Story written by Saji Thaiparambu
മോളുറങ്ങി കഴിയുമ്പോൾ നീയിങ്ങോട്ട് വരുമോ?
ഗുഡ്നൈറ്റ് പറഞ്ഞ് പതിവുള്ള ചുംബനം, കവിളത്ത് നല്കി , ഇന്ദു മകളുടെ മുറിയിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ, സേതു പ്രണയാർദ്രനായി ചോദിച്ചു.
അയ്യോ, എന്താ സേതുവേട്ടാ .. ഒന്നുമറിയാത്തത് പോലെ സംസാരിക്കുന്നത് ,ശിവാനി കൊച്ചു കുട്ടിയൊന്നുമല്ലല്ലോ? അടുത്ത മാസം കല്യാണം ഉറപ്പിച്ചിരിക്കുന്ന പെണ്ണാ ,ഇടയ്ക്കെപ്പോഴെങ്കിലും ഉണർന്നിട്ട്, എന്നെ കാണാതെ അന്വേഷിക്കുമ്പോൾ , ഞാനച്ഛൻ്റെയൊപ്പമാണെന്നറിഞ്ഞാൽ, എന്ത് നാണക്കേടാ സേതുവേട്ടാ.. ഛെ! ഓർത്തിട്ട് തന്നെ, എന്തോ പോലെ തോന്നുന്നു
ഇന്ദു ലജ്ജയോടെ പറഞ്ഞു.
അവൾ, പ്രായപൂർത്തിയായ, പക്വതയുള്ള കുട്ടിയല്ലേ? അവൾക്കെന്താ ആ മുറിയിൽ ഒറ്റയ്ക്ക് കിടന്നു കൂടെ?
സേതുവിൻ്റെ ചോദ്യത്തിൽ, നീരസം കലർന്നിരുന്നു.
അവൾ ജനിച്ചിട്ട്, ഇന്നേവരെ ഒറ്റയ്ക്ക് കിടന്നിട്ടുണ്ടോ? ഏഴ് വയസ്സ് വരെ നമ്മളോടൊപ്പം കിടന്നു, പിന്നീട് പതിനാറ് വയസ്സ് വരെ അവളുടെ ചേച്ചി, ശ്രേയയോടൊപ്പമല്ലേ കിടന്നത്, ഇപ്പോൾ ഏഴ് വർഷമായി ചേച്ചിയുടെ കല്യാണം കഴിഞ്ഞ് പോയപ്പോൾ, പകരം ഞാൻ കൂട്ട് കിടക്കാൻ തുടങ്ങി
ഏഴ് വർഷമെന്ന് പറയുന്നത്, ഒരു വലിയ കാലയളവ് തന്നെയാ ഇന്ദൂ.. എത്രയോ രാത്രികളിൽ നിന്നെയൊന്ന് ചേർത്ത് പിടിക്കാൻ ഞാൻ കൊതിച്ചിട്ടുണ്ട് , നിനക്കുമുണ്ടാവില്ലേ ?എൻ്റെ നെഞ്ചിലെ ചൂട് പറ്റികിടക്കാനുള്ള മോഹം ,നമ്മുടെ മോളത് മനസ്സിലാക്കുന്നില്ലല്ലോ എന്നോർത്തിട്ടാ എനിക്ക് സങ്കടം
ഓഹ്, ഈ സേതുവേട്ടൻ്റെയൊരു കാര്യം, നമ്മുടെ ശ്രേയക്കുട്ടീടെ മോളൂസിന് വയസ്സ് ആറായി ,നമ്മള് അപ്പുപ്പനും അമ്മുമ്മയുമായി, ഈ വയസ്സാംകാലത്താണ് , കിഴവൻ്റെയൊരു ശൃംഗാരം, എന്തായാലും ഇത്രയുമായില്ലേ? അടുത്ത മാസം, ശിവാനിമോള് കല്യാണം കഴിഞ്ഞ് പോയാൽ പിന്നെ, നമ്മള് രണ്ട് വൃദ്ധ ദമ്പതികള് മാത്രമേ ഇവിടുണ്ടാവൂ, നമുക്കിഷ്ടം പോലെ റൊമാൻറിക്കാവാം, ഇപ്പോൾ ഞാൻ പോട്ടെ, മിസ്റ്റർ സേതുരാമയ്യർ
സേതു ,മുറുകെ പിടിച്ചിരുന്ന തൻ്റെ കൈവിരലുകളെ മെല്ലെ ഊരിയെടുത്ത് കൊണ്ട്, ലാസ്യഭാവമുമായി ,ഇന്ദു മടങ്ങുമ്പോൾ, അയാൾ ഒരു ദീർഘനിശ്വാസമുതിർത്തു.
