കല്യാണ ദിവസം എത്തും തോറും അവൾ അസ്വസ്തയായി, രാജു ഏട്ടനില്ലാത്ത ജീവിതത്തെ കുറിച്ച് ഓർക്കാൻ വയ്യ….

Story written by NAYANA VYDEHI SURESH

‘നിങ്ങളെന്റെ ഭർത്താവല്ലെ ,നിങ്ങൾക്കെന്നെ വേണ്ടെങ്കിൽ മറ്റൊരാളെ കണ്ടു പിടിച്ച് നിങ്ങൾത്തന്നെ എന്റെ കല്യാണം നടത്തി തരണം…’

എനിക്ക് അതിനൊന്നും പറ്റില്ല … ഭാര്യടെ കല്യാണം നടത്തലല്ലെ എന്റെ പണി,,

പിന്നെ ഞാനെന്തു വേണം

ബന്ധം പിരിഞ്ഞാൽ സ്വന്തം വീട്ടിൽ പോവാ .. അതാണല്ലോ പതിവ് അല്ലാതെ ഭാര്യനെ കെട്ടിച്ച് വിടലല്ലല്ലോ ആണ്ങ്ങള് ചെയ്യാറ് ..

കല്യാണം കഴിക്കാൻ ഇഷ്ടല്ലിങ്കിൽ പിന്നെ എന്തിനാ നിങ്ങൾ എന്നെ കെട്ടിയത്

നിനക്ക് എല്ലാം അറിയാലോ ,, എന്റെ വീട്ടുകാരടെ നിർബന്ധാ

ഹും … ആണിനെ നന്നാക്കാനുള്ള പരീക്ഷണ വസ്തുവാണല്ലോ പെണ്ണ് , തല തിരിഞ്ഞ ആൺമക്കളെ കെട്ടിച്ചാൽ നന്നാവൂത്രെ ,, .. എന്നിട്ടെന്താ,, ശിഷ്ടകാലം ആ പെണ്ണ് അനുഭവിക്കത്തന്നെ

ദീപെ .. ഞാൻ നിന്നോട് പറഞ്ഞില്ലെ എനിക്ക് നിന്റെ കൂടെ ജീവിക്കാൻ വയ്യ ,,, പെണ്ണ് എന്ന സങ്കൽപ്പംത്തന്നെ എന്റെ മനസ്സിലില്ലാ .. പ്ലീസ് നമുക്ക് ഒരുമിച്ച് ഡിവോഴ്സിനെ കുറിച്ച് ചിന്തിക്കാം ..

ഞാൻ പറഞ്ഞില്ലെ … നമുക്ക് പിരിയാം പക്ഷേ നല്ലൊരു ആളെ കണ്ടെത്തി നിങ്ങളുത്തന്നെ എന്റെ കല്യാണം നടത്തണം ,,,, എന്റെ അച്ഛൻ , അമ്മയില്ലാതെ കുറേ പാട് പെട്ടാ എന്നെ നിങ്ങൾ ടെകൂടെ അയച്ചത്,, മരിക്കുന്നവരെയും എന്നെ ഓർത്ത് അച്ഛൻ കരഞ്ഞിട്ടുണ്ട് … അങ്ങോട്ട് ഇനി ഞാൻ പോവില്ല, അവിടെ ആരാ ഇനി എനിക്കുള്ളത് ..,, എന്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല ..

ഉറപ്പാണോ ?

അതെ

എങ്കിൽ നിന്റെ കണ്ടീഷൻ ഞാൻ അംഗീകരിച്ചു തരാം

…………………………………………………………..

