പൈസ കൊടുത്തിട്ടും അമ്മയോടുള്ള കൊതി കൊണ്ടു അമ്മയുടെ അരക്കെട്ടിൽ പിടിച്ചു അയാൾ അയാളിലേക്ക് അമ്മയെ ചേർക്കാൻ ശ്രമിച്ചു….

കള്ളൻ അഥവാ കാവൽക്കാരൻ

Story written by അരുൺ നായർ

“” ഒന്നുകിൽ ഒരാഴ്ചക്ക് ഉള്ളിൽ എനിക്കായി കിടക്ക വിരിക്കുക അല്ലങ്കിൽ എന്റെ രൂപ തരിക ,എന്ത് വേണമെന്ന് നിനക്ക് തന്നെ തീരുമാനിക്കാം മീരെ , രൂപ ആയിട്ടാണെങ്കിൽ പെട്ടെന്ന് തരണം അതല്ല എന്നെ സ്വീകരിക്കാമെങ്കിൽ നീയും മക്കളും ഇനി മുതൽ ഒന്നും അറിയേണ്ട സുഖമായി ജീവിക്കാം …..””

അമ്മയുടെ ശരീരത്തെ അടിമുടിയൊന്നു നോക്കി അച്ഛന്റെ പഴയ മാനേജർ രാഘവൻ അങ്കിൾ കൊതിയോടെ വരവിന്റെ ഉദ്ദേശം അറിയിച്ചു …….

അമ്മ സാരിയുടെ തലപ്പെടുത്തു പുതച്ചുകൊണ്ട് അവന്റെ നോട്ടം കണ്ടുള്ള ദേഷ്യത്തിൽ അലറിക്കൊണ്ട് മറുപടി കൊടുത്തു ….

“” നിനക്ക് തരാനുള്ളത് ഒരാഴ്ചക്ക് ഉള്ളിൽ തന്നേക്കാം ….മേലാൽ നിന്റെ വഷളൻ നോട്ടവും നോക്കി ഇങ്ങോട്ടു കയറി വന്നേക്കരുത് ….. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ചേച്ചിന്നു വിളിച്ചു പുറകെ നടന്നവന്റെയൊക്കെ തനി നിറം ഇപ്പോൾ അല്ലെ പുറത്തു വരുന്നത് …..ഇറങ്ങേടാ നായെ എന്റെ വീട്ടിൽ നിന്നും …..””

“” ഒരാഴ്ചകൊണ്ട് നീ ഉണ്ടാക്കാവുന്നതൊക്കെ ഉണ്ടാക്കിക്കോ ….ഒരാഴ്ച്ച കഴിഞ്ഞു ഞാൻ വരും ….അന്നേരം നിന്റെ ശരീരത്തിന് വില ഞാൻ പറയും ….. നീ ഇന്ന് എന്നെ അപമാനിച്ചതിന് ഞാൻ ഈ കൊച്ചു പെങ്കൊച്ചിനെ കൂടി കൊണ്ട് പോകും നീ നോക്കിക്കോ …..””

ഏട്ടന്റെ അപ്പുറത്തു ഒരു ബെറ്റിക്കോട്ടും ഇട്ടു നിന്ന എന്നെയും കൂടി കൊതിയോടെ നോക്കി ഊറി ചിരിച്ചുകൊണ്ട് അയാൾ പടിയിറങ്ങി പോയി …..

അയാൾ പോയി കഴിഞ്ഞപ്പോൾ അമ്മ ഞങ്ങളെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു…..അവസാനം ഞങ്ങളോട് പറഞ്ഞു നമുക്കു മരിക്കാം മക്കളെ, അതായിരിക്കും മാനം വിറ്റു ജീവിക്കുന്നതിലും നല്ലത് ….

