കുർബാന കഴിഞ്ഞ് കുരിശ് പള്ളിയുടെ പടിക്കെട്ടുകളിറങ്ങുമ്പോഴാണ്, റോസിലി റബ്ബർമരത്തിലൊട്ടിച്ച് വച്ചിരിക്കുന്ന ആ പോസ്റ്റർ കണ്ടത്.
ഹോം നഴ്സിനെ ആവശ്യമുണ്ട്, മാസം പതിനയ്യായിരം ശബ്ബളം, വീട്ടിൽ തന്നെ സ്ഥിരമായി നില്ക്കാൻ തയ്യാറുള്ള 25 നും 40നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം
ഫോൺ: *************
റോസിലി തൻ്റെ മൊബൈലിലേക്ക് ആ നമ്പർ സേവ് ചെയ്തിട്ട്, സാരിത്തുമ്പ് വലിച്ച് പുറം വഴി പുതച്ച് മൂടി, വീട്ടിലേക്ക് വേഗം നടന്നു.
തൊട്ടടുത്ത ഇടവകയിലെ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്ന റോസിലി, പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് താൻ പ്രണയിച്ച ജോസൂട്ടിയോടൊപ്പം ഒളിച്ചോടി വന്നതാണിവിടെ.
ടാപ്പിങ്ങ് തൊഴിലാളിയായിരുന്ന ജോസൂട്ടിയോടൊപ്പമുള്ള ദാമ്പത്യ ജീവിതം ,ആദ്യമൊക്കെ സന്തോഷം നിറഞ്ഞതായിരുന്നു.
മൂത്ത മകൻ ആൽവിൻ്റെ പ്രസവത്തോടെയാണ്, ജോസൂട്ടിയിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയത്.
അയൽപക്കത്തെ മാത്യു മുതലാളിയുടെ കാറോടിക്കാൻ ഇടയ്ക്കവിടെ പോകുമായിരുന്ന അയാൾ ,മുതലാളിയുടെ ഭാര്യയുമായി അടുപ്പത്തിലായി.
ഒരു രാത്രിയിൽ തന്നോടൊപ്പം കിടന്നുറങ്ങിയ ജോസുട്ടിയെ കാണാതെ, അന്വേഷിച്ചിറങ്ങിയ റോസിലി, അവസാനം അയാളെ കണ്ടെത്തിയത്, മാത്യു മുതലാളിയുടെ വീടിൻ്റെ അടുക്കള വാതിൽ തുറന്നിറങ്ങി വരുമ്പോഴാണ്.
പിന്നിൽ അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി, ജോസൂട്ടിയെ റ്റാറ്റ കാണിക്കുന്ന മുതലാളിയുടെ ഭാര്യയെ കണ്ടപ്പോൾ, റോസിലിക്ക് ശ്വാസം നിലച്ച് പോയി.
അന്ന് അയാളുമായി തുടങ്ങിയ വഴക്കും ബഹളവും അവസാനിച്ചത്, മുതലാളിയുടെ ഭാര്യയെയും കൊണ്ട് ജോസുട്ടി നാട് വിട്ടപ്പോഴാണ്.
തനിക്ക് എല്ലാം നഷ്ടപ്പെട്ടെന്നും വഞ്ചിക്കപ്പെട്ടെന്നും മനസ്സിലായെങ്കിലും, തളരാനും കുറ്റമേറ്റ് പറഞ്ഞ് തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകാനും, അവൾക്ക് മനസ്സ് വന്നില്ല.
ആറ് മാസം പ്രായമായ മകനെയുമെടുത്ത്, ഇടവക വികാരിയെ പോയി കണ്ട്
അവൾ സങ്കടം പറഞ്ഞു.
തത്ക്കാലം പള്ളിയുടെ വക അനാഥാലയത്തിലെ അടുക്കള കാര്യങ്ങൾ നോക്കി നടത്താൻ ,ഫാദർ അവളോട് ആവശ്യപ്പെട്ടു.
അത് റോസിലിക്ക് വലിയ ആശ്വാസമായിരുന്നു ,രാവിലെ ജോലിക്കെത്തുന്ന റോസിലിയുടെ കയ്യിൽ നിന്ന്, ആൽവിനെ അവിടുത്തെ കുട്ടികൾ ഏറ്റ് വാങ്ങും ,പിന്നെ വൈകുന്നേരം തിരിച്ച് പോകുന്നത് വരെ, കുഞ്ഞിനെ കൊഞ്ചിച്ചും, ഭക്ഷണം കൊടുത്തും അവർ തന്നെ അവനെ കൊണ്ട് നടക്കും.
