ഇടറരുത് പാദങ്ങൾ
Story written by AMMU SANTHOSH
ഒരടിയുടെ ശബ്ദം കേട്ട് അവർ വാതിലിനു മുന്നിൽ പെട്ടെന്ന് നിന്നു. അടച്ചിട്ട മുറിയുടെ മുന്നിൽ നിന്നു ശ്രദ്ധിക്കുന്നത് മോശമാണ് എന്ന് അവർക്ക് അറിയാഞ്ഞിട്ടല്ല, അകത്തു നിന്നു അടക്കിപ്പിടിച്ച ഒരു കരച്ചിൽ കേൾക്കുന്നു.
“മിണ്ടരുത്.ശബ്ദം പുറത്ത് കേൾക്കരുത്.. ആരാടി നിന്നേ ഇന്നലെ കൊണ്ട് കൊണ്ട് വിട്ടവൻ?”
“ആരും കൊണ്ട് വിട്ടില്ല. ഞാൻ ബസിലാ വന്നത് അമ്മയോടോ അച്ഛനോടോ ചോദിക്ക്”
“അപ്പൊ എന്റെ കൂട്ടുകാരൻ കള്ളം പറഞ്ഞെന്ന് ല്ലേ?”
“നിങ്ങൾക്ക് സംശയം ആണ്.. എനിക്ക് അറിയാം ഒരു കൂട്ടുകാരനും പറഞ്ഞു കാണില്ല.. കള്ളം പറയുവാ “
വീണ്ടും അടിയുടെ ശബ്ദം. അവർ തളർന്നു പോയ ഉടൽ വലിച്ചു നീക്കി അടുക്കളയിൽ പോയിരുന്നു.
ആവർത്തനങ്ങൾ. വർഷങ്ങൾക്ക് മുന്നേ ഇതെ വീട്, ഇതേ മുറി കഥാപാത്രങ്ങൾ മാത്രം മാറി. ഹരിയേട്ടനും താനും…
തൊടുന്നതിനും പിടിക്കുന്നതിനും സംശയം. ഒരു പോസ്റ്മാൻ വന്നാൽ കൂടി അടി ആണ് അന്ന്. ജോലിക്ക് പോകുന്നിടത്ത് ഉള്ള ആണുങ്ങളെ മുഴുവൻ ചേർത്ത് സംശയം. ഒടുവിൽ ജോലി അവസാനിപ്പിച്ചു. അപ്പൊ സംശയത്തിന് മാത്രം അല്ല അടി കിട്ടുക. എഴുനേൽക്കാൻ വൈകിയാൽ, ചായയിൽ മധുരം കുറഞ്ഞാൽ, ഉപ്പ് പാകമല്ലെങ്കിൽ, ഷിർട്ടിൽ ചുളിവ് വീണാൽ.. ഒക്കെ അടി. ഒടുവിൽ അടി കൊള്ളാൻ വയ്യാതെ ആയി. അച്ഛനോടോ അമ്മയോടോ പറഞ്ഞാൽ പറയും താലി കെട്ടിയവൻ ദൈവം ആണ്. അവൻ പറയുന്നത് അനുസരിച്ചു ജീവിക്കുക ഇങ്ങോട്ട് വന്നേക്കരുത്. ഭാര്യമാരെ തല്ലാത്ത ഭർത്താക്കന്മാർ ഉണ്ടൊ? അതൊക്കെ കേട്ട് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ശരിയായിരിക്കും അങ്ങനെ ആവും എല്ലാരും. പക്ഷെ വെറുത്ത് പോയി അയാളെ. കാണുന്നത് തന്നെ വെറുപ്പായി. മക്കൾ വളർന്നപ്പോൾ പിന്നെ അടി ഒക്കെ നിന്നു. മോളെ കല്യാണം കഴിച്ചു വിട്ടപ്പോൾ ആൾ കുറച്ചു കൂടി പാവം ആയി. സ്വന്തം മോളെ ഭർത്താവ് ഒന്ന് വഴക്ക് പറഞ്ഞപ്പോൾ ചാടി പോയി മോളെ കൊണ്ട് വന്നു വീട്ടിൽ നിർത്തി കക്ഷി. പുച്ഛം ആണ് തോന്നിയത്.. തന്റെ ശരീരം തട്ടിക്കളിച്ച മനുഷ്യൻ..
