പ്രേത കഥയും പട്ടാള കഥയും ഇടയ്ക്കുവെച്ച് സഡൻ ബ്രേക്ക് ഇട്ട് നിർത്തി ജോർജ് അച്ഛനും സോമരാജൻ മാമനും ഞെട്ടിചാടിയെഴുന്നേറ്റു….

Story written by Satheesh Veegee

രണ്ടാമത്തെ ചേച്ചിയുടെ വിവാഹ നിശ്ചയം നടന്ന ദിവസം വൈകുന്നേരം. കുറച്ചു കൃത്യമായി പറഞ്ഞാൽ 1998 ഏപ്രിൽ മാസം.

അടുത്ത ചില ബന്ധുക്കൾ മാത്രം വീട്ടിൽ ഉണ്ട് പരിപ്പിന് ഉപ്പ് പോര, അവിയലിന് തേങ്ങ അരച്ചത് ശരിയായില്ല തുടങ്ങിയ കുറ്റങ്ങളും കുറവുകളും അടക്കത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്നു എല്ലാരുംകൂടി.

“ചൂണ്ടയിടാൻ പോയ വടയക്ഷി” എന്ന ഏറ്റവും പുതിയ പ്രേതക്കഥ പറഞ്ഞ് ആൾക്കാരെ പേടിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കിണറ്റുംകര ജോർജ് അച്ഛൻ ഇരുമ്പ് കസേരയിൽ വിരിഞ്ഞ് ഇരിക്കുന്നുണ്ട്.

പട്ടാള കഥകൾ പറഞ്ഞ് ആൾക്കാരെ വെറുപ്പിച്ചു കൊണ്ട് എക്സ് മിലിറ്ററി സോമരാജൻ മാമനും കട്ടക്ക് നിൽക്കുന്നുണ്ട്.

രാമശെൽവം ബീഡി ഒരെണ്ണം എടുത്തു കത്തിച്ച്‌ ആഞ്ഞൊരു വലിയും വലിച്ചു പ്രകമ്പനം കൊള്ളുന്ന ഉഗ്രൻ ഒരു ചുമയും ചുമച്ചു കൊണ്ട് കേശവൻ ചേട്ടൻ ഇരുമ്പ് കസേരകൾ മടക്കി വയ്ക്കുവാനുള്ള തത്രപ്പാടിലാണ്.

മുകളിൽ വലിച്ചുകെട്ടിയിരിക്കുന്ന ടാർപോളിൻ അഴിക്കുവാനുള്ള പ്ലാനും പദ്ധതിയുമായി ഞങ്ങൾ കുറച്ചു പേർ.

മൂക്കു മുട്ടേ സദ്യ അടിച്ചതിന്റെ ക്ഷീണത്തിൽ വീട്ടിലെ പ്രധാന കട്ടകൾ ആയ ഭൈരവനും ടിപ്പുവും പശു തൊഴുത്തിൽ ബോധരഹിതരായി തകർന്നു കിടന്നുറങ്ങുന്നു. അപ്രതീക്ഷിതമായി ചന്നം പിന്നം ഒരു ചെറിയ മഴ തുടങ്ങി. പെട്ടെന്ന് വലിയ ഒരു മിന്നലും തകർപ്പൻ ഒരു ഇടിമുഴക്കവും.

രാമശെൽവം വീഡി ചുണ്ടിൽ നിന്നും എങ്ങോ തെറിച്ച് കേശവൻ ചേട്ടൻ അലറിക്കൊണ്ട് വീട്ടിലേക്ക് ഓടിക്കയറി.

പ്രേത കഥയും പട്ടാള കഥയും ഇടയ്ക്കുവെച്ച് സഡൻ ബ്രേക്ക് ഇട്ട് നിർത്തി ജോർജ് അച്ഛനും സോമരാജൻ മാമനും ഞെട്ടിചാടിയെഴുന്നേറ്റു.

അപ്രതീക്ഷിതമായി കേട്ട ഭീകര ശബ്ദത്തിൽ ഞെട്ടിത്തരിച്ചു പോയ ടിപ്പു വെസ്റ്റേൺ മ്യൂസിക് പോലുള്ള ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് അയവിറക്കൽ എന്ന പ്രോസസിംഗിൽ വ്യാപൃതയായി കിടന്ന രമണി പശുവിന്റെ മുകളിലൂടെ തകർപ്പൻ ഒരു ഹൈജമ്പ് ചാടി ഒറ്റ ഓട്ടം.

