Story written by NIKESH KANNUR
എടീ,,എടി കണ്ണിൽ ചോരയില്ലാത്തവളേ,,ഉറങ്ങി കിടന്ന എന്നെ നീ എന്തൊരു ഏറാണെടീ ഈ എറിഞ്ഞത്,,, അതും കൃത്യമായി ഈ നെഞ്ചത്തോട്ട്..
“”ഓഹ് ഇതൊക്കെ എന്ത്,, ഏട്ടന്റെ കണ്ണിനു കൊള്ളേണ്ടത് നെഞ്ചിൽ കൊണ്ടു എന്ന് പറഞ്ഞത് പോലെയായി,,
ഏട്ടനിട്ടു കിട്ടേണ്ടത് തന്നെയാണ്,, ചുമ്മാതല്ലല്ലോ രാത്രി മുഴുവനും തെണ്ടിത്തിരിഞ്ഞു നടന്നിട്ട് പകലുറക്കം..
“”ഉവ്വേ,, ഇതിനാണോടീ നാഴികയ്ക്ക് നാൽപ്പതു വട്ടം നീയെപ്പോഴും ഞാനീ നെഞ്ചിനകത്തിരിപ്പില്ലേ എന്റെ പൊന്നേട്ടാന്ന് പറഞ്ഞോണ്ടിരിക്കുന്നത്,,
എനിക്കിങ്ങനെ തന്നെ വരണമെടീ,,
അമ്പലത്തിൽ ഉത്സവം,,കാവുകളിൽ തെയ്യം കളിയാട്ടം ,, മറ്റു ആഘോഷങ്ങളൊക്കെ എനിക്കെന്നുമൊരു വീക്ക്നെസ്സാണ്,,ജോലി ലോകത്തിന്റെ ഏതു കോണിലായാലും ഉത്സവം,,ആഘോഷമെന്ന് കേട്ടാൽ ഞാൻ നാട്ടിലേക്കു പറന്നു വരും..പണ്ട് ഉത്സവത്തിന് അമ്പലപറമ്പിൽ ഡീസന്റായി കറങ്ങി നടന്നെന്നെ ചാട്ടുളി കണ്ണെറിഞ്ഞു വീഴ്ത്തിയവളാണ് നീ…ഒറ്റ നോട്ടം കൊണ്ടന്നു നീയെന്റെ പോക്കറ്റിലെ നോട്ടൊക്കെ കുപ്പി വള,ചാന്ത്,,പൊട്ട്,, കണ്മഷി വാങ്ങി കാലിയാക്കി തന്നു.ആ നീയിപ്പോൾ വന്നു വന്ന് നിന്റെ കൈയിൽ കിട്ടുന്നതെന്തും എടുത്തെറിഞ്ഞെന്നെ കൊല്ലാൻ നോക്കുവാണോടീ…
അന്നത്തെ നിന്റെ ആ നോട്ടത്തിൽ വീണ ഞാൻ കോളേജിൽ പോകുമ്പോഴൊക്കെ നിനക്ക് വഴികാട്ടിയായി പിന്നാലെ കൂടി..അത് പിന്നെ പ്രേമമായി,, പ്രശ്നമായി,,പട്ടാളക്കാരൻ തന്തയുടെ ഒരേ ഒരു മോളായ നിന്നെ കെട്ടുന്നത് വരെ നിന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും വകയായി നമ്മുടെ നേരെ കണ്ണും തുറിച്ചുള്ള പല വിധത്തിലുള്ള എത്ര എത്ര നോട്ടങ്ങൾ ഉണ്ടായി..ഒടുക്കം പട്ടാളത്തോടു യുദ്ധമൊന്നും ഇല്ലാതെ തന്നെ കെട്ടു കഴിഞ്ഞു പത്തു വർഷം ആയപ്പോഴേക്കും നമ്മുടെ ദാമ്പത്യ കടപ്പുറത്തെ പഞ്ചാര മണലിൽ ലല്ലലം പാടി നടക്കുന്നു രണ്ടു ജഗ കില്ലാഡി ആൺമക്കൾ.. എല്ലാത്തിനും സ്മരണ വേണമെടീ സ്മരണ..
