മഴവില്ല് ~ ഭാഗം 06, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 05 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

കഥയവസാനിക്കുന്നില്ല ,തുടരുന്നു .

അല്ല ഗിരീ.. ഇവിടെയുണ്ടായിരുന്ന എൻ്റെ ചിത്രങ്ങളൊക്കെ എവിടെ?

അപ്രതീക്ഷിതമായ സിതാരയുടെ ചോദ്യത്തിൽ ഗിരിക്ക് ഉത്തരം മുട്ടി

അത് പിന്നെ, നിൻ്റെ വേർപാട് എനിക്ക് ഫീല് ചെയ്യാതിരിക്കാനായിരുന്നു, ഈ മുറി നിറയെ, നിൻ്റെ ചിത്രങ്ങൾ ഞാൻ നിറച്ച് വച്ചത് ,പക്ഷേ ഇപ്പോൾ നീ തിരിച്ച് വന്നില്ലേ? അപ്പോൾ പിന്നെന്തിനാ, നിൻ്റെ ചിത്രങ്ങളെന്നോർത്ത്, ഞാനതല്ലാമെടുത്ത് ഫയലാക്കി വച്ചു

ഒരു വിധത്തിലാണ്, ഗിരി തൻ്റെ ഭാഗം സേഫാക്കിയത്.

ഉം മിടുക്കൻ ,അപ്പോൾ എൻ്റെ പേരും പറഞ്ഞ് തുടങ്ങിയ കള്ള്കുടിയും നിർത്തുമല്ലോ അല്ലേ?

അതെപ്പോഴെ നിർത്തി,

താങ്ക്സ് ഗിരി…, സത്യത്തിൽ എനിക്ക് ഗിരിയോടിപ്പോൾ ഒരുപാടിഷ്ടവും, ബഹുമാനവുമൊക്കെ തോന്നുന്നു, അത് മറ്റൊന്നുമല്ല, ഞാൻ മരിച്ചിട്ടും, ഗിരിയിത് വരെ മറ്റൊരു വിവാഹത്തെക്കുറിച്ച്, ചിന്തിക്കുക പോലും ചെയ്യാതെ, എൻ്റെ ഓർമ്മകളുമായി ഇത്രയും നാൾ തനിച്ച് ജീവിച്ചില്ലേ?അപ്പോൾ തനിക്കെന്നോട് ആത്മാർത്ഥമായ സ്നേഹമുണ്ടായിരുന്നല്ലേ? എന്നിട്ടെനിക്കെന്താ, അത് മനസ്സിലാവാതെ പോയത്,

ജീവിച്ചിരുന്നപ്പോൾ ,തൊട്ടതിനും പിടിച്ചതിനുമൊക്കെ ഞാൻ ഗിരിയുമായി കലഹിച്ചു, ഉള്ളിൽ സ്നേഹമുണ്ടായിരുന്നിട്ടും, എന്ത് കൊണ്ടോ ഞാൻ ഗിരിയോടത് പ്രകടിപ്പിച്ചുമില്ല ,എൻ്റെ അപകർഷതാബോധമായിരുന്നു അതിന് കാരണം, എനിക്ക് പ്രസവിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നുണ്ടായ കടുത്ത നിരാശ ,അമ്മയുൾപ്പെടെ മറ്റുള്ളവരിൽ നിന്നും ഏറ്റ് വാങ്ങേണ്ടി വന്ന അവഗണനയും, കുറ്റപ്പെടുത്തലുകളും , പരിഹാസവും എൻ്റെ മനസ്സിലുണ്ടാക്കിയ ആഴത്തിലുള്ളവ മുറിവ്, നീറ്റലുണ്ടാക്കുമ്പോഴായിരുന്നു, ആ ദേഷ്യവും, സങ്കടവും ഞാൻ ഗിരിയോട് വഴക്കടിച്ച് തീർത്തിരുന്നത്, നിൻ്റെ കൂടെ ജീവിച്ചെനിക്ക് കൊതി തീർന്നില്ലെടാ..പക്ഷേ, എനിക്കിനി അതിന് കഴിയില്ലല്ലോ? ഇപ്പോൾ ഇങ്ങനെയെങ്കിലും നിൻ്റെയരികിലെത്താനും, നിന്നോട് സംസാരിച്ചിരിക്കാനും കഴിയുന്നുണ്ട്, പക്ഷേ, അത് എത്ര നാൾ, ഇനിയെത്ര നാളിങ്ങനെ മറ്റൊരാളുടെ ദേഹത്തെ ആശ്രയിച്ച് എനിക്ക് നിൻ്റെയടുത്തെത്താനാവും, മുത്ത് ലക്ഷ്മി എപ്പോൾ വേണമെങ്കിലും തിരിച്ച് പോകാം, പിന്നെയുള്ളത്, പാർവ്വതിയാണ്, അവളും, കോളേജ് തുറക്കുമ്പോൾ അവളുടെ വീട്ടിലേക്ക് തിരിച്ച് പോവില്ലേ? അത് കൊണ്ട് ഞാനൊരു കാര്യം പറഞ്ഞാൽ ഗിരി അനുസരിക്കുമോ?

