Story written by Saji Thaiparambu
“നാരായണീ… നീ പണ്ട് നിൻ്റെയൊരു പുത്രിയെ കോലോത്ത് കൊണ്ട് വരുമായിരുന്നില്ലേ? അവളെയിപ്പോൾ കാണാനേയില്ലല്ലോ”
അടുക്കളപ്പുറത്ത് അരി ഇടിച്ച് കൊണ്ടിരുന്ന വേലക്കാരിയോട് ,കോലോത്തെ തമ്പ്രാട്ടി ചോദിച്ചു.
“ഓളിപ്പോൾ ബല്യ കുട്ടിയായി തമ്പ്രാട്ടീ..അതോണ്ട്, ഏത് നേരോം പൊരേല് തന്നാ, മോന്തിക്ക് പറമ്പില് പോകാൻ മാത്രമേ, പുറത്തിറങ്ങാറുള്ളു”
“അതെന്താ, ഓള് സൂര്യപ്രകാശമേറ്റ് കറുത്ത് പോകുമെന്ന് പേടിച്ചിട്ടാണോ?പുറത്തിറങ്ങാത്തെ”
തമ്പ്രാട്ടി , പരിഹാസച്ചിരിയോടെ തമാശയ്ക്ക് ചോദിച്ചു .
“ഓൾക്ക് പേടി തമ്പ്രാക്കൻമാരെയാണ്, മാറ് മറച്ച് പുറത്തിറങ്ങിയാൽ, അവര് കോപിക്കില്ലേ? ചിരുത ലേശം തടിച്ചിട്ടാണ് ,അതോണ്ട് തന്നെ മാ റിടവും മുഴുത്തതാണ്, അവള് പൊരേല് നിക്കുമ്പോഴും റൗക്കയിട്ടേ നില്ക്കാറുള്ളു”
അത് കേട്ടപ്പോൾ ,തമ്പ്രാട്ടിയുടെ മുഖത്തെ ചിരി മാഞ്ഞു ,നാരായണിയുൾപ്പെടുന്ന കീഴ്ജാതിയോട് അവർക്ക് സഹതാപം തോന്നി.
“ഒരു ദിവസം ഇരുട്ട് വീഴുമ്പോൾ, സൗകര്യം പോലെ നീയവളെയും കൂട്ടി, ഇത്രടം വരെയൊന്ന് വരണം, ഞാനവൾക്ക് ധരിക്കാനായി ,ശ്രീക്കുട്ടിയുടെ പഴയ കുറച്ച് ,റൗക്കകൾ തന്നയക്കാം”
“ഉവ്വ് തമ്പ്രാട്ടി, ഏൻ അവളേം കൂട്ടി ബരാം”
തമ്പ്രാട്ടി തെക്കിനിയിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ്, മട്ടുപ്പാവിലിരിക്കുന്ന തൻ്റെ ഭർത്താവിനെ കണ്ടത് ,അയാളുടെ നോട്ടം അരി ഇടിക്കുന്ന നാരായണിയുടെ, ഇളകുന്ന മാ റിടങ്ങളിലേക്കാണെന്ന് അവർക്കറിയാമായിരുന്നു.
കീഴ്ജാതിക്കാർക്ക് മാറ് മറയ്ക്കാൻ അവകാശമില്ലാത്തത് പോലെ തന്നെ, കോലോത്തെ പെണ്ണുങ്ങൾക്ക് നാവുയർത്താനും പ്രതികരിക്കാനും അനുവാദമില്ലല്ലോ? എന്നവർ പുച്ശത്തോടെയോർത്തു.
കണ്ണുകൾ ആവാഹിച്ച് ഉള്ളിലേക്ക് പതിപ്പിച്ച, ആനന്ദലഹരിക്ക് ആക്കം കൂട്ടുന്നതിനായി, കാരണവർ അരികിലിരുന്ന മുറുക്കാൻ ചെല്ലത്തിൽ നിന്നും, വെറ്റിലയെടുത്ത് നൂറ് തേച്ചു.
