സ്ത്രീ എന്ന ധനം
എഴുത്ത്: അച്ചു വിപിൻ
ദേ! ഈ ചുവന്ന പൊട്ടു കൂടി വെച്ച എന്റെ ചേച്ചിപ്പെണ്ണ് ഒന്നൂടി സുന്ദരിയാവും…
അധികം ഒരുക്കം ഒന്നും വേണ്ട സീതേ അവരിപ്പിങ്ങട് വരും..അമ്മ അടുക്കളപ്പുറത്തു നിന്ന് ചായ ആറ്റിക്കൊണ്ടു പറഞ്ഞു…
അവൾ ഒരുങ്ങട്ടെ ഭാനു ഇന്നവൾടെ ദിവസമല്ലേ?
അങ്ങനെ അങ്ങട് പറഞ്ഞു കൊടുക്കച്ചാ എന്റെ നെറ്റിയിൽ പൊട്ടു വെച്ചു കൊണ്ട് ഇളയ അനിയത്തി ഉറക്കെ ചിരിച്ചു..
അവര് വരുന്നുണ്ടെന്നു തോന്നുന്നു..നടുക്കലത്തവൾ എന്റെ അടുത്തേക്ക് ഓടി വന്നു.
ഞാൻ സാരിയുടെ ഞൊറി ഒന്നുടെ ശരിയാക്കി തെക്കു വശത്തുള്ള ജനലിലൂടെ ഉമ്മറത്തേക്ക് ഒളിഞ്ഞു നോക്കി…
അവർ മൂന്നു പേരുണ്ടായിരുന്നു ഒരമ്മാവനും രണ്ടു ചെറുപ്പക്കാരും… ഇതിൽ ഏതാവും എന്റെ ചെക്കൻ എന്ന് എനിക്കൊരു കൺഫ്യൂഷൻ ഇല്ലാതിരുന്നില്ല..
ആ മുണ്ടുടത്ത ആളാവും ചേച്ചിടെ ചെക്കൻ നടുക്കലത്തെ അനിയത്തിയുടെ വക കമന്റ് വന്നു …അയാളാണെങ്കിൽ ചേച്ചിയുമായി നല്ല ചേർച്ചയായിരിക്കും…ഞാൻ ചിരിച്ചു കൊണ്ട് അവളുടെ കയ്യിലൊന്നു നുള്ളി.എനിക്കും അയാളെ ഇഷ്ടപ്പെട്ടിരുന്നു…
ചിലപ്പോ ആ പാന്റിട്ട ആളാണെങ്കിലോ ചേച്ചി? ഇളയവൾ എന്റെ നേരെ നോക്കി…
അയാളെ നീ കെട്ടിക്കോടി നടുക്കലത്തവൾ ഉറക്കെ ചിരിച്ചു…
ഏത് ആ പരിഷ്കാരിയെയോ?ഏയ് എനിക്കെങ്ങും വേണ്ട ആ കോന്തനെ..എന്തായാലും അവരിങ്ങടല്ലേ വരണത് നമുക്ക് നോക്കാം ചേച്ചി… അവൾ മറുപടി പറഞ്ഞു…
ചെറുക്കനെയും കൂട്ടരെയും അച്ഛൻ അകത്തേക്ക് ക്ഷണിച്ചിരുത്തി…
എനിക്കാണേൽ മേൽ മുഴുവൻ വിറ വന്നിട്ട് ഇരിക്കാനും നിക്കാനും വയ്യാത്ത അവസ്ഥ…
വന്ന ചെറുപ്പക്കാർ സംസാരിക്കുന്ന ഒച്ചയൊന്നും കേട്ടില്ല പകരം കൂടെ വന്ന അമ്മാവനാണ് ചോദിക്കുന്നത് മുഴുവൻ…
വീട്ടിൽ എത്ര മാവുണ്ട്? തെങ്ങുണ്ട്?എത്ര സെന്റ് പുരയിടം ഉണ്ട് എന്ന് തുടങ്ങി എന്റെ കാര്യം ഒഴികെ ബാക്കിയെല്ലാം അയാൾ അവിടെ ഇരുന്നു സംസാരിച്ചു..
ആ കാർന്നോരു സർവേ എടുക്കാൻ വന്നതാണോ അമ്മെ? ഇളയ അനിയത്തി ചോദിച്ചു..