ഇന്ന് മകനും അതേ പാതയിൽ തന്നെ. ഇവിടെ കുറച്ചു വ്യത്യാസം ഉണ്ട്. വിളിച്ചിറക്കി കൊണ്ട് വന്ന പെണ്ണാണ്. അവളുടെ വീട്ടുകാർക്ക് ഈ ബന്ധം ഇഷ്ടമല്ല അത് കൊണ്ട് തന്നെ അവൾക്ക് പോകാൻ ഇടവുമില്ല.
“അമ്മേ എന്റെ ചോറ്റ് പാത്ര മിവിടെ വെച്ചിരുന്നു കണ്ടായിരുന്നോ?” അവൾ..മുഖം കരിനീലിച്ചു കിടക്കുന്നു. കരഞ്ഞു തടിച്ച കണ്ണുകൾ.
“അമ്മയെന്താ ഇങ്ങനെ നോക്കുന്നെ?”
“ഇപ്പൊ ആകുമ്പോൾ ബാധ്യതകൾ ഇല്ല. ഒഴിഞ്ഞു പോയാൽ സുഖം ആയി ജീവിക്കാം.കുഞ്ഞുങ്ങൾ ആയി കഴിഞ്ഞാൽ അവരുടെ മുന്നിൽ വെച്ചും ഈ നാടകം ആവർത്തിക്കും.. കേട് നിന്റെ ദേഹത്തിനാണ്. ക്ഷയം വന്നോ, ഒരു തൊഴിയിൽ ഗർഭപാത്രം കലങ്ങിയോ മാറാ രോഗി ആവും.. ഓപ്ഷൻ നിന്റെ ആണ്. തീരുമാനം അതും നിന്റെ തന്നെ ” അവർ ഉറച്ച സ്വരത്തിൽ പറഞ്ഞു..
“അമ്മേ… വിനു പാവം ആണ്. ആരോ എന്തൊ പറഞ്ഞു കൊടുത്തത് കേട്ട്..ഞാൻ തർക്കുത്തരം പറഞ്ഞപ്പോൾ ദേഷ്യം വന്നു അതാണ്. പിന്നെ മാപ്പ് പറഞ്ഞു കുറെ കരഞ്ഞു..”
“കഷ്ടം അത് നീ വിശ്വസിച്ചു. മാപ്പ്, ക്ഷമ, ഇതൊക്കെ നാളെയും ആവർത്തിക്കും.. മാപ്പ് നാളെയും പറയും നീ ഇല്ലെങ്കിൽ മരിച്ചു പോകും എന്ന് പറയും എന്റെ ദേഷ്യം ക്ഷമിക്കണേ എന്ന് കെഞ്ചും..വെറുതെ ആണ് അഭിനയം ആണ്. സ്നേഹം ഒരിക്കലും നോവിക്കില്ല മോളെ.. നമ്മുടെ ശരീരം നമ്മുടെ സ്വത്ത് ആണ്. നശിപ്പിക്കരുത് “
അവൾ ഒന്നും മിണ്ടാതെ പാത്രത്തിൽ ചോറ് നിറച്ചു ബാഗിൽ വെച്ചു പിന്നെ നടന്നു പോയി.
അവൾക്ക് ആ വാക്കുകൾ തന്റെ ഉള്ളിനെ പൊള്ളിക്കുന്ന ഒന്നായി. വിനുവിനോടുള്ള സ്നേഹം ഒരു വശത്ത് മറുവശത്ത് ശരീരം നേരിടുന്ന പീ ഡാനുഭവങ്ങൾ. പീരിയഡ് സമയത്ത് പോലും വേദനിപ്പിക്കുന്ന പീ ഡാനുഭവങ്ങൾ. പുരുഷൻ എന്താ ഇങ്ങനെ? അവന്റെ സുഖം അവന്റെ സന്തോഷം..
