ഡാ നിനക്കറിയോ അവളെ കെട്ടാൻ ഇഷ്ടമില്ലാഞ്ഞിട്ടു കൂടി നിർബന്ധിചെന്റെ തലയിൽ കെട്ടിവെച്ചതാ എന്റെ അമ്മ..

മുപ്പതാമത്തെ ദിവസം

എഴുത്ത് :അച്ചു വിപിൻ

താര എന്നോട് ക്ഷമിക്കു….എനിക്കെന്തോ താനുമായി പൊരുത്തപ്പെട്ടു പോകാനാകില്ല എനിക്ക് ….എനിക്ക് ഡിവോഴ്സ് വേണം….അത്രയും പറഞ്ഞു കൊണ്ട് മുറി വിട്ടു പുറത്തിറങ്ങുമ്പോൾ അവളുടെ അടക്കിപ്പിടിച്ചുള്ള തേങ്ങൽ മനപ്പൂർവം ഞാൻ അവഗണിച്ചു……

***********************

അളിയാ ഒരെണ്ണം കൂടി ഒഴിക്കു…..

മതി പ്രസാദേ ഇത് എത്രാമത്തെയാന്നു വല്ല വിചാരവുമുണ്ടോ?

എനിക്കിന്ന് കുടിക്കണം…. ഇന്നെന്റെ ജീവിതത്തിൽ ഞാൻ ഒരു പ്രധാനപ്പെട്ട തീരുമാനമെടുത്തു…. താരയെ അവളെ ഞാൻ ഡിവോഴ്സ് ചെയ്യാൻ പോവാടാ …..

ഡിവോഴ്‌സോ?നിനക്ക് തലയ്ക്കു വല്ല ഓളവുമുണ്ടോ? അതിനും മാത്രം എന്ത് കുറവാടാ അവൾക്കുള്ളത്….പാവമല്ലേ താര.. അവളെ പോലെ ഒരു ഭാര്യയെ കിട്ടാൻ നീ പുണ്യം ചെയ്യണം …….

ഹും……പുണ്യം കയ്യിൽ ഇരുന്ന ഗ്ലാസ്സിലെ മദ്യം ഒറ്റയിറക്കിന് കുടിച്ചു കൊണ്ട് ഞാൻ പറഞ്ഞു ….

ഡാ നിനക്കറിയോ അവളെ കെട്ടാൻ ഇഷ്ടമില്ലാഞ്ഞിട്ടു കൂടി നിർബന്ധിചെന്റെ തലയിൽ കെട്ടിവെച്ചതാ എന്റെ അമ്മ..

പണ്ട് അച്ഛൻ കൂട്ടുകാരന് കൊടുത്ത വാക്ക് അച്ഛൻ മരിച്ചു പോയിട്ടും അമ്മ പാലിച്ചു…

എല്ലാരും കൂടി എന്നെ ചതിച്ചു…എന്നിട്ടിപ്പോ എന്തായി കല്യാണം കഴിഞ്ഞു നാലാം മാസം അമ്മയും അച്ഛന്റെ അടുത്തേക്ക് പോയി…എന്റെ കഷ്ടപ്പാട് അമ്മക്ക് കാണണ്ടല്ലോ….

ഇഷ്ടമല്ലാത്ത ഒരുത്തിയുടെ കൂടെ ആ വീട്ടിൽ കഴിയേണ്ടി വരുന്ന എന്റെ അവസ്ഥ ആർക്കും അറിയില്ല…അവൾ പാവമായിരിക്കാം എന്നോട് സ്നേഹവും ഉണ്ടായിരിക്കാം പക്ഷെ അതെനിക്കും കൂടെ തോന്നണ്ടേ രവി….

ഞാൻ ഒക്കെ അവളോട്‌ പറഞ്ഞു കഴിഞ്ഞു….

എനിക്കൊന്നും പറയാനില്ല പ്രസാദേ..കഴിഞ്ഞ മാസം മായയെ കണ്ടതു മുതലാ നിനക്കീ തോന്നൽ ഉണ്ടായത് എന്നെനിക്കറിയാം….