എന്താ സിത്തൂ… എന്താണെങ്കിലും പറയു …?

വർദ്ധിച്ച ജിജ്ഞാസയോടെ ഗിരി അവളോട് ചോദിച്ചു.

ഗിരി, നീയൊന്ന് കൂടി വിവാഹം കഴിക്കണം

ങ്ഹേ, നീയെന്താ സിത്തൂ ഈ പറയുന്നത് ?

സിതാരയിൽ നിന്ന് അങ്ങനെയൊരു ആവശ്യമുണ്ടാവുമെന്ന് ഗിരി ഒരിക്കലും പ്രതീക്ഷിച്ചില്ല.

അതേ ഗിരീ … ഞാൻ സീരിയസ്സായിട്ട് പറഞ്ഞതാ, അതിന് രണ്ട് കാരണങ്ങളുണ്ട്, ഒന്ന്, എനിക്ക് ഗിരിയോടൊപ്പം ജീവിക്കാൻ സ്ഥിരമായിട്ടൊരു സത്രീശരീരം കിട്ടും ,മറ്റൊന്ന് ഇനി വിവാഹം കഴിക്കുന്നവൾക്ക്, ഗർഭം ധരിക്കാനും, ഗിരിയുടെ കുട്ടികളെ പ്രസവിക്കാനും കഴിഞ്ഞാൽ, അതോടെ നമ്മുടെ രണ്ട് പേരുടെയും ജീവിതത്തിൽ ,ഏറെ നാളായുണ്ടായിരുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരവുമാകും

പക്ഷേ സിത്തൂ.. രണ്ടാം കെട്ട്കാരനായ എനിക്ക്, പെണ്ണ് കിട്ടുകാ എന്ന് പറയുന്നത്, അത്ര എളുപ്പമുളള കാര്യമല്ല

അതിന് നമ്മൾ ,പെണ്ണിനെ അന്വേഷിച്ച് എന്തിനാ നടക്കുന്നത്? നല്ലൊരു പെൺകുട്ടി ഇവിടെ തന്നെയുണ്ടല്ലോ?

നീ പാർവ്വതിയെ ആണോ ഉദ്ദേശിച്ചത്?

അതേ ഗിരീ.. അവളാണ് നിനക്ക് നന്നായി ചേരുന്നത്

പക്ഷേ, അമ്മാവൻ നമ്മതിക്കുമെന്ന് തോന്നുന്നില്ല

അതിനൊക്കെ വഴിയുണ്ട്, പാർവ്വതിക്ക് നിന്നെ ഒരുപാടിഷ്ടമല്ലേ? അവളെ വിവാഹം കഴിക്കാൻ നിനക്ക് താല്പര്യമുണ്ടെന്ന് പറഞ്ഞാൽ, അവളെന്തായാലും എതിർക്കില്ല, പിന്നെ അമ്മാവൻ്റെ കാര്യം ,അതിന് നീയും പാർവ്വതിയും ചേർന്ന്, അമ്മയുടെ മുന്നിൽ വലിയൊരു കെട്ട് കഥയുണ്ടാക്കി അവതരിപ്പിക്കണം

എന്ത് കെട്ട് കഥ? എന്തൊക്കെയാ നീ പറഞ്ഞ് വരുന്നത് ?എനിക്കൊന്നും മനസ്സിലാകുന്നില്ല

അതായത്, ചില സിനിമകളിലൊക്കെ നമ്മള് കാണാറില്ലേ? എതിർത്ത് നില്ക്കുന്ന മാതാപിതാക്കളെ കൊണ്ട് സമ്മതിപ്പിക്കാൻ, നായിക ഗർഭിണിയാണെന്ന് കളവ് പറയുന്നത്, അത്തരമൊരു സീൻ നിങ്ങൾ രണ്ട് പേരും കൂടി ക്രിയേറ്റ് ചെയ്യണം , പാർവ്വതി ഒരു ദിവസം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ, മനംപിരട്ടലുണ്ടാകുകയും, ഛർദിക്കാനായി വാഷ്ബേസനിലേക്ക് ഓടി പോകുകയും ചെയ്യുന്നു, കാര്യമെന്താണെന്നറിയാതെ പകച്ച് നില്ക്കുന്ന അമ്മയോട്, പാർവ്വതി തനിക്കൊരു തെറ്റ് പറ്റിയെന്ന് കുറ്റബോധത്തോടെ പറയുന്നു, അപ്പോൾ അമ്മ ചോദിക്കുന്നു,

ആരാ മോളെ ഇതിനുത്തരവാദി? ,

തൊട്ട് പുറകെയെത്തുന്ന നായകൻ ,അതായത്, ഗിരി അമ്മയോട് കുറ്റസമ്മതം നടത്തുന്നു, ഞാനാണമ്മേ..ഒരു ദുർബല നിമിഷത്തിൽ, ഞങ്ങൾക്കൊരു അബദ്ധം പറ്റിയതാണമ്മേ …ഇത്രയും ഭാഗം, നിങ്ങൾ രണ്ട് പേരും മനോഹരമായി അഭിനയിച്ചാൽ മാത്രം മതി ,പിന്നെ അമ്മാവനെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം, ഗിരിയുടെ അമ്മ നോക്കിക്കൊള്ളും