ഡിവോഴ്സ് കഴിഞ്ഞിട്ടും ദീപ തിരികെ വീട്ടിൽ പോയില്ല ,, ശരിക്കും എല്ലാവരോടും വെറുപ്പ് തോന്നി ,, പഠിപ്പ് തീരും മുൻപ് കെട്ടിച്ച് വിട്ട അച്ഛനോട്, മോനെ നന്നാക്കാൻ തന്നെ പരീക്ഷണ വസ്തുവാക്കിയ അയാളുടെ വീട്ടുകാരോട് ,,

ഒരു പക്ഷേ ഒരു പെണ്ണും ചെയ്യാത്തതായിരിക്കും താൻ ചെയ്യാൻ പോകുന്നത് … ഇങ്ങനെ കല്യാണാലോചന നടക്കുമ്പോൾ ഒരു പക്ഷേ ഏട്ടന് ഞാൻ വേണമെന്ന് തോന്നിയാലോ എന്ന ചിന്ത പറഞ്ഞു തന്നത് കൂട്ടുകാരിയാണ് അത് ശരിയാണെന്ന് എനിക്കും തോന്നി ,ഞാൻ മറ്റൊരാളുടെതാകുമെന്ന് തോന്നുമ്പോൾ ഉണ്ടാക്കുന്ന ദുഖം …

ദീപെ … ദീപേ …

എന്താ

നോക്ക് ..മാട്രിമോണിയലിൽ ഞാൻ പരസ്യം കൊടുത്തിട്ടുണ്ട് ..

ദീപ, പുനർവിവാഹം, വയസ്സ് ,23, കുട്ടികൾ ഇല്ല, നക്ഷത്രം, കാർത്തിക, 95302***259 ഇത്ര പോരെ

ഉം .. മതി

അതു പറയുമ്പോൾ അവളുടെ കണ്ണു നിറഞ്ഞു .. ഇത്രയൊക്കെ സ്നേഹിച്ചിട്ടും എന്താ രാജു ഏട്ടന് എന്നെ വേണ്ടാത്തത് … അന്ന് അച്ഛൻ വിഷമിക്കരുത് കരുതീട്ടാ പഠിപ്പു തീരും മുൻപ് കല്യാണത്തിന് സമ്മതിച്ചത് ..

ഒന്നു തിരിഞ്ഞു പോലും നോക്കാറില്ല രാജു ഏട്ടൻ ,, അനിയ ന്റെയും പെങ്ങൾടെയും ഒക്കെ കുട്ടികളെ കാണുമ്പോൾ കൊതിയാകും … ഒരമ്മയാകാൻ , പോകാനും മറ്റൊരിടവും ഇല്ല അച്ഛനൊഴിഞ്ഞ ആ വീടല്ലാതെ ,,ഇന്നു ശരിയാകും നാളെ ശരിയാകും കരുതി കൊല്ലങ്ങൾ പോയി .എന്നിട്ടും …..

……………………………………………………………….

ഹലോ

എന്താ രാജു ഏട്ടാ

ഇന്ന് വൈകീട്ട് തന്നെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട് .. ഒരു ചെറിയ കുട്ടിയുണ്ട് ഭാര്യ മരിച്ച ആളാണ് .. കാര്യങ്ങളൊക്കെ ഞാനവരോട് സംസാരിച്ചിട്ടുണ്ട് .. തന്നെ ഒന്ന് കാണണം അത്ര മാത്രെ കണ്ടീഷൻ ഉള്ളു ..

ഉം …

കണ്ണിൽ നിരാശ മാത്രമുള്ള ഒരാളായിരുന്നു അത് പേര് സനി .. ഭാര്യ ആക്സിടന്റിൽ മരിച്ചതാണ് ..അന്നയാൾ ഏറെ നേരം അവളോട് സംസാരിച്ചത് അയാളുടെ ഭാര്യ കുറിച്ചാണ് …ആ സ്നേഹം കണ്ടപ്പോൾ അവളുടെ ഉള്ളും പിടഞ്ഞു ..

ദിവസവും തിയതിയും ഒക്കെ കുറിച്ചു …

കല്യാണസാരിയെടുത്തു

ലോക്കറിൽ നിന്ന് ആഭരണങ്ങളും എടുത്തു ..

അച്ഛനിതൊക്കെ അറിയുന്നെങ്കിൽ എത്രമാത്രം വേദനിക്കുന്നുണ്ടാവും ..

