അവളുടെയൊരു ബിജു, ഇത്രയും നാളും ബിജുണോ നിൻ്റെ കാര്യങ്ങൾ നോക്കിയത്…? ഇപ്പോൾ ഞാൻ ജീവനോടെയുണ്ടല്ലോ…

Story written by Saji Thaiparambu

“അയ്യോ ഏട്ടാ… പോകല്ലേ…ഞാൻ കൂടെ വരട്ടെ”

പുറത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട ശ്രുതി, ഭർത്താവിനോട് വിളിച്ച് പറഞ്ഞു.

“നിനക്ക് കുറച്ച് കൂടി നേരത്തെ ജോലിയൊതുക്കി ഇറങ്ങിയാലെന്താ? നീയിനി ബസ്സിലെങ്ങാനും കേറി പോകാൻ നോക്ക്, എനിക്ക് നിന്നെ കാത്ത് നില്ക്കാനൊന്നും സമയമില്ല”

പവിത്രൻ, ഭാര്യയോട് പരുഷമായി പറഞ്ഞിട്ട് ബൈക്കുമായി പുറത്തേക്ക് പോയപ്പോൾ, ശ്രുതിക്ക് വല്ലാതെ സങ്കടം വന്നു.

വെളുപ്പിന് അഞ്ച് മണിക്കെഴുന്നേറ്റ്, വായും മുഖവും കഴുകി അടുക്കളയിൽ കയറുന്ന താൻ, ഒൻപതരയ്ക്കുള്ളിൽ രണ്ട് നേരത്തെ ആഹാരമുണ്ടാക്കി മക്കളുടെ ലഞ്ച് ബോക്സും തയ്യാറാക്കി ,അവരെ കുളിപ്പിച്ച് അവരുടെ യൂണിഫോം ഇസ്തിരിയിട്ട് കഴിയുമ്പോഴേക്കും, വെട്ടി വിയർക്കുന്ന ശരീരവുമായി അല്പനേരം കിതപ്പ് മാറാൻ പോലുമിരിക്കാതെയാണ്, നേരെ ബാത്റൂമിലേക്കോടി കയറുന്നത്.

ഇല്ലെങ്കിൽ ഒൻപതേ മുക്കാല് കഴിയുമ്പോൾ, ഭർത്താവ് അങ്ങേരുടെ പാട്ടിന് പോകുമെന്ന് അവൾക്ക് നന്നായറിയാം

എന്നിട്ടും, ഇത്രയും ക്രൂരമായി നിനക്ക് കുറച്ച് നേരത്തെ റെഡിയായി കൂടെ ,എന്ന് പറയാൻ അദ്ദേഹത്തിന് എങ്ങനെ തോന്നുന്നു.

കണ്ണിലുരുണ്ട് കൂടിയ നീർമണികൾ ,കവിളിലെ വിയർപ്പ് ചാലിനൊപ്പം തുടച്ച് മാറ്റിയിട്ട്, അവൾ ബാത്റൂമിലേക്ക് കയറി.

ടൗണിലൊരു ,പലവ്യഞ്ജന കട നടത്തുകയാണ് പവിത്രൻ.

എന്നും, കോ: ഓപ്പറേറ്റീവ് ബാങ്കിലെ ,ജോലിക്കാരിയായ ഭാര്യ ശ്രുതിയെ ,അവിടെ കൊണ്ട് വിട്ടതിന് ശേഷമാണ്, അയാൾ കടയിലേക്ക് വരുന്നത്.

അതിന് മുമ്പ് തന്നെ,കടയിലെ ജോലിക്കാര് വന്ന്, കട തുറന്ന് കച്ചവടം തുടങ്ങിയിട്ടുണ്ടാവും.

“അല്ലാ… ശ്രുതി ചേച്ചിയല്ലേ ?ദേ ആ ബൈക്കിൻ്റെ പിന്നിലിരുന്ന് പോകുന്നത്?

ത്രാസിൽ അരിയെടുത്ത് വച്ച് വെയിറ്റ് നോക്കുന്നതിനിടയിൽ, പണിക്കാരൻ പയ്യൻ പവിത്രനോട് ചോദിച്ചു.