“”ഓഹ് തുടങ്ങി ഇതിയാന്റെ തവ സുപ്രഭാതം..ഏറു കിട്ടിയാൽ പിന്നെ ഇങ്ങിനാ,,സ്ഥലകാല ബോധമില്ലാതെ പിച്ചും പേയും പറയും..ദേ,, അങ്ങോട്ട് തിരിഞ്ഞു കിടക്കാതെ ഇങ്ങോട്ട് നോക്ക് മനുഷ്യാ..
“‘കട്ടിലിനരികെ വന്നു രാവിലെ തന്നെ ദേഷ്യം കൊണ്ട് വൈറലായ പ്രിയതമ നിലവിളിക്കുന്നു..മനസ്സില്ലാ മനസ്സോടെ തിരിഞ്ഞു കിടന്നവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ആർത്തലയ്ക്കുന്ന തിരമാലകളോട് കൂടിയ അരിശം മാറി നോവിൻ സങ്കട കടലാവുന്നത് കണ്ടു..കണ്ണീർ അടർന്നു വീഴാൻ തുടങ്ങിയ മിഴികളോടെ അവൾ തുടരുകയാണ്,,
“”ഇന്നലെ വൈകീട്ട് കൂട്ടുകാരന്മാരുടെ കൂടെ കുറച്ചു ദൂരെ അമ്പലത്തിൽ ഉത്സവം കാണാൻ പോകുന്നെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയിട്ട് ഇന്ന് പുലർച്ചെ അല്ലേ ഏട്ടാ നിങ്ങൾ വീട്ടിൽ തിരിച്ചെത്തിയത്..എണ്ണി ചുട്ട അപ്പം പോലെ വർഷത്തിൽ മുപ്പതു ദിവസത്തെ ലീവ് കിട്ടി (അതിൽ രണ്ടു ദിവസം അങ്ങോട്ടും ഇങ്ങോട്ടുമുളള യാത്രയ്ക്ക് പോകും )ദുബായിൽ നിന്നും നാട്ടിൽ വന്നാൽ വീട്ടിൽ ഞങ്ങൾക്ക് അമ്മയ്ക്കും മക്കൾക്കും കൂടി നിങ്ങളെ കണി കാണാൻ കിട്ടുന്നത് വല്ലപ്പോഴുമാ..അതിനു മാത്രം കൂട്ടുകാരും,, ഉത്സവങ്ങളും പരിപാടികളുമല്ലേ നാട് നീളെ നിങ്ങളെ കാത്തിരിക്കുന്നത്..പോരാത്തതിന് കുറെ ഫേസ്ബുക് ഗ്രൂപ്പും പുതിയ ചങ്ങാത്തങ്ങളും..കൂടുതൽ ലീവ് കിട്ടാഞ്ഞിട്ടൊന്നുമല്ലല്ലോ,, ഞങ്ങളുടെ കൂടെ കഴിയാനുമല്ല വർഷത്തിൽ മുപ്പതു ദിവസത്തേയ്ക്ക് നിങ്ങളീ വരുന്നത്..നാളെ കഴിഞ്ഞു നിങ്ങൾ ഗൾഫിലേക്ക് തിരിച്ചു പോകുന്നു,,ഒന്നാലോചിച്ചു നോക്കിയാട്ടെ,, ഈ ദിവസങ്ങൾക്കിടയിൽ എത്ര സമയം നിങ്ങൾ കുടുംബത്തോടൊപ്പം കഴിഞ്ഞുവെന്ന്..നമുക്ക് ആർക്കെങ്കിലും നിങ്ങൾ കൂടെയുണ്ടായിട്ടും എന്തെങ്കിലും സന്തോഷം ലഭിച്ചോയെന്ന്..ഏട്ടൻ നാട്ടിലുണ്ടായിട്ടും എന്റെ വീട്ടിലേക്കു ഒരിക്കലെങ്കിലും നമുക്കൊരുമിച്ചു പോകാൻ പറ്റിയോ.. എന്നും അച്ഛനും അമ്മയും വിളിച്ചു എന്നോട് പരാതിയോട് പരാതി,,ആകെ ഞങ്ങൾക്ക് പോകാനുള്ള ഇടമാണ് എന്റെ വീട്.. നിങ്ങളുടെ വീട്ടുകാരൊന്നും നമ്മളോട് ഒരു സഹകരണവും അന്നും ഇന്നുമില്ലല്ലോ..നിങ്ങൾക്കിതൊന്നും അറിയാൻ സമയം എവിടെ??തിരിച്ചു പോകുന്നുയെന്നു കേട്ടപ്പോൾ മുതൽ നെഞ്ചിൽ വല്ലാത്തൊരു പിടച്ചിൽ,, ഞങ്ങൾക്ക് കണി കാണാൻ കിട്ടുന്നില്ലെങ്കിലും,, ഏട്ടൻ നാട്ടിലുള്ളത് വല്ലാത്തൊരു ധൈര്യം തന്നെയാ..
