Story written by Nitya Dilshe
മൊബൈലിൽ അയാൾ വീണ്ടും അവളുടെ നമ്പറിലേക്കു വിളിച്ചു നോക്കി..ഫോൺ സ്വിച്ച്ഡ് ഓഫ് ..അങ്ങനെ പതിവില്ലാത്തത് കൊണ്ടാവാം, അകാരണമായ ഒരു ഭയം മനസ്സിനെ പിടിമുറുക്കാൻ തുടങ്ങുന്നത് അയാളറിയുന്നുണ്ടായിരുന്നു.
ബേസ്മെന്റ് പാർക്കിൽ കാർ പാർക്ക് ചെയ്ത് ലിഫ്റ്റിനടുത്തേക്കു നടക്കുമ്പോൾ പിന്നിൽ നിന്നും ” സാർ” എന്നൊരു വിളികേട്ടു..സെക്യൂരിറ്റിയാണ്..
“സാറിന്ന് നേരത്തെയാണല്ലോ ” അയാൾ പറഞ്ഞപ്പോഴാണ് വാച്ചു നോക്കിയത്..സമയം 10:50pm..
അതേ താനിന്നു നേരത്തെയാണ്..അല്ലെങ്കിലും ഈ കമ്പനിയിൽ ജോയിൻ ചെയ്തതിനു ശേഷം കൃത്യ സമയം എന്നൊന്നില്ല.
.വർക് കഴിയുമ്പോൾ തിരിച്ചു വരുന്നു..ഇതിലെ വമ്പൻ ഓഫർ കണ്ടാണ് രണ്ടു വർഷം മുൻപ് ദുബായിലെ ജോലി ഉപേക്ഷിച്ച് ഇങ്ങോട്ടു വന്നത്..
“സാർ, മാഡം ഈ കീ സാർ വരുമ്പോൾ ഏൽപ്പിക്കാൻ പറഞ്ഞു..” എന്നോടുതന്നെ ആണോ എന്ന് ഒരു നിമിഷം സംശയിച്ചാണ് കീ വാങ്ങാൻ കൈ നീട്ടിയത്. മൊബൈലെടുത്ത് മിസ്സ്ഡ് കാൾസ് സെർച്ച് ചെയ്തു..ഇല്ല ..അവളുടേതായി ഒരു നമ്പർ പോലും വന്നിട്ടില്ല..വാട്സാപിലും ഒരു മെസ്സേജ് പോലും വന്നില്ലല്ലോ..ഒന്നും പറയാതെ ഇവൾ എങ്ങോട്ടുപോയി..
” എന്തുപറ്റി സാർ? ” തന്റെ മുഖത്തെ വേവലാതി കണ്ടാവും സെക്യൂരിറ്റിയാണ്..
“ഒന്നുമില്ലെന്ന് പറഞ്ഞു ലിഫ്റ്റിനകത്തേക്കു കയറി..മൊബൈലെടുത്ത് വീണ്ടും അവളുടെ നമ്പറിലേക്ക് വിളിച്ചു..ഫോൺ സ്വിച്ച്ഡ് ഓഫ്..
ഒന്നും പറയാതെ പോകുന്ന പതിവില്ല..ഒന്നാമത് ഈ ബാംഗ്ലൂർ അവൾക്കത്ര പരിചയമില്ല..
രണ്ടു വർഷമായി പുറത്തുപോയിട്ടുള്ളത് വളരെ കുറച്ചു മാത്രം…അതിൽ കൂടുതലും നാട്ടിലേക്ക്..സൂപ്പർ മാർക്കറ്റും മോൾടെ സ്കൂളും നടന്നു പോകാവുന്ന ദൂരത്താണ്.. തനിച്ചവൾ പോകുന്നത് അവിടേക്ക് മാത്രം..
അവൾടെ നമ്പറിലേക്ക് വീണ്ടും വീണ്ടും വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന പ്രതികരണം മാത്രമാണ് ലഭിച്ചത്..
റൂം തുറന്നകത്തു കയറി..എന്തെങ്കിലും സൂചന അവിടെനിന്നും കിട്ടുമെന്ന് കരുതി..ഡൈനിങ്ങ് ടേബിളിൽ രാത്രിക്കുള്ള ഫുഡ് മൂടി വച്ചിട്ടുണ്ട്..