ഈസി ചെയറിലിരുന്ന് കാൽകുലേറ്ററിൽ കണക്ക് കൂട്ടികൊണ്ടിരുന്ന പവിത്രൻ, എത്തിവലിഞ്ഞ് റോഡിലേക്ക് നോക്കി.

ശരിയാണ്, തൻ്റെ ഭാര്യ ഏതോ ഒരു ചെറുപ്പക്കാരൻ്റെ ബൈക്കിന് പിന്നിലിരുന്ന്, യാതൊരു കൂസലുമില്ലാതെ പോകുന്നു.

ഇന്ന് വരെ ചെയ്യാത്തൊരു കാര്യമാണവൾ ചെയ്തത്.

പവിത്രൻ്റെ മനസ്സിൽ വല്ലാത്തൊരു അസ്വസ്ഥത പെരുകി.

ശ്ശെ, കുറച്ച് കൂടി കാത്ത് നിന്നിട്ട്, അവളെ ബാങ്കിൽ കൊണ്ട് വിട്ടിട്ട് വന്നാൽ മതിയായിരുന്നു.

നിരാശ ,എട്ടുകാലിയെ പോലെ അയാളുടെ ചിന്തകൾക്ക് മേൽ വല നെയ്ത് കൊണ്ടിരുന്നു .

“ആരാ പവിയേട്ടാ അത്? ശ്രുതി ചേച്ചിടെ ബ്രദറാ ?”

പണിക്കാരൻ്റെ ഉദ്വേഗം നിറഞ്ഞ ചോദ്യത്തിന്, ഉത്തരവും അവൻ തന്നെ കണ്ടെത്തിയത് കൊണ്ട്, പവിത്രന് ഒന്ന് മൂളുകയേ വേണ്ടിവന്നുള്ളു.

“എന്ത് പറ്റി? എന്താ മുഖം വല്ലാതിരിക്കുന്നത്?

വൈകുന്നേരം കടയടച്ച് വന്ന ഭർത്താവിൻ്റെ മുഖം കടന്നല് കുത്തിയത് പോലെയിരിക്കുന്നത് കണ്ട്, ശ്രുതി ചോദിച്ചു.

“നീയാരുടെയൊപ്പമാണ് രാവിലെ ബൈക്കിൽ പോയത് ?

അയാളുടെ ചോദ്യത്തിന് മറുപടി പറയുന്നതിന് മുമ്പ്, ശ്രുതിയുടെ മൊബൈൽ റിങ്ങ് ചെയ്തു.

“ഹലോ ആരാ?

———–

“ങ്ഹാ ബിജുവായിരുന്നോ ?എന്താ ബിജു ഈ രാത്രിയിൽ?

——-–-

“നാളെയോ? ങ്ഹാ നാളെയും ബാങ്കിൽ പോകുന്നുണ്ട്”

———-

“അതെ’ എന്നും ആ സമയത്ത് തന്നെയാ ഞാനിറങ്ങുന്നത്”

———–

“അയ്യോ ,അത് ബിജുവിന് ബുദ്ധിമുട്ടാവില്ലേ?

———–

“എങ്കിൽ ഞാൻ പത്ത് മണിക്ക് മുമ്പ് ആൽത്തറ ജംഗ്ഷനിലെത്താൻ നോക്കാം”

——––

“ഓഹ് താങ്ക് യു ബിജു, ഇന്നലെ ഒരു ദിവസം കൊണ്ട് പരിചയമായ ബിജുവിന് പോലും, എൻ്റെ ബുദ്ധിമുട്ടുകൾ മനസ്സിലായല്ലോ, അത് കൊണ്ടല്ലേ ,ഞാനെത്ര താമസിച്ചിറങ്ങിയാലും, ആൽത്തറ ജംഗ്ഷനിൽ എന്നെ കാത്ത് നിന്നോളാമെന്ന് പറഞ്ഞത്…ഓകെ, അപ്പോൾ നാളെ കാണാം. ഗുഡ് നൈറ്റ് ,സീ യൂ …”

“ആരാടീ അത്?

