മഴവില്ല് ~ ഭാഗം 07, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 06 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

അമ്മേ…അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ട്

അടുക്കളയിൽ മെഴുക്കിനുള്ള പയറ് നുറുക്കുകയായിരുന്ന സുമതി, ഗിരിയുടെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി.

എന്താ മോനേ പറയ്?

അതമ്മേ… എനിക്ക് പറയാനുള്ളത് പാറൂൻ്റെ കാര്യമാണ്

ങ്ഹാ, അവളുടെ കല്യാണക്കാര്യമല്ലേ?

അതേ അമ്മേ.. അമ്മയ്ക്കെങ്ങനെ മനസ്സിലായി?

അതിന്നലെ, മനു എന്നോട് വന്ന് പറഞ്ഞായിരുന്നു, എൻ്റെ സമ്മതം കിട്ടിയപ്പോൾ, നിന്നോടും കൂടി പറയണമെന്ന് പറഞ്ഞാണ്, ഇന്നലെ എൻ്റെയടുത്തുന്ന് അവൻ പോയത്, പക്ഷേ നിൻ്റെ അമ്മാവനെ കൊണ്ട് സമ്മതിപ്പിക്കുന്നതാണ് പ്രയാസം, പണ്ട് നിനക്ക് വേണ്ടി ആലോചി ച്ചപ്പോൾ, അവനെതിര് പറഞ്ഞത് കൊണ്ടാണ്, അന്നത് നടക്കാതെ പോയത് ,

അമ്മയെന്തൊക്കെയാണ് ഈ പറയുന്നത് ,എനിക്കൊന്നും മനസ്സിലാകുന്നില്ല

ശ്ശെടാ … മനുവിൻ്റെയും പാറുൻ്റെയും വിവാഹ കാര്യമല്ലേ നീ പറഞ്ഞത് ,അത് തന്നെയാ ഞാനും പറഞ്ഞോണ്ടിരിക്കുന്നത്, അവന് പാറുനെ കല്യാണം കഴിക്കണമെന്നുണ്ട്, അതിന് ഞാൻ തന്നെ നിങ്ങടെ അമ്മാവനെ കൊണ്ട് സമ്മതിപ്പിക്കണമെന്നാണ് അവനിന്നലെ എന്നോടാവശ്യപ്പെട്ടത്

അമ്മ പറഞ്ഞത് കേട്ട് ,ഗിരി സ്തബ്ധനായി പോയി, അതോടെ താൻ പറയാൻ വന്ന കാര്യം ഗിരി മനസ്സിലൊതുക്കി.

അല്ലമ്മേ … അതിന് പാറുവിൻ്റെ ഇഷ്ടംകൂടി ,നമ്മൾ ചോദിച്ചറിയണ്ടേ?

ഓഹ്, എന്നാത്തിനാ ,അവൾക്ക് നൂറ് വെട്ടം സമ്മതമായിരിക്കും

എങ്കിലും, അവളോടൊന്ന് ചോദിക്കുന്നതായിരുന്നു,അതിൻ്റെ മര്യാദ

എൻ്റെ ഗിരീ..അതിന് അവൾ നമ്മുടെ കുട്ടിയല്ലേ? അന്യയൊന്നുമല്ലല്ലോ ?ആദ്യം അവളുടെ അച്ഛനെക്കൊണ്ടൊന്ന് സമ്മതിപ്പിക്കാൻ പറ്റുമോന്ന്, ഞാനൊന്ന് നോക്കട്ടെ

തൻ്റെ ആൺമക്കളിൽ ആരെങ്കിലും ഒരാൾ ,പാർവ്വതിയെ വിവാഹം കഴിക്കണമെന്നേ അവർക്കാഗ്രഹമുണ്ടായിരുന്നുള്ളു,അത് മറ്റൊന്നുമല്ല, പിഡബ്ല്യു കോൺട്രാക്ടറായ സുധാകരന്, പാർവ്വതി എന്ന ഒറ്റ മകളേയുള്ളു, സുധാകരൻ്റെ കണക്കില്ലാത്ത സ്വത്തിൻ്റെ ഏക അവകാശിയാണവൾ, ആ സ്വത്തുക്കൾ പുറത്ത് അന്യാനായ മറ്റൊരുത്തൻ കൊണ്ട് പോകാതെ, തൻ്റെ കുടുംബത്തിലേക്ക് വന്ന് ചേരണമെന്നായിരുന്നു, സുമതിയുടെ അത്യാഗ്രഹം, അതിനവർ ആദ്യം ലക്ഷ്യമിട്ടത്, ഗിരിയെ ആയിരുന്നെങ്കിലും, രണ്ടാം കെട്ടുകാരനായ അവനെ സുധാകരൻ അംഗീകരിക്കാൻ സാധ്യത കുറവാണെന്ന് തോന്നിയത് കൊണ്ടാണ്, മനുവിൻ്റെ ആഗ്രഹം തന്നെ നടക്കട്ടെയെന്ന്, അവർ ഉറപ്പിച്ചത് ,രണ്ടായാലും സ്വത്തുക്കൾ വന്ന് ചേരുന്നത് പൊന്നേഴത്ത് തറവാട്ടിലേക്ക് തന്നെയല്ലേ ?എന്നവർ കണക്ക് കൂട്ടി .