സനി ഫോൺ ചെയ്യുമ്പോഴൊക്കെ അവൾ രാജുവിനെ കേൾപ്പിക്കാനെന്നോണം ഓരോന്നു പറഞ്ഞു ചിരിച്ചു .. പക്ഷേ അതൊന്നും കേട്ട ഭാവം അയാൾ നടിച്ചില്ല ..

കല്യാണ ദിവസം എത്തും തോറും അവൾ അസ്വസ്തയായി .. രാജു ഏട്ടനില്ലാത്ത ജീവിതത്തെ കുറിച്ച് ഓർക്കാൻ വയ്യ …ഇത് അവസാനത്തെ പരീക്ഷണമാണ് .. താൻ നഷ്ടപ്പെടുമ്പോൾ എന്തായാലും രാജു ഏട്ടൻ തന്നെ സ്നേഹിക്കും …

കല്യാണ ദിനമായി …

രജിസ്ട്രോഫീസിൽ വെച്ചാണ് കല്യാണം ..

അവൾ എത്തുമ്പോൾ ചെക്കന്റെ വീട്ടുകാർ എത്തിയിരുന്നു ..

അവൾ സനിയുടെ മുഖത്ത് നോക്കി … തന്റെ കുഞ്ഞിനെ തോളിലിട്ട് ഉറക്കുകയാണയാൾ …

പൂമാല വാങ്ങിയത് രാജുഏട്ടനാണ് ..

ഇനി ഒപ്പ് ഇട്ടോളു എന്നു പറയുമ്പോൾ അവളുടെ കൈ വിറച്ചു … താലി കെട്ടുമ്പോഴും അവൾക്കാകെ മരവിപ്പായിരുന്നു …

നെഞ്ച് പൊട്ടിയത് തന്റെ കൈ പിടിച്ച് രാജുഏട്ടൻ സനിയുടെ കൈയ്യിലേക്ക് കൊടുമ്പോഴായിരുന്നു അപ്പോൾ നാലഞ്ചു തള്ളി കണ്ണുനീർ രാജുവിന്റെ കയ്യിലേക്ക് എറ്റി വീണു ..അതയാൾ കണ്ടില്ലെന്ന് നടിച്ചു …

കാറിലേക്ക് കയറുബോൾ അവൾ തിരിഞ്ഞു നോക്കി .. രാജു ഇപ്പോളവളെ തിരികെ വിളിക്കും …

അയാൾ അകലെ കാറിനടുത്ത് ചാരി അവളെ നോക്കി നിൽക്കാണ് .. അയാൾ കൈ വീശി യാത്രയാക്കുന്നുണ്ട് തന്നെ ..

അണപ്പൊട്ടിയ കണ്ണുനീർ നിറയെ ഒഴുകിപ്പരന്നു ..

വാ .. ഞാനില്ലെ നിനക്ക്. നിന്റെ വിഷമം എനിക്ക് മനസ്സിലാവും .. കരയാതേ … നീ കരയുമ്പോൾ എനിക്കും സങ്കടമാകുന്നു ..

കണ്ണ് തുടച്ച് അവൾ സനിയെ നോക്കി ….

കാറിൽ കയറുമ്പോൾ അവളെ നോക്കി ഒരു ഒന്നര വയസ്സുകാരി കുഞ്ഞിപ്പല്ലുകാട്ടി ചിരിക്കുന്നുണ്ടായിരുന്നു ..

സനി അവളെയും കുഞ്ഞിനെയും മാറോട് ചേർത്തു .. കാർ പതിയെ നീങ്ങി … ഒരു നഷ്ടത്തിന്റെയും നേട്ടത്തിന്റെയും കഥ അവളുടെ മുന്നിൽ ഒരുമിച്ചു നിന്നു …

ശരിയാണ് … നമ്മൾ സ്നേഹിക്കുന്നവർ മാത്രമല്ല നമ്മളെ സ്നേഹിക്കുന്നവരും ഭൂമിയിലുണ്ടെന്ന് അവൾക്ക് തോന്നി ..

(കഥയിൽ ചോദ്യമില്ല …. ഒരിക്കലാരോ പറഞ്ഞ ഒരു ശേഷിപ്പ് പൊട്ടി തട്ടിയെടുത്തത് )