ആക്സിഡന്റലി എന്നേക്കും…
Story written by MAREELIN THOMAS
“മോൾക്ക് കല്യാണം ഒന്നും ആയില്ലേ സുഭദ്രേ…പ്രായം മുന്നോട്ട് പോവല്ലേ…. ഇനിയും താമസിച്ചാൽ നടക്കാൻ ബുദ്ധിമുട്ടാവും ട്ടോ…”
അമ്പലത്തിലേക്ക് പോകുന്ന വഴി സുഭദ്രയെയും മകൾ നിത്യയെയും കണ്ട ജലജയുടെ വകയാണ് (ഏകദേശം 25 തൊട്ട് മുകളിലോട്ട് പ്രായം ഉള്ള പെൺകുട്ടികളുടെ അമ്മമാരോട് സ്ഥിരം ചോദിക്കുന്ന) എവർഗ്രീൻ ക്ലാസ്സിക് ചോദ്യം..
ചോദ്യത്തിന് തക്ക മറുപടി പറയാനായി തുനിഞ്ഞ നിത്യയെ സുഭദ്ര തടഞ്ഞു…എന്തെങ്കിലും മറുത്ത് പറഞാൽ “അഹങ്കാരി” എന്ന പേര് എപ്പോ വീണു എന്ന് ചോദിച്ചാൽ മതി…
അമ്മയുടെ മുഖത്തെ അപേക്ഷാ ഭാവം കണ്ടപ്പോൾ നിത്യ പറയാൻ വന്നത് വിഴുങ്ങി…
“ആലോചനകൾ നടക്കുന്നുണ്ട് ജലജേ… എല്ലാം ഒത്തുവരണ്ടേ….”
‘വല്ലപ്പോഴും ലീവ് കിട്ടി വീട്ടിൽ വരുന്നതാ… വീടിന് പുറത്തിറങ്ങിയാൽ അപ്പൊൾ തുടങ്ങും ഓരോന്ന്….” കല്യാണം ആയില്ലേ…. കറുത്ത് പോയല്ലോ…. മുഖത്ത് നിറയെ പാടായല്ലോ…” അല്ലാതെ , “നല്ല ജോലി കിട്ടിയല്ലോ….. മിടുക്കിയാ ട്ടോ…” എന്നൊന്നും ഒരു മനുഷ്യനും പറയില്ല… ‘ നിത്യ മനസ്സിൽ ഓർത്തതും ജലജ തുടർന്നു..
“ആഹ്.. കഴിഞ്ഞ തവണ കണ്ടതിലും കറുത്ത് പോയല്ലോ മോളെ… അധികം വെയില് കൊള്ളാനൊന്നും നിൽക്കണ്ട ട്ടോ.. ഒരിത്തിരി പച്ച മഞ്ഞൾ അരച്ച് മുഖത്ത് തേച്ചാൽ ആ കറുത്ത പാടുകൾ ഒക്കെ മാറിക്കിട്ടും.. ഇത്തിരി വെളുക്കുകയും ചെയ്യും.. പെണ്ണ് കാണാൻ വരുന്ന ചെറുക്കന് കണ്ടാൽ ഇഷ്ടപ്പേടണ്ടെ… “
അത്രയുമായപ്പോൾ നിത്യയുടെ കൺട്രോൾ പോയി… അല്ലെങ്കിലും ഇതിനൊക്കെ യോജിച്ച മറുപടി അപ്പപ്പോൾ കൊടുക്കണം.. അവരോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് തന്നെ…..
“കണ്ടോ അമ്മെ.. ആന്റിക്ക് മാത്രേ എന്നോട് സ്നേഹം ഉള്ളൂ… അമ്മ ഇത് വല്ലതും ശ്രദ്ധിക്കുന്നുണ്ടോ?? നമ്മുടെ വീട്ടിൽ പച്ച മഞ്ഞൾ ഉണ്ടോ.. “
“ഇല്ലാ….”
