മഴനൂലുകൾ ~ ഭാഗം 09, എഴുത്ത്: NIDHANA S DILEEP

ഭാഗം 08 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

“” നീയെന്തിനാ അവളെ കെട്ടിയതെന്നു കൂടി പറഞ്ഞു കൊടുക്ക്…..അല്ലേ…ഞാൻ തന്നെ പറഞ്ഞു കൊടുക്കാം..എന്റെ പപ്പ പാത്തുവിന്റെ പേരിൽ എഴുതി വെച്ച സ്വത്ത് കണ്ടിട്ട്….”””

************************

കാറിന്റെ പിൻസീറ്റിൽ പാത്തുവിനെയും കൊണ്ട് കയറി.എന്തോ വാങ്ങിച്ചു കൊടുക്കാൻ വേണ്ടി വാശി പിടിച്ച് പാത്തു കരയുന്നതു പോലും തനു ശ്രദ്ധിച്ചില്ല. തലക്കുള്ളിൽ ധ്രുവന്റെ വാക്കുകൾ മുഴങ്ങി കൊണ്ടിരുന്നു.

”” തനൂ…എനിക്കെന്താ പറയാനുള്ളത് എന്നു കേൾക്കാൻ പറ്റുമോ ഇല്ലയോ..”” മുറിയിലെത്തിയതും ജിതൻ ചോദിച്ചു

“‘അതിന് മുൻപ് ഞാൻ ചോദിക്കുന്നതിന് നീ ഉത്തരം പറയ്.. നിനക്ക് ധ്രുവനെ നേരത്തെ അറിയാമോ….”‘

“” അറിയാം..””

“” പാത്തൂന്റെ പേരിൽ പപ്പ സ്വത്ത് എഴുതി വെച്ചത് അറിയാമോ…””

“” അതും അറിയാം…പക്ഷേ അത് അവന്റെ പപ്പ തന്നെയാ എന്നോട് പറഞ്ഞത്..””

“” മതി…ജിതൻ…ഇത്രയും നാൾ ഇതൊന്നും നീയെന്നോട് പറഞ്ഞോ..ഇല്ലല്ലോ..അതു കൊണ്ട് ഇനിയൊന്നും എനിക്ക് കേൾക്കേണ്ട…..എത്ര അവസരമുണ്ടായിരുന്നു ഇതൊക്കെ പറയാൻ…പറഞ്ഞോ ഇല്ലല്ലോ…അതു കൊണ്ട് ഇനി ഒന്നും പറഞ്ഞ് എന്റെടുത്ത് വരേണ്ട…”” ഇരു ചെവിയും പൊത്തി കൊണ്ട് തനു പറഞ്ഞു.

”” ശരി..നീയൊന്നും കേൾക്കേണ്ട…അവൻ പറയുന്നതും വിശ്വസിച്ച് നിന്നോ…നിനക്ക് എപ്പോൾ ഞാൻ പറയുന്നത് കേൾക്കണോ..അന്നു ഞാൻ പറയാം…..താഴ്ന്നു തരുന്നതിനുമൊരു ലിമിറ്റുണ്ട്…”” പിന്നെയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് വണ്ടിയുമെടുത്ത് പോയി.

“” തനൂ…ജിതനെവ്ടെ പോയതാ…””

“”അറിയില്ല..വല്യമ്മച്ചീ….””

“” ഈ ചെക്കൻ പറയാതെ എവിടെ പോയതാ…ആരോടെങ്കിലും പറഞ്ഞിട്ട് പോയിക്കൂടെ…””

രാത്രിയാണ് ജിതൻ തിരിച്ചു വന്നത് അതും മദ്യപിച്ച്…തനുവിനെ ഒന്നു നോക്കിയിട്ട് കട്ടിലിലേക്ക് വീണു.

*******************************

കോളിങ് ബെൽ കേട്ടു ആരുവും മേരിയമ്മയും വാതിൽ തുറന്നു.

“‘ തനൂ…നീയെന്താ..രാത്രിയിൽ…”” ഡോർ തുറന്നതും പാത്തുവിനേം കൊണ്ട് അകത്തേക്ക് കയറി.തനു പാത്തുവിനെ കിടക്കയിൽ കിടത്തി.

“” നീ ജിതനോട് പറയാതെ ആണോ വന്നത്…??””

“” പറയാൻ തോന്നിയില്ല…നീയായിട്ട് പറയാനും നിക്കേണ്ടാ…”” ആരുവിനോട് താക്കീത് പോലെ പറഞ്ഞു.