ദിവസങ്ങൾ കടന്ന് പോയി.
ഒടുവിൽ ശിവാനിയുടെ കല്യാണ ദിവസവും കടന്ന് പോയി ,കല്യാണം പ്രമാണിച്ച് വന്ന് കയറിയ ഉറ്റ ബന്ധുക്കൾ പലരും ,പിന്നെയും ഒരാഴ്ച കഴിഞ്ഞാണ് പോയത്
അവസാനം ശ്രേയയേയും കുഞ്ഞൂസിനെയും വീട്ടിൽ നിർത്തിയിട്ട്, അവളുടെ ഭർത്താവ് പിറ്റേ ആഴ്ച വരാമെന്ന് പറഞ്ഞ് സ്വന്തം തറവാട്ടിലേക്ക് തിരിച്ച് പോയി .
ഇന്നിനി നീയെങ്ങോട്ടാ ഈ പോകുന്നത് ,ശ്രീനിവാസൻ പോയെങ്കിലും ശ്രേയയ്ക്ക് കൂട്ടിന് കുഞ്ഞൂസുണ്ടല്ലോ?
ബന്ധുജനങ്ങളെല്ലാം ഒഴിഞ്ഞ് പോയ ആശ്വാസത്തിൽ ,സേതു ഇരിക്കുമ്പോൾ ,ഗുഡ് നൈറ്റ് പറഞ്ഞ് മുറിവിടാനൊരുങ്ങുന്ന ഇന്ദുവിനോടയാൾ, അരിശത്തോടെ ചോദിച്ചു.
അത് കൊളളാം, ശ്രേയക്കിത് എട്ടും കഴിഞ്ഞ്, ഒമ്പതാം മാസമാ ,കുഞ്ഞുസ് ഉറക്കത്തിൽ കൈയ്യും കാലുമൊക്കെ പൊക്കി, അവളുടെ വയറ്റിലെങ്ങാനും ചവിട്ടുമെന്ന പേടിയിൽ, ശ്രീനിവാസൻ മോളെയും കൊണ്ട് നിലത്താണ് കിടക്കുന്നതെന്ന് ശ്രേയ എന്നോട് പറഞ്ഞു, അത് കൊണ്ട് ഇന്ന് മുതൽ, കുഞ്ഞൂസിനെയും കൊണ്ട് ഞാനാ നിലത്ത് കിടക്കേണ്ടത്, ഒരാഴ്ച കഴിഞ്ഞ് ശ്രീനിവാസൻ വരുമല്ലോ? പിന്നെ ഞാൻ ഫ്രീയല്ലേ?
അയാളുടെ വയറ്റിൽ സ്നേഹത്തോടെ ഒരു നുള്ള് കൊടുത്തിട്ട്, ഇന്ദു നടന്ന് പോകുമ്പോൾ, സേതു നിരാശയോടെ കട്ടിലിലേക്ക് കിടന്നു.
അന്ന് പാതിരാത്രിയായപ്പോൾ, എന്തോ ശബ്ദം കേട്ടാണ്, സേതു ഉണർന്നത്.
ശ്രേയയുടെ കരച്ചിലാണതെന്ന് മനസ്സിലായ സേതു ,അങ്ങോട്ടേക്ക് ചെന്നു.
സേതുവേട്ടാ.. ശ്രേയയ്ക്ക് നല്ല പെയിനുണ്ട്, ഉടനെ നമുക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകണം, വേഗം കാറെടുക്ക്
ഇന്ദു പരിഭ്രമത്തോടെ പറഞ്ഞു.
ഹോസ്പിറ്റലിലെത്തിച്ച ശ്രേയയെ, പരിശോധനക്ക് ശേഷം, നേരെ ലേബർ റൂമിലേക്ക് കയറ്റി.
