എടി പൊട്ടി, സീരിയൽ പോലെ ആണോ ജീവിതം. അതിൽ ഒക്കെ കാണണ പോലെ ഇന്നലെ കണ്ട ഏതോ ഒരുത്തിയുടെ ഒപ്പം പോകാൻ…

എന്നാലും എന്റെ ജ്യോതി…..

എഴുത്ത്: അച്ചു വിപിൻ

അതേയ്… ഏട്ടൻ എന്നെ ഇട്ടിട്ടു പോവോ ?

ഇപ്പഴോ? ഈ പാതിരാത്രിയിലോ ? നാളെ നേരം വെളുത്തിട്ടു പോയ പോരെ?

തമാശ കളയേട്ടാ..ഞാൻ കാര്യായി ചോദിച്ചതാ

നിനക്കെന്താ പെണ്ണെ വട്ടായോ? ഇപ്പൊ എന്താ അങ്ങനെ ഒക്കെ തോന്നാൻ….

ആദ്യായിട്ടാണല്ലോ ഇങ്ങനെ ഒരു ചോദ്യം..

വേറൊന്നുമല്ല മാമ്പിള്ളിലെ ദിനേശൻ ശാരിയെ ഉപേക്ഷിച്ചു വേറെ ഒരു പെണ്ണിന്റെ ഒപ്പം പോയേട്ടാ.. അവൾക്കെന്തു കുറവുണ്ടായിട്ട…അവളുടെ കരച്ചിൽ കണ്ടപ്പോ എനിക്ക് സഹിച്ചിച്ചില്ല….അവൻ ഒരുകാലത്തും ഗതി പിടിക്കില്ല ദുഷ്ടൻ…

അതാരാ ഞാൻ അറിയാത്ത ഈ ദിനേശൻ…

‘കണ്ണീർ പാടo ‘എന്ന സീരിയലിലെ നായകൻ ദിനേശന്റെ കാര്യാ ഞാൻ പറഞ്ഞത്..പാവം ശാരി അവൾ ഇതെങ്ങനെ സഹിക്കും…

രാത്രി പാതിരാ വരെ ഇരുന്നു കണ്ട കണ്ണീർ സീരിയൽ ഒക്കെ കാണും എന്നിട്ടു അതുപോലൊക്കെയാ താനും എന്നങ്ങട് സങ്കൽപ്പിക്കും…ഒരൊറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ അവളുടെ ഒരു കണ്ണീർ പാടം…ഈ സീരിയൽ കണ്ടു പിടിച്ചവന്റെ ഒക്കെ തലയിൽ ഇടിത്തീ വീഴണെ ദൈവമേ…

എടി പൊട്ടി സീരിയൽ പോലെ ആണോ ജീവിതം..അതിൽ ഒക്കെ കാണണ പോലെ ഇന്നലെ കണ്ട ഏതോ ഒരുത്തിയുടെ ഒപ്പം പോകാൻ മാത്രം വിവരം ഇല്ലാത്തവർ ആണോ ഇപ്പഴത്തെ ചെറുപ്പക്കാർ ..

അത് വിട്ടു കള പെണ്ണെ… വാ ഇങ്ങോട്ടു നീങ്ങി കിടക്ക്…

ആ നെഞ്ചിൽ തല വെച്ച് കിടക്കുമ്പഴും എന്റെ ഉള്ളിൽ പല സംശയങ്ങൾ ആയിരുന്നു …ഏട്ടൻ എന്തോ എന്നിൽ നിന്നും ഒളിക്കുന്ന പോലെ..നേരത്തെ ഒക്കെ ആരെങ്കിലും ഫോൺ വിളിച്ച എന്റെ മുന്നിൽ നിന്നും സംസാരിക്കുന്ന ആളാണ്..ഇതിപ്പോ കുറച്ചു നാളായി ഒരൊളിച്ചു കളി….ഉറക്കത്തിനിടയിൽ ആ കൈകൾ എന്നെ വലിഞ്ഞു മുറുക്കി മുൻപെങ്ങുമില്ലാത്ത വിധം അതിനുള്ളിൽ കിടന്നു ഞാൻ ശ്വാസം മുട്ടി….ആ ഹൃദയം ആർക്കോ വേണ്ടി മിടിക്കുന്ന പോലെ തോന്നി എനിക്ക്….

ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഒക്കെ ആണ് ഓരോരുത്തർ സീരിയൽ ആക്കുന്നത്..ദൈവമേ എന്റെ ഏട്ടന് അതുപോലൊന്നും തോന്നല്ലേ….ഓരോന്നോർത്തു എപ്പഴോ ഞാൻ ഉറങ്ങി…

രാവിലെ എണീറ്റ് അടുക്കളയിൽ ഏട്ടന് കൊണ്ടുപോകാനുള്ള ചോറ് തയ്യാറാക്കുന്നതിനിടെയാണ് ഏട്ടന്റെ മൊബൈൽ അടിക്കുന്ന കേട്ടതു ..അയ്യോ ഓടാൻ പോയപ്പോ ഫോൺ എടുക്കാൻ മറന്നെന്നു തോന്നണു പാവം…ആരാണാവോ വിളിക്കുന്നത്..ഞാൻ മുറിയിൽ ചെന്ന് മൊബൈലിൽ നോക്കി അതിൽ ‘ജ്യോതി കാളിങ്’എന്ന് കാണിക്കുന്നു..ആരാവും ഈ ജ്യോതി ഇങ്ങനെ ഒരു പെണ്ണിനെ പറ്റി ഏട്ടൻ എന്നോട് പറഞ്ഞിട്ടില്ലല്ലോ…

ഞാൻ കാൾ എടുത്തു മിണ്ടാതിരുന്നു….അങ്ങേ തലക്കൽ ഒരു സ്ത്രീ ശബ്ദം…

ആ നല്ലയാള ബാക്കി നമുക്ക് ഇന്നലെ തീരുമാനിക്കാം എന്ന് പറഞ്ഞിട്ട് നീ മുങ്ങിയല്ലേ?എത്ര നേരം ഞാൻ ഓഫീസിന്റെ താഴെ വെയിറ്റ് ചെയ്തെന്നറിയോ?ഇന്നെന്തായാലും ഓഫീസിൽ വെച്ച് വേണ്ട അവിടിരുന്ന നമുക്ക് കാര്യങ്ങൾ പ്ലാൻ ചെയ്യാൻ പറ്റില്ല…ഉച്ച കഴിഞ്ഞു ഞാൻ ലീവ് ആണ്..നീ എന്റെ വീട്ടിലേക്കു പോരെ….ഹലോ വിഷ്ണു നീ കേൾക്കുന്നുണ്ടോ? are u there?…കാൾ കട്ടായി അത് പിന്നേം റിങ് ചെയ്തു കൊണ്ടിരുന്നു…

ഞാൻ കരഞ്ഞു കൊണ്ട് അടുക്കളയിലേക്കോടി…എന്നാലും ദുഷ്ടൻ എങ്ങനെ തോന്നി എന്നെ ചതിക്കാൻ.. ഓഫീസിൽ വർക്ക് ഉണ്ടെന്നു എന്നോട് കള്ളം പറഞ്ഞു വൈകുന്നേരo അവളുമായി കിടക്ക പങ്കിടാൻ പോണതാണല്ലേ…വേറെ ഒരുത്തിയുടെ കൂടെ അഴിഞ്ഞാാടി നടക്കുന്ന ഒരുത്തനെ ആണല്ലോ ദൈവമേ ഞാൻ സ്നേഹിച്ചത്….

മായെ ചായ എടുത്തോ ഞാൻ എത്തി…

ഹും ചായ…നിങ്ങടെ മറ്റവളോട് ചോദിക്കു എന്ന് പറയാൻ ഓങ്ങിയതാ..രണ്ടാളുടെയും കള്ളത്തരം ഞാൻ കൈയ്യോടെ പൊക്കും..എന്നിട്ടാവാം ബാക്കി. കള്ളതെ ണ്ടി,പ ട്ടി, നാ റി..ഒക്കെ ക്ഷമിച്ചു കരഞ്ഞോണ്ടിരിക്കാൻ കണ്ണീർപാടത്തിലെ ശാരിയല്ല ഞാൻ..മംഗലത്തു മഹാദേവന്റെ മോൾ മായയാണ് മായ…

മായെ ഞാൻ ഇറങ്ങുവാട്ടോ..വൈകുന്നേരം വരുമ്പോ എന്തേലും വേണോ നിനക്ക്?

ഇച്ചിരി വിഷം മേടിച്ചു കലക്കി താടാ ദുഷ്ട… ചത്തൊടുങ്ങട്ടെ ഞാൻ… നീ പോയി അവളുടെ കൂടെ സുഖിക്ക്…ഞാൻ മനസ്സിൽ പറഞ്ഞു…

നീ എന്താ ഈ ആലോചിക്കണത്?…

ഞാൻ…ഞാൻ …ഏയ് ഒന്നുല..ഏട്ടൻ പോയിട്ട് വാ… സൂര്യന് ‘ജ്യോതി’… അല്ല ചൂട് കൂടിയ പോകാൻ ബുദ്ധിമുട്ടാണ്…

ഞാൻ ഇന്ന് കാറില പോണത്…

പോ..ആരും കാണാതെ വേണ്ടേ അവളുടെ വീട്ടിൽ കയറാൻ..കാർ ആകുമ്പോ ആരും കാണില്ലല്ലോ..

