Story written by GAYATHRI GOVIND
“ഇവളെ എനിക്ക് ഇനി വേണ്ട സാറേ..”
“തനിക്ക് അവരെ വേണ്ടെങ്കിൽ താൻ കുടുംബകോടതിയിൽ കൊണ്ടുപോയി കേസ് കൊടുക്കടോ.. ഇത് പോലീസ് സ്റ്റേഷൻ ആണ്..” സർക്കിൾ ഇൻസ്പെക്ടർ അല്പം ദേഷ്യത്തിൽ മനോജിനോടായി പറഞ്ഞു..
“എന്താരുന്നു പ്രശ്നം??” സർക്കിൾ ഗൗരവം വിടാതെ മിനിയോട് ചോദിച്ചു..
“ഞാൻ പറയാം സാറേ.. ദേ ഇവൾ ഇന്നലെ എന്നെ പൊതിരെ തല്ലി.. “
“ഞാൻ തന്നോടല്ല ചോദിച്ചത്.. തന്റെ ഭാര്യയോടാണ്..”
മനോജ് പെട്ടെന്ന് നിശബ്ദനായി..
“നിങ്ങൾ പറയൂ..”
“സാർ ഇദ്ദേഹം എന്നും മൂക്കറ്റം കുടിച്ചാണ് വരുന്നത്.. വന്നിട്ട് എന്നെ ഒരുപാട് ഉപദ്രവിക്കും.. ഈ പുള്ളി വരുമ്പോഴേക്കും ഞാൻ റൂമിൽ കയറിയിരിക്കും.. മോൾ ഇതൊന്നും കാണേണ്ട എന്നോർത്ത്.. പക്ഷേ കഴിഞ്ഞ ദിവസം ഇയാൾ കുറച്ചു നേരത്തെ വന്നു.. അടുക്കളയിലെ തിരക്കിൽ ഞാൻ അറിഞ്ഞില്ല വന്നത്.. ഇയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചു.. ഇത് മോൾ കണ്ടു.. അവൾ എന്തൊക്കെയോ പറഞ്ഞു..എന്നും ദേഹോപദ്രവം മാത്രമേ ഉണ്ടാകാറുള്ളു പക്ഷേ മോൾ തിരിച്ചു പറഞ്ഞതിന്റെ ദേഷ്യത്തിൽ ഒരുപാട് ശബ്ദത്തിൽ ബഹളം ഉണ്ടാക്കി.. അതാണ് അയൽക്കാർ ഇവിടെ പരാതി തന്നത്..”
“സാർ കണ്ടോ ഇവൾ എന്നിട്ടും എന്നെ തല്ലിയ കാര്യം പറയുന്നില്ല..”
“നിങ്ങൾ ഇയാളെ തല്ലിയോ??”
“തല്ലി സാറേ.. ഇയാൾ എന്റെ കുഞ്ഞിന്റെ പഠിക്കാനുള്ള പുസ്തകങ്ങൾ എല്ലാം വലിച്ചെറിഞ്ഞപ്പോൾ ഞാൻ ഇയാളെ ഉപദ്രവിച്ചു.. കിട്ടുന്ന പൈസ മുഴുവൻ വെള്ളം അടിച്ചു കളയുന്നതല്ലാതെ ഇയാൾ എന്റെ കുഞ്ഞിന് ഒരു ബുക്കുപോലും വാങ്ങി നൽകിട്ടില്ല.. ദിവസവും നാല് വീട്ടിൽ പാത്രം കഴുകിയാണ് ഞാൻ എന്റെ കുഞ്ഞിന്റെ ആവശ്യങ്ങൾ ഒക്കെ നടത്തികൊടുക്കുന്നത്.. അതിന്റെ പുസ്തകങ്ങൾ നശിപ്പിക്കാൻ തുടങ്ങുന്നത് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.. നിയന്ത്രിക്കാൻ കഴിയാതെ ഉപദ്രവിച്ചതാണ്.. എന്റെ കുട്ടിയുടെ പഠനത്തിൽ തടസ്സം നിന്നാൽ ഇനിയും ചിലപ്പോൾ അങ്ങനെ ചെയ്യും ” അവരുടെ ശബ്ദം ഉറച്ചതായിരുന്നു
സർക്കിൾ മനോജിനെ തറപ്പിച്ചു ഒന്നു നോക്കി..