പെട്ടെന്ന് ഏട്ടൻ പറഞ്ഞു

“” മരിക്കാൻ എനിക്കു ഭയമില്ല പക്ഷെ എന്റെ അമ്മയും പെങ്ങളും മരിക്കുമല്ലോ എന്ന ചിന്ത പോലും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു ….. അതുകൊണ്ട് ആ തീരുമാനം വേണ്ടമ്മേ….പൈസ ഞാൻ ഉണ്ടാക്കി കൊണ്ട് വരാം ….എന്റെ അമ്മയും പെങ്ങളും മരിക്കണ്ട …. ഒന്നുമാത്രം അറിഞ്ഞാൽ കൊള്ളാം അമ്മെ നമുക്കു എങ്ങനെയാണു ഇത്രയും കടങ്ങൾ ഉണ്ടായതു ….എത്ര സന്തോഷം നിറഞ്ഞതായിരുന്നു നമ്മുടെ ജീവിതം ……””

അമ്മ ഒന്നുകൂടി എന്നെയും ഏട്ടനേയും ഒന്ന് കൂടി ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു….

“” അച്ഛന്റെ കള്ളു കുടി അല്ലാതെ എന്ത് …. ബിസ്സിനെസ്സ് ഒക്കെ നല്ല രീതിയിൽ പോയ്കൊണ്ടു ഇരുന്നപ്പോളാണ് ഇപ്പോളത്തെ മാനേജർ ജോലിക്കു ചേർന്നത് ….അവൻ അച്ഛന്റെ അടുത്തു ഒട്ടി കൂടി നിന്ന് എല്ലാം നശിപ്പിച്ചു ….അങ്ങനെ പറയുന്നതിലും നല്ലതു എല്ലാം അവന്റെ പേരിലാക്കി …. ബിസ്സിനെസ്സ് നശിച്ചതും കടം കയറിയതും കൊണ്ടുള്ള നാണക്കേട് കൊണ്ട് അച്ഛൻ ഒരു കയറിൽ നമ്മിൽ നിന്നും അകന്നു പോയി …. . അമ്മയും കൂടെ പോയേനെ, പക്ഷെ വയ്യ ജീവിച്ചു തുടങ്ങിയ നിങ്ങളെ ഇല്ലാതാക്കാൻ …… കടവും ഒത്തിരി ഉണ്ടായിരുന്നതുകൊണ്ട് നമുക്കു വീടും വിൽക്കേണ്ടി വന്നു …. കടം എല്ലാം തീർന്നല്ലോ എന്നോർത്ത് അമ്മയൊന്നു സമാധാനിച്ചതാണ് അപ്പോളാണ് അവന്റെ വക അടുത്ത പത്തു ലക്ഷം ….. അമ്മയുടെ കയ്യിൽ ഇനി ഒന്നും വിൽകാനില്ല മക്കളെ ,അതുകൊണ്ടാണ് അമ്മ മരിക്കാം എന്ന് പറഞ്ഞത് ….. എന്റെ മോൻ ഇത്രയും പൈസ എവിടുന്നു ഉണ്ടാക്കാനാണ് ….””

അമ്മയുടെ കണ്ണിൽ നിന്നൊഴുകിയ കണ്ണുനീരിനു ചുവന്ന കളറായി എനിക്കു തോന്നി….അമ്മയെ ഒന്നുകൂടി ചേർത്ത് പിടിച്ചുകൊണ്ട് ഏട്ടൻ പറഞ്ഞു ….

“” ഞാൻ കൊണ്ടുവരും പൈസ …. ഏഴു ദിവസം കൂടി ഉണ്ടല്ലോ …… അവസാന ശ്വാസം വരെ നമുക്കു ജീവിക്കാൻ വേണ്ടി പൊരുതാം അമ്മെ ….ഞാൻ ഇപ്പോൾ പോകുവാ……””

അതും പറഞ്ഞു ആ രാത്രിയിൽ തന്നെ ഏട്ടൻ വീട്ടിൽ നിന്നും ഇറങ്ങി …..