ഇനി അമ്മയോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് ഗിരിക്ക് മനസ്സിലായി, താനും പാറുവുമായി അരുതാത്തത് സംഭവിച്ചിട്ടുണ്ടെന്ന്, അമ്മയുടെ മുഖത്ത് നോക്കി പറയാൻ ,അയാൾക്ക് മടി തോന്നി, പക്ഷേ, ഈ വിവാഹം തടയേണ്ടത് തൻ്റെ കടമായാണെന്നും, അതിന് മനുവിനോട് കാര്യങ്ങൾ തുറന്ന് പറയാമെന്നും, അയാൾ കരുതി ,

ഇന്നലെ താൻ പാറുവിൻ്റെയടുത്ത് ചെന്നത് ,തൻ്റെ തെറ്റിന് മാപ്പ് ചോദിക്കാനും, താനവളെ വിവാഹം കഴിക്കാമെന്ന് പറയാനുമായിരുന്നു, പക്ഷേ ആ സമയത്താണ്, മനു ,ഓഫീസിൽ നിന്ന് വന്നതും, വിശേഷങ്ങൾ പറഞ്ഞ് കൊണ്ട് തൻ്റെയും ,പാറുവിൻ്റെയും ഇടയിലേക്ക് ഒരു കട്ടുറുമ്പിനെ പോലെ കയറി വന്നതും,

അതോടെ ആ ഫ്ളോ അങ്ങ് പോയി, അങ്ങനെയാണിന്ന്, തനിക്ക് പാറുവിനെ കല്യാണം കഴിക്കാനുള്ള താല്പര്യം അറിയിക്കാമെന്ന് കരുതി, അമ്മയുടെയടുത്തേക്ക് വന്നത്, പാറുവിനോട് പിന്നീട് പറഞ്ഞാൽ മതിയെന്നോർത്തു ,പക്ഷേ മനു തന്നെ, ഓവർ ടേക്ക് ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല,

വൈകുന്നേരം, മനു ഒാഫീസിൽ നിന്ന് വന്നപ്പോൾ, ഗിരി അയാളുടെ മുറിയിലേക്ക് ചെന്നു.

മനൂ ,എനിക്ക് നിന്നോട് സീരിയസ്സായിട്ടൊരു കാര്യം പറയാനുണ്ട്

ഉം .. അമ്മ എല്ലാം ചേട്ടനോട് പറഞ്ഞല്ലേ?

അതെ, അതിനെക്കുറിച്ച് പറയാൻ തന്നെയാണ് ഞാൻ വന്നത്

മദ്യലഹരിയിൽ, താനറിയാതെ പാർവ്വതിയോട് തെറ്റ് ചെയ്ത് പോയ കാര്യം, ഗിരി മനുവിനോട് പറഞ്ഞു.

ഹ ഹ ഹ

അത് കേട്ട് മനു ആദ്യം പൊട്ടിച്ചിരിച്ചു.

എൻ്റെ ചേട്ടാ … നിങ്ങൾക്ക് നാണമില്ലേ? ഇത്തരം തറ വേലകളും കൊണ്ട് ഇനിയും എൻ്റെയടുത്തേക്ക് വരാൻ, ഇതൊക്കെ കേട്ടയുടനെ വിശ്വസിക്കാൻ ഞാനിപ്പോൾ പഴയ ആ മനുവല്ല, പണ്ട് ഞാൻ നിങ്ങള് പറഞ്ഞത് മുഴുവൻ കണ്ണടച്ച് വിശ്വസിച്ചിട്ടുണ്ട് ,പക്ഷേ നിങ്ങളിലുള്ള എൻ്റെ വിശ്വാസത്തെ നിങ്ങൾ മാക്സിമം മുതലെടുക്കുകയായിരുന്നു എന്ന്, എനിക്ക് മനസ്സിലായത് ,സിതാരയെ നിങ്ങൾ എന്നിൽ നിന്ന് തട്ടിയെടുത്തപ്പോഴായിരുന്നു

