കാത്തിരിപ്പ്
Story written by Praveen Chandran
ഭർത്താവിന്റെ അച്ഛൻ രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്നെന്ന് കേട്ടതുമുതൽക്കുള്ള ആധിയായിരുന്നു അവൾക്ക്..
അവന്റെ അമ്മ നേരത്തെ മരിച്ചുപോയതിനാൽ അമ്മായിയമ്മപോരില്ലാതെ ഭർത്താവിനോടൊപ്പം സ്വതന്ത്രമായി ജീവിച്ച് പോന്നിരുന്ന അവൾക്ക് അച്ഛന്റെ ആ തീരുമാനം വെള്ളിടിയായിരുന്നു…
“അച്ഛനിതെന്തിന്റെ കേടാ ഏട്ടാ.. വയസ്സ് അമ്പത്തഞ്ച് ആയില്ലേ? ഇനി നാട്ടുകാരെ ക്കൊണ്ട് അതും ഇതും പറയിക്കണോ? “
അവൾ പറഞ്ഞതിനോട് അവനും യോചിപ്പായിരു ന്നു.. അവന്റെയും ടെൻഷൻ അത് തന്നെയായി രുന്നു.. അമ്മ മരിച്ചതിൽപിന്നെ അച്ഛനങ്ങനെ ഒരാഗ്രഹം പറഞ്ഞ് കേട്ടതേയില്ലെന്ന് അവനോർത്തു.. അങ്ങനെ ആകാമായിരുന്നെങ്കി ൽ അതെപ്പോഴേ ആകാമായിരുന്നു…
ഇതിപ്പോ ആകെ നാണക്കേടാവുന്ന അവസ്ഥയായി.. അച്ഛന് ഒരു അറ്റാക്ക് മുന്നേ കഴിഞ്ഞിരിക്കുന്നത് കൊണ്ടാണ് കൂടുതലൊന്നും ചോദിക്കാതിരുന്നത്..
എന്തായാലും അച്ഛനോട് ഇതിനെക്കുറിച്ച് ഒന്നു സംസാരിച്ചു കളയാമെന്ന് അവരിരുവരും തീരുമാനിച്ചു..
ഒറ്റമകനായിരുന്നത് കൊണ്ട് വേറെ ആരോടും ഇതിനെക്കുറിച്ച് സംസാരിക്കാനും ഇല്ലായിരുന്നു..
പൂമുഖത്തെ ചാരുകസേരയിൽ പതിവ് പോലെ പത്രം വായിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ അരികിലേക്ക് അവർ ചെന്നു…
“അച്ഛൻ ശരിക്കും ആലോചിച്ച് തന്നെയാണോ ഈ തീരുമാനം എടുത്തിരിക്കുന്നത്?”
അവന്റെ ചോദ്യം കേട്ട് അദ്ദേഹം പേപ്പർ മടക്കിക്കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി..
” അല്ല.. ഈ കല്ല്യാണം..അതിന്റെ വരും വരായ്ക കളെക്കുറിച്ചൊക്കെ അച്ഛൻ ചിന്തിച്ചിരുന്നോ എന്ന്?”
അവൻ അല്പം സ്വരം കടുപ്പിച്ചാണ് അത് ചോദിച്ചത്…
അവന്റെ ആ ചോദ്യം അദ്ദേഹം പ്രതീക്ഷിച്ചിരുന്ന താണ്….
അദ്ദേഹം കസേരയിൽ നിന്നെഴുന്നേറ്റ് അവരിരുവരേയും കൂട്ടി അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി..
ഒന്നും മനസ്സിലാവാതെ അവർ പുറകെ നടന്നു..
അദ്ദേഹം നേരെ മേശക്കരികിലേക്ക് ആണ് പോയത്..
മേശയിൽ നിന്നും കുറച്ച് ഡയറികൾ എടുത്ത് മേശപ്പുറത്ത് വച്ചു…
“എന്റെ മക്കള് സമയം കിട്ടുമ്പോൾ ഇതൊക്കെ ഒന്ന് വായിക്ക്.. അച്ഛന്റെ ജീവിതമാണ് ഈ ഡയറികളിൽ പകർത്തിയിരിക്കുന്നത്.. ഇത് വായിച്ച് കഴിഞ്ഞ് നിങ്ങൾക്ക് എന്ത് തോന്നുന്നുവോ അത്പോലെ ചെയ്യാൻ ഞാൻ തയ്യാറാണ്…” അദ്ദേഹം പറഞ്ഞത് കേട്ട് അവർ ഇരുവരും മുഖത്തോട് മുഖം നോക്കി…
അത് പറഞ്ഞ് അദ്ദേഹം പുറത്തേക്ക് നടന്നു..
