മഴനിലാവ് ~അവസാനഭാഗം (08), എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 07 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

ഡാ… നോക്കി നില്ക്കാതെ എനിക്ക് കുറച്ച് വെള്ളം എടുത്തോണ്ട് വാടാ

തന്നെ നോക്കി മിഴിച്ച് നില്ക്കുന്ന ആൽവിനോട് സിജോ ദയനീയതയോടെ പറഞ്ഞു

അമ്പരപ്പ് മാറിയ ആൽവിൻ അടുക്കളയിലേക്കോടി പോയി ജഗ്ഗിൽ വെള്ളവുമെടുത്ത് തിരിച്ച് വന്നപ്പോഴേക്കും സിജോ അനക്കമറ്റ് കട്ടിലിൽ നിന്ന് താഴെ വീണ് കിടക്കുന്നതാണ് കണ്ടത്.

ജഗ്ഗും വെള്ളവും മേശപ്പുറത്ത് വച്ചിട്ട് അവൻ കുനിഞ്ഞ് നിന്ന് ജിജോയെ കുലുക്കി വിളിച്ചു.

യാതൊരു റെസ്പോൺസുമില്ലാതിരുന്നപ്പോൾ, ജഗ്ഗിലെ വെള്ളമെടുത്ത് അയാളുടെ മുഖത്ത് ശക്തമായി തളിച്ചു ,എന്നിട്ടും അനക്കമില്ലാതെ വന്നപ്പോൾ ആൽവിൻ്റെയുള്ളിലൊരു ആശങ്ക തോന്നി.

എന്ത് ചെയ്യണമെന്നറിയാതെ പകച്ച് പോയ അവൻ്റെ മനസ്സിലേക്ക് കഴിഞ്ഞ ദിവസം തൻ്റെ സ്കൂളിൽ വച്ച് നടന്ന പ്രഥമ ശുശ്രൂഷയെക്കുറിച്ചൊരു ഡോക്ടർ നടത്തിയ ക്ളാസ്സിനെക്കുറിച്ച് ഓർമ്മ വന്നു.

നെഞ്ച് വേദനയെ തുടർന്ന് ഹൃദയം നിലച്ച് പോകുന്ന വ്യക്തിയെ ഹോസ്പിറ്റലിലെത്തിക്കുന്നതിന് മുമ്പ് കൊടുക്കേണ്ട ഫസ്റ്റ് എയ്ഡ്, സി പി ആർ ആണെന്നും ,അത് കൊടുക്കേണ്ട വിധവും ആൽവിൻ ഓർത്തെടുത്തു.

അത് ചെയ്യുന്നതിന് മുമ്പ്, മൊബൈലെടുത്തവൻ , നൂറ്റിയെട്ട് ആംബുലൻസ് വിളിച്ചു

ശേഷം, cpr എന്ന പ്രഥമ ശുശ്രൂഷ, വൺബൈ വണ്ണായി ചെയ്യുമ്പോൾ, ദൈവത്തോട് മനസ്സുരുകി പ്രാർത്ഥിക്കാനും അവൻ വന്നില്ല.

എൻ്റെ അമ്മയെ ഇനിയും വേദനിപ്പിക്കല്ലേ കർത്താവേ ..

അപ്പോഴേക്കും പുറത്ത് ആംബുലൻസ് വന്ന് നില്ക്കുന്ന ശബ്ദം മുഴങ്ങി കേട്ടു.

*******

ങ്ഹാ, സിജോ ഇപ്പോഴെങ്ങനുണ്ട്?

റൗണ്ട്സിന് വന്ന ഡോക്ടർ ചോദിച്ചു.

നല്ല കുറവുണ്ട് ഡോക്ടർ ഇപ്പോൾ വേദനയൊക്കെ മാറി താങ്ക്സ് ഡോക്ടർ ,എൻ്റെ ജീവൻ തിരിച്ച് തന്നതിന്

