മഴനിലാവ് ~ ഭാഗം 04, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 03 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

എന്ത് പറ്റി റോസ്? നിനക്ക് പരിചയമുള്ളയാളാണോ ?

റോസിലിയുടെ മുഖത്തെ ഭാവവ്യത്യാസം കണ്ട്, സിജോ അവളോട് ചോദിച്ചു.

ഇതാണ് സർ ജോസൂട്ടി…

ഓഹ് റിയലി?

അയാൾ, അവളുടെ കയ്യിൽ നിന്നും നോട്ടീസ് പിടിച്ച് വാങ്ങി.

റോസ് ,നിന്നെ വഞ്ചിച്ചതിന് ജോസൂട്ടിക്ക് ദൈവം കൊടുത്ത ശിക്ഷയായിട്ട് കരുതിയാൽ മതി, ഇത് കണ്ട് നീ അപ്സറ്റാവണ്ട, അയാളത് ശരിക്കും അർഹിക്കുന്നുണ്ട് , ഒരിക്കൽ ഗ്രേസും, ഇത് പോലെ നരകയാതന അനുഭവിക്കുന്നത്, എൻ്റെ കൺമുന്നിൽ ദൈവം കാണിച്ച് തരും

എല്ലാം കേട്ട് കൊണ്ട്, അവൾ നിശബ്ദയായിരിക്കുകയായിരുന്നു.

എന്താ റോസ്, നീയിപ്പോഴും അയാളെ സ്നേഹിക്കുന്നുണ്ടോ?

നീരസത്തോടെ അയാൾ ചോദിച്ചു.

ഇല്ല സാർ, ഞാനയാളെ സ്നേഹിക്കുന്നില്ലെന്ന് മാത്രമല്ല, മനസ്സിൽ നിന്ന് ഞാനയാളെ പടിയടച്ച് പിണ്ഡം വച്ചതാണ് , ഇനി അയാൾക്ക് എൻ്റെ ജീവിതത്തിൽ യാതൊരു സ്ഥാനവുമില്ല ,പക്ഷേ എൻ്റെ മോൻ്റെ അപ്പനല്ലേ അയാൾ അതിൻ്റെയൊരു സിംപതി അയാളോടെനിക്കുണ്ട് , ശത്രുവാണെങ്കിൽ പോലും, ഒരാപത്ത് വരുമ്പോൾ സഹായിക്കേണ്ടത് ,നമ്മുടെ കടമയല്ലേ സർ, അത് കൊണ്ട് എൻ്റെ ശബ്ബളം ഈ അക്കൗണ്ട് നമ്പരിലേക്ക് അയച്ച് കൊടുത്തേക്കു സർ ,ഇല്ലെങ്കിൽ ഞാനയാളെക്കാൾ വലിയ പാപിയായി പോകും

ഓകെ ഓകെ ,താൻ വെറുതെ ഡിസ്റ്റർബ്ഡാവണ്ട, അത് ഞാൻ കൊടുത്തോളം ,അതിന് തൻ്റെ ശബ്ബളമൊന്നുമെടുക്കേണ്ട ,നാളെ നമുക്കൊരുമിച്ച് ബാങ്കിൽ പോയി നല്ലൊരു തുക തന്നെ അയാൾക്ക് അയച്ച് കൊടുക്കാം പോരെ ?

ജോസൂട്ടിയെ അവൾക്കിഷ്ടമല്ലെന്നറിഞ്ഞപ്പോൾ തന്നെ, സിജോയ്ക്ക് സമാധാനമായി.

അത് വേണോ സാർ, ഇപ്പോൾ തന്നെ സാറിൻ്റെ ചികിത്സയ്ക്കും മറ്റും ഒരുപാട് കാശ് ചിലവായതല്ലേ?

അതോർത്ത് താൻ വിഷമിക്കേണ്ട ദൈവം എനിക്ക് വേണ്ടുവോളം തന്നിട്ടുണ്ട് , അതിൽ കുറച്ച്, ദാനം കൊടുക്കാനും കൂടിയുള്ളതാണ്

അയാൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

ഓകെ സാർ സാറിൻ്റെയിഷ്ടം

അവൾ വീണ്ടും പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചു.