“സാറേ എന്റെ കൊച്ച് ഇതുവരെ എന്റെ മുഖത്ത് നോക്കി ദേഷ്യത്തിൽ സംസാരിച്ചിട്ടില്ല.. ഇവൾ ഒരുത്തി കാരണമാ അവൾ എന്റെ നേരെ തിരിഞ്ഞത്.. ആ ദേഷ്യത്തിൽ ആണ് ഞാൻ അപ്പോൾ അങ്ങനെ ചെയ്തത്..”
“നിങ്ങളുടെ മകൾക്ക് എത്ര വയസ്സായി??”
“ഇരുപത്..”
“നാണം ഇല്ലെടോ തനിക്കു.. അത്രയും പ്രായം ഉള്ള കൊച്ചിന്റെ മുൻപിൽ അടിയുണ്ടാകാൻ.. തന്റെ പേരിൽ നാട്ടുകാരാണ് കംപ്ലയിന്റ് തന്നത്.. നാളെ തന്റെ കൊച്ചിന് നല്ല ഒരു ബന്ധം കിട്ടുമോ തന്റെ ഈ സ്വഭാവം കൊണ്ട്.. താൻ ഒന്നോർത്തു നോക്കിക്കേ തന്റെ മകളെ തന്നെപോലെ ഒരു കുടിയൻ കല്യാണം കഴിച്ച് അവളെ ഇതുപോലെ ഉപദ്രവിക്കുന്നത്.. തനിക്കു സഹിക്കുമോ.. അച്ഛനമ്മമാരുടെ കർമ്മ ഫലങ്ങൾ മക്കളും അനുഭവിക്കും.. തനിക്ക് ഈ മദ്യപാനം അങ്ങനെ പെട്ടെന്നു നിർത്താൻ കഴിയുമോ എന്നറിയില്ല പക്ഷേ അതിന്റെ അളവ് കുറയ്ക്കാൻ കഴിയും.. ഒന്നുമില്ലെങ്കിലും മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കാതെ ഇരിക്കാൻ നോക്ക്.. ഇനിയും ഇങ്ങനെ ഒരു കംപ്ലയിന്റ് കിട്ടിയാൽ ഇങ്ങനെ ആയിരിക്കില്ല ഞാൻ പെരുമാറുന്നത്.. പറഞ്ഞേക്കാം.. ആ പൊയ്ക്കോ..”
അയാൾ എഴുന്നേറ്റ് പോയി..
“ആഹ് നിങ്ങളും പൊയ്ക്കോ..”
“നന്ദിയുണ്ട് സാറേ.. അയാൾ മാറുമോ ഇല്ലയോ എന്നൊന്നും അറിയില്ല.. പക്ഷേ എന്റെ മകൾ ഇതുപോലെ ഒരു കുടിയന്റെ തല്ലും കൊണ്ട് ജീവിക്കില്ല.. അതിനാണ് ഞാൻ അവൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നത്.. ഒരു ജോലി കിട്ടിയ ശേഷമേ വിവാഹത്തെ പറ്റി ചിന്തിക്കാവൂ എന്നവളോട് പറഞ്ഞു മനസിലാക്കിയിട്ടുണ്ട്.. സാർ പറഞ്ഞപോലെ അവൾക്ക് എന്നെപോലെ ആരുടെയും ചവിട്ടും ഇടിയും കൊള്ളേണ്ടി വരില്ല..” അവർ അവിടുന്ന് എഴുന്നേറ്റു സർക്കിളിനെ കൈ കൂപ്പി..
“അതെ.. ഞാൻ പറഞ്ഞെന്ന് ആരോടും പറയേണ്ട.. ഇനിയും അയാൾ നിങ്ങളെ ഉപദ്രവിക്കുകയാണെങ്കിൽ നല്ലത് തിരിച്ചും കൊടുത്തോ..” അവൾ അയാൾക്ക് നേരെ ഒരു ചിരി നൽകി
അവസാനിച്ചു..