മോൾടെ ബാഗ് സ്റ്റഡി ടേബിളിൽ ഇരിപ്പുണ്ട്..വെറുതെ ഒന്ന് കണ്ണോടിച്ചു..പാതി വരച്ചു വച്ച ഒരു ചിത്രം..മകൾ വരക്കുമെന്നത് അയാൾക്ക് പുതിയൊരു അറിവായിരുന്നു..കടൽക്കരയിൽ കാറ്റേറ്റിരിക്കുന്ന ഒരു കുടുംബം..കുഞ്ഞിന്റെ കൈയ്യിൽ ഒരു ബലൂൺ…
അവൾ വരച്ച ചിത്രങ്ങളിലെല്ലാം അച്ഛനും അമ്മയും കുഞ്ഞും ചേർന്ന നിമിഷങ്ങളായിരുന്നു..
മനസ്സിൽ കുറ്റബോധം പതിയെ തലപൊക്കാൻ തുടങ്ങി…മോൾക്കു അങ്ങനെ ഒരാഗ്രഹമുണ്ടായിരുന്നോ…അവരുമായി അങ്ങനെ ഒരു യാത്ര ഇവിടെ വന്നേപ്പിന്നെ ഉണ്ടായിട്ടില്ല..
.കിച്ചൻ ഫ്രിഡ്ജ് ബെഡ്റൂം എല്ലായിടത്തും കണ്ണുകൾ പരതി..
എന്തെങ്കിലും നോട്ട്, എവിടെയെങ്കിലും വച്ചിട്ടുണ്ടാവുമെന്നു കരുതി.. ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല..അവരില്ല എന്നതൊഴിച്ചാൽ എല്ലാം പഴയപോലെതന്നെ..
ഭ്രാന്തെടുക്കുന്നത് പോലെ തോന്നി..മനസ്സിൽ പരിഭ്രാന്തിയോ സങ്കടമോ ദേഷ്യമോ എന്താണെന്ന് വേർതിരിച്ചറിയുന്നില്ല..ഒന്നു പറഞ്ഞിട്ടു പോകാമായിരുന്നില്ലേ എന്ന ചിന്ത ദേഷ്യം കൂട്ടി..ഇനി ആർക്കെങ്കിലും വയ്യാതെ നാട്ടിലേക്ക് പോയിക്കാണുമോ..
ഫോൺ എടുത്തു നാട്ടിലേക്ക് വിളിച്ചു.. അച്ഛന്റെ ഉറക്കത്തിൽ നിന്നെഴുന്നേറ്റ ശബ്ദം..ഞാനാണെന്നറിഞ്ഞപ്പോൾ പരിഭ്രമമായി..
“എന്താ ഗോപു ഈ നേരത്ത് ? “
ചോദ്യത്തിൽ നിന്നുതന്നെ അറിയാൻ കഴിഞ്ഞു അവരവിടെ എത്തിയിട്ടില്ല..ഒന്നുമില്ല..വെറുതെ വിളിച്ചതാണെന്നു ആവർത്തിച്ചു പറഞ്ഞിട്ടും അച്ഛൻ വിശ്വസിച്ചതായി തോന്നിയില്ല.. അവിടുത്തെ വിശേഷങ്ങൾ ചോദിച്ചു..പ്രത്യേകിച്ചു ഒന്നുമില്ല…അവളുടെ വീട്ടിലും എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടെങ്കിൽ അച്ഛൻ അറിഞ്ഞേനെ..പിന്നീട് വിളിക്കാമെന്നു പറഞ്ഞു ഫോൺ വച്ചു..
അവർ സേഫ് ആണെന്ന് മനസ്സു പറയുന്നുണ്ടെങ്കിലും എവിടെയാണെന്നറിയാതെ അസ്വസ്ഥത തോന്നി….എന്തൊക്കെയോ നഷ്ടപ്പെട്ടപോലെ…
കുറച്ചു നാൾ മുൻപ് പ്യൂൺ വെങ്കിട്ടറാം സ്വകാര്യമായി പറഞ്ഞത് പെട്ടെന്നോർമ്മ വന്നു..അക്കൗണ്ട് സെക്ഷനിലെ സോമനാഥ്ന്റെ ഭാര്യ ഒപ്പം വർക് ചെയ്യുന്ന ആൾടെ കൂടെ പോയി..
ഛെ.. താനെന്തൊക്കെയോ ആണ് ചിന്തിച്ചു കൂട്ടുന്നത്..തന്റെ കാർത്തുവിനെക്കുറിച്ചു..തന്റെ തിരക്കുകളോട് എപ്പോഴും ഒപ്പം നിൽക്കുന്നവളാണ്..