അതേടാ മായയെ കണ്ടിട്ടു തന്നാ ഞാൻ…അവളെ ഇപ്പഴും എനിക്ക് മറക്കാൻ പറ്റിയിട്ടില്ല നേരു തന്നാ . അവളുടെ വീട്ടുകാർ നിർബന്ധിച്ചു അവളെ വേറൊരുത്തന്റെ തലയിൽ കെട്ടിവെച്ചു..അവൾ അവന്റെ കൂടെ സുഖായി ജീവിക്കുന്നു എന്ന് കരുതിയാ താരയെ ഞാൻ കല്യാണം കഴിച്ചത് പക്ഷെ കണക്കുകൂട്ടൽ ഒക്കെ തെറ്റിപ്പോയെടാ …അയാൾ ഒരു മുഴുക്കുടിയനാ വിവാഹ ശേഷം സ്വസ്ഥത എന്തെന്നവൾ അറിഞ്ഞിട്ടില്ല…

എന്നോടവൾ എല്ലാം പറഞ്ഞെട…ഒക്കെ കേട്ടിട്ടു സഹിക്കാൻ പറ്റുന്നില്ല…..എനിക്കവളെ അവിടുന്ന് എങ്ങനേലും രക്ഷിക്കണം…..

പ്രസാദേ നീ നാശത്തിലേക്ക ഈ പോകുന്നത്….

ഒന്നോർത്തോ കയ്യിൽ ഇരിക്കുന്ന മാണിക്യം കളഞ്ഞിട്ട എവിടെയോ കിടക്കുന്ന കല്ല് തേടി നീ പോവുന്നത്…….ഇനി ഒക്കെ നിന്റെ ഇഷ്ടം….

I dont want to hear any advise ….നമുക്കീ talk ഇവിടെ വെച്ചു നിർത്താം രവി.. ഞാൻ പോകുന്നു…..

*************************

നല്ലവണ്ണം കുടിച്ചിരുന്ന കൊണ്ട് രാവിലെ എണീക്കാൻ അല്പം വൈകിപ്പോയി…ഒരു പ്രകാരത്തിൽ എഴുന്നേറ്റു ഹാളിലേക്ക് ചെല്ലുമ്പോൾ കസേരയിൽ താര ഇരിക്കുന്നുണ്ടായിരുന്നു…

‘കണ്ടില്ല’ എന്ന മട്ടിൽ ഉമ്മറത്തേക്ക് പോകാൻ തുടങ്ങിയ എന്നെ പ്രസാദേട്ട എന്ന വിളിയിൽ അവൾ തളച്ചിട്ടു …..

പ്രസാദേട്ട എനിക്കൊരു കാര്യം പറയാൻ ഉണ്ട്‌ ….

എന്താ എന്ന മട്ടിൽ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി….

കേൾക്കാൻ ഞാൻ തയ്യാറായി നിൽക്കുന്നു എന്ന് മനസ്സിലായത് കൊണ്ടവൾ തുടർന്നു…..

പ്രസാദേട്ട ഡിവോഴ്‌സിന് വേണ്ടി ഇനി കോടതി കയറിയിറങ്ങി ബുദ്ധിമുട്ടണ്ട….എവിടാന്നു വെച്ചാൽ പറഞ്ഞാൽ മതി ഞാൻ ഒപ്പിട്ടു തരാം…..

വിശ്വാസം വരാൻ ആകാതെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി …..

എല്ലാത്തിനും ഞാൻ തയ്യാറാണ്….. പക്ഷെ അതിനുമുൻപ്‌ എന്റെയൊരാഗ്രഹം പ്രസാദേട്ടൻ സാധിച്ചു തരണം….