അവർ ആ ഡയറികളിലേക്ക് നോക്കി.. വൃത്തിയായി തന്നെ സൂക്ഷിച്ചിരുന്നു അവയെല്ലാം..
അവർ ആകാംക്ഷയോടെ ആ ഡയറിയുടെ ഒരോ താളുകളും മറിച്ചുകൊണ്ടിരുന്നു..
അദ്ദേഹത്തിന്റെ കലാലയജീവിതത്തിൽ നിന്നായിരുന്നു ആ ഡയറികളുടെ തുടക്കം..
അധികം ആരോടും സംസാരിക്കാത്ത പെണ്ണുങ്ങളുടെ മുഖത്ത് നോക്കാൻ പോലും മടിയുള്ള അദ്ദേഹത്തിന് ആ കലാലയത്തിലെ തീപ്പൊരിയായ കലാലയ രാഷ്ട്രീയ നേതാവായ ഇന്ദുജയോട് തോന്നിയ ശക്തമായ പ്രണയ ത്തിന്റെ ജീവൻ തുടിക്കുന്ന വരികളായിരുന്നു ആ ഡയറിയിൽ മുഴുവൻ…
“എന്റെ പ്രണയം ഇവിടെ തുടങ്ങുന്നു.. ” ആ വരികളോടെയായിരുന്നു തുടക്കം.. ഓരോ ഡയറിയുടേയും അവസാനം ഒരോ വരികൾ കുറിച്ചുവച്ചിട്ടുണ്ടായിരുന്നു അദ്ദേഹം..
തന്റെ പ്രണയിനിയെ ദൂരെ നിന്ന് മാത്രം നോക്കി ക്കണ്ടിരുന്ന,അവളറിയാതെ അവളുടെ ഓരോ ചലനവും സൂക്ഷ്മമായി നീരീക്ഷിച്ചുകൊണ്ടിരുന്ന, ഒരു ദിവസം പോലും അവളെ കാണാതെയിരി ക്കാൻ സാധിക്കാധിരുന്ന ഒരു പാവം ചെറുപ്പക്കാരൻ..
അദ്ദേഹമൊരിക്കലും അവൾക്കൊരു ശല്ല്യമായിരുന്നില്ല.. മൈക്കിന് മുന്നിൽ നിന്ന് ആവേശത്തോടെ പ്രസംഗിക്കുന്ന അവളെ ആരാധനയൊടെയാണ് അദ്ദേഹം കണ്ടിരുന്നത്…
അവളപ്പോഴൊക്കെയോ അദ്ദേഹത്തിന്റെ മനസ്സിൽ കയറിപറ്റുകയായിരുന്നു..അവളെക്കാ ണാൻ വേണ്ടി മാത്രമാണ് അദ്ദേഹം കോളേജിൽ മുടങ്ങാതെ പോയിരുന്നത് തന്നെ…
ഓരോ ദിവസവും ഓരോ പ്രണയലേഖനങ്ങൾ അവൾക്കായ് അദ്ദേഹമെഴുതിക്കൊണ്ടിരുന്നു.. അവൾ പോലുമറിയാതെ അവളുടെ ഓരോ ഭാവവും അദ്ദേഹം തന്റെ ഡയറിയിൽ കോറിയിട്ടു..
“പ്രിയേ വസന്തവും ഗ്രീഷ്മവും ഇനിയെത്ര കടന്നുവന്നാലും നീയെന്നിൽ പൂത്ത് തളിർത്ത് തന്നെ നിൽക്കും.. “
മഴക്കാലവും മഞ്ഞുകാലവും പിന്നിട്ട് ആ പ്രണയം അദ്ദേഹത്തിൽ വളർന്നുകൊണ്ടിരുന്നു.. വെക്കേഷനുകളിലൊക്കെ അവളുടെ വീടിനടുത്തേക്ക് സൈക്കിളിൽ റോന്തു ചുറ്റാനിറ ങ്ങിയിരുന്നു അദ്ദേഹം.. വെറുതെ അവളെ ഒരു നോക്കു കാണാനായ് മാത്രം അദ്ദേഹം നനഞ്ഞ എത്രയെത്ര മഴകൾ..
തന്റെ പ്രണയം തുറന്ന് പറയാൻ അദ്ദേഹം ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ലായിരുന്നു.. തുറന്ന് പറഞ്ഞ് അതിന്റെ മനോഹാരിത നഷ്ടപെടുത്താൻ അദ്ദേഹമൊരുക്കമല്ലായിരു ന്നു..