കിടന്നകിടപ്പിൽ മുകളിലേക്ക് ഒന്നു പൊങ്ങിച്ചാടി താഴെവീണ് തന്റെ മാസ്റ്റർപീസ് ആയ ഷോക്കടിച്ച രോമവും ടവർ പോലുള്ള വാലുമായി ഭൈരവൻ ചാടിയെഴുന്നേറ്റു ” എന്നിട്ട് ഇവിടെ ആരാണ് ഇപ്പോൾ പടക്കം പൊട്ടിച്ചത്” എന്ന് ചോദിക്കുന്നത് പോലെ പുറത്തു വന്ന് എല്ലാവരെയും കലിപ്പിച്ച് നോക്കി നിന്നു.

കോഴിക്കൂടിന് സമീപത്തു നിന്നിരുന്ന ചെറിയ ചെന്തെങ്ങിന് എട്ടിന്റെ പണി കിട്ടി. മിന്നൽ ഏശിയത് തെങ്ങിനിട്ട്. ചൂട്ടും കൊതുമ്പും സംഘം ചേർന്നു നിന്നു കത്തിക്കളഞ്ഞു. മഴ ചുമ്മാതെ വന്ന് ഒന്ന് എത്തി നോക്കിയിട്ട് പോയി.

“കേശപിള്ളേ ദേ നിന്റെ കൈലി പുകയുന്നു ” കൂനംകാലായി മത്തായി ഞെട്ടിത്തരിച്ചു കൊണ്ട് അലറി.

“ഇനി എനിക്ക് എങ്ങാനും ഇടി വെട്ടിയോ ” എന്ന് ഡൌട്ട് അടിച്ച കേശപിള്ള “യ്യോ എവിടെ ” എന്ന് വലിയ വായിൽ ബഹളം വെച്ചുകൊണ്ട് കൈലി അഴിച്ചിട്ട് നീലയും വെള്ളയും വരകൾ ഉള്ള അണ്ട്രയാറിൽ നിന്ന് വിലസി.

ഇടി വെട്ടിൽ പ്രതിഷേധിച്ച രാമശെൽവം ബീഡി കൈലിക്കുള്ളിൽ വീണാണ് ഈ ബഹളം അത്രയും ഉണ്ടാക്കിയത്. ഉൽക്ക വീണതുപോലെ കൈലിയിൽ ഉഗ്രൻ രണ്ടു ഗർത്തങ്ങൾ തന്നെ ഉണ്ടായി.

തെങ്ങിൻ തടത്തിനു പുറത്തായി മണ്ണ് പിളർന്നു കിടക്കുന്നു. എല്ലാവരും ഞെട്ടലോടെയാണ് ഇത് കണ്ടത്.

“പണ്ട് പാകിസ്ഥാൻ ബോർഡർ സാംബയിൽ ഇതുപോലെ ഒരു സംഭവം ഉണ്ടായി. ഇടിവെട്ടി ഭൂമി പിളർന്നു . സംശയം തോന്നിയ ഞങ്ങൾ കുഴിച്ചു നോക്കിയപ്പോൾ എന്താ, മൈനാ… മൈൻ.. മൈൻ ” എക്സ് മിലിട്ടറി സോമരാജൻ ഒരു സാംബ ക്കഥ ഓപ്പൺ ചെയ്തു.

“ഭൂമിക്കടിയിൽ മൈനയോ ” ഒന്ന് പോടാ ഉവ്വേ പൊരി പറയാതെ കൂനംകാലായി മത്തായി ദേഷ്യപ്പെട്ടു

“എന്റെ കൊച്ചാട്ടാ മൈനയല്ല “മൈൻ ” അതായത് കുഴിബോംബ് ” എന്റെ ബലമായ സംശയം ഇതിന്റെ അടിയിൽ ലോഹങ്ങൾ എന്തോ ഉണ്ടെന്നാ. ഇനി നിധി എങ്ങാനും ആയിരിക്കുമോ “

“നിധി ” എല്ലാവരുടെയും ഉള്ളിൽ അഞ്ചാറ് ലഡു പൊട്ടിത്തകർന്നു..

“അപ്പോൾ പിന്നെ ഇവിടെ ഭൂതവും കാണും ” ജോർജ് അച്ഛൻ പെട്ടന്ന് തന്നെ ഭൂതത്തെ കേറി പിടിച്ചു

“ഭൂതമോ ” എല്ലാവർക്കും ഒരു ഞെട്ടൽ….

“പിന്നല്ലാതെ, കേട്ടിട്ടില്ലേ നിധി കാക്കുന്ന ഭൂതത്തെ പറ്റി. ചിലപ്പോൾ കരിനാഗങ്ങളും കാണും. എന്നിട്ട് നാട്ടിൽ നിധി കിട്ടി പണക്കാരായ രണ്ട് പ്രമാണികളുടെ കഥയും പറഞ്ഞു.