ബംഗ്ളാവിലെത്തിയപ്പോൾ നേരം ഇരുണ്ട് തുടങ്ങിയിരുന്നു

അയ്യോ സാറേ… സാറിനെയൊന്ന് കാണാൻ കണ്ണ് കൊതിച്ചിരിക്കുമായിരുന്നു ഞങ്ങൾ

മേരിയേച്ചി ചിരിച്ച് കൊണ്ട് ഇറങ്ങി വന്നു

കുഞ്ഞിനിപ്പോൾ ആരുടെയും സഹായമില്ലാതെ നടക്കമല്ലോ അല്ലേ?

പുറകെ രാമേട്ടൻ വന്ന് സിജോയുടെ കരം ഗ്രഹിച്ചു.

അതേ രാമേട്ടാ.. ഞാനിപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്

അയാൾ സ്നേഹത്തോടെ രാമേട്ടൻ്റെ തോളിൽ പിടിച്ച് കൊണ്ട് പറഞ്ഞു

സർ ,മുറിയിലേക്ക് പൊയ്ക്കോളു ഞാൻ കുടിക്കാനെന്തെങ്കിലുമെടുത്ത് കൊണ്ട് വരാം

അതും പറഞ്ഞ് ,റോസിലി അടുക്കളയിലേക്ക് പോയി.

രാമേട്ടൻ ബാഗുകളുമായി സിജോയെ അനുഗമിച്ചു .

നാളെ രാവിലെ തന്നെ ഞാൻ വീട്ടിലേക്ക് പോകും, സാർ ഉണർന്നില്ലെങ്കിൽ ഞാൻ വിളിക്കില്ല, അത് കൊണ്ടാണ് ഇപ്പോഴെ യാത്ര പറഞ്ഞത്

ജ്യുസുമായി മുറിയിലേക്ക് കയറി വന്ന, റോസിലി പറഞ്ഞത് കേട്ട് സിജോ അമ്പരന്നു.

അപ്പോൾ, തിരിച്ച്പോകാൻ തന്നെ തീരുമാനിച്ചോ?

അയാൾ നിരാശയോടെ ചോദിച്ചു.

അതേ സർ ,എൻ്റെ ജോലി കഴിഞ്ഞില്ലേ?ഇനിയിപ്പോൾ ഞാനിവിടെ നില്ക്കുന്നതിലർത്ഥമില്ലല്ലോ? അടുക്കളയിൽ മേരിയേച്ചിയും, പുറം പണിക്ക് രാമേട്ടനമുണ്ട്, അപ്പോൾ പിന്നെ, ഒരു വേലക്കാരിയുടെ ഒഴിവു പോലുമില്ലല്ലോ ?പിന്നെയെന്തിനാ വെറുതെ ശബ്ബളം വാങ്ങാനായിട്ട് ഞാനിവിടെ നില്ക്കുന്നത്?

റോസിനെ ഞാനൊരിക്കലും ഒരു വേലക്കാരിയുടെ സ്ഥാനത്ത് കണ്ടിട്ടില്ല , ഇനിയങ്ങോട്ട് കാണാനും ഉദ്ദേശ്യമില്ല, പക്ഷേ എൻ്റെയുള്ളിലൊരു മോഹമുണ്ട്, അത് വ്യാമോഹമാണോന്നറിയില്ല, തീരുമാനമെടുക്കേണ്ടത് റോസാണ്

എന്താ സാർ പറഞ്ഞ് വരുന്നത്?

ജിജ്ഞാസയോടെ അവൾ ചോദിച്ചു .

