ഭാഗം 07 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…
പാറൂ.. അറിയാതെ പറ്റിപ്പോയൊരബദ്ധത്തിൻ്റെ പേരിൽ, നീയെന്നോട് പ്രതികാരം ചെയ്യുവാണോ ?
മനസ്താപത്തോടെ ഗിരി അവളോട് ചോദിച്ചു.
അല്ല ഗിരിയേട്ടാ … അന്ന് ഗിരിയേട്ടൻ എന്നോട് അങ്ങനെയൊക്കെ പെരുമാറിയപ്പോൾ ,ആദ്യമൊക്കെ എനിക്ക് ഗിരിയേട്ടനോട് വെറുപ്പ് തോന്നിയിരുന്നുവെങ്കിലും, പിന്നീട് ഞാനാലോചിച്ചപ്പോൾ, ആ തെറ്റിന് ഞാനും കൂടി ഉത്തരവാദിയാന്നെന്ന് എനിക്ക് മനസ്സിലായി ,പിന്നെ ഗിരിയേട്ടനെ ഫെയ്സ് ചെയ്യാനുള്ള സങ്കോചം കൊണ്ടായിരുന്നു, ഞാൻ ഗിരിയേട്ടനിൽ നിന്നും ഒഴിഞ്ഞ് മാറിയിരുന്നത്
പിന്നെന്തിനാണ് നീ എന്നെ ഒഴിവാക്കി, മനുവിൻ്റെ ഭാര്യയാകാൻ സമ്മതം കൊടുത്തത്, നമ്മൾ തമ്മിലുണ്ടായ ശാരീരിക ബന്ധത്തെക്കുറിച്ച് , നിനക്കവനോട് പറയാമായിരുന്നില്ലേ?
ഒക്കെ പറയണമെന്നുണ്ടായിരുന്നു എനിക്ക് ,പക്ഷേ എല്ലാം തീരുമാനിച്ചുറപ്പിച്ച് വന്ന,
മനുവേട്ടനോട് മറുത്തൊന്നും പറയാനുള്ള, സാവകാശം എനിക്കുണ്ടായില്ല, ഞാൻ ശരിക്കും നിശബ്ദയായി പോയിരുന്നു
എന്തൊക്കെയാ പാറൂ.. നീ പറയുന്നത്, എനിക്കൊന്നും മനസ്സിലാകുന്നില്ല , ജേഷ്ടനൊപ്പം പങ്ക് വച്ച ശരീരവുമായി, അനുജൻ്റെ ഭാര്യയായി ജീവിക്കാൻ, നിനക്കൊട്ടും കുറ്റബോധം തോന്നുന്നില്ലേ?
ഗിരിയേട്ടാ… പ്ളീസ്… നിർവ്വികാരമായ എൻ്റെ ശരീരം മാത്രമേ, മനുവേട്ടന് സ്വന്തമാക്കാൻ കഴിയു, മനസ്സ് കൊണ്ട് ഞാനെൻ്റെ ഗിരിയേട്ടൻ്റെ മാത്രമായിരിക്കും
എങ്കിൽ അവനോട് പോയി പണി നോക്കാൻ പറ ,അവൻ നിന്നോട് കാണിക്കുന്നത് സ്നേഹമല്ല, എന്നോടുള്ള പ്രതികാരമാണ്, സിതാരയും ഞാനുമായുണ്ടായിരുന്ന, പഴയ ബന്ധത്തെക്കുറിച്ച്, ഞാനാരോടും പറഞ്ഞിട്ടില്ല, പക്ഷേ അതറിയാതെ മനു, അവളെ സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ഞാനവനെ തിരുത്തുകയും സിതാരയെ ഞാൻ വിവാഹം കഴിക്കുകയും ചെയ്തപ്പോൾ അവൻ്റെ മുന്നിൽ ഞാൻ ചതിയനും നീചനുമായി , പക്ഷേ ,അവനിൽ നിന്നും, ഞാൻ മന:പ്പൂർവ്വം സിതാരയെ തട്ടിയെടുത്തതാണെന്ന് പറഞ്ഞ്, തെറ്റിദ്ധാരണയുടെ പേരിൽ ,നിന്നെ സ്വന്തമാക്കിയിട്ട് എന്നോട് പ്രതികാരം ചെയ്യാനൊരുങ്ങുകയാണവൻ , അത് കൊണ്ട് നീ വേണം, ഇനിയവനെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കാൻ,
ഇല്ല ഗിരിയേട്ടാ … നമ്മളൊരുപാട് വൈകിപ്പോയി ,ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല, ഗിരിയേട്ടൻ പൊയ്ക്കോളു , മനുവേട്ടനെങ്ങാനും നമ്മൾ സംസാരിക്കുന്നത് കണ്ടാൽ…
കണ്ടാലെന്താ? അവൻ നമ്മളെ പിടിച്ച് വിഴുങ്ങുമോ?നീയെന്തിനാ അവനെ ഇത്രയും പേടിക്കുന്നത്?