എൻ്റെ സിത്തൂ… നിന്നെ ഞാൻ സമ്മതിച്ചു , നിൻ്റെയുള്ളിൽ നല്ലൊരു കലാകാരി ഒളിഞ്ഞ് കിടപ്പുണ്ട് കെട്ടോ ,എന്തായാലും ഞാനാദ്യം പാറൂനോടൊന്ന് സംസാരിക്കട്ടെ ,അവളുടെ ഇഷ്ടമാണല്ലോ പ്രധാനം

ഉം ശരി, നാളെ തന്നെ നീ പാർവ്വതിയോട് കാര്യങ്ങൾ അവതരിപ്പിക്കണം ,നാളെ ഞാൻ വരുന്നത് , ഒരു ശുഭവാർത്ത കേൾക്കാനായിരിക്കും ,എന്നാൽ ശരി ,ഗിരീ …എനിക്ക് പോകാൻ സമയമായി ,ഇനി നാളെ കാണാം

ഓകെ സിത്തൂ.. ഗുഡ് നൈറ്റ്

സിതാര ,യാത്ര പറഞ്ഞ് പോയപ്പോൾ, ഗിരിയുടെ മനസ്സിൽ സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റമുണ്ടായി .

പിറ്റേന്നയാൾ ജോലി കഴിഞ്ഞ് വന്നപ്പോൾ ,പാർവ്വതി ചെടികൾ നനച്ച് കൊണ്ടിരിക്കുകയായിരുന്നു.

ഗിരിയെ കണ്ടപ്പോൾ, അനിഷ്ടത്തോടെയവൾ മുഖം തിരിച്ചു.

ഈശ്വരാ … കഴിഞ്ഞദിവസത്തെ സംഭവത്തിന് ശേഷം, ആദ്യമായാണ് അവളെ ഫെയ്സ് ചെയ്യുന്നത് ,തന്നോടവൾക്കിപ്പോൾ വെറുപ്പായിരിക്കും ,എന്ത് പറഞ്ഞാണ്, അവളെയൊന്ന് അനുനയിപ്പിക്കുന്നത്, മദ്യലഹരിയിൽ, ഒരബദ്ധം പറ്റിയതാണെന്നും, തന്നോട് ക്ഷമിക്കണമെന്നും പറഞ്ഞ്, കാല് പിടിക്കാം, പാവമാണവൾ ,തൻ്റെ സങ്കടം കണ്ടാൽ, പണ്ടേ അവൾക്ക് പെട്ടെന്ന് മനസ്സലിയും,

പാറൂ… എന്നോട് ദേഷ്യമായിരിക്കുമല്ലേ?

അവളുടെ പുറകിൽ ചെന്ന് നിന്ന്, ശബ്ദം താഴ്ത്തി, അയാൾ ചോദിച്ചുവെങ്കിലും, അവൾ മറുപടിയൊന്നും പറഞ്ഞില്ല.

എന്തെങ്കിലുമൊന്ന് പറയൂ പാറുക്കുട്ടി…തെറ്റ് എൻ്റേതാണ്, നീ കുടിക്കരുതെന്ന് പറഞ്ഞിട്ട്, ഞാൻ വീണ്ടും കുടിച്ചു, അത് കൊണ്ടല്ലേ? ബോധമില്ലാതെ ഞാൻ നിന്നോട് അങ്ങനെയൊക്കെ പെരുമാറിയത്, അതിന് ഞാൻ നിൻ്റെ കാല് പിടിച്ച് മാപ്പ് ചോദിക്കുന്നു ,എന്നോട് ക്ഷമിക്കൂ പാറൂ …

ഗിരിയേട്ടാ …സങ്കടം കൊണ്ട് ,പൊട്ടിയൊലിക്കാൻ വെമ്പി നില്ക്കുന്നൊരു അഗ്നിപർവ്വതമാണ് ഞാൻ, എന്നെ കരയിപ്പിക്കല്ലേ ഗിരിയേട്ടാ ..

ഈറനായ അവളുടെ കണ്ണുകളിൽ നോക്കിയപ്പോൾ, അറിയാതെയാണെങ്കിലും താൻ ചെയ്ത് പോയത്, വലിയൊരു അപരാധം തന്നെയാണെന്ന്, അയാൾക്ക് മനസ്സിലായി, അതിന് പ്രായച്ഛിത്തം ചെയ്താലേ, തനിക്കിനി മനസ്സമാധാനത്തോടെ ജീവിക്കാൻ പറ്റു എന്നയാൾക്കറിയാമായിരുന്നു , അത് കൊണ്ട് തന്നെയാണ്, സിതാര പറഞ്ഞ ആലോചനയ്ക്ക് ,അയാൾ മുൻകൈയ്യെടുത്തത്.

തുടരും