ഓരോന്നോർത്തു എനിക്ക് ഇരിക്കപ്പൊറുതിയില്ല..മണി ആറായി ഇപ്പൊ അവളുമായി അവിടെ അവളുടെ വീട്ടിൽ കിടന്നു…ചെ….

എനിക്ക് എന്ത് കുറവുണ്ടായിട്ട…ഇച്ചിരി പഠിപ്പു കുറവാ എന്നാലെന്താ അത് നികത്തുന്ന സൗന്ദര്യമില്ലേ ?

അന്ന് വൈകിയാണേട്ടൻ വീട്ടിൽ വന്നത്‌…

മായെ നല്ല ക്ഷീണം ഇച്ചിരി വെള്ളം ചൂടാക്ക്..

മ്മ്..ഡെറ്റോൾ ഒഴിക്കണോ ഏട്ടാ?

ഡെറ്റോളോ അതെന്തിനാടി?

അല്ല മേലുള്ള കീടാണുക്കൾ ഒക്കെ പോകണ്ടേ…

കീടാണുവോ?നീ ഇതെന്തൊക്കെയാ ഈ പറയുന്നത്…

അധികം പറയാതിരിക്കുന്നത ഏട്ടാ നല്ലത്..ഞാൻ വെള്ളം വെച്ചിട്ടുണ്ട് കുളിക്കാൻ പോന്നോളൂ….

ഏട്ടൻ കുളിക്കാൻ പോയി കഴിഞ്ഞു വാട്സ് ആപ്പ് എടുത്തു ഞാൻ അതിൽ ജ്യോതിയുമായുള്ള ചാറ്റിങ് നോക്കി…

ഏട്ടൻ അതിൽ ലാസ്റ്റു മെസ്സേജ് അയച്ചിരിക്കുന്നു..

‘ജ്യോതി… വണ്ടി ഓടിക്കുവാ’..നീ ബാഗ് പാക്ക് ചെയ്തിരുന്നോ നാളെ നമ്മൾ പ്ലാൻ ചെയ്ത പോലൊക്കെ നടക്കും..ടെൻഷൻ വേണ്ട… ഞാൻ വീട്ടിൽ എത്തിയിട്ട് വിളിക്കാം’..

ഞാൻ കട്ടിലിലേക്ക് വീണു പോയി..ദൈവമേ ഞാൻ എന്താ ഈ കണ്ടത്..ഇല്ല ഞാൻ ഇത് സമ്മതിക്കില്ല എന്നെ ഇട്ടിട്ടു വേറെ ഒരുത്തിയുടെ കൂടെ നീ വാഴില്ല വിഷ്ണു അതിനു സമ്മതിക്കില്ല മായ..നീ ജീവനോടെ ഇരുന്നാലല്ലേ അവളുടെ കൂടെ പോകു…

രാത്രി അത്താഴത്തിനു വെച്ചിരുന്ന ചോറിൽ പറമ്പിലെ വാഴക്കിടാൻ ഞാൻ കരുതി വെച്ചിരുന്ന കുരുടാൻ എടുത്തു കലക്കി ..തീരട്ടെ എല്ലാം.. ഏട്ടനില്ലാതെ ഈ ഭൂമിയിൽ ഈ ഞാനും വേണ്ട.. സ്നേഹിച്ചു പോയി ഒരുപാടു..ജീവിച്ചു കൊതി തീർന്നിട്ടില്ല ഏട്ടാ…മരിക്കാൻ എനിക്ക് പേടിയാ..പക്ഷെ ഇതേ വഴിയുള്ളു ..

ഞാൻ ചോറെടുത്തു ടേബിളിലിൽ കൊണ്ട് വെച്ചു…എന്നും ആദ്യത്തെ ഒരുരുള ഏട്ടന്റെ കൈ കൊണ്ട് എനിക്ക് വാരി തരുന്നതാണ്…ആ കൈകൊണ്ടാവട്ടെ എന്റെ മരണം..

ഏട്ടൻ എന്റടുത്തേക്കു വന്നു..എന്റെ നെറുകയിൽ തലോടി നെറ്റിയിൽ ഒരുമ്മ തന്നു..വാ ഇരിക്ക് മോളെ.. ഒരുമിച്ചു കഴിക്കാം …

അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി..

