ഞങ്ങൾ ഒന്നിച്ചു സിനിമക്ക് പോയി. കടൽ കാണാൻ പോയി. ഭക്ഷണം കഴിക്കാൻ പോയി. അവൾ ചിരിക്കുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം…

തീർത്ഥം

Story written by AMMU SANTHOSH

“ഒരിക്കൽ വിനു എന്നോട് പറഞ്ഞു ജീവിക്കുന്നെങ്കിൽ ഒന്നിച്ച് മരിക്കുന്നെങ്കിലും ഒന്നിച്ച്. ഞാൻ ആദ്യം മരിക്കുകയാണെങ്കിൽ നീ എന്റെ ഒപ്പം പോരണം. മറിച്ചു നീ ആണെങ്കിൽ ഞാൻ അടുത്ത നിമിഷം നിന്റെ ഒപ്പം ഉണ്ടാകും.. ആ വിനുവാണ് അച്ഛനെയും അമ്മയെയും വേദനിപ്പിച്ചു ഒപ്പം കൂട്ടാൻ വയ്യ എന്ന് പറഞ്ഞത്. ജാതകം ചേരില്ലത്രേ. പ്രണയിച്ചപ്പോൾ എന്തെ ജാതകം നോക്കിയില്ല? അത്ര വിശ്വാസം ഉള്ള ഒരു അച്ഛന്റെ മകൻ എന്തെ ആദ്യമത് നോക്കാതെ പോയി. ഇന്ന് നെഞ്ചിൽ തീയാണ് ഡോക്ടർ.. വീട്ടിലും കാണിക്കാൻ വയ്യ. ഞാൻ കരയുന്നത് കാണുമ്പോൾ അവരും കരയുകയാണ്.. ഒട്ടും സഹിക്കാൻ വയ്യാതെ വന്നപ്പോൾ ഞാൻ ഈ ബുദ്ധിമോശം കാണിച്ചു പോയതാണ് “

അവളുടെ കൈത്തണ്ടയിലെ മുറിപ്പാട് നഴ്സ് നന്നായി പൊതിഞ്ഞു വെച്ചിരുന്നു. ഞാൻ ആ ശിരസ്സിൽ തലോടി. എനിക്ക് പെണ്മക്കൾ ഇല്ല. മൂന്ന് ആൺമക്കൾ. അവരെന്നെ ജീവനെ കണക്ക് സ്നേഹിക്കുന്നുണ്ട്. പക്ഷെ ഒരു മകൾ ഇല്ലാത്ത ദുഃഖം ഇടക്ക് എങ്കിലും ഉണ്ടാകും… കൺമുന്നിൽ ഈ കിടക്കുന്ന കുട്ടിക്ക് എത്ര പ്രായമുണ്ടാകും.എന്റെ മകന്റെ പ്രായമേ കാണു. എനിക്ക് ഒന്ന് പൊട്ടിക്കരയണമെന്നു തോന്നി. ഞാൻ മുറിയിലേക്ക് പോരുന്നു

പിന്നീട് അവളെന്റെ കൂട്ടുകാരിയായി നാല്പതും ഇരുപതും വയസ്സുള്ള രണ്ടു കൂട്ടുകാരികൾ. ഞങ്ങൾ ഒന്നിച്ചു സിനിമക്ക് പോയി. കടൽ കാണാൻ പോയി. ഭക്ഷണം കഴിക്കാൻ പോയി. അവൾ ചിരിക്കുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം, അത് പറഞ്ഞറിയിക്കാൻ വയ്യ.

“പഠിച്ചു കൂടെ മോൾക്ക്? “

“എനിക്ക് പറ്റില്ല. ഓർമ്മകൾ ആണ് എല്ലായിടത്തും. കോളേജ് എനിക്കിപ്പോ പേടിയാ. ആ ഓർമ്മകൾ.. വിനു എന്റെ സീനിയർ ആയിരുന്നു.. കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു.. അങ്ങനെ ഒത്തിരി ഓർമ്മകൾ. “

“പിജിക്ക്‌ വേറെ കോളേജ് നോക്കാമല്ലോ ? “

അവൾ സമ്മതിച്ചു

വേറെ കോളേജ്, വേറെ കൂട്ടുകാർ ഒക്കെ മാറിത്തുടങ്ങിയപ്പോ വീണ്ടും വിനു . അവന്റെ കല്യാണം നിശ്ചയിച്ച വാർത്ത..

ഞാൻ പ്രതീക്ഷിച്ച പോലെ ഇത്തവണ അവൾ തളർന്നില്ല. പോകാം നമുക്ക് എന്റെ ഒപ്പം വരാമോ എന്നവൾ ചോദിച്ചു. ആരും വിളിച്ചിട്ടൊന്നുമില്ല. ദൂരെ നിന്നൊന്നു കാണാം.. വിനു സന്തോഷം ആയി ഇരിക്കട്ടെ. അവൾ പറഞ്ഞു.

