അഞ്ചുകല്ല് മൂക്കുത്തി ❤❤
Story written by BINDHYA BALAN
“ഈ കല്യാണത്തിന് തനിക്ക് ശരിക്കും ഇഷ്ടം ഉണ്ടോ ..തന്റെ മുഖം കണ്ടിട്ട് അങ്ങനെ അല്ലാന്ന് തോന്നുന്നു….. കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു “
സുഹൃത്തിന്റെ അളിയന്റെ അനിയന്റെ വിവാഹനിശ്ചയ ചടങ്ങിന് പോയതായിരുന്നു ഞാൻ. അവിടെ ചെന്ന്, മോതിരം മാറ്റമൊക്കെ കഴിഞ്ഞു കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് ഞാൻ ആ പെൺകുട്ടിയെ കൂടുതൽ ശ്രദ്ധിച്ചത്, കല്യാണപ്പെണ്ണിനെ. അവളുടെ മുഖത്തെന്തോ ഒരു വല്ലായ്മയുണ്ടെന്ന് തോന്നിയതപ്പോഴാണ്. അത് കൊണ്ട് തന്നെയാണ് ഇടയ്ക്ക് അവൾ തനിച്ചു നിൽക്കുന്നത് കണ്ട് അടുത്ത് ചെന്ന് ഞാൻ ചോദിച്ചത്. എന്റെ ചോദ്യം കേട്ട് എന്നെ തറപ്പിച്ചൊന്നു നോക്കിയിട്ട് അവൾ തിരിച്ചു ചോദിച്ചു
“എനിക്ക് അങ്ങനെയെന്തെങ്കിലും ഇഷ്ട്ടകുറവ് ഉണ്ടെന്ന് തന്നോട് ആര് പറഞ്ഞു.. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ അതൊക്കെ ചോദിക്കാൻ ഇയാൾ ആരാ.. “
അവളുടെ ആ പൊട്ടിത്തെറി കണ്ടപ്പോഴേ എനിക്ക് ഉറപ്പായി, ഈ ഒരു ചടങ്ങിൽ ഇത്രയും അസ്വസ്ഥത ഇവൾക്കുണ്ടെങ്കിൽ, തീർച്ചയായും ഇവൾക്ക് ഈ വിവാഹത്തിന് താല്പര്യകുറവുണ്ട്. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
“താൻ ചൂടാവാൻ പറഞ്ഞതല്ലെടോ… ഞാൻ പയ്യന്റെ കൂടെ വന്നതാണ്. അങ്ങനെ തനിക്ക് എന്തെങ്കിലും ഇഷ്ട്ടക്കുറവോ മറ്റോ ഉണ്ടെങ്കിൽ അത് വേണ്ടപ്പെട്ടവരോട് പറഞ്ഞ് ഇതിൽ നിന്ന് പിന്മാറുന്നതല്ലേ നല്ലത്.. വെറുതെ ഞങ്ങളുടെ ചെക്കന്റെ ലൈഫ് എന്തിനാ നശിപ്പിക്കുന്നത്. “
“അത് ഞാൻ നോക്കിക്കോളാം.. ചടങ്ങിന് വന്നതാണെങ്കിൽ അത് കൂടീട്ട് പോകണം. അല്ലാതെ ഇവിടുത്തെ കാര്യക്കാരൻ ആവണ്ട”
അവൾ പിന്നെയും മുന്നിൽ നിന്ന് ഉറഞ്ഞു തുള്ളുന്നത് കണ്ടപ്പോൾ, സത്യത്തിൽ അവളുടെ ചെകിടത്തോരെണ്ണം കൊടുക്കാൻ എന്റെ കൈ തരിക്കുന്നുണ്ടായിരുന്നു. പെൺകുട്ടികൾക്ക് അഹങ്കാരം ആവാം, പക്ഷേ ഇത്ര പാടില്ലല്ലോ. എങ്കിലും, ഈ കല്യാണത്തിന് അവൾക്കെന്തോ ഇഷ്ടക്കുറവുണ്ടെന്നു പിന്നെയും മനസ്സിൽ ആരോ പറയുന്നത് പോലെ. അത് കൊണ്ട് തന്നെ ശാന്തനായി ഞാൻ വീണ്ടും പറഞ്ഞു
