Story written by BHADRA
ഇതൊന്നും അത്ര പഴയതൊന്നുമല്ല മോളെ…. ഇച്ചിരി നിറം മങ്ങിയത് ആണെങ്കിലും ഒന്ന് പിടിച്ചു അടിച്ചെടുത്താൽ മോൾക്ക് നന്നായി ഇണങ്ങും…
അമ്മ കയ്യിൽ വെച്ച് തന്ന വസ്ത്രങ്ങളടങ്ങിയ കവറുമെടുത്തു അമ്മു തന്റെ മുറിയിലേക്ക് നടന്നു…മുറിയിൽ കിടന്ന മുഷിഞ്ഞ മേശയിലേക്ക് അവളാ കവറെടുത്തു വെച്ച ശേഷം മുഖം പൊത്തി കട്ടിലിലിരുന്നു ഏങ്ങലടിച്ചു
നാളെ കഴിഞ്ഞാൽ പുതിയ കോളേജിൽ ചേരേണ്ടേ ദിവസമാണ്….ഇത്രയും നാൾ ഇടാൻ നല്ലൊരു വസ്ത്രം ഇല്ലാത്തത് കൊണ്ട് ബുധനാഴ്ചകളിൽ ക്ലാസ്സ് മുടക്കാറാണ് പതിവ്…പക്ഷെ ഇനിയത് പറ്റില്ല…ക്ലാസ്സിൽ മുടങ്ങാതെ പോയി പഠിച്ചാൽ മാത്രമേ നല്ല രീതിയിൽ ജയിച്ചു നല്ലൊരു ജോലി കിട്ടൂ….താൻ നന്നായി പഠിച്ചു ജോലി വാങ്ങി ഈ കഷ്ടപ്പാടിൽ നിന്നെല്ലാം രക്ഷപെടണമെന്ന് ആഗ്രഹിച്ചു നടക്കുന്ന ഒരു പാവമാണ് അമ്മ
വില കുറഞ്ഞതെങ്കിലും പുതിയ രണ്ട് മൂന്നു ചുരിദാറുകൾ വാങ്ങി തരാൻ അമ്മയോട് പറയാൻ തുടങ്ങിയിട്ട് ആഴ്ച ഒന്നായി… എന്നിട്ടിപ്പോ ജോലിക്ക് പോണ വീട്ടിലെ കുട്ടിയുടെ പഴയ വസ്ത്രങ്ങളുമായി വന്നേക്കുന്നു….
അമ്മുവിന്റെ കൺകോണിലൂടെ കണ്ണീർതുള്ളികൾ ചാലിട്ടൊഴുകി…
തന്റെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ….ആഗ്രഹിക്കുന്നതെല്ലാം വാങ്ങി തന്ന് ചേർത്ത് പിടിച്ചു സ്നേഹിക്കാൻ ഒരു ഏട്ടനുണ്ടായിരുന്നുവെങ്കിൽ…
ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ച അച്ഛന്റെ മരവിച്ച ശരീരവും കെട്ടിപിടിച്ചു കരഞ്ഞ ഒരഞ്ചു വയസുകാരിയെ അവൾക്ക് ഓർമ വന്നു….മേശപ്പുറത്ത് ചില്ലിട്ടു വെച്ചിരിക്കുന്ന അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി അവൾ കണ്ണു തുടച്ചു
അമ്മു എണീച്ചു മുഖമർത്തി തുടച്ച ശേഷം മേശയിലിരുന്ന കവറെടുത്തു തുറന്നു…
വിലകൂടിയ ഏതോ പെർഫ്യൂമിന്റെ മങ്ങി തുടങ്ങിയ സുഗന്ധം അവളുടെ മൂക്കിലേക്ക് അരിച്ചെത്തി…നെടുവീർപ്പോടെ അവൾ ആ വസ്ത്രങ്ങൾ ഓരോന്നായി എടുത്തു പരിശോധിച്ചു….കല്ലുകളും മുത്തുകളും പിടിപ്പിച്ച ആ വസ്ത്രങ്ങൾ എല്ലാം തന്നെ അവൾക്ക് യോജിക്കാത്ത വിധം അയഞ്ഞവയായിരുന്നു
മോളെ….. വാതിൽക്കൽ നിന്നും അമ്മയുടെ വിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി
മോൾക്ക് സങ്കടം ഉണ്ടെന്ന് അമ്മയ്ക്കറിയാം…. പക്ഷെ എന്റെ മോള് ഇത് കൊണ്ട് സമാധാനിക്കണം….നമ്മുടെ അവസ്ഥ മോൾക്ക് അറിയാലോ…അമ്മയ്ക്കും ആഗ്രഹമുണ്ട് മോൾക്ക് നല്ല ഉടുപ്പുകളൊക്കെ വാങ്ങി തരണമെന്ന്…. പക്ഷെ….
അമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടതോടെ അമ്മുവിന് നെഞ്ച് കലങ്ങി
കുഴപ്പമില്ല അമ്മേ…. ഞാൻ ഇതൊക്കെ ഇട്ടോളാം….. എനിക്ക് സങ്കടം ഒന്നുല്ല…അവൾ അമ്മയെ വട്ടം കെട്ടിപിടിച്ചു
മോൾക്ക് പാകമാണോ ഇതൊക്കെ…ആ കുട്ടിക്ക് ഇച്ചിരി തടിയുള്ള കൂട്ടത്തിലാ….മോള് നമ്മടെ ഷൈനി ചേച്ചിയില്ലേ…. പുള്ളികാരിടെ കയ്യിൽ കൊണ്ടോയി കൊടുത്താൽ ഇത് അടിച്ചു പാകമാക്കി തരും….
മ്മ്…. അമ്മയെ നോക്കി വേദന നിറഞ്ഞൊരു ചിരിയോടെ അമ്മു വസ്ത്രങ്ങൾ അടങ്ങിയ പൊതിയെടുത്തു തയ്യൽ കടയിലേക്ക് നടന്നു
——————–
ന്തേ മോളെ വന്നേ… തന്നെ പുരികമുയർത്തി ചോദ്യഭാവത്തിൽ നോക്കിയ ഷൈനിചേച്ചിയുടെ കയ്യിലേക്ക് വസ്ത്രങ്ങൾ അടങ്ങിയ കവർ എടുത്തു നീട്ടവേ അമ്മുവിന്റെ കയ്യൊന്നു വിറച്ചു
ഒന്ന് സൈഡ് അടിച്ചു ചെറുതാക്കി തരണം…
അതിനെന്താ… തരാലോ… തയ്ച്ചു കൊണ്ടിരുന്ന ഷൈനി ചേച്ചി ടേപ്പ് എടുത്തു തോളിലിട്ട് ചിരിയോടെ എണീറ്റ് വന്ന് കവറേടുത്തു തുറന്നു ഒരു ചുരിദാർ എടുത്തു അമ്മുവിനെയൊന്നു നെറ്റി ചുളിച്ചു നോക്കി
ഇത് മോളുടെ തന്നെയാണോ??
അതെ ചേച്ചി… ന്റെയാ… അമ്മു അറിയാതെ വിക്കി
പിന്നെന്തിനാ ഇപ്പൊ ഇത് ചെറുതാക്കുന്നെ?
അത്പ്പിന്നെ…. ഇതെനിക്ക് തടി വെച്ചിരുന്നപ്പോൾ ഉള്ളതാ ചേച്ചി…. ഇപ്പൊ ചെറുതായിട്ടൊന്നു മെലിഞ്ഞു… അതോണ്ട് ലൂസായി പോയി…. അതാ… അമ്മു വായിൽ വന്നൊരു നുണ എങ്ങനെയോ പറഞ്ഞൊപ്പിച്ചു….
മ്മ്മ്…. ഷൈനി ചേച്ചി അമർത്തിയൊന്നു മൂളിയ ശേഷം അമ്മുവിന്റെ അളവുകൾ എടുത്തു കുറിച്ചു വെച്ചു
കുട്ടി മറ്റേ ലീലേടെ മോളാണോ?
വീണ്ടും ഷൈനി ചേച്ചി അമ്മുവിനെ നോക്കി
ങ്ങാ അതെ… അമ്മു വല്ലായ്മയോടെ മൂളി…
കുഞ്ഞി നാളിൽ കണ്ട ഓർമ്മയുള്ളൂ…അതാ ചോദിച്ചത്…മോള് പൊയ്ക്കോ….ഡ്രെസ്സൊക്കെ അടിച്ചു അമ്മയുടെ കയ്യിൽ നാളെ കൊടുത്തേക്കാം…
ശരി…. ആശ്വാസത്തോടെ അമ്മു വീട്ടിലേക്ക് നടന്നു….
പിറ്റേന്ന് വൈകുന്നേരം…
നാളെ കോളേജിൽ കൊണ്ട് പോവാനായി ബാഗിൽ ബുക്കുകൾ ഒതുക്കി വെയ്ക്കുകയായിരുന്ന അമ്മുവിനു അമ്മ തയ്ച്ച തുണികൾ കൊണ്ട് വന്നു കൊടുത്തു
അവൾ അലസതയോടെ അത് വാങ്ങി കട്ടിലിലേക്കിട്ടു
അതൊന്നു ഇട്ട് പാകമാണോ എന്ന് നോക്ക് അമ്മു…. അല്ലേൽ ഒന്നുടെ കൊടുത്തു അടിപ്പിക്കാം
ആം..അമ്മ പൊയ്ക്കോ… ഞാൻ ഇട്ടോളാം
അമ്മു അമ്മയെ പുറത്തേക്കിറക്കി ആ കവർ തുറന്നു….