പിറ്റേന്ന് നിലാവുള്ള രാത്രിയിൽ നാരായണി, തൻ്റെ മകൾ ചിരുതയുമായി കോലോത്തെ പടീറ്റയിലെത്തി.
അടുക്കള വാതില്ക്കൽ ചെന്ന് തമ്പ്രാട്ടീന്ന് ശബ്ദം കുറച്ച് വിളിച്ചു, കുറച്ച് കഴിഞ്ഞപ്പോൾ , തമ്പ്രാട്ടി അറയിൽ നിന്നും ഇറങ്ങി വന്നു.
“ഇതാര് ചിരുതയോ? നീയങ്ങ് വളർന്നു പോയല്ലോ പെണ്ണേ ?നാരായണി പറഞ്ഞപ്പോൾ ഞാനിത്രക്ക് നിരീച്ചില്ല ,ശ്രീക്കുട്ടിയുടെ റൗക്ക, ഇവൾക്ക് പാകമാകുമോ ആവോ?
അവർ സംശയം പ്രകടിപ്പിച്ചു.
“അത് കൊഴപ്പമില്ല തമ്പ്രാട്ടി, ഏനത് കീറി തുന്നലിട്ട് പാകമാക്കിയെടുത്തോളാം”
“ഉം ശരി, നീ വല്ലതും കഴിച്ചോ ചിരുതേ?
“ഓള് കപ്പയും മുളകും കഴിച്ചിട്ടാ ബന്നേക്കണത്”
“എന്നാലി ,ചോറും സാമ്പാറും നീ കോരന് കൊടുത്തേര്”
തമ്പ്രാട്ടിയുടെ കയ്യീന്ന് വാങ്ങിയ സാമാനങ്ങളുമായി, നാരായണിയും മോളും ഇരുളിലേക്ക് ഊളിയിട്ടു .
“ആരാദ് ഈ അസമയത്ത്?
കാരണവരുടെ ശബ്ദം കേട്ട് നാരായണി ,വിറയലോടെ നിന്നു.
“ഏനാ തമ്പ്രാ ,നാരായണി..”
“അപ്പോൾ നിൻ്റെ കൂടെയാരാ?
“അദ്, അടിയൻ്റെ മൂത്ത മകളാ ചിരുത”
“ആങ്ങ്ഹാ.. മോള് നിന്നെക്കാൾ വലുതായല്ലോ ,എന്നിട്ടെന്താ നീയിത് വരെ, അവളെ പകല് കൊണ്ട് വരാതിരുന്നത്”
“അത് തമ്പ്രാ.. ഓള് ലേശം നാണക്കാരിയാ ,റൗക്കയിടാതെ അവള് പുറത്തിറങ്ങില്ലെന്നാ പറയണത്”
“ഹെന്ത് ,ഇവിടുത്തെ അടിയാത്തിയുടെ മോൾക്ക്, ഇത്രയ്ക്ക് അഹങ്കാരമോ? നാളെ നീ വരുമ്പോൾ ,ചിരുതയും നിൻ്റെ കൂടെയുണ്ടാവണം, അതും മാറ് മറയ്ക്കാതെ നിന്നെ പോലെ ഒറ്റമുണ്ട് മാത്രം ധരിച്ചോണ്ട്, ഇല്ലെങ്കിൽ എന്നെ നിനക്ക് ശരിക്കറിയാമല്ലോ അല്ലേ ?
ആ ഭീഷണിയിൽ നാരായണി നടുങ്ങിപ്പോയി.
“ഏൻ നാളെ ഓളെയും കൂട്ടി വരാം തമ്പ്രാ…
വിറയലോടെ മറുപടി പറഞ്ഞിട്ട് ചിരുതയുടെ കൈപിടിച്ച്, നാരായണി വേഗം വീട്ടിലേക്ക് നടന്നു.