കാലം കടന്നുപോയ്ക്കൊണ്ടിരുന്നു.. ഒരു നാൾ ഒരു യാത്രപോലും പറയാനാകാതെ അദ്ദേഹ ത്തിനവളെ പിരിയേണ്ടി വന്നു.. കലാലയ ജീവിതത്തിന്റെ അവസാനത്തോടെ ആയിരുന്നു അത്..
അച്ഛന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തെ ബോംബെയിലുള്ള സുഹൃത്തിന്റെ അടുത്തേക്ക് നിർബ്ബന്ധിച്ച് ജോലിക്കായ് അയച്ചതോടെയാണ് അദ്ദേഹത്തിന് അവളുടെ സാന്നിദ്ധ്യം നഷ്ടമായത്..
“പിരിയുകയല്ല ഞാൻ നിന്നെ.. എന്റെ ഹൃദയത്തോട് ചേർത്ത് നിന്നെ കൊണ്ടുപോകുക യാണ്.. അനിവാര്യമാണീ വിരഹം.. എങ്കിലും ഒരുനാൾ ഞാൻ വരും…”
ബോംബെയിലെ ജീവിതം അയാളെ ഭ്രാന്തനാക്കി യെങ്കിലും അദ്ദേഹം അവളോടുള്ള പ്രണയം തുടർന്നു.. മുടങ്ങാതെ അവൾക്കായെഴുതി സൂക്ഷിച്ചിരുന്ന പ്രണയലേഖനങ്ങനങ്ങളായി രുന്നു അദ്ദേഹത്തെ ജീവിക്കാൻ പ്രേരിപ്പിച്ചത്..
പക്ഷെ രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം നാട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത് അവളുടെ വിവാഹം കഴിഞ്ഞെന്നും ഭർത്താവിനോടൊപ്പം കൽക്കട്ടയിൽ പോയെന്നും..
കടുത്ത നിരാശനായ അദ്ദേഹം കൽക്കട്ടയിലേക്ക് വണ്ടി കയറിയെങ്കിലും അദ്ദേഹത്തിന് അവളെ കണ്ടെത്താനായില്ല..
എന്നിട്ടും അദ്ദേഹം തന്റെ പ്രണയത്തിൽ നിന്നും പിന്മാറിയില്ല.. അദ്ദേഹം അവളെ പിന്നെയും പ്രണയിച്ചുകൊണ്ടേയിരുന്നു..
“ചില പ്രണയങ്ങൾ അങ്ങനെയാണ് എന്നും മനസ്സിനെ തൊട്ടുണർത്തി ഹൃദയത്തോട് ചേർന്നങ്ങനെ കിടക്കും.. ” ഒരു ഡയറിയുടെ അവസാനം അദ്ദേഹം കുറിച്ച വരികളായിരുന്നു അത്..
വർഷങ്ങൾക്ക് ശേഷം വീട്ടുകാരുടെ നിർബന്ധ ത്തിന് വഴങ്ങി അദ്ദേഹം വിവാഹിതനാകുന്നു..
തുടക്കക്കാലത്തെ പൊരുത്തപെടാനാവാത്ത ജീവിതത്തിനൊടുവിൽ അദ്ദേഹത്തിനൊരു പ്രണയമുണ്ടെന്ന് ഭാര്യയോട് തുറന്ന് പറയുന്നു..
തന്റെ പ്രണയിനിയെ മാത്രമേ ജീവിതത്തിൽ തനിക്ക് പ്രണയിക്കാനാവൂ എന്നും തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹമവളെ ബോധ്യപെടുത്തുന്നു..
അദ്ദേഹം പ്രതീക്ഷിച്ചതിന് വിപരീതമായി അവൾ അദ്ദേഹത്തിന്റെ ആ പ്രണയത്തോട് പൊരുത്ത പെടുന്നു.. തന്നെ പ്രണയിക്കാനാവില്ലെങ്കിലും നല്ലൊരു സുഹൃത്തായെങ്കിലും കാണണമെന്ന് അപേക്ഷിക്കുന്നു..
അവളുടെ സ്നേഹത്തിന് മുന്നിൽ അദ്ദേഹം നിസ്സഹായനാവുന്നു.. അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നു.. അധികം വൈകാതെ അവൾ ലോകത്തോട് വിടപറയുന്നു..
അത് അദ്ദേഹത്തിന് വലിയൊരു ഷോക്കായിരുന്നു..