മിണ്ടാതിരിക്കടി അസത്തെ അവര് കേട്ട ഇപ്പൊ തീരും എല്ലാം..പെണ്ണിന് വിളച്ചിലിത്തിരി കൂടണ്ട്…അമ്മ അവളുടെ നേരെ കണ്ണുരുട്ടി…
പോട്ടെ സാരോല്ല എന്ന് ഞാൻ കണ്ണടച്ച് കാണിച്ചു…
ഭാനു കുട്ടിയെ ഇങ്ങട് വിളിച്ചോളു…അച്ഛൻ വിളിച്ചു പറയണ കേട്ടിട്ട് എന്റെ ചങ്കിടിപ്പു കൂടി…
മോള് ഈ ചായ ഉമ്മറത്തേക്ക് കൊടുക്ക്…
അമ്മെ… എനിക്ക് മൂത്രമൊഴിക്കാൻ തോന്നണു.
ഇപ്പഴോ?അവര് പോട്ടെ എന്നിട്ടാവാം..നിന്റെ പ്രായത്തിൽ എനിക്കും ഇങ്ങനെ ഒക്കെ തോന്നിതാ..വേഗം ഇത് കൊണ്ട് ചെല്ല് അമ്മ ചിരിച്ചോണ്ട് പറഞ്ഞു…
ചായയുമായി ഞാൻ ഉമ്മറത്തേക്ക് ചെന്നു..
ഇതാട്ടോ ചെക്കൻ…കാരണവർ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കി….
എന്റെ പ്രതീക്ഷകൾ കാറ്റിൽ പറത്തി കാലിന്മേൽ കാൽ കയറ്റി വെച്ച് അല്പം ജാടയോടെ ആ പച്ച പരിഷ്കാരി..
ഞാൻ ചായ അയാളുടെ നേരെ നീട്ടി..എന്റെ മുഖത്ത് പോലും നോക്കാതെ ആ മനുഷ്യൻ അത് വാങ്ങി കുടിച്ചു..അയാളുടെ ആക്രാന്തം കണ്ടാൽ ഇത് വരെ ചായ കണ്ടിട്ടില്ലാത്ത ആൾക്കാരെ പോലെ തോന്നി പോകും..അത് മാത്രമോ ചായ കുടിക്കുമ്പോ ഒരുമാതിരി ശബ്ധോം കേൾപ്പിക്കണ്ട്.. പശു കാടി വെള്ളം കുടിക്കണ രംഗം ഓർമ വന്നെനിക്കു…
കാരണവർക്ക് കൊടുത്ത ശേഷം കൂടെ വന്ന കൂട്ടുകാരനും കൊടുത്തു ഒരു കപ്പ് ചായ..
അയാൾ അത് വാങ്ങിയ ശേഷം സൗമ്യമായി എന്റെ നേരെ നോക്കി ചിരിച്ചു…
ഇയാളെങ്കിലും മുഖത്ത് നോക്കിയല്ലോ..എനിക്കിച്ചിരി ആശ്വാസമായി..
ഞാൻ ഇടയ്ക്കിടയ്ക്ക് പരിഷ്കാരിയെ പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു അയാളുടെ ശ്രദ്ധ മുഴുവൻ ഞാൻ കൊണ്ട് വെച്ച പലഹാര പാത്രത്തിലായിരുന്നു.. ‘ആർത്തി പണ്ടാരം’ഞാൻ മനസ്സിൽ കരുതി..
കാരണവർ പറഞ്ഞു തുടങ്ങി..
ഇതെന്റെ അനന്തരവൻ ആണ് അതായത് എന്റെ പെങ്ങടെ അഞ്ചാമത്തെ മോൻ …ആണായി ഇവൻ ഒന്നേയുള്ളു..പ്രീഡിഗ്രി വരെ പോയിട്ടുള്ളൂ അതിൽ ഒന്നും വല്യ കാര്യമില്ല ഇഷ്ടം പോലെ കാശുണ്ട് മാത്രല്ല ഗൾഫിൽ ആണ് ജോലി..
ആഹാ ഗൾഫിലാണോ? അപ്പൊ കല്യാണം കഴിഞ്ഞ മോളെ കൂടി കൊണ്ടുപോകുമല്ലേ? അച്ഛൻ ചോദിച്ചു..