അവളെ എങ്ങനേലും ഒഴിവാക്കാൻ നടന്ന എനിക്ക് അവളുടെ ഒന്നോ രണ്ടോ ആഗ്രഹങ്ങൾ നടത്തിക്കൊടുക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല …

ഒരുനിമിഷം ആലോചിച്ച ശേഷം ഞാൻ പറഞ്ഞു എന്താ തന്റെ തന്റെ ആഗ്രഹം കേൾക്കട്ടെ…. എന്നെ കൊണ്ട് പറ്റുന്നതാണേൽ ഞാൻ ചെയ്തു തരാം…

പ്രസാദേട്ട കഴിഞ്ഞ 11 മാസമായി ഞാൻ ഈ വീട്ടിൽ ഏട്ടനോടൊപ്പം കഴിയാൻ തുടങ്ങീട്ട് ….ഒരു ഭാര്യയെന്ന പരിഗണന പോലും ഒരിക്കലും ഏട്ടനെനിക്ക് തന്നിട്ടില്ല….അതിൽ എനിക്ക് പരാതിയില്ല..ഇനി എന്റെ ബാക്കിയുള്ള ജീവിതത്തിൽ എനിക്കൊരു പ്രതീക്ഷയുമില്ല…

എന്റെ കൂടെ ജീവിക്കാൻ ഇഷ്ടമില്ലാത്തൊരാളെ നിർബന്ധിച്ചു കൂടെ കൂട്ടാൻ എനിക്കും പ്രയാസമുണ്ട്….. പിരിയാൻ പോകുന്ന ഈ അവസരത്തിൽ എനിക്കിനി ഒരേയൊരാഗ്രഹമേയുള്ളു പറ്റുമെങ്കിൽ അത് സാധിച്ചു തരണം…

അല്പനേരത്തെ മൗനത്തിനു ശേഷം അവൾ തുടർന്നു …ഏട്ടാ …..ഒരു മാസം എനിക്കീ വീട്ടിൽ ഏട്ടന്റെ ഭാര്യയായി കഴിയണം, ഒരു ഭാര്യക്ക് തരാൻ കഴിയുന്ന സ്നേഹം ഏട്ടൻ എനിക്ക് തരണം…..പുറത്തുന്നു കഴിക്കാതെ എന്റെ കൈ കൊണ്ട് ഞാൻ വെച്ചുണ്ടാക്കി തരുന്ന ഒരുപിടി ചോറ് ഏട്ടൻ കഴിക്കണം,ഈ ഒരുമാസം ഒരിക്കൽ പോലും ഏട്ടൻ മദ്യപിക്കരുത്.. ഏട്ടന്റെ ജീവിതത്തിലെ “മുപ്പതു ദിവസം”എനിക്ക് തരണം അത് മാത്രം മതി ജീവിതകാലം മുഴുവൻ എനിക്കോർക്കാൻ…..പിന്നെ ഒരിക്കലും ഈ താര ഏട്ടനെ ശല്യം ചെയ്യില്ല…

അവൾ ആദ്യമായിട്ടും അവസാനമായിട്ടും ഒരു കാര്യം തന്നോടാവശ്യപ്പെട്ടിരിക്കുന്നു മറുത്തൊന്നും പറയാൻ അപ്പോൾ എനിക്ക് തോന്നിയില്ല….

അവൾ തന്നെ എന്റെ തലയിൽ നിന്നും സ്വയം ഒഴിവാകാൻ സമ്മതിച്ച സ്ഥിതിക്ക് അവളുടെ മുന്നിൽ ഇല്ലാത്ത സ്നേഹം അഭിനയിക്കാൻ ഇഷ്ടമില്ലെങ്കിലും ഞാൻ തയ്യാറായിരുന്നു…

അതോടൊപ്പം മായയോടൊപ്പമുള്ള ഒരു ജീവിതം ഞാൻ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു….

പതിവുപോലെ ഓഫീസിൽ പോകാൻ ഇറങ്ങാൻ നേരം അവൾ എന്നോട് പറഞ്ഞു വൈകിട്ട് അത്താഴം ഇവിടെ നിന്നു കഴിക്കാട്ടോ…

ഇഷ്ടമല്ലാഞ്ഞിട്ടു കൂടി…മ്മ് എന്ന് ഞാൻ തലയാട്ടി…

ഓഫീസിൽ ചെന്ന എനിക്ക് ഉപദേശം തരാൻ ഇടയ്ക്കിടയ്ക്ക് കയറി വന്ന രവിയേ മനപ്പൂർവം ഓരോന്ന് പറഞ്ഞു ഞാൻ ഒഴിവാക്കി…

വൈകിട്ട് വീട്ടിൽ ചെല്ലുമ്പോൾ ഉമ്മറത്ത് തന്നെ എന്നെ പ്രതീക്ഷിച്ചവൾ നിൽക്കുന്നുണ്ടായിരുന്നു….