പിറ്റേന്ന് ഞെട്ടിക്കുന്ന വാർത്തയുമായിട്ടാണ്, കാര്യസ്ഥൻ കോലോത്തെ തമ്പ്രാട്ടിയുടെ അരികിലെത്തിയത്.
നാരയണിയുടെ മകൾ ചിരുത, മുറ്റത്തെ മാവിൻ കൊമ്പിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു ,കോലോത്തെ തമ്പ്രാട്ടിമാരെപ്പോലെ ,മുണ്ടും റൗക്കയും മേൽമുണ്ടുമൊക്കെ ധരിച്ച് കൊണ്ട് തന്നെയാണ്, ആ കുട്ടി തൂങ്ങിയത്, അത് തമ്പ്രാക്കൻമാരോടുള്ള ഒരു വെല്ലുവിളിയല്ലേ? എന്നെനിക്ക് ലേശം സംശയമില്ലാതില്ല”
“അല്ല ശങ്കുണ്ണീ.., അന്തസ്സോടെ ജീവിക്കാനല്ലേ തമ്പ്രാക്കൻമാരുടെ സമ്മതം വേണ്ടത്, അന്തസ്സോടെ മരിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലല്ലോ?
പല്ല് കടിച്ച് കൊണ്ട് കാര്യസ്ഥന് മറുപടി കൊടുക്കുമ്പോൾ, കോലോത്തെ തമ്പ്രാട്ടിയുടെ കണ്ണുകളിൽ കണ്ട രൗദ്രഭാവം, അയാളെ ഭയചകിതനാക്കി.
ഉച്ചയൂണും കഴിഞ്ഞ്, നാലും കൂട്ടിമുറുക്കി ചാര് കസേരയിലിരിക്കുന്ന തൻ്റെ ഭർത്താവിൻ്റെയരികിലൂടെ തമ്പ്രാട്ടി പുറത്തേയ്ക്കിറങ്ങി.
“അവിടെ നില്ക്ക്, മേൽമുണ്ടില്ലാതെ ധൃതി പിടിച്ച് നീയിതെങ്ങോട്ടാ പോകുന്നത്”
ഉടുമുണ്ടും റൗക്കയും മാത്രം ധരിച്ച് പുറത്തേയ്ക്ക് പോകുന്ന ഭാര്യയോടയാൾ രോഷത്തോടെ ചോദിച്ചു.
“മേൽമുണ്ടില്ലെങ്കിലെന്താ റൗക്കയുണ്ടല്ലോ? അത് കൊണ്ട് ഒന്നും പുറത്ത് കാണില്ല”
താമ്പ്രാട്ടി ലാഘവത്തോടെ പറഞ്ഞു.
“പക്ഷേ, മാ റിടത്തിൻ്റെ മുഴുപ്പ് വെളിവാകുന്നുണ്ട്, അത് അന്യപുരുഷന്മാരെ ചിലപ്പോൾ ആകർഷിക്കും”
“ഓഹോ, അപ്പോൾ സ്ത്രീകളുടെ സ്ത നങ്ങൾ, പുരുഷനെ വിറളി പിടിപ്പിക്കുമെന്നും, അത് മറഞ്ഞിരിക്കേണ്ട അവയവമാണെന്നും, അങ്ങേയ്ക്ക് നന്നായി അറിവുള്ളതാണല്ലേ?എന്നിട്ടാണോ? നമ്മുടെ നാരായണിയോടും, അവളുടെ മോളോടുമൊക്കെ, മാറ് മറക്കരുതെന്ന് നിർബന്ധം പിടിക്കുന്നത്”
“അവർ കീഴ്ജാതിക്കാരല്ലേ? നമ്മുടെ അടിയാന്മാർക്ക് നമ്മളെ പോലെ ജീവിക്കാനുള്ള അവകാശമില്ല”
“എന്നാര് പറഞ്ഞു അച്ഛാ .. അവരും നമ്മളുമൊക്കെ ഈശ്വരന് മുന്നിൽ സമൻമാരാണ്, ഈ അനാചാരങ്ങളൊക്കെ, നമ്മുടെ പൂർവ്വികരായ മനുഷ്യര് തന്നെ ഉണ്ടാക്കി വച്ചതാണ്”
ശ്രീക്കുട്ടിയും അച്ഛൻ്റെ വാദങ്ങളെ ഘണ്ഡിച്ച് കൊണ്ട് അങ്ങോട്ടിറങ്ങി വന്നു.