അമ്മുവിനെ ഞെട്ടിച്ചു കൊണ്ട് അതിൽ അവൾ കൊടുത്ത മൂന്നു ജോഡി ചുരിദാറുകൾ കൂടാതെ പുതിയ ഭംഗിയുള്ള നാലു ജോഡി ചുരിദാറുകളും ഉണ്ടായിരുന്നു…
അവൾ ഒന്നും മനസിലാവാതെ നിന്നു…. പിന്നെ വാതിൽ തുറന്നു അമ്മയെ വിളിച്ചു പുതിയ വസ്ത്രങ്ങൾ കാണിച്ചു കൊടുത്തു
എന്നാലും ഇതെവിടുന്നു വന്നു അമ്മേ…. അമ്മു ചോദ്യഭാവത്തിൽ അമ്മയെ നോക്കി
ചിലപ്പോൾ ഷൈനി കവർ മാറി വെച്ചതാവും… മോളിപ്പോ തന്നെ ഇതങ്ങു കൊണ്ട് കൊടുത്തേരെ… അല്ലെങ്കിൽ പിന്നെ അതൊരു പ്രശ്നം ആവും….
ആം അമ്മേ… കൊടുത്തേക്കാം…. താൻ കൊടുത്ത വസ്ത്രങ്ങൾ മാത്രം മാറ്റി വെച്ച ശേഷം ബാക്കിയുള്ളവയുമായി അമ്മു തയൽ കടയിലേക്ക് നടന്നു
ചേച്ചി….. ഇത് ചേച്ചി അമ്മയ്ക്ക് കൊടുത്ത കവറിൽ ഉണ്ടായിരുന്നതാ… ചേച്ചിക്ക് മാറി വെച്ചതായിരിക്കും….അമ്മു കവർ ഷൈനി ചേച്ചിക്ക് മുൻപിലെ മേശയിലേക്ക് വെച്ചു കൊണ്ട് തിരിഞ്ഞു
കൊച്ചവിടെ നിന്നേ…. ഷൈനി ചേച്ചിയുടെ കനത്ത സ്വരം അമ്മുവിന്റെ ചെവിയിൽ വന്നലച്ചു
അമ്മു ഷൈനി ചേച്ചിയെ തിരിഞ്ഞു നോക്കി അവിടെ നിന്നു
ഇതൊന്നും മറന്നു വെച്ചവയല്ല… അറിഞ്ഞു വെച്ചതാ…. ഷൈനി ചേച്ചിയുടെ സ്വരം ആർദ്രമായി
മോള് ഇന്നലെ കൊണ്ട് വന്ന ഡ്രെസെല്ലാം മാളിയേക്കലെ രാധികകൊച്ചിന് കുറച്ചു കാലം മുന്നെ തയ്യ്ച്ചു കൊടുത്തത് ഈ ഞാനാ…. എത്രയൊക്കെ മോള് കള്ളം പറഞ്ഞാലും എന്റെ തയ്യല് കണ്ടാൽ എനിക്ക് അറിയില്ലേ….
അമ്മു തല താഴ്ത്തി കനച്ച ഹൃദയവുമായി നിന്നു….
മോള് ജനിക്കും മുൻപേ മോളുടെ അമ്മയെയും അച്ഛനെയും അറിയുന്ന ആളാ ഞാൻ….കുഞ്ഞി നാളിൽ ഒരുമിച്ചു പഠിച്ചതാ മോളുടെ അച്ഛനും ഞാനും…അത്കൊണ്ട് ഇത് വാങ്ങാൻ മോള് മടിക്കുകയൊന്നും വേണ്ട…. ഷൈനി ചേച്ചി കവർ എടുത്തു അമ്മുവിന്റെ കയ്യിൽ കൊടുത്തു
വേണ്ട ചേച്ചി… കലങ്ങിയ കണ്ണുകളോടെ അമ്മു പറഞ്ഞു
ശരി….. എനിക്ക് രണ്ടാൾമക്കളാ…. ഒരു മോള് വേണമെന്ന് ഒരുപാട് കൊതിച്ചിട്ടും ദൈവം തന്നില്ല…. എനിക്ക് നിന്റെ അമ്മയുടെ പ്രായമുണ്ട്…..അത്കൊണ്ട്…..
ഷൈനി ചേച്ചി ഒന്ന് നിർത്തി
അമ്മു വിടർന്ന കണ്ണുകളോടെ അവരെ നോക്കി
അവർ അരുമയായി അമ്മുവിന്റെ കവിളിൽ തലോടി
ഇത് ഒരമ്മ വാങ്ങി തന്നതാണ് എന്ന് കരുതിയാൽ മതി…. ഏതോ ഒരമ്മയല്ല…മോളുടെ സ്വന്തം അമ്മ…..
അമ്മുവിന്റെ നെഞ്ചിലൊരു വിങ്ങൽ നിറഞ്ഞു…. അറിയാതെ അവൾ ഏങ്ങലടിച്ചു കൊണ്ട് അവരെ കെട്ടിപിടിച്ചു….
ഉള്ളിൽ പൊട്ടിവിടർന്ന വാത്സല്ല്യത്തോടെ അതിലേറെ കരുണയോടെ ഷൈനി ചേച്ചി അമ്മുവിനെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു………
ശുഭം ❤️