” ശ്ശോ.. അതൊക്കെ നട്ട് വളർത്തണ്ടെ… ആഹ്.. പോകുന്ന വഴി എവിടെയെങ്കിലും കണ്ടാൽ രണ്ട് ചുവട് പറിച്ച് കൊണ്ട് പോകാം.. “
“ആന്റി, ഇളയ മകൻ നിഖിൽ ഇപ്പൊ എന്ത് ചെയ്യുവാ?? ബാങ്കിൽ മാനേജർ അല്ലെ..മ്മക്ക് ഒന്ന് ആലോചിച്ചാലോ… ഒരു വെടിക്ക് രണ്ട് പക്ഷി… എന്റെ കല്യാണവും നടക്കും ആന്റിയുടെ വിഷമവും മാറിക്കിട്ടും…. പിന്നെ നിഖിലെട്ടൻ നല്ല വെളുത്തിട്ടല്ലെ… ഉണ്ടാവുന്ന പിള്ളേർക്ക് നല്ല നിറവും കിട്ടും… അപ്പോ എങ്ങനെയാ..രണ്ടു കൂട്ടർക്കും അങ്ങോട്ടുമിങ്ങോട്ടും നല്ലോണം അറിയാവുന്നത് കൊണ്ട് പെട്ടെന്ന് അങ്ങ് നടത്താം ല്ലേ…”
“ശ്ശോ… സംസാരിച്ച് സമയം പോയതറിഞ്ഞില്ല.. അമ്പലത്തിലേക്ക് ഇറങ്ങിയതായിരുന്നു.. നട അടക്കാറായി കാണും.. പിന്നെ കാണാം ട്ടോ…”
ജലജ നൈസ് ആയി അവിടെ നിന്ന് മുങ്ങാനുള്ള വ്യഗ്രതയിൽ പറഞ്ഞു..
“ആന്റി…… ആലോചന മറക്കണ്ട ട്ടോ.. ഇനിയിപ്പോ പെണ്ണ് കാണൽ ഒന്നും വേണ്ട.. നേരെ ഉറപ്പിക്കാം…” അവർ പോയ വഴിയേ നിത്യ വിളിച്ച് പറഞ്ഞു.. “പിന്നെ “നടക്കാൻ ബുദ്ധിമുട്ട്” എന്തെങ്കിലും ഉണ്ടെങ്കിൽ ആയുർവേദം വല്ലതും പരീക്ഷിച്ചു നോക്കൂ… എല്ലാം ശരിയാവും…” പക്ഷേ അപ്പോഴേക്കും, നിത്യയുടെ ശബ്ദം തന്റെ കാതിൽ പതിയാൻ അനുവദിക്കില്ലെന്ന ദൃഢ പ്രതിഞ്ജയോടെ ജലജ മുൻപോട്ട് കുതിക്കുകയായിരുന്നു…
പുതിയ ഒരു സയൻസ് തിയറി അവിടെ പിറന്നു….
“ജലജ ട്രാവെൽസ് ഫാസ്റ്റർ ദാൻ നിത്യാസ് സൗണ്ട്… “
?????????????
രാത്രി അത്താഴം കഴിച്ച് കൊണ്ടിരുന്നപ്പോൾ ജലജ, സുഭദ്രയെയും മോളെയും കണ്ടതും, അവിടെ നടന്ന സംഭവവികാസങ്ങളും അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് , തനിക്ക് അനുകൂലമായി ഭർത്താവിനോടും മകൻ നിഖിലിനോടും പറഞ്ഞ് കേൾപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നൂ…
“ഹും അഹങ്കാരി.. അവള് എന്റെ മോന് കല്യാണം ആലോചിച്ചിരിക്കുന്നൂ.. “
“പെൺകുട്ടി അല്ലെ…. പ്രായം മുൻപോട്ട് പോകുന്നു….പെട്ടെന്ന് കല്യാണം നടത്തണം അല്ലെങ്കിൽ പിന്നെ നടക്കാൻ ബുദ്ധിമുട്ടാവും എന്ന് എന്റെ നല്ല മനസ്സിന് സുഭദ്രയോട് പറഞ്ഞപ്പോൾ ആ പെണ്ണ് എന്നോട് പറയുവാ, നടക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ആയുർവേദം പരീക്ഷിക്കാൻ… “
അമ്മയുടെ സ്വഭാവം നന്നായി അറിയാമായിരുന്ന നിഖിലിന് ഏകദേശം എന്തായിരുന്നിരിക്കും നടന്നതെന്ന് ഊഹിക്കാൻ കഴിയുമായിരുന്നു… അവന്റെ ചുണ്ടുകളിൽ ഒരു കുസൃതി ചിരി തെളിഞ്ഞു…
അത്താഴം കഴിഞ്ഞ് ബാൽക്കണിയിലേക്ക് നടന്നു, നിഖിൽ…
“കാന്താരി… കൊള്ളാല്ലോ ആൾ… ” ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്…. പക്ഷേ സംസാരിച്ചിട്ടില്ല…., ഒന്ന് കാണേണ്ടി വരും…. ” ബാൽക്കണിയിലേ ഊഞ്ഞാലിൽ ഇരിക്കുകയായിരുന്ന നിഖിലിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു…
“എന്താടാ ഒരു ആലോചന…”
“എയ്യ്… ഒന്നുമില്ല അച്ഛാ..”