പ്ളീസ് ഗിരിയേട്ടാ.. എന്നോടൊന്നും ചോദിക്കരുത്, പ്ളീസ് ലീവ് മീ എലോൺ..
പൊട്ടിക്കരഞ്ഞ് കൊണ്ട്, അവൾ അകത്തേയ്ക്കോടിപ്പോയപ്പോൾ, ഗിരിക്ക് പകച്ച് നില്ക്കാനേ കഴിഞ്ഞുള്ളു .
അമ്മാവൻ്റെ വീട്ടിൽ പോയിരുന്ന സുമതി സന്തോഷത്തോടെയാണ് വൈകിട്ട് തിരിച്ച് വന്നത്
മോനേ ഗിരീ…അമ്മാവൻ സമ്മതിച്ചെടാ.. ഇനിയിപ്പോൾ പാറൂനെ ഇവിടെ നിർത്തിയാൽ ശരിയാവില്ല ,നാളെ തന്നെ നീയവളെ വീട്ടിൽ കൊണ്ട് ചെന്നാക്കണം, ഇനി മനുവിൻ്റെ പെണ്ണായിട്ട് വലത് കാല് വച്ച് വേണം അവളെ ഇവിടെ കൊണ്ട് വരാൻ
ലോകം പിടിച്ചടക്കിയ സന്തോഷത്തിലായിരുന്നു സുമതി
പക്ഷേ , അമ്മയുടെ വാക്കുകൾ ഗിരിയുടെ നെഞ്ചിൽ തീമഴയായി പെയ്തിറങ്ങി.
വൈകുന്നേരം, ബാറിൽ പോയി കുടിച്ചിട്ടാണ് അയാൾ വന്നത്.
മറ്റുള്ളവരൊക്കെ ഉറക്കമായപ്പോൾ,സിതാരയുടെ കാലൊച്ചയ്ക്കായി ഗിരി അക്ഷമയോടെ കാത്തിരുന്നു.
അന്നും മുത്ത് ലക്ഷ്മി തന്നെയാണ് വന്നതെന്ന് കണ്ടപ്പോൾ, ഗിരിക്ക് നേരിയ നിരാശ തോന്നി.
എന്താ ഗിരീ …മുഖം വാടിയത് ,പാറുവിനെ പ്രതീക്ഷിച്ചിട്ട് മുത്ത് ലക്ഷ്മി വന്നത് കൊണ്ടാണോ ?
ഉം നീ പറഞ്ഞത് സത്യമാണ്,പക്ഷേ നമ്മുടെ പ്ളാനുകളൊന്നും നടക്കില്ല സിത്തൂ …
എല്ലാം ഞാനറിഞ്ഞു ഗിരീ … ഇന്നലെ രാത്രിയിൽ മുത്ത് ലക്ഷ്മിയുടെ ദേഹത്ത് കയറി ഞാൻ ഗിരിയുടെ അടുത്തേയ്ക്ക് വരുമ്പോൾ, കോണിച്ചുവട്ടിൽ വച്ച് മനുവും, പാർവ്വതിയും തമ്മിൽ സംസാരിക്കുന്നത് ഞാൻ കണ്ടു, അസമയത്ത് അവരെന്താണ് ഇത്ര ഗൗരവമായി സംസാരിക്കുന്നതെന്നറിയാൻ, ഞാൻ വാതിലിൻ്റെ മറവിൽ ഒളിച്ച് നിന്ന് കാതോർത്തു.
