കുള്ളന്റെ ഭാര്യ
എഴുത്ത്: അച്ചു വിപിൻ
ഇന്നാണെന്റെ വിവാഹം….എന്നെ വിവാഹം കഴിക്കാൻ പോകുന്ന മനുഷ്യൻ ഒരു കുള്ളനാണ്.ഫേസ്ബുക്കിൽ ഒരു വീഡിയോയിലൂടെയാണ് ഞാനാദ്യമായി ആ മനുഷ്യനെ കാണുന്നത്.അയാളുടെ മനോഹരമായ പാട്ടുകളുടെ ആരാധികയായി ഞാൻ മാറിയത് പെട്ടെന്നായിരുന്നു.ആ ആരാധന പിന്നീട് പ്രണയമായി മാറിയതെപ്പോഴാണെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു.
എന്റെ ഇഷ്ടം ഞാൻ അദ്ദേഹത്തെ അറിയിക്കുമ്പോൾ സ്നേഹപൂർവ്വം വിലക്കുകയാണ് ചെയ്തത് പക്ഷെ ഞാനെന്റെ നിലപാടിൽ ഉറച്ചു നിന്ന കാരണം അദ്ദേഹത്തിനെന്റെ ഇഷ്ടം കണ്ടില്ല എന്നു നടിക്കാനായില്ല.
നീ ചെറുപ്പമാണ്,സുന്ദരിയാണ് ഈ പൊക്കം കുറഞ്ഞ മനുഷ്യനെ കല്യാണം കഴിക്കാൻ നിനക്ക് ഭ്രാന്താണോ? എന്നു ചോദിച്ചവരോടൊക്കെ അതെ എനിക്ക് ഭ്രാന്താണ് “സ്നേഹമെന്ന ഭ്രാന്ത്” എന്ന മറുപടിയാണ് ഞാൻ നൽകിയത്.
അദ്ദേഹത്തിന്റെ കൈകൾ കൊണ്ടെന്റെ കഴുത്തിൽ “താലി” വീഴുമ്പോൾ മാറ്റാരേക്കാളും സന്തോഷിച്ചത് ഞാൻ തന്നെയായിരുന്നു.
ഇതൊക്കെ ഒരു കൗതുകമല്ലെ ? തണ്ടും തടിയുമുള്ള ആണിനെ കണ്ടാൽ അവള് കൂടെ പോകും എന്നു പറഞ്ഞവരോടൊന്നും തർക്കിച്ചു സമയം പാഴാക്കാൻ ഞാൻ മെനക്കെട്ടില്ല കാരണം ഞാൻ ആരാണെന്ന ബോധം എനിക്കുണ്ടായിരുന്നു.
ഒരു ബൈക്കിന്റെ പുറകിലിരുത്തി യാത്ര ചെയ്യാനുള്ള ആരോഗ്യം പോലും എന്റെ ഭർത്താവിനില്ലായിരുന്നു. ഞാനതോർത്തു വിഷമിക്കാൻ നിക്കാതെ പോയി ഡ്രൈവിംഗ് പഠിക്കുകയാണ് ചെയ്തത്. ലൈസൻസ് കിട്ടിയ ശേഷം സെക്കന്റ് ഹാൻഡ് വാങ്ങിയ ഒരു സ്കൂട്ടറിന്റെ പുറകിൽ അദ്ദേഹത്തെയിരുത്തി ഞാൻ യാത്ര ചെയ്തു.
ബീച്ചിലും,പാർക്കിലും,സിനിമക്കുമൊക്കെ മുടങ്ങാതെ ഞങ്ങൾ പോയിരുന്നു. ആളുകളെല്ലാം അർത്ഥം വെച്ച ചിരിയോടെ ഞങ്ങളെ നോക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കൈകളിൽ ഒരമ്മ മകനെ പിടിക്കുന്ന പോലെ ഞാൻ മുറുകെ പിടിച്ചിരുന്നു.
