Story written by NIKESH KANNUR
“”പെണ്ണ് കെട്ടുന്നെങ്കിൽ ഇതു പോലെ കെട്ടണം..”
ചെറുക്കന് ഒരു ടെൻഷനും ഇല്ലല്ലോ..ഗൾഫിൽ നിന്നും രാവിലെ വീട്ടിലെത്തിയതും ഒരുങ്ങി നേരെ കല്യാണ പന്തലിലേക്ക്..പെണ്ണ് കാണലും കല്യാണം ക്ഷണിക്കലുമെല്ലാം വീട്ടുകാർ.. ഇതിനിടയിൽ ചെറുക്കനും പെണ്ണും വിഡിയോ കോൾ മുഖാന്തരം തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തു.. നന്നായി സംസാരിച്ചതു കാരണമാണെന്ന് തോനുന്നു നാണം എന്ന സാധനം തന്നെ രണ്ടിന്റെയും മുഖത്ത് കാണാനേ ഇല്ലാ……തുടങ്ങി,, വാചക കസർത്തുകൾ പന്തലിൽ തുടർന്നുകൊണ്ടേയിരുന്നു…
“‘ഓരോരുത്തനും അടിക്കുന്ന കമന്റ്സ് കേട്ടു കേട്ടു ക്ഷമ നശിച്ചെങ്കിലും ഒരു പ്രവാസിക്ക് വേണ്ട ഗുണങ്ങളിൽ പ്രധാനപ്പെട്ടത് ക്ഷമ ആണെന്ന തിരിച്ചറിവുള്ളത് കൊണ്ട് മിണ്ടാതിരുന്നു… എന്നിട്ട് ഉളളിൽ പറയുകയും ചെയ്തു കല്യാണം കഴിയട്ടെ നിനക്കൊക്കെ വച്ചിട്ടുണ്ടെടാ… നീയൊക്കെ കുപ്പി വേണമെന്നും പറഞ്ഞു വീട്ടിൽ വന്നു പാറാവ് കിടക്കുമല്ലോ.. ഉം വാ കാണിച്ചു തരാം എല്ലാത്തിനും..
“‘കല്യാണത്തിന്റെ തിരക്കൊക്കെ കഴിഞ്ഞു അവളെ ഒന്ന് തഞ്ചത്തിൽ കിട്ടിയത് തന്നെ ഇപ്പോളാണ്.. ബെഡ്റൂമിന്റെ വാതിൽ ലോക്ക് ചെയ്തു പിൻ തിരിയുമ്പോൾ കണ്ടു അവളെന്നേയും നോക്കി ബെഡിനരികിൽ നിൽക്കുവാണ്.. അവളുടെ ആ നിൽപ് കണ്ടതും മനസ്സിലാകെ കുളിരു കോരി…അടുത്തു ചെന്നു അവളെ പിടിച്ചു ബെഡിൽ ഇരുത്തി… അരികിലായ് ഞാനുമിരുന്നു..
“”ആദ്യ രാത്രി “”
മീന മാസത്തെ ചുട്ടു പൊള്ളുന്ന പകലായിരുന്നു.. പിന്നെ കല്യാണ തിരക്കും…അതിന്റെ ക്ഷീണം രണ്ടാൾക്കുമുണ്ട്..ഗൾഫിലെ എ സി യിൽ നിന്നും നാട്ടിൽ ഫാനിലേക്കു മാറിയപ്പോഴുള്ള ഒരു വിമ്മിഷ്ടം.. ആകെ വിയർപ്പിൽ മുങ്ങിയിരിക്കുകയാണ് ഞാൻ…
ഒടുവിൽ സഹികെട്ട് ഞാൻ തലയിൽ നിന്നും ഗൾഫ് ഗേറ്റിന്റെ ബിഗ് അഴിച്ചു മാറ്റി…ഇതു കണ്ടതും ഞെട്ടിത്തെറിച്ച അവൾ പൊട്ടിത്തെറിച്ചു… ഞാൻ അറ്റാക്ക് വന്നു ചത്തത് പോലെ അവൾ നിലവിളിച്ചു അയ്യോ ചേട്ടൻ മൊട്ടയാ….എന്നെ പറഞ്ഞു പറ്റിച്ചേ… അയ്യോ ആരെങ്കിലും ഒന്നോടിവായോ… എന്നെ ഈ വഞ്ചകനിൽ നിന്നും രക്ഷിക്കൂ..
”അവളുടെ പെട്ടെന്നുണ്ടായ ഈ പെരുമാറ്റത്തിൽ ഞാൻ ഞെട്ടിത്തരിച്ചു നിൽക്കെ വാതിലിൽ തുരു തുരാ മുട്ടുന്ന ശബ്ദം കേൾക്കാം… ഞാൻ ചെന്നു വാതിൽ തുറന്നതും ഏതു അടിയന്തിര ഘട്ടത്തിലും സഹായിക്കാൻ കേന്ദ്ര സേന വന്നു നിൽക്കുന്നത് പോലെ വീട്ടുകാരും കല്യാണം കൂടി തിരിച്ചു പോകാൻ ബാക്കിയുള്ള ചില അടുത്ത ബന്ധുക്കളും റെഡി…
“”എല്ലാവരും എന്താണ് കാര്യമെന്നറിയാൻ എന്നെയും അവളെയും മാറി മാറി നോക്കി…
“” അവളവരെ ഒന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ,, എല്ലാവരെയും വകഞ്ഞു മാറ്റി അവർക്കിടയിലൂടെ ബാത്റൂമിലേക്കു ഓടിച്ചെന്നു.. പിന്നാലെ ഓടി ചെന്ന എനിക്കൊന്നവളെ തൊടാൻ കഴിയും മുൻപേ അവൾ കിണറ്റിലേക്ക് എടുത്തു ചാടി…
“”എല്ലാവരുടെയും കൂട്ട നിലവിളിക്കിടയിൽ അവളുടെ നിലവിളി കുറച്ചു വ്യത്യസ്തമായി കേട്ടു..
“” കിണറ്റിലേക്ക് ടോർച്ചടിച്ചു നോക്കുമ്പോൾ കണ്ടു കാൽപ്പാദം മാത്രം മുങ്ങാൻ വെള്ളമുണ്ടായിരുന്ന കിണറ്റിലേക്കെടുത്തു ചാടി സ്വന്തം കാൽ പാദം തകർന്നു നിലവിളിക്കുന്നു നവവധു… എന്റെ പ്രിയതമ…