ഏയ്..ഇല്ലില്ല അതെങ്ങനെ ശരിയാവും ഇവളെ കൊണ്ടുപോയ ഇവന്റെ അമ്മക്കാര കൂട്ട്?ശരിക്കും അവൾക്കു വേണ്ടിട്ട ഇവൻ കെട്ടുന്നത് തന്നെ. ഗൾഫിൽ പോയ ഇവന്റമ്മ ഇവിടെ ഒറ്റക്കല്ലേ?
ഇവന് മൂന്നു വർഷം കൂടുമ്പോ രണ്ടാഴ്ചത്തെ അവധിക്കു നാട്ടിൽ വന്നു നിക്കാം..അതന്നെ വല്യ കാര്യo…
എന്തായാലും കുട്ടിയെ എനിക്കിഷ്ടായി .എന്റെ ഇഷ്ടാണ് ഇവന്റെയും.. അപ്പുമാമ പറയണതിന് മറുവാക്ക് പറയില്ലെന്റെ കുട്ടി….
അപ്പൊ നമുക്ക് മറ്റു കാര്യങ്ങളിലേക്ക് കടക്കാം…ഒരു മുപ്പതു പവനും അഞ്ചു ലക്ഷം രൂപയുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്…..ഞങ്ങടെ തറവാട്ടു മഹിമയനുസരിച്ചു ഇതിൽ കൂടുതൽ ചോദിക്കേണ്ടതാണ്…
ചെറുക്കന്റെ കൂടെ അമ്മാവനെന്നു പറഞ്ഞു വന്ന ഉപ്പന്റെ മുഖം ഉള്ള ആ കിളവൻ അച്ഛന്റെ മുഖത്ത് നോക്കി ഇത് പറയുമ്പോൾ ഉറവ വറ്റിയ കിണർ പോലെയായിരുന്നു അച്ഛന്റെ മുഖം…
അച്ഛൻ അൽപ നേരത്തെ മൗനത്തിനു ശേഷം പ്രതീക്ഷയോടെ, എന്നെ കാണാൻ വന്ന ചെറുക്കന്റെ മുഖതേക്കു നോക്കി മോനും ഇത് തന്നെയാണോ അഭിപ്രായം എന്ന് ചോദിക്കുമ്പോൾ വായിൽ കുത്തികയറ്റിയ കായവറുത്തത് മറുപടി പറയാൻ തടസ്സം സൃഷ്ടിച്ചതു മൂലം ‘അതെ’ എന്നയാൾ തലയാട്ടുന്നുണ്ടായിരുന്നു….
അച്ഛൻ ഒന്നും പറയാൻ ആവാതെ ഇനി എന്ത് എന്നർത്ഥത്തിൽ എന്റെ മുഖത്തേക്ക് നോക്കി..
അച്ഛാ കുറച്ചു കാര്യങ്ങൾ എനിക്കിവരോട് സംസാരിക്കണം..
ഹായ്..കാരണവന്മാര് സംസാരിക്കുമ്പോ പെങ്കുട്യോൾ അഭിപ്രായം പറയുന്നോ…ഞങ്ങടെ തറവാട്ടിൽ ഇതൊന്നും പതിവില്ല….
ഞാൻ പറഞ്ഞു തുടങ്ങി…
അതേയ് അമ്മാവാ നിങ്ങടെ വീട്ടിൽ ഇതൊന്നും പതിവില്ലായിരിക്കും..ഇവിടെ പക്ഷെ എന്റെ അഭിപ്രായത്തിനാണ് പ്രസക്തി കാരണം ഇതെന്റെ ജീവിത പ്രശ്നമാണ് അപ്പൊ എനിക്ക് അതിനെ പറ്റി സംസാരിച്ചെ തീരു…
കിളവൻ മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ തുടർന്നു…
നിങ്ങൾ എന്തടിസ്ഥാനത്തിലാണ് ഈ കാശും സ്വർണവും ഒക്കെ എന്റെ അച്ഛനോട് ചോദിച്ചത്…നിങ്ങൾ അച്ഛന്റെ കയ്യിൽ വല്ലതും ഇവിടെ കൊടുത്തേൽപ്പിച്ചിട്ടുണ്ടോ?