അത് പിന്നെ ,എനിക്ക് റോസിനെ ഒരുപാടിഷ്ടമാണ് ,ആ ഇഷ്ടം വെറുമൊരു സിംപതി കൊണ്ടുണ്ടായതല്ല ,ചിലപ്പോൾ റോസ് എന്നോട്, ഒരു ഹോം നഴ്സ് എന്നതിലുപരിയായ്, പ്രിയപ്പെട്ട ഒരാളായി എന്നെ പരിചരിച്ചത് കൊണ്ടാവാം, അല്ലെങ്കിൽ പഴയ ജീവിതത്തിലേക്ക് ,എന്നെ തിരിച്ച് കൊണ്ട് വരാൻ റോസ് കാണിച്ച സന്മനസ്സ് കൊണ്ടുമാവാം , റോസിന് വേണമെങ്കിൽ, എന്നോടൊരു പേഷ്യൻ്റിനോടുള്ള കടമ നിർവ്വഹിച്ച് കൊണ്ട് ,ഹോം നഴ്‌സായി മാത്രം ജോലി ചെയ്ത്, വർഷങ്ങളോളം, എൻ്റെ ശബ്ബളം പറ്റി , സുഖമായി ജീവിക്കാമായിരുന്നു, പക്ഷേ നിൻ്റെ നിസ്വാർത്ഥമായ സ്നേഹപരിചരണം കൊണ്ടും, ആത്മാർത്ഥമായ ശ്രമം കൊണ്ടുമാണ്, ഞാനിപ്പോൾ പകർണ്ണാരോഗ്യവാനായത്, നിൻ്റെ ഈ സ്നേഹവും പരിചരണവും, എനിക്ക് ഇനിയും ആവശ്യമുണ്ട്, അതിന് വെറുമൊരു ഹോം നഴ്സായിട്ടോ, വേലക്കാരിയായിട്ടോ അല്ല , എൻ്റെ ഭാര്യയായിട്ട് എന്നുമെൻ്റെ കൂടെ കഴിയാൻ നിനക്കാവുമോ എന്നാണെനിക്കറിയേണ്ടത്

സിജോ പറഞ്ഞത് കേട്ടവൾ അവിശ്വസനീയതയോടെ നിന്നു പോയി.

എന്തൊക്കെയാണ് സാർ ഈ പറയുന്നത് ,ഞാനൊരിക്കലും സാറിന് ചേർന്നൊരു പെണ്ണല്ല, സാറിൻ്റെയത്ര സ്റ്റാറ്റസോ ലോക പരിചയമോ എനിക്കില്ല ,മാത്രമല്ല ഞാൻ വിവാഹിതയും ഒരു കുഞ്ഞിൻ്റെ അമ്മയുമാണ് , ഇതൊക്കെ എൻ്റെ ന്യൂനതകളാണ് സാർ ,അത് കൊണ്ട് സുന്ദരിയും കുലീനയുമായ നല്ലൊരു പെൺകുട്ടിയെ സാറിന് കിട്ടും ,വിവാഹ ജീവിതമെന്ന് പറയുന്നത് നന്നായി ആലോചിച്ചെടുക്കേണ്ട തീരുമാനമാണ് ,ഒരെടുത്ത് ചാട്ടത്തിന് മുതിർന്നാൽ പിന്നീടതോർത്ത് ഖേദിക്കേണ്ടി വരും

ഒന്ന് നിർത്തു റോസ്, ഞാൻ നന്നായി ആലോചിച്ചിട്ട് തന്നെയാ ഒരു തീരുമാനത്തിലെത്തിയത് , അത് കൊണ്ട് തൻ്റെ ഉപദേശം എനിക്കാവശ്യമില്ല, എന്നെ ഇഷ്ടപ്പെടാതിരിക്കാൻ, എന്തെങ്കിലും കുറവുകൾ എന്നിൽ നീ കാണുന്നുണ്ടോ? എനിക്കതറിഞ്ഞാൽ മതി

റോസിലി വല്ലാത്തൊരു പ്രതിസന്ധിയിലായി ,സിജോ നല്ലൊരു ചെറുപ്പക്കാരനാണെന്ന് അവൾക്കറിയാം ,അയാൾ തന്നോട് കാണിക്കുന്ന സ്നേഹം പെട്ടെന്നുണ്ടായതല്ലെന്നും ജെനുവിനാണെന്നും അവൾക്ക് നല്ല ബോധ്യവുമുണ്ട് ,പക്ഷേ എന്ത് കൊണ്ടോ അദ്ദേഹത്തിൻ്റെ ഭാര്യയാകാനുള്ള യോഗ്യത തനിക്കില്ലെന്നൊരു തോന്നൽ അവളെ അലട്ടുന്നുണ്ടായിരുന്നു .

ഓകെ റോസ് ,ഞാനിനി നിർബന്ധിക്കുന്നില്ല, തൻ്റെയീ നീണ്ട മൗനത്തിൽ നിന്നും, തനിക്കീ ബന്ധത്തിനോട് താല്പര്യമില്ലെന്ന് എനിക്ക് മനസ്സിലായി ,എൻ്റെ സ്വാർത്ഥത കൊണ്ടാവാം ഞാനങ്ങനെയൊക്കെ ചിന്തിച്ച് പോയത് ,സോറി… നാളെ തന്നെ റോസിനെ ഞാൻ വീട്ടിൽ കൊണ്ട് ചെന്നാക്കാം ,പോകുന്ന വഴി ബാങ്കിലും കയറാം ,ഇപ്പോൾ താൻ പോയി കിടന്നുറങ്ങിക്കോളു

കടുത്ത നിരാശയോടെ സിജോ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് സങ്കടം തോന്നിയെങ്കിലും, വ്യക്തമായ ഒരു തീരുമാനത്തിലെത്താൻ കഴിയാതെ അവൾ തല കുനിച്ചിട്ട് അടുത്ത മുറിയിലേക്ക് പോയി.

