പോ അതിന്റെ ഒരംശം ഇവനും കിട്ടുമെന്ന് കരുതി…
കുഞ്ഞിനെ ഒഴിവാക്കി എന്നെ സ്വന്തമാക്കാൻ ആണെങ്കിൽ എനിക്ക് ഒന്നും പറയാനില്ല കിരണിന് പോകാം…
ആണൊരുത്തന്റെ കൂടെ ഇത് വരെ ജീവിച്ചത്തിന്റെ മിച്ചമായി കുറച്ച് അഭിമാനം കൈയിലുണ്ട് അത് മതിയെനിക്ക്….കൂടുതൽ സംസാരിക്കണമെന്നില്ല…
അവൾക്ക് വേണ്ടെങ്കിൽ നീയിങ്ങു പോരെടാ…..
കിരണിന്റെ കൂടെ വന്ന ഒരു സുഹൃത്ത് കൈയാട്ടി വിളിക്കുണ്ടായിരുന്നു….
അവൻ തിരികെ നടന്നു…
അവൾ ഒരുതരത്തിൽ അടുക്കുന്നില്ലടാ….
കെട്ട്യോനോപ്പം അധിക നാളൊന്നും അവൾ ജീവിച്ചിട്ടില്ല…. ഇപ്പോഴും എന്താ ഒരു മൊഞ്ച്…
ആഹ്ഹ് വിധിച്ചിട്ടില്ല….
ആണൊരുത്തന്റെ കൂടെ ജീവിക്കാൻ വിളിച്ചപ്പോ അവക്ക് വയ്യെന്ന് മോനേം കെട്ടിപിടിച്ച് ജീവിക്കട്ടെ ഒരു മദർ തെരേസ…
ടാ കിരണേ നീ എന്നെ പറ്റിയെന്താ കരുതിയെ….
നിന്നേ വേണ്ടാന്ന് പറഞ്ഞവളെ ഞാൻ മര്യാദ പഠിപ്പിക്കും…അവളുടെ മോനില്ലേ അവനെപ്പോഴേ കാഞ്ഞു കാണും… അതിനുള്ള പണി ചെയ്തിട്ടാ ഞാൻ പോന്നേക്കണേ…
എന്തോന്ന് പണി…
നിങ്ങടെ സംസാരമൊക്കെ ഞാൻ കേട്ടോണ്ട് നിക്കുവാരുന്നു…ചെറുക്കാനാണ് വിഷയം എന്നെനിക്ക് ഉറപ്പായപ്പോ വണ്ടിയിൽ ഇരുന്ന ബിരിയാണി ചോറിൽ ലേശം വിഷം ചേർത്തു ഞാൻ അവന് കൊടുത്തു…
അവളേം കാത്ത് ഈ ആ തിണ്ണയിൽ ഉണ്ടായിരുന്നു അവൻ…അമ്മേടെ ഫ്രണ്ടാ മോൻ കഴിച്ചോന്ന് പറഞ്ഞ് കൊടുത്തു കൊച്ച് പയ്യനല്ലേ അതോണ്ട് തിരിച്ചു ചോദ്യം ഒന്നും വന്നില്ല…
അവന്റെ ഇടപാട് തീർന്നിട്ടുണ്ടാവും ഇപ്പോ നീ ഒന്ന് ചെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാന്ന് പറ നിനക്ക് ഭാഗ്യം ഉണ്ടങ്കിൽ അവള് വീഴും…
എന്ത് പറയുന്നു ബൈക്ക് തിരിച്ചു വിടണോ അതോ ചെറുക്കൻ കാഞ്ഞു കഴിഞ്ഞ് വീണ്ടും പോയി അവളോട് സംസാരിക്കുന്നോ…കിട്ടിയാൽ ഊട്ടി…. അല്ലെങ്കിൽ…
ആ കടത്തിണ്ണയിലോട്ട് അധിക ദൂരമില്ലല്ലോ നീ എന്തായാലും വണ്ടി തിരിക്ക്….