എന്നെ കണ്ടതും ചിരിച്ചുകൊണ്ടവൾ അടുത്തേക്ക് വന്നു… കഴിഞ്ഞ പതിനൊന്നുമാസമായി ഞങ്ങൾക്കിടയിൽ നടക്കാത്ത ഒരു സീൻ ആയിരുന്നു അത്…മിക്കവാറും ഞാൻ കുടിച്ചിട്ടാണ് വരിക അന്നേരമൊന്നും ഞാൻ അവളെ ഒന്ന് നോക്കുക കൂടി ചെയ്യാറില്ലായിരുന്നു….

കുളിച്ചിട്ടു വരുട്ടോ ഞാൻ ചോറെടുക്കാം….

കുളിച്ചു വരുമ്പഴേക്കും ഒക്കെ ടേബിളിൽ റെഡിയായിരുന്നു…

ഇതൊക്കെ എനിക്കാണോ ഞാൻ ചോദിച്ചു….

മ്മ് അതെ…എന്താ ഇഷ്ടമെന്നറിയില്ലല്ലോ അതോണ്ട് ഒക്കെ ഞാൻ ഇണ്ടാക്കി….

അവൾ പറഞ്ഞത് ശരിയായിരുന്നു… ഒരിക്കൽ പോലും അതിനുള്ള അവസരം ഞാൻ അവൾക്കു കൊടുത്തിട്ടില്ലല്ലോ …..

ഉണ്ടാക്കിയത് ഓരോന്നായവൾ എന്റെ പാത്രത്തിലേക്ക് വിളമ്പി….

നിറയെ കഴിക്കു കേട്ടോ…

അവളുടെ സ്നേഹത്തിന്റെ ചേരുവകൾ നിറയെ ഉണ്ടായിരുന്നതിനാൽ ആവാം ഭക്ഷണത്തിനു നല്ല സ്വാദായിരുന്നു….

ഭക്ഷണം കഴിച്ച ശേഷം ‘നന്നായി’എന്ന് മാത്രം മറുപടി പറഞ്ഞു ഞാൻ അകത്തേക്ക് കയറി പോയി….

അല്പം കഴിഞ്ഞു ഹാളിൽ വെച്ച മൊബൈൽ എടുക്കാൻ തിരികെ വന്നപ്പോഴാണ് ആ കാഴ്ച ഞാൻ കാണുന്നത് ഞാൻ കഴിച്ചതിന്റെ ബാക്കി അവൾ ഇരുന്നു കഴിക്കുന്നു……

സ്വന്തം വയറു നിറച്ചെണീറ്റു പോരുമ്പോൾ നീ കഴിച്ചോ എന്ന് പോലും ഞാൻ അവളോട്‌ ചോദിച്ചില്ലല്ലോ എന്നോർത്തപ്പോൾ അന്നാദ്യമായി മനസ്സിൽ എനിക്ക് കുറ്റബോധം തോന്നി…..

ഓരോ ദിവസവും അവളോടുള്ള എന്റെ അകലം കുറഞ്ഞു വന്നു അപ്പഴും അവളെ ഒരു ഭാര്യയായി ഞാൻ അംഗീകരിച്ചിരുന്നില്ല….ഡിവോഴ്സിൽ തന്നെ ഞാൻ ഉറച്ചു നിന്നു….

പതിവുപോലെ ഓഫീസിൽ ഇരിക്കുമ്പോഴാണ് മായയുടെ കാൾ വന്നത് അവൾക്കെന്നെ കാണണം എന്ന്…ജോലി പകുതിക്കു നിർത്തി ഞാൻ അവളുടെ അടുത്തേക്ക് ഓടി….

ഇന്ത്യൻ കോഫി ഷോപ്പിനു മുന്നിൽ എന്നെ പ്രതീക്ഷിച്ചവൾ നിൽക്കുന്നുണ്ടായിരുന്നു…
അവളുടെ അടുത്തേക്ക് നീങ്ങി ചെന്ന് ഞാൻ ചോദിച്ചു …നീ എന്താ വരാൻ പറഞ്ഞത്….