“ഇതൊന്നും തന്നോട് ചോദിക്കണ്ട ഒരാവശ്യവും എനിക്കില്ല.. പക്ഷേ, കിഷോർ,തന്റെ വുഡ്ബി അവനോട് ചോദിക്കാലോ എനിക്ക്…. അപ്പൊ ശരി… പോട്ടെ “
അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ അവിടെ നിന്ന് നടന്നു. പിന്നിൽ നിന്നൊരു വിളി ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.കൂട്ടുകാരുടെ കൂടെയിരുന്നു വർത്തമാനം പറഞ്ഞു ചിരിക്കുമ്പോഴും എന്റെ കണ്ണുകൾ അവളെത്തന്നെ നോക്കുകയാരിന്നു. ക്ഷണിക്കപ്പെട്ടെത്തിയവരോടും വേണ്ടപ്പെട്ടവരോടുമൊക്കെ ചിരിച്ചു കളിച്ചു മിണ്ടുമ്പോഴും ഇടയ്ക്ക് ഇടയ്ക്ക് ആരും കാണാതെ കണ്ണുകൾ തുടയ്ക്കുന്ന അവളെ ഞാൻ മാത്രമേ കണ്ടുള്ളൂ. എങ്കിലും, എനിക്കിതിലെന്തു കാര്യം എന്നൊരു അലസതയോടെ കൂട്ടുകാരുടെ കൂടെ മിണ്ടിയും പറഞ്ഞും ഇരിക്കുമ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. കിഷോറുമായി സംസാരിച്ചു കഴിയുമ്പോൾ ആണ് അവൾ അസ്വസ്ഥയാകുന്നതും കണ്ണുകൾ നിറയ്ക്കുന്നതും. ഞാൻ നോക്കുന്നത് കണ്ട് കണ്ണുകൾ തുടച്ച് മുഖത്ത് ദേഷ്യം വരുത്തുന്ന അവളെ കണ്ടപ്പോൾ, അവളുടെ കണ്ണ് നിറയ്ക്കലിന്റെ കാരണം അറിയാൻ തന്നെ ഞാൻ തീരുമാനിച്ചു. പക്ഷേ എല്ലാവരുടെയും ഇടയിൽ വച്ച്, ചടങ്ങ് കൂടി പോകാൻ വന്ന ഞാൻ അവളോട് അങ്ങനെ സംസാരിക്കുന്നത് ശരിയല്ലല്ലോ..
അവളോട് എങ്ങനെയൊന്ന് സംസാരിക്കും എന്നോർത്ത് നിൽക്കുമ്പോഴാണ് കണ്ടത്, വീടിന്റെ പിന്നാമ്പുറത്തേക്ക് പോകുന്ന അവളെ. ഒന്നും മിണ്ടാതെ ആൾക്കൂട്ടത്തിൽ നിന്നെഴുന്നേറ്റ് പതിയെ ഞാൻ അവിടേക്ക് ചെന്നു. ചെല്ലുമ്പോൾ കണ്ടത്, പൈപ്പിൽ നിന്ന് വെള്ളമെടുത്ത് മുഖം കഴുകുന്ന അവളെയാണ്. മുഖം കഴുകി, കയ്യിലെ ടവ്വൽ കൊണ്ട് അമർത്തി തുടച്ച് തിരിഞ്ഞതും എന്നെ കണ്ട് അവളൊന്നു പകച്ചു.
“തനിക്കെന്താ ഇവിടെ കാര്യം… താനെന്തിനാ ന്റെ പിന്നാലെ നടക്കണത്.. “
“ഇയാൾ ഇങ്ങനെ ചൂടാവാണ്ട.. ഇവിടെ വന്ന സമയം മുതൽ ഞാൻ മനസിലാക്കിയത്, തനിക്കെന്തോ പ്രശ്നം ഉണ്ടെന്നാണ്.. അതാണ് നേരത്തെ അങ്ങനെ ചോദിച്ചതും. ഇപ്പോഴും ഞാൻ ചോദിക്കുവാ, ഇഫ് എനി പ്രോബ്ലം യൂ ഹാവ്? “”
അവളെ സമാധാനിപ്പിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ താൻ തീർത്ത് തരോ? “
അവളെന്നെ നോക്കി ആ ഉണ്ടക്കണ്ണു ഒന്ന് കൂടി ഉരുട്ടി.