എനിക്ക് വയസ്സ് 23 ആയി ഇത് വരെ ഒരു കുറവും അറിയിക്കാതെ ആണ് എന്റെ അച്ഛൻ എന്നെ വളർത്തിയത്…ഞാൻ ചുമ്മാ അങ്ങ് കേറി വളർന്നതല്ല..അതിനുവേണ്ടി ഒരുപാട് കാശ് എന്റെ അച്ഛന് ചിലവായിട്ടുണ്ട്..
അക്കമിട്ടു നിരത്തി എണ്ണി എണ്ണി പറഞ്ഞാൽ…
ഞാൻ ജനിച്ചപ്പോ ഹോസ്പിറ്റലിൽ ചെലവായത്,ഇടയ്ക്കു അസുഖങ്ങൾ വന്നപ്പോൾ മരുന്നിനു ചെലവായത്,പഠിക്കാൻ സ്കൂളിൽ ചേർത്തപ്പോൾ ചെലവായത്, വയസറിയിച്ചപ്പോ മുതൽ ഇന്ന് വരെ ഉള്ള നാ പ്കിനുകൾക്കു ചെലവായത്,ഇന്ന് വരെ ഞാൻ ഉടുക്കുന്ന വസ്ത്രത്തിനും കഴിക്കുന്ന ഭക്ഷണത്തിനും ചെലവായത്, എഞ്ചിനീയറിംഗ് പഠിക്കാൻ കോളേജിൽ ചെലവായത് അങ്ങനെ ഇന്ന് വരെ എന്റെ അച്ഛൻ എനിക്ക് വേണ്ടി ഒരു 15ലക്ഷം രൂപ കുറഞ്ഞത് ചിലവാക്കി കാണും…
ആ കാശ് എന്റെ അച്ഛന് നിങ്ങൾ കൊടുക്കുമോ?
അതെന്തിനാ കുട്ടി ഞങ്ങൾ കൊടുക്കുന്നത് അത് കുട്ടിടെ അച്ഛന്റെ കടമയല്ലേ? കുട്ടിയെ ചെലവ് തന്നു നോക്കേണ്ടത് കുട്ടീടെ അച്ഛന്റെ ഉത്തരവാദിത്വമാണ്…
അമ്മാവൻ പറഞ്ഞത് ശരിയാണ്..എന്നെ നോക്കേണ്ടത് എന്റെച്ഛന്റെ കടമയായിരുന്നു..അത് പോലെ തന്നെ എന്നെ വിവാഹം ചെയ്യുന്നവനും ആ കടമയുണ്ട്.. സ്വന്തം ഭാര്യയെ വിവാഹശേഷം സ്വന്തം ചിലവിൽ നോക്കേണ്ടതു ഭർത്താവിന്റെ കടമയാണ്..
എന്നെ ഇത്രേം നാൾ ചെലവ് തന്നു വളർത്തിയ എന്റെ അച്ഛനോട് ഭാവിയിൽ എന്നെ നോക്കാൻ വേണ്ടി പിന്നേം സ്ത്രീധനം മേടിക്കുന്നത് എന്തർഥത്തിലാണ്…
അതും പോരാഞ്ഞു നിങ്ങൾ പറഞ്ഞ പണവും സ്വർണവും തന്നെന്റെ അച്ഛൻ എന്നെ അങ്ങോട്ട് കെട്ടിച്ചു വിടുമ്പോൾ അവിടെ വന്നു ഞാൻ നിങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടി രാപകൽ ഇല്ലാതെ പണിയെടുക്കണം… ഇനി ഞാൻ വേറെ ജോലിക്കു പോയാൽ തന്നെ ആ കാശ് വന്നു ചേരുന്നതും നിങ്ങടെ വീട്ടിലേക്കല്ലെ…അപ്പൊ പിന്നെയും ആർക്കാണ് നേട്ടം? നിങ്ങൾക്ക് തന്നെ…
ഇത്രേം കഷ്ടപെട്ട് എന്നെ വളർത്തി വലുതാക്കിയ എന്റെ അച്ഛന് എന്നെ കൊണ്ട് എന്ത് ലാഭമാണ് അന്നേരം ഉള്ളത്..വളർത്തി വലുതാക്കിയ ചെലവ് പോരാഞ്ഞു വീണ്ടും നിങ്ങൾ പറഞ്ഞ സ്ത്രീധനം തന്നെന്റെ കല്യാണം നടത്തുമ്പോൾ വീണ്ടും കടത്തിലേക്കല്ലേ എന്റെ അച്ഛൻ വീഴുന്നത്…