പ്രസാദ് വരു നമിക്കിരുന്നു സംസാരിക്കാം…

പ്രസാദേ കഴിഞ്ഞ കുറെ നാളായി എന്റെ ജീവിതം നിറയെ പ്രശ്നങ്ങൾ ആയിരുന്നു…മരിക്കാൻ വരെ തോന്നിയ നിമിഷങ്ങളുണ്ട്…എല്ലാം നേരെയാവാൻ ഈശ്വരനോട് ഞാൻ കരഞ്ഞു പ്രാർഥിച്ചിട്ടുണ്ട് ….

എന്റെ പ്രാർത്ഥന വെറുതെ ആയില്ല…ഞാൻ… ഞാൻ ഒരമ്മയാകാൻ പോകുന്നു പ്രസാദ്…കൃത്യമായി പറഞ്ഞാൽ പ്രസാദ് എന്നെ കണ്ടതിനു പിറ്റേ ആഴ്ച….

ഒന്നും മിണ്ടാൻ ആകാതെ ഞാൻ അവളെ തന്നെ നോക്കിയിരുന്നു…

കിരണേട്ടൻ ഇപ്പൊ പഴയ ആളൊന്നുമല്ലട്ടോ നല്ല മാറ്റം ഇണ്ട്…കുടി നിർത്തിയിട്ടൊന്നുമില്ല.. എന്നാലും കുറവുണ്ട്…കുഞ്ഞുണ്ടാകാൻ പോണ സന്തോഷത്തിലാ ആള് …..ഞാൻ ഇപ്പൊ എന്താ പറയാ…കൈവിട്ട എന്റെ ജീവിതമാണ് എനിക്ക് തിരികെ കിട്ടിയത്…കിരണേട്ടനെ ഒരിക്കലും എനിക്ക് വെറുക്കാൻ ആകില്ല പ്രസാദ്…

നിനക്കിതു എങ്ങന്നെ സാധിക്കുന്നു മായ..അയാൾ നിന്നെ എന്തുമാത്രം ഉപദ്രവിച്ചു.

ഒക്കെ ശരിയാണ് പ്രസാദ് ഒരു ഭർത്താവ് എന്തൊക്കെ ദ്രോഹം ചെയ്താലും അവഗണിച്ചാലും അയാളോട് സ്നേഹം ഉള്ള ഭാര്യ ക്ഷമിക്കും കാരണം ‘വിവാഹ ശേഷം ഭർത്താവാണ് ഭാര്യക്കെല്ലാം’….അവൾ പറഞ്ഞ വാക്കുകൾ ഒരു അസ്ത്രo പോലെ എന്റെ നെഞ്ചിൽ തറച്ചു.. താരയുടെ മുഖം എന്റെ മുൻപിൽ തെളിഞ്ഞു വന്നു…….

മായയുടെ മനസ്സിൽ എന്നേ പ്രസാദ് മരിച്ചിരിക്കുന്നു…വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടിയ ഞാനാണ് പൊട്ടൻ….അവൾ ഇപ്പോൾ എന്റെ കാമുകിയല്ല മറ്റൊരുവന്റെ ഭാര്യയാണ് എന്നത് മറന്നു കൊണ്ടാണ് ഞാൻ അവളെ സ്നേഹിച്ചത് എന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി…..

കഷ്ടതകൾ ഏറെ ഉണ്ടായെങ്കിലും അവൾ നന്നായി ജീവിക്കാൻ തുടങ്ങിയിരിക്കുന്നു… മനസ്സിൽ അല്പം ആശ്വാസം തോന്നി …….

മായയെ മനഃപ്പൂർവം ഞാൻ മറന്നു തുടങ്ങി…

ദിവസങ്ങൾ കടന്നു പോയി ഓരോ ദിവസവും ചിരിച്ച മുഖത്തോടെ താര എന്നെ സ്വീകരിച്ചു…

അന്ന് വൈകിട്ട് പതിവിലും നേരത്തെ ഞാൻ വീട്ടിലെത്തി…..താരയെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു….