തുടർന്ന് മകനിലായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷമുഴുവൻ.. അപ്പോഴും അദ്ദേഹത്തിന്റെ പ്രണയം മനസ്സിൽ ശക്തമായി തന്നെ നിലകൊണ്ടു.. ഒരാൾക്ക് ഒരാളെ മാത്രമേ ആത്മാർത്ഥമായി പ്രണയിക്കാനാവൂ എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു..
കാലങ്ങൾ കടന്നു പോയ് വിധി അദ്ദേഹത്തെ ത്തേടി വീണ്ടും എത്തി..അപ്രതീക്ഷിതമായി തന്റെ പ്രണയിനിയെ അദ്ദേഹം കണ്ടുമുട്ടുന്നു..
അവളുടെ കഥ അദ്ദേഹത്തെ തളർത്തി.. കൽക്കട്ടയിൽ കൊണ്ട് പോയി ഭർത്താവ് അവളെ വേശ്യാലയത്തിൽ വിറ്റെന്നും അതിന് ശേഷം അനുഭവിക്കേണ്ടി വന്ന നരകയാതനകളെ ക്കുറിച്ചും ഒടുക്കം അവിടെ നിന്ന് രക്ഷപെട്ടോടി യതിനെക്കുറിച്ചും അവൾ അദ്ദേഹത്തോട് പറഞ്ഞു..
തന്റെ വിപ്ലവനായികയെ അങ്ങനെ ഒരവസ്ഥയിൽ അദ്ദേഹമൊട്ടും പ്രതീക്ഷിച്ചില്ലായി രുന്നു.. അവളുടെ പോരാട്ടവീര്യമെല്ലാം ചോർന്നു പോയിരിക്കുന്നു.. മുഖത്ത് ചോരപ്പാടുകൾ മാത്രം ബാക്കി..
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ അവളെ സ്വീകരിക്കാൻ അദ്ദേഹം തീരുമാനിക്കുന്നു.. തന്റെ പ്രണയം തുറന്ന് പറയാതെ തന്നെ…
” ഒരിക്കൽ അകന്ന് പോയി കാർമേഘങ്ങൾ ക്കിടയിലൂടെ പാറിപറന്ന് അവൾ എന്നിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നു.. അവളെ സ്വന്തമാക്കുന്ന നാൾക്ക്മാത്രമായ് ഞാൻ കാത്തുവച്ചിരിക്കുന്നെൻ പ്രണയം തുറന്നിടാൻ”
ഡയറി മുഴുവൻ വായിച്ച് കഴിഞ്ഞതും അവരിരു വരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു.. വൈകാ രികമായ ഏതോ തലത്തിലേക്ക് അവരെ എത്തിച്ചിരുന്നു ആ കുറിപ്പുകൾ.. ഒരു പുരുഷന് തന്റെ പ്രണയിനിയെ ഇത്രയധികം പ്രണയിക്കാ നാകുമോ എന്നവൾ ചിന്തിച്ചു.. എന്തൊരു തീക്ഷ്ണതയാണീ പ്രണയത്തിന്..
അവർ അദ്ദേഹത്തിന്റെ അരികിലേക്ക് ചെന്നു.. അദ്ദേഹം ചാരുകസേരയിൽ ചാരി കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു..
“അച്ഛൻ ഞങ്ങളോട് ക്ഷമിക്കണം.. ഞങ്ങൾക്കി തൊന്നും അറിയില്ലായിരുന്നു.. ഞങ്ങൾക്ക് അമ്മയെ കാണാൻ കൊതിയാവുന്നു.. നിങ്ങളൊന്നിക്കുന്നത് കാണാനും.. അച്ഛന്റെ പ്രണയം അമ്മ അറിയാതെ പോകരുത്.. ഞങ്ങൾക്ക് അതറിയിക്കാൻ തിടുക്കമായി.. “
അവർ അത് പറയുമ്പോൾ ചലനമറ്റ ആ ശരീരത്തിൽ നിന്നും നഷ്ടപെടാത്തത് ആ മധുര പ്രണയം തന്നെയായിരുന്നു…
“നിർവ്വചനങ്ങൾക്കപ്പുറമാണ് പ്രണയം… വിധിയെ ന്ന വിളക്കിന് ചുറ്റും പാറിപ്പറക്കുന്ന ഇയ്യാംപാറ്റ യെപ്പോലെ ശരീരം അഗ്നിക്കിരയായാലും ഉള്ളിലെ പ്രണയം ആളിക്കത്തിക്കൊണ്ട് തന്നെയിരിക്കും.. ഒരിക്കലും തോൽക്കാതെ…”
അദ്ദേഹം അവസാനമായി കുറിച്ച വരികളായിരു ന്നു അത്…
പ്രവീൺ ചന്ദ്രൻ