Story written by Nitya Dilshe
“മീനു..റെഡി ആയില്ലേ..? “
പുറത്തുനിന്നും സിദ്ധു വിന്റെ വിളി വന്നപ്പോൾ അവൾ ഒന്നുകൂടി കണ്ണാടിയിൽ നോക്കി.കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ ഒരു കോമാളിപോലെ തോന്നിപ്പിച്ചു…
സിദ്ധുവേട്ടന് യോജിച്ച മുഖസൗന്ദര്യമോ ഉടലളവുകളോ ഒന്നും തനിക്കില്ല..
അവൾക്കു സ്വയം പുച്ഛം തോന്നി..ആളുകൾ ചോദിക്കുന്നതിൽ തെറ്റു പറയാനാവില്ല…പറയാൻ മാത്രം സമ്പത്തുമില്ല….എന്തു കണ്ടിട്ടാണാവോ സിദ്ധുവേട്ടൻ തന്നെ വിവാഹം ചെയ്തത്…ഈ ചോദ്യത്തെ ഭയന്നാണ് സിദ്ധുവേട്ടനൊപ്പം കഴിവതും ചടങ്ങുകളിൽ പങ്കെടുക്കാതെ മാറിനിൽക്കുന്നത്..
ഇത് എത്ര ഒഴിവ്കഴിവുകൾ പറഞ്ഞിട്ടും ഏട്ടൻ സമ്മതിച്ചില്ല..അവരുടെ കോളേജ്മേറ്റ്സിന്റെ ഗെറ്റ് ടുഗെദർ ആണ്..എല്ലാവരും ഫാമിലിയായി വരുമത്രെ..
ഏതൊരു പെണ്ണും കൊതിക്കുന്ന സൗന്ദര്യവും നല്ലൊരു ജോലിയും സിദ്ധുവേട്ടനുണ്ട്..പെണ്ണുകാണാൻ വന്നപ്പോഴും എന്നെക്കുറിച്ചു എനിക്ക് നല്ല ബോധ്യമുള്ളത് കൊണ്ട് ഇത് നടക്കില്ലെന്നറിയാമായിരുന്നു..എന്നെയും വീട്ടുകാരെയും ഞെട്ടിച്ചു കൊണ്ടാണ് സിദ്ധുവേട്ടൻ ഇഷ്ടമായി എന്നറിയിച്ചത്..
അങ്ങേർക്കു കണ്ണിനെന്തോ കുഴപ്പമുണ്ട്..അല്ലാതെ ഇങ്ങനെ പറയില്ലെന്ന എന്റെ എതിർപ്പിന് അവിടെ പ്രസക്തി ഉണ്ടായിരുന്നില്ല..കേട്ടവർക്കും കണ്ടവർക്കും ഒരേ ചോദ്യമായിരുന്നു..”ഇവളെ ശരിക്കു കണ്ടില്ലേ ” എന്നു..
എല്ലാവർക്കും തോന്നിയപ്പോൾ എന്റെ മനസ്സിലും അതേ ചോദ്യം വന്നു..
“എന്നെ ശരിക്കു കണ്ടില്ലേ “എന്നു…..ചോദ്യം മനസ്സിനെ വല്ലാതെ കുഴപ്പിച്ചപ്പോൾ രണ്ടും കല്പിച്ചു ആൾടെ നമ്പറിലേക്കു വിളിച്ചു ആ ചോദ്യം നേരിട്ടു ചോദിച്ചു…
“കണ്ടിരുന്നു” എന്ന ചിരിയോടെയുള്ള മറുപടി കേട്ടു..കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപുതന്നെ “നമുക്കിനി കല്യാണത്തിനു കാണാം”എന്നും പറഞ്ഞു ഫോൺ വച്ചു…
കല്യാണത്തിൽ പങ്കെടുത്തവരുടെ മുഖത്തുണ്ടായിരുന്നു അവജ്ഞയോ മുറുമുറുപ്പോ ഏട്ടന്റെ മുഖത്തു നോക്കിയപ്പോൾ കണ്ടില്ല..
പിന്നീട് പലപ്പോഴും ഞാനാ ചോദ്യം ആവർത്തിച്ചപ്പോഴും “നിന്നെ എനിക്ക് ഇഷ്ടമായിട്ടു തന്നെയാടി ” എന്നു പറഞ്ഞു കുസൃതിചിരിയോടെ ചേർത്തുപിടിക്കും..