അങ്ങനെ വർഷം പതിനൊന്ന് കഴിഞ്ഞു, ആൽവിൻ ആറാം ക്ളാസ്സിലായപ്പോൾ, മകനെ നല്ല നിലയിൽ വളർത്താനും, മികച്ച വിദ്യാഭ്യാസം കൊടുക്കാനും തനിക്ക് നല്ല വരുമാനം കൂടിയേ തീരു എന്ന തിരിച്ചറിവാണ്, അവളെ പുതിയ ജോലി അന്വേഷിക്കാൻ പ്രേരിപ്പിച്ചത്.
വീട്ടിലെത്തിയ റോസിലി , താൻ സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു.
ഒരു സ്ത്രീയായിരുന്നു ഫോൺ അറ്റൻറ് ചെയ്തത്.
റോസിലി തൻ്റെ ഡീറ്റൈൽസൊക്കെ പറഞ്ഞപ്പോൾ, പിറ്റേ ആഴ്ച മുതൽ ചെല്ലാൻ അവർ ആവശ്യപ്പെട്ടു.
വികാരിയച്ഛനോട് സംസാരിച്ച് തത്കാലം ആൽവിനെ അനാഥാലയത്തിലേല്പിച്ചു , അടുത്ത ദിവസം മുതൽ ,സ്കൂൾ ബസ്സ്, പളളി മുറ്റത്ത് വന്ന് ആൽവിനെയും കൊണ്ട് പോകാനുള്ള ഏർപ്പാടുമുണ്ടാക്കി.
പിറ്റേ ആഴ്ച റോസിലി, ഒരു മാസത്തേയ്ക്കുള്ള വസ്ത്രങ്ങൾ ,പഴയൊരു ബാഗിലാക്കി വീട് പൂട്ടി ഇറങ്ങി.
ഫോണിലൂടെ അവർ പറഞ്ഞ അഡ്രസ്സ് തിരക്കി നടന്ന്, ഒടുവിൽ കൊട്ടാരസദൃശ്യമായ ഒരു ബംഗ്ളാവിൻ്റെ മുന്നിലെത്തി.
അവളെ കണ്ടതും ,അവളുടെ വീടിനോളം വലിപ്പമുള്ള കൂട്ടിൽ കിടന്ന് ,അൾസേഷൻ നായ ഉറക്കെ കുരച്ചു.
ഭീതിയോടെ അവൾ സിറ്റൗട്ടിൻ്റെ ഇടത് വശത്തെ ഭിത്തിയിൽ കണ്ട, കോളിംഗ് ബെല്ലിൻ്റെ സ്വിച്ചിൽ വിരലമർത്തി.
അല്പം കഴിഞ്ഞപ്പോൾ, കൊത്തുപണി ചെയ്ത വലിയ വാതിൽ തുറന്ന്, ആഡ്യത്വമുള്ളൊരു സ്ത്രീ ഇറങ്ങി വന്നു.
റോസിലി അല്ലേ?
അവളെ കണ്ടതും അവർ ചോദിച്ചു.
അതേ മാഡം
അവൾ വിനയത്തോടെ പറഞ്ഞു.
കയറി വരു ,പിന്നെ ഈ മാഡം വിളി വേണ്ട, അതെനിക്ക് ഇഷ്ടമല്ല ,ഗ്രേസ് എന്നാണെൻ്റെ പേര് ,വേണമെങ്കിൽ പേര് വിളിക്കാം, അല്ലെങ്കിൽ ചേച്ചിയെന്ന് വിളിക്കാം
ശരി ചേച്ചി …
കണ്ടാൽ തൻ്റെ പ്രായമേ തോന്നുള്ളു എങ്കിലും, അത് അവരുടെ കോസ്റ്റുമിൻ്റെയും മേക്കപ്പിൻ്റെയും ഫലമാണെന്ന് റോസിലിക്ക് മനസ്സിലായത് കൊണ്ടാണ്, അവൾ ചേച്ചിയെന്ന് സംബോധന ചെയ്തത്.
പ്രൗഡിയുള്ള ലിവിംഗ് റൂമും കഴിഞ്ഞ്, ക്രാഫ്റ്റ് വർക്കുകൾ ചെയ്ത മനോഹരമായ ചുമരുകൾ അതിരിടുന്ന ഇടനാഴിയിലൂടെ, ഗ്രേസിനെ പിന്തുടരുമ്പോൾ, സെൻട്രലൈസ്ഡ് ഏസിയുടെ തണുപ്പിൽ, അവൾക്ക് വല്ലാത്ത കുളിർമ്മ തോന്നി.
സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ളൊരു ബെഡ് റൂമിലേക്കാണ്, ഗ്രേസ് അവളെ കൊണ്ടെത്തിച്ചത്.