കൂട്ടുകാരി മായ പറയും അവളുടെ ഭർത്താവിനെ കുറിച്ച്.. വയ്യ എന്ന് തോന്നിയാൽ, ഒരു ജലദോഷം ആണെങ്കിൽ കൂടി ഒന്നിനും നിർബന്ധിക്കില്ല. പീരിയഡ് സമയം ആണെങ്കിൽ പറയുകയും വേണ്ട അടുക്കളയിൽ ഒപ്പമുണ്ടാകും. ക്ഷീണം ഉണ്ടെങ്കിൽ കിടക്കു മായേ എന്നാകും പിന്നെ… അങ്ങനെയും ആണുങ്ങൾ ഉണ്ട്. ഭാര്യയെ നുള്ളി നോവിക്കാൻ പോലും ഇഷ്ടം അല്ലാത്ത പുരുഷൻമാർ..
അമ്മ പറഞ്ഞത് ശരിയാണ് എന്ന് അവൾക്ക് മനസിലായി. ഓരോ ദിവസം ഓരോ കാരണം ആണ്
“നിന്റെ ദേഹത്തിനെന്താ വേറൊരു മണം?” അവൾ ഞെട്ടി പോയി
“ഇന്ന് ഓഫീസിൽ തന്നെ ആണോ പോയത്?” അവൾ വസ്ത്രങ്ങൾ വാരി ചുറ്റി പുറത്തേക്ക് പോകാൻ വാതിൽക്കലേക്ക് ഓടാൻ ശ്രമിച്ചു.
“സത്യം പറഞ്ഞിട്ട് പോടീ ” ഒരു ചവിട്ട്.. അടിവയറ്റിൽ കൈ പൊത്തി അവൾ അലറി കരഞ്ഞു
വാതിലിൽ ഇടിക്കുന്ന ശബ്ദം…നാശം…അവൻ പിറുപിറുത്തു കൊണ്ട് വാതിൽ തുറന്നു
അമ്മയും അച്ഛനും “കൊന്നോ അവളെ?” അമ്മയുടെ കണ്ണിൽ തീ. അവൾ ഓടി അമ്മയുടെ പിന്നിൽ ഒളിച്ചു
“നീ ഇങ്ങു വന്നേ അവർ ഭാര്യയും ഭർത്താവുമാ അങ്ങനെ ഒക്കെ ഉണ്ടാകും..” ഭർത്താവ് അവരോടു പറഞ്ഞു.
അവർ ഭർത്താവിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി
“മുറിയിൽ പോ…”കൈ ചൂണ്ടി അവർ അലറി “മുറിയിൽ പോകാൻ..”
അയാൾ ആ ഭാവമാറ്റം കണ്ടു അന്തം വിട്ട് പോയി
“എടി നിന്നേ ഞാൻ..”അയാൾ കൈ ഉയർത്തി.
“അടിച്ചാൽ തിരിച്ചടിക്കും ഉറപ്പാണ്. നാണം കെടേണ്ട എങ്കിൽ മുറിയിൽ പൊയ്ക്കോ “അവർ ജ്വലിക്കുന്ന മുഖത്തോടെ പറഞ്ഞു.
അയാളുടെ ഉയർന്ന കൈ താഴ്ന്നു..തല താഴ്ത്തി അയാൾ മുറിയിലേക്ക് പോയി.
“ഇവനെ ഇനി നിനക്ക് വേണോ?”അവർ അവളോട് ചോദിച്ചു.
അവൾ പേടിയോടെ വിനുവിനെ നോക്കി അയാളുടെ ചുരുട്ടി പിടിച്ച കൈയിലേക്കും
“വേണ്ട “അവൾ കണ്ണീരോടെ പറഞ്ഞു
“എടി നീ എന്നെ ഉപേക്ഷിച്ചു വല്ലോന്റെയും കൂടെ ജീവിക്കാമെന്ന് കരുതണ്ട കൊന്ന് കളയും നിന്നേ ഞാൻ നോക്കിക്കോ “അവൻ ആക്രോശിച്ചു.