ഞാൻ അടുത്തിരുന്നു രണ്ടു പാത്രത്തിലും ചോറും കറിയും വിളമ്പി..ഏട്ടന്റെ കൈ കൊണ്ടുള്ള ഉരുളക്കായി നോക്കിയിരുന്നു..

ഇന്ന് നീ എനിക്ക് ആദ്യത്തെ ഉരുള താ..എന്നിട്ടു ഞാൻ തരാം…

ഏ..ഞാ….ഞാൻ അത് വേണോ?

വേണം… വേഗം താ വിശക്കുന്നു..

ഞാൻ വിറച്ചുകൊണ്ട് ചോറുരുട്ടി..ഏട്ടൻ കൊച്ചു കുട്ടികളെ പോലെ വായ തുറന്നു…
എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു ഞാൻ കയ്യിൽ ഇരുന്ന ഉരുള വലിച്ചെറിഞ്ഞു. ടേബിളിൽ ഇരുന്ന പ്ലേറ്റ് തട്ടി കളഞ്ഞു…

വേണ്ട ഇത് കഴിക്കണ്ട ഏട്ടൻ മരിക്കണ്ട.ഞാനിതിൽ കുരുടാൻ കലക്കിട്ടുണ്ട്…

കു…കുരുടാനോ എന്തിനു? മായാ നിനക്കെന്തു പറ്റി..നീ ഇത് എന്തൊക്കെയാ ഈ കാണിച്ചത്…

എന്നെ വിട്ടു പോവല്ലേ ഏട്ടാ…ഏട്ടൻ ജ്യോതിടെ കൂടെ താമസിച്ചോ…പക്ഷെ എന്നെ ഉപേക്ഷിക്കല്ലേ…ഞാൻ ഞാൻ ഇവിടെ എവിടേലും കഴിഞ്ഞോളം ഏട്ടനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല…

മോളെ നീയിതു എന്തൊക്കെയാടി ഈ പറയണത്..

ഞാൻ ഒക്കെ അറിഞ്ഞു…ഒന്നും ഒളിക്കണ്ട ഞാൻ ഏട്ടന്റെ മെസ്സേജ് വായിച്ചു… ഏട്ടൻ നാളെ ജ്യോതിടെ കൂടെ എന്നെ ഉപേക്ഷിച്ചു പോവല്ലേ…

എടി ഞാൻ ഒന്ന് പറയട്ടെ..അല്ലെ വേണ്ട.ഇതാ എന്റെ മൊബൈൽ നീ ജ്യോതിയെ വിളിക്കു…വിളിക്കാൻ ആണ് പറഞ്ഞത്..

ഞാൻ മൊബൈൽ മേടിച്ചു ജ്യോതിയെ വിളിച്ചു..അങ്ങേ തലക്കൽ ജ്യോതിയുടെ ശബ്ദം….

ഏട്ടൻ എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി..

ആ ജ്യോതി ഇത് ഞാനാ നീ ഇപ്പൊ തന്നെ അത്യാവശ്യമായി എന്റെ വീട് വരെ ഒന്ന് വരണം…

ആരാകും അവൾ..സുന്ദരി ആയിരിക്കുമോ ? എന്റെ ചിന്തകൾക്ക് വിരാമമിട്ടു അര മണിക്കൂറിനു ശേഷം വീടിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു..ഞാൻ ഓടി പോയി വാതിൽ തുറന്നു ….പിന്നാലെ ഏട്ടനും വന്നു..കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു ഞാൻ പരുങ്ങി നിന്നു…ജ്യോതി കയറി വരൂ..ഏട്ടൻ പറഞ്ഞു…

എടി ഇതാണ് ജ്യോതി.. നീ ഇത്രേം നേരം പ്രതീക്ഷിച്ചിവിടെ ഇരുന്ന ജ്യോതി?ഞാൻ നാളെ കൂടെ പോകാൻ പോണ എന്റെ കാമുകി…

ഞാൻ വിചാരിച്ച ജ്യോതി സ്ത്രീ അല്ല അതൊരു പുരുഷൻ ആണ്…എന്തൊരു മറിമായം ഞാൻ ഓർത്തു …

ഏട്ടൻ നടന്ന കാര്യം മുഴുവൻ അയാളോട് പറഞ്ഞു…

അയാൾ എന്റെ നേരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. ചേച്ചി ഞാൻ ജ്യോതിനാഥ്…എനിക്ക് പെണ്ണിന്റെ ശബ്ദമായ കൊണ്ട് വിഷ്ണുവടക്കം എല്ലാരും എന്നെ ജ്യോതി എന്നാണ് വിളിക്കുന്നത്.. എന്റെ ശബ്ദം ഒരാളുടെ കുടുംബം കലക്കുന്ന അവസ്ഥയെത്തുമെന്നു ഞാൻ അറിഞ്ഞില്ല….