“‘ ഞാൻ പറയേണ്ട കാര്യമൊന്നുമില്ല …നീ വീട്ടിൽ പോയില്ലേ…ഇങ്ങോട്ടേ വരൂന്ന് ജിതന് മനസിലാവും…””

“” ജിതനെന്താ പറയാനുള്ളതെന്നു കേട്ടൂടെ നിനക്ക് …””

“”” ഇത്രയും നാൾ അവനു പറയാമായിരുന്നല്ലോ…പറഞ്ഞില്ലല്ലോ…ഇനി ഒന്നും എനിക്ക് കേൾക്കേണ്ട…”” ആരു പിന്നെയൊന്നും തനുവിനോട് പറയാൻ പോയില്ല.

“” വീട്ടിപ്പോണം….””

രാവിലെ തൊട്ടു തുടങ്ങിയതാണ് പാത്തു.

“” ദേ…പാത്തൂ…അമ്മെയെ ദേഷ്യം പിടിപ്പിക്കര്ത്…വെറ്തേ ചിണുങ്ങിയാ..നല്ല അടി വച്ചു തരും ഞാൻ…””

“” എനിക്ക് വല്യപ്പനേം വല്യമ്മച്ചിയേം അപ്പേം കാണണം…”” കണ്ണു തിരുമി കൊണ്ട് പറഞ്ഞു.

“‘ ഇനി അവ്ടെയല്ല ..ഇവ്ടെയാ നമ്മൾ നിക്കുന്നേ…””

“” ആ…വീട് മതി..ആ വീട്ടിൽ കൊണ്ടോയില്ലേ …അമ്മോട് മിണ്ടൂല…””അതും പറഞ്ഞ് കട്ടിലിൽ കമഴ്ന്നു കിടന്നു.

“” പാത്തുവേ…അമ്മേടെ നല്ല കുട്ടിയല്ലേ…നമുക്ക് ഇവ്ടെ നിക്കാം…ഇവ്ടേ.. മേരിയമ്മ ഉണ്ട്…ആര്വാന്റി ഉണ്ട്…മേരിയമ്മ നല്ല കഥ പറഞ്ഞു തര്വല്ലോ….കൊറേ കഥ പഠിച്ചു വെച്ചിട്ടുണ്ട് മേരിയമ്മ…”” തനു സമാധാനിപ്പിക്കാൻ നോക്കി.ഒരു അനക്കവുമില്ല.

“‘ പാത്തൂ…”” കരയുന്നതല്ലാതെ ഒന്നും മിണ്ടുന്നില്വ

ആരു ഓഫീസിൽ പോവാൻ റെഡിയാവുകയാണ്.മേരിയമ്മ പറഞ്ഞിട്ടും പാത്തു വാശിയിലാണ്. അവസാനം കുറച്ച് ദിവസം കഴിഞ്ഞ് കൊണ്ടു പോവാം എന്നു തനു പറഞ്ഞപ്പോഴാണ് കട്ടിലിൽ നിന്നും എഴുന്നേറ്റത്.

തനു നാലു ദിവസം കൊണ്ട് തന്നെ അവിടെ ഒരു ചെറിയ ജോലി ശരിയാക്കി.ആരുവും അവളും ഒരുമിച്ചാണ് ഓഫീസിലേക്ക് പോവുകയും വരികയും ചെയ്യാറ്.

ഓഫീസിൽ നിന്നും വീട്ടിലെത്തിയപ്പോൾ അവിടെ പാത്തുവും മേരിയമ്മയുമില്ലായിരുന്നു.

“” അപ്പുറത്ത് പുതിയ താമസക്കാർ വന്നെന്നു തോന്നുന്നുവല്ലോ….”” അടുത്ത വീട്ടിൽ നിന്നും ശബ്ദം കേട്ട് ആരു പറഞ്ഞു.പാത്തുവിന്റെ ശബ്ദം കേട്ട് തനുവും ആരുവും കൂടി അവിടെ പോയപ്പോൾ ജിതന്റെ കൂടെ സംസാരിച്ചിരിക്കുന്ന പാത്തുവിനെയും മേരിയമ്മേയുമാണ് കണ്ടത്.ജിതനെ കണ്ടതും തനു ദേഷ്യപ്പെട്ട് വീട്ടിലേക്ക് തിരിച്ചു പോയി.

“”ആരു പാത്തു വന്നില്ലേ….””

ആരുവും മേരിയമ്മയും മാത്രം തിരിച്ചു വന്നത് കണ്ട് തനു ചോദിച്ചു.

“”അവളു വരുന്നില്ലെന്നു പറഞ്ഞു…””.

തനു പോകുമ്പോൾ ജിതൻ പാത്തുവിന് കഥ പറഞ്ഞു കൊടുക്കുകയായിരുന്നു.തനു എത്ര വിളിച്ചിട്ടും പാത്തു വന്നില്ല.