നിങ്ങൾ കുറച്ചു മുൻപ് പറഞ്ഞു അനന്തരവൻ വിവാഹം കഴിക്കുന്നത് അമ്മക്കു വേണ്ടിയാണെന്ന്…അമ്മക്ക് കൂട്ടുകിടക്കാൻ ആണേൽ ഒരു ഹോം നേഴ്സ് പോരെ? വിവാഹം കഴിക്കുന്നതെന്തിനാ..ഓ..ഞാനതു മറന്നു ഹോം നഴ്സിന് പറയുന്ന ശമ്പളം കൊടുക്കണമല്ലോ അല്ലെ? ഭാര്യ ആകുമ്പോൾ പണം കൊടുക്കണ്ടല്ലോ ശമ്പളമില്ലാതെ പണിയെടുക്കാൻ ഫ്രീ ആയി ഒരു വേലക്കാരിയെ കിട്ടും…എന്തായാലും ബുദ്ധി കൊള്ളാം…
ആ ഏർപ്പാട് അത്ര ശരിയല്ലല്ലോ അമ്മാവാ..നമുക്ക് ഇതൊന്നു മാറ്റി പിടിക്കാം എന്നെ നിങ്ങടെ അനന്തരവൻ കല്യാണം കഴിച്ചു കൊണ്ടുപോകുമ്പോൾ ഇത്രേം നാളും എന്റെ അച്ഛന് ഞാൻ മൂലം ചിലവായ കാശ് കൊടുത്തിട്ടു കൊണ്ടുപോകട്ടെ,കാരണo
എന്നെ കൊണ്ട് ഇനി നേട്ടം ഉണ്ടാവാൻ പോകുന്നത് നിങ്ങൾക്കാണല്ലോ..ലാഭത്തിന്റെ ത്രാസിന്റെ തട്ട് ഒരു ഭാഗം മാത്രം താഴ്ന്നിരിക്കുന്നത് മോശമല്ലേ? അത് തുല്യമായിരിക്കണം…
എനിക്ക് തൊട്ടു താഴെ രണ്ടനിയത്തിമാർ ഉണ്ട് അവരെ കണ്ടില്ല എന്ന് നടിക്കാൻ എനിക്കാവില്ല……അപ്പൊ ഇനി എന്ത് വേണമെന്ന് നിങ്ങൾ തീരുമാനിക്ക്….
പറഞ്ഞ സ്ത്രീധനം തരാതെ ഞങ്ങൾക്ക് ഈ കല്യാണം വേണ്ട… കിളവൻ എടുത്തടിച്ചു മറുപടി പറഞ്ഞു…
എന്റെ പൊന്നമ്മാവാ അപ്പൊ അധികം ഇരുന്നു ബുദ്ധിമുട്ടണ്ട മരുമോനേം കൊണ്ട് വല്ല അറവ് മാടിനേം വിക്കണ സ്ഥലത്തു ചെന്നാട്ടെ, പറ്റിയ ഒരെണ്ണം അവിടുന്നു കിട്ടാതെ ഇരിക്കില്ല..ഇനി അമ്മക്ക് കൂട്ടിനാണേൽ ഇവിടെ അടുത്ത് ഒരു പെറ്റ് ഷോപ് ഉണ്ടു അവിടെ ചെന്നാൽ നല്ല മുന്തിയ ഇനം പട്ടിയെ കിട്ടും ഒരെണ്ണം മേടിക്കു..ഇനി കാശു കൊടുക്കാൻ ബുദ്ധിമുട്ടാച്ച റോഡിലൂടെ ഇഷ്ടം പോലെ അലഞ്ഞു തിരിഞ്ഞു നടക്കണ്ടു ഒരെണ്ണത്തിനെ പോണ വഴി പിടിച്ചോണ്ട് പോയ മതി അതാവുമ്പോ ഒരു ചങ്ങലയുടെ ചിലവേയുള്ളു …
ഇവിടെ നിങ്ങടെ മോന് പറ്റിയ പെണ്ണില്ല…ഞാൻ അയാളുടെ മുഖത്ത് നോക്കി തറപ്പിച്ചു പറഞ്ഞു..
