ആത്മ സംതൃപ്തിയോട് കൂടി ഇത്രേം പറഞ്ഞ് മരുന്ന് കൊടുത്തപ്പോ ഓൻ്റെ മുഖത്തിന് ചെമ്പരത്തി പൂവിൻ്റെ കളറ്…

ബംഗാളി

Story written by SHABNA SHAMSU

ഒരു ഞായറാഴ്ച… ഞാൻ ഡ്യൂട്ടിയിലാണ്…

ഉച്ചക്ക് രണ്ട് മണി ആവാറായി…. ഭയങ്കര വിശപ്പ്…. രാവിലെ കഴിച്ച ഇഡഡലിക്കൊന്നും ഇപ്പോ പഴേ ഉസാറില്ല.,, പന്ത്രണ്ട് മണിയായപ്പോ തൊട്ട് വെശക്കാൻ തൊടങ്ങീക്ക്ണ് ….

ഞങ്ങള് അഞ്ചാറ് ആള് ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കാറ്…അജയ് സാറിൻ്റെ മട്ടൺ പെരട്ടും ഹീരൂൻ്റെ ഗോപീ മഞ്ചൂരിയും ഷാനിൻ്റെ അയല മുളകിട്ടതും റീനേച്ചിൻ്റെ മോര് കറീം എൻ്റെ പോത്തും… ഒക്കെക്കൂടി തിന്ന് ഏമ്പക്കം പോലും വിടാൻ സ്ഥലല്ലാണ്ടായി…..അതിൻ്റെ ഒരു ആലസ്യം തീർക്കാൻ ഫാർമസീല് പുതുതായി വാങ്ങിയ കറങ്ങുന്ന കസേരെേല് ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും ഉരുണ്ട് കളിച്ചു…..അല്ലേലും ഞമ്മക്ക് വയസായിറ്റില്ലാന്നും ഞമ്മളെ കാണുന്നോര്ക്കാണ് വയസായതെന്നും തോന്നിക്കാൻ എടക്കിടക്ക് ഇങ്ങനെ ഉരുളുന്നത് നല്ലതാണെന്നാണ് എൻ്റെ ഒരിത്…….

അങ്ങനെ ഉരുണ്ടോണ്ടിരിക്കുമ്പോ ഒരാള് മരുന്ന് വാങ്ങാൻ വന്നു. നോക്കുമ്പോ ഒരു ബംഗാളി ആണ്…സാധാരണ വരിയില് വേറെ മലയാളികള് ണ്ടാവുമ്പോ ബംഗാളി വന്നാ ഉള്ള്ന്നൊരു ബേജാറാണ്….ഞമ്മള് ഓരോട് പറയുന്ന ഹിന്ദി കേട്ട് ട്ട് ചെലോല് അന്തം വിടും.ചെലോല് കളിയാക്കി ചിരിക്കും…ഇന്ന് പ്പോ ഞായറാഴ്ച ആയോണ്ടും തിരക്കില്ലാത്തോണ്ടും മലയാളി ഒന്നും ഇല്ല…ബംഗാളി മാത്രേ ഉള്ളൂ….അയാളാണെങ്കിലോ ബംഗാള്ന്ന് നേരിട്ടുള്ള വരവാന്ന് തോന്നുന്നു….കുളിച്ചിട്ട് ഒരു ഒന്നര മാസെങ്കിലും ആയീ ണ്ടാവും…ഫുൾ കൈയുള്ള ഇറുകി പിടിച്ച ഇറക്കം കുറഞ്ഞ ഒരു ടീ ഷർട്ടും കാലിൻ്റെ ഞെരിയാണീം കയിഞ്ഞ് ചെരിപ്പിൻ്റെ ചോട്ടിലെത്തിയ സിമൻറ് കറയുള്ള പേൻ്റും കൈയിലും കഴുത്തിലും നെരച്ച ചരടും ഇട്ട അയാൾ അടുത്തേക്ക് വന്നപ്പോ പാൻപരാഗും വെയർപ്പും കൂട്ടി കലർന്ന മണം മാ സ്ക്കും കയിഞ്ഞ് മൂക്കിലെത്തി.