“”കൈ നീട്ടി അവളുടെ കൈ പിടിക്കാൻ നോക്കിയപ്പോൾ കുതറി മാറാൻ ഒരു വിഫല ശ്രമം നടത്തിയെങ്കിലും വാശിക്കൊടുക്കം അനുസരണ കാട്ടിയ ഞാനവളെ പിടിച്ചെന്റെ അരികത്തിരുത്തി,, ആ കൈയിലും പിന്നെ കവിളിലും പതുക്കെ തലോടിക്കൊണ്ട് മറുകൈ കൊണ്ട് അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു..വലിച്ചവളെ ദേഹത്തേക്കിട്ടു ആ മുഖത്തോട് ചുണ്ടുകൾ ചേർത്തു കുറെ കാലത്തിനു ശേഷം തുരുതുരെ ഉമ്മകൾ കൊണ്ട് മൂടിയപ്പോൾ തളർന്ന പോലെ അവളെന്നോട് ഒട്ടി ചേർന്ന് കിടന്നു..പതുക്കെ അവളുടെ അരക്കെട്ടിൽ ചുറ്റി പിടിച്ചു നെഞ്ചോടു ചേർത്ത് തഴുകുമ്പോൾ എന്റെ നടുപ്പുറത്തേക്കു കുടം കൊണ്ടിടിച്ച പോലെ തോന്നി ഞെട്ടി പിടഞ്ഞു പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കണ്ടു എന്റെ നടുപുറത്തേക്കു ഫുട്ബോൾ അടിച്ചു ഞങ്ങളെതന്നെ തുറിച്ചു നോക്കി ഒരു വളിച്ച ചിരിയോടെ നിൽക്കുന്ന മൂത്ത മകൻ ഉക്കുറുവിനെ…
ഉക്കുറു അല്ലെടാ നീ,, കുക്കുരു ആണ്,,,സ്വർഗത്തിൽ കേറി കടി തന്ന കട്ടുറുമ്പ്.. നടു പുറത്തെ പെട്ടെന്നുണ്ടായ സഹിക്കാൻ വയ്യാത്ത വേദന ഒരു കൈ കൊണ്ടു തടവി ഒരു നിമിഷം ഞാൻ അവനെ മനസ്സിൽ ചീത്ത വിളിച്ചു..
അപ്പോൾ ഒരു വളിച്ച ചിരിയോടെ പുത്രന്റെ വിനയപൂർവ്വമുള്ള ക്ഷണം,,അച്ഛാ വാ നമുക്ക് ഫുട്ബോൾ കളിക്കാം.. കുറെ കാലമായില്ലേ നമ്മളൊന്നിച്ചു കളിച്ചിട്ട്..ഒന്നിങ്ങു വാ അച്ഛാ..
അടുത്ത് എന്നിൽ നിന്നും അടർന്നു മാറി പൊട്ടിച്ചിരി അടക്കാൻ വയ്യാതെ തലയും കുമ്പിട്ടിരിക്കുന്ന പ്രിയതമ..