വാടാ!! ഇവിടെ ഇരുന്നു നാറണ്ട ..പ്ലേറ്റിൽ അവശേഷിക്കുന്ന കപ്പലണ്ടി തൂത്തു പെറുക്കി കൊണ്ടിരിക്കുന്ന അനന്തരവന്റെ നേരെ നോക്കി അയാൾ ആക്രോശിച്ചു …ഈ വീട്ടുകാർ ശരിയല്ല ,ഇവിടെ പെൺഭരണമാണ് എന്ന് പറഞ്ഞു കൊണ്ട് അയാൾ പോകാനായിറങ്ങി…
അതേയ് അമ്മാവൻ ഒന്ന് നിന്നെ…പോകുന്നതിനു മുൻപ് ഒരു 225 രൂപ വെച്ചിട്ടു പോയ മതി…ഞാൻ പറഞ്ഞു..
225 രൂപയോ എന്തിനു? അയാൾ ചോദിച്ചു..
എന്റെ മുഖത്ത് പോലും ഒന്ന് നോക്കാതെ നിങ്ങടെ അനന്തരവൻ ഇവിടെ ഇരുന്നു തിന്നു തീർത്ത പലഹാരങ്ങളുടെ കാശാണ്..ഇവിടെ ആകെ ഈ പറമ്പിൽ ഉള്ളത് രണ്ടു തെങ്ങും ഒരു മാവുമാണ് അല്ലാതെ പണം കായ്ക്കുന്ന മരം ഒന്നും ഇല്ല….
മോളെ വേണ്ട..അമ്മ എന്റെ കയ്യിൽ കയറി പിടിച്ചു…
അമ്മ ഇതിൽ ഇടപെടേണ്ട…എന്നെ എന്താ നിങ്ങൾ ഇവിടെ വിക്കാൻ വെച്ചേക്കുവാണോ?
പെണ്ണുകാണാൻ കാണാൻ എന്നും പറഞ്ഞു ഒരുളുപ്പും ഇല്ലാതെ ഓരോ വീട്ടിൽ കയറിച്ചെന്നു അവിടെ ഉള്ള പെണ്ണിന് വിലയും പറഞ്ഞു അവിടെ ഉള്ളവർ ഇല്ലാത്ത പൈസ മുടക്കി മേടിച്ചു വയ്ക്കുന്ന സാധനങ്ങൾ ഒക്കെ മുഴുവൻ ആർത്തി പിടിച്ചു തിന്നിട്ടു പോവാനെ ഇവറ്റകൾക്ക് അറിയൂ..അതുണ്ടാക്കാൻ വേണ്ടി കഷ്ടപ്പെടുന്ന കുടുംബനാഥന്റെ വിയർപ്പിന്റെ വില ഇവർക്കറിയില്ല….
എന്റെ അച്ഛൻ മുനിസിപ്പാലിറ്റിയിൽ അടിച്ചു വാരി ഉണ്ടാക്കിയ കാശ് കൊണ്ട് മേടിച്ച സാധനങ്ങൾ ആണ് ഇവർ വെറുതെ ഇരുന്നു തിന്നു തീർത്തത്..എനിക്കാ കാശ് കിട്ടിയേ തീരു….
അയാൾ പിന്നെ കൂടുതൽ തർക്കിക്കാൻ നിന്നില്ല. ഞാൻ പറഞ്ഞ കാശ് തിണ്ണയിൽ വെച്ചിട്ടയാൾ ഇറങ്ങി പോയി…
അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു …
അച്ഛാ… അച്ഛൻ കരയരുത്..അച്ഛന്റെ ഈ മോൾ ഒരിക്കലും അച്ഛന് ബാധ്യതയാവില്ല..അച്ഛൻ എന്നെ ഇത്രേം പഠിപ്പിച്ചില്ലേ നല്ലൊരു ജോലി എനിക്ക് കിട്ടും..അവർ പറഞ്ഞ കാശൊന്നും കൊടുക്കാൻ അച്ഛനെ കൊണ്ടാകില്ല പിന്നെ സ്ത്രീധനം ഇല്ലാതെ എന്നെ കല്യാണം കഴിക്കാൻ ആരേലും വന്നാൽ അത് മതി അച്ഛാ എനിക്ക്.. അയാൾ കാഴ്ചക്ക് ഇച്ചിരി മോശമായാലും വേണ്ടില്ല…
എന്റെ തീരുമാനം ഉറച്ചതായിരുന്നു…
പിറ്റേ ദിവസം ജോലിക്കുള്ള ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പഴാണ് ഉമ്മറത്ത് അച്ഛനുമായി ആരോ സംസാരിക്കുന്നത് കേട്ടത്…
ചെന്ന് നോക്കിയപ്പോൾ ഇന്നലെ ചെറുക്കന്റെ കൂടെ വന്ന ആളാണെന്നു മനസ്സിലായി…കൂടെ ഒരു വയസ്സായ സ്ത്രീയും ഉണ്ടായിരുന്നു..