എങ്ങോട്ടാണ് പോകേണ്ടതെന്നു ഏട്ടന് നല്ല നിശ്ചയം ഉണ്ടായിരുന്നു,….. ഏട്ടൻ ഞങ്ങളുടെ ജീവിതം നശിപ്പിച്ച രാഘവന്റെ വീട്ടിൽ കയറി കുറെ സ്വർണവും പൈസയും മോഷ്ടിച്ചു….. ഏട്ടന്റെ ആ പ്രായത്തിനു ആകും പോലെ ആരും അറിയാത്ത സ്ഥലങ്ങളിൽ കൊണ്ടുപോയി വിറ്റു പൈസയും ആയി വീട്ടിലേക്കു പറഞ്ഞതിലും നേരത്തേയെത്തി ….. പിന്നെ രാഘവൻ വീട്ടിൽ വരാനും ആ കടം തീർക്കാനും ഉള്ള കാത്തിരുപ്പു ആയിരുന്നു എനിക്കും അമ്മയ്ക്കും ഏട്ടനും ….

ഒരാഴ്ച കഴിഞ്ഞു രാഘവൻ വന്നപ്പോൾ അയാളുടെ മുഖത്തേക്ക് അമ്മ പൈസ വലിച്ചെറിയുന്നത് ഞങ്ങൾ കണ്ടു …..ഇതാണ് നിന്റെ പൈസ മേലാൽ ഈ വഴിക്കു പോലും വന്നേക്കരുതെന്നു അവനെ നോക്കി പുച്ഛിച്ചുകൊണ്ടു അമ്മ പറഞ്ഞു ….

പൈസ കൊടുത്തിട്ടും അമ്മയോടുള്ള കൊതി കൊണ്ടു അമ്മയുടെ അരക്കെട്ടിൽ പിടിച്ചു അയാൾ അയാളിലേക്ക് അമ്മയെ ചേർക്കാൻ ശ്രമിച്ചു ….

കുഞ്ഞായിരുന്നു എങ്കിലും അതും കണ്ടുകൊണ്ട് നിൽക്കാൻ ഏട്ടൻ പാറയൊന്നും അല്ലായിരുന്നു …..ഏട്ടൻ പോലും അറിയാതെ എവിടുന്നോ ശക്തി ഏട്ടനിലേക്കു ഇരച്ചു കയറിയത് പോലെ എനിക്ക് തോന്നി …. അടുക്കളയിൽ ഇരുന്ന കത്തിയും എടുത്തുകൊണ്ടു വന്നു ഒറ്റ വെട്ടു ആയിരുന്നു അയാളുടെ കഴുത്തിനു നോക്കി…..അയാൾ അവിടെ വീണു പോയി…..

പെണ്ണ് കേസ് ആയതുകൊണ്ട് നാട്ടിൽ നാറും എന്നുള്ളതിനാൽ അയാൾ കേസ് ഒന്നും കൊടുക്കാൻ പോയില്ല …… പക്ഷെ അയാളും കൂട്ടരും തിരിച്ചെത്തും അറിയാവുന്നതിനാൽ ഏട്ടൻ അമ്മയെയും എന്നെയും കൂട്ടി പെട്ടെന്ന് തന്നെ അവിടുന്ന് താമസം മാറി ….. പക്ഷെ പിന്നെയും ഏട്ടന് പല ആവശ്യങ്ങൾക്ക് ആയും മോഷണം നടത്തേണ്ടി വന്നു……. ശരിക്കും ഏട്ടൻ മോഷ്ടിച്ചത് മുഴുവൻ എനിക്കും അമ്മക്കും വേണ്ടിയായിരുന്നു ….. ഞങ്ങളെ നോക്കാൻ കുഞ്ഞിലേ തന്നെ സ്വന്തം ജീവിതം പാഴാക്കിയ മനുഷ്യൻ എന്നൊക്കെ നാട്ടുകാരു ഏട്ടനെ നോക്കി പരിതപിക്കുമായിരുന്നു ……

എന്റെ ഏട്ടന്റെ ജീവിത കഥ നിങ്ങളോടു ഞാൻ പറയുമ്പോളും ഏട്ടൻ ജയിലിൽ ആണ്…… എന്താണ് അറിയില്ല അനീതി കണ്ടാൽ അപ്പോൾ ഇടപെട്ടു പോകും ഏട്ടൻ….. ജോലി തേടിയൊന്നു അടുത്തുള്ള നാടുവരെ പോയതാണ് …..യാത്രക്ക് ഇടയ്ക്കു അടുത്ത നാട്ടിൽ ഉള്ള ഏതോ ഒരു ഗുണ്ടയെ കുത്തി ….. അതാണ് കേസ്…..അവൻ ഏതോ പെൺകൊച്ചിനോട് അപമര്യദ ആയി പെരുമാറി അത് ഏട്ടന് അത്രക്കും പിടിച്ചില്ല, കൊടുത്തു അവന്റെ പള്ളക്ക് തന്നെ ഒരെണ്ണം …..