“എന്നെക്കൊണ്ട് കഴിയുന്നതാണെങ്കിൽ, ഡെഫിനിറ്റ്ലി… “
“ഇല്ല.. തന്നെക്കൊണ്ട് അത് പറ്റില്ല.. ആർക്കും പറ്റില്ല “
മുന്നിൽ നിന്ന് കണ്ണ് നിറയ്ക്കുന്ന അവളെ കണ്ടപ്പോൾ, ഞാൻ ഊഹിച്ചു, അവൾക്ക് മറ്റൊരു റിലേഷൻ ഉണ്ട്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവൾ ഈ വിവാഹത്തിന് സമ്മതിച്ചിരിക്കുന്നത്. അത് തന്നെ കാര്യം. അവളെ സമാധാനിപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു
“ഇയാൾക്ക് മറ്റാരോടോ ഇഷ്ടം ഉണ്ടെന്നു എനിക്ക് മനസിലായി.. അതെല്ലാവരോടും തുറന്നു പറഞ്ഞു കൂടെ. വെറുതെ എന്തിനാ ഇഷ്ടമില്ലാത്തത് വിഴുങ്ങാൻ നിൽക്കണത്. വെറുതെ അവന്റെ ഭാവി കൂടി നശിപ്പിക്കാൻ ആണോ.. ഇനീപ്പോ ആരോടും പറയാൻ ഇഷ്ട്ടം ഇല്ലെങ്കിൽ കിഷോറിനോട് പറയ്. അവനത് മനസിലാകും.. “
എന്റെ സംസാരം കേട്ട് പുച്ഛത്തോടെ അവളൊന്നു ചിരിച്ചു. പിന്നെ പറഞ്ഞു
“എത്ര വേഗമാണ് താനെന്റെ പ്രശ്നം കണ്ട് പിടിച്ചത്… ഇതാണ് നേരത്തെ പറഞ്ഞത്, എന്റെ പ്രശ്നം തനിക്കെന്നല്ല ഈ ലോകത്തു ആർക്കും മനസിലാവില്ലെന്ന് “
“എങ്കിൽ പറ.. ന്താ തന്റെ പ്രശ്നം.. എടോ, ഒരു സങ്കടം വരുമ്പോ അതെന്താണെന്ന് ചോദിക്കാൻ ഒരാൾ ഉണ്ടാകുന്നത് ഈ ലോകത്തു എത്ര പേർക്ക് കിട്ടുന്ന ഭാഗ്യം ആണെന്നറിയോ… താൻ ധൈര്യമായി പറഞ്ഞോ.. നമുക്ക് പരിഹാരം ഉണ്ടാക്കാം “
അവൾക്കൊരു ചെറിയ മോട്ടിവേഷനൊക്കെ കൊടുത്ത് ഞാൻ വീണ്ടും പറഞ്ഞു. അവളെന്നെ കുറച്ചു നേരമൊന്നു നോക്കി നിന്നിട്ട് അവളുടെ മൂക്കിൻ തുമ്പിലെ ആ അഞ്ച് കല്ലുള്ള മൂക്കുത്തിയിൽ തൊട്ട് കൊണ്ട്പറഞ്ഞു
“ഇയാൾ എന്റെയീ മൂക്കുത്തി കണ്ടോ, ന്റെ അമ്മയുടേതാണ്. അമ്മ മരിക്കുമ്പോ എനിക്ക് മൂന്ന് വയസാണ്.. ഈ മൂക്കുത്തി അച്ഛൻ പൊന്ന് പോലെ സൂക്ഷിച്ചു വച്ചതാ. പതിനാലാം വയസിൽ ഞാനൊരു പെണ്ണായപ്പോൾ, തട്ടാന്റെ അടുത്ത് കൊണ്ട് പോയി എന്റെ മൂക്ക് കുത്തിച്ച് ഈ മൂക്കുത്തി അണിയിച്ചിട്ട് അച്ഛൻ പറഞ്ഞത്, ഇപ്പോ തനി അമ്മക്കുട്ടി ആയെന്നാണ്. അന്ന് തൊട്ട് ഞാനിതെന്റെ ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ് കരുതണത്.. ന്റെ അമ്മ ന്റെ കൂടെയുണ്ടെന്നൊരു തോന്നലാണ്. കഴിഞ്ഞ മാസം കിഷോർ പെണ്ണ് കാണാൻ വന്നപ്പോ എനിക്ക് പ്രേത്യേകിച്ചോരു അനിഷ്ട്ടവും തോന്നിയില്ല. അച്ഛനും വലിയ ഇഷ്ട്ടായി. പിന്നെ ഫോൺ വിളിയൊക്കെ തുടങ്ങി കുറചായപ്പൊഴാണ് കിഷോർ ഒരു കാര്യം പറഞ്ഞത്, കിഷോറിന് എന്റെയീ മൂക്കുത്തി ഇഷ്ടമല്ലെന്നു.ഭാര്യയാവാൻ പോകുന്ന പെണ്ണിന് മൂക്കുത്തി വേണ്ട എന്ന്. ഞാൻ പറഞ്ഞു ഈ മൂക്കുത്തിയോട് എനിക്കുള്ള അറ്റാച്ച്മെന്റ്. അന്ന് കിഷോർ പിന്നെ അതിനെപ്പറ്റി സംസാരിച്ചില്ല. പോകേപ്പോകെ കിഷോറിന്റെ പിടിവാശികൾ കൂടി. കയ്യിൽ നഖം നീട്ടി വളർത്താൻ പാടില്ല, പുരികം ഷേപ്പ് ചെയ്യാൻ പാടില്ല, പുറത്ത് എവിടെപ്പോയാലും പറഞ്ഞിട്ട് പോകണം, രാത്രി പത്ത് മണി കഴിഞ്ഞു ഫോണിൽ ആര് വിളിച്ചാലും എടുക്കാൻ പാടില്ല, പിന്നെ എന്റെ ഫേസ്ബുക് പാസ്സ്വേർഡ് കിഷോറിന് വേണം എന്നൊക്കെ. അപ്പോഴും അതൊക്കെ ഒരു വലിയ വഴക്കാക്കാതെ ഞാൻ സഹിച്ചു. ഇന്നിപ്പോ ഇവിടെ വന്ന് കുറച്ചു നേരം കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു ആരോട് ചോദിച്ചിട്ടാടി നീയിത്രയും മേക്കപ്പ് ചെയ്തതെന്നു.. നിന്നോട് ഈ മൂക്കുത്തി ഇടരുതെന്നു ഞാൻ പറഞ്ഞതല്ലേ എന്ന്…… പിന്നെ എനിക്ക്.. എനിക്ക്.. “
പറഞ്ഞു മുഴുവനാക്കാൻ കഴിയാതെ എന്റെ മുന്നിൽ നിന്ന് വിങ്ങിപ്പൊട്ടുന്ന അവളെ കണ്ടപ്പോൾ, അവന്റെ മുഖമടച്ചൊരെണ്ണം കൊടുക്കാൻ ആണ് തോന്നിയത്.ഒന്നും മിണ്ടാതെ നിൽക്കുന്ന എന്നെ നോക്കിയൊന്നു ചിരിച്ച് കണ്ണുകൾ തുടച്ച് അവൾ ചോദിച്ചു
“ഇനി ഇയാൾക്ക് എന്തെങ്കിലും പറയാനോ ചെയ്യാനോ തോന്നുന്നുണ്ടോ… “
അവളുടെ കണ്ണുകളിലെ നിസ്സഹായതയിലേക്ക് നോക്കി ഉറച്ച സ്വരത്തിൽ ഞാൻ പറഞ്ഞു
“പറയേണ്ടതും ചെയ്യേണ്ടതും ഞാനല്ല താനാണ്.. എനിക്കവനെ വേണ്ട എന്ന് തന്റെ അച്ഛനോട്…. നിന്റെ മാത്രം ഇഷ്ടം നോക്കി എനിക്ക് ജീവിക്കാൻ പറ്റില്ലെടാ പുല്ലേ എന്ന് ദേ അവനോടും.. എന്നിട്ട് ദേ ഈ മോതിരം ഊരി അവന്റെ കയ്യിൽ കൊടുത്തിട്ട് പെണ്ണായി നിവർന്നു നിൽക്കെടോ “
അവൾ അത്ഭുതത്തോടെ എന്നെ നോക്കി.