ബൈക്ക് തിരിച്ചതും കുറേ തെരുവ് നായ്ക്കൾ കുറുകെ ചാടി….പെട്ടന്നുള്ള ഇടിയിൽ ബൈക്കിന്റെ ബാലൻസ് തെറ്റി രണ്ടുപേരും എങ്ങോട്ടോ തെറിച്ചു മാറി….ബിരിയാണിയിലെ ഇറച്ചി കഷ്ണം പോലെ മാംസം അന്തരീക്ഷത്തിൽ പാറി നടന്നിരുന്നു…
ചോരമണം പിടിച്ച് നായ്ക്കൂട്ടം വന്നവരെ നോക്കി കുരയ്ക്കുന്നുണ്ടായിരുന്നു…
ഇറച്ചിചാറു പോലെ രക്തം മുഖത്തേക്ക് ഇടതടവില്ലാതെ ഒഴുകിയിറങ്ങി….ഓടി കൂടിയവരിൽ ആരോ പറയുന്നുണ്ടായിരുന്നു…. ഇവമാരാ ആ കടത്തിണ്ണയിൽ കിടന്ന നായ്ക്കൾക്ക് വിഷം കൊടുത്തു കൊന്നതെന്നു തോന്നുന്നു….ഒരു ബിരിയാണി പൊതി ദാ കിടക്കുന്നു… ആ കടത്തിണ്ണയിലും കിടപ്പുണ്ട് പാതി ചോറ്…..എതായാലും പൊക്കിയെടുക്ക് സംസാരമൊക്കെ പിന്നെ…കൊണ്ട് പോയിട്ട് കാര്യമില്ല എങ്കിലും രണ്ട് മനുഷ്യ ജീവനല്ലേ… വന്ന ആംബുലൻസിൽ കയറ്റി പാതി ചത്ത ശരീരം അലറി വിളിച്ച് എങ്ങോട്ടോ പോയിരുന്നു….
കൂടിനിന്നവരിൽ അവളും ഉണ്ടായിരുന്നു….
കുട്ടാ മോന് ആരെങ്കിലും ബിരിയാണി തന്നിരുന്നോ….
ഉവ് തന്നിരുന്നു….
എന്നിട്ടെന്തേ അമ്മയോട് പറയാഞ്ഞേ….
അമ്മ വന്നിട്ട് വാരി തരുമല്ലോന്ന് മോൻ വിചാരിച്ചതാ…അപ്പോളേക്ക് ഒരു പട്ടിക്കുട്ടി വന്ന് മണം പിടിച്ച് നടന്നു…മോനേ നോക്കി വാലാട്ടി…
അച്ഛൻ പറഞ്ഞിട്ടുണ്ടല്ലോ അവർക്ക് ആഹാരം ചോദിക്കാൻ അറിയില്ല മുന്നിൽ വന്ന് നിന്നാൽ ഉള്ളത് കൊടുക്കണമെന്ന്….വണ്ടിയിൽ പോകുമ്പോ ഉച്ചയൂണ് നേരത്ത് അച്ഛൻ കൊടുക്കുമല്ലോ….
ആ നന്ദി അവറ്റകൾ ഈ അമ്മയോട് കാട്ടി മോനേ….
നന്ദിയോ….
ഒന്നുല്ല കുട്ടന് വിശക്കുന്നില്ലേ വേഗം വീട്ടിൽ പോകാം…
അവന്റെ അച്ഛനെ മരിച്ചിട്ടുള്ളു…. അയാൾ വിത്ത് പാകിയ നന്മകളൊന്നും മരിച്ചിട്ടില്ല…
അവനേ എന്റെ മോനാടി.. അല്ല നമ്മുടെ മോനാടി…
ആരോ കാതിൽ പറയുന്നത് പോലെ…
കുഞ്ഞിന്റെ കൈകൾ മുറുകെ പിടിച്ച് മുന്നോട്ട് നടന്നു….അവന്റെ അച്ഛൻ മുന്നിൽ നിന്ന് നയിക്കുന്നത് പോലെ
ശുഭം