അല്ലങ്കിൽ തന്നെ ഏട്ടനെ കണ്ടാൽ തന്നെ ഇപ്പോൾ എല്ലാവരും ഒന്ന് പേടിക്കും കാരണം നമ്മുടെ സ്പടികത്തിലെ ആടുതോമയെ പോലെയാണ് ഏട്ടനെ കണ്ടാൽ…ഒന്നും കൂസാത്ത ഒരു ഒറ്റ കൊമ്പൻ…… ഏട്ടന്റെ പേര് കേട്ടാൽ ഇപ്പോൾ ഞങ്ങളുടെ ഗ്രാമം വിറക്കും അത് പോലെ വൃത്തികെട്ടവനും തെമ്മാടിയും പിടിച്ചു പറിക്കാരനും ആണെന്നാണ് ആളുകൾ പറയുന്നത്….ഏട്ടന് ഭാര്യ ഇല്ലങ്കിലും രഹസ്യകാരികൾ ഒത്തിരി ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട് ഏട്ടന് മാത്രം അത് ആരാണെന്നു അത്രക്കും അറിവും ഇല്ല ….നമ്മുടെ നാടല്ലേ തിന്നാനും കുടിക്കാനും ഇല്ലങ്കിലും കരകമ്പിക്കു പഞ്ഞം ഉണ്ടാവില്ലല്ലോ …..

നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഏട്ടൻ എന്നെയും മക്കളെയും എല്ലാ മാസവും വന്നു കാണാറുണ്ടായിരുന്നു ….അമ്മ ഞങ്ങളെ വിട്ടു പോയതിനു ശേഷം ഏട്ടൻ മാത്രമേ ഉള്ളു ജീവിതത്തിൽ ബന്ധു ആയിട്ട് …… വീട്ടിൽ വരുന്ന സമയത്തു എനിക്കും മക്കൾക്കും വേണ്ടതൊക്കെ മേടിച്ചു തരും ….അന്നേരം ഞങ്ങളുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണ് എന്നാണ് ഏട്ടൻ പറയുന്നത് ….അത് സത്യവും ആവും കാരണം എന്റെ ഭർത്താവു പിശുക്കൻ ആണ് ….എന്നാലും ജീവിക്കാൻ പഠിച്ചവൻ ആണ് ….നമുക്ക് അത് പോരെ ….

ഇന്ന് ഏട്ടൻ ജയിലിൽ നിന്നും ഇറങ്ങുന്ന ദിവസം ആണ്…..എന്റെ പ്രിയപ്പെട്ട ഏട്ടൻ ഇറങ്ങുമ്പോൾ തന്നെ ഇങ്ങോട്ടു വന്നാൽ മതിയായിരുന്നു …. ഞാൻ ഓരോന്നും ഓർത്തുകൊണ്ട് ഇരുന്നപ്പോൾ ഫോൺ റിങ് അടിച്ചു ….

“” മോളെ പ്രിയേ, ഇത് അച്ചുവേട്ടൻ ആണ് മോളെ….. ഇന്ന് ജയിലിൽ നിന്നും ഇറങ്ങി….വരുന്നുണ്ട് എന്റെ പൊന്നു മക്കളെ കാണാൻ അങ്ങോട്ട്‌ ….മക്കൾക്ക്‌ എന്താടി മേടിക്കണ്ടത് …..എന്തായാലും എനിക്ക് ഇഷ്ടപെട്ട രണ്ടു ഉടുപ്പ് മേടിച്ചോണ്ടു വരാം …. ബാക്കി ഷോപ്പിംഗ് ഒക്കെ അവിടെ വന്നിട്ട് ….””