ശ്രേയയുടെ ബന്ധുക്കളാരാ …?
ഉത്കണ്ഠാകുലമായ നിമിഷങ്ങൾക്കൊടുവിൽ, ലേബർ റൂമിൻ്റെ വാതിൽ തുറന്ന്, ഒരു ചോരക്കുഞ്ഞുമായി വന്ന സിസ്റ്റർ വിളിച്ച് ചോദിച്ചു.
തങ്ങളുടെ രണ്ടാമത്തെ പേരക്കുട്ടിയെ, മുത്തശ്ശൻ്റെ കൈയ്യിൽ കൊടുക്കുമ്പോൾ, ഇന്ദുവിന് ,സേതുവിൻ്റെ മുഖത്ത് നോക്കാൻ നേരിയ മടി തോന്നി.
നീയിപ്പോൾ എന്നോട് പറയാൻ പോകുന്നത് എന്താണെന്ന് ഞാൻ പറയട്ടേ ഇന്ദു ..
ഉം പറയൂ സേതുവേട്ടാ..
അവൾ ലജ്ജാവതിയായി നിന്നു.
ശ്രേയയുടെ പ്രസവ ശുശ്രൂഷകളൊക്കെ കഴിഞ്ഞ് ,അഞ്ചാറ് മാസം കഴിയുമ്പോൾ, അവളങ്ങ് പോകില്ലേ സേതുവേട്ടാ.. പിന്നെ നമ്മള് കിഴവനും കിഴവിയും ഫ്രീയാണന്നല്ലേ?
അതേ ,അതെങ്ങനെ മനസ്സിലായി സേതുവേട്ടാ..
ഇതൊക്കെ ഞാൻ കുറെ നാളായിട്ട് കേൾക്കുന്നതല്ലേ ഇന്ദു, എങ്കിൽ ഇനി ഞാനൊരു കാര്യം പറയട്ടെ ,നമുക്ക് ഈ ജന്മത്ത് ഇനിയും ചെയ്ത് തീർക്കാൻ ഒരു പാട് കടമകൾ ബാക്കിയുണ്ട്, ശ്രേയ, രണ്ടാമത്തെ കുഞ്ഞുമായി ശ്രീനിവാസനൊപ്പം തിരിച്ച് പോകുമ്പോൾ ,പകരം ശിവാനി ഗർഭിണിയായ് മടങ്ങിവരും ,അങ്ങനെ ഞാൻ പഴയത് പോലെ നമ്മുടെ മുറിയിലും, നീ മോളോടൊപ്പം അവളുടെ മുറിയിലുമാകും, അവസാനം മക്കളെ നോക്കി നോക്കി, നമ്മുടെ ആരോഗ്യം ക്ഷയിച്ച് കഴിയുമ്പോൾ, അവർക്ക് നമ്മൾ ബാധ്യതയാകുന്ന ഒരു സമയം വരും ,പക്ഷേ ,തങ്ങൾക്ക് വേണ്ടിയാണ്, ജീവിതത്തിലേറിയ പങ്കും ,അച്ഛനും അമ്മയും ജീവിച്ച് തീർത്തതെന്ന് ,അവരൊരിക്കലും ചിന്തിക്കില്ല,അന്ന് നിനക്ക് ഞാനും, എനിക്ക് നീയും മാത്രമേ ഉണ്ടാവു ,അതാരുടെയും കുഴപ്പമല്ല അതാണ് പ്രകൃതി നിയമം ,നമ്മളത് അഭിമുഖീകരിച്ചേ നിവൃത്തിയുള്ളു
സേതുവത് പറയുമ്പോൾ, ഒന്ന് തലയാട്ടാൻ മാത്രമേ ഇന്ദുവിന് കഴിഞ്ഞുള്ളു.
NB : മക്കളെ സ്നേഹിക്കുന്നതിനൊപ്പം, സ്വയം ജീവിക്കാനും കൂടി, സമയവും സന്ദർഭവും കണ്ടെത്താൻ എല്ലാവരും, ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും , നാളത്തേക്ക് മാറ്റി വച്ചാൽ ,ഒരു പക്ഷേ നഷ്ടപ്പെട്ട വസന്തകാലം തിരിച്ച് കിട്ടിയെന്ന് വരില്ല.