“സ്വന്തമായി തീരുമാനമെടുക്കാൻ അറിയാത്ത പെണ്ണുങ്ങൾ എപ്പോഴും ആണിന്റെ കാൽച്ചോട്ടിൽ ആയിരിക്കും . സ്വന്തം ഇഷ്ടങ്ങളെ വേണ്ടാന്ന് വച്ചൊരു ജീവിതം തിരഞ്ഞെടുക്കുന്നത് ത്യാഗമോ മണ്ടത്തരമോ അല്ല.. അവനനോട് ചെയ്യുന്ന ദ്രോഹമാണ്.. ദ്രോഹം.. മനസ്സിലായോ… ഈ കല്യാണം വേണ്ട എന്ന് തനിക്ക് തോന്നുന്നുണ്ടെങ്കിൽ അത് തന്റെ അച്ഛനോട് പറയ്.തന്റെ ആരുമല്ലാത്ത എനിക്ക് തന്റെ സങ്കടം മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, ഇത്രയും കാലം തന്നെ പൊന്ന് പോലെ നോക്കിയ ആ അച്ഛനും അത് മനസിലാകും. താൻ ധൈര്യമായി ചെന്ന് പറയെടോ… ഇപ്പൊ ഒരു തീരുമാനം എടുക്കാൻ തനിക്ക് കഴിഞ്ഞാൽ പിന്നെ ഒരിടത്തും താൻ തോൽക്കില്ല.. നമ്മുടെ ജീവിതം ആരുടെ കൂടെ വേണമെന്ന് നമ്മളാടോ തീരുമാനിക്കുന്നത്…”
ഞാൻ പറഞ്ഞത് മുഴുവൻ കേട്ട്, കണ്ണിമയ്ക്കാതെ എന്നെ നോക്കി നിന്നിട്ട് ഒന്നും മിണ്ടാതെ എന്നെ മറികടന്നു പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് അവൾ ചോദിച്ചു “ഇയാളുടെ പേരെന്താ? “
“ജീവൻ.. “
ഞാൻ പേര് പറഞ്ഞു..
“അതേയ്.. ഇപ്പൊ തോന്നിയൊരു കാര്യം പറഞ്ഞോട്ടെ…ആ മൂക്കുത്തി നല്ല ഭംഗിയാട്ടോ… മൂക്കിന്റെ തുമ്പത്ത് സൂര്യനെ തൊട്ട് വച്ചപോലെ..ഭദ്രയ്ക്ക് നന്നായി ചേരുന്നുണ്ട് “
ഞാൻ പിന്നിൽ നിന്ന് വീണ്ടും പറഞ്ഞു.
എന്നെയൊന്നു നോക്കി,തിരിച്ചൊന്നും മിണ്ടാതെ എനിക്കൊരു ചിരി തന്ന് നടന്നു പോകുന്ന അവളെ നോക്കി കുറച്ചു നേരം നിന്നിട്ട് ആ പന്തലിലേക്ക് ചെല്ലുമ്പോൾ കേട്ടു വിവാഹ തിയതിയൊക്കെ നിശ്ചയിച്ച് മുഹൂർത്തം കുറിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നത്. പാവം പെണ്ണ്. എനിക്കവളോട് അലിവ് തോന്നി.
എല്ലാവരോടും യാത്ര ചോദിച്ച് ഇറങ്ങുമ്പോഴും വണ്ടിയിൽ ഇരിക്കുമ്പോഴും വീടെത്തുമ്പോഴും ഓർത്തതത്രയും അവളെകുറിച്ചായിരുന്നു…അവളെക്കുറിച്ച് എന്തൊക്കെയോ ആലോചിച്ച് വീട്ടിലേക്കു കയറിചെന്നതും അമ്മ ചോദിച്ചു
“കല്യാണം എന്നത്തേക്കാണ് മോനേ…? “
“അടുത്ത മാസം പത്തിനാ അമ്മേ…. “
മൊബൈലും പേഴ്സും മേശപ്പുറത്തേക്ക് വച്ച് ഞാൻ പറഞ്ഞു
“പെണ്ണ് കാണാൻ എങ്ങനാടാ.. സുന്ദരി ആണോ? “
“അത്യാവശ്യം കാണാൻ കൊള്ളാവുന്ന കുട്ടി ആണമ്മേ.. പേര് ഭദ്ര… അവനുമായി ചേർച്ചയുണ്ട്… നല്ല പഠിപ്പും ഉണ്ട്.. പക്ഷേ. “
പറഞ്ഞു വന്നത് മുഴുവിക്കാതെ ഞാൻ നിർത്തി.
“എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ? “
അമ്മ ചോദിച്ചു. എനിക്കെന്തോ, എല്ലാം അമ്മയോട് പറയണമെന്ന് തോന്നി. ഒക്കെ കേട്ട് കഴിഞ്ഞപ്പോ അമ്മ പറഞ്ഞു
“കേൾക്കണോർക്ക് ഇതൊക്കെ ഒരു പ്രശ്നം ആണോ എന്ന് ചോദിക്കാൻ മാത്രം നിസ്സാരമായ സങ്കടമേ ആ കുട്ടിക്കുള്ളൂ എന്ന് തോന്നും. പക്ഷേ ജീവിതം അതിന്റെയാണ്… സത്യത്തിൽ വിവാഹം നടക്കാതിരിക്കുന്നതായിരിക്കും അതിനു നല്ലത്. അല്ലാതെന്തു പറയാൻ…”
ഞാൻ വെറുതെ മൂളി. എന്താണെന്നറിയില്ല ഭക്ഷണം കഴിക്കുമ്പോഴും, ഉറങ്ങാൻ കിടക്കുമ്പോഴും മനസ്സിൽ അവളായിരുന്നു.. അവളുടെ നിറഞ്ഞ ആ രണ്ടു കണ്ണുകൾ ആയിരുന്നു…..
“നിറഞ്ഞ ആ കണ്ണുകൾ ഇപ്പോഴും നെഞ്ചിലുണ്ടെടോ… ഒരു പെണ്ണിന്റെ നെഞ്ച് പൊള്ളിയുള്ള കരച്ചിൽ…. “
ഇനിയും മറക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഏതെങ്കിലും പെൺകുട്ടി മനസ്സിൽ ഉണ്ടോ എന്ന് ആദ്യരാത്രിയിൽ പ്രിയപ്പെട്ടവൾ കളിയായി ചോദിച്ചപ്പോഴാണ് അവളെക്കുറിച്ച് പറഞ്ഞത് . ഒക്കെ കേട്ടിട്ട് ചിരിച്ചു കൊണ്ടവൾ ചോദിച്ചു
“എന്നിട്ടോ… ആ കുട്ടി കല്യാണം കഴിഞ്ഞു പോയോ… പിന്നെ അവളെക്കുറിച്ച് വല്ലതും അറിഞ്ഞോ ജീവേട്ടൻ “
ഞാൻ അവളെ നോക്കിയൊന്നു ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. എന്റെ കള്ളച്ചിരി കണ്ടിട്ടാവണം അവൾ പിന്നെയും ചോദിച്ചു
“പറയ് ജീവേട്ടാ.. കണ്ടോ പിന്നീടവളെ “
“ആ അവളുടെ കല്യാണം കഴിഞ്ഞു.. ആ കോന്തൻ കിഷോറല്ല കേട്ടോ.. അവള് അന്ന് വൈകിട്ട് തന്നെ അവളുടെ അച്ഛനോട് കാര്യം പറഞ്ഞു. അവനുമായുള്ള കല്യാണം മുടങ്ങി. ആ വിവരമറിഞ്ഞപ്പോഴാണ് എനിക്കവളെ കാണാൻ തോന്നിയത് “
പറഞ്ഞു നിർത്തി ഞാനൊന്ന് ചിരിച്ചു.
“എന്നിട്ട് കണ്ടോ? “
ശ്ശെടാ,.. ഈ കൊസ്രാക്കൊള്ളി എന്നെ വിടാൻ ഭാവമില്ലല്ലോ. ഞാൻ മനസ്സിലോർത്തു.
