മഴനിലാവ് ~ ഭാഗം 06, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 05 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

രാമേട്ടൻ തനിച്ചാണ്, എയർപോർട്ടിലേക്ക് പോയത്

റോസിലിയോട് അത്ര ദൂരം യാത്ര ചെയ്യേണ്ടെന്ന് സിജോ പറഞ്ഞിരുന്നു.

കുറച്ച് മുൻപ് വിളിച്ചപ്പോൾ ഉടനെയെത്തുമെന്ന് സിജോ പറഞ്ഞത് കൊണ്ട് റോസിലിയും ആൽവിനും കൂടി സിറ്റൗട്ടിൽ വന്ന് ഗേറ്റിലേക്ക് കണ്ണും നട്ടിരുന്നു

അല്പം കഴിഞ്ഞ് കറുത്ത ബെൻസ് കാർ ,ഗേറ്റിന് മുന്നിൽ വന്ന് ഹോണടിച്ചു, ആൽവിൻ സന്തോഷത്തോടെ ഓടിച്ചെന്ന് ഗേറ്റ് മലർക്കെ തുറന്നു.

കാറ് വിശാലമായ പോർച്ചിലേക്ക് വന്ന് നിന്നപ്പോൾ, സിജോ ഡോറ് തുറന്ന് ഇറങ്ങി വന്നു

ഗുഡ് മോർണിങ്ങ് ഡിയർ, നല്ല ക്ഷീണമുണ്ടല്ലോ? ഒമിറ്റിങ്ങ് അധികമുണ്ടോ?

മുഖത്ത് നിറഞ്ഞ ചിരിയോടെ സിജോ റോസിലിയോട് ചോദിച്ചു.

ഹേയ് വെറുതെ തോന്നുന്നതാ യാത്രയൊക്കെ സുഖമായിരുന്നോ?

ഉം ബിസിനസ്സ് ക്ളാസ്സായിരുന്നത് കൊണ്ട് ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു പക്ഷേ , ഞാനാകെ എക്സൈറ്റഡായിരുന്നത് കൊണ്ട് വിമാനത്തിന് സ്പീഡ് പോരെന്ന് തോന്നി

ദേ ആൽവിനെ കണ്ടില്ലേ ?അവനോടൊന്നും ചോദിച്ചില്ലല്ലോ?

റോസിലി പരിഭവത്തോടെ പറഞ്ഞു

ങ്ഹാ കണ്ടു,നീയകത്തോട്ടൊന്ന് വന്നേ, എനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്

അവളെ ക്ഷണിച്ചിട്ട് അയാൾ ധൃതിയിൽ അകത്തേയ്ക്ക് കയറി പോയി

വാടിയ മുഖവുമായി മുറ്റത്ത് നില്ക്കുന്ന ആൽവിനെ കണ്ടപ്പോൾ റോസിലിയുടെ ഹൃദയം നുറുങ്ങി

മോൻ രാമേട്ടൻ്റെ കയ്യിൽ നിന്നും ആ ബാഗ് വാങ്ങി അകത്തോട്ട് വയ്ക്ക്, അമ്മ ഇപ്പോൾ വരാം

അവനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ അവൾ വേഗം മുറിയിലേക്ക് പോയി .

റോസിലി അകത്തേയ്ക്ക് കയറി വന്നപ്പോൾ, സിജോ അവളുടെ നി തംബത്തിന് താഴെ കൈകൾ ചുറ്റിപ്പിടിച്ച് കൊണ്ട് മുകളിലേക്ക് ഉയർത്തി വട്ടംചുറ്റി.

അയ്യോ സിജോ എന്നെ വിടു ,എന്താ ഈ കാണിക്കുന്നത് ,ആൽവിനെങ്ങാനും കണ്ടാൽ എന്ത് നാണക്കേടാണ്, എന്നെയൊന്ന് താഴെ നിർത്ത് സിജോ

പെട്ടെന്നയാൾ, അവളെ താഴെ നിർത്തി.

കണ്ടോ?ഇത് കൊണ്ടാണ് ഞാൻ പറഞ്ഞത്, ആൽവിൻ നമ്മുടെ സ്വകാര്യതയ്ക്ക് ഒരു വിലങ്ങ് തടിയാണെന്ന്, അവൻ ആ അനാഥാലയത്തിൽ തന്നെ നില്ക്കില്ലായിരുന്നോ?

