Story written by Saji Thaiparambu
മരുമോളെ പ്രസവത്തിനായി അവളുടെ വീട്ട് കാര് വിളിച്ചോണ്ടുപോയപ്പോഴാണ്, ഖദീജയ്ക്ക് അവളില്ലാത്തതിൻ്റെ കുറവ് മനസ്സിലായി തുടങ്ങിയത്.
രാവിലെ എഴുന്നേല്ക്കുമ്പോൾ പതിവുള്ള ചായ കിട്ടാതിരുന്നപ്പോഴും , ചൂട് വെള്ളത്തിന് പകരം, പച്ച വെള്ളത്തിൽ കുളിക്കേണ്ടി വന്നപ്പോഴും, രാവിലെ മുതൽ തയ്യൽ മെഷീൻ ചവിട്ടി, കാല് വല്ലാതെ വേദനിച്ചപ്പോൾ, സ്വയം കൊട്ടംചുക്കാദി തൈലം പുരട്ടി, ചൂട് പിടിക്കേണ്ടി വന്നപ്പോഴുമെല്ലാം, അവളുടെ കുറവ് ഖദീജയെ അസ്വസ്ഥയാക്കി.
ആണും പെണ്ണുമായി, രണ്ട് മക്കളാണ് ചെറുപ്പത്തിലേ വിധവയായ ഖദീജയ്ക്ക് ,
മോളെ നിക്കാഹ് കഴിച്ച് വിട്ട്, രണ്ട് വർഷം കഴിഞ്ഞപ്പോൾ, മക്കളിൽ മൂത്തവനായ മകനെ കൊണ്ട് ,കല്യാണം കഴിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴാണ്, അപ്രതീക്ഷിതമായിട്ട് ,മകനൊരു ഹിന്ദു മതക്കാരിയെയും കൊണ്ട്, വീട്ടിലേക്ക് കയറി വന്നത്,
താൻ ചൂണ്ടിക്കാണിച്ച ആങ്ങളയുടെ മകൾ റുക്സാനയെ നിക്കാഹ് ചെയ്യാതെ, തൻ്റെ മകൻ കാമുകിയായ അശ്വതിയെ രജിസ്റ്റർ വിവാഹം ചെയ്ത് വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ, എതിർക്കാൻ കഴിയാതെ, അവളെ മരുമകളായി സ്വീകരിക്കേണ്ടി വന്നതിൻ്റെ അനിഷ്ടം, ഖദീജ അന്ന് മുതൽ അശ്വതിയോട് പ്രകടിപ്പിച്ച് കൊണ്ടിരുന്നു.
മകൻ ജോലിക്ക് പോയിക്കഴിയുമ്പോൾ, മരുമകളുടെ നേരെ ഖദീജയുടെ പോര് തുടങ്ങുമായിരുന്നു, ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ, അവളെ കുറ്റം പറയുന്നത് ഖദീജയുടെ ശീലമായി മാറി, ഒന്നിനും അവൾ തിരിച്ച് മറുപടി പറയാതിരുന്നപ്പോൾ, ഖദീജയ്ക്ക് അതൊരു വളമായി മാറി.
പക്ഷേ, എത്രയൊക്കെ താൻ മരുമകളോട് പോരെടുത്തിട്ടും, ഒരിക്കൽ പോലും തൻ്റെ മകൻ അതിനെ കുറിച്ച് ചോദിക്കാൻ വരാത്തതിൽ, ഖദീജ അഭിമാനം കൊണ്ടു, തൻ്റെ മകൻ ഒരു പെൺകോന്തനല്ലെന്ന് അവർ സ്വയം വിലയിരുത്തി.
മരുമകളെ കൊണ്ട് പോയിട്ട് രണ്ട് ദിവസമേ ആയുള്ളുവെങ്കിലും ,ഖദീജയ്ക്കത് ഏറെക്കാലമായത് പോലെ തോന്നി ,തയ്യൽ മെഷീൻ്റെ ശബ്ദം നിലയ്ക്കുമ്പോൾ, വീട്ടിനുള്ളിൽ ശ്മശാന മൂകത നിറഞ്ഞു നിന്നു.
രാവിലെ ജോലിക്ക് പോകുന്ന മകൻ, രാത്രിയിൽ തിരിച്ചെത്തുന്നത് വരെയുള്ള നീണ്ട പകലിനെ, ഖദീജ അക്ഷമയോടെ തള്ളി നീക്കി.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ, തനിയെ ചായയിട്ട് കുടിക്കുന്നതും, കുളിക്കാൻ വെള്ളം ചൂടാക്കുന്നതും ,കിടക്കാൻ നേരം തൈലം പുരട്ടുന്നതും ഖദീജയ്ക്ക് ശീലമായി തുടങ്ങിയിരുന്നു ,പക്ഷേ അപ്പോഴും ഉള്ളിൻ്റെയുള്ളിൽ പറഞ്ഞറിയിക്കാനാവാത്ത, എന്തോ ഒരു വീർപ്പ് മുട്ടൽ അവരുടെ ഉറക്കം കെടുത്തി.