ശീട്ട് വാങ്ങി പേര് നോക്കി… മുഷ്താഖുൾ ഹഖ്… വയസ് 30..മരുന്ന് നോക്കുമ്പോ ചൊറിച്ചിൽന് ഉള്ളതാണ്….ചൊറിയും… ഒറപ്പല്ലേ….

വെള്ളവും ഓനും തമ്മിൽ ഇന്ത്യേം പാക്കിസ്ഥാനും പോലാണെന്ന് ഓനെ കണ്ടാ അറിയാ….

എന്തായാലും ഞമ്മളെ പണി നല്ലോണം ചെയ്യണല്ലോ…. അതോണ്ട് മരുന്നും ഓയിൻമെൻ്റൊക്കെ എടുത്ത് മെഡിസിൻ കവർൻ്റെ പുറത്ത് ഹിന്ദിയിൽ കഴിക്കേണ്ട വിധം എഴുതി….അപ്പോ ങ്ങള് വിജാരിക്കും, ഇനിക്ക് ഹിന്ദിയൊക്കെ അറിയോന്ന്,…..ഏഴാം ക്ലാസി പഠിക്കുന്ന എൻ്റെ മോൾടെ ബുക്ക് നോക്കി ഹിന്ദി അക്ഷരമാല കാണാണ്ട് പഠിച്ച എൻ്റെ ആത്മാർത്ഥതയെ കുറിച്ചോർത്ത് എനിക്കെന്നെ എടക്കിടക്ക് പുളകം വരാറുണ്ട്….

എല്ലാം എഴുതി കഴിഞ്ഞു… ഇനി പറഞ്ഞ് കൊടുക്കണല്ലോ….കൊറോണ കാരണം അകലം പാലിച്ച് നിക്ക്ന്ന ബംഗാളിനെ മാടി വിളിച്ച്…

“അരെ ഭായി… ഇദർ ആവോ “

ഓൻ ഇദർ ആയി….

“യേ ഗോലി സുബഹ് ശാം ഏക് ഏക് ഖാനെ കി പഹലേ…. യേ ഖാനെ കി ബാദ്…. യേ ആയിൻ്റ്മെൻ്റ് ഗുജ്ലി കൊ ലഗാനെ കെ ലിയേ …..”

ആത്മ സംതൃപ്തിയോട് കൂടി ഇത്രേം പറഞ്ഞ് മരുന്ന് കൊടുത്തപ്പോ ഓൻ്റെ മുഖത്തിന് ചെമ്പരത്തി പൂവിൻ്റെ കളറ്…. മരുന്ന് വാങ്ങിയതും “അൻ്റെ ബാപ്പാൻ്റെ തല”

നകുലേട്ടാ….. ന്താ ഞാനിപ്പോ കേട്ടേ….. മലയാളോ മറാത്തിയോ… എന്ന്
ചിന്തിക്കുന്നതിൻ്റെ മുമ്പ് തന്നെ അടുത്ത ഡയലോഗ്….

“സർക്കാരാശുപത്രീലെ ഫാർമസീല് വരെ ബംഗാളികളാ… പിന്നെങ്ങെനെ മാറാനാ പാവപ്പെട്ടോൻ്റെ ചൊറി … ഈ നാട് നന്നാവൂല…”

പിന്നേം എന്തൊക്കെയോ പിറുപിറുത്തോണ്ട് പോവുന്ന ആ “ബംഗാളിനെ ” നോക്കി നിക്കുമ്പോ ഉള്ളീന്ന് ആരോ പറയുന്നുണ്ടായിരുന്നു. ഭാഷ നോക്കി മാത്രമല്ല വേഷം നോക്കിയും മൻസൻമാരെ മൻസിലാക്കരുതെന്ന്…

shabna shamsu❤️