“” അമ്മ പോയ്ക്കോ…ഞാൻ വര്ന്നില്ല…””

അവളിവിടെ നിന്നോട്ടെ എന്നു ജിതൻ പറഞ്ഞെങ്കിലും തനു കേട്ടതായി പോലും ഭാവിച്ചില്ല. അവസാനം പാത്തു ഉറങ്ങിയപ്പോഴാണ് തനു എടുത്തു കൊണ്ടു വന്നത്.

************************

“” ഇതെന്താ…മൂന്നാളും കൂടി ഒരുമിച്ച്…””

“” മക്കളോരോ കുരുത്തക്കേട് കാണിക്കുമ്പോൾ വന്നല്ലേ പറ്റൂ…”” അച്ഛൻ അതും പറഞ്ഞ് കസേരയിലിരുന്നു.അച്ഛൻ പറഞ്ഞപ്പോൾ തന്നെ തനുവിന് മനസിലായി ജിതനുമായുള്ള പ്രശ്നമാണ് ഉദ്ദേശിച്ചതെന്നു.കൂടെ ജിതന്റെ അപ്പച്ചനും ധ്രുവന്റെ പപ്പയുമുണ്ടായിരുന്നു കൂടെ.

“” മൂന്നാളല്ല…നാലാളുണ്ട് …”” ദർശനായിരുന്നു അത്…ധ്രുവന്റെ അനിയൻ

“” ദർശൻ എപ്പോ വന്നൂ..നാട്ടിൽ..””

“” കുറച്ചു ദിവസമായി…””

“” തനുവിനെ മനസിലായിക്കാണുമല്ലോ ഞങ്ങളെന്തിനാ വന്നതെന്നു…”” പപ്പ പറഞ്ഞപ്പോൾ തനു മനസിലായെന്നു തലയാട്ടി.

“” നിന്റെ ദെഷ്യമൊന്നു തണുക്കാനാ ഞങ്ങൾ ഇത്രയും ദിവസം വൈറ്റ് ചെയ്തത്…””

”” തനൂ….ജിതൻ വന്നു നിന്നെ കല്യാണം കഴിച്ചു തരണമെന്നു പറഞ്ഞ് പ്രശ്നമാക്കിയ ദിവസം തന്നെ ഞാൻ ധ്രുവന്റെ പപ്പയെ വിളിച്ചിരുന്നു.എനിക്ക് എന്റെ അഭിമാനത്തേക്കാൾ വലുതായിരുന്നു എന്റെ മോളുടെ ജീവിതം.ഞങ്ങൾ രണ്ടാളും കൂടി അവന് പൈസ കൊടുക്കാൻ പോയപ്പോഴാ അറിഞ്ഞത് അവന് നിന്നെ ഇഷ്ടമായിരുന്നു അതു കൊണ്ടാ അങ്ങനെയൊക്കെ പറഞ്ഞത് എന്നു.ഔസേപ്പും ചാക്കോയുമെല്ലാം ജിതനു വേണ്ടി ഞങ്ങളോട് മാപ്പ് പറഞ്ഞു.മാത്രല്ല ധ്രുവന്റെ പപ്പയ്ക്ക് അവരെ നേരത്തെ അറിയാമായിരുന്നു…ഇദ്ദേഹം തന്ന ഉറപ്പിലാണ് ഞാൻ കല്യാണത്തിന് സമ്മതിച്ചത് തന്നെ..””

“” ജിതന്റെ അമ്മ വീട്ടിന്റെ അടുത്തായിരുന്നു ധ്രുവന്റെ അമ്മയുടെ തറവാടും.ധ്രുവൻ വെക്കേഷനിൽ അവിടെ വന്നു നിൽക്കും.അങ്ങനെയാണ് അവർ തമ്മിൽ പരിചയമായത്..രണ്ടു പേരും എന്നും തല്ലും വഴക്കുമായിരുന്നു.അവരുടെ പ്രോബ്ളം തീർക്കാൻ പോയാണ് ഞങ്ങൾ ഫ്രൺസായത്.ധ്രുവന്റെ അമ്മ മരിച്ചതിൽ പിന്നെ അവൻ തറവാട്ടിൽ വന്നിട്ടില്ല..പിന്നെ ധ്രുവനെ ജിതൻ കാണുന്നത് അന്നു ഷോപ്പിങ് മാളിൽ വെച്ചാ….”” ജിതന്റെ അപ്പച്ചനായിരുന്നു ബാക്കി പറഞ്ഞത്.