“അങ്ങനെ ഒന്നുമില്ലാതെ എന്റെ മോൻ ഇവിടെ ഇരുന്ന് സ്വപ്നം കാണില്ലെന്ന് അച്ഛന് അറിയാമല്ലോ…”
നിഖിൽ ചിരിച്ചു…
“അച്ഛനാണച്ഛാ അച്ഛൻ….”
“അതെ… ഞാൻ തന്നെ ആണല്ലോ നിന്റെ അച്ഛൻ….”
“അമ്മയുടെ ഇന്നത്തെ കഥയിലെ നായികയെ പറ്റിയാണോ മോൻ ഈ ആലോചിച്ച് കൂട്ടുന്നത്.. അമ്മ സംസാരിച്ച് കൊണ്ടിരുന്നപ്പോൾ നിന്റെ മുഖത്ത് വിരിഞ്ഞ നവരസങ്ങൾ അച്ഛൻ ശ്രദ്ധിച്ചിരുന്നു…”
“ചെറുതായിട്ട്….”
“കേട്ടിടത്തോളം നിന്റെ അമ്മയുടെ മുൻപിൽ പിടിച്ച് നിൽക്കാൻ കഴിവുള്ളവളാ…മനസ്സിൽ ഒരു സ്പാർക്ക് തോന്നിയിട്ടുണ്ട് എങ്കിൽ കൂടെ കൂട്ടുന്നതിനെ പറ്റി ആലോചിച്ചുകൂടെ…. ഒന്നുമല്ലെങ്കിലും പെണ്ണ് തന്നെ കൊണ്ടുവന്ന ആലോചനയല്ലേ….ഞാൻ ഉണ്ടെടാ നിന്റെ കൂടെ.. അമ്മയെ നമുക്ക് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാം… നീ ആദ്യം പെണ്ണിനെ ഒന്ന് കാണ്…. അവൾക്ക് താല്പര്യം ഉണ്ടോ എന്ന് അറിയണമല്ലോ…”
ദിവസങ്ങൾ കടന്ന് പോയി…
അമ്മയുടെ വാക്കുകളും അതോടൊപ്പം അവ്യക്തമായ ഒരു ഇരുനിറക്കാരിയുടെ ചിത്രവും അവന്റെ മനസ്സിൽ ഇടക്കിടക്ക് തെളിഞ്ഞ് വന്നുകൊണ്ടിരുന്നു..
???????????????
” ഡോ.. ഡോ…. നിത്യ….”
പിറകിൽ നിന്ന് ആരോ തന്നെ വിളിക്കുന്നത് കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ തന്റെ അടുത്തേക്ക് ഓടി വരുന്നതാണ് നിത്യ കണ്ടത്….
‘എവിടെയോ കണ്ടിട്ടുള്ളത് പോലെ.. നല്ല മുഖ പരിചയം…’
‘യ്യോ… ഇത് നിഖിൽ ചേട്ടൻ അല്ലെ.. ഇങ്ങേര് ഇതെന്താ ഇങ്ങോട്ട് വെച്ച് പിടിക്കുന്നെ.. ഇനി അന്നത്തെ കാര്യം അറിഞ്ഞിട്ട് വരുന്നതാണോ…. ‘ നിത്യ പരിഭ്രാന്ത ആയി..
“എന്നെ മനസ്സിലായോ….”
നിത്യ തലയാട്ടി…
“മനസ്സിലായി എന്നോ…ഇല്ലെന്നോ…???”
“മനസ്സിലായി…”
“താൻ എനിക്ക് കല്യാണം ആലോചിച്ചു എന്ന് കേട്ടു….. “
നിഖിലിന്റെ ശബ്ദം കനത്തിരുന്നൂ…
നിത്യ ഒന്ന് പരുങ്ങി….