പ്രസാദേട്ട നമുക്കിന്നു ബീച്ച് വരെ ഒന്ന് പോയാലോ?എന്നെ കണ്ടതും അവൾ ചോദിച്ചു….

നീ റെഡിയാവ് നമുക്ക് പോവാം….

സത്യായും !!അവളുടെ മുഖം വിടർന്നു ….

അവളുമൊത്തു ആ ബീച്ചിലൂടെ ഞാൻ നടന്നു…ആർത്തലച്ചു വരുന്ന കടൽ പോലെ എന്റെ മനസ്സിരമ്പിക്കൊണ്ടിരുന്നു ….

പ്രസാദേട്ട എന്താലോചിച്ചു നിക്കുവാ ഇങ്ങു വന്നേ ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ എന്റെ കൈ പിടിച്ചു ഉറക്കെ ചിരിച്ചു കൊണ്ട് ആർത്തലച്ചു വരുന്ന തിരക്ക് നേരെ ഓടി….എത്രനേരം ആ വെള്ളത്തിൽ കൂടി അവളുടെ കൂടെ ഓടിയെന്നറിയില്ല അണച്ചിരുന്നുപോയി ഞാൻ…

അവൾ വെള്ളത്തിനൊപ്പം കിടന്നു തുള്ളി ചാടുകയാണ് ….എപ്പഴോ ഉള്ള ഒരാവേശത്തിൽ അവളെന്നെ ഓടി വന്നു കെട്ടിപ്പിടിച്ചു…നന്ദി പ്രസാദേട്ട ഇത്രയും നല്ലൊരു ദിവസം എനിക്ക് തന്നതിന് മറക്കില്ല ഞാൻ…..

മുപ്പതു ദിവസം നാളെ കഴിയും അവളുടെ കൂടെ ഇനി അവശേഷിക്കുന്നത് ആകെ ഒരു നാൾ കൂടി എന്ന് ഓർത്തപ്പോൾ മനസ്സിൽ ഒരു വല്ലായ്ക തോന്നി…

അതേയ് നാളെ എനിക്ക് വേണ്ടി ലീവെടുക്കാൻ പറ്റോ പ്രസാദേട്ട…

മ്മ് എന്ന് ഞാൻ തലയാട്ടി…

അതേയ് എനിക്കിച്ചിരി മുല്ലപ്പൂ വാങ്ങി തരാമോ? പോരാൻ നേരം അവൾ എന്നോട് ചോദിച്ചു…

മ്മ് എന്തിനാ ഇപ്പൊ പൂവ് ?ഞാൻ ചോദിച്ചു…

അതൊക്കെ ഇണ്ട് വാങ്ങി തരാമോ?…

പോരുന്ന വഴി അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു…

വീട്ടിൽ ചെന്ന് രാത്രി കിടക്കാൻ നേരം അവൾ എന്റെ മുറിയിലേക്ക് കയറി വന്നു….

ഞാൻ ഇന്നിവിടെ കിടന്നോട്ടെ…അമ്മയുടെ മരണശേഷം അവളും ഞാനും വേറെ മുറികളിലാണ് കിടന്നിരുന്നത്….

വാ ഇവിടെ എന്റെ അടുത്ത് കിടന്നോ ഞാൻ അവളോട്‌ പറഞ്ഞു…

അവൾ കതകടച്ചു വന്ന് കട്ടിലിന്റെ അരികത്തു കിടന്നു …..ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല….ഓരോന്നാലോചിച്ചു എപ്പഴോ ഞാൻ ഉറങ്ങി പോയി…

രാവിലെ എണീറ്റു നോക്കുമ്പോൾ അടുത്തവൾ ഇല്ല..നോക്കുമ്പോൾ കട്ടിലിൽ ഒരു ലെറ്റർ എഴുതി വെച്ചിട്ടുണ്ട് …

തുറന്നു നോക്കി ഞാൻ വായിച്ചു …..പ്രസാദേട്ട എണീറ്റു കുളിച്ചു കഴിഞ്ഞു ഒരു ഷർട്ടും മുണ്ടുമുടുത്തു ഹാളിലേക്ക് വരാമോ?

എന്തിനാണവൾ ഇങ്ങനെ ഒരു ലെറ്റർ എഴുതിയതെന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ലെനിക്ക്….