“പിന്നേ ഭൂതം എന്റെ കൈവാക്കിന് എങ്ങാനും കിട്ടണം വാരി ഞാൻ അലക്കും, ഇനി കരിഞ്ഞ നാഗം ആണെങ്കിലും കരിയാത്തത് ആണെങ്കിലും തൂമ്പാ കൈക്ക് അടിച്ചു ഞാൻ കൊല്ലും ” അളിയാ നീയാ പിക്കാസും തൂമ്പയും ഇങ്ങെടുത്തെ നോക്കിയിട്ട് തന്നെ ബാക്കി കാര്യം “

കൂനംകാലായ് മത്തായി ആവേശത്തോടെ പറഞ്ഞു. അച്ഛന്റെ മൂത്ത അളിയനാണ് ഈ മത്തായി. സ്വന്തം അളിയന് നിധി കിട്ടിയാൽ ഒരു പങ്ക് തനിക്കും കിട്ടും എന്നുള്ള ആഗ്രഹം ആണോ എന്നറിയില്ല നിമിഷങ്ങൾക്കകം മത്തായി പണി തുടങ്ങി.

ആദ്യം ഒന്ന് അറച്ചെങ്കിലും പിന്നീട് ജോർജ് അച്ഛനും കേശവൻ ചേട്ടനും കരുണാകരൻ മാമനും എന്തിനേറെ സോമരാജൻ മാമൻ വരെ നിധി കുഴിച്ചെടുക്കാൻ കച്ച കെട്ടി ഇറങ്ങി.

കാണികളായി ആവേശം ഒട്ടും തന്നെ ചോരാതെ ഞങ്ങളും. ശിവൻ കൊച്ചാട്ടന്റെ ഷാപ്പിൽ നിന്നും ചാരായവും താറാമുട്ട പുഴുങ്ങിയതുമായി കിങ്ങു കളിക്കാരൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കരിമ്പനപ്പൊയ്കയിൽ വാസു എത്തി. ഈരണ്ട് ഗ്ലാസ്സ് അടിച്ചപ്പോൾ എല്ലാവർക്കും ഉന്മേഷം കൂടി.

“മത്തായീ ദേ പിക്കാസ് ഇട്ട് വെട്ടുമ്പോൾ കുടം ആണെങ്കിൽ അത് കിഴിയരുത് ” ജോർജ് അച്ഛൻ ഫ്രീ ആയി ഒരു ഉപദേശം മത്തായിക്ക് കൊടുത്തു

“പിന്നേ കൊച്ചാട്ടൻ മത്തായിയെ പഠിപ്പിക്കാൻ വരേണ്ട, മത്തായി ഈ പിക്കാസ് പിടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മത്തായി നല്ല ഉഗ്രൻ മത്തോടെ പറഞ്ഞു.
മത്തായിയുടെ ഡയലോഗ് കേട്ടാൽ തോന്നും പണ്ട് കോലാർ ഖനിയിൽ സ്വർണം കുഴിച്ചെടുക്കുന്ന ജോലി ആയിരുന്നു എന്ന്.

കുഴി ഏകദേശം ഒരു കിണറിന്റെ വലിപ്പത്തിൽ ഒരു മീറ്റർ താഴ്ചയിൽ ആയി. കൂനം കാലായി മത്തായി വിയർത്തു കുളിച്ചു പട്ടിയെപ്പോലെ നിന്ന് അണക്കാൻ തുടങ്ങി.

അടുത്തതായി ഗോദയിലേക്ക് വാസു വലത് കാൽ വെച്ചു. കുടിച്ച ചാരായത്തിന്റെ ഉന്മേഷത്തിൽ വാസുവും ഉഗ്രൻ പണി തന്നെ തുടങ്ങി

“അവിടെ കുഴി, ഇവിടെ വെട്ട്, ശ്ശെടാ അങ്ങനെയല്ല “എന്നൊക്കെയുള്ള ഡയലോഗ് കളുമായി സോമരാജൻ മാമൻ സൂപ്പർവൈസർ ആയി. ഇരുട്ട് പരക്കാൻ തുടങ്ങി. പെട്ടന്ന് തന്നെ ബൾബും വയാറയും എത്തി വെട്ടവും ആയി.