***

മോളെ സാറന്വേഷിക്കുന്നുണ്ട്

പിറ്റേന്ന് രാവിലെ റോസിലി പോകാനായി തയ്യാറെടുക്കുമ്പോൾ മേരിച്ചേച്ചി വന്ന് പറഞ്ഞു.

അവൾ വേഗം സിജോയുടെ മുറിയിലേക്ക് ചെന്നു

ങ്ഹാ റോസി.. ദാ ഇത് കൈയ്യിൽ വച്ചോ ,

എന്താ സാറിത്?

അയാൾ നീട്ടിയ ഫയല് കയ്യിൽ വാങ്ങിയിട്ട് ജിജ്ഞാസയോടെ അവൾ ചോദിച്ചു

ഇതെൻ്റെ, നാട്ടിലുള്ള മുഴുവൻ സ്വത്തുക്കളുടെയും ഡോക്യുമെൻ്റ്സാണ് ,നിൻ്റെ പേരിലേക്ക് ഞാൻ ഇഷ്ടദാനം എഴുതി വച്ചത്, ഇതിൻ്റെ അവകാശി ഇനി മുതൽ നീയായിരിക്കും ,അതിന് വേണ്ട ഏർപ്പാടുകളൊക്കെ ഞാൻ കഴിഞ്ഞയാഴ്ച വക്കീലുമായി ഫോണിലൂടെ സംസാരിച്ച് തീർപ്പാക്കിയിരുന്നു, അയാളിന്നലെയിത് രാമേട്ടനെ ഏല്പിച്ചിട്ട് പോയതാ

എനിക്കെന്തിനാണ് സാർ, ഈ സ്വത്തുക്കൾ ,സാർ എന്നെയിങ്ങനെ സ്നേഹിച്ച് കൊല്ലരുത് ,എല്ലാം എൻ്റെ പേരിലാക്കിയിട്ട് സാറ് പിന്നെ എങ്ങനെ ജീവിക്കും?

മ്ഹും ജീവിതം , ഞാനെന്തിനാണിനി ജീവിക്കുന്നത് ,അച്ഛനുമില്ല അമ്മയുമില്ല ,സ്വന്തക്കാരാരുമില്ല. ഒടുവിൽ സ്നേഹിച്ച പെണ്ണും, വകയ്ക്ക് കൊള്ളാത്തവനായപ്പോൾ , സ്വന്തം ജീവിതം നോക്കി പോയി , ഞാൻ തീർത്തും അനാഥനായി, ആർക്കും വേണ്ടാത്തവനായി നാല് ചുമരുകൾക്കുള്ളിൽ, നിശ്ചലനായി കിടന്ന എനിക്ക് ,ജീവനും ശ്വാസവും തിരിച്ച് തന്ന് ,എന്നിൽ പ്രതീക്ഷകളും ,സ്വപ്നങ്ങളും തന്നിട്ട് ,ഇപ്പോൾ നീയും എന്നെ ഉപേക്ഷിച്ച് പോകുമ്പോൾ, ഞാനാർക്ക് വേണ്ടിയാണ് ജീവിക്കേണ്ടത് നീ പറ

എന്നോട് ക്ഷമിക്കു സാർ’ അങ്ങയെ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല, എനിക്കിഷ്ടമാണങ്ങയെ,പക്ഷേ ഞാനതിന് യോഗ്യയാണോന്നുള്ള ചിന്ത മാത്രമേയുള്ളു ,സാറനാഥനല്ല എന്നും ഞാൻ അങ്ങയുടെ നിഴലായി കൂടെ തന്നെയുണ്ടാവും

ഒരു തേങ്ങലോടെ നെഞ്ചിലേക്ക് വീണ റോസിലിയെ പരിസരം മറന്നയാൾ ഇറുകെ പുണർന്നു.

തുടരും…