അവിടെ വില കൂടിയ ലെതർസെറ്റികളും, ടീ പോയും പിന്നെ ഓട്ടോമാറ്റിക് കട്ടിലുമുണ്ടായിരുന്നു.
ആ കട്ടിലിന് മുകളിൽ, താടിവളർത്തിയ സുമുഖനായ ഒരു ചെറുപ്പക്കാരൻ, സിൽക്ക് മുണ്ടും ഷർട്ടും ധരിച്ച് കിടക്കുന്നത് കണ്ട്, റോസിലി അമ്പരന്ന് നിന്നു.
കണ്ടാൽ അയാൾക്ക് എന്തെങ്കിലും അസുഖമുണ്ടെന്ന് തോന്നില്ല ,ആ മുറി പോലും ഒരു രോഗിയുടേതാണെന്ന് ആരും പറയില്ല ,അത്രയും വൃത്തിയും സുഗന്ധം നിറഞ്ഞതുമായിരുന്നു അവിടം.
രാവിലെ വരെയുള്ള മരുന്നും ഭക്ഷണവുമൊക്കെ കൊടുത്തിട്ടുണ്ട് ,ഇനി ഉച്ചയ്ക്ക് ഗുളികയുണ്ട് ,ഭക്ഷണത്തിൻ്റെ മെനുവും ,മരുന്നുകൾ കൊടുക്കേണ്ട വിധവുമൊക്കെ ദാ ഇതിലുണ്ട് ,നീയെപ്പോഴും ഈ മുറിയുടെ പരിസരത്ത് തന്നെയുണ്ടാവണം, അദ്ദേഹത്തിന് എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കും ,കഴുത്തിന് കീഴ്പോട്ടാണ് ബലക്കുറവ്, സംസാരിക്കാനും കാണാനും കേൾക്കാനുമൊക്കെ കഴിയും, ഇത് വരെ ഈ പറഞ്ഞ ജോലികളൊക്കെ ഞാൻ തന്നെയാണ് ചെയ്തത്, ഈ നിമിഷം മുതൽ അത് നിൻ്റെ കടമയാണ് ,നിന്നെ കൂടാതെ അടുക്കളയിൽ മേരി ചേച്ചിയുണ്ട്, പിന്നെ, പുറം പണിക്ക് രാമേട്ടനും, എന്തെങ്കിലും ആവശ്യം വന്നാൽ, രാമേട്ടനോട് പറഞ്ഞാൽ മതി, എല്ലാ ഒന്നാം തീയതിയിലും കൃത്യമായി രാമേട്ടൻ നിനക്കുള്ള ശബ്ബളം കൈയ്യിൽ കൊണ്ട് തരും, എങ്കിൽ, നീയൊന്ന് പുറത്തിറങ്ങി നിന്നേ, ഞാനദ്ദേഹത്തോടൊന്ന് യാത്ര പറയട്ടെ.
അപ്പോഴാണ് ഗ്രേസ് എവിടെയോ പോകാനുള്ള ഒരുക്കത്തിലാണെന്ന് റോസിലിക്ക് മനസ്സിലായത്.
അവൾ പുറത്തേക്കിറങ്ങിയപ്പോൾ, ഗ്രേസ് അകത്ത് നിന്ന് വാതിലടച്ചു.
അല്പസമയം കഴിഞ്ഞ് വാതിൽ തുറന്നവർ പുറത്തിറങ്ങുമ്പോൾ, മുഖം മ്ളാനമായിരുന്നത് റോസിലി ശ്രദ്ധിച്ചു.
ശരി ,അപ്പോൾ പറഞ്ഞത് പോലെ
ഗ്രേസ് മുറ്റത്തേക്ക് നടന്ന് പോയി കാറിൽ കയറുന്നത് വരെ, റോസിലി അവരെ അനുഗമിച്ചു.
അവൾ പോയോ?
തിരിച്ച് മുറിയിലെത്തിയ റോസിലിയോട് ,അയാൾ ചോദിച്ചു
ഉവ്വ് സാർ പോയി, ചേച്ചി ഷോപ്പിങ്ങിന് വല്ലതും പോയതാവുമല്ലേ?
ഹേയ്, അവള് ഗൾഫിലേക്ക് തിരിച്ച് പോയതാണ് ,ഞങ്ങളുടെ ബിസിനസ്സൊക്കെ അവിടെയായിരുന്നു ,അവിടെ വച്ചാണ് എനിക്ക് ആക്സിഡൻ്റുണ്ടായതും, ഈ സ്ഥിതിയിലായതും, ആശുപത്രിവാസംമടുത്തപ്പോഴാണ് എൻ്റെ നിർബന്ധം മൂലം ഇവിടേക്ക് ഷിഫ്റ്റ് ചെയ്തത്
അപ്പോൾ ചേച്ചി ഉടനെയൊന്നും വരില്ലേ ?