അയാൾ നീരസത്തോടെ ചോദിച്ചു.

വേണ്ട സിജോ, അവൻ അനാഥനല്ല, അച്ഛൻ മാത്രമേ അവനെ ഉപേക്ഷിച്ച് പോയിട്ടുള്ളു, അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, എൻ്റെ ഗതികേട് കൊണ്ടായിരുന്നു, ഞാനവനെ ഇത്രയും നാൾ അനാഥാലയത്തിൽ നിർത്തിയത്, ഇനി മുതൽ അവൻ ,എന്നോടൊപ്പം ഇവിടെ തന്നെയുണ്ടാവും

ഓഹോ, അപ്പോൾ നിനക്ക് എന്നെക്കാളും വലുത് അവനാണല്ലേ?

ഛെ! ഇങ്ങനെ കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കല്ലേ സിജോ, അവനെ ഞാൻ നൊന്ത് പ്രസവിച്ചതല്ലേ? എനിക്കവനെ സ്നേഹിക്കാതിരിക്കാൻ കഴിയുമോ ?

മ്ഹും ,സ്നേഹിച്ചോ, സ്നേഹിച്ചോ കുറച്ച് നാള് കൂടി കഴിയുമ്പോൾ എൻ്റെ കുഞ്ഞിനെയും നീ നൊന്താണ് പ്രസവിക്കുന്നത് ,അപ്പോൾ നീ ആരെയാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് എനിക്കൊന്ന് കാണണം

എൻ്റെ കുഞ്ഞെന്ന് പറയല്ലേ സിജോ, നമ്മുടെ കുഞ്ഞാണ് എൻ്റെ വയറ്റിൽ വളരുന്നത്, രണ്ട് പേരും എനിക്കൊരു പോലെ തന്നെയാണ്

അമ്മേ.. എനിക്ക് വിശക്കുന്നു,

മുറിക്ക് പുറത്ത് നിന്ന് ആൽവിൻ്റെ വിളി കേട്ടു .

ദേ അവന് വിശക്കുന്നുണ്ട് ,സിജോ വേഗം ഫ്രഷായിട്ട് വാ നമുക്കൊരുമിച്ച് കഴിക്കാം

നീ ചെന്ന് അവന് വേണ്ടത് കൊടുക്ക്, എനിക്കിപ്പോൾ വിശപ്പില്ല

സിജോ അമർഷത്തോടെ പറഞ്ഞിട്ട്, ടവ്വലെടുത്ത് കൊണ്ട് ബാത്റൂമിലേക്ക് കയറി.

അയാൾ ആൽവിനോട് കാണിക്കുന്ന വേർതിരിവിൽ റോസിലി അസ്വസ്ഥയായിരുന്നു.

അമ്മേ … എന്നെ തിരിച്ച് അനാഥാലയത്തിൽ തന്നെ കൊണ്ട് വിട്ടേക്ക്

ഇടിയപ്പവും ചിക്കൻ കറിയും വിളമ്പി കൊടുക്കുമ്പോൾ ആൽവിൻ പറഞ്ഞത് കേട്ട് റോസിലി അമ്പരന്നു.

എന്താ മോനേ നീയങ്ങനെ പറഞ്ഞത് നിനക്കിവിടെ ഇഷ്ടമായില്ലേ?

അയാൾക്കെന്നെ ഇഷ്ടമല്ലല്ലോ? പിന്നെന്തിനാ ഞാനിവിടെ നില്ക്കുന്നത്

അയാളോ? അച്ഛനെയാണോ നീ അയാളെന്ന് പറഞ്ഞത്

റോസിലി അവനോട് ദേഷ്യത്തിൽ ചോദിച്ചു .

അമ്മ ചൂടാവണ്ട, എനിക്കറിയാം അയാളെൻ്റെ അച്ഛനല്ലെന്ന്, എന്തിനാണമ്മേ എന്നോട് കള്ളം പറഞ്ഞത് , ഞാൻ ബാഗ് വയ്ക്കാൻ അങ്ങോട്ട് വന്നപ്പോൾ നിങ്ങൾ സംസാരിച്ചത് മുഴുവൻ ഞാൻ കേട്ടായിരുന്നു

അത് കേട്ട് റോസിലി ചൂളിപോയി .