“” ഒന്നും വേണ്ട അച്ചുവേട്ടൻ പെട്ടന്ന് ഒന്ന് വന്നാൽ മതി “”എന്നുള്ള എന്റെ മറുപടിയിലുള്ള സ്നേഹം മനസിലായപ്പോൾ ഏട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയെന്നു തോന്നുന്നു …. വാക്കുകൾ ഇടറി കൊണ്ട് ഏട്ടൻ പറഞ്ഞു …

“” വരും മോളെ,, ഞാൻ വരും മോളെ, എനിക്ക് എന്റെ മക്കളെ കാണാതെ ഇരിക്കാൻ പറ്റുമോ ….??? എന്നാൽ ഫോൺ വെക്കാൻ പോകുവാ, ഏട്ടന് ഇഷ്ടം ഉള്ള മത്തി കുടം പുളി ഇട്ടു വെച്ചേക്കണം കേട്ടോ ….””

അതും പറഞ്ഞു ചിരിച്ചുകൊണ്ട് ഏട്ടൻ ഫോൺ വെച്ചു ….

രാത്രി ആയിട്ടും അച്ചുവേട്ടനെ കണ്ടില്ല, ഞാൻ 12 മണി വരെ നോക്കി, വരും പറഞ്ഞാൽ വരാതെ ഇരിക്കുന്ന പ്രകൃതം അല്ല അച്ചുവേട്ടന്റേത് …..ഭർത്താവ് എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു …..

“” വല്ല കൂട്ടുകാരേം കണ്ടു കള്ള് കുടിച്ചു ബോധം പോയി കാണും അതായിരിക്കും വരാത്തത്ത് ….””

“” ഇല്ല,, അച്ചുവേട്ടൻ കുടിക്കും, പക്ഷെ പറഞ്ഞ വാക്ക് പാലിക്കും …”” ഞാൻ എന്റെ ഭാഗം അല്പം ദേഷ്യത്തോടെ ഭർത്താവിനെ അറിയിച്ചു ….

“”എന്നാൽ വല്ലവനും പണ്ടുള്ള പകക്കു …..”” അത്രയും പറഞ്ഞു ഭർത്താവ് നിർത്തി

ഞാനും മനസ്സിൽ പറഞ്ഞു എന്റെയും പേടി അത് തന്നെ ആണ്….ഒരുപാട് ശത്രുക്കൾ ഉള്ള മനുഷ്യൻ ആണ് ….ദൈവമേ കാത്തോളണേ …..

ഇനി നോക്കിയിരുപ്പു മതിയെന്നും പറഞ്ഞു ഭർത്താവ് ലൈറ്റ് ഓഫ് ആക്കി …ഞാനും ഭർത്താവിന്റെ അപ്പുറത്തു മനസ്സില്ല മനസ്സോടെ കിടന്നു ….

കിടന്നിട്ടു എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല, അച്ചുവേട്ടനെ കുറിച്ചുള്ള ഓർമ്മകൾ മനസിനെ വേട്ട ആടി കൊണ്ടേ ഇരുന്നു …..രാവിലെ ഞാൻ ഉണർന്നപ്പോൾ തന്നെ വീട്ടിലേക്കൊരു ഫോൺ എത്തി ….

മറുതലക്കൽ ഒരു പോലീസുകാരൻ ആയിരുന്നു ….”” അതെ അച്ചുവിന്റെ സിസ്റ്റർ അല്ലെ, അച്ചുവിന് ഒരു ആക്‌സിഡന്റ്, ഇവിടെ ജനറൽ ആശുപത്രിയിൽ ഉണ്ട്, ഒന്ന് പെട്ടെന്ന് വരണം ….””

ഞാൻ സർവ ജീവനും കയ്യിൽ എടുത്തു ഓടി….. എനിക്ക് ഈ ഭൂമിയിൽ ആകെ ഉള്ളത് അച്ചുവേട്ടൻ ആണ് ….ദൈവമേ എന്റെ ഏട്ടനേയും വിളിച്ചു എന്നെ ഒറ്റയ്ക്ക് ആക്കരുതേ ഞാൻ സർവദൈവങ്ങളോടും പ്രാർത്ഥിച്ചു ….