മകൻ പുറത്ത് നിന്ന് കഴിക്കുന്നത് കൊണ്ട്, തനിക്കൊരാൾക്ക് വേണ്ടി പാകം ചെയ്യുന്ന ആഹാരസാധനങ്ങൾ, കഴിക്കാൻ രുചിയില്ലാത്തത് കൊണ്ട്, വൈകുന്നേരം തട്ടിക്കളയുന്നത് പതിവായി.
ഒരു ദിവസം രാവിലെ മകൻ ജോലിക്ക് പോകാൻ ഒരുങ്ങിയിറങ്ങുമ്പോൾ, ഖദീജയും കുളിച്ച് വസ്ത്രം മാറി നില്പുണ്ടായിരുന്നു.
അല്ലാ.. ഉമ്മയിതെങ്ങൊട്ടാ ഇത്ര രാവിലെ?
നീ എന്നെ ഓൾടെ വീട്ടിലൊന്ന് വിട്ടിട്ട് ജോലിക്ക് പൊയ്ക്കോ, ഇത് വരെ പോകാത്തത് കൊണ്ട്, എനിക്ക് വീടെവിടാണെന്ന് തീരെ നിശ്ചയമില്ല
അതെന്താ ഉമ്മാ.. മരുമകളോട് പെട്ടെന്നൊരു സ്നേഹം ,തനിയെ വീട്ട് ജോലിയൊക്കെ ചെയ്ത് ക്ഷീണിച്ചോ?
പിന്നേ.. അവള് വരുന്നതിന് മുമ്പും, ഞാൻ തന്നെയല്ലേ ഇവിടുത്തെ ജോലിയൊക്കെ നോക്കിയത്, അതല്ലെടാ, അവളില്ലാത്തത് കൊണ്ട് എനിക്കെന്തോ, ഒന്നിനും ഒരു ഉഷാറില്ല, നീ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്യ്
ഖദീജ ധൃതിവച്ചു.
ഉമ്മ തിരിച്ച് പോകുമ്പോൾ, ഒരു ഓട്ടോറിക്ഷ പിടിച്ച് പൊയ്ക്കോ, എനിക്ക് നില്ക്കാൻ സമയമില്ല
ഉമ്മയെ അശ്വതിയുടെ വീടിന് മുന്നിലിറക്കി, കൈയ്യിലൊരു നൂറിൻ്റെ നോട്ടും വച്ച് കൊടുത്തിട്ട് നസീറ് ,ബൈക്കോടിച്ച് പോയി.
റോഡിൽ നിന്ന് അശ്വതിയുടെ വീട്ടിലേക്ക് നടക്കുമ്പോൾ ,അവൾ തന്നെ കാണുമ്പോഴുള്ള പ്രതികരണമെന്നായിരിക്കുമെന്ന ആശങ്കയിലായിരുന്നു ഖദീജ.
തൻ്റെ വീട്ടിൽ വച്ച് ,വലിഞ്ഞ് കയറി വന്നവളാണെന്ന ധാരണയിൽ, എത്രത്തോളം നീചമായി പെരുമാറാമോ, അത്രയും ക്രൂരത താൻ അവളോട് കാണിച്ചിട്ടുണ്ട്.
ആ ശത്രുത, എന്തായാലും അവളുടെ മനസ്സിൽ കാണാതിരിക്കില്ല ,അശുഭ ചിന്തകളുമായി ഖദീജ, അശ്വതിയുടെ വീടിൻ്റെ കോളിംഗ് ബെല്ലിൽ വിരലമർത്തി.
അല്പം കഴിഞ്ഞ്, അകത്ത് നിന്ന് അശ്വതി ഇറങ്ങി വരുന്നത്, ഖദീജ നെഞ്ചിടിപ്പോടെ നോക്കി നിന്നു.
അയ്യോ അച്ഛാ… ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ? എൻ്റെ ഉമ്മ എന്നെ കാണാൻ വന്നിരിക്കുന്നച്ഛാ.. വേഗം വാ
അപ്രതീക്ഷിതമായുള്ള അശ്വതിയുടെ ആഹ്ളാദ പ്രകടനം കണ്ട്, ഖദീജ വാ പൊളിച്ച് നിന്നു.
ഉമ്മയെന്താ ഇങ്ങനെ മിഴിച്ച് നില്ക്കുന്നത് , അകത്തോട്ട് കയറി വാ..ദേ ഇവിടിരിക്ക് ,പറയുമ്മാ എന്തൊക്കെയാ വിശേഷങ്ങള്, ഞാനിന്നലെയും ഇക്കായെ വിളിച്ചപ്പോൾ പറഞ്ഞതേയുള്ളു, എനിക്ക് ഉമ്മയെ ഒന്ന് കാണാൻ കൊതിയാവുന്നു എന്ന്
ഖദീജ ,താൻ കാണുന്നത് സ്വപ്നമാണോന്നറിയാൻ, സ്വയം കൈയ്യിൽ നുള്ളി നോക്കി.