ചേച്ചി വിചാരിക്കുന്ന പോലെ ഒളിച്ചോടാൻ പോണത് വിഷ്ണുവല്ല ഞാൻ ആണ്..എനിക്ക് ഇവിടെ ഒരു പെൺകുട്ടിയുമായി ഇഷ്ടം ഉണ്ട്…ആൾ നിങ്ങടെ അയൽവാസി ആണ് പേര് ദീപ്തി,ചേച്ചി അറിയും..ചേച്ചി ഈ കാര്യം അറിഞ്ഞാൽ അത് മനസ്സിൽ വെക്കാതെ അവളുടെ വീട്ടിൽ പറഞ്ഞാലോ എന്ന പേടി കൊണ്ട വിഷ്ണു ഇതിനെ പറ്റി മിണ്ടാതിരുന്നതു…

സ്നേഹിച്ചു പോയി ചേച്ചി..അവളെ കൈ വിടാൻ വയ്യ..ഞാൻ അവളെ ആലോചിച്ചു ചെന്നതാണ് എന്റെ ശബ്ദം അവിടെയും വില്ലനായി… ഞങ്ങടെ കല്യാണത്തിന് സമ്മതിച്ചില്ല എന്നു മാത്രല്ല അവർ ഇപ്പൊ അവളെ പഠിക്കാൻ കൂടി വിടുന്നില്ല..നാളെ ആരും അറിയാതെ ഞങ്ങടെ രജിസ്റ്റർ വിവാഹം ആണ്..വിഷ്ണു ആണ് സാക്ഷി… അതിനെ പറ്റി ആണ് ഞങ്ങൾ ഇത്രേം ദിവസം ചർച്ച ചെയ്തതും…

ചേച്ചിയുടെ സംശയം മാറി എന്ന് കരുതുന്നു ..വിഷ്ണു നല്ലവനാ ചേച്ചി ഇവനെയൊക്കെ സംശയിച്ചാ ദൈവം പൊറുക്കില്ല ….

എന്നാൽ ഞാൻ വരട്ടെ…

ഇത്രയും പറഞാ മനുഷ്യൻ പോകുമ്പോ കുറ്റബോധം കൊണ്ട് ഞാൻ നീറുകയാരുന്നു…

ഏട്ടൻ തല കുനിച്ചകത്തേക്കു കയറി പോയി..ഞാൻ പുറകിലൂടെ ചെന്ന് ഏട്ടനെ കെട്ടിപ്പിച്ചു …

എന്നോട് ക്ഷമിക്കേട്ടാ..ഏട്ടൻ വേറെ ഒരാളുടേതാകുന്നത് എനിക്ക് സഹിക്കില്ല …ഒക്കെ എന്റെ സ്നേഹം കൊണ്ടാ സംഭവിച്ചത് ..

പോട്ടെ സാരോല്ലടി ..അറിയാതെ പറ്റിയതല്ലേ…വെറുതെ ഓരോന്നിനു എന്നെ സംശയിക്കരുത്..നമുക്ക് ജീവിതം ഒന്നേയുള്ളു അത് കലഹിച്ചു തീർക്കാനുള്ളതല്ല…

എന്നോട് ക്ഷമിച്ചു എന്ന് പറയേട്ടാ…

മ്മ് ….എന്റെ മോളോട് ഞാൻ ക്ഷമിച്ചു…

ഏട്ടാ….

എന്താടി?

ഇപ്പൊ എനിക്ക് ആരെയാ ഓർമവരുന്നതെന്നറിയാമോ?

ആരെയാ?

‘കളിയല്ല കല്യാണത്തിലെ’ മഹേഷ് മേനോനെ അയാളും ഒരിക്കൽ ഇത്പോലെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്…

എന്റെ മായെ……ഏട്ടൻ അറിയാതെ വിളിച്ചു പോയി..

എന്റേട്ടാ ..ഞങ്ങള് പെണ്ണുങ്ങൾക്ക് ജീവിതത്തിന്റെ ഒരു ഭാഗ ഈ സീരിയല്..ഒരു ദിവസം പട്ടിണി ഇരിക്കാം ന്നാലും സീരിയൽ കാണാതെ ഇരിക്കാൻ വയ്യേ….

ശുഭം….