മനൂ.. നീയെന്തൊക്കെയാ പറയുന്നത്, നീ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുവാണ്

ഇല്ല, എൻ്റെ ധാരണകളൊക്കെ സത്യമായിരുന്നു ,പഴയ കാര്യങ്ങളൊക്കെ നിങ്ങൾക്കോർമ്മയുണ്ടോ? അന്ന് എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു, അവളോടത് തുറന്ന് പറയാൻ എനിക്ക് മടിയായത് കൊണ്ട് ,എൻ്റെ ദൂതനായാണ് ഞാൻ നിങ്ങളെ സിതാരയുടെ അരികിലേക്ക് വിട്ടത് ,പക്ഷേ അവളെ കാണാൻ പോയി തിരിച്ച് വന്ന നിങ്ങൾ, അന്നും ഇത് പോലൊരു കല്ല് വച്ച നുണ ,എന്നോട് പറഞ്ഞിരുന്നു, നിങ്ങളും സിതാരയും കോളേജ് മേറ്റായിരുന്നെന്നും ,അവളുമായി നിങ്ങൾക്ക് അരുതാത്ത ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, അതുകൊണ്ട് നീയിതിൽ നിന്ന് പിന്മാറണമെന്നും പറഞ്ഞ്, എൻ്റെ മനസ്സ് മാറ്റിയിട്ട് ,കുറെ നാളുകൾ കഴിഞ്ഞപ്പോൾ, ആ സിതാരയെ നിങ്ങൾ തന്നെ വിവാഹം കഴിക്കുകയും ചെയ്തു ,നിങ്ങളുടെ ഉള്ളിലൊരു കൗശലക്കാരനുണ്ടെന്ന് , അന്നെനിക്ക് മനസ്സിലായതാണ്, അത് കൊണ്ട് ,ഞാൻ കാര്യമായിട്ട് പറയുവാ, പാർവതിയ എനിക്ക് വേണം, അവളെ സ്വന്തമാക്കാൻ ഞാനേതറ്റം വരെയും പോകും

അത് പറയുമ്പോഴുള്ള മനുവിൻ്റെ കണ്ണുകളിലെ തീക്ഷ്ണത ഗിരിയെ ഭയപ്പെടുത്തി

ഒരു വെല്ല് വിളി പോലെ മനുവത് പറഞ്ഞപ്പോൾ തന്നെയവൻ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് ഗിരിക്ക് മനസ്സിലായി.

നിരാശയോടെ ഗിരി തൻ്റെ മുറിയിലേക്ക് മടങ്ങിയെങ്കിലും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ബാക്കിയാവുകയിയിരുന്നു

പാറു, ഇതിന് സമ്മതിക്കുമോ ?

അവളോട് തന്നെയത്, നേരിട്ട് ചോദിക്കാൻ ഗിരി തീരുമാനിച്ചു.

അവളെ തനിച്ചൊന്ന് മീറ്റ് ചെയ്യാൻ, അയാൾ കാത്തിരുന്നു.

ഒടുവിൽ പിറ്റെ ദിവസം, കല്യാണാലോചനയുമായി , സുമതി അമ്മാവൻ്റെ വീട്ടിലേക്ക് പോയ തക്കം നോക്കി ,ഗിരി പാർവ്വതിയെ സമീപിച്ചു.

നീയും കൂടി അറിഞ്ഞിട്ടാണോ? അമ്മയും മനുവും കൂടി നിൻ്റെ കല്യാണക്കാര്യം ആലോചിക്കുന്നത്?

മുഖവുരയില്ലാതെ ,ഗിരി അവളോട് ചോദിച്ചു.

അതെ..

ങ്ഹേ…

പാർവ്വതിയുടെ കൂസലില്ലാതെയുള്ള മറുപടി കേട്ട് ഗിരി അമ്പരന്നു.

അപ്പോൾ അവനുമായുള്ള വിവാഹത്തിന് നിനക്ക് സമ്മതമാണോ?

അതെ.. ഞാൻ സമ്മതിച്ചിട്ടാണ്, മനുവേട്ടൻ അമ്മയോട് പറഞ്ഞത്

ഉറച്ച ശബ്ദത്തിൽ, പാർവ്വതി പറഞ്ഞത് കേട്ട് ,ഗിരി ഞെട്ടിത്തെറിച്ച് പോയി .

തുടരും