“ങ്ഹാ പവിയേട്ടാ… ഇന്നെനിക്ക് ബാങ്കിലേക്ക് ലിഫ്റ്റ് തന്ന ബിജു വായിരുന്നത്, നല്ലൊരു ചെറുപ്പക്കാരനാണവൻ, എന്ത് രസമാണെന്നോ അവൻ്റെ സംസാരം കേട്ട് കൊണ്ടിരിക്കാൻ, നമ്മുടെ അഭിയെ പോലെയാ എനിക്കവനെ കണ്ടപ്പോൾ തോന്നിയത് ,ഇന്ന് രാവിലെ ബാങ്കിലെത്തുന്ന നേരം കൊണ്ട് ഞങ്ങൾ വളരെ അടുപ്പമുള്ള ഫ്രണ്ട്സായി ,അതാ ഞാൻ ബാങ്കിൽ ചെന്നപ്പോൾ, അവൻ ഫോൺ നമ്പർ ചോദിച്ചയുടനെ കൊടുത്തത്, ഇനി മുതൽ, എന്നും അവൻ എന്നെ ബാങ്കിന് മുന്നിൽ ഡ്രോപ് ചെയ്യാമെന്നാ, ഇപ്പോൾ പറഞ്ഞത്, ഇനിയിപ്പോൾ എന്നെ കാത്ത് നിന്ന് പവിയേട്ടൻ്റെ വിലപ്പെട്ട സമയം കളയേണ്ടല്ലോ?

“മ്ഹും…”

അതിന് മറുപടിയൊന്നും പറയാതെ ,ഒന്നിരുത്തി മൂളിയിട്ട് പവിത്രൻ ടവ്വലുമെടുത്ത് കൊണ്ട് കുളിമുറിയിലേക്ക് കയറി.

പിറ്റേന്ന് ,ശ്രുതി ബാങ്കിൽ പോകാൻ ഒരുങ്ങുമ്പോൾ, ക്ളോക്കിലെ മിനുട്ട് സൂചി പത്ത് എന്ന അക്കത്തിലേക്ക് അടുക്കുന്നത് കണ്ട് ,നനഞ്ഞ മുടി വാരി കെട്ടി ,റബ്ബറിട്ട് കൊണ്ടവൾ വേഗം ബാഗും തൂക്കിയിറങ്ങി .

“ങ്ഹേ? ഇതെന്താ പവിയേട്ടാ വണ്ടി പഞ്ചറായോ? നിങ്ങളെന്താ ബൈക്കിൽ കയറിയിരുന്നിട്ട് പോകാത്തത്?

“നീ സംസാരിച്ച് നില്ക്കാതെ പുറകിലോട്ട് കേറ്, നിന്നെ കൊണ്ട് വിട്ടിട്ട് വേണം, എനിക്ക് കടയിലോട്ട് പോകാൻ”

മുഖത്തെ പിരിമുറുക്കം ഒട്ടും കുറയ്ക്കാതെ അയാൾ പറഞ്ഞു.

“അല്ല പവിയേട്ടാ… അപ്പോൾ ബിജു ?

“അവളുടെയൊരു ബിജു, ഇത്രയും നാളും ബിജുണോ നിൻ്റെ കാര്യങ്ങൾ നോക്കിയത്? ഇപ്പോൾ ഞാൻ ജീവനോടെയുണ്ടല്ലോ? എൻ്റെ കാലം കഴിയുമ്പോൾ നീയാരുടെ കൂടെ വേണമെങ്കിലുംപൊയ്ക്കോ”

തൻ്റെ ഐഡിയ ഫലം കണ്ടെന്ന് ശ്രുതിക്ക് മനസ്സിലായി, ഈ മൊരടൻ്റെ കാലം കഴിയുന്നത് വരെ മാത്രമേ, ഈ ശ്രുതിക്കും ജീവിതമുള്ളു എന്ന്, തൻ്റെ പരുക്കനായ ഭർത്താവിന്, ഇനി എന്ന് മനസ്സിലാകും എൻ്റെഈശ്വരാ…

സന്തോഷത്തോടെയവൾ ബൈക്കിൻ്റെ പിന്നിൽ കയറിയിട്ട് , അയാളുടെ വയറിലൂടെ കൈ ചുറ്റിപ്പിടിച്ച് കൊണ്ട് ചേർന്നിരുന്നു.