ഹ ഹ ഹ താങ്ക്സ് പറയേണ്ടത് ദൈവത്തോടാണ്, പിന്നെ ദേ ആ നില്ക്കുന്ന നിങ്ങളുടെ മകനോടും, പാതി നിലച്ച നിങ്ങളുടെ ഹൃദയത്തെ, cpr തന്ന് മരണത്തിന് വിട്ട് കൊടുക്കാതെ, ഇവിടെ വരെയെത്തിച്ചത് ആ പതിമൂന്ന്കാരൻ്റെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് ,മക്കളുണ്ടായാൽ മാത്രം പോര, അവരെ കൊണ്ട് ഇത്തരം പ്രയോജനങ്ങളുണ്ടാവുമ്പോഴാണ്, മാതാപിതാക്കളുടെ ജീവിതം ധന്യമാകുന്നത് ,എങ്കിൽ ശരി, ഞാൻ ഡിസ്ചാർജ് ചെയ്യാനുള്ള ഏർപ്പാട് ചെയ്യാം, വൈകുന്നേരം പോകാൻ റെഡിയായിക്കോ

ശരി ഡോക്ടർ…താങ്ക്സ്

അടുത്ത് നിന്ന റോസിലി കൈ കൂപ്പി.

ഞാൻ കാരണം നിനക്കൊന്ന് നന്നായി റസ്റ്റെടുക്കാൻ കഴിഞ്ഞില്ല അല്ലേ റോസ്?

ഓഹ് അത് സാരമില്ല ,എനിക്കിപ്പോൾ വലിയ കുഴപ്പമൊന്നുമില്ല

എന്നാലും വീട്ടിൽ ചെന്നിട്ട് നീ ഒന്നും ചെയ്യാൻ നില്ക്കണ്ട ഇപ്പോൾ നിന്നെ നോക്കാൻ വന്ന ഹോം നഴ്സിനെ നമുക്ക് കുറച്ച് നാള് വീട്ടിൽ നിർത്താം

ങ്ഹാ അതിനെക്കുറിച്ച് പിന്നെ നമുക്കാലോചിക്കാം, ഇപ്പോൾ സിജോ ഈ കാപ്പി കുടിക്ക്

ആൽവിൻ എന്തേലും കഴിച്ചായിരുന്നോ?

ദൂരെ ജനലിനരികിൽ ചെന്ന് പുറത്തേയ്ക്ക് നോക്കി നില്ക്കുന്ന ആൽവിനെ നോക്കി അയാൾ ചോദിച്ചു.

ഇല്ല, അവന് തിരിച്ച് അനാഥാലയത്തിലേക്ക് തന്നെ പോകണമെന്ന്‌ പറഞ്ഞ് നില്ക്കുവാ, നമ്മൾ ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ കൊണ്ട് വിടാമെന്ന് ഞാൻ പറഞ്ഞു

റോസ്, അവനെയൊന്ന് ഇങ്ങോട്ട് വിളിക്ക്

തൻ്റെയടുത്തെത്തിയ ആൽവിൻ്റെ കൈകളിൽ സിജോ മുറുകെ പിടിച്ചു.

ഞാൻ നിന്നോട് ഒരുപാട് അകൽച്ച കാണിച്ചിട്ടുണ്ട് ,അത് നിന്നെ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ടെന്നും എനിക്കറിയാം ,പക്ഷെ നീയെൻ്റെ ആരുമല്ലല്ലോ എന്ന ചിന്ത എൻ്റെ മനസ്സിലുള്ളത് കൊണ്ടായിരുന്നു, ഞാനങ്ങനെയൊക്കെ നിന്നോട് പെരുമാറിയിരുന്നത്, എന്നാലിപ്പോൾ നീയെനിക്ക് റോസിനെക്കാളും പ്രിയപ്പെട്ടവനാണ്, എനിക്കിനി സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും കർത്താവ് മകനായി തന്നത് നിന്നെ മാത്രമാണ് ,നീയിപ്പോൾ അനാഥനല്ല ,നിനക്ക് അമ്മയും അച്ഛനുമുണ്ട്, അത് കൊണ്ട് ഞങ്ങളുടെ മരണം വരെ നീ ഞങ്ങളോടൊപ്പം തന്നെയുണ്ടാവണം ,നിന്നെ വേദനിപ്പിച്ച എൻ്റെ എല്ലാപ്രവൃത്തികൾക്കും ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു സോറി