“കൊടുക്ക് ഒന്ന് അവന്റെ മുഖത്ത് .. അടിക്കാൻ…”അവർ അവളുടെ ചുമലിൽ പിടിച്ചു വിനുവിന്റെ നേരെ കൈ ചൂണ്ടി
അവൻ പകച്ചു നിൽക്കെ അവന്റെ മുഖത്ത് ആദ്യത്തെ അടി വീണു.. പിന്നെ ഭ്രാന്ത് പിടിച്ചവളെ പോലെ അവൾ അവനെ മാറി മാറി അടിച്ചു ഇടിച്ചു… കിതച്ചു കൊണ്ട് ഉറക്കെ കരഞ്ഞു
“എനിക്കും ഒന്ന് തരണം എന്നുണ്ട്. ഇനിം സമയം ഉണ്ടല്ലോ. ഇവളെ ഇനി ശല്യം ചെയ്യാൻ നീ വന്നാൽ മകൻ ആണെന്നുള്ള പരിഗണന ഇനി കിട്ടില്ല. കൊന്നേയ്ക്കും. കേട്ടല്ലോ. നീ വാ മോളെ “അവർ പരിഹാസത്തോടെ പറഞ്ഞു
അവളുടെ കയ്യും പിടിച്ചു അവർ ഇറങ്ങി..അവളുടെ വീട്ടിലെത്തി അവളുടെ വീട്ടുകാരോട് കാര്യങ്ങൾ പറഞ്ഞു..
“ഇവളുടെ അനിയത്തിയുടെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്.. ഇവൾ പോയത് തന്നെ ഏറ്റവും വലിയ നാണക്കേട് ആണ്.. ഇത് കൂടി അറിഞ്ഞാലുള്ള അവസ്ഥ..എനിക്ക് ഇനി രണ്ടു പെൺകുട്ടികൾ ഉണ്ട്.. ഞാൻ എന്ത് ചെയ്യും?”
അവളുടെ ഡാഡി വേദനയോടെ ചോദിച്ചു..
“ബൈബിളിൽ ഒരു കഥ ഉണ്ട് കൂട്ടം തെറ്റിപ്പോയ കുഞ്ഞാടിന്റ.. സമയം ഉള്ളപ്പോൾ ഒന്ന് കൂടി വായിക്ക്.. പിന്നെ മകളെ വേണം എന്ന് തോന്നുമ്പോൾ എന്നെ വിളിക്കു…ആരുപേക്ഷിച്ചാലു. ഞാൻ ഉപേക്ഷിച്ചു പോകില്ല.. ..നീ വാ മോളെ “
അവരുടെ കൈ പിടിച്ചു നടക്കുമ്പോൾ എങ്ങോട്ടാ എന്ന് അവൾ ചോദിച്ചില്ല ഭൂമിയിൽ ഏറ്റവും സുരക്ഷിതത്വം കിട്ടുന്ന ഒരിടം അത് മാത്രം ആണെന്ന് അവൾക്ക് അറിയാമായിരുന്നു
പഴയ ഓടിട്ട ഒരു വീട്
“ഞാൻ ജനിച്ച വീടാ… ഇപ്പൊ ഇവിടെ ആരുമില്ല.. കുറ്റബോധം കൊണ്ടാകും മരിക്കും മുന്നേ അച്ഛൻ ഇത് എനിക്ക് തന്നു. ഒരു പക്ഷെ മകൾക്ക് ആവശ്യം വരുമെന്ന് അച്ഛന് അറിയാമായിരിക്കും.. എനിക്ക് അന്ന് ഇങ്ങനെ ഒരു കൈ ഉണ്ടായിരുന്നില്ല എന്നെയൊന്നു ചേർത്ത് പിടിക്കാൻ… പോട്ടെ സാരോല്ല..നമുക്ക് എല്ലാം ഒന്നെന്നു തുടങ്ങേണ്ടി വരും.. സ്ട്രോങ്ങ് ആയി ഒപ്പം നിന്നോണം “
അവൾ കണ്ണീരിനിടയിലൂടെ ചിരിച്ചു.പിന്നെ അവരെ ഇറുക്കി കെട്ടിപിടിച്ചു…
“നമ്മൾ പെണ്ണുങ്ങൾ തളരരുത് മോളെ.. തളർന്നു പോയാൽ ആൾക്കാർ ചവിട്ടി കയറി നമ്മുടെ നിറുക തകർക്കും… ഉറച്ചു നിൽക്കണം. നമ്മുടെ അഭിമാനം അതാണ് വലുത്.അതിൽ തൊട്ട് കളിക്കാൻ ആരെയും സമ്മതിച്ചു കൊടുക്കരുത്.”
അവൾ തലയാട്ടി
പിന്നെ ഉറച്ച ചുവടുകളോടെ വാതിൽ തുറന്നു അകത്തേക്ക് നടന്നു..