അതിന് മറുപടിയൊന്നും പറയാതെ അയാൾ കണ്ണടച്ച് കിടക്കുന്നത് കണ്ടപ്പോൾ, രാവിലെ കഴിച്ച ഗുളികയുടെ എഫക്ട് കൊണ്ട് മയങ്ങിയതാവാമെന്ന് അവൾക്ക് തോന്നി.
അയാളെ ഉറങ്ങാൻ വിട്ടിട്ട്, അവൾ തൻ്റെ ബാഗുമായി മുറിക്ക് പുറത്തിറങ്ങി.
അടുക്കളയിൽ ചെന്ന് മേരി ചേച്ചിയുമായി, പരിചയപ്പെട്ടിട്ട് അവരുമായി കുശലം പറഞ്ഞിരിക്കുമ്പോൾ, അടുക്കള വാതില്ക്കൽ ഒരു മദ്ധ്യവയസ്ക്കൻ പ്രത്യക്ഷപ്പെട്ടു.
ദേ, കുഞ്ഞിനെ കൊച്ച് മുതലാളി വിളിക്കുന്നുണ്ട്
അത് കേട്ട പാടെ, റോസിലി ഓടി അയാളുടെ മുറിയിലെത്തി.
എന്താ സാർ
എൻ്റെ നാ പ്കിൻ മാറ്റാൻ സമയമായി, അലമാരയിലിരിപ്പുണ്ട്, ആ കതകടച്ചിട്ട് അതിങ്ങ് എടുത്ത് കൊണ്ട് വരു
അത് കേട്ടതും റോസിലി പകച്ച് പോയി ,ഇത് വരെയവൾ അത്രയ്ക്കൊന്നും കടന്ന് ചിന്തിച്ചിരുന്നില്ല, ഇങ്ങനെയൊരു ജോലി ആദ്യമായിട്ടാണല്ലോ?
വിറയ്ക്കുന്ന കൈകളോടെ അലമാരയിൽ നിന്നും സാനിട്ടറി നാപ്കിനെടുത്ത് കൊണ്ട്, അയാളുടെയരികിലെത്തി.
എന്താ മാറ്റുന്നില്ലേ ?
അമ്പരന്ന് നില്ക്കുന്ന റോസിലിയോടയാൾ ചോദിച്ചു.
അത് സാർ, ഞാനിതൊന്നും ഇത് വരെ ചെയ്തിട്ടില്ല ,ആദ്യമായിട്ടാണ്, മാത്രമല്ല ,ഹോം നഴ്സിനെ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ, സാറിനെ പോലെ ഇത്ര ചെറുപ്പമായ ഒരാളാണെന്ന് കരുതിയിരുന്നില്ല, വീട്ടിലെ ബുദ്ധിമുട്ട് കൊണ്ടാണ്, പരസ്യം കണ്ടയുടനെ ചാടി പുറപ്പെട്ടത്
അവൾ നിസ്സഹായതയോടെ അയാളോട് പറഞ്ഞു.
ഇപ്പോൾ വരേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ, കുട്ടി തിരിച്ച് പൊയ്ക്കോളു, സ്വന്തം ഭാര്യയ്ക്ക് തോന്നാതിരുന്ന അനുകമ്പയൊന്നും കുട്ടിക്ക് തോന്നേണ്ട കാര്യമില്ലല്ലോ?
അയാളങ്ങനെ പറഞ്ഞത് റോസിലിയുടെ ഉള്ളിൽ തട്ടി, ചേച്ചി പോയത് സാറിന് ഇഷ്ടമായിട്ടില്ല ,അദ്ദേഹത്തിൻ്റെയുള്ളിൽ അതിൻ്റെ വേദനയുണ്ടെന്ന് അവൾക്ക് മനസ്സിലായി.
സോറി സർ ,ഞാനെൻ്റെ പരിചയക്കുറവ് പറഞ്ഞെന്നേയുള്ളു, ഞാൻ ചെയ്തോളാം, സാറൊന്ന് കണ്ണടച്ച് കിടന്നോളു, എല്ലാം കഴിഞ്ഞ് ഞാൻ പറയുമ്പോൾ തുറന്നാൽ മതി
അയാൾ കണ്ണടച്ച് നിർന്നിമേഷനായി കിടന്നപ്പോൾ നിർവ്വികാരതയോടെ
അവൾ ആ ദൗത്യം പൂർത്തിയാക്കി.
തുടരും…