മോന് അമ്മയോട് ദേഷ്യം തോന്നരുത്, മോൻ വിഷമിക്കരുതെന്ന് കരുതിയാണ്, നിന്നോടിത് വരെ അമ്മ ഒന്നും പറയാതിരുന്നത് ,നിൻ്റെ അച്ഛൻ മോൻ്റെ ചെറുപ്പത്തിൽ നമ്മളെ ഉപേക്ഷിച്ച് പോയതാണ്, പിന്നെ ഇത്ര കാലമായിട്ടും വന്നിട്ടില്ല, ഇപ്പോൾ നമുക്ക് ഈ വീടും കാറുമൊക്കെ തന്നത്, മോനിപ്പോൾ തള്ളി പറഞ്ഞ ആ മനുഷ്യനാണ്, അല്ലായിരുന്നെങ്കിൽ നമുക്കീ സൗഭാഗ്യങ്ങളൊന്നും ഒരിക്കലും കിട്ടില്ലായിരുന്നു, മോന് പഠിച്ച് വലിയ ഡോക്ടറാകണമെന്നല്ലേ ആഗ്രഹം ?അതിനൊത്തിരി കാശ് വേണ്ടേ? അമ്മയെന്നും കൂലിവേല ചെയ്ത് നടന്നാൽ ,നിന്നെ പഠിപ്പിക്കാനും ഡോക്ടറാക്കാനുമൊന്നും അമ്മയ്ക്ക് കഴിയില്ല, നമ്മൾ ഒരിക്കലും രക്ഷപെടുകയുമില്ല, ഇപ്പോൾ കർത്താവ് നമുക്കൊരു വഴികാട്ടി തന്നതാണ് ,മോനോട് അദ്ദേഹത്തിന് ദേഷ്യമൊന്നുമില്ല, അദ്ദേഹം ഒരു പ്രത്യേക സ്വഭാവക്കാരനാ ,ആരോടും പെട്ടെന്ന് ഇണങ്ങില്ല, കുറച്ച് ദിവസം കഴിയുമ്പോൾ എല്ലാം ശരിയാകും ,മോനിപ്പോൾ അതൊന്നുമാലോചിച്ച് തല പുണ്ണാക്കണ്ട ,വേഗം വയറ് നിറച്ച് കഴിച്ചിട്ട് ,രാമേട്ടനൊപ്പം മാർക്കറ്റിലൊക്കെ പോയി കറങ്ങിയിട്ട് വാ ,അപ്പോൾ മനസ്സിലുള്ള വേണ്ടാത്ത ചിന്തകളൊക്കെ അകന്ന് പൊയ്ക്കൊള്ളും

റോസിലി മകൻ്റെ തലയിൽ അരുമയായി തഴുകി .

ദിവസങ്ങൾ കടന്ന് പോയി .

സിജോ ഗൾഫിൽ നിന്ന് തിരിച്ച് വന്നിട്ട് ഒരു മാസമാകുന്നു

അവിടുത്തെ ബിസിനസ്സൊക്കെ ഓൺലൈനിലൂടെയാണ് അയാൾ നിയന്ത്രിക്കുന്നത്

ഒരു ദിവസം രാവിലെ എവിടേക്കോ പോയ സിജോ സന്ധ്യ കഴിഞ്ഞാണ് തിരിച്ച് വന്നത്

എവിടെയായിരുന്നു ഇത്ര നേരം?

റോസിലി ഉത്ക്കണ്ഠയോടെ ചോദിച്ചു.

ഞാൻ കോട്ടയം വരെ ഒന്ന് പോയതാ

കോട്ടയത്തോ എന്തിന് ?

ജോസുട്ടിയെ കാണാൻ

അത് കേട്ട് റോസിലി നടുങ്ങിപ്പോയി

എന്താ സിജോ എന്തിനാ അയാളെ ഇപ്പോൾ കാണുന്നത് ?

അയാളെ ഞാനായിട്ട് കാണാൻ പോയതല്ല അയാൾക്കെന്നെ കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ പോയതാ

അതിന് നിങ്ങളെ അയാൾക്കെങ്ങനെ അറിയാം ?