അവിടെ ചെന്നപ്പോൾ അച്ചുവേട്ടനെ ഓപ്പറേഷൻ തീയേറ്ററിൽ കിടത്തിയേക്കുകയാണ്, ഇപ്പോൾ കാണാൻ പറ്റില്ലായെന്നു ഡോക്ടർ അറിയിച്ചു….പുറത്തു കാവൽ നിൽക്കുമ്പോൾ പോലീസുകാരൻ അങ്ങോട്ട് വന്നു ….

പോലീസുകാരനോട് എന്ത് പറ്റിയതാ എന്ന് സങ്കടത്തോടെ ഞാൻ ചോദിച്ചു ….

“” ഇന്നലെ രാത്രിൽ ആ കുമ്പളങ്ങി പാലത്തിന്റെ അടിയിൽ വച്ചു കുറെ അവന്മാർ ചേർന്ന് ഒരു പെങ്കൊച്ചിന്റെ പീഡിപ്പിക്കാൻ ശ്രമിച്ചു……അത് കണ്ടപ്പോൾ പോയി ആ കൊച്ചിനെ രക്ഷിച്ചത് ആണ് …..അവരിൽ ആരോ തലയ്ക്കു അടിച്ചു, അത് കഴിഞ്ഞു വയറ്റിൽ കുത്തിയിട്ടും ഉണ്ട് ….

അത്രയും ഉപദ്രവം കൊണ്ടിട്ടും ആ കൊച്ചിനേം എടുത്തു ഓടി ഈ മനുഷ്യൻ ഹൈവേ വരെ എത്തി, ദൈവ ഭാഗ്യത്തിന് ഞങ്ങൾ അപ്പോൾ അവിടെ നൈറ്റ് പെട്രോളിങ്ങിന് ഉണ്ടായിരുന്നു …..ബോധം മറയും വരെ വണ്ടിയിൽ കിടന്നു പറയുന്നുണ്ടായിരുന്നു, എന്റെ പ്രിയമോളുടെ മുഖമാണ് ഈ കുഞ്ഞിന്….. അവളെ രക്ഷിക്കണം സാറെ എന്റെ പ്രിയമോളോട് ഇന്ന് ചെല്ലാമെന്നു ഞാൻ വാക്ക് പറഞ്ഞു എനിക്ക് പോകണം സാറേ എന്നൊക്കെ ….. പിന്നെ ഇവിടെ അഡ്മിറ്റ്‌ ആക്കിയപ്പോൾ കിട്ടിയ ഡയറിയിലും ആകെ ഉണ്ടായിരുന്നത് പ്രിയയുടെ നമ്പർ ആയിരുന്നു ….അതാണ് രാവിലെ തന്നെ ഞങ്ങൾ വിളിച്ചത് ….””

പോലീസുകാരൻ കാര്യങ്ങൾ വിശദികരിക്കുന്നതു ചങ്കു പൊട്ടി കേട്ടുകൊണ്ട് ഇരുന്നപ്പോൾ ഡോക്ടർ ഇറങ്ങി വന്നു പറഞ്ഞു …

“”ദൈവത്തിനു നന്ദി പറയു …. ഓപ്പറേഷൻ വിജയമായിരുന്നു….. അയാൾ ജീവിതത്തിലേക്ക് തിരിച്ചു വരും …..””

മുപ്പത്തിമുക്കോടി ദൈവങ്ങൾക്കും നന്ദിയും പറഞ്ഞു ഞാനാ ഡോക്ടറോടും പോലീസുകാരോടും കടപ്പാടും അറിയിച്ചുകൊണ്ട് എന്റെ അച്ചു ഏട്ടനെ കയറി കാണുമ്പോൾ മനസ്സിലോർത്തു ….

അല്ലേലും ഒരുപാട് കുഞ്ഞുങ്ങളുടെ ജീവനും മാനത്തിനും രാത്രിയെന്നോ പകലെന്നോ നോക്കാതെ കാവൽ നിൽക്കാൻ ദൈവത്തിനു ഇത് പോലെ ഒരാളെ ഭൂമിയിൽ വേണമായിരിക്കും ……

ശുഭം

.