“മ്മ്… അവളെ പോയി കണ്ടു. അവൾ അച്ഛനോട് എന്നെക്കുറിച്ചും പറഞ്ഞിരുന്നു. അച്ഛന് എന്നെ വലിയ കാര്യം ആയി. പിന്നെ, അവളെന്നോടൊത്തിരി നന്ദിയൊക്കെ പറഞ്ഞു. അവൾക്ക് യാതൊരു വിലയും കല്പിച്ചിട്ടില്ലാത്തൊരുവന്റെ കാൽച്ചോട്ടില് ഞെരിഞ്ഞു പോയേക്കുമായിരുന്ന ജീവിതം തിരിച്ചെടുത്തു കൊടുത്തതിന്. ആ നിമിഷമാണ് എനിക്കവളോട് ഇഷ്ടം തോന്നിയത്. ജീവിതത്തിൽ ആദ്യമായൊരു പെണ്ണിനോട് പ്രണയം തോന്നിയത് അന്നായിരുന്നു. “
“എന്നിട്ട് ജീവേട്ടൻ പറഞ്ഞോ ആ കുട്ടിയോട് ഇഷ്ട്ടാണെന്നു “
ദേ വീണ്ടും….
“ദേ പെണ്ണേ മതി ചോദിച്ചത്… ആദ്യരാത്രി വേറെന്തൊക്കെ കാര്യങ്ങൾ ഉണ്ട്… ഹും “
കള്ള ദേഷ്യം കാണിച്ച് അവളോടങ്ങനെ പറഞ്ഞിട്ട് ഞാൻ അവൾക്ക് പുറം തിരിഞ്ഞു കിടന്നു. അത് കണ്ട് പൊട്ടിച്ചിരിച്ച്, എന്റെ അരക്കെട്ടിലൂടെ കൈ ചുറ്റി ചേർന്ന് കിടന്നവൾ പറഞ്ഞു
“ബാക്കീം കൂടി പറയ് ജീവേട്ടാ. കേൾക്കാൻ നല്ല രസം. പറയ് അവളോട് ഇഷ്ട്ടാണെന്നു പറഞ്ഞോ? “
“ആ പറഞ്ഞു… “
പറഞ്ഞിട്ട് ഞാൻ ചിരിച്ചു.
“എന്നിട്ടവളെന്ത് പറഞ്ഞു..? “
“അവള് പറഞ്ഞു അവളുടെ അച്ഛനോട് ചോദിക്കെന്ന്. അച്ഛന് ഇഷ്ട്ടമായാൽ അവൾക്കും സമ്മതമെന്നു.. “
“എന്നിട്ട് അച്ഛൻ സമ്മതിച്ചോ? “
“മ്മ്.. “
ഞാൻ മെല്ലെ മൂളി.
“എന്നിട്ട്…? “
“എന്നിട്ടെന്താ… എന്നിട്ടൊന്നൂല്യ “
ഈ പെണ്ണിന്റെ ഒരു കാര്യം. ഞാൻ മിണ്ടാതെ കിടന്നു.
“പ്ലീസ് പ്ലീസ്.. ന്റെ ജീവേട്ടനല്ലേ.. പറയ്.. “
അവളുടെ കൊഞ്ചൽ കേട്ട് ഞാൻ അവൾക്ക് മുഖം തിരിഞ്ഞു കിടന്നിട്ട് കണ്ണെടുക്കാതെ അവളെ കുറച്ചു നേരം നോക്കിയിട്ട്, അവളുടെ മൂക്കിൻ തുമ്പിലെ ആ അഞ്ച് കല്ല് മൂക്കുത്തിയിൽ വിരൽ കൊണ്ടുരുമ്മി മെല്ലെ പറഞ്ഞു
“ഒരു നിമിഷം കൊണ്ട് പ്രണയം തോന്നിപ്പിച്ചവൾ….ആദ്യമായി കണ്ടയന്ന് താനാരാ എന്റെ കാര്യത്തിലിടപെടാനെന്നു ചോദിച്ച് പൊട്ടിത്തെറിച്ചവൾ..വിധി കൊണ്ട് തന്നത് പോലെ എന്റെ എല്ലാമായവൾ..മൂക്കിൻ തുമ്പിൽ സൂര്യനെ അണിഞ്ഞവൾ…അഞ്ച് കല്ല് മൂക്കുത്തിച്ചന്തമുള്ള എന്റെ പെണ്ണ്…ഇന്നായിരുന്നു അവളുടെ കല്യാണം.. ദേ ഈ ജീവനുമായിട്ട്… “
പറഞ്ഞു നിർത്തുമ്പോൾ ഞാൻ കണ്ടു, നാണം കൊണ്ട് ചുവന്ന് തുടുക്കുന്ന എന്റെ പെണ്ണിന്റെ മുഖം.. ആ അഞ്ച് കല്ല് മൂക്കുത്തിച്ചന്തം…..