“അയ്യേ മോളേ.. നീയെന്താ ഈ വേഷത്തില്, അച്ഛന് നിന്നെ ഇങ്ങനെ കാണാൻ കഴിയില്ല, മോള് വേഗം അകത്തേയ്ക്ക് പോകു”
അമ്മയെ പോലെ അർദ്ധനഗ്നയായിറങ്ങി വന്ന, മകളുടെ നേരെ നോക്കാൻ കഴിയാതെ കാരണവർ തല കുനിച്ചിരുന്നു.
“ഇതേ ബുദ്ധിമുട്ട് തന്നെയല്ലേ അച്ഛാ, അടിയാൻമാരുടെ കുടിലിലെ പെൺകുട്ടികളുടെ അച്ഛന്മാരും അനുഭവിക്കുന്നത് , ഇനിയെപ്പോഴാണ് അവർക്ക് മാറ് മറച്ച് നടക്കാനുള്ള സ്വാതന്ത്ര്യം കിട്ടുന്നത്, അത് വരെ ഞാനും അമ്മയും, ഇതേ വേഷത്തിലായിരിക്കും, അമ്പലത്തിലും മറ്റ് പൊതുചടങ്ങുകൾക്കുമൊക്കെ പോകുന്നത്”
ഭാര്യയെ ആജ്ഞാശക്തി കൊണ്ട് നിലക്ക് നിർത്തുന്ന കാരണവർക്ക്, താൻ പുന്നാരിച്ച് വളർത്തുന്ന ഏക മകളെ എതിർക്കാനുള്ള ധൈര്യമില്ലായിരുന്നു ,മനസ്സ് കൊണ്ട് ദുർബ്ബലയായ മകളെ ഒരു വാക്ക് കൊണ്ട് പോലും നോവിക്കരുതെന്ന്, മുൻപ് വിഷാദ രോഗത്തിനവളെ ചികിത്സിച്ച, വൈദ്യര് പറഞ്ഞതയാൾക്ക് ഓർമ്മ വന്നു, മാനസിക വെല്ലുവിളി നേരിടുന്ന മകളെ, എതിർത്താലുണ്ടാകുന്ന ഭവിഷ്യത്ത് ഓർത്ത്, അയാൾ അവർക്കൊരു ഉറപ്പ് കൊടുത്തു.
“നമ്മുടെ കോലോത്ത് വരുന്ന പണിക്കാര് പെണ്ണുങ്ങൾ, ഇനി മുതൽ റവുക്ക ധരിച്ചോട്ടെ, പക്ഷേ ബാക്കിയുള്ളോരുടെ കാര്യങ്ങള്, എനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാൻ കഴിയില്ല”
“അതുമതിയച്ഛാ .. ഇന്നിവിടെ തുടങ്ങി വയ്ക്കുന്ന ഈ സാമൂഹിക മാറ്റം, നാളെ മുതൽ മറ്റുള്ളവരും പ്രാബല്യത്തിൽ കൊണ്ട് വരുന്ന സുദിനം, അതിവിദൂരമല്ലച്ഛാ …”
NB :- ചരിത്രത്താളുകളിൽ നിന്ന് കിട്ടിയ ചെറിയ അറിവ് വച്ച് എൻ്റെ ഭാവനയിൽ എഴുതിയ ഒരു കഥയായ് മാത്രം ഇതിനെ കാണുക,..
Cover Photo Credit