എനിക്ക് താലോലിക്കാൻ ഒരു കുഞ്ഞിനെ തരാനുള്ള കഴിവെന്റെ ഭർത്താവിനുണ്ടായിരുന്നില്ല. എന്തിനേറെ പറയുന്നു എന്നെയൊന്നു കെട്ടിപ്പിടിക്കാൻ പോലുമദ്ദേഹത്തിന്റെ കൈകൾക്ക് നീളമില്ലായിരുന്നു അതിൽ എനിക്കൊട്ടും തന്നെ സങ്കടമില്ലായിരുന്നു കാരണം എന്റെ കൈകൾക്ക് നീളമുണ്ടായിരുന്നു ആ കൈകൾകൊണ്ട് പുണർന്നെത്രയോ രാത്രികളിലാ മനുഷ്യനെ കെട്ടിപ്പിടിച്ചു ഞാൻ കിടന്നിരിക്കുന്നു.അദ്ദേഹത്തിന്റെ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ ഞാൻ അരുതേയെന്ന അർത്ഥത്തിൽ തുടക്കുമ്പോൾ ഒരു കുഞ്ഞില്ലാത്ത സങ്കടമെനിക്ക് വരാറില്ലായിരുന്നു കാരണം ഒരമ്മക്ക് മകനോടുള്ള വാത്സല്യമാണെനിക്കപ്പോൾ തോന്നാറ്.
വിവാഹം എന്നത് “ആണും പെണ്ണും തമ്മിലുള്ള സെക്സ്” ആണെന്ന് തെറ്റിദ്ധരിച്ചിരുന്ന ഒരു പ്രായം ഉണ്ടായിരുന്നെനിക്ക് പക്ഷെ എന്റെയാ ധാരണകൾ തെറ്റാണെന്ന് പിന്നീടുള്ള ജീവിതമെന്നെ പഠിപ്പിച്ചു.
എന്റെ ഭർത്താവെന്നെ ജീവനെക്കാളേറെ സ്നേഹിച്ചിരുന്നു.കവലയിലുള്ള ഞങ്ങളുടെ ചെറിയ പലചരക്കു കട അടച്ചിട്ടു വരുമ്പോളെല്ലാം എനിക്കായുള്ള സ്നേഹം അദ്ദേഹത്തിന്റെ കയ്യിലുള്ള ചൂട് പരിപ്പുവടയുടെയും പഴംപൊരിയുടെയും രൂപത്തിൽ കാണാമായിരുന്നു.എന്നെ സംബന്തിച്ചിടത്തോളം അതൊക്കെയെനിക്ക് വല്യ കാര്യങ്ങളായിരുന്നു.ആ മനുഷ്യനെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ സന്തോഷം.
ഒരുമിച്ചിരുന്നു അത്താഴം കഴിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ പ്ലേറ്റിൽ നിന്നും ഓരോ കുഞ്ഞുരുളകൾ എനിക്ക് വാരിത്തരുമായിരുന്നു. മഴയുള്ള രാത്രി കാലങ്ങളിൽ അദ്ദേഹം എനിക്ക് വേണ്ടി മനോഹരമായ പാട്ടുകൾ പാടി തന്നു, തമാശകൾ പറഞ്ഞെന്നെ പൊട്ടിച്ചിരിപ്പിച്ചു.
ആരോഗ്യമുള്ള ചില പുരുഷന്മാർ ഭാര്യയെ പറ്റിച്ചു വേറെ സ്ത്രീകളുടെ കൂടെ പോകുന്ന കഥകൾ ഞാൻ ഫേസ്ബുക്കിൽ കാണുമ്പോഴെല്ലാം എന്റെ ഭർത്താവിന്റെ മഹത്വത്തെ കുറിച്ചോർക്കും അന്നേരമീ മനുഷ്യൻ എനിക്കുമാത്രം സ്വന്തമാണല്ലോ എന്നൊരഹങ്കാരവും എന്റെയുള്ളിൽ തലപൊക്കി നിൽക്കും.ഒരു ഭാര്യ എന്ന നിലയിൽ ഞാൻ അദ്ദേഹത്തിൽ സoതൃപ്തയായിരുന്നു.
എന്ത് കൊണ്ടാണീ കുഞ്ഞു മനുഷ്യനെ ഞാൻ സ്നേഹിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരമെനിക്കിന്നുമറിയില്ല.ഒന്നെനിക്കറിയാം ഈ മനുഷ്യനില്ലാത്ത ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പോലുമാകില്ല,കാരണം പരസ്പരം പിരിയാനാകാത്ത വിധം ഞങ്ങൾ അടുത്തിരിക്കുന്നു.
മറ്റുള്ളവരെല്ലാം കുള്ളന്റെ ഭാര്യയെന്നു പറഞ്ഞെന്നോട് സഹതപിക്കുമ്പോൾ ആ കുള്ളനെന്നെ “സന്തോഷമെന്ന സ്വർഗം” കാണിക്കുന്ന തിരക്കിലായിരുന്നു.
NB:”ചെറിയ ചെറിയ കാര്യങ്ങളിൽ പോലും വലിയ വലിയ സന്തോഷങ്ങൾ കണ്ടെത്തുന്നിടത്താണ് യഥാർത്ഥ സ്വർഗം”.