വേണ്ടച്ഛാ .. അച്ഛൻ എന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ഞാനങ്ങയെ വെറുത്തിട്ടില്ല കാരണം എൻ്റെ അച്ഛനാണെന്ന് പറഞ്ഞ് അമ്മ ചൂണ്ടിക്കാണിച്ച് തന്നത് നിങ്ങളെയാണ് ,അത് കൊണ്ടാണ് അങ്ങയെ ഞാനിപ്പോൾ അച്ഛനെന്ന് അറപ്പില്ലാതെ വിളിച്ചത് , എല്ലാ കുട്ടികളും അവരുടെ അമ്മമാരെ ഗർഭത്തിൽ വച്ച് തന്നെ തിരിച്ചറിയുന്നുണ്ടെങ്കിലും അച്ഛനെന്ന് വിശ്വസിക്കുന്നതും വിളിച്ച് തുടങ്ങുന്നതും അമ്മ കാണിച്ച് കൊടുക്കുന്നൊരു വ്യക്തിയെയായിരിക്കും, അത് അമ്മയെന്ന കാണപ്പെട്ട ദൈവത്തിലുള്ള വിശ്വാസമാണ്, എൻ്റെ അമ്മയെ ഞാൻ ദൈവത്തിനൊപ്പം കാണുന്ന കാലത്തോളം, അങ്ങ് തന്നെയാണ്എൻ്റെ അച്ഛൻ

ആൽവിൻ്റെ വാക്കുകൾ സിജോയുടെ ഹൃദയം നിറച്ചു.

*********

രാമേട്ടനൊടൊപ്പം ചെടികൾ നനച്ച് കൊണ്ടിരുന്ന റോസിലി, ഗേറ്റ് ‌ കടന്ന് ഒരു പോലീസ് ജീപ്പ് കടന്ന് വരുന്നത് കണ്ട് പകച്ച് പോയി.

ഇത് സിജോ മാത്യുവിൻ്റെ വീടല്ലേ?

ജീപ്പിൻ്റെ മുൻ സീറ്റിൽ നിന്നിറങ്ങിയ എസ് ഐ ചോദിച്ചു.

അതെ സാർ, എന്താ സാർ കാര്യം?

റോസിലി ഭീതിയോടെ ചോദിച്ചു.

നിങ്ങളയാളെ വിളിക്ക് എന്നിട്ട് പറയാം

റോസിലി അകത്ത് പോയി സിജോയെ കുട്ടിക്കൊണ്ട് വന്നു.

എന്താ സാർ ,എന്തിനാ അന്വേഷിച്ചത്?

ഗ്രേസിനെയും ,റോബിനെയും വെട്ടി കൊലപ്പെടുത്തിയ കൊട്ടേഷൻ സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു, അവരെ ചോദ്യം ചെയ്തതിൽ നിന്നും ,നിങ്ങളാണ് അതിനായി കൊട്ടേഷൻ കൊടുത്തതെന്ന് അറിയാൻ കഴിഞ്ഞു ,അത് കൊണ്ട്, നിങ്ങളെ ചോദ്യംചെയ്യുന്നതിന് വേണ്ടി, കസ്റ്റഡിയിലെടുക്കാൻ വന്നതാണ് ഞങ്ങൾ, താങ്കൾ ജീപ്പിലോട്ടൊന്ന് കയറിക്കേ, ബാക്കിയൊക്കെ സ്‌റ്റേഷനിൽ ചെന്നിട്ട്

അത് കേട്ട റോസിലി, ഞെട്ടിത്തരിച്ച് പോയി.

എന്താ സിജോയിത്? സത്യമാണോ ഇവര് പറയുന്നത്?

അതൊക്കെ കോടതിയിൽ തെളിയിക്കേണ്ട കാര്യമല്ലേ? തല്ക്കാലം ഞാനിവരോടൊപ്പം പോകുവാണ്, നീ നമ്മുടെ വക്കീലിനെ വിളിച്ചിട്ട് സ്റ്റേഷനിലോട്ട് വരാൻ പറഞ്ഞാൽ മതി, ബാക്കി വക്കീല് നോക്കിക്കൊള്ളും

അതും പറഞ്ഞ് ,യാതൊരു കൂസലുമില്ലാതെ സിജോ,ജീപ്പിലേക്ക് കയറുന്നത് കണ്ടപ്പോൾ റോസിലിക്കറിയാമായിരുന്നു അയാൾ പക വീട്ടിയതാണെന്ന്.

അവസാനിച്ചു.

NB :- ഈ കഥയുടെ ഒന്നാം ഭാഗം ഇവിടെ അവസാനിക്കുകയാണ്, ഇതിൻ്റെ രണ്ടാം ഭാഗം മറ്റൊരു കഥയിലൂടെ പറയാൻ ഞാൻ വീണ്ടും വരും ,അത് വരെ ഒരു നീണ്ട ഇടവേള…