നിനക്കറിയാമോ ഗിരീ..പാർവ്വതിയെ, മനു ഭീഷണിപ്പെടുത്തിയാണ്, ഈ വിവാഹത്തിന് സമ്മതിപ്പിച്ചത്
ങ്ഹേ ,സിത്തൂ, നീ പറയുന്നത് സത്യമാണോ?
അതെ ഗിരീ … അവൻ പറഞ്ഞതെന്താണെന്ന് ഗിരിക്കറിയണോ?
വേഗം പറയൂ സിത്തു.. എന്നെ ടെൻഷനടിപ്പിക്കാതെ
നമ്മൾ തേടി നടന്ന, എൻ്റെ കൊലയാളി അവനായിരുന്നു, മനു…
ങ്ഹേ മനുവോ?
അവിശ്വസനീയതയോടെ ഗിരി സിതാരയുടെ തോളിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.
അതേ ഗിരീ … അന്ന് കുളക്കടവിലെ പടിയിൽ നിന്ന എന്നെ, കുളത്തിലേക്ക് തൊഴിച്ചെറിഞ്ഞത് അവനാണെന്നും ,ഈ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ, നിന്നെയും ഞാൻ അത് പോലെ കൊന്ന് കളയുമെന്നും പറഞ്ഞ്, ഒരു ഭ്രാന്തനെ പോലെയാണവൻ അവളോട് സംസാരിച്ചത്, എന്നെ ഗിരി സ്വന്തമാക്കിയത്, ഒരു വൈരാഗ്യമായി അവൻ്റെ മനസ്സിൽ കിടപ്പുണ്ടായിരുന്നു, അതാണവൻ അവസരം കിട്ടിയപ്പോൾ എന്നെ ഇല്ലാതാക്കി നിന്നെ വേദനിപ്പിച്ചത് ഗിരി, ഇനിയും അവൻ്റെ പക തീർന്നിട്ടില്ല, പാറുവിനെക്കൂടി നിന്നിൽ നിന്ന് തട്ടിയെടുത്ത്, നിന്നെ മാനസികമായി പീഡിപ്പിച്ച്, അതിലൂടെ ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു സാഡിസ്റ്റാണവൻ
നീ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ, ഇനി ഒരു നിമിഷം പോലും അവൻ ജീവിച്ചിരിക്കാൻ പാടില്ല, കൊല്ലും ഞാനവനെ
കലിതുള്ളി പുറത്തേയ്ക്ക് പോകാനൊരുങ്ങിയ ഗിരിയെ, സിതാര തടഞ്ഞു.
വേണ്ട ഗിരീ … നീയല്ല ,ഞാനാണത് ചെയ്യേണ്ടത്, അവനെ എനിക്ക് വിട്ടേക്ക്, നാളെ പുലരുമ്പോൾ, കുളത്തിലവൻ്റെ ജഡം പൊങ്ങിയിരിക്കും ,എന്നെ ഇല്ലാതാക്കിയതിന് വേണ്ടി ,മാത്രമല്ല ഞാനവനെ കൊല്ലുന്നത്, നീയും, പാർവ്വതിയും ഒന്നിക്കാൻ കൂടി വേണ്ടിയാണ് ,അത് കണ്ട് കൊണ്ട്, എൻ്റെ ആത്മാവിന് ശാന്തി കിട്ടണം ,ഇത്രയും നാളും നീയെന്നെയോർത്ത് നിൻ്റെ ജീവിതം മദ്യപിച്ച് തീർത്തില്ലേ? ഇനി അങ്ങനെയുണ്ടാവാൻ പാടില്ല, തല്ക്കാലം ഇപ്പോൾ ഞാൻ പോകുന്നു ,നിനക്കും പാർവ്വതിക്കുമൊരു കുഞ്ഞുണ്ടാകുമ്പോൾ, ആ കൺമണിയെക്കാണാൻ ഞാനിനി ആരുടെയെങ്കിലും ദേഹത്ത് കയറി നേരിട്ട് വരാം
ങ്ഹേ, അപ്പോൾ പാർവ്വതിയുടെ ശരീരത്തിൽ നീയിനി പ്രവേശിക്കില്ലേ?