ഞാൻ സമയം കളയാതെ വേഗം കുളിച്ചു റെഡിയായി ഹാളിലേക്ക് ചെന്നു ..മേശപ്പുറത്തു ഹാപ്പി വെഡിങ് ആനിവേഴ്സറി എന്നെഴുതിയ ഒരു കേക്ക് വെച്ചിട്ടുണ്ടായിരുന്നു…ഹാളിൽ ഒക്കെ നോക്കിയിട്ട് അവളെ ഞാൻ കണ്ടില്ല…

താരേ ഞാൻ ഉറക്കെ വിളിച്ചു….

എന്റെ വിളി കേട്ടിട്ടാവണം നേരത്തെ അവൾ കിടന്നിരുന്ന മുറി തുറന്നവൾ പുറത്തേക്കിറങ്ങി വന്നു…

താര …….

ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി….ഞാൻ കല്യാണത്തിനു കൊടുത്ത പുടവയുടുത്തു ദേഹത്തു സ്വർണമിട്ടു തലയിൽ മുല്ലപ്പൂവും ചൂടി ഒരു വധുവിനെ പോലെയവൾ ഒരുങ്ങിയിരിക്കുന്നു….

അവൾ എന്റെ അടുത്തേക്ക് നീങ്ങി വന്നു എന്നുമുള്ള ആ പതിവ് ചിരി അവളുടെ മുഖത്തുണ്ടായിരുന്നു…. രാത്രി മുഴുവൻ അവൾ കരയുന്നുണ്ടായിരുന്നു എന്നത് അവളുടെ മുഖഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി ..അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നോക്കാൻ തന്നെ ഞാൻ പാടുപെട്ടു…

ഇങ്ങോട്ട് നോക്കിയേ ഇന്ന് നമ്മടെ ഒന്നാം വിവാഹവാർഷികം ആണ്..ദേ ഇത് കണ്ടോ ഞാൻ കേക്ക് ഒക്കെ മേടിച്ചു വെച്ചിരിക്കുന്നത്..

അതേയ് സെന്റി ഡയലോഗ് ഒന്നും വേണ്ടാട്ടോ എന്നെ ചിരിച്ചോണ്ട് യാത്രയാക്കണം… വാ ഇത് മുറിച്ചു ഒരു കഷ്ണം എനിക്ക് തന്നേ കൊതിയായിട്ടു വയ്യ…

കേക്കിനു സമീപം വെച്ചിരുന്ന കത്തിയെടുത്തു ഞാൻ ഒരു കഷ്ണം മുറിച്ചെടുത്തു അവളുടെ വായിൽ വെച്ചു കൊടുത്തു…ഞാൻ അറിയാതെ തന്നെ ഒരു തുള്ളി കണ്ണീർ എന്റെ കണ്ണിൽ നിന്നും ഇറ്റു വീണു…..

അതേയ് ഞാൻ പോവാണ് കേട്ടോ….ഇത്രേം ദിവസം എന്നോട് സ്നേഹം കാട്ടിയല്ലോ മറക്കില്ല ഞാൻ…ഈ സാരിയുടുത്തൊണ്ടാ ഈ വീട്ടിലേക്കു ഞാൻ വലതു കാൽ വെച്ചു കയറിയത് പോവുമ്പഴും അങ്ങനെ തന്നെ പോവാണ്…

പിന്നേ ..പോകുമ്പോൾ ഏട്ടൻ കെട്ടിയ ഈ താലി കൂടി ഞാൻ അങ്ങു കൊണ്ട് പോകുവാ…തിരിച്ചു ചോദിക്കരുത് താര തരില്യ …ഇതിങ്ങനെ നെഞ്ചത്ത് പറ്റി കിടക്കുമ്പോ ന്റെ മനസ്സിൽ ഒരു ധൈര്യാ ….

ഏട്ടന് നല്ലതേ വരു…

എവിടെ പേപ്പർ… ഒപ്പിടണ്ടേ ….