ഓടെടാ. അവന്റെ ഒരു ഫുട്ബാൾ.. ബല്യ ഒരു മെസ്സി വന്നിരിക്കുന്നു …ദേഷ്യത്തോടെ പന്തും തട്ടിയവൻ പുറത്തേക്കു നടക്കുന്നതിനിടയിൽ എന്തോ പിറു പിറുക്കുന്നത് കേട്ടു..ഒന്നും മനസ്സിലായില്ലെങ്കിലും എന്നെ നന്നായി പുകഴ്ത്തിയതാണെന്നു പ്രിയതമയുടെ അടക്കി പിടിച്ച ചിരിയിൽ നിന്നും മനസ്സിലായി..അപ്പോൾ ബഹളം കേട്ടെന്ന പോലെ അവിടേക്കു പഴവും തിന്നോണ്ട് എത്തി നോക്കുന്നു ഇളയവൻ വിക്രു.. മുഴുവൻ സമയവും വയറ്റിൽ വല്ലതും പൊയ്ക്കൊണ്ടിരിക്കണമെന്നല്ലാതെ അവനെ കൊണ്ട് വീട്ടിലാർക്കും വേറൊരു ദ്രോഹവുമില്ല..
എടീ മോളൂസേ, കിച്ചണിൽ ഇവൻ തിന്നാതെ വല്ലോം ബാക്കി വച്ചിട്ടുണ്ടോടി,, ഞാൻ എഴുനേറ്റ് പല്ല് തേച്ചു കുളിച്ചു ഫ്രഷ് ആയി വരാം.. നമുക്ക് ഒന്നിച്ചു കഴിക്കാം ട്ടാ..വിക്രുവിനെ ഞാൻ തമാശയായി പറഞ്ഞതാണെങ്കിലും അതറിഞ്ഞിട്ടും ഇഷ്ടപ്പെടാത്ത പോലെ അവളെന്നെയൊന്നു സൂക്ഷിച്ചു നോക്കി..
ഏട്ടൻ ഫ്രഷ് ആയി വാ.. ഫ്രിഡ്ജിൽ ദോശ മാവിരിപ്പുണ്ട്.,,,ഞാൻ ചായയും ദോശയുമുണ്ടാക്കട്ടെ..
“”കുളിച്ചു നേരെ കിച്ചണിൽ ചെന്നപ്പോൾ ദോശ ചുട്ടു കൊണ്ടിരിക്കുന്ന പ്രിയതമയുടെ പിറകിൽ ചെന്ന് നിന്ന് മുമ്പെങ്ങും കണ്ടിട്ടിട്ടില്ലാത്തവിധത്തിൽ ഞാൻ ആകെയൊന്നു നോക്കി,,
പെണ്ണാകെ ഒന്ന് മിനുങ്ങിയിട്ടുണ്ട്,, ഇവൾക്കിത്രയും സൗന്ദര്യം ഇതിനു മുമ്പുണ്ടായിരുന്നോ ??
എന്റെ ഉള്ളിലാകെ പ്രണയത്തിന്റെ ഒരു ത്രില്ലൊക്കെ വരുന്നത് ഞാനറിഞ്ഞു..പതുക്കെ ചെന്ന് പിന്നിലൂടെ കെട്ടിപിടിച്ചു ആ പിൻകഴുത്തിൽ മുഖം ചേർത്തു,,
ശൊ,, ഒന്ന് വിടെന്റെ ഏട്ടാ.. എന്താ ഇതൊക്കെ..അവൾ കുതറുന്നുണ്ടായിരുന്നു..
അതൊന്നും ശ്രദ്ധിക്കാതെ ഞാൻ അവളെ മുറുകെ മുറുകെ പുണർന്നു നിൽക്കുമ്പോൾ കുളിച്ചീറനായി വന്നു നിന്നിരുന്ന എന്റെ മുണ്ട് അഴിഞ്ഞു പോകുന്ന പോലെ തോന്നി..അതൊരു വെറും തോന്നലായിരുന്നില്ല ..ഇളയ സന്തതി വിക്രുവിന്റെ കൈയിലാണ് മുണ്ടിന്റെ ഒരു ഭാഗം..
“മുണ്ടും പിടിച്ചു വലിച്ചവൻ മൊഴിഞ്ഞു,, അച്ഛാ,, എനിക്ക് വിശക്കുന്നു അച്ഛാ..കഴിക്കാൻ വല്ലതും വാങ്ങി താ..
അവളെന്നെ തള്ളി മാറ്റി ഒന്നും സംഭവിക്കാത്ത മട്ടിൽ ദോശ ഉണ്ടാക്കാൻ തുടങ്ങി..ഞാൻ ഒന്നവനെ നോക്കി,,
ഉണ്ടാക്കിയ ദോശയെല്ലാം മോനു കൊടുക്കാൻ അവളോട് പ്രത്യേകം പറഞ്ഞിട്ട് നേരെ ചെന്ന് ഡ്രസ്സ് മാറി പുറത്തേക്കു പോകാൻ റെഡിയായി..