ഞങ്ങൾ പോയി.

അവൻ വധുവിനോട് കളിചിരികൾ പറയുന്നത് കാണുമ്പോൾ എന്റെ ഉള്ളിൽ ഒരു പിടച്ചിൽ ഉയർന്നു. ഞാൻ എന്നെ അവളുടെ സ്ഥാനത്തു നിർത്തി നോക്കി. ഈശ്വര താങ്ങാൻ വയ്യ. ഞാൻ അവളെ നോക്കി. അവൾ ശാന്തമായി നോക്കി നിൽക്കുകയാണ്. ഒപ്പം മരിക്കും എന്ന് പറഞ്ഞവൻ മറ്റൊരു പെൺകുട്ടിയോട് എത്ര പെട്ടെന്ന്… താലികെട്ട് കഴിഞ്ഞു.

“പോകാം “

അവൾ പുഞ്ചിരിച്ചു..

“ഡോക്ടറമ്മേ.. എന്റെ മനസ്സിന്റെ ഭാരം ഇന്നാണ് പൂർണമായും ഇറങ്ങിപ്പോയത്. ഇന്ന് വിനുവിനെ കണ്ടപ്പോൾ. എന്താ എന്നോ? ഞാൻ വിചാരിച്ചു. അച്ഛന് വേണ്ടി കല്യാണം കഴിക്കുമ്പോൾ വിനുവിന് അവളെ സ്നേഹിക്കാൻ കഴിയുമോ എന്ന്. ഒരു പേടി ഉണ്ടായിരുന്നു ഉള്ളിൽ. ഇന്ന് വിനു അവളോട്‌ സ്നേഹത്തോടെ സംസാരിക്കുന്നു. ചിരിക്കുന്നു. ഡോക്ടറമ്മ ശ്രദ്ധിച്ചോ അവളുടെ തലയിൽ വീണ പൂക്കൾ വിനു പെറുക്കി മാറ്റിയത്. നല്ല കരുതൽ ആണ് വിനുവിന് .. സ്നേഹം ഉള്ളവനാണ്. വിനുവിന് നല്ലത് വരട്ടെ “

ഞാൻ എന്റെ ഉള്ളിലെ കണ്ണീർക്കടലിനെ ഒന്നടക്കി പിടിച്ചു. എത്ര വേദനിച്ചാവും അവൾ ഇത് പറയുന്നത് എന്നോർത്തു.

പഠനം കഴിഞ്ഞു അവൾ ഒരു കോളേജിൽ അധ്യാപിക ആയി.. അപ്പോഴും എന്നും വിളിക്കും. ഇടയ്ക്ക് വന്നു കാണും. അങ്ങനെ ഇരിക്കെ ഹോസ്പിറ്റലിൽ അന്ന് ഒരു ആക്‌സിഡന്റ് കേസ് വന്നു. ആ ചെറുപ്പക്കാരനെ നല്ല പരിചയം.

“പാവം ഭാര്യ സ്പോട്ടിൽ മരിച്ചു “

ആരോ പറഞ്ഞു

ഈശ്വര അവൻ.. അവൻ തന്നെ.. വിനു

“ഡോക്ടറമ്മയ്ക്ക് സുഖമില്ലേ ശബ്ദം എന്താ വല്ലാതെ? “വിളിച്ചപ്പോൾ അവൾ ചോദിച്ചു

“ഒന്നുല്ലല്ലോ “

എന്ന് പറഞ്ഞിട്ടും വിശ്വാസം ഇല്ലാതെ അവൾ ഹോസ്പിറ്റലിൽ എന്നെ കാണാൻ വന്നു. എല്ലാം കേട്ടപ്പോൾ ഒന്ന് കാണണം എന്ന് പറഞ്ഞു. ഐസിയുവിന്റെ പുറത്ത് നിന്നു കണ്ടു. മടങ്ങിപോകുമ്പോൾ അവൾ ഒരു പാട് കരഞ്ഞു.

പിന്നെ ഇടയ്ക്ക് വരുമ്പോൾ അവനെ പോയി കാണും. ആശ്വസിപ്പിക്കും.

ദിവസങ്ങൾ കടന്നു പോയി

“എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു. ഹോസ്പിറ്റലിൽ വേണ്ട. പുറത്തു വെച്ചു മതി. Restaurent പേരും പറഞ്ഞു അവൾ ഫോൺ വെച്ചു

ഞാൻ ചെന്നപ്പോൾ അവനുണ്ട് കൂടെ അവളും. ഞാൻ ഏകദേശം ഇത് പ്രതീക്ഷിച്ചിരുന്നു.