“” നീയും ധ്രുവനും സ്വത്തിന്റെ കാര്യം എന്റെ മരണ ശേഷമേ അറിയാവൂന്നു എനിക്ക് നിർബന്ധമുണ്ടായിരുന്നു.നിന്നെ എനിക്ക് ശരിക്ക് അറിയാവുന്നത് കൊണ്ടാ അങ്ങനെ തീരുമാനിച്ചത്..നീ എന്നെ കൊണ്ട് വിൽ മാറ്റി എഴുതിക്കുമെന്നറിയാം..എത്ര സീക്രട് ആയി വെച്ചിട്ടും ധ്രുവനെങ്ങനെയോ അറിഞ്ഞു്‌..നിങ്ങൾക്ക് അപകടമുണ്ടാവാൻ ചാൻസുള്ളത് കൊണ്ട് കെയർ ചെയ്യണമെന്നു ജിതനോട് പറഞ്ഞിരുന്നു.നിന്നോട് പറയര്ത് ന്നു ഞാൻ പറഞ്ഞിട്ടാ അവൻ നിന്നോട് പറയാതിരുന്നത്..””

“‘എന്റെ മോൾക്ക് ദോഷം വരുന്ന കാര്യം എന്തെങ്കിലും അച്ഛൻ ചെയ്യുമെന്നു തോന്നുന്നുണ്ടോ…സ്വത്തിന്റെ കാര്യം ജിതനോട് പറഞ്ഞത് എന്റെ മുന്നിൽ വെച്ചാണ്..അവനാ സ്വത്തിന്റെ കാര്യത്തിൽ ഇടപെടില്ല..പക്ഷേ നിന്നേം പാത്തൂനെയും ഒന്നും വരാതെ നോക്കികോളാംന്നു പറഞ്ഞു….കല്യാണത്തിന് സമ്മതിക്കില്ലെന്നു വെച്ചാ അച്ഛൻ ഇതൊക്കെ മറച്ചു വെച്ചത് …മോള് വെറ്തേ ജിതനോട് പിണങ്ങര്ത്..നീ “”

“” ജിതനോട് ഞാൻ സംസാരിച്ചോളാം അച്ഛാ…””

❄❄❄❄❄❄❄❄❄❄❄❄❄❄

“” ധ്രുവ്…ഇനി നമ്മൽ എന്താ ചെയ്യും….വാട്ട് ഈസ് യുർ നെക്സ്റ് പ്ലാൻ..സെക്കന്റ് മാരേജായിട്ടു പോലും എന്റെ അച്ഛൻ ഈ കല്യാണത്തിന് സമ്മതിച്ചത് എന്ത് കൊണ്ടാണെന്നു അറിയാലോ….ഇതു വരെ അച്ഛൻ സ്വത്തിന്റെ കാര്യമൊന്നുമറിഞ്ഞിട്ടില്ല..എന്റെ ഹസ്ബന്റ് ബിഗ് സീറോ ആണെന്നു അച്ഛനറിഞ്ഞാൽ…എനിക്ക് ചിന്തിക്കാൻ പോലൂം വയ്യ..നീ പപ്പയോട് സംസാരിക്ക്..””

“” പപ്പയോട് സംസാരിച്ചിട്ട് വലിയ കാര്യമൊന്നുമില്ല..നിന്റെ അച്ഛനെ പോലെ അല്ല പപ്പ നിന്നെ എംഡി പോസ്റ്റിൽ കയറ്റി ഇരുത്തിയ പോലെ അല്ല എന്നെയും ദർശനെയും കമ്പനിയിൽ പോസ്റ്റിങ് ചെയ്ത്.ഞങ്ങളതിന് എഫിഷ്യന്റാണെന്നു പ്രൂവ് ചെയ്ത ശേഷമാണ്.ഇപ്പോഴും ഞങ്ങൾക്ക് കമ്പനിയിലെ ഹൈലി കോൺഫിഡൻഷ്യൽ ഡീലിങ്സിനെ പറ്റി ഒരു അറിവുമില്ല..പപ്പയ്ക്ക് എല്ലാ കാര്യത്തിനെ പറ്റിയും വ്യക്തമായ പ്ലാനിങ് ഉണ്ടാവും.എല്ലാ ലൂപ്ഹോളും അടച്ചിട്ടാ ഈ വിൽ പോലും പപ്പ ഉണ്ടാക്കിയിരിക്കുന്നത്.പാത്തുവിന് പതിനെട്ട് വയസ് കഴിയാതെ ഒന്നും ചെയ്യാൻ പറ്റില്ല.അവളുടെ ഗാർഡിയനാണ് സ്വത്ത് നോക്കി നടത്താനുള്ള അവകാശം കിട്ടുക…””

“” അപ്പോൾ ഇനിയെന്തു ചെയ്യും…””

“” തനു ഇല്ലാതായാൽ പാത്തുവിന്റെ പപ്പയായ എനിക്കായിരിക്കും പാത്തുവിൽ പൂർണമായുള്ള അവകാശം.തനു മരിച്ചാൽ പിന്നെ ഇപ്പോഴുള്ള കോർട്ട് ഓഡറും നില നിൽക്കില്ല…””

…….തുടരും…….