ങ്ഹാ.. ഖദീജയോ? മോൾക്കെപ്പോഴും നിങ്ങടെ കാര്യം പറയാനേ നേരമുള്ളു, അവളിവിടെ വന്നതിന് ശേഷം, ഇന്നാണ് അവളൊന്ന് ചിരിച്ച് കാണുന്നത്
ഖദീജയ്ക്ക് അശ്വതിയുടെ അച്ഛൻ പറഞ്ഞത് വിശ്വസിക്കാനായില്ല ,താൻ കുറ്റപ്പെടുത്തുമ്പോഴും, അശ്വതി തന്നെ ഉള്ള് കൊണ്ട് സ്നേഹിക്കുകയായിരുന്നോ?
അല്ല മോളുടെ അമ്മയെ കണ്ടില്ലല്ലോ?
അമ്പരപ്പ് മാറിയപ്പോൾ, അടുത്തിരുന്ന മരുമകളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ട് ഖദീജ ചോദിച്ചു.
അവൾക്കമ്മയില്ല, അശ്വതി കുഞ്ഞായിരിക്കുമ്പോഴെ മരിച്ച് പോയതാ ,പക്ഷേ അവളുടെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ, അവൾക്ക് സ്വന്തമായിട്ടൊരു അമ്മയെ കിട്ടിയെന്ന് എപ്പോഴുമവൾ പറയുമായിരുന്നു
അത് കേട്ടപ്പോൾ ,ചങ്കിലെന്തോ കൊളുത്തി വലിക്കുന്നത് പോലെ ഖദീജയ്ക്ക് തോന്നി.
ഉമ്മയ്ക്ക് കുടിക്കാൻ ഞാനാദ്യം ഒരു ഗ്ളാസ്സ് ചായ എടുക്കട്ടെ? എന്നിട്ടാകാം ബാക്കി വിശേഷങ്ങളൊക്കെ
അതൊക്കെ പിന്നെയെടുക്കാം മോളേ ,നിന്നെയൊന്ന് കണ്ടപ്പോൾ തന്നെ എൻ്റെ വിശപ്പും ദാഹവുമൊക്കെ പോയി, നിന്നെ കണ്ടിട്ട് പോകാനാ ഞാൻ വന്നത്,
പക്ഷേ ഇനി നിന്നെയും കൊണ്ടേ ഞാൻ പോകുന്നുള്ളു, പ്രസവസമയമടുക്കുന്തോറും, ഒരു പെൺകുട്ടി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ,
തൻ്റെ അമ്മ കൂടെ ഉണ്ടായിരുന്നെങ്കിലെന്നാണ് , കാരണം അവളുടെ പ്രയാസങ്ങൾ പങ്ക് വയ്ക്കാൻ, അമ്മയോളം പോന്ന മറ്റൊരു കൂട്ടുകാരിയുമില്ല ,അമ്മയുടെ സാമീപ്യം വേണ്ട സമയത്ത്, എല്ലാം അറിഞ്ഞ് കൊണ്ട്, ഇനിയും നിന്നെയിവിടെ നിർത്തിയിട്ട് പോയാൽ, പടച്ചോൻ എന്നോട് പൊറുക്കില്ല ,അത് കൊണ്ട് അശ്വതിയുടെ അച്ഛൻ്റെ അനുവാദമില്ലാതെ തന്നെ, ഞാനെൻ്റെ മോളേ കൊണ്ട് പോകുവാ, എന്നോട് നിങ്ങള് ക്ഷമിക്ക്
അശ്വതിയുടെ കൈകൾ ചേർത്ത് പിടിച്ച് ഖദീജയത് പറയുമ്പോൾ, മുമ്പ് തൊട്ടതിനും പിടിച്ചതിനുമൊക്കെ, തന്നെ ശകാരിച്ചിരുന്ന ഖദീജുമ്മയെ താൻ ഒരിക്കൽ പോലും വെറുക്കാതിരുന്നത് ,അവർ തൻ്റെ സ്വന്തം അമ്മയാണെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചത് കൊണ്ടാണെന്നും ഉമ്മയുടെ കുറ്റപ്പെടുത്തലുകളും ശകാരങ്ങളുമൊക്കെ, ഒരു മകളെന്ന രീതിയിൽ താൻ വേണ്ടുവോളം ആസ്വദിച്ചിരുന്നു എന്നും, അത് കൊണ്ടാണ് ഇക്കയോട് പോലും, പരാതിയോ പരിഭവമോ പറയാതിരുന്നതെന്നും, അശ്വതി ഖദീജയോട് പറയുമ്പോൾ, അവളുടെയച്ഛൻ്റെ മിഴികളിൽ നിന്നും, ആനന്ദാശ്രു പൊടിയുന്നുണ്ടായിരുന്നു.