അന്ന് നമ്മളൊരുമിച്ച് ബാങ്കിൽ പോയി അയാളുടെ അക്കൗണ്ടിലേക്ക് കുറച്ച് രൂപ എൻ്റെ അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്തില്ലേ? അതിന് ശേഷം ഒരു ദിവസം അയാളെന്നെ ഫോണിൽ വിളിച്ച് ഒത്തിരി നന്ദി പറഞ്ഞിരുന്നു, തനിക്ക് അത്രയും വലിയൊരു എമൗണ്ട് തന്ന് സഹായിച്ചതാരാണെന്ന് ബാങ്കിൽ വിളിച്ചന്വേഷിച്ചിട്ടാണ് അവിടുന്നെൻ്റെ ഫോൺ നമ്പർ അയാൾക്ക് കിട്ടിയതെന്ന് പറഞ്ഞു. അതിന് ശേഷം പിന്നെ ഇന്നലെ രാത്രിയിൽ അയാൾ വീണ്ടും വിളിച്ചിട്ട് ഹോസ്പിറ്റലിലേക്ക് ഒന്ന് ചെല്ലണമെന്നും പ്രധാനപ്പെട്ട എന്തോ കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞു അങ്ങനെയാണ് ഞാൻ രാവിലെ അങ്ങോട്ട് പോയത്

എന്നിട്ട് അയാളെന്താ പറഞ്ഞത് ?

റോസിലി ,ജിജ്ഞാസയോടെ ചോദിച്ചു.

നിങ്ങളുടെ ഇടവകയിലെ വികാരിയച്ചൻ, അയാളെ കാണാൻ കഴിഞ്ഞ ദിവസം അവിടെ ചെന്നിരുന്നു, അദ്ദേഹം ,നീയും ആൽവിനുമിപ്പോൾ എൻ്റെ കൂടെയാണെന്ന് പറഞ്ഞെന്നും അത് കൊണ്ട് അയാൾക്ക് നിങ്ങളെയൊന്ന് കാണണമെന്ന് പറയാനുമാണ് എന്നെ വിളിപ്പിച്ചത്

എന്നിട്ട് സിജോ അയാളോടെന്ത് പറഞ്ഞു?

ഞാൻ പറഞ്ഞു, റോസിലി ഇപ്പോൾ എൻ്റെ കുഞ്ഞിൻ്റെ അമ്മയാണെന്നും അവളെ കാണാൻ നിങ്ങൾ ശ്രമിക്കേണ്ടെന്നും പറഞ്ഞു

നന്നായി അങ്ങനെ തന്നെ പറയണമായിരുന്നു, രോഗിയായി തീർന്നപ്പോൾ, കാമുകി വഴിയിലുപേക്ഷിച്ചപ്പോഴല്ലേ? എന്നെയും മോനേയും അയാൾക്കോർമ്മ വന്നത്?സിജോ നല്ല ചുട്ട മറുപടി തന്നെയാണ് കൊടുത്തത്

പക്ഷേ ,ആൽവിൻ അയാളുടെ ചോരയാണെന്നും അവനെയെങ്കിലും തനിക്ക് വിട്ട് തന്നു കൂടെ എന്നയാൾ ചോദിച്ചു.

എന്നിട്ട്?അവനെയും വിട്ട് കൊടുക്കില്ലെന്ന് സിജോ അയാളുടെ മുഖത്ത് നോക്കി പറഞ്ഞില്ലേ?

അതെനിക്ക് പറയാൻ കഴിയുമോ? അയാളുടെ മകനെ അയാൾക്ക് തന്നെ കൊടുക്കുന്നതല്ലേ നല്ലത്?

ഇല്ലാ .. ഇല്ല സിജോ, എൻ്റെ മോനെ ഞാനാർക്കും കൊടുക്കില്ല ,അവനെൻ്റെയാണ്, എൻ്റെ മാത്രം

പക്ഷേ അവൻ എൻ്റെയാരുമല്ലല്ലോ? പിന്നെ ഞാനെന്തിനാണ് അവനെ വളർത്തുന്നത്…?

സിജോ….

അയാളുടെ ഭാവമാറ്റം റോസിലിയെ ഞെട്ടിച്ചു.

തുടരും…