ഇനിയതിന് കഴിയില്ലല്ലോ ഗിരീ … തന്നിൽ നിന്ന് ഒഴിഞ്ഞ് പോകാനായി പാർവ്വതി, ആ സത്യവും ഇന്നലെ മനുവിനോട് തുറന്ന് പറഞ്ഞിരുന്നു, നീയും പാർവ്വതിയും തമ്മിലുണ്ടായ ശാരീരിക ബന്ധത്തെക്കുറിച്ച്, അത് കേട്ടപ്പോൾ ഞാൻ തകർന്ന് പോയെന്നുള്ളത് സത്യമാണ്, പക്ഷേ, ഇന്നല്ലെങ്കിൽ നാളെ ഒന്നാകേണ്ടവരാണ് നിങ്ങൾ, അതിന് മുൻകൈ എടുക്കുന്നതും, ഞാൻ തന്നെയാണ്, അപ്പോൾ പിന്നെ, എൻ്റെ നിരാശയ്ക്ക് അർത്ഥമില്ലല്ലോ ,ഞാനാദ്യമേ പറഞ്ഞില്ലേ ഗിരീ… ഒരു കന്യകയുടെ ദേഹത്ത് മാത്രമേ, എനിക്ക് പ്രവേശിക്കാൻ കഴിയൂ എന്ന്, അന്ന് പിന്നെ, ഞാനങ്ങനെ പറഞ്ഞത് ,പാർവ്വതിയെ കല്യാണം കഴിക്കാൻ ,ഗിരി എതിരൊന്നും പറയാതിരിക്കാൻ വേണ്ടിയായിരുന്നു , പാറു ഇപ്പോൾ കന്യകയല്ലല്ലോ? അത് കൊണ്ട്, ഇന്ന് രാത്രി മനുവിനോടുള്ള എൻ്റെ പ്രതികാരം നടപ്പിലാക്കിയിട്ട്, ഞാൻ തിരിച്ച് പോകും,
സിത്തൂ … നീയെന്നെ വിട്ട് പോകുവാണോ ?
ഇല്ല ഗിരീ… ഞാനീ പൊന്നേഴത്ത് തറവാടിൻ്റെ പരിസരത്ത്, മറ്റാർക്കും കാണാൻ പറ്റാതെ, എന്നുമുണ്ടാവും, നിന്നെ പിരിഞ്ഞ് പോകാൻ എനിക്ക് കഴിയില്ല ഗിരീ … ഞാനത്രയ്ക്ക് നിന്നെ സ്നേഹിക്കുന്നു ,കൈയ്യെത്തും ദൂരത്ത് നീയുണ്ടായിട്ടും, നിൻ്റെ നെഞ്ചിലൊന്നമരാൻ കഴിയാതെ, നിന്നോട് പരിഭവം പറയാൻ കഴിയാതെ ,നീയുമായി ഒന്നും രണ്ടും പറഞ്ഞ് പിണങ്ങാൻ കഴിയാതെ, നിൻ്റെ ചുണ്ടുകൾക്ക് നുകരാൻ പാകത്തിന്,എൻ്റെ തുടുത്ത കപോലങ്ങൾ നീട്ടാൻ കഴിയാതെ, നിൻ്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ കഴിയാതെ നിശബ്ദമായി തേങ്ങുന്നൊരാത്മാവായി നിൻ്റെയരികിൽ തന്നെ, ഞാനെന്നുമുണ്ടാവും
അവളുടെ കണ്ണുകൾ നിറയുന്നതും, അധരം വിതുമ്പുന്നതും നിസ്സഹായതയോടെ നോക്കി നില്ക്കാനേ, ഗിരിക്ക് കഴിഞ്ഞുള്ളു
പിറ്റേന്ന് നാടിനെ നടുക്കിയ വാർത്തയോടെയാണ്, ആ ഗ്രാമം പുലർന്നത്.