ആദ്യമായാണ്, ഇന്നലെ ഒരു അന്യപുരുഷനോട് ലിഫ്റ്റ് ചോദിക്കേണ്ടി വന്നത് ,പവിയേട്ടൻ പോയിക്കഴിഞ്ഞപ്പോൾ, ബസ്സ്സ്റ്റോപ്പിലേക്ക് ഓടിയെത്തിയെങ്കിലും, ബാങ്കിന് മുന്നിലൂടെ പോകുന്ന ലാസ്റ്റ് ബെസ്സും പോയിക്കഴിഞ്ഞിരുന്നു അപ്പോഴാണ്, തൻ്റെ ബ്രദർ അഭിയുടെ പ്രായമുള്ളൊരു പയ്യൻ, ബൈക്കിൽ വരുന്നത് കണ്ടത്, ഇനിയും താമസിച്ചാൽ, മാനേജരുടെ ചീത്ത കേൾക്കേണ്ടി വരുമെന്ന് കരുതിയാണ്, മനസ്സില്ലാ മനസ്സോടെ ആ ബൈക്കിന് കൈകാണിച്ചതും, നിർത്തിയ പോൾ അതിന് പിന്നിൽ കയറിയതും ,പക്ഷേ, ബാങ്കിലെത്തുന്നതിന് മുമ്പുള്ള കുറഞ്ഞ സമയം കൊണ്ട് ,തനിക്ക് ലിഫ്റ്റ് തന്ന ആ മഹാമനസ്ക്കൻ്റെ മനസ്സിലിരുപ്പ്, അവൻ്റെ ശരീരചലനത്തിൽ നിന്നും മനസ്സിലാക്കിയ താൻ, ഒരു കാര്യം ഉറപ്പിച്ചിരുന്നു ,ഇനി നടന്ന് പോകേണ്ടി വന്നാലും പരിചയമില്ലാത്തൊരു പുരുഷൻ്റെ പിന്നിലിരുന്ന് യാത്ര ചെയ്യില്ലെന്ന് .

ഇന്നലെ രാത്രി വിളിച്ചത്, തൻ്റെ കൂടെ വർക്ക് ചെയ്യുന്ന ബീനയായിരുന്നെന്നും, ഇന്നവൾ ലീവാണെന്ന് പറയാനാണ് വിളിച്ചതെന്നും പവിയേട്ടനറിയില്ലല്ലോ? അക്കാര്യം ,പരസ്പര വിരുദ്ധമായ തൻ്റെ സംസാരം കേട്ട് കൊണ്ടിരുന്ന ബീനയ്ക്കുമറിയില്ലായിരുന്നു, പിന്നെ, ഇന്ന് രാവിലെ അടുക്കളയിൽ വച്ചാണ് ,ഫോൺ ചെയ്ത് അവളോട് കാര്യങ്ങൾ വിശദീകരിച്ചത്.

“വൈകുന്നേരം നീ ഇറങ്ങുമ്പോൾ ഞാൻ ഇവിടുണ്ടാവും, കണ്ടവൻ്റെയൊക്കെ ബൈക്കിന് പിന്നിൽ കയറി നടന്നിട്ട്, വെറുതെ നാട്ടുകാരെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട, നിന്നെ എനിക്ക് മാത്രമല്ലേ അറിയു”

“ഉം ശരി പവിയേട്ടാ ..”

ഹോ ഇങ്ങനെയൊരു മനുഷ്യൻ ? എത സ്നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കില്ല മൊശടൻ

ബൈക്കോടിച്ച് കൊണ്ട് പോകുന്ന പവിത്രനെ നോക്കി, പിറുപിറുത്ത് കൊണ്ട് ശ്രുതി, ഉള്ളിൽ നിറഞ്ഞ ചിരിയോടെ ബാങ്കിലേക്ക് കയറി .