മ്മ്…ഞാൻ ഇപ്പൊ വരാം…അകത്തേക്ക് കയറിപ്പോയ ഞാൻ അല്പം കഴിഞ്ഞു തിരികെ വന്നു…

വാ നമുക്ക് ഒരിടം വരെ പോകാം നീ കാറിൽ കയറു…

എങ്ങോട്ടാ ഏട്ടാ ?

ചോദ്യമൊന്നും വേണ്ട കൂടെ വരുന്നേൽ വാ….ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു….കൂടുതൽ ഒന്നും ചോദിക്കാതെ അവൾ എന്റെ കൂടെ കയറി….

*********************

നമ്മൾ എന്തിനാ ഇവിടെ വന്നത്….

അതൊക്കെ പറയാം നീ ഇങ്ങോട്ട് തിരിഞ്ഞു നിക്ക് …

അല്പം മൗനം പാലിച്ചിട്ടു ഞാൻ തുടർന്നു ……താര മനസ്സിനിഷ്ടപ്പെടാതെയാണ് ഞാൻ നിന്നെ വിവാഹം കഴിച്ചത് . ഞാൻ നിന്നെ ഒരിക്കലും അംഗീകരിച്ചിട്ടില്ല സ്നേഹിച്ചിട്ടില്ല….എന്റെ മനസ്സിൽ നിനക്കൊരു സ്ഥാനവുമില്ലായിരുന്നു അതൊക്കെ സത്യമാണ്….

പക്ഷെ കഴിഞ്ഞ 365ദിവസങ്ങളിൽ അവസാനത്തെ ഒരു 13 ദിവസം ഞാൻ വേണ്ട എന്ന് വെച്ചിട്ടും എന്റെ മനസ്സിൽ നീ കയറിപ്പറ്റി …. അറിയാതെ തന്നെ ഞാൻ നിന്നെ സ്നേഹിച്ചു പോവുവായിരുന്നു……

ഇത്രയൊക്കെ ഞാൻ അവഗണിച്ചിട്ടും ഇതിനും മാത്രം സ്നേഹിക്കാൻ എന്ത് ഗുണമാ താരേ എനിക്കുണ്ടായിരുന്നത്…

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി …

അവൾ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുന്നേ എന്റെ കയ്യിലിരുന്ന ചെപ്പു തുറന്നു അതിൽ നിന്നും അല്പം സിന്ദൂരമെടുത്തവളുടെ നെറുകയിൽ ചാർത്തി ഞാൻ….അവൾ കണ്ണ് മിഴിച്ചു നിന്നു.

ഇനി ഈ നെറ്റി ഒഴിഞ്ഞു കിടക്കരുത് എന്റെ കൈകൊണ്ടുള്ള സിന്ദൂരം എന്നും അവിടെ കാണണം….

താര……. ഇഷ്ടമില്ലാതെ ഈ ദേവിയുടെ നടക്കൽ വെച്ച നിന്റെ കഴുത്തിൽ ഞാൻ താലിചാർത്തിയത് പക്ഷെ ഇന്ന് ഒരുപാടു ഇഷ്ടത്തോടെ നിറമനസ്സോടെ നിന്നെ ഞാൻ എന്റെ ഭാര്യയായി സ്വീകരിക്കുന്നു….

നിന്നെ ഞാൻ വീട്ടിലേക്കു കൊണ്ട് പോകുവാ…എനിക്ക് വേണം നിന്നെ…

പ്രസാദേട്ടാ…… അവൾ എന്നെ കെട്ടിപ്പിടിച്ചു…..

“പുണ്യം ചെയ്തവനാ ഞാൻ” ……

ഈ ലോകത്തിലെ വിലപിടിപ്പുള്ള ‘മാണിക്യം’ ഇപ്പോ എന്റെ കൈക്കുള്ളിലാണ് അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു….

NB: പലപ്പോഴും പ്രതീക്ഷിക്കുന്നതല്ല പലർക്കും കിട്ടുന്നത്..കിട്ടുന്നതിൽ നിരാശനാകാതെ കിട്ടിയതാണ് ഏറ്റവും വലുതെന്നു കരുതി ചുമ്മാ അങ്ങു സന്തോഷത്തോടെ ജീവിച്ചു കാണിക്കണം… അതല്ലേ ഹീറോയിസം….