പൊന്നേഴത്ത് വീണ്ടുമൊരു ദുർമരണം സംഭവിച്ചിരിക്കുന്നു.
മനുവിൻ്റെ ശവസംസ്ക്കാരം കഴിഞ്ഞ് ,കാർന്നോന്മാരുടെ നിർദ്ദേശപ്രകാരം, ജ്യോത്സ്യനെ കൊണ്ട് പ്രശ്നം വപ്പിച്ചു.
ആദ്യം ദുർമരണപ്പെട്ടു പോയ സിതാരയുടെ ആത്മാവ്, ഗതി കിട്ടാതെ അലയുന്നുണ്ടെന്നും, അവളെ ആവാഹിച്ച്, ഈ ഗ്രാമത്തിന് പുറത്തെ കൊടുംവനത്തിലെവിടെയെങ്കിലുമുള്ള ,ഒറ്റപ്പെട്ട് നില്ക്കുന്ന യക്ഷിപ്പനയിൽ കൊണ്ട് തളയ്ക്കണമെന്നും, ജ്യോത്സ്യൻ കർശനമായി പറഞ്ഞു.
പക്ഷേ, അതൊക്കെ അന്ധവിശ്വാസവും ദുരാചാരവുമാണെന്ന് പറഞ്ഞ്, ഗിരി അതിനെ നഖശിഖാന്തമെതിർത്തെങ്കിലും ,സുമതിയുടെ മനസ്സിൽ ,ജ്യോത്സ്യൻ്റെ വാക്കുകൾ ഒരു താക്കീത് പോലെ തറഞ്ഞിരുന്നു.
മനുവിൻ്റെ ഒന്നാം ചരമവാർഷികം കഴിഞ്ഞ് , ഇരു വീട്ടുകാരും ആലോചിച്ച് ഗിരിയുടെയും, പാർവതിയുടെയും വിവാഹം മംഗളമായി നടത്തി.
ഒന്നാം വിവാഹ വാർഷികത്തിന് ഒരു മാസം ബാക്കിയുള്ളപ്പോൾ പാർവ്വതി ,തങ്കക്കുടം പോലൊരു കുഞ്ഞിനെ പ്രസവിച്ചു.
ഗിരി കുഞ്ഞിനെയുമെടുത്ത് പുറത്ത് വന്ന് ആകാശത്തേയ്ക്ക് നോക്കി
ആകാശം നിറയെ നക്ഷത്രങ്ങൾ തെളിഞ്ഞിരുന്നെങ്കിലും, അങ്ങ് ദൂരെ മാറി ഒറ്റപ്പെട്ട് നില്ക്കുന്ന, നക്ഷത്രത്തിന് നേരെ കുഞ്ഞിനെ നീട്ടി അയാൾ പറഞ്ഞു ,സിത്തൂ…നീയാഗ്രഹിച്ചത് പോലെ, എനിക്കും പാർവ്വതിക്കും ഒരു മകള് പിറന്നിരിക്കുന്നു , അവൾക്ക് ഞാനിടാൻ പോകുന്ന പേരെന്താണെന്നോ? സിതാരഗിരി,
അതേ.. ഇനി മുതൽ ഇവൾ സിതാരാഗിരിയാണ്
നീയെന്നാ സിത്തൂ.. കുഞ്ഞിനെ കാണാൻ വരുന്നത്?
അതിന് മറുപടി പറയാൻ കഴിയാതെ , തലയിൽ തറച്ച ആണിയിലൂടെ ചോര വാർന്നൊഴുകി, ഒന്നനങ്ങാൻ പോലുമാവാതെ ,ദൂരെയുള്ള ഘോരവനത്തിലെ ഒറ്റപ്പനയിൽ, ബന്ധിക്കപ്പെട്ട ,സിതാരയുടെ നിലവിളി ,വലിയപറക്കെട്ടുകളിൽ തട്ടി പ്രതിദ്ധ്വനിച്ചു.
അവസാനിച്ചു.