അവർ എന്നെ കണ്ടതും എണീറ്റ് എന്റെ അരികിലേക്ക് വന്നു..മോളെ ഇതെന്റെ മോനാ അർജുൻ.. ഇന്നലെ ഇവിടെ നടന്നതൊക്കെ മോൻ വീട്ടിൽ വന്നപ്പോ പറഞ്ഞു….
ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.
എനിക്ക് സീതയോട് ഒന്ന് സംസാരിക്കണം..
അതിനെന്താ വരൂ..ഞാൻ അയാളെ അകത്തേക്ക് ക്ഷണിച്ചു…
മ്മ് പറഞ്ഞോളൂ..
എന്റെ പേര് അമ്മ പറഞ്ഞറിഞ്ഞല്ലോ..ഞാൻ ഇവിടെ അടുത്ത് വില്ലേജ് ആഫീസിൽ ക്ലർക്ക് ആണ്.. എനിക്ക് വയസ്സ് മുപ്പതായി ഇത് വരെ പെണ്ണ് കെട്ടാഞ്ഞത് വേറൊന്നും കൊണ്ടല്ല മനസ്സിനിഷ്ടപ്പെട്ട ഒരു കുട്ടിയെ കിട്ടാഞ്ഞിട്ട…സത്യത്തിൽ തന്നെ ഇന്നലെ ഇവിടെ കണ്ടപ്പഴേ എനിക്ക് നന്നെ ബോധിച്ചിരുന്നു…ഈ കല്യാണം നടക്കരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചിരുന്നു…ഇഷ്ടായിട്ടു തന്നാ അല്ലാതെ സഹതാപം കൊണ്ടൊന്നുമല്ലട്ടോ…
സ്ത്രീ ധനമായി പത്തു രൂപ പോലും എനിക്ക് വേണ്ട..പൊന്നു പോലെ ഞാൻ നോക്കിക്കോളാം..തനിക്കു പഠിക്കാൻ ഇഷ്ടാണേൽ തുടർന്ന് പഠിക്കാം എനിക്ക് പറ്റണ പോലെ ഞാൻ ചെയ്തു തരാം…
സമ്മതാണേൽ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഈ കഴുത്തിൽ ഒരു താലി ഞാൻ കെട്ടിക്കോട്ടെ..
ഞാൻ എന്ത് പറയണം എന്നറിയാതെ മിഴിച്ചു നിന്ന് പോയി…..
എന്താ ഒന്നും മിണ്ടാത്തത്… ഈ മൗനം സമ്മതമെന്നു ഞാൻ കരുതിക്കോട്ടെ?..ഇനി ഒരിക്കൽ കൂടി ഞാൻ വരും എന്തിനാണെന്നറിയോ? തന്നെ എന്റേതാക്കാൻ ഇത്രയും പറഞ്ഞാ മനുഷ്യൻ അവിടെ നിന്നും ഇറങ്ങി പോകുമ്പോൾ ആണൊരുത്തനെ കണ്ട സന്തോഷമായിരുന്നു മനസ്സ് നിറയെ….
NB: ഒന്നും വേണ്ടെനിക്ക്’ പേരിനൊരു സാരി ഉടുപ്പിച്ചു ഏതെങ്കിലും ഒരമ്പലനടയിൽ എത്തിച്ചാൽ താലി കെട്ടി ഞാൻ കൊണ്ടൊക്കോളാം എന്നന്റച്ഛനോടു പറഞ്ഞു എന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ എന്റെ പാതി ജീവനായ വിപിൻ ഗോപി നിങ്ങളു മുത്താണ്…..