പെട്ടെന്നാണ് കാർത്തുവിന്റെ ഡയറി ഓർമ വന്നത്..പലപ്പോഴും കബോർഡിൽ അതു കണ്ടിട്ടുണ്ട്… മറ്റൊരാളുടെ ഡയറി വായിക്കാൻ പാടില്ലെങ്കിലും അവക്കെന്തൊക്കെയോ എന്നോട് പറയാനുണ്ടെന്നു തോന്നി..
തെറ്റാണെന്ന് മനസ്സു പറഞ്ഞിട്ടും ഞാൻ അവ തുറന്നു നോക്കി..അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ..ഞാൻ മറന്നു പോയ അവളുടെ പിറന്നാളുകൾ…വെഡിങ് അനിവേഴ്സറി… അവളുടെ വലിയ മോഹമായിരുന്ന phd… ഞാൻ കാണാതെ പോയ പലതും അതിലൂടെ അറിഞ്ഞു..
ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത്..മുറിയിലേക്ക് സൂര്യപ്രകാശം എത്തിതുടങ്ങിയിരിക്കുന്നു..സോഫയിലിരുന്നു ഡയറി വായിച്ചു ഞാൻ എപ്പോഴോ ഉറങ്ങിപ്പോയിരുന്നു…നോക്കിയപ്പോൾ സ്ക്രീനിൽ കാർത്തുവിന്റെ ചിരിക്കുന്ന മുഖം..വല്ലാത്തൊരു നെഞ്ചിടിപ്പു തോന്നി..സന്തോഷം കൊണ്ടോ എന്തോ കണ്ണുകൾ നിറയുന്നു…
ഫോണെടുത്തു ഹലോ കേൾക്കാനോ പറയാനോ ഉള്ള ക്ഷമ ഉണ്ടായിരുന്നില്ല..
“നിങ്ങൾ എവിടെയാ ? “
“മീര പറഞ്ഞില്ലേ ?” അവൾടെ ശബ്ദത്തിൽ അമ്പരപ്പ്..
“ഏത് മീര ?”
“നമ്മടെ മീര…ചേട്ടനിതെന്താ പറ്റിയത് ?.ചേട്ടന്റെ കസിൻ.. കളിക്കൂട്ടുകാരി..അവൾ ചേട്ടനോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞാണല്ലോ ഞങ്ങളെ ഇങ്ങോട്ടു കൊണ്ടുവന്നത്… ചേട്ടൻ തിരക്കിലാണ് ഇനി വിളിക്കേണ്ടെന്നും പറഞ്ഞല്ലോ..എന്നിട്ടാണോ ഇങ്ങനൊക്കെ പറയുന്നത്..ഇപ്പോഴാ നോക്കിയത്..ഫോൺ എങ്ങനെയോ ഓഫ് ആയിപ്പോയിരുന്നു..”
“ഹാ..പറഞ്ഞിരുന്നു.. ഉറക്കമത്തിൽ പെട്ടെന്നോർമ്മ വന്നില്ല..” അവളെ സമാധാനിപ്പിക്കാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു..
മീര ബാംഗ്ളൂർ എത്തിയിട്ടുണ്ടെന്നു പറഞ്ഞു വിളിച്ചിരുന്നു..മോൾടെ ക്ലാസ്സിലാണ് അവൾടെ മോളും പഠിക്കുന്നത്..ഒരിക്കൽ സ്കൂൾ വച്ചു കണ്ടെന്നു കാർത്തു പറഞ്ഞിരുന്നു…
ഫോണിലേക്കു വന്ന മെസ്സേജ് എടുത്തു നോക്കി…മീരയാണ്…
“മോൾ പറഞ്ഞിരുന്നു..അവൾടെ ഫ്രണ്ട് ന്റെ അച്ഛൻ അവളെ എങ്ങോട്ടും കൊണ്ടുപോവാറില്ലെന്നു… എന്റെ മോളുടെ വീക്കെൻഡ് വിശേഷങ്ങൾ കൗതുകത്തോടെ കേട്ടിരിക്കുന്ന കൂട്ടുകാരി നിന്റെ മോളാണെന്നു പിന്നീടാ മനസ്സിലായത്… അപ്പൊ വിചാരിച്ചതാ നിനക്കിട്ടൊരു പണി തരണമെന്ന്… “
ഞാനവൾക്കു റിപ്ലൈ ടൈപ്പ് ചെയ്തു
“മീരാ…താങ്ക്സ്..എന്നെ പലതും ഓര്മിപ്പിച്ചതിനു..ഇനി ഞാൻ എന്റെ സ്വപ്നങ്ങൾക്ക് പിറകെയല്ല.. അവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിച്ചുതുടങ്ങുകയാണ്…”
സ്നേഹത്തോടെ…Nitya Dilshe