“”പിന്നാലെ മുറിയിലേക്ക് കേറി വന്നു എന്റെ ഒരുക്കങ്ങൾ കണ്ട അവളുടെ നോട്ടം എന്നിൽ പതിഞ്ഞു..ആ നോട്ടത്തിന്റ അർത്ഥം മനസ്സിലായ ഞാൻ അവൾക്ക് കൈയിലുള്ള പാസ്പ്പോർട്ടും ടിക്കറ്റും കാണിച്ചു കൊടുത്തു.. ട്രാവെൽസ് വരെ പോകുവാ,, നാളേയ്ക്കുള്ള ടിക്കറ്റ് കൺഫോമല്ലേ ന്ന് ചെക്ക് ചെയ്യണം..
നെഞ്ചിൽ ഒരു വിങ്ങൽ രണ്ടാളിലും,, കണ്ണുകൾ തമ്മിലുടക്കി,,പരസ്പരം ഒന്നും മിണ്ടാൻ വയ്യാതെ രണ്ടാളും ഒരുപോലെ വിങ്ങിപൊട്ടാൻ തുടങ്ങിയപ്പോൾ ഞാൻ പെട്ടെന്ന് ഇറങ്ങി നടന്നു..
“”രാവിലെ ഗൾഫിലേക്ക് കൊണ്ടു പോകാൻ റെഡിയാക്കി വച്ച ലഗ്ഗേജ് ഒന്നുപോലുമെടുക്കാതെ ഒരു ഹാൻഡ് ബാഗ് മാത്രമെടുത്തു എയർപോർട്ടിലേക്ക് പോകാൻ കാറിൽ കേറാൻ തുടങ്ങിയപ്പോൾ ലഗ്ഗേജ് മറന്നത് അവളും മക്കളും ഓർമ്മിപ്പിച്ചു..
എല്ലാവരെയും സങ്കടത്തോടെ ഞാനൊന്ന് നോക്കി.. ഓഹ്,, അതൊന്നും ഇനി വേണ്ട അവിടെ ചെന്നിട്ട് പെട്ടെന്ന് ഞാൻ ക്യാൻസൽ ചെയ്തിട്ട് വരാം.. ഉള്ളതും കൊണ്ട് ഇനി നമ്മൊളൊരുമിച്ചു ഇവിടെ ജീവിക്കും..
“”കാറിൽ കേറിയിരുന്നു യാത്ര തുടങ്ങിയതും കുറച്ചു നേരത്തേയ്ക്ക് ആരും ഒന്നും തന്നെ മിണ്ടിയില്ല..
വഴിക്ക് ഇടയ്ക്ക് നിർത്തി ഡ്രിങ്ക്സ് കഴിച്ചു യാത്ര തുടർന്ന് എയർപോർട്ടിലെത്തി കാറിൽ നിന്നുമിറങ്ങി ടെർമിനലിനുള്ളിലേക്കു കേറി പോകും മുൻപ് ഇത് വരെ ഇല്ലാത്ത വിധം എല്ലാവരും പരസ്പരം കെട്ടിപിടിച്ചു കരഞ്ഞു..
കൂടുതൽ സീൻ ആകും മുൻപ് പെട്ടെന്നെങ്ങു നിന്നോ വന്നൊരു ധൈര്യത്താൽ എല്ലാവരെയും തഴുകി ആശ്വസിപ്പിച്ചു ഞാൻ ബാഗുമായി തിരിഞ്ഞു നോക്കാതെ എയർപോർട്ടിനുള്ളിലേക്കു നടന്നു..
അപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.. എത്രയും പെട്ടെന്ന് തിരിച്ചു കൂടണയണം..ഈ സ്നേഹം കണ്ടില്ലെന്നു നടിക്കാനാവില്ല..
ഇത് എന്റെ അവസാന ഗൾഫ് യാത്ര..
തിരിച്ചു വന്നാൽ ഇനിയൊരു യാത്ര ഇല്ല..
അതെ.. ഇതെന്റെ അവസാന ഗൾഫ് യാത്ര..