വാറ്റിന്റെ പിടുത്തം വിട്ട വാസു ആയുധം വെച്ചു കീഴടങ്ങി. അടുത്തതായി കേശവൻ ചേട്ടൻ ” എന്റെ ദേവിയേ ” എന്ന് വിളിച്ചു കൊണ്ട് കുഴിയിലേക്ക് ചാടി അറഞ്ചം പുറഞ്ചം വെട്ട് തുടങ്ങി.

ഏകദേശം മൂന്നു മീറ്റർ താഴ്ചയിൽ വരെ കുഴിച്ചു നിധി പോയിട്ട് ഒരു ബ്ലേഡ് ന്റെ മുറിപോലും കിട്ടിയില്ല. ” നിധി ഉണ്ടെങ്കിൽ മൂന്നു മീറ്റർ വരെ കാണും അതിന് താഴേക്കു കാണില്ല ” ജോർജ് അച്ഛൻ നിധിയിൽ ഉള്ള തന്റെ നോളേഡ്ജ് എടുത്തു പുറത്തിട്ടു “അതെന്താ കൊച്ചാട്ടാ അങ്ങനെ ” വാസുവിനൊരു ഡൌട്ട്

” അതുപിന്നെ കാവലിരിക്കുന്ന കരിനാഗങ്ങൾക്ക് ശ്വാസം മുട്ടത്തില്ലയോ” ജോർജ് അച്ഛൻ പറഞ്ഞു….

“കൊച്ചാട്ടാ കൊച്ചാട്ടനെ ഞാൻ നമിച്ചു ” എന്നു പറഞ്ഞു കൊണ്ട് വാസു കൈകൾ കൂപ്പി

രാത്രിക്ക് കനം കൂടി വരുന്നു. മൂന്നു മീറ്റർ താഴ്ച്ച വരെ കുഴിച്ചിട്ടും നിധിയുടെ പൊടിപോലും ഇല്ല. ഖനനത്തിൽ പങ്കാളികളായ കട്ടകൾ മൊത്തം വിയർത്തു കുളിച്ചു പത ഇളകി കുഴിക്കരയിൽ ഇരുന്നു അണച്ചു .

“ദേ മിലിട്ടറി ആണെന്നൊന്നും ഞാൻ നോക്കില്ല വാരിയെടുത്തു ഈ കുഴീലോട്ടു ഇട്ടുകളയും ഞാൻ പറഞ്ഞേക്കാം. “സാംബയിലെ ഒരു മൈനയും കുയിലും” നിധി സ്വപ്‌നങ്ങൾ തകർന്നടിഞ്ഞ കൂനംകാലായി മത്തായി ദേഷ്യത്തോടെ സോമരാജൻ മാമനെ നോക്കിക്കൊണ്ട് പറഞ്ഞു.

“എന്തായാലും ഇനി ഇത്രക്ക് ഒക്കെ ആയി.അളിയാ ന്നാ പിന്നെ ഇവിടെ പുതിയ ഒരു കക്കൂസ് അങ്ങ് പണിഞ്ഞേരെ എന്താ ഫ്രീയായി ഒരു കുഴി ആയില്ലേ ” സോമരാജൻ മാമൻ ചമ്മിയ മുഖത്തോടെ അച്ഛനെ നോക്കിക്കൊണ്ട് പറഞ്ഞു.

“നീയൊന്ന് പൊയ്‌ക്കെ നാളെ ഞാനിത് ഒറ്റക്ക് നികത്തി ഊപ്പാട് വരുമല്ലോ എന്നാലോചിച്ച് നിൽക്കുമ്പോഴാ അവന്റെ ഒരു കക്കൂസ് ” അച്ഛൻ സങ്കടത്തോടെ പറഞ്ഞു. നിധി ഒരു സ്വപ്നം ആയതിൽ സങ്കടത്തോടെ എല്ലാവരും കട്ടൻ ചായയും കുടിച്ചു പിരിഞ്ഞു.

പിന്നീട് വർഷങ്ങൾ കഴിഞ്ഞു. സോമരാജൻ മാമൻ പറഞ്ഞത് പോലെ, പഴയ വീട് പൊളിച്ചുമാറ്റി ഞാൻ പുതിയ വീട് വെച്ചപ്പോൾ അന്നത്തെ നിധി കുഴിച്ച സ്ഥലത്തു തന്നെ യാദൃശ്ചികമായി കക്കൂസ് കുഴി വന്നു. അന്നും കുഴിച്ചപ്പോൾ നിധിയൊന്നും കിട്ടിയില്ല.

ഇനി ഭാവിയിൽ എന്നെങ്കിലും നിധി കിട്ടുവാണേൽ അറിയിക്കാം.

ശുഭം