” മീനു,” എന്നേട്ടൻ വീണ്ടും വിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്നുണർന്നത്… “എല്ലാരും എത്തി തുടങ്ങീട്ടോ.. വിളി വന്നുതുടങ്ങി..”ചേട്ടൻ ഫോൺ ഉയർത്തി കാണിച്ചു..
എന്റെ മുഖത്തെ മങ്ങൽ കണ്ടിട്ടാവും കൂടുതലൊന്നും ചോദിക്കാതെ വണ്ടിയെടുത്തു..
പ്രതീക്ഷിച്ച ചോദ്യം അവിടെയും പലരും മനസ്സിനകത്തും പുറത്തും ചോദിച്ചു….കേട്ടു തഴകിയത് കൊണ്ടാവും എന്റെ ഉള്ളിൽ ചെറിയ നോവ് വന്നെങ്കിലും കണ്ണുകൾ നനഞ്ഞില്ല..
സിദ്ധുവേട്ടനും പഴയ സൗഹൃദം പുതുക്കുന്ന തിരക്കിലായിരുന്നു..
എല്ലാവരിൽ നിന്നും കുറച്ചകന്നു ഒറ്റക്കിരിക്കാനാണ് അപ്പോൾ തോന്നിയത്…. ഓരോരുത്തരായി എഴുന്നേറ്റു മൈക്കിൽ കോളേജ് വിട്ടകന്ന ശേഷമുള്ള ജീവിതം പറഞ്ഞു തുടങ്ങി..ഒപ്പം ലൈഫ് പാർട്നറെ പരിചയപ്പെടുത്തുകയും ചെയ്തു..
സിദ്ധുവേട്ടന്റെ ഊഴം വന്നപ്പോൾ ഞാൻ ചെയറിലേക്കു ഒന്നുകൂടി ഒതുങ്ങി.. അവിടെ നിന്നു മാഞ്ഞു പോകാൻ കഴിഞ്ഞെങ്കിൽ എന്നു വല്ലാതെ ആഗ്രഹിച്ചു..
സിദ്ധുവേട്ടനും കഴിഞ്ഞകാലങ്ങൾ പറഞ്ഞു തുടങ്ങി..അവസാനം എത്തി ലൈഫ് പാർട്നറെ പരിചയപ്പെടുത്തുന്ന ഭാഗം….സിദ്ധു വേട്ടൻ മൈക്ക് കൊണ്ടു എന്റടുത്തു വന്നു..എല്ലാവരുടെയും കണ്ണുകൾ എന്നിലേക്കാണെന്നറിഞ്ഞതും ഞാൻ കൂനിക്കൂടി നിലത്തേക്ക് നോക്കിയിരുന്നു..സിദ്ധു വേട്ടൻ പറഞ്ഞു തുടങ്ങി..
“രണ്ടു വർഷം മുൻപാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ബന്ധുവിനെ കാണാൻ എന്റെ കൂട്ടുകാരനൊപ്പം ഞാൻ പോകുന്നത്..ആരോരു മില്ലാത്ത രോഗികൾക്കിടയിലൂടെ അവർക്ക് വേണ്ടി ഓടിനടക്കുന്ന ഒരു പെണ്കുട്ടിയെ അവിടെ കണ്ടു….യാദൃച്ഛികമായാണ് ആ പെണ്കുട്ടിയെത്തന്നെ പെണ്ണുകാണാൻ പോയത്.
Made for each other എന്നു മറ്റുള്ളവർ പറയുന്നതിനേക്കാൾ എനിക്ക് യോജിച്ചവൾ എന്നു തോന്നുന്നതിനെ കെട്ടുന്നതാണ് നല്ലതെന്ന് തോന്നി..” ഏട്ടൻ എന്റെ അടുത്തുവന്നു എന്നെ ചേർത്തു നിർത്തി..
“എന്റെ ഭാഗ്യം…ഞാൻ കണ്ടതിൽ വച്ചേറ്റവും സുന്ദരി..അതെന്റെ ഭാര്യതന്നെയാണ്..”
നിർത്താത്ത കരഘോഷങ്ങൾക്കിടയിൽ ഒരു കൈകൊണ്ടെന്നെ ചേർത്തു പിടിച്ചു ഏട്ടൻ നടന്നപ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാൻ തന്നെയാണെന്ന് മനസ്സിലായി….ഒപ്പം ഞാൻ ഇതുവരെ തേടുന്ന ചോദ്യത്തിനുള്ള ഉത്തരവും കിട്ടി….
സ്നേഹത്തോടെ….Nitya Dilshe