“എന്താടോ… ഉത്തരം ഒന്നുമില്ലേ… ഇങ്ങനെയല്ലല്ലോ തന്നെപ്പറ്റി ഞാൻ കേട്ടത്..ഉരുളക്കുപ്പേരി പോലെ മറുപടി പറയും എന്നാണല്ലോ… മോശം….മോശം…”
“ഒരു കാര്യവും ഇല്ലാതെ ഞാൻ ആരുടെയും മെക്കിട്ട് കയറാൻ പോകാറില്ല…”
“ആ അതാണ്… എന്തായാലും താൻ ഒരാലോചന കൊണ്ടുവന്നിട്ട് ഞാൻ അത് വേണ്ട വിധം പരിഗണിച്ചില്ല എന്ന് വേണ്ട…ഇഷ്ടായി…. പെരുത്തിഷ്ടായി…. “
കീ കീ കീ കീ കീ കീ കീ…. ഞെട്ടണ്ട.. നിത്യയുടെ തലയിലെ കിളികൾ കൂട്ടത്തോടെ പറന്ന് (പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടി ഞാനൊരു പൂമരക്കൊമ്പിൽ ആ..പൂമരക്കൊമ്പിൽ ആ..പൂമരക്കൊമ്പിൽ……..) പറന്ന് പോയ സൗണ്ട് ആണ് കേട്ടത്….
“ഇങ്ങനെ ഒരെണ്ണത്തിനെ കുറച്ച് നാൾ ആയി ഞാൻ തിരയാൻ തുടങ്ങിയിട്ട്… “
“ങ്ഹെ എന്താ… ” രണ്ട് മൂന്ന് കിളികളെ ഓടിച്ചിട്ട് പിടിച്ച്, തിരിച്ച് തലയിൽ പ്രതിഷ്ഠിച്ച് നിത്യ ചോദിച്ചു…
” ഇങ്ങനെ ഒരു Unique കാരാക്ടറിനെ അന്വേഷിച്ച് നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി ന്ന്… ചെവി കേട്ടൂടെ…”
കീ കീ …. ഓടിച്ചിട്ട് തിരിച്ച് പിടിച്ച കിളികളും പറന്ന് പറന്ന്……
“ഡോ… ഞാൻ അച്ഛനമ്മമാരെ കൂട്ടി വീട്ടിലോട്ട് വരട്ടെ… വല്ലതും മനസ്സിലായോ… എതിർപ്പ് എന്തെങ്കിലും ഉണ്ടോ തനിക്ക്…”
(” സര്വ്വ മംഗള മംഗല്യേ ശിവേ സര്വാര്ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ “
ചുവന്ന പട്ടിൽ സർവ്വഭരണഭൂഷിതയായി നിത്യ… അതേ കളർ കുർത്തയും കസവ് മുണ്ടും ധരിച്ച നിഖിൽ… നിത്യയുടെ കയ്യിൽ മുറുകെ പിടിച്ച് കൊണ്ട് നിഖിൽ അഗ്നിക്ക് വലം വെക്കുന്നു…. ഒരു സ്വപ്നത്തിലേന്നപോലെ നിത്യ നിഖിലിനെ അനുഗമിക്കുന്നു…സ്വപ്നത്തിലെന്നപോലെ എന്നല്ല… സ്വപ്നത്തില് തന്നെ… കണ്ണ് തുറന്ന് സ്വപ്നം കാണുകയാണ് നിത്യ….)
‘ഈശ്വരാ.. ഇതെന്താ.. മിനിറ്റിന് മിനിറ്റിന് സ്വപ്നം കാണുന്ന സ്വപ്നജീവിയോ…’ നിത്യയുടെ തോളിൽ ചെറുതായി ഒന്ന് തട്ടി, നിഖിൽ…
“ങ്ഹെ….”
“തനിക്ക് എതിർപ്പ് വല്ലതും ഉണ്ടോ…”
നിത്യ പതിയെ ഇല്ല എന്നുള്ള അർത്ഥത്തിൽ തല ചലിപ്പിച്ചു…
“ഗുഡ്.. അപ്പൊ കാണാം… കാണണം…” ഒരു കുസൃതി ചിരിയുമായി നിഖിൽ നടന്നകലുമ്പോളും നിത്യ ഒരു മായാലോകത്തായിരുന്നൂ… വഴിയിലൂടെ പോയ ഒരു കാറിന്റെ ശബ്ദം അവളെ സ്വപ്നലോകത്ത് നിന്നും തിരികെ എത്തിച്ചു…. പതിയെ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു..
നിത്യയുടെ കൈ കൊണ്ട് തന്നെ ആയുർവേദ ചികിത്സ നടത്തി ജലജാമ്മയുടെ നടക്കാനുള്ള ബുദ്ധിമുട്ട് മാറണം എന്നായിരുന്നു ഈശ്വരൻ തീരുമാനിച്ചിരുന്നത്….ഇതായിരിക്കും താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന് പറയുന്നത്.. ല്ലേ…. ????