“വിനുവിന് എന്നെ കല്യാണം കഴിക്കണം എന്നുണ്ട്. ഇപ്പൊ അച്ഛന് എതിർപ്പ് ഒന്നുമില്ലഎന്ന്.. ഡോക്ടറമ്മയുടെ അഭിപ്രായം എന്താ? “

“ഞാൻ എന്താ പറയുക.? . “ഞാൻ ചിരിച്ചു

“എന്റെ സ്ഥാനത്തു ഡോക്ടറമ്മയാണെന്ന് കരുതുക. എന്താ പറയുക? “

ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. പ്രണയത്തിന്റെ ഒരു പൂക്കാലം തന്നിട്ട് മരണത്തോളം അവഗണിച്ചവൻ. താലികെട്ട് കണ്ടു നെഞ്ച് പൊട്ടി നിന്ന നിമിഷം..

“No ” ഞാൻ പെട്ടെന്ന് പറഞ്ഞു

അവൾ പുഞ്ചിരിച്ചു

“അതാണ് വിനു എനിക്കും പറയാനുള്ളത്. വിനു എന്നെ ഇത്തവണ പ്രൊപ്പോസ് ചെയ്തപ്പോൾ ഞാൻ അപ്പൊ തന്നെ no പറഞ്ഞേനെ. പക്ഷെ ഡോക്ടറമ്മയുടെ സാന്നിധ്യത്തിലാവണം എന്ന് തോന്നി..വിനുവിനോട് വെറുപ്പില്ല. ഞാൻ എന്നുമൊരു സുഹൃത്തായിരിക്കും. അതിനെ ഇനി സാധിക്കു.. “

വിനു എഴുനേറ്റു നടന്നു പോയി

“പക്ഷെ മോൾക്ക് വിവാഹപ്രായമായി.. താമസിപ്പിക്കണ്ട “ഞാൻ തിരിച്ചു പോരുമ്പോൾ പറഞ്ഞു.

“ഡോക്ടറമ്മ കണ്ടു പിടിച്ചോളൂ. വീട്ടിൽ അച്ഛനോടും പറഞ്ഞിട്ടുണ്ട് ” അവൾ ചിരിച്ചു. ഞാൻ ഹോസ്പിറ്റലിലേക്ക് പോരുന്നു

വീട്ടിലെത്താൻ വൈകിയപ്പോൾ മകൻ കൂട്ടാൻ വന്നു.. അവനോടു മാത്രം ആണ് ഞാൻ ഇതെല്ലാം പറഞ്ഞിട്ടുള്ളത്.. അവൻ നിശബ്ദനായി കേട്ടുകൊണ്ടിരുന്നു

വീടെത്തി

“ആ കുട്ടിക്ക് സമ്മതമാണെങ്കിൽ എനിക്ക് കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. She is good… perfect..അങ്ങനെ ആവണം പെണ്ണ്… “അവൻ ചിരിച്ചു

ഞാൻ അതിശയിച്ചു നോക്കി

“അമ്മ ചോദിച്ചു നോക്കു..”

“നീ അവളെ കണ്ടിട്ടില്ലല്ലോ.. ഒന്ന് കാണണ്ടേ എന്നിട്ട്.. “

അവൻ കയ്യുയർത്തി തടഞ്ഞു

“കാഴ്ചയിൽ എന്താ അമ്മേ ഉള്ളത്? വെളുത്തിട്ടാണോ? കറുത്തിട്ടാണോ? ഉയരം ഉണ്ടൊ? ഇതൊക്കെ ആണോ.. എനിക്ക് അവളുടെ character ഇഷ്ടായി.. just ask her “

അത് ചോദിച്ചു മനസിലാക്കേണ്ട കാര്യമില്ല എന്ന് എനിക്കറിയാം. എന്റെ മകളാകാൻ അവൾക്ക് നൂറു വട്ടം സമ്മതമായിരിക്കും എന്നാലും ഞാൻ ചോദിച്ചു

ഒരു കെട്ടിപ്പിടിത്തമായിരുന്നു പിന്നെ.. ഇറുകെ കെട്ടിപ്പിടിച്ചു ഉമ്മകൾ തന്നു മൂടി അവൾ കരഞ്ഞു ഒപ്പം ചിരിച്ചു..

“അവനെ കാണണ്ടേ? “

വേണ്ട എന്ന് തല ചലിപ്പിച്ചു അവൾ

“ഈ അമ്മയുടെ മകൻ അല്ലെ? എന്നെ നല്ലോണം അറിയുകയും ചെയ്യാം എനിക്ക് കാണണ്ട. ” അവൾ വീണ്ടും എന്നെ കെട്ടിപ്പിടിച്ചു…