അവരത് അറിഞ്ഞതിൽ എനിക്ക് ഒരു നാണക്കേടും ഇല്ലാ..പക്ഷേ ഇനിയും മേലാൽ ഞാൻ കൊണ്ടുവന്ന…

Story written by GAYATHRI GOVIND

“ഡോ മനുഷ്യാ.. അതിന്റെ മുൻപിൽ നിന്നും ഒന്നെഴുന്നേറ്റെ..” ആരതിയുടെ കടിച്ചുകീറാൻ വരുന്ന ശബ്ദം കേട്ട് ശ്യാം ഒന്നു ഞെട്ടി…

“എന്താ ആതി ഇത്.. എന്തൊരു ശബ്ദമാണ്.. ആരെങ്കിലും കേട്ടാൽ എന്തു കരുതും.. “

“ആര് കേട്ടാലും എനിക്ക് ഒരു കുഴപ്പവുമില്ല..”

“മോള് ഉണരും… നീ ഇരിക്ക്.. വന്നിരുന്നു സമാധാനമായി പറയൂ..” ആദ്യമായി ആണ് ആരതി ശ്യാമിനോട്‌ ഇങ്ങനെ സംസാരിക്കുന്നത്… ലാപ്ടോപ് അടച്ചുവച്ച് അവൻ അവളുടെ കയ്യിൽ പിടിച്ചു അടുത്തിരുത്തി..

“എന്താ നിന്റെ പ്രശ്നം??”

“നിങ്ങൾ എത്ര കൊല്ലം എന്റെ പുറകെ നടന്നിട്ടാണ് ഞാൻ വിവാഹത്തിന് സമ്മതിച്ചത്??”

“അതാണോ ആതി നിന്റെ പ്രശ്നം??”

“ചോദിക്കുന്നതിന് ഉത്തരം താ ശ്യാമേട്ടാ..”

“അഞ്ചാറു കൊല്ലം നടന്നിട്ടുണ്ടാവും…”

“ആണേ.. അല്ലാതെ ഞാൻ നിങ്ങളുടെ കാല് പിടിച്ചു എന്നെ കല്യാണം കഴിക്കാമോ എന്നുപറഞ്ഞു വന്നതല്ലല്ലോ…”

“അല്ല…”

“എന്നാൽ മര്യാദക്ക് നിങ്ങളുടെ അമ്മയോട് പറഞ്ഞേക്കണം മേലിൽ സ്ത്രീധനത്തിന്റെ പേരിൽ എന്നെ അപമാനിക്കരുതെന്ന്..”

“എന്തുപറ്റിയടോ…”

“ഇന്ന് എന്റെ കൂടെ പഠിച്ച അനൂപ് ഫാമിലിയോടൊപ്പം അവന്റെ വിവാഹം ക്ഷണിക്കാൻ വന്നിരുന്നു… അമ്മ അവനോട് പറഞ്ഞുകൊടുക്കുവാണ് കിട്ടാനുള്ളത് നേരത്തെ ചോദ്യവും പറച്ചിലും ഓക്കെ നടത്തണം.. അല്ലെങ്കിൽ ഇവിടുത്തെ പോലെ ധർമ്മ കല്യാണം ആയിപ്പോകും.. ഒരു രൂപ പോലും സ്ത്രീധനം തന്നില്ല… സ്വർണ്ണവും ഒന്നുമില്ലായിരുന്നുവെന്ന്.. അവര് മറുപടി ഒന്നും പറഞ്ഞില്ല.. എന്നെ ദയനീയമായി ഒന്നു നോക്കിയത് അല്ലാതെ..അവരത് അറിഞ്ഞതിൽ എനിക്ക് ഒരു നാണക്കേടും ഇല്ലാ.. പക്ഷേ ഇനിയും മേലാൽ ഞാൻ കൊണ്ടുവന്ന സ്ത്രീധനത്തെപ്പറ്റി ഇവിടെ ഒരു സംസാരം ഉണ്ടാകാൻ പാടില്ല ശ്യാമേട്ടാ… അഞ്ചു വർഷമായി കേൾക്കാൻ തുടങ്ങിയിട്ട് ഈ ഡയലോഗും അമ്മയുടെ കുത്തു വാക്കുകളും.. അതും ദിവസവും മൂന്ന് നേരം.. ശ്യാമേട്ടനോട് പറയുമ്പോൾ അമ്മ അല്ലേ ക്ഷമിക്കാൻ പറയും.. ഇനിയും എനിക്ക് പറ്റില്ല ഇത് ക്ഷമിക്കാൻ… ശ്യാമേട്ടൻ അമ്മയോട് ഇതിനെപ്പറ്റി സംസാരിക്കുമോ??”

“നാളെ സംസാരിക്കാം ഞാൻ…”

“സംസാരിക്കണം… എന്നെ ഇത്രെയും വളർത്തി പഠിപ്പിച്ചു ജോലിയാകാൻ കാരണക്കാരായ എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടിയല്ല ഞാൻ എന്റെ ശമ്പളം ചിലവാക്കുന്നത്.. നമ്മുക്ക് വേണ്ടിയാണ്.. ഈ വീടിനു വേണ്ടിയാണ്.. അതൊന്നും എന്താ നിങ്ങളുടെ അമ്മയുടെ കണക്കിൽ ഇല്ലാത്തത് “

“ഹ്മ്മ്…”

“തമാശയല്ല.. ഞാൻ വളരെ സീരിയസ് ആയിട്ടാണ് സംസാരിക്കുന്നത്.. ഇനിയും ഇതുപോലെ ഒരു അനുഭവം ഉണ്ടായാൽ ഞാനും എന്റെ കുഞ്ഞും ഈ വീട് വിട്ടു പോകും.. അവളെ നോക്കാൻ എനിക്ക് എന്റെ ജോലി മതി..”

“ഡി ഇങ്ങനെയൊന്നും പറയാതെ.. ഞാൻ നാളെ തന്നെ സംസാരിച്ചോളാം.. വാ കിടക്കാം.. എന്റെ അമ്മേ ഞാൻ ഓർത്തു നാഗവല്ലി റിട്ടേൺ ആണെന്ന്..” അവൻ അവളെ എഴുന്നേൽപ്പിച്ചു കിടക്കാനായി പോയി..

??????

“അമ്മേ.. അച്ഛാ.. എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്..”

“എന്താമോനെ??”

“അമ്മയോടാണ് പറയാനുള്ളത്.. അച്ഛനും കേൾക്കണം..”

“ആഹ്.. നീ പറയു. “

“ഇനിയും മേലാൽ ആതി കൊണ്ടുവന്ന സ്ത്രീധനത്തെപ്പറ്റി ഇവിടെ സംസാരമുണ്ടാകാൻ പാടില്ല.. “

“ഓഹ്.. അവൾ അപ്പോഴേക്കും എല്ലാം വന്നു നിന്റെ ചെവിയിൽ ഓതിയോ.. അച്ചികോന്തൻ അതും ചോദിച്ചു വന്നേക്കുന്നു.. ഹും..”

“അതെ… അവൾ എന്നോട് പറഞ്ഞു.. എന്റെ ഭാര്യ എന്നോടല്ലാതെ പിന്നെ അയല്പക്കത്തെ ചേട്ടനോട് ആണോ പറയേണ്ടത്.. അത് ചോദിക്കാൻ വന്ന ഞാൻ അമ്മയുടെ മുൻപിൽ അച്ചികോന്തൻ ആണെങ്കിൽ അതും എനിക്ക് പ്രശ്നം ഇല്ലാ..”

“ഡാ.. മോനെ..”

“എനിക്ക് ഒന്നും കേൾക്കേണ്ട അമ്മാ.. ഞാനും പലതവണ അമ്മ അവളെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്.. വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്നോർത്താണ് മിണ്ടാതിരുന്നത്.. ഇനിയും അമ്മയുടെ നാവിൽ നിന്നും അങ്ങനെ ഒരു വർത്തമാനം ഉണ്ടായാൽ അമ്മയുടെ അച്ചികോന്തനായ ഈ മോൻ ഭാര്യയയും കൂട്ടി താമസം മാറും..ചേച്ചിയുടെ കല്യാണം നടത്താൻപ്പെട്ട പാട് എനിക്കും അച്ഛനും അറിയാം.. എനിക്ക് ഒരു മോളാണ് അവൾക്കും ഒരു നയാ പൈസ സ്ത്രീധനം ഞാൻ കൊടുക്കില്ല.. എനിക്കും സ്ത്രീധനം വേണ്ട.. പിന്നെ എന്റെ ഭാര്യയുടെ അനിയത്തിയുടെ വിവാഹ ചിലവും ഞങ്ങളാണ് നടത്താൻ ഉദ്ദേശിക്കുന്നത്.. അതും ഈ കൂട്ടത്തിൽ അങ്ങ് പറഞ്ഞുന്നെയുള്ളൂ.. അമ്മക്ക് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഇപ്പോൾ പറയാം..”

അവർ ഒന്നും മിണ്ടാതെ നിന്നു.. ശ്യാം അകത്തേക്ക് പോയി.. അമ്മ അവന്റെ അച്ഛനെ നോക്കി..

“ഉള്ള കഞ്ഞികുടി മുട്ടിക്കരുത് “എന്നുപറഞ്ഞു അയാൾ അവരെ കൈ തൊഴുതു കാണിച്ചു

റൂമിലേക്ക് ചെന്ന ശ്യാമിനെ ആരതി പുണർന്നു…

“പൊളിച്ചു മോനെ..”അവന്റെ കവിളിൽ പിടിച